• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 3: വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം

[3-4] യേശുവിന്‍റെ സ്നാനം പാപികളുടെ രക്ഷക്കായുള്ള മുന്‍കുറി (1 പത്രൊസ് 3:20-22)

2021.04.09 153
(1 പത്രൊസ് 3:20-22)
"ആ പെട്ടകത്തില്‍ അല്പ ജനം, എന്നുവെച്ചാല്‍ എട്ടുപേര്‍, വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന് ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴക്കു കളയുന്നതായിട്ടല്ല, ദൈവത്തോട് നല്ല മന:സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു."
 
 
എന്തിലൂടെയാണ് നാം നീതിമാന്മാരായത്?
ദൈവത്തിന്‍റെ കൃപയിലൂടെ

നാം ഈ ഭൂമുഖത്ത് ജനിക്കുന്നതിന് മുമ്പ്തന്നെ ദൈവം നമ്മെ അറിഞ്ഞിരുന്നു. നാം ജന്മപാപികളായിരിക്കുമെന്ന് അറിഞ്ഞ അവന്‍ ലോകത്തിന്‍റെ മുഴുവന്‍ പാപവും എടുത്തുമാറ്റിയ തന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്ന നമ്മെ ഏവരെയും രക്ഷിച്ചു. മുഴുവന്‍ വിശ്വാസികളെയും രക്ഷിച്ച് അവന്‍ തന്‍റെ ജനമാക്കി തീര്‍ത്തു.
ഇതെല്ലാം ദൈവത്തിന്‍റെ കൃപയുടെ ഫലമത്രേ. സങ്കീര്‍ത്തനങ്ങള്‍ 8:4 ല്‍ പറയുന്നതുപോലെ `മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്?` സകലപാപത്തില്‍നിന്നും രക്ഷിക്കപ്പെട്ടവര്‍ അവന്‍റെ സുവിശേഷ സ്നേഹം ലഭിച്ചവരാണ്. അവര്‍ അവന്‍റെ മക്കളാണ്.
ആരായിരുന്നു നമ്മള്‍? അവന്‍റെ രക്തത്തിലും ആത്മാവിലും വിശ്വസിച്ച് ദൈവമക്കളാകുന്നതിന് മുമ്പ്, നാം നീതിമാന്മാരാക്കപ്പെടുന്നതിനും രക്ഷിക്കപ്പെടുന്നതിനും അവനെ അബ്ബാ പിതാവേ എന്ന് വിളിക്കുവാനുള്ള അവകാശം ലഭിക്കുന്നതിനും മുമ്പ് നാം ആരായിരുന്നു? നാം പാപികളായിരുന്നു. ഈ ലോകത്തില്‍ ജനിച്ച് 70 വര്‍ഷം ഏറിയാല്‍ 80 വര്‍ഷം ജീവിക്കുന്ന വെറും പാപികളായിരുന്നു നമ്മള്‍.
നമ്മുടെ പാപങ്ങള്‍ കഴുകപ്പെടുന്നതിന് മുമ്പേ യേശുവിന്‍റെ സ്നാനത്തിന്‍റെയും അവന്‍റെ രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിന് മുമ്പേ നിശ്ചയമായും നശിച്ചു പോകേണ്ടുന്ന അനീതിയുള്ള ജനമായിരുന്നു നമ്മളെല്ലാവരും.
അപ്പൊസ്തലനായ പൗലൊസ് പറയുന്നത് അവന്‍ വീഴാതെ നില്‍ക്കുന്നത് ദൈവത്തിന്‍റെ കൃപ ഒന്നു കൊണ്ടുമാത്രമാണെന്നാണ്. അതുപോലെ തന്നെ നാമും ഇപ്പോഴായിരിക്കുന്നത് പൂര്‍ണ്ണമായും അവന്‍റെ കൃപ ഒന്നുകൊണ്ടു മാത്രമാണ്. അവന്‍റെ കൃപയ്ക്കായി നാം അവന് നന്ദി പറയണം. സൃഷ്ടിതാവായ ദൈവം ഈ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മെ രക്ഷിച്ച് അവന്‍റെ മക്കളും സ്വന്തജനവുമാക്കിതീര്‍ത്തു. വെള്ളത്താലും ആത്മാവിനാലും നല്‍കുന്ന രക്ഷയുടെ കൃപയ്ക്കായി നാം അവന് നന്ദിയുള്ളവരായിരിക്കണം.
നമ്മെ അവന്‍റെ മക്കളും നീതിമാന്മാരുമാക്കുവാന്‍ കാരണമെന്താണ്? നാം കാണാന്‍ സൗന്ദര്യമുള്ളതു കൊണ്ടാണോ? നാം വളരെ വിലയേറിയവരായതിലാണോ? അതോ, വളരെ നല്ലവരായതിനാലാണോ? നമുക്കതിനെക്കുറിച്ച് ചിന്തിച്ച് നന്ദിപറയേണ്ടിടത്ത് നന്ദി അര്‍പ്പിക്കാം.
ദൈവം നമ്മെ സൃഷ്ടിച്ച് അവന്‍റെ ജനമാക്കിതീര്‍ത്തത് നാം അവനോടൊപ്പം സ്വര്‍ഗ്ഗരാജ്യത്തില്‍ വസിക്കുവാനാണ്. അവന്‍ നമ്മെ തന്‍റെ ജനമാക്കി തീര്‍ത്തത് നിത്യകാലം അവനോടൊപ്പം വസിക്കുവാനാണ്. ദൈവം നമുക്ക് നിത്യജീവന്‍ നല്‍കി അനുഗ്രഹിക്കാനുള്ള ഏക കാരണം അതു മാത്രമാണ്. അവന്‍ നമ്മെ തന്‍റെ ജനമാക്കിയത് നാം കാണാന്‍ ഭംഗിയുള്ളവരായതിനാലോ, കൂടുതല്‍ യോഗ്യതയുള്ളവരായതിനാലോ, അവന്‍റെ മറ്റു സൃഷ്ടികളേക്കാള്‍ കൂടുതല്‍ നന്മ ചെയ്യുന്നവരായതിനാലോ അല്ല. അവന്‍ നമ്മെ സ്നേഹിക്കുന്നതിനാല്‍ എന്നതാണ് അതിനുള്ള ഏക കാരണം.
`സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല; ദൈവത്തോടുള്ള നല്ല മന:സാക്ഷിക്കുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു (1പത്രൊസ് 3:21)` ആ പെട്ടകത്തില്‍ അല്പജനം, എന്നുവെച്ചാല്‍ എട്ടുപേര്‍, വെള്ളത്തില്‍കൂടി രക്ഷപ്രാപിച്ചു (1 പത്രൊസ് 3:20).
വളരെക്കുറച്ച് പേര്‍, ഒരു പട്ടണത്തില്‍ ഒന്ന്, ഒരു കുടുംബത്തില്‍ രണ്ട് എന്നിങ്ങനെയാണ് രക്ഷിക്കപ്പെടുന്നത്. അപ്പോള്‍ നാം മറ്റുള്ളവരേക്കാള്‍ എന്തെങ്കിലും മേന്മയുള്ളവരാണോ? ഒരിക്കലുമല്ല. നമുക്കൊരു മേന്മയുമില്ല, എങ്കിലും വെള്ളത്തിലും ആത്മാവിലും ഉള്ള വിശ്വാസത്താന്‍ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.
നാം രക്ഷിക്കപ്പെട്ടത് അത്ഭുതങ്ങളിലും വലിയ അത്ഭുതമാണ്. നമ്മുടെ കര്‍ത്താവിനെ പിതാവേ എന്ന് വിളിക്കാനുള്ള അവകാശം ദൈവത്തില്‍നിന്നുള്ള വ്യവസ്ഥാതീതമായ ഒരു സമ്മാനവും അനുഗ്രഹവുമാണ്. നമുക്കൊരിക്കലും ഇത് നിഷേധിക്കാനാവില്ല. നാം ഇപ്പോഴും പാപികളായിരുന്നെങ്കില്‍ എങ്ങനെ അവനെ നമ്മുടെ കര്‍ത്താവെന്നും പിതാവെന്നും വിളിക്കും?
നാം രക്ഷിക്കപ്പെട്ടിരിക്കുന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ദൈവം നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിച്ചിരുന്നു എന്ന് നമുക്ക് മനസിലാകും. നാം അവന് നന്ദി പറയുകയില്ലേ? അവന്‍റെ സ്നേഹവും അനുഗ്രഹങ്ങളുമില്ലായിരുന്നെങ്കില്‍ നിരാശാപൂര്‍ണ്ണമായ ഒരു ജീവിതം നയിച്ച് മരണശേഷം നരകത്തില്‍ ചെന്നവസാനിക്കുമായിരുന്നു. അവന്‍റെ കണ്ണുകളില്‍ നമ്മെ മക്കളായി കാണുവാന്‍ മാത്രം വിലയുള്ളതാക്കിതീര്‍ത്ത ദൈവത്തിന്‍റെ അനുഗ്രഹങ്ങളും സ്നേഹവും ഓര്‍ക്കുമ്പോള്‍ നാം വീണ്ടും വീണ്ടും അവന് നന്ദി പറയണം.
 
 
യേശുവിന്‍റെ സ്നാനത്തിലൂടെ നമുക്ക് നല്‍കപ്പെട്ട വിലയേറിയ രക്ഷ
 
നോഹയുടെ കാലത്തെ ജനങ്ങള്‍ നശിച്ചുപോകാന്‍ കാരണമെന്ത്?
കാരണം അവര്‍ വെള്ളത്തില്‍ (യേശുവിന്‍റെ സ്നാനത്തില്‍) വിശ്വസിച്ചില്ല.

`സ്നാനമോ, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു`. 1 പത്രൊസ് 3:21ല്‍ എഴുതിയിരിക്കുന്നത് വെറും 8 ആത്മാക്കള്‍ മാത്രമാണ് വെള്ളത്തിലൂടെ രക്ഷപ്പെട്ടെന്നാണ്. നോഹയുടെ കാലത്ത് എത്ര ജനങ്ങള്‍ ജീവിച്ചിരുന്നു? അതെത്രയെന്ന് കൃത്യമായി അറിയുവാന്‍ നമുക്ക് മാര്‍ഗ്ഗമില്ല എങ്കിലും ഏകദേശം ഒരു മില്യണ്‍ (10 ലക്ഷം) ആളുകള്‍ ഉണ്ടായിരുന്നെന്ന് കരുതാം. ആ ഒരു മില്യണ്‍ ജനങ്ങളില്‍നിന്നും നോഹയുടെ കുടുംബത്തിലെ എട്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ഈ അനുപാതം ഇന്നത്തെകാലത്തേക്കും തുല്യമാണ്. ഭൂമുഖത്ത് ഇപ്പോള്‍ 6 ബില്യണിലധികം (600 കോടി) ജനങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ന് യേശുവില്‍ വിശ്വസിക്കുന്നരില്‍ തന്നെ എത്രപേരാണ് തങ്ങളുടെ പാപം കഴുകപ്പെട്ടവരായിരിക്കുന്നത്? ഏതെങ്കിലും ഒരു പട്ടണത്തിന്‍റെ കാര്യം മാത്രമെടുത്താല്‍ അവര്‍ വളരെ ചുരുക്കമാണെന്ന് കാണാം.
എന്‍റെ പട്ടണത്തില്‍, ഏകദേശം 250,000 ജനങ്ങളുണ്ട്; അവരില്‍ എത്രപേരാണ് തങ്ങളുടെ പാപങ്ങളില്‍നിന്നും വിടുതല്‍ പ്രാപിച്ചിട്ടുള്ളത്? ഏറിവന്നാല്‍ 200? അപ്പോള്‍, അനുപാതം എന്തായിരിക്കും? ഇതിന്‍റെ അര്‍ത്ഥം വീണ്ടെടുപ്പിന്‍റെ അനുഗ്രഹം പ്രാപിച്ചവര്‍ ആയിരത്തില്‍ ഒന്നിനും താഴെയാണെന്നാണ്.
കൊറിയയില്‍ കത്തോലിക്കരുള്‍പ്പടെ 12 മില്യണ്‍ ക്രിസ്ത്യാനികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്; ഇവരില്‍ എത്രപേരാണ് വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിച്ചവര്‍? നോഹയുടെ കാലത്ത് ഭൂമുഖത്തുണ്ടായിരുന്ന മുഴുവന്‍ ജനങ്ങളുടെയിടയില്‍ നിന്നും 8 പേര്‍ മാത്രമാണ് രക്ഷിക്കപ്പെട്ടതെന്ന് നാം ഓര്‍ക്കണം. യേശു സകല പാപത്തെയും വഹിച്ച തന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നവരുടെ സകലപാപങ്ങളും കഴുകി കളയുന്നു എന്ന് നാം അറിയുകയും വിശ്വസിക്കുകയും വേണം.
യേശു തന്‍റെ സ്നാനത്തിലൂടെയും കുരിശില്‍ ചൊരിഞ്ഞ രക്തത്തിലൂടെയും നമ്മെ ഏവരെയും വീണ്ടെടുത്തു എന്ന് വിശ്വസിക്കുന്നവര്‍ അധികമില്ല. `യേശുവിന്‍റെ പുനരുത്ഥാനം` എന്ന പ്രശസ്തമായ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേറ്റ എത്രപേരെയാണ് അവിടെ കാണിച്ചിരിക്കുന്നത്? യെരുശലേമിലെ കോട്ടയില്‍ നിന്നും അവരെ സ്വീകരിക്കാനായി കൈകള്‍ വിരിച്ചുനില്‍ക്കുന്ന യേശുവിന്‍റെ രൂപത്തിനരികിലേക്ക് ഇറങ്ങിവരുന്നവരെ ആചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാം. ഇവരില്‍ എത്ര വേദപണ്ഡിതരും ദൈവ വേലക്കാരും കാണും?
ഇന്നത്തെ ലോകത്തില്‍ ധാരാളം വേദപണ്ഡിതന്മാര്‍ ഉണ്ടെങ്കിലും ഏക രക്ഷാമാര്‍ഗ്ഗമായ യേശുക്രിസ്തുവിന്‍റെ സ്നാനത്തെക്കുറിച്ച് അറിയുന്നവരും അതില്‍ വിശ്വസിക്കുന്നവരും വളരെ ചുരുക്കമാണ്. ചില വേദപണ്ഡിതന്മാര്‍ പറയുന്നത് യേശു സ്നാനമെടുത്തത് അവന്‍ താഴ്മയുള്ളവനായതിനാലാണ് എന്നാണ്. അവന്‍ നമ്മെപ്പോലെ ഒരുവനായിത്തീരുവാനാണ് സ്നാനപ്പെട്ടതെന്നാണ് മറ്റുചിലര്‍ പറയുന്നത്.
എന്നാല്‍ വേദപുസ്തകത്തില്‍ യോഹന്നാനും പത്രൊസും ഉള്‍പ്പെടെ അപ്പൊസ്തലന്മാര്‍ എല്ലാവരും സാക്ഷീകരിച്ചിരിക്കുന്നത് നമ്മുടെ പാപങ്ങളുടെ സ്ഥലം മാറ്റമായിരുന്നു യേശുവിന്‍റെ സ്നാനമെന്നാണ്. നാമും അത് വിശ്വസിക്കുന്നു.
അപ്പൊസ്തലന്മാര്‍ ദൈവവചനത്തിലൂടെ സാക്ഷീകരിക്കുന്നത് നമ്മുടെ സകല പാപവും തന്‍റെ സ്നാനത്തിലൂടെ യേശുവിലേക്ക് കടത്തപ്പെട്ടു എന്നാണ്. നാം വിശ്വസിച്ചാല്‍ മാത്രം മതി, വിടുതല്‍ പ്രാപിക്കാം, എന്നുള്ള അത്യത്ഭുതകരമായ ദൈവകൃപയെക്കുറിച്ചുള്ള സാക്ഷ്യമാണിത്.
 
 
പാപമോചന സ്നാനത്തെക്കുറിച്ച് `ആയിരിക്കാം` എന്നൊന്നില്ല
 
അതിരുകളില്ലാത്ത ദൈവസ്നേഹം ലഭിക്കുന്നതാര്‍ക്കാണ്?
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നവന്

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കും (അതേതുതരമായാലും ശരി) എന്ന് വിശ്വസിക്കുവാനാണ് ജനങ്ങള്‍ക്കിഷ്ടം. എല്ലാ സഭാവിഭാഗങ്ങളും അവരുടെ വിശ്വാസപ്രമാണത്തില്‍ രക്ഷ ഉള്‍പ്പെടുന്നു എന്ന് പറഞ്ഞു ഫലി പ്പിക്കാറുണ്ട്. ഒരു കൂട്ടം ക്രിസ്ത്യാനികളുടെ അന്ധവിശ്വാസമാണ് യേശുവിന്‍റെ സ്നാനത്തെപ്പറ്റിയ ഉപദേശമെന്ന് കരുതുന്ന അനേകരുണ്ട്. എന്നാല്‍ ഇത് വാസ്തവമല്ല. ഞാന്‍ വായിച്ച ആയിരക്കണക്കിന് പുസ്തകങ്ങളില്‍ ഒന്നില്‍പ്പോലും ദൈവത്തിന്‍റെ രക്ഷയും യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലഭിക്കുന്ന വീണ്ടെടുപ്പും തമ്മിലുള്ള ബന്ധം പ്രതിപാദിച്ചു കണ്ടില്ല.
നോഹയുടെ കാലത്ത് ആകെ 8 പേര്‍ മാത്രമാണ് രക്ഷിക്കപ്പെട്ടത്. ഇക്കാലത്ത് രക്ഷിക്കപ്പെട്ടവര്‍ എത്രപേരുണ്ടാകും എന്നെനിക്കറിയില്ല; എങ്കിലും വളരെ അധികമൊന്നും കാണില്ല. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവരാണ് രക്ഷിക്കപ്പെട്ടവര്‍. ധാരാളം സഭകള്‍ സന്ദര്‍ശിക്കുമ്പോള്‍, ഞാന്‍ വീണ്ടും വീണ്ടും മനസിലാക്കിയ ഒരുകാര്യം സത്യസുവിശേഷമായ യേശുവിന്‍റെ സ്നാനത്തെ പ്രസംഗിക്കുന്ന വളരെ ചുരുക്കം പേര്‍ മാത്രമേയുള്ളൂ എന്നാണ്.
യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ലഭിക്കുന്ന പാപമോചനത്തില്‍ വിശ്വസിക്കുന്നില്ല എങ്കില്‍ നാം രക്ഷിക്കപ്പെടാത്ത പാപികളത്രേ. എത്ര വിശ്വസ്തതയോടെ സഭാരാധനയില്‍ പങ്കുകൊള്ളുന്നുവെങ്കിലും ശരിതന്നെ, ജീവകാലം മുഴുവന്‍ ഈ വിശ്വസ്തതയോടെ സഭയില്‍ പോയാലും ശരി, നമ്മുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ നാം ഇപ്പോഴും പാപികളാണ്.
50 വര്‍ഷമായി നാം സഭയില്‍ പങ്കെടുക്കുന്നുണ്ട് എങ്കിലും നമ്മുടെ ഹൃദയത്തില്‍ പാപമുണ്ടെങ്കില്‍ നമ്മുടെ 50 വര്‍ഷത്തെ വിശ്വാസം വൃഥാവായിപ്പോകുന്നു. അതിലും വളരെ നല്ലതാണ് യഥാര്‍ത്ഥ വിശ്വാസത്തോടെ ഒരു ദിവസം ജീവിക്കുന്നത്. യേശുവില്‍ വിശ്വസിക്കുന്നവരില്‍ തന്നെ, അവന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും അര്‍ത്ഥം അറിയുന്നവര്‍ മാത്രമാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്.
ദൈവപുത്രന്‍ ഈ ലോകത്തിലേക്ക് ഇറങ്ങി വന്നുവെന്നും ലോകത്തിന്‍റെ സകലപാപവും എടുത്തു മാറ്റുവനായി സ്നാനമേറ്റു എന്നുമുള്ള വസ്തുതയില്‍ വിശ്വസിക്കുന്നതാണ് സത്യവിശ്വാസം. ഈ വിശ്വാസമാണ് നമ്മെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നയിക്കുന്നത്. എനിക്കും നിനക്കും വേണ്ടി യേശു കുരിശില്‍ രക്തം ചിന്തി എന്നും നാം വിശ്വസിക്കേണം - ദൈവത്തിന് നന്ദിപറയാനും മഹത്വീകരിക്കാനും ഇക്കാര്യങ്ങള്‍ കൂടി നാം അറിഞ്ഞിരിക്കണം.
ആരാണ് നമ്മള്‍? യേശുവിന്‍റെ സ്നാനത്താലും രക്തത്താലും രക്ഷപ്രാപിച്ച ദൈവമക്കളാകുന്ന സ്ത്രീപുരുഷന്മാരാണ് നമ്മള്‍. എങ്ങനെ നാം അവന് നന്ദി പറയാതിരിക്കും? നമ്മെ രക്ഷിക്കുവാനായി യോര്‍ദ്ദാനില്‍ സ്നാനമേറ്റപ്പോള്‍ അവന് 30 വയസായിരുന്നു. അതിലൂടെ, നമ്മുടെ പാപങ്ങള്‍ മുഴുവനും വഹിച്ച അവന്‍ നമുക്കായി കുരിശിന്‍റെ ശിക്ഷാവിധി സ്വീകരിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ താഴ്മയോടെ അവനു നന്ദിയര്‍പ്പിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്കു കഴിയില്ല. യേശു ഈ ലോകത്തില്‍ ചെയ്തതെല്ലാം നമ്മുടെ രക്ഷയ്ക്കു വേണ്ടിയായിരുന്നു എന്ന് നാം അറിയണം. ആദ്യമായി ഈ ലോകത്തിലേക്ക് അവന്‍ ഇറങ്ങി വന്നു, അവന്‍ സ്നാനപ്പെട്ടു, ക്രൂശില്‍ തറയ്ക്കപ്പെട്ടു, മൂന്നാം ദിവസം മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു, ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്തിരിക്കുന്നു.
ദൈവത്തിന്‍റെ വീണ്ടെടുപ്പ് യാതൊരു ഒഴിവുകഴിവുമില്ലാതെ, നമുക്കോരോരുത്തര്‍ക്കും ഉള്ളതാണ്. യേശു നല്‍കുന്ന രക്ഷ നിങ്ങള്‍ക്കും എനിക്കും എല്ലാവര്‍ക്കുമുള്ളതാണ്. ദൈവത്തിന്‍റെ സ്നേഹത്തിനായും അനുഗ്രഹത്തിനായും നാം അവനെ സ്തുതിക്കണം.
ഈ അര്‍ത്ഥം വരുന്ന ഒരു സുവിശേഷ ഗീതം ഉണ്ട്. `അതി സുന്ദരമായൊരു കഥയിതാണ്, കോടികള്‍ വാഴുമീ ഭൂമിയിലെ ഏഴയാം എനിക്കവന്‍ രക്ഷ നല്‍കി; അത്യത്ഭുതമീ സ്നേഹം, നിത്യസ്നേഹം, ദൈവസ്നേഹം കോടികള്‍ വാഴുമീ ഭൂതലത്തില്‍ നമ്മെയവന്‍ രക്ഷിച്ചെടുത്തുവല്ലോ. നാം അവന്‍ സ്നേഹം ധരിച്ചിടുന്നു. ദൈവസ്നേഹം, നിത്യസ്നേഹം അത്യത്ഭുതമീ ഉന്നത സ്നേഹം`.
നിന്നെയും എന്നെയും രക്ഷിക്കാനാണ് യേശു ഭൂമിയിലേക്ക് ഇറങ്ങി വന്നത്; അവന്‍റെ വീണ്ടെടുപ്പിന്‍ സ്നാനവും നമുക്കായുള്ളതാണ്. സുവിശേഷം എന്നത് വെറും ഒരു കെട്ടു കഥയല്ല. നമ്മുടെ മുഷിപ്പനായ ജീവിതത്തെ സുന്ദരമായ ദൈവരാജ്യത്തിലേക്ക് ഉയര്‍ത്തുന്ന സത്യവചനങ്ങളാണവ. ദൈവവും നിങ്ങളും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത് വിശ്വാസത്തിലാണ് എന്ന കാര്യം മനസില്‍ സൂക്ഷിക്കുക.
നമ്മെ രക്ഷിക്കാനായി അവന്‍ ഈ താണ ലോകത്തിലേക്ക് ഇറങ്ങിവന്നു. നമ്മുടെ പാപങ്ങള്‍ കഴുകുവാനായി അവന്‍ സ്നാനം എല്‍ക്കുകയും കുരിശിന്മേല്‍ ന്യായവിധി സഹിക്കുകയും ചെയ്തു.
ഒരു വിശ്വസ്തനായ വിശ്വാസിക്ക് ദൈവത്തെ പിതാവേ എന്നു വിളിക്കാമെന്നത് എത്ര വലിയ അനുഗ്രഹമാണ്! നമുക്ക് എങ്ങനെ യേശുവില്‍ വിശ്വസിക്കുവാനും വിശ്വാസത്താല്‍ നമ്മുടെ പാപങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനും കഴിഞ്ഞു? നമ്മോടുള്ള അവന്‍റെ അളവില്ലാത്ത സ്നേഹം ഒന്നു കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. നമ്മെ ആദ്യം സ്നേഹിച്ച അവന്‍റെ കാരണത്താല്‍ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു.
 
 
നമ്മുടെ സകലപാപവും ഒരിക്കലായി യേശു കഴുകികളഞ്ഞു
 
നാം ഒരിക്കലായി നിത്യരക്ഷ പ്രാപിച്ചുവോ? അഥവാ പടിപടിയായാണോ?
ഒരിക്കലായി നിത്യരക്ഷ പ്രാപിച്ചു

`ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്‍ക്കുവേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു.` (1പത്രൊസ് 3:18) നമ്മുടെ വീണ്ടെടുപ്പിനായി സ്നാനമേറ്റ യേശു നീതികെട്ടവരായ എനിക്കും നിങ്ങള്‍ക്കും വേണ്ടി ഒരിക്കലായി കുരിശില്‍ മരിച്ചു.
നമ്മെ ദൈവന്യായവിധിയില്‍ നിന്നും ഒഴിവാക്കുവാനായി അവന്‍ ഒരിക്കലായി ഈ ഭൂമിയില്‍ മരിച്ചു. അതിനാല്‍ നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും ദൈവസന്നിധിയില്‍ നിത്യകാലം വസിക്കുവാനും വഴിയൊരുങ്ങി. ജഡമായി ഈ ഭൂമിയില്‍ അവതരിച്ച യേശു നമ്മുടെ മുഴുവന്‍ പാപവും ഒരിക്കലായി തന്‍റെ സ്നാനത്തിലൂടെ കുരിശുമരണത്തിലൂടെ, ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ പൂര്‍ണ്ണമായും കഴുകികളഞ്ഞു.
യേശു തന്‍റെ സ്നാനത്തിനാലും രക്തത്തിനാലും നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? അവന്‍റെ സ്നാനത്തിന്‍റെയും രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് രക്ഷപ്രാപിക്കുവാനാവില്ല. കാരണം നാം വളരെ ദുര്‍ബലരാണ്. യേശു തന്‍റെ സ്നാനത്തിനാലും രക്തത്തിനാലും നമ്മുടെ സകലപാപവും ഒരിക്കലായി പൂര്‍ണ്ണമായും കഴുകി കളഞ്ഞു എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നമുക്ക് വീണ്ടും ജനനം പ്രാപിക്കുവാനാകില്ല.
നമ്മുടെ സകലപാപവും ചുമന്നു തീര്‍പ്പാനാണ് അവന്‍ സ്നാനപ്പെടുകയും കുരിശിന്മേല്‍ നമുക്കായി ന്യായവിധി അനുഭവിക്കുകയും ചെയ്തത്. യേശുക്രിസ്തു തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നല്‍കിയ വീണ്ടെടുപ്പില്‍ പാപികളുടെ സകലപാപവും ഒരിക്കലായി കഴുകികളഞ്ഞു.
മനുഷ്യരായ നാം ഓരോ തവണ പാപം ചെയ്യുമ്പോഴും മനസാന്തരപ്പെടേണ്ടി വരികയും മുഴുവന്‍ സമയവും നല്ലവരും ഉദാരമതികളുമായിരിക്കുകയും സഭയ്ക്കായി ധാരാളം കാര്യങ്ങള്‍ നല്‍കുകയും ചെയ്യേണ്ടി വന്നിരുന്നെങ്കല്‍ വീണ്ടെടുപ്പ് എന്നത് അസാധ്യമായിത്തീരുമായിരുന്നു.
`ആകയാല്‍, യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസവും കുരിശിലുള്ള രക്തത്തിലുള്ള വിശ്വാസവും നമ്മുടെ രക്ഷയ്ക്കു അത്യാവശ്യമാണ്. നാം വെള്ളത്തിലും രക്തത്തിലും വിശ്വസിക്കണം. വെറുതെ നല്ല കാര്യങ്ങള്‍ ചെയ്യുന്നത് നമ്മുടെ പാപമോചനത്തെ ഒരുതരത്തിലും സഹായിക്കുകയില്ല.
ഏഴകള്‍ക്ക് വിലയേറിയ വസ്ത്രവും സഭാപാസ്റ്റര്‍ക്ക് രുചികരമായ ഭക്ഷണവും നല്‍കിയാലും അവ നിങ്ങളുടെ രക്ഷക്കുതകുകയില്ല. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവരെ മാത്രമാണ് അവന്‍ രക്ഷിക്കുന്നത്. യേശുവിന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും ഏവരെയും ഒരിക്കലായി ദൈവം രക്ഷിക്കുന്നു എന്ന് വിശ്വസിച്ചാല്‍ നാം രക്ഷിക്കപ്പെടും.
ചിലര്‍ പറയുന്നത്, ഇവയെല്ലാം ദൈവം വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്കിനിയും ഇതേപ്പറ്റി ആലോചിക്കാനുണ്ടെന്നാണ്. അത് അവരുടെ കാര്യം, പക്ഷേ, നാം അവന്‍റെ വചനത്തില്‍ എഴുതപ്പെട്ടതുപോലെ വിശ്വസിക്കണം.
എബ്രായര്‍ 10:110 വരെ എഴുതിയിരിക്കുന്നത് അവന്‍ നമ്മെ ഒരിക്കലായി ഒരുമിച്ച് രക്ഷിച്ചു എന്നാണ്. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്ന ഏവരെയും ദൈവം ഒരുമിച്ച് രക്ഷിക്കുന്നു എന്നത് വാസ്തവമാണ്. നാമും ഇത് അങ്ങനെ വിശ്വസിക്കണം. 
`ഒരിക്കലായി മരിച്ചയെന്‍ യേശു
ഒരിക്കലായി നമ്മെ രക്ഷിച്ചു...
ഓ! എന്‍ സ്നേഹിതാ നീയും ഇപ്പോള്‍
പാപങ്ങള്‍ യേശുവില്‍ പാദേ വച്ച്
വീണ്ടെടുക്കപ്പെട്ടിടുക.` ഒരിക്കലായി സ്നാനപ്പെട്ട് ഒരിക്കലായി രക്തം ചിന്തി യേശു നമ്മെ സകലരെയും അഭക്തിയുടെയും പാപത്തിന്‍റെയും ജീവിതത്തില്‍നിന്നും രക്ഷിച്ചിരിക്കുന്നു.
`നീതിമാന്‍ നീതികെട്ടവര്‍ക്കായി` (1പത്രൊസ് 3:18) ഒരു പാപവുമില്ലാത്ത ദൈവമായിരുന്നു യേശു. അവന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ല. ജനങ്ങളെ പാപത്തില്‍നിന്നും വിടുവിക്കുവാനായി അവന്‍ നമ്മുടെയിടയിലേക്ക് മനുഷ്യ രൂപത്തില്‍ വന്നു. അവന്‍ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ മുഴുവന്‍ വഹിച്ചു. പാപത്തില്‍നന്നും അനീതിയില്‍നിന്നും നമ്മെ രക്ഷിച്ചു.
ജനങ്ങളുടെ സകലപാപവും ജനനം മുതല്‍ മരണം വരെയുള്ള- യേശു സ്നാനമേറ്റപ്പോള്‍ അവങ്കലേക്ക് ചുമത്തപ്പെട്ടു. കുരിശില്‍ രക്തം ചിന്തി മരിച്ചതോടെ സകല ന്യായവിധിയില്‍നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. പാപികള്‍ക്കായി സ്നാനമേറ്റ അവന്‍ അവരുടെ സ്ഥാനത്ത് പകരമായി മരിച്ചു.
ഇതാണ് അവന്‍റെ സ്നാനത്തിന്‍റെ വീണ്ടെടുപ്പ്, പാപികളായ നമ്മെ സകലരെയും ഒരിക്കലായി യേശു രക്ഷിച്ചു, നാം എന്തുമാത്രം ദുര്‍ബലരായിരുന്നു! നമ്മുടെ ജനനം മുതല്‍ മരണംവരെയുള്ള സകല പാപത്തില്‍നിന്നും നമ്മെ വിടുവിച്ച യേശു തന്നെത്താന്‍ കുരിശില്‍ യാഗമായി അര്‍പ്പിച്ചു. യേശുവില്‍ വിശ്വസിക്കുന്ന നാം അവന്‍ തന്‍റെ സ്നാനത്താലും രക്തത്താലും നമ്മെ ഒരിക്കലായി രക്ഷിച്ചു എന്ന് വിശ്വസിക്കണം.
നാം ദുര്‍ബലരായിരുന്നു! പക്ഷേ യേശു സര്‍വ്വശക്തന്‍. നാം അവിശ്വസ്തര്‍; യേശു വിശ്വസ്തനായ ദൈവം. ദൈവം ഒരിക്കലായി രക്ഷിച്ചു. `തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു അവനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു` (യോഹന്നാൻ. 3:16). ദൈവം തന്‍റെ ഏകജാതനെ നല്‍കി. ലോകത്തിന്‍റെ പാപം വഹിക്കുവാനായി അവന്‍ സ്നാനമേറ്റു; അതുവഴി മനുഷ്യരുടെ മേല്‍ വരേണ്ടിയിരുന്ന മുഴുവന്‍ ന്യായവിധിയും അവന്‍റെ മേലായി.
എന്തതിശയകരമായ രക്ഷയാണിത്! എന്തുമഹത്തായ സ്നേഹമാണിത്! നാം ദൈവത്തിന്‍റെ സ്നേഹത്തിനും രക്ഷയ്ക്കുമായി നന്ദി പറയണം. യേശുവിന്‍റെ സ്നാനമാകുന്ന വെള്ളത്തിലും കുരിശില്‍ ചൊരിഞ്ഞ രക്തത്തിലും വിശ്വസിക്കുകയും യേശു ദൈവപുത്രനാണെന്ന വസ്തുത അംഗീകരിക്കുകയും ചെയ്യുന്നവരെ ദൈവം രക്ഷിക്കും.
യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷ പ്രാപിക്കുന്നത് സ്നാനത്തിന്‍റെയും യേശുവിന്‍റെ രക്തത്തിന്‍റെയും സത്യത്തില്‍ വിശ്വസിക്കുന്നതിനാലാണ്. അവര്‍ക്ക് നീതിമാന്മാരുടെ നിത്യ ജീവന്‍ ലഭിക്കും. നാം ഇത് വിശ്വസിക്കണം.
നമ്മെ രക്ഷിച്ചതാരാണ്? ദൈവമാണോ? അതോ അവന്‍റെ സൃഷ്ടികളിലൊന്നാണോ? ദൈവമായ യേശുവാണ് നമ്മെ രക്ഷിച്ചത്. ദൈവത്തിന്‍റെ വീണ്ടെടുപ്പില്‍ വിശ്വസിച്ചതിനാല്‍ നാം രക്ഷ പ്രാപിച്ചിരിക്കുന്നു; ഇതാണ് വീണ്ടെടുപ്പിന്‍റെ രക്ഷ.
 
 
രക്ഷയുടെ കര്‍ത്താവായ യേശു
 
`ക്രിസ്തു` എന്നതിന്‍റെ അര്‍ത്ഥം എന്താണ്?
പുരോഹിതനും രാജാവും

യേശുക്രിസ്തു ദൈവമാകുന്നു. യേശു എന്നതിന്‍റെ അര്‍ത്ഥം രക്ഷകന്‍ എന്നും ക്രിസ്തു എന്നതിന്‍റെ അര്‍ത്ഥം `അഭിഷിക്തന്‍` എന്നുമാണ്. പഴയനിയമത്തില്‍ ശമുവേല്‍ പ്രവാചകന്‍ ശൗലിനെ അഭിഷേകം ചെയ്തു. രാജാക്കന്മാര്‍ അഭിഷേകം ചെയ്യപ്പെട്ടു, പുരോഹിതന്മാര്‍ അഭിഷേകിക്കപ്പെട്ടു, അവനെ ശുശ്രൂഷിക്കുവാനുള്ള ഒരു പ്രവാചകനുണ്ടെങ്കില്‍ അവനെയും അഭിഷേകിക്കണം.
ഈ ലോകത്തിലേക്ക് വന്ന യേശു മൂന്നു കര്‍ത്തവ്യങ്ങള്‍ക്കായി അഭിഷേകിക്കപ്പെട്ടു. പുരോഹിതനായി, രാജാവായി, പ്രവാചകനായി. സകലജനത്തിന്‍റെയും പാപം ചുമക്കുവാനായി സ്വര്‍ഗീയ പുരോഹിതനായി അവന്‍ അഭിഷേകിക്കപ്പെട്ടു.
പിതാവിന്‍റെ ഹിതം അനുസരിച്ച് അവന്‍ തന്നെത്തന്നെ ഒരു പാപയാഗമായി തിരുമുമ്പില്‍ സമര്‍പ്പിച്ചു. `ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു, എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെയടുക്കല്‍ എത്തുന്നില്ല`. നമ്മുടെ സകലപാപവും തന്‍റെ സ്നാനത്തിലൂടെയും കുരിശിലെ മരണത്തിലൂടെയും അവന്‍ മോചിപ്പിച്ചു എന്ന് വിശ്വസിക്കുന്നവരെ യേശു രക്ഷിക്കുന്നു.
`മാംസത്തിന്‍റെ ജീവന്‍ രക്തത്തിലല്ലോ ഇരിക്കുന്നത്` (ലേവ്യ 17:11) സ്നാനത്തിനുശേഷം യേശു കുരിശില്‍ തന്‍റെ രക്തം ചിന്തി; നമ്മുടെ പാപങ്ങളുടെ വിലയായി സ്വയം ദൈവമുമ്പാകെ അര്‍പ്പിച്ചു. ആകയാല്‍ അവനില്‍ വിശ്വസിക്കുന്ന നാം രക്ഷപ്പെട്ടിരിക്കുന്നു.
കുരിശില്‍ മരിച്ചതിന്‍റെ മൂന്നാം ദിവസം യേശു ഉയിര്‍ത്തെഴുന്നേറ്റു. ബന്ധനത്തിലായ ആത്മാക്കളോട് സുവിശേഷം അറിയിച്ചു. ഇതുവരെയും വീണ്ടെടുക്കപ്പെടാത്തവര്‍ പാപത്തിന്‍റെ ജയിലില്‍ കഴിയുന്ന ആത്മീയ ജയില്‍പുള്ളികളാണ്. അവരോട് യേശു സത്യസുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നു. നമ്മെ രക്ഷിക്കുവാനാണ് ദൈവം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമുക്ക് നല്‍കിയത്. ഇതില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും വീണ്ടും ജനനം പ്രാപിക്കാം.
 
 
യേശുവിന്‍റെ സ്നാനവും രക്തവും പാപികളെ രക്ഷിക്കുന്നു
 
ദൈവമുമ്പാകെ നല്ലമന:സാക്ഷി ഉള്ളവരായിരുപ്പാന്‍ എങ്ങനെ കഴിയും?
യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നതിനാല്‍

യേശുക്രിസ്തു നമ്മുടെ രക്ഷകനാണ്. ഇത് 1പത്രൊസ് 3:21 ല്‍ സാക്ഷീകരിച്ചിട്ടുണ്ട്. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കുകളയുന്നതായിട്ടല്ല ദൈവത്തോടു നല്ല മന:സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. യേശുവിന്‍റെ സ്നാനത്തിന്‍റെ വെള്ളം പാപികളുടെ രക്ഷയ്ക്ക് ഒരു അത്യാവശ്യഘടകമത്രേ.
സകലപാപികളെയും രക്ഷിക്കുവാനായി ഈ പാപങ്ങളെല്ലാം യേശു സ്നാനത്തിലൂടെ കഴുകികളഞ്ഞു. യേശുവിന്‍റെ സ്നാനത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ ഹൃദയത്തിലെ പാപങ്ങള്‍ എല്ലാം കഴുകപ്പെട്ടു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? നമ്മുടെ ഹൃദയത്തിലെ സകലപാപവും കഴുകപ്പെട്ടിരിക്കുന്നു. പക്ഷേ, നമ്മുടെ ജഡത്തില്‍ ഇപ്പോഴും പാപമുണ്ട്.
`വീണ്ടും ജനിക്കുക` എന്നതിന് ഒരു വ്യക്തി ഇനി ഒരിക്കലും പാപം ചെയ്യുകയില്ല എന്ന് അര്‍ത്ഥമില്ല. വീണ്ടും ജനനം പ്രാപിച്ച നമ്മള്‍ തന്നെ പാപം ചെയ്യുന്നു, എങ്കിലും നമ്മുടെ ഹൃദയം അവന്‍റെ സ്നാനത്തിലുള്ള വിശ്വാസത്താല്‍ പാപമില്ലാതെ ശുദ്ധമായിരിക്കും. അങ്ങനെയെങ്കില്‍, മുകളിലത്തെ വേദഭാഗം പറയുന്നു: `ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടുള്ള നല്ല മന:സാക്ഷി ആയിട്ട്` (1 പത്രൊസ് 3:21).
യേശു എന്‍റെ പാപങ്ങള്‍ കഴുകി കളഞ്ഞിരിക്കുമ്പോള്‍, ദൈവം എനിക്കുള്ള ന്യായവിധി സ്വീകരിക്കുമ്പോള്‍, ഞാനെങ്ങനെ അവനില്‍ വിശ്വസിക്കാതിരിക്കും? ദൈവമായ യേശു തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും എന്നെ രക്ഷിച്ചിരിക്കുമ്പോള്‍ എങ്ങനെ ഞാനവനില്‍ വിശ്വസിക്കാതിരിക്കും? നാം ദൈവമുമ്പാകെ രക്ഷിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ മന:സാക്ഷി ശുദ്ധമായിരിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നില്ല എന്ന് നമുക്ക് പറയാന്‍ കഴിയാത്തതു പോലെ തന്നെ, യേശു നമ്മുടെ പാപങ്ങള്‍ മുഴുവനായും കഴുകി കളഞ്ഞില്ല എന്നു പറയുവാനും നമുക്ക് കഴിയില്ല.
വീണ്ടും ജനനം പ്രാപിച്ചതിനു ശേഷം പാപത്തോട് നമ്മുടെ മന:സാക്ഷി കൂടുതല്‍ കുരുതലുള്ളതായി തീരുകയും നാം തെറ്റിപ്പോകുമ്പോള്‍ അത് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ മന:സാക്ഷി അല്പമായി പാപബോധം വരുത്തിയാലും യേശുവിന്‍റെ സ്നാനത്തിന്‍റെ ശക്തിയെക്കുറിച്ച് നമ്മുടെ മനസിനെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാതെ പാപത്തില്‍നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല. നല്ല മന:സാക്ഷി നേടാനുള്ള ഏകമാര്‍ഗ്ഗം ഇതു മാത്രമാണ്.
മന:സാക്ഷി നമ്മുടെ ഉള്ളില്‍ കുത്തുമ്പോള്‍, എവിടെയോ തെറ്റുപറ്റിയെന്ന് നമുക്ക് മനസിലാകും. യേശുവിന്‍റെ സ്നാനം സകലവിധ അഴുക്കും മാറ്റി ശുദ്ധിയാക്കുന്നു. യേശു നമ്മുടെ സകലപാപവും എടുത്തുമാറ്റി നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. നാം ഇത് വിശ്വസിക്കുമ്പോള്‍തന്നെ നമ്മുടെ മന:സാക്ഷി ശുദ്ധമായിത്തീരും. എങ്ങനെയാണ് നമ്മുടെ മന:സാക്ഷി ശുദ്ധമായിത്തീരുന്നത്? യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നതിനാല്‍. ജന്മനാല്‍തന്നെ ദുഷ്ടതയും അഴുക്കും നിറഞ്ഞ ഒരു മന:സാക്ഷി ആണ് സകലര്‍ക്കുമുള്ളത്. പക്ഷേ, നമ്മുടെ പാപങ്ങളെല്ലാം യേശുവിങ്കലേക്ക് കടത്തിവിടപ്പെട്ടു എന്നു വിശ്വസിക്കുമെങ്കില്‍, ഈ കറയെ നമുക്ക് തുടച്ചുകളയാം.
ഇതാണ് വീണ്ടും ജനനത്തിന്‍റെ വിശ്വാസം. ഇത് ഒരു മോഹനിദ്രയല്ല, നിങ്ങള്‍ സ്വ:ബോധത്തോടെ അംഗീകരിക്കുന്ന ഒരു കാര്യമാണിത്. നിങ്ങളുടെ മന:സാക്ഷി ശുദ്ധമാണോ? നിങ്ങള്‍ ഒരു നല്ല ജീവിതം നയിച്ചതുകൊണ്ടാണോ അത് ശുദ്ധമായത്? അതോ നിങ്ങളുടെ സകലപാപവും യേശുവിങ്കലേക്ക് കടത്തിവിടപ്പെടുകയും നിങ്ങള്‍ അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനാലാണോ? ഈ വിശ്വാസത്താല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു ശുദ്ധ മന:സാക്ഷി ലഭിക്കുകയുള്ളൂ.
ജീവനുള്ള വാക്കുകളും ജീവനില്ലാത്ത വാക്കുകളുമുണ്ട്. എങ്ങനെയാണ് സകലരുടെയും മന:സാക്ഷി ശുദ്ധമാകുന്നത്? നമ്മുടെ മന:സാക്ഷി ശുദ്ധമാകുവാനും നാം നീതിമാന്മാരാകുവാനും ഏകമാര്‍ഗ്ഗം യേശുവിന്‍റെ സമ്പൂര്‍ണ്ണ വീണ്ടെടുപ്പില്‍ വിശ്വസിക്കുക മാത്രമാണ്.
അവന്‍റെ സ്നാനത്തില്‍ വിശ്വസിക്കുന്നത് നമ്മെ ശുദ്ധീകരിക്കുന്നു എന്നതിന് നമ്മുടെ ജഡത്തിന്‍റെ അഴുക്ക് മാറ്റുന്നു എന്നര്‍ത്ഥമില്ല, മറിച്ച്, ദൈവമുമ്പാകെ നമ്മുടെ മന:സാക്ഷിയെ ശുദ്ധമാക്കുന്നു. അവന്‍ വന്നതും സ്നാനമേറ്റതും കുരിശില്‍ മരിച്ചതും മരിച്ചവരുടെ ഇടയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റതും ഇപ്പോള്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും അതിനുവേണ്ടി മാത്രമാണ്.
സമയമാകുമ്പോള്‍, അവന്‍ ഈ ലോകത്തിലേക്ക് വീണ്ടും വരും. `തനിക്കായി കാത്തുനില്‍ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും` (എബ്രായർ 9:28) നാം വിശ്വസിക്കുന്നത് അവനായി ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന നമ്മെ ചേര്‍ത്തുകൊള്ളുവാനായി അവന്‍ വരുമെന്നും അവന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നതു വഴി നാം പാപമില്ലാത്തവരാകുന്നു എന്നതുമാണ്.
 
 
വിശ്വാസത്തിന്‍റെ ഒരു പരീക്ഷണം
 
യേശുവിന്‍റെ സ്നാനംകൂടാതെ നമുക്ക് രക്ഷ ലഭിക്കുമോ?
ഒരിക്കലുമില്ല.

ഞങ്ങളുടെ ദെയ്ജിയോന്‍ സഭയില്‍ പ്രത്യേക ക്രമീക രണമൊന്നുമില്ലാതെ ഒരു പരീക്ഷണം നടത്തി.
ദെയ്ജിയോന്‍ സഭ ശുശ്രൂഷകനായ റവ. പാര്‍ക്ക് അവിടെയുള്ള ഒരു ദമ്പതികളോട് യേശുവിന്‍റെ സ്നാനം പരാമര്‍ശിക്കാതെ, ലോകത്തില്‍ ഒരു പാപവുമില്ലെന്ന് പറഞ്ഞു. ഈ ഭര്‍ത്താവ് സാധാരണ മറ്റു സഭകളിലെ പ്രസംഗത്തിനിടയില്‍ സ്ഥിരമായി ഉറങ്ങുന്ന ആളാണ്. കാരണം അവിടെയുള്ള സകല പാസ്റ്റര്‍മാരും യേശുവിന്‍റെ സ്നാനത്തിലൂടെയുള്ള വീണ്ടെടുപ്പ് ഒഴിവാക്കിയിട്ടുള്ള സുവിശേഷമാണ് പ്രസംഗിച്ചുകൊണ്ടിരുന്നത്. ഇത് ഓരോ ദിവസവും മാനസാന്തരപ്പെടണമെന്ന് അവനെ നിര്‍ബന്ധിച്ചു.
പക്ഷേ, ഇവിടെ ദെയ്ജിയോന്‍ സഭയില്‍ രണ്ടു കണ്ണുകളും വിശാലമായി തുറന്നുപിടിച്ച് അദ്ദേഹം പ്രസംഗം ശ്രദ്ധിച്ചു, കാരണം തന്‍റെ സകലപാപവും യേശുവിങ്കല്‍ ചുമത്തപ്പെട്ടു എന്ന് ആ പ്രസംഗം അവനോട് പറഞ്ഞു. ഇത് അദ്ദേഹത്തെ വീണ്ടും സഭയിലേക്ക് വരുവാന്‍ പ്രേരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ വളരെ സഹായിക്കുകയും ചെയ്തു.
ഒരു ദിവസം, സഭയിലിരുന്നപ്പോള്‍ റോമര്‍ 8:1 അദ്ദേഹം വായിച്ചുകേട്ടു. `ആകയാല്‍ ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല`. ഉടനെ അദ്ദേഹം ചിന്തിച്ചു ആഹാ! ഒരുവന്‍ യേശുവില്‍ വിശ്വസിച്ചാല്‍ അവനില്‍ പാപമില്ല, ഞാനും യേശുവില്‍ വിശ്വസിക്കുന്നിടത്തോളം എന്നിലും പാപമില്ല`.
അങ്ങനെ അദ്ദേഹം തന്‍റെ അളിയനെയും മറ്റ് ചില സുഹൃത്തുക്കളെയും ഒന്നിനുപിറകെ ഒന്നായി ഫോണ്‍ ചെയ്ത് ചോദിച്ചു `നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടോ? എന്നാല്‍ നിങ്ങളുടെ വിശ്വാസം ശരിയല്ല`. ഇക്കാര്യത്തില്‍ റവ. പാര്‍ക്ക് ആകെ പ്രശ്നത്തിലായി. ഭര്‍ത്താവിന് യേശുവിന്‍റെ സ്നാനത്തെക്കുറിച്ച് അറിയില്ല എങ്കിലും താന്‍ പാപമില്ലാത്തവനാണെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു.
തുടര്‍ന്ന് ഈ ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ മുളച്ചുവന്നു. ഭാര്യ കൂടുതല്‍ ഭക്തയായിരുന്നെങ്കിലും അവളുടെ ഹൃദയത്തില്‍ പാപമുണ്ടായിരുന്നു. പക്ഷേ, ഭര്‍ത്താവ് പറയുന്നു താന്‍ പാപമില്ലാത്തവനാണെന്ന്. ഭര്‍ത്താവ് ആകെകൂടി ഒന്നോ രണ്ടോ തവണ മാത്രമേ സഭയില്‍ വന്നിട്ടുള്ളൂ, എങ്കിലും അവന്‍ പാപമില്ലാത്തവനായി തീര്‍ന്നു.
അവരിരുവരുടെയും ഹൃദയത്തില്‍ പാപമുണ്ടെന്ന് ഭാര്യയ്ക്ക് ഉറപ്പായിരുന്നു. അവര്‍ ഇതിനെചൊല്ലി തര്‍ക്കിക്കുവാന്‍തുടങ്ങി. ഭര്‍ത്താവ് തനിക്ക് പാപമില്ലെന്ന വാദത്താല്‍ ഉറച്ചുനിന്നു കാരണം `ഇപ്പോള്‍ ക്രിസ്തുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല`. എങ്കിലും തന്‍റെ ഹൃദയത്തില്‍ പാപമുണ്ടെന്ന് തന്നെ ഭാര്യ തുടര്‍ന്നും വാദിച്ചു.
അങ്ങനെ ഒരുദിവസം ഈ ചിന്തയാല്‍ വളരെ ഭാരപ്പെട്ട ഭാര്യ റവ.പാര്‍ക്കിനോട് നമ്മുടെ പാപമെല്ലാം യേശുവിങ്കലേക്ക് കടത്തപ്പെട്ടു എന്നതിന് അദ്ദേഹം അര്‍ത്ഥമാക്കുന്നത് എന്താണെന്ന് ചോദിക്കുവാന്‍തന്നെ തീരുമാനിച്ചു.
ഒരുദിവസം, വൈകുന്നേരത്തെ ആരാധനയ്ക്കുശേഷം, തന്‍റെ ഭര്‍ത്താവിനെ ഭവനത്തിലേക്ക് അയച്ച് അവള്‍ റവ. പാര്‍ക്കിനോട് ഈ ചോദ്യം ചോദിക്കുവാനായി കാത്തുനിന്നു. അവള്‍ പറഞ്ഞു `താങ്കള്‍ ചിലത് പറയാന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് അറിയാം. എങ്കിലും അതിലെ പ്രധാനഭാഗം മറഞ്ഞിരിക്കുകയാണെന്ന് ഉറപ്പാണ്. ദയവായി അതെന്താണെന്ന് പറയുക`. വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കുന്നതിനെക്കുറിച്ച് റവ.പാര്‍ക്ക് അവളോട് പറഞ്ഞു.
റോമര്‍ 8:1 ല്‍ `ആകയാല്‍ ഇപ്പോള്‍ ക്രിസ്തുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല` എന്ന് എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവള്‍ക്ക് ഉടനെ മനസിലായി. അവള്‍ ഉടനെ വിശ്വസിച്ചു, രക്ഷിക്കപ്പെട്ടു. നമ്മുടെ സകലപാപവും യേശുവിന്‍റെ സ്നാനത്തിലൂടെ അവനിലേക്ക് കടത്തിവിടപ്പെട്ടുവെന്നും, ആകയാല്‍ ക്രിസ്തു യേശുവിലുള്ളവര്‍ക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ലെന്നും അവസാനം അവള്‍ക്ക് മനസിലായി.
അവള്‍ വചനത്തെ മനസിലാക്കി തുടങ്ങി. അവസാനം അവള്‍ക്ക് മനസിലായി വീണ്ടെടുപ്പിന്‍റെ താക്കോല്‍- യേശുവിന്‍റെ സ്നാനമാണെന്നും അവന്‍റെ സ്നാനത്തിന്‍റെ വീണ്ടെടുപ്പിലൂടെ നമുക്ക് നീതിമാന്മാരാകാന്‍ കഴിയുമെന്നും അവള്‍ അവസാനം കണ്ടെത്തി.
വാസ്തവത്തില്‍, അവളുടെ ഭര്‍ത്താവ് വീട്ടിലേക്കു പോകാതെ പുറത്ത് അവളെ കാത്തുനില്‍ക്കുകയായിരുന്നു.അവന്‍ അവളുടെ സാക്ഷ്യം കേട്ടു. അവളുടെ പാപങ്ങളെല്ലാം ശുദ്ധമായെന്ന് കേട്ടപ്പോള്‍ അവന്‍ സന്തോഷഭരിതനായി ചോദിച്ചു. `ആട്ടെ, നീ ഇപ്പോള്‍ വീണ്ടെടുക്കപ്പെട്ടുവോ?`
പക്ഷേ, തന്‍റെ ഭാര്യയോട് പാസ്റ്റര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഭര്‍ത്താവ് വീണ്ടും ചിന്താക്കുഴപ്പത്തിലായി. യേശുവിന്‍റെ സ്നാനത്തെക്കുറിച്ചുള്ള സുവിശേഷം ഇതിനുമുമ്പ് അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നില്ല. യേശുവിന്‍റെ സ്നാനം കൂടാതെ തന്നെ തന്‍റെ ഹൃദയത്തില്‍ പാപമൊന്നുമില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നുമില്ലായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അവര്‍ തമ്മില്‍ വീണ്ടും തര്‍ക്കം തുടങ്ങി.
ഇപ്രാവശ്യം, സംഗതി നേരെ തിരിഞ്ഞു. നിങ്ങളുടെ ഹൃദയത്തില്‍ പാപമുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുവാന്‍ ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു. യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ എങ്ങനെ പാപമില്ലാത്തവനായിത്തീരും എന്ന് അവള്‍ ചോദിച്ചു. തന്‍റെ മന:സാക്ഷിയെ സൂക്ഷമമായി പരിശോധിക്കുവാന്‍ അവള്‍ അവനെ നിര്‍ബന്ധിച്ചു. തന്‍റെ മന:സാക്ഷിയെ സൂക്ഷമ പരിശോധന നടത്തിയ അദ്ദേഹത്തിന് മനസിലായി തന്‍റെ ഹൃദയത്തിലും പാപമുണ്ട്.
അങ്ങനെ അവന്‍ റവ.പാര്‍ക്കിനെ സമീപിച്ച് തന്‍റെ ഹൃദയത്തില്‍ പാപമുണ്ടെന്ന് ഏറ്റുപറഞ്ഞു. അവര്‍ ബലിയാടിന്‍റെ തലയില്‍ എപ്പോഴാണ് കൈവച്ചത്? അതിനെ കൊന്നതിനു ശേഷമാണോ, കൊല്ലുന്നതിനു മുമ്പാണോ? അവന്‍ ചോദിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേട്ടിട്ടില്ലാത്ത അവന്‍ വളരെ ചിന്താക്കുഴപ്പത്തിലായിരുന്നു. 
അതായിരുന്നു ആത്മീയ പരീക്ഷണത്തിന്‍റെ കേന്ദ്രബിന്ദു. ഈ ലോകത്തിന്‍റെ മുഴുവന്‍ പാപവും തന്‍റെ മേല്‍ ചുമത്തപ്പെടുവാന്‍ യേശു ആദ്യം സ്നാനമേല്‍ക്കണം. അതിന്‍റെ ശേഷം മാത്രമേ അവന് മരിക്കാന്‍ പാടുള്ളൂ, കാരണം പാപത്തിന്‍റെ ശമ്പളമാണ് മരണം.
"അവര്‍ യാഗം കഴിക്കാനുള്ള ആടിന്‍റെ മേല്‍ കൈ വച്ചത് യാഗത്തിനു മുമ്പാണോ? അതിനെ കൊന്നതിനു ശേഷമാണോ?" അവന്‍ ചോദിക്കാന്‍ കാരണം കൈവെപ്പിനെക്കുറിച്ചും യേശുവിന്‍റെ സ്നാനത്തെക്കുറിച്ചും അവന് വളരെ ചിന്താക്കുഴപ്പമുണ്ടായിരുന്നു. അങ്ങനെ റവ. പാര്‍ക്ക് യേശുവിന്‍റെ സ്നാനത്തിന്‍റെ വീണ്ടെടുപ്പിനെക്കുറിച്ച് വിശദമായി അവനോട് പറഞ്ഞു.
ആ ദിവസമാണ്, ഭര്‍ത്താവ് ആദ്യമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേള്‍ക്കുന്നതും വീണ്ടെടുക്കപ്പെടുന്നതും. അവന്‍ സുവിശേഷം ഒരിക്കലായി മാത്രം കേട്ടു; വിടുവിക്കപ്പെട്ടു.
യേശുവിന്‍റെ സ്നാനം ഒഴിവാക്കിക്കൊണ്ടുള്ള ഒരു പരീക്ഷണമായിരുന്നു അത്. നമ്മില്‍ പാപമില്ലെന്ന് നാം പറഞ്ഞേക്കാം. എങ്കിലും യേശുവിന്‍റെ സ്നാനം കൂടാതെയുള്ള നമ്മുടെ മന:സാക്ഷിയില്‍ നിശ്ചയമായും പാപമുണ്ട്. ജനങ്ങള്‍ സാധാരണ പറയാറുള്ളത് യേശു കുരിശില്‍ മരിച്ചത് വഴി അവരുടെ സകല പാപവും ശുദ്ധിയാക്കിയെന്നാണ്. പക്ഷേ, യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ദൈവമുമ്പാകെ പാപമില്ലാത്തവരെന്ന് യഥാര്‍ത്ഥമായും പറയാന്‍ കഴിയുകയുള്ളൂ.
റവ. പാര്‍ക്ക് ഈ ദമ്പതികളിലൂടെ തെളിയിച്ചത്, യേശുവിന്‍റെ സ്നാനത്തിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന വീണ്ടെടുപ്പില്ലാതെ നാം പൂര്‍ണ്ണമായും വീണ്ടെടുക്കപ്പെടുയില്ല എന്ന പരമാര്‍ത്ഥമാണ്.
 
 
രക്ഷയുടെ മുന്‍കുറി: യേശുവിന്‍റെ സ്നാനം
 
എന്താണ് രക്ഷയുടെ മുന്‍കുറി?
യേശുവിന്‍റെ സ്നാനം

"സ്നാനമോ ഇപ്പോള്‍ ..............നമ്മെയും രക്ഷിക്കുന്നു." യേശു ഈ ലോകത്തിലേക്ക് വന്നത്. നമ്മുടെ സകല പാപവും കഴുകി ശുദ്ധിയാക്കി നമ്മുടെ മന:സാക്ഷിയെ ഹിമം പോലെ വെളുപ്പിക്കാനാണ്. യേശു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപവും ചുമന്നതിനാല്‍ നാം ശുദ്ധീകരിക്കപ്പെട്ടു. അവന്‍ തന്‍റെ സ്നാനത്താലും രക്തത്താലും നമ്മെ രക്ഷിച്ചു. ആകയാല്‍ സകല സൃഷ്ടികളും അവന്‍റെ മുമ്പില്‍ മുഴങ്കാലുകള്‍ മടക്കണം.
യേശുവിലുള്ള വിശ്വാസം നമ്മെ രക്ഷിക്കും. യേശുവില്‍ വിശ്വസിക്കുന്നതു വഴി നമുക്ക് ദൈവമക്കളാകുവാനും സ്വരഗ്ഗത്തില്‍ പ്രവേശിക്കുവാനും കഴിയുന്നു. യേശുവിലുള്ള വിശ്വാസം നമ്മെ നീതിമാന്മാരാക്കുന്നു. നാം രാജകീയപുരോഹിത വര്‍ഗ്ഗമാണ്. നമുക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാം. ഈ ലോകത്തില്‍ ജീവിക്കുന്നു എങ്കിലും രാജാക്കന്മാരാണ് നാം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവരെയും ദൈവം രക്ഷിക്കുന്നു എന്ന് നിങ്ങള്‍ വാസ്തവമായും വിശ്വസിക്കുന്നുവോ? യേശുവിന്‍റെ സ്നാനം കൂടാതെ നമ്മുടെ വീണ്ടെടുപ്പ് ഒരിക്കലും പൂര്‍ണ്ണമാകില്ല. ദൈവവും യേശുവും പൂര്‍ണ്ണമായി അംഗീകരിക്കുന്ന വിശ്വാസം അവന്‍റെ സ്നാനത്തിന്‍റെ സുവിശേഷത്തിലുള്ള, കുരിശിലുള്ള, ആത്മാവിലുള്ള വിശ്വാസമാണ്, ഇത് നമ്മെ പൂര്‍ണമായും രക്ഷിക്കുന്നു. ഇതു മാത്രമാണ് സത്യവിശ്വാസം. അവന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപവും കഴുകപ്പെടുകയും യേശു കുരിശിന്മേല്‍ രക്തം ചിന്തിയതു വഴി നമ്മുടെ പാപങ്ങളുടെ വില നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. ക്രിസ്തുയേശു നമ്മെ വെള്ളത്തിനാലും ആത്മാവിനാലും രക്ഷിച്ചിരിക്കുന്നു. അതെ! ഞങ്ങള്‍ വിശ്വസിക്കുന്നു.