• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[1-2] സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ നീതി (റോമര്‍ 1:16-17)

(റോമര്‍ 1:16-17)
"സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യഹൂദനും പിന്നെ യവനനും അതു രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ. അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും" എന്നു എഴുതിയിരിക്കുന്നുവല്ലോ."
 
 
ദൈവത്തിന്‍റെ നീതി നാം തീര്‍ച്ചയായും സ്വീകരിക്കണം
 
അപ്പൊസ്തലനായ പൌലൊസ് ക്രിസ്തുവിന്‍റെ സുവിശേഷത്തെക്കുറിച്ച് ലജ്ജിച്ചിട്ടില്ല. വളരെ ഗംഭീരമായി അദ്ദേഹം സുവിശേഷത്തിന് സാക്ഷ്യം നല്കി. യേശുവില്‍ വിശ്വസിച്ചിട്ടുപോലും ധാരാളം ആളുകള്‍ കരയുന്നതിനുള്ള ഒരു കാരണം അവരുടെ പാപമാണ്. ദൈവത്തിന്‍റെ നീതി അംഗീകരിക്കുന്നതിലുള്ള അറിവില്ലായ്മയും ഇതിനു കാരണമാണ്. നമ്മുടെ സ്വന്തം നീതി ഉപേക്ഷിച്ചുകൊണ്ട് ദൈവത്തിന്‍റെ നീതിയിലുള്ള വിശ്വാസത്താല്‍ നമുക്ക് രക്ഷ പ്രാപിക്കാന്‍ കഴിയും.
എന്തുകൊണ്ടാണ് അപ്പൊസ്തലനായ പൌലൊസ് സുവിശേഷത്തില്‍ ലജ്ജിക്കാത്തത്? അതില്‍ ദൈവത്തിന്‍റെ നീതി വെളിപ്പെട്ടിരുന്നു എന്നതാണിതിനു കാരണം.
സുവിശേഷം എന്നതിന്‍റെ ഗ്രീക്ക് പദമായ യുവാഗ്ഗിലിയോണ്‍ എന്നതിന്‍റെ അര്‍ത്ഥം `സദ്വര്‍ത്തമാനം` എന്നാണ്. യേശുക്രിസ്തു ബത്ലഹേമില്‍ ജനിച്ചപ്പോള്‍ രാത്രിയില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഇടയന്‍മാര്‍ക്ക് ദൈവത്തിന്‍റെ ദൂതന്‍മാര്‍ പ്രത്യക്ഷപ്പെട്ട് "അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുളള മനുഷ്യക്ക് സമാധാനം" (ലൂക്കൊസ് 2:14) എന്നറിയിച്ചു. മനുഷ്യനോടുള്ള നന്മയുടെയും സമാധാനത്തിന്‍റെയും നല്ല വാര്‍ത്തയായിരുന്നു ഇത്. കര്‍ത്താവിന്‍റെ സുവിശേഷം ലോകത്തിന്‍റെ പാപങ്ങളെ കഴുകി കളയുകയും സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു. യേശു നമ്മുടെ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു. പുഴുവിനെപ്പോലെ തടവറയില്‍ കിടന്ന് പിടയുന്നവരുടെയും പാപം നിറഞ്ഞ ചെളിയില്‍ അകപ്പെട്ടവരുടെയും സകല പാപങ്ങളും അദ്ദേഹം തന്നത്താന്‍ കഴുകിക്കളഞ്ഞു. 
ആദ്യമായി, ദൈവത്തിന്‍റെ നീതി സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് അപ്പൊസ്തലനായ പൌലൊസ് പറഞ്ഞു. നമ്മുടെ സകല പാപങ്ങളും മായ്ച്ചു കളഞ്ഞ സുവിശേഷത്തില്‍ ദൈവത്തിന്‍റെ നീതി വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ നീതി നമ്മെ വിശുദ്ധന്‍മാരും നീതിമാന്‍മാരുമാക്കി മാറ്റുവാന്‍ അനുവദിക്കുന്നു. കൂടാതെ പാപമോചനവും നിത്യ ജീവനും നേടുവാന്‍ അത് നമ്മെ അനുവദിക്കുന്നു. 
എന്താണ് മനുഷ്യന്‍റെ നീതി? എന്തെങ്കിലും അഹങ്കരിക്കുവാന്‍ ഉള്ളപ്പോള്‍ ദൈവത്തിന്‍റെ മുമ്പില്‍ നാം നമ്മെ തന്നെ തുറന്നു കാട്ടുവാന്‍ ആഗ്രഹിക്കുന്നു. നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ഒരാളുടെ സ്വന്തം അഭിമാനം കുന്നുകൂടുന്നത് മനുഷ്യ നീതിയെ ചിത്രീകരിക്കുന്നു. എന്നിരുന്നാലും സുവിശേഷത്തില്‍ ദൈവനീതി വെളിപ്പെടുവാനനുവദിച്ചു കൊണ്ട് യേശുവിന്‍റെ നീതി സകല പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. ഇതാണ് ദൈവത്തിന്‍റെ നീതി. 
ഇന്നത്തെ കാലത്ത്, ദൈവത്തിന്‍റെ നീതിയുടെ സുവിശേഷം അറിയാതെയാണ് ധാരാളം ക്രിസ്ത്യാനികള്‍ സുവിശേഷം പ്രസംഗിക്കുന്നത്. "യേശുവില്‍ വിശ്വസിക്കുക, നിങ്ങള്‍ രക്ഷിക്കപ്പെടുകയും സമ്പന്നനാവുകയും ചെയ്യും" എന്നവര്‍ പറയുന്നു. എന്നിരുന്നാലും ഇവയൊന്നും തന്നെ ദൈവനീതിയുടെ സുവിശേഷത്തിലെ ഉപദേശങ്ങളല്ല. മറ്റെന്തിനെക്കാളും സുവിശേഷം ജനപ്രീതി ആര്‍ജിച്ചതായി കാണപ്പെടുന്നു. എന്നാല്‍ ധാരാളം ആളുകളും ഈ സുവിശേഷത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. വളരെയധികം വില്‍ക്കപ്പെടുന്ന ഒന്നാണ് വേദപുസ്തകം; എന്നാല്‍ ഇപ്പോഴും ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ അതിന്‍റെ ഉളളടക്കമെന്താണെന്ന് അറിയില്ല എന്ന സത്യത്തിന് തുല്യമാണിത്. ഏറ്റവും വിലപിടിപ്പുളളതും പ്രയോജനപ്രദവുമായ ഒന്ന് ഈ ലോകത്തിലുണ്ടെങ്കില്‍ അത് ദൈവം നമുക്കു നല്‍കിയ സുവിശേഷമാണ്.
"അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു." മരുഭൂമിയിലെ മരുപ്പച്ചപോലെയാണ് ദൈവത്തിന്‍റെ സുവിശേഷം. അനേകം പാപം ചെയ്തവരിലേക്ക് യേശു ഇറങ്ങിവരുകയും അവരുടെ എല്ലാ പാപങ്ങളും കഴുകി മാറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും, ആളുകള്‍ ലോകത്തിന്‍റെ പാപങ്ങള്‍ കഴുകിക്കളഞ്ഞ ദൈവത്തിന്‍റെ നീതിയാകുന്ന ദാനത്തെ നിഷേധിക്കുകയും അവരുടേതായ സ്വന്തം നീതിസ്ഥാപിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. തങ്ങളുടേതായ സ്വന്തം പ്രവൃത്തികള്‍ (സേവനം, സമര്‍പ്പണം, സ്ഥിരോത്സാഹം, കാണിക്കകള്‍, അനുതാപ പ്രാര്‍ത്ഥന, ഉപവാസ പ്രാര്‍ത്ഥന, ഞായറാഴ്ചയാരാധന കാത്തുസൂക്ഷിക്കുക, ദൈവവചനങ്ങളെ പ്രവര്‍ത്തനത്തിലേക്കു മാറ്റുക തുടങ്ങിയവ) തുടരുകയും ദൈവത്തിന്‍റെ ദാനങ്ങളെ നിരസിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്‍റെ നീതി നിരസിക്കുകയാണ് ചെയ്യുന്നത്. ഒരുവന് തന്‍റെ സ്വന്തം നീതി ഉപേക്ഷിച്ചാല്‍ മാത്രമേ ദൈവത്തിന്‍റെ നീതി സ്വീകരിക്കുവാന്‍ കഴികയുളളൂ. 
 
 
അവര്‍ അത്തിമരത്തിന്‍റെ ഇലകള്‍ തുന്നി ഉടുപ്പുണ്ടാക്കി
 
ഉല്പത്തി 3:21-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "യഹോവയായ ദൈവം ആദാമിന്നും അവന്‍റെ ഭാര്യക്കും തോല്‍കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു."
സാത്താന്‍റെ ചതിക്കുഴിയില്‍ വീണുകൊണ്ടു ആദിമനുഷ്യനായ ആദാം ദൈവത്തിനെതിരെ പാപം ചെയ്തു. പാപം ചെയ്തതിനുശേഷം ആദാമും ഹവ്വയും ചെയ്തത് അത്തിമരത്തിന്‍റെ ഇലകള്‍ കൊണ്ടു വസ്ത്രങ്ങള്‍ തുന്നുകയായിരുന്നു. അത്തിമരത്തിന്‍റെ ഇലകള്‍ കൊണ്ടു നിര്‍മ്മിച്ച ആ വസ്ത്രങ്ങള്‍ തോല്‍കൊണ്ടു നിര്‍മ്മിച്ച ഉടുപ്പിന് എതിരായുളള ഒരു വൈരുദ്ധ്യമായിരുന്നു. ഇതായിരുന്നു `ദൈവത്തിന്‍റെ നീതിയും` `മനുഷന്‍റെ നീതിയും` തമ്മിലുളള വ്യത്യാസം. ഉല്പത്തി 3:7 പറയുന്നു, "അവര്‍ അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്ക് അരയാട ഉണ്ടാക്കി." മുളളങ്കിയുടെ ഇലകള്‍കൊണ്ട് നിങ്ങളാരെങ്കിലും വസ്ത്രം തുന്നാറുണ്ടോ? ഞങ്ങള്‍ കൊറിയാക്കാര്‍ മുളളങ്കിച്ചെടിയില്‍ നിന്ന് അതിന്‍റെ ഇലകള്‍ പറിക്കുകയും അതിനെ വയ്ക്കോലിനോടു കൂടെയിട്ട് ഉണക്കുകയും ചെയ്യും. തണുപ്പുകാലത്ത് നാം അതുകൊണ്ട് കുഴമ്പു രൂപത്തിലുളള ബീന്‍ സ്റ്റ്യൂ പാചകം ചെയ്യുകയും ചെയ്യും. ഇത് വളരെ രുചികരമായ ഒരു ഭക്ഷണമാണ്.
ആദാമും ഹവ്വയും തങ്ങള്‍ പാപികളായതിനുശേഷം അത്തിമരത്തിന്‍റെ ഇലകള്‍ കൊണ്ട് വസ്ത്രങ്ങളുണ്ടാക്കി. ഇത്തരത്തിലുളള -നല്ല പ്രവൃത്തികള്‍, ആത്മപരിശോധന, ആത്മത്യാഗം- മനുഷ്യന്‍റെ നീതിയെ പ്രതിനിധീകരിക്കുന്നു. ഇത് ദൈവത്തിന്‍റെ നീതിയല്ല ആത്മ നീതിയാണ്. സത്യത്തില്‍ അത്തിമരത്തിന്‍റെ ഇലകള്‍കൊണ്ട് അവര്‍ നിര്‍മ്മിച്ച വസ്ത്രങ്ങള്‍ കാണിക്കുന്നത് ദൈവത്തിന്‍റെ മുമ്പില്‍ തങ്ങളുടെ നല്ല പ്രവൃത്തികളോടുകൂടി പാപങ്ങളും ഒളിക്കാന്‍ ശ്രമിക്കാനുളള അവരുടെ പാപത്തിന്‍റെ അഹങ്കാരമാണ്. ഒരാളുടെ നീതി-ഒരാളുടെ സമര്‍പ്പണം, ആത്മ വാഗ്ദാനങ്ങള്‍, ആത്മ പരിശോധന, സേവനങ്ങള്‍, അനുതാപ പ്രാര്‍ത്ഥനകള്‍ എന്നിവ- കൊണ്ട് വസ്ത്രം ഉണ്ടാക്കി തന്‍റെ പാപങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് വിഗ്രഹാരാധനയ്ക്ക് തുല്യവും ദൈവത്തിനു മുമ്പില്‍ തന്‍റെ അഹങ്കാരത്തെ വെളിപ്പെടുത്തുന്നതുമാണ്.
അത്തിയിലകള്‍ കൂട്ടിത്തുന്നി, വസ്ത്രം ഉണ്ടാക്കിക്കൊണ്ട് നമ്മുടെ ഹൃദയത്തിലെ പാപങ്ങളെ ദൈവമുമ്പാകെ മറയ്ക്കുവാന്‍ നമുക്കു കഴിയുമോ? നമ്മുടെ സദ്പ്രവൃത്തികളിലൂടെ നമ്മുടെ പാപങ്ങളെ മറയ്ക്കുവാന്‍ നമുക്കു കഴിയുമോ? ഒരിക്കലുമില്ല. ഒരു ദിവസം കൊണ്ടുതന്നെ, