(1 യോഹന്നാന്‍ 1:9)
"നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു."
രക്തത്തിന്‍റെ സുവിശേഷം അര്‍ദ്ധസുവിശേഷം മാത്രമാണ്
രക്തത്തിന്‍റെ സുവിശേഷത്തിലൂടെ മാത്രം നമുക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുമോ?
ഒരിക്കലുമില്ല! നാം പൂര്‍ണ്ണ സുവിശേഷത്തില്‍ (വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍) വിശ്വസിക്കേണം.
1 യോഹന്നാൻ 1:9 നീതിമാന്മാര്‍ക്കുമാത്രം ബാധകമാകുന്ന വചനമാണ്. വീണ്ടെടുക്കപ്പെടാത്ത ഒരു പാപി ഈ വചനപ്രകാരം തന്‍റെ ദൈനംദിന പാപങ്ങളെ ഏറ്റുപറയാന്‍ ശ്രമിച്ചാലും അവന്‍റെ പാപങ്ങള്‍ മോചിക്കപ്പെടുകയില്ല. ഞാനുദ്ദേശിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? വീണ്ടും ജനനം പ്രാപിക്കാത്ത പാപികളെ ഉദ്ദേശിച്ചുള്ളതല്ല ഈ വേദഭാഗം.
വീണ്ടും ജനിച്ചിട്ടില്ലെങ്കിലും 1 യോഹന്നാൻ ഒന്നാം അധ്യായത്തിലെ വചനപ്രകാരം പ്രാര്‍ത്ഥിക്കുകയും പാപക്ഷമ ലഭിക്കുമെന്ന പ്രതീക്ഷയാല്‍ തങ്ങളുടെ പാപങ്ങളെ ഏറ്റുപറയുകയും ചെയ്യുന്നവര്‍ ലോകത്തില്‍ ധാരാളമുണ്ട്.
പക്ഷെ, വീണ്ടും ജനനം പ്രാപിക്കാത്ത ഒരുവന് തന്‍റെ പാപങ്ങള്‍ ഏറ്റുപറയുന്നതിലൂടെ പൂര്‍ണ്ണമായും വീണ്ടെടുക്കപ്പെടാനാകുമോ? തുടര്‍ന്ന് ചിന്തിക്കുന്നതിന് മുമ്പ് ഈ വിഷയത്തെ നാം പരിഗണിക്കണം.
യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം വായിക്കുന്നതിന് മുമ്പ്, അപ്പൊസ്തലനായ യോഹന്നാന്‍ ഒരു നീതിമാനാണോ അഥവാ പാപിയാണോ എന്ന് നിങ്ങള്‍ തീരുമാനിക്കണം. ഞാനൊരു ചോദ്യം ചോദിക്കാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച ഒരു നീതിമാനാണോ അപ്പൊസ്തലനായ യോഹന്നാന്‍? അതോ ഒരു പാപിയായ മനുഷ്യനോ?
അപ്പൊസ്തലനായ യോഹന്നാന്‍ ഒരു പാപിയായിരുന്നെന്ന് നിങ്ങള്‍ പറയുന്നുവെങ്കില്‍, വേദപുസ്തകപ്രകാരം നിങ്ങളുടെ വിശ്വാസം തെറ്റാണ്. യേശുവില്‍ വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച ഒരു നീതിമാനാണ് അപ്പൊസ്തലനായ യോഹന്നാന്‍ എങ്കില്‍ തന്‍റെ വിശ്വാസം നിങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് വ്യക്തമാകുന്നു. അപ്പൊസ്തലനായ യോഹന്നാനുണ്ടായിരുന്ന അതേ വിശ്വാസംതന്നെ നിങ്ങള്‍ക്കും വേണം.
ഇനി ഞാന്‍ മറ്റൊരു ചോദ്യം ചോദിക്കാം. അപ്പൊസ്ത ലനായ യോഹന്നാന്‍ തന്‍റെ ലേഖനങ്ങള്‍ എഴുതിയത് പാപികള്‍ക്കുവേണ്ടിയാണോ, അതോ നീതിമാന്മാര്‍ക്കുവേണ്ടിയാണോ? അപ്പൊസ്തലനായ യോഹന്നാന്‍ നീതിമാന്മാര്‍ക്കുവേണ്ടിയാണ് തന്‍റെ ലേഖനങ്ങള്‍ എഴുതിയത്.
ആകയാല്‍ വീണ്ടും ജനിക്കാത്ത പാപികള്‍ 1 യോഹന്നാൻ 1:8-9 വചനങ്ങളെ ഉദ്ധരിച്ച് തങ്ങള്‍ക്കായി ഉപയോഗിക്കുന്നു എങ്കില്‍, അവര്‍ക്കു തെറ്റിപ്പോയി. നിങ്ങള്‍ക്കു നീതിമാനാകേണമെങ്കില്‍, ദൈവമുമ്പാകെ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കേണം. അപ്പോള്‍ ലോകത്തിന്‍റെ സകല പാപങ്ങളെയും കഴുകികളഞ്ഞ സുവിശേഷത്തിനാല്‍ കര്‍ത്താവ് നിങ്ങളുടെ സകല പാപങ്ങളെയും കഴികിക്കളയും.
അപ്പൊസ്തലനായ യോഹന്നാന്‍റെ വിശ്വാസം ഇപ്രകാരമുള്ളതായിരുന്നു. 1 യോഹന്നാൻ 5-മത്തെ അധ്യായത്തില്‍ തനിക്ക് `വെള്ളത്തിലും രക്തത്തിലും ആത്മാവിലും` വിശ്വാസമുണ്ടെന്ന് അവന്‍ പറയുന്നു. വെള്ളം, രക്തം, ആത്മാവ് എന്നിവയാല്‍ വന്ന കര്‍ത്താവായ യേശുക്രിസ്തുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ? കുരിശിലൂടെ വന്ന യേശുവിനെ മാത്രമാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? അതോ, അവന്‍റെ സ്നാനം, രക്തം, ആത്മാവ് എന്നിവയിലൂടെ വന്ന യേശുവിനെയോ?
രക്തത്തിന്‍റെ സുവിശേഷത്തില്‍ മാത്രം വിശ്വസിക്കുന്നതുവഴി സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? നിങ്ങളുടെ വിശ്വാസം കുരിശിലെ രക്തത്തിന്‍റെ സുവിശേഷത്തില്‍ മാത്രമായിരിക്കുന്നു എങ്കില്‍, സുവിശേഷത്തിന്‍റെ പകുതി മാത്രമേ നിങ്ങള്‍ മനസിലാക്കിയിട്ടുള്ളൂ. കുരിശിലെ രക്തത്തില്‍ മാത്രമാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങളുടെ ദൈനംദിന പാപങ്ങളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിയായിരിക്കും നിങ്ങളെന്നതില്‍ സംശയമില്ല. നിങ്ങളുടെ അനുതാപ പ്രാര്‍ത്ഥനകളിലൂടെ പാപങ്ങളെ എളുപ്പത്തില്‍ കഴുകിക്കളയാമെന്ന് നിങ്ങള്‍ വിശ്വസിക്കുവാനും സാധ്യതകളേറെയുണ്ട്.
പക്ഷെ, കുരിശിലെ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങളെ കഴുകി കളയുവാന്‍ കഴിയുമോ? ദിനംതോറുമുള്ള അനുതാപവും പ്രാര്‍ത്ഥനയും ഇതിന് സഹായിക്കുമോ? ഇപ്രകാരമുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ പാപം ഹൃദയത്തില്‍ തന്നെയുണ്ട്, കാരണം കുരിശിലെ രക്തത്തില്‍ മാത്രമുള്ള വിശ്വാസത്താലോ ദിനം തോറുമുള്ള അനുതാപ പ്രാര്‍ത്ഥനയാലോ മാത്രം ആരുടെയും പാപങ്ങള്‍ കഴുകപ്പെടുന്നില്ല. നിങ്ങള്‍ ഇപ്രകാരമുള്ള ഒരു വ്യക്തിയാണെങ്കില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നിങ്ങള്‍ ഇതുവരെയും അറിഞ്ഞിട്ടില്ല; നിങ്ങളുടെ വിശ്വാസം അപൂര്‍ണ്ണമായതാണ്.
അപ്പൊസ്തലനായ യോഹന്നാന്‍ വീണ്ടും ജനിക്കപ്പെട്ടു, കാരണം അവന്‍ വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചിരുന്നു. പക്ഷെ, നിങ്ങളോ രക്തത്തിന്‍റെ സുവിശേഷത്തില്‍ മാത്രം വിശ്വസിക്കുന്നു. സുവിശേഷത്തെക്കുറിച്ച് നിങ്ങള്‍ക്കുതന്നെ വ്യക്തമായ ധാരണ ഇല്ലാതിരിക്കെ മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? വീണ്ടും ജനനം പ്രാപിക്കാത്ത നിങ്ങള്‍ ദിനം തോറുമുള്ള അനുതാപ പ്രാര്‍ത്ഥനകളിലൂടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി ശ്രമിക്കുന്നു. ഈ വഴി നിങ്ങളെ എവിടേക്കും കൊണ്ടെത്തിക്കുകയില്ല.
എത്രതന്നെ ശക്തിയായി പ്രാര്‍ത്ഥിച്ചാലും അനുതപിച്ചാലും ശരി, അവന്‍റെ ഹൃദയത്തില്‍നിന്നും പാപങ്ങള്‍ കഴുകപ്പെടുന്നില്ല. ഒരുവേള നിങ്ങളുടെ പാപങ്ങള്‍ കഴുകപ്പെട്ടതായി നിങ്ങള്‍ക്കു തോന്നിയാലും, അത് നിങ്ങളുടെ വെറും തോന്നലും വൈകാരികമായ ചിന്തയും മാത്രമാണ്. അനുതപിച്ച് പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍, ഒരു ദിവസത്തേക്കോ മറ്റോ നിങ്ങള്‍ക്ക് ഒരു ഉണര്‍വ്വ് തോന്നിയേക്കാം. പക്ഷെ, ഇതിലൂടെ ഒരിക്കലും നിങ്ങളുടെ പാപത്തില്‍നിന്നും മോചിതനാകുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.
തങ്ങളുടെ പാപങ്ങളില്‍നിന്നും രക്ഷ പ്രാപിക്കാമെന്ന പ്രതീക്ഷയില്‍ പാപികള്‍ അനുതപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അതിനാല്‍തന്നെയാണ് ദീര്‍ഘകാലമായി യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും, അവര്‍ ഇപ്പോഴും പാപത്തില്‍തന്നെ തുടരുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം അവര്‍ക്കറിയില്ല. യേശുവില്‍ വിശ്വസിക്കുന്നു എങ്കിലും ഇതുവരെയും വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, ഇക്കൂട്ടത്തിലൊരാളാണ് നിങ്ങളും. നിങ്ങളുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായി ദിനം തോറും അനുതപിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ വീണ്ടും ജനിച്ചിട്ടില്ല എന്നതിന് സാക്ഷ്യമാണിത്. അപ്പൊസ്തലനായ യോഹന്നാനെപ്പോലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കേണമോ അഥവാ നിങ്ങളുടെ സ്വയ ചിന്തകളിലും വികാരങ്ങളിലും വിശ്വാസം അര്‍പ്പിക്കേണമോ എന്ന് നിങ്ങള്‍തന്നെ തീരുമാനിച്ചുകൊള്ളുക. ഒന്ന് വ്യക്തമായ സത്യമാകുന്നു; മറ്റേത് അസത്യവും.
വേദപുസ്തകപ്രകാരമുള്ള സത്യസുവിശേഷമെന്നത്, യേശു സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളും പൂര്‍ണ്ണമായും ഒരിക്കലായി തന്‍റെമേല്‍ വഹിക്കുകയും സകല പാപികള്‍ക്കുമായുള്ള ശിക്ഷാവിധി കുരിശിന്മേല്‍ വഹിക്കുകയും ചെയ്തു എന്നതത്രേ. ഒരുവന്‍ യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ കുരിശിലും വിശ്വസിക്കുന്നുവെങ്കില്‍, അപ്പോള്‍തന്നെ തന്‍റെ സകലപാപങ്ങളില്‍ നിന്നും അവന്‍ രക്ഷിക്കപ്പെടുന്നു. നേരെമറിച്ച്, അനുതാപ പ്രാര്‍ത്ഥനകളിലൂടെ ഒരുവന്‍ തന്‍റെ അകൃത്യങ്ങളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു എങ്കില്‍ അവന്‍ ഒരിക്കലും തന്‍റെ പാപത്തില്‍നിന്നും മോചിതനാകുന്നില്ല. നിങ്ങളുടെ ഒരു ദിവസത്തിലെ എല്ലാ പാപങ്ങളെയും ഓര്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ? നിങ്ങള്‍ അനുതപിച്ച് ഏറ്റുപറയാത്ത പാപങ്ങളുടെ കാര്യം ദൈവം നോക്കിക്കൊള്ളുമോ? ദൈനംദിന പാപങ്ങള്‍ക്കുള്ള ഏക പ്രതിവിധി അനുതാപ പ്രാര്‍ത്ഥനകളാണോ? ഈ ചോദ്യങ്ങളുടെയെല്ലാം ഏക ഉത്തരം `ഇല്ല` എന്നതാണ്.
യഥാര്‍ത്ഥ മാനസാന്തരവും ഏറ്റുപറച്ചിലിന്‍റെ ഉദ്ദേശവും
ഏറ്റുപറച്ചിലിന്‍റെയും സദ്പ്രവൃത്തികളുടെയും അതിരുകളേവ?
നമ്മുടെ ജീവിതത്തിലുടനീളം പാപങ്ങളെ ഏറ്റു പറയേണ്ടതുണ്ടെങ്കിലും നമ്മുടെ അകൃത്യങ്ങളെ ഏറ്റുപറഞ്ഞ് സദ്പ്രവൃത്തികള്‍ ചെയ്യുന്നതിനാല്‍ മാത്രം നമുക്ക് രക്ഷപ്രാപിക്കുവാനാവില്ല.
വേദപുസ്തക പ്രകാരം, തെറ്റായ വിശ്വാസത്തില്‍നിന്നും പുറം തിരിഞ്ഞ് ശരിയായ വിശ്വാസത്തിലേക്ക് വരുന്നതിനെയാണ് മാനസാന്തരം എന്ന് വിളിക്കുന്നത്. നീതിമാന്മാരെ സംബന്ധിച്ച്, ഒരുവന്‍റെ തെറ്റായ പ്രവൃത്തികളെ തിരിച്ചറിഞ്ഞ് സുവിശേഷത്തിന്‍റെ പ്രകാശത്തിലേക്ക് തിരിച്ചുവരുന്നതിനെ മാനസാന്തരമെന്ന് അര്‍ത്ഥമാക്കാം.
നിങ്ങള്‍ ഇപ്പോള്‍ ഒരു പാപിയാണെങ്കില്‍, ഇപ്രകാരം ഒരു ഏറ്റുപറച്ചില്‍ നടത്തണം: `പ്രിയ ദൈവമേ, ഞാന്‍ പാപം ചെയ്ത് നരകത്തിന് യോഗ്യനായിരിക്കുന്നു. പക്ഷെ, എന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദയവായി സകല പാപങ്ങളില്‍ നിന്നും എന്നെ രക്ഷിക്കേണമേ. ഞാന്‍ ഇതുവരെയും വീണ്ടും ജനിച്ചിട്ടില്ല; ആകയാല്‍ ഞാന്‍ നരകത്തിനുള്ളവനാണെന്ന് തിരിച്ചറിയുന്നു`. ഇത് കൃത്യമായ ഒരു ഏറ്റുപറച്ചിലാണ്.
അങ്ങനെയെങ്കില്‍ വീണ്ടും ജനിച്ചവന്‍ നടത്തേണ്ടുന്ന ഏറ്റുപറച്ചില്‍ എപ്രകാരമായിക്കണം? `പ്രിയ ദൈവമെ, എന്‍റെ ജഡത്തെ പിന്തുടര്‍ന്ന് ഞാന്‍ പാപം ചെയ്തിരിക്കുന്നു. യേശുക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ എന്‍റെ സകല പാപങ്ങളില്‍നിന്നും, ഇപ്പോള്‍ ഞാന്‍ ചെയ്തുപോയതുള്‍പ്പെടെ, എന്നെ രക്ഷിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലായിരുന്നെങ്കില്‍ എന്‍റെ പാപങ്ങള്‍ക്കായി ഞാന്‍ മരിക്കേണ്ടിവന്നേനെ. വെള്ളത്താലും രക്തത്താലും എന്നെ രക്ഷിച്ചതിനാല്‍ ഞാന്‍ കര്‍ത്താവിന് നന്ദി പറയുന്നു`. വീണ്ടും ജനനം പ്രാപിച്ചവന്‍റെയും പ്രാപിക്കാത്തവന്‍റെയും ഏറ്റുപറച്ചിലിന് വ്യത്യാസമുണ്ട്.
നമുക്കേവര്‍ക്കും അപ്പൊസ്തലനായ യോഹന്നാന്‍റെ അതേ വിശ്വാസം തന്നെ ഉണ്ടായിരിക്കേണം. നീതിമാന്മാര്‍ക്കായുള്ള ഏറ്റുപറച്ചിലിന് പുറകില്‍ നിങ്ങളുടെ പാപങ്ങളെ മറയ്ക്കുവാന്‍ ശ്രമിക്കുന്നുവെങ്കില്‍, പാപത്തിന്‍റെ ശമ്പളമായ മരണത്തില്‍ നിന്നും നിങ്ങള്‍ക്ക് ഒരിക്കലും രക്ഷനേടാന്‍ കഴിയില്ല.
വീണ്ടും ജനിച്ചിട്ടില്ലാത്ത സകല പാപികളും അനുതാപ പ്രാര്‍ത്ഥനകളില്‍ ഒളിക്കുന്നത് അവസാനിപ്പിച്ചിട്ട്, വെള്ളത്തിന്‍റെയും രക്തത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷത്തില്‍ വിശ്വസിക്കാന്‍ തുടങ്ങണം. അപ്പൊസ്തലനായ യോഹന്നാന്‍റെ വിശ്വാസത്തെക്കുറിച്ച് മനസിലാക്കി നിത്യ രക്ഷയെ അവര്‍ സമ്പാദിച്ചുകൊള്ളണം.
തങ്ങളുടെ പാപങ്ങളുടെ ശിക്ഷ എന്തുമാത്രം ഭീകരമായിരിക്കുമെന്ന് പാപികള്‍ മനസിലാക്കുന്നില്ല. വീണ്ടും ജനിപ്പിക്കുന്ന സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാതിരിക്കുന്നതാണ് ദൈവ മുമ്പാകെയുള്ള ഏറ്റവും കൊടിയ പാപം.
യേശുവില്‍ വിശ്വസിക്കുകയും എന്നാല്‍ വീണ്ടും ജനനം പ്രാപിക്കാത്തവരുമായ ഏവരും ദൈവമുമ്പാകെ ഇപ്രകാരം പ്രാര്‍ത്ഥിക്കേണം, `കര്‍ത്താവേ, എരിയുന്ന നരകത്തീയിലേക്ക് എറിയപ്പെടേണ്ടുന്ന ഒരു പാപിയാണ് ഞാന്‍`. `കര്‍ത്താവേ ദയവായി എന്‍റെ പാപങ്ങളെ ക്ഷമിക്കേണമേ` എന്ന് പ്രാര്‍ത്ഥിക്കേണ്ടതില്ല. യോര്‍ദ്ദാന്‍ നദിയില്‍ യേശു സ്വീകരിച്ച സ്നാനത്താലും കുരിശിലെ രക്തത്താലും തന്നെ രക്ഷിച്ചു എന്ന സുവിശേഷത്തെ ഹൃദയത്തില്‍ സ്വീകരിക്കുന്നതോടെ, അവന്‍ തന്‍റെ സകല പാപങ്ങളില്‍നിന്നും സ്വതന്ത്രനാകുന്നു. ദൈവമുമ്പാകെ തന്‍റെ സകല പാപങ്ങളില്‍നിന്നും വീണ്ടെടുക്കപ്പെടുവാനായി ഒരു പാപി ചെയ്യേണ്ടുന്ന അനുതാപ പ്രാര്‍ത്ഥനയാണിത്.
ഒരു പാപി, താന്‍ ഇതുവരെയും വീണ്ടും ജനനം പ്രാപിച്ചിട്ടില്ലെന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നു എന്നും മാത്രമേ ഏറ്റു പറയേണ്ടതുള്ളൂ. ആ നിമിഷം അവന്‍ രക്ഷിക്കപ്പെടും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താല്‍ സകല പാപികളുടെയും രക്ഷ പൂര്‍ത്തിയാകുന്നു. `മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട വേറൊരു നാമവുമില്ല` (അപ്പൊസ്തല പ്രവൃത്തി 4:12) തന്‍റെ പുത്രനായ യേശുവിനെ യോഹന്നാന്‍ സ്നാപകനാല്‍ സ്നാനപ്പെടുത്തി കുരിശിന്മേല്‍ യാഗമാക്കിത്തീര്‍ത്തതിലൂടെ സകല പാപികളെയും തങ്ങളുടെ പാപത്തില്‍നിന്നും ദൈവം രക്ഷിച്ചു.
ജനങ്ങള്‍ തങ്ങളുടെ ജനനം മുതല്‍ മരണം വരെ ഹൃദയത്തിലും ജഡത്തിലും ചെയ്യുന്ന സകല പാപങ്ങളെയും കര്‍ത്താവ് കഴികിക്കളഞ്ഞു. രക്ഷ പ്രാപിക്കുവാനായി സത്യസുവിശേഷത്തില്‍ നാം വിശ്വസിക്കേണം. നമ്മുടെ സകല പാപങ്ങളില്‍നിന്നും മോചിതരായി ശുദ്ധീകരിക്കപ്പെടുവാന്‍ ഇതുമാത്രമാണ് ഏകമാര്‍ഗ്ഗം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം ജീവപര്യന്തം നീതിമാന്മാരാക്കപ്പെടുന്നു.
യേശു സ്നാനപ്പെട്ടു, ലോകത്തിന്‍റെ പാപങ്ങളെ ചുമന്നു, കുരിശില്‍ തന്‍റെ ജീവനെ വിലയായി നല്‍കി, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് ഇപ്പോള്‍ പിതാവിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു. ഇതാണ് നിത്യമായ സത്യം.
നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഏറ്റുപറയാം `കര്‍ത്താവേ, മരിക്കുന്നതുവരെ പാപം ചെയ്യുകയല്ലാതെ ഒന്നിനും എനിക്ക് കഴിയുകയില്ല. അമ്മയുടെ ഉദരത്തില്‍നിന്നും ഒരു പാപിയായി ജനിച്ച ഞാന്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലമായി നരകത്തിലെ എരിയുന്ന തീയിലേക്ക് എറിയപ്പെടേണ്ടതാകുന്നു. ഇക്കാരണത്താല്‍ വെള്ളം, രക്തം, ആത്മാവ് എന്നിവയാല്‍ വന്ന യേശുവില്‍ വിശ്വസിക്കുവാനും അവനെ എന്‍റെ രക്ഷകനാക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു`.
മത്തായി സുവിശേഷം മൂന്നാമധ്യായത്തില്‍ എഴുതിയിരിക്കുന്നതുപോലെ, യോര്‍ദ്ദാനില്‍ സ്നാനപ്പെട്ടപ്പോള്‍ യേശു ലോകത്തിന്‍റെ സകല പാപങ്ങളെയും - നാം മരിക്കുന്നതുവരെ ചെയ്യുന്ന സകല പാപങ്ങളും ഉള്‍പ്പെടെ - ചുമന്നു. `നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും`. (യോഹന്നാൻ 8:32)
യേശു നമ്മുടെ ജന്മപാപത്തെ മാത്രം ചുമക്കുകയും നമ്മുടെ കര്‍മ്മ പാപങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുവാന്‍ നമ്മോട് പറയുകയും ചെയ്തിരുന്നുവെങ്കില്‍, നാം നിരന്തരവേദനയില്‍ ആകുമായിരുന്നു. പക്ഷെ, യേശു തന്‍റെ സ്നാനത്തിലൂടെയും രക്തത്തിലൂടെയും നമ്മുടെ സകല പാപങ്ങളില്‍നിന്നും നമ്മെ മോചിപ്പിച്ചു. നാം ഇനി എന്തിനായി ഇതെക്കുറിച്ച് ചിന്തിച്ച് ഭയപ്പെടണം? യേശുവിന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിച്ച്, കര്‍ത്താവിന് നന്ദി പറയുക; ആത്മാവ് നമ്മുടെ ഹൃദയത്തില്‍ വസിക്കും.
നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവോ? അത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കുന്നുവോ? ലോകത്തിന്‍റെ സകല പാപത്തെയും തന്‍റെ സ്നാനത്തിലൂടെ യേശു ചുമന്നതുവഴി നിങ്ങളുടെ പാപങ്ങളും അവന്‍റെ മേല്‍ ചുമത്തപ്പെട്ടു. പിന്നീട് നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ കുരിശില്‍ ന്യായം വിധിക്കപ്പെട്ടു; നിത്യശിക്ഷാവിധിയില്‍നിന്നും നമ്മെ സ്വതന്ത്രരാക്കി. ഇതാണ് സത്യസുവിശേഷം.
നീതിമാന്‍റെ ഏറ്റുപറച്ചില്‍
എന്താണ് നീതിമാന്‍റെ യഥാര്‍ത്ഥ ഏറ്റുപറച്ചില്‍?
അവര്‍ ദിനംതോറും പാപം ചെയ്യുന്നുവെങ്കിലും ഏകദേശം 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശു
തങ്ങളുടെ സകല പാപത്തെയും കഴുകി എന്ന വസ്തുതയില്‍ വിശ്വസിക്കുന്നു എന്നതാണത്.
1 യോഹന്നാൻ 1:9 പറയുന്നു, `നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു`. ഇതിലൂടെ അര്‍ത്ഥമാക്കുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ തീരുമാനിക്കുന്നവന്‍ ഇങ്ങനെ പാപത്തെ ഏറ്റുപറയണമെന്നാണ്: `കര്‍ത്താവേ എന്‍റെ ജീവിതത്തില്‍ മുഴുവനും പാപം ചെയ്യാതെ കഴിയുവാന്‍ എനിക്ക് സാധിക്കില്ല എങ്കിലും പ്രാര്‍ത്ഥനയിലൂടെയും ക്ഷമാ യാചനത്തിലൂടെയും എന്‍റെ പാപങ്ങളില്‍നിന്നും രക്ഷ നേടാനാവില്ലെന്നും ഞാന്‍ മനസിലാക്കുന്നു. പാപത്തിന്‍റെ ശമ്പളം മരണമാണെന്നും യേശുവിന്‍റെ സ്നാനവും ക്രൂശീകരണവുമല്ലാതെ എന്‍റെ പാപങ്ങളെ കഴികുവാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഇന്നും പാപം ചെയ്തു എന്ന് ഞാന്‍ ഏറ്റുപറയുന്നതോടൊപ്പം 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യോര്‍ദ്ദാനില്‍വച്ച് യേശു എന്‍റെ ഇന്നത്തെ പാപമുള്‍പ്പെടെ സകല പാപത്തെയും ചുമന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു`. ഇപ്രകാരമുള്ള ഒരു വ്യക്തി ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ പാപം മുഖാന്തിരം അവന്‍റെ മനസാക്ഷിയിലുള്ള പ്രശ്നങ്ങള്‍ ഉടന്‍തന്നെ മാറിപ്പോകും.
വീണ്ടും ജനിച്ചവര്‍ മാത്രമേ തങ്ങളുടെ പാപങ്ങളെ ഏറ്റുപറയേണ്ടതുള്ളൂ. അവര്‍ ചെയ്ത പാപങ്ങളെന്തായാലും അവയെ യേശു കഴുകികളഞ്ഞു എന്ന് ഉറപ്പിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. കാരണം യേശു 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്നാനപ്പെടുകയും പാപികള്‍ക്കായി മരിക്കുകയും ചെയ്തു; അവര്‍ എത്രതന്നെ ബലഹീനരായാലും ശരി, അവരുടെ സകല പാപങ്ങളും പൂര്‍ണ്ണമായി കഴുകപ്പെട്ടിരിക്കുന്നു.
ഇന്ന് നാം വായിച്ച വേദഭാഗം നീതിമാന്മാര്‍ക്ക് വേണ്ടിയുള്ള വളരെ നല്ല വചനങ്ങളാണ്. പക്ഷെ, ഒരു പാപി, ഈ വചനത്തെ വായിച്ച് തെറ്റായരീതിയില്‍ പ്രയോഗിച്ചാല്‍, അവന്‍ നരകത്തില്‍ ചെന്നവസാനിക്കും. അനേകം തവണ ദുരുപ യോഗപ്പെടുത്തപ്പെട്ട ഒരു വേദവാക്യംകൂടിയാണിത്. ദീര്‍ഘ കാലമായി ക്രിസ്ത്യാനികള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക് കാരണമായിത്തീര്‍ന്ന വചനവുമാണിത്.
`മുറിവൈദ്യന്‍ ആളെക്കൊല്ലും` എന്നൊരു പഴഞ്ചൊല്ല് കേട്ടിരിക്കുമല്ലോ! വ്യക്തമായ അറിവില്ലാത്ത മുറിവൈദ്യന്മാര്‍ തങ്ങളുടെ കഴിവുകള്‍ക്കപ്പുറത്തായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നത് തന്‍റെ രോഗിയുടെ മരണത്തിലാവും കലാശിക്കുക.
തന്‍റെ കടമകള്‍ നല്ലവണ്ണം നിര്‍വഹിക്കുവാന്‍ ഒരവന്‍ നല്ല പരിശീലനം നേടിയവനും അനുഭവശാലിയുമായിരിക്കണമെന്നത് ജീവിതത്തിലെ നിയമമാണ്. വിശ്വാസ ലോകത്തെ സംബന്ധിച്ചും ഇത് ശരിയാണ്. ദൈവ വചനത്തെ പഠിപ്പിക്കുന്നവര്‍ എഴുതപ്പെട്ടതുപോലെ, കൃത്യമായും തെളിവായും സത്യത്തെ പ്രബോധിപ്പിക്കേണം; കേള്‍ക്കുന്നവര്‍ക്ക് അതില്‍നിന്നും വിശ്വാസം ഉളവാകണം.
പ്രസംഗകന്മാര്‍ തങ്ങളുടെ അനുയായികളെ ദുരുപദേശങ്ങള്‍ പഠിപ്പിക്കുകയോ, വിശ്വാസികള്‍ വേദവചനത്തെ തെറ്റായി മനസിലാക്കുകയോ ചെയ്യുന്നത് ഇരുവര്‍ക്കും ന്യായവിധിയും നരകവും മാത്രമേ കൊണ്ടുവരികയുള്ളൂ. വീണ്ടും ജനനം പ്രാപിച്ചവര്‍ക്കുമാത്രമേ വേദപുസ്തകം ശരിയായി പഠിപ്പിക്കാന്‍ കഴിയുകയുള്ളൂ. തെറ്റായ കുറിപ്പടിപ്രകാരം നല്‍കപ്പെട്ട മരുന്ന്, അത് നല്ല മരുന്നാണെങ്കില്‍തന്നെയും, രോഗിയെ കൊല്ലൂന്നു. അതുപോലെ തന്നെയാണ് വേദപുസ്തക ധ്യാന്യവും അധ്യയനവും. നമ്മുടെ ജീവിതത്തില്‍ തീയെപ്പോലെ അത്യാവശ്യമുള്ളതാണിത്. പക്ഷെ കുഞ്ഞുങ്ങളുടെ കൈയിലുള്ള തീ ഒരു ദുരന്തത്തിന് കാരണമാകുന്നതുപോലെ, തെറ്റായ കരങ്ങളില്‍ നല്‍കപ്പെടുന്ന ദൈവ വചനവും ഭീകര ദുരന്തങ്ങളെ കൊണ്ടുവരും.
നീതിമാന്മാരുടെ ഏറ്റുപറച്ചിലും പാപികളുടെ ഏറ്റുപറച്ചിലും തമ്മിലുള്ള വ്യത്യാസത്തെ നാം വിവേചിക്കണം. 1 യോഹന്നാൻ 1:9 നീതിമാന്മാര്‍ക്കുള്ളതാണ്. ഒരു നീതിമാനായ വ്യക്തി തന്‍റെ പാപങ്ങളെ വിശ്വാസത്തോടെ കര്‍ത്താവിനു മുമ്പാകെ ഏറ്റുപറഞ്ഞാല്‍ അവന്‍ അവയില്‍നിന്നും സ്വതന്ത്രനാകും; കാരണം 2000 വര്‍ഷങ്ങള്‍ക്കുമുമ്പേ യേശു അവന്‍റെ സകല പാപങ്ങളും കഴുകി കളഞ്ഞിരിക്കുന്നു.
പാപക്ഷമയ്ക്കായി, പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം തങ്ങളുടെ പാപങ്ങള്‍ കഴുകപ്പെടുന്നു എന്ന് പാപികള്‍ കരുതുന്നത് തെറ്റായ വിശ്വാസമാണ്. വീണ്ടും ജനനം പ്രാപിക്കാത്ത ഒരുവന്‍റെ പാപങ്ങള്‍ വെറുതെ ഏറ്റുപറയുന്നതിനാല്‍ എങ്ങനെ കഴുകപ്പെടും?
ദൈവം നീതിയുള്ളവനാണ്. അവന്‍ തന്‍റെ ഏകജാതനായ പുത്രനെ ഈ ലോകത്തേക്ക് അയക്കുകയും അവന്‍റെ സ്നാനത്തിലും കുരിശിലെ രക്തത്തിലും വിശ്വസിക്കുന്നവരെ രക്ഷിക്കുവാനായി ലോകത്തിന്‍റെ സകല പാപങ്ങളും സ്നാനത്തിലൂടെ അവന്‍റെ മേല്‍ ചുമത്തുകയും ചെയ്തു. ആകയാല്‍ ഒരു നീതിമാന്‍ തന്‍റെ പാപങ്ങളെ ഏറ്റുപറയുമ്പോള്‍, 2000 വര്‍ഷങ്ങള്‍ക്കുമുമ്പായി യേശു അവന്‍റെ പാപങ്ങളെല്ലാം ചുമന്നുകഴിഞ്ഞുവെന്ന് ദൈവം അവനോട് പറയുന്നു. അങ്ങനെയുള്ള ഒരു വ്യക്തി തന്‍റെ ജഡശരീരം പാപത്തെ ചെയ്യുന്നുവെങ്കിലും ഹൃദയത്തില്‍ പാപമില്ലെന്ന് ഉറപ്പിക്കുന്നു.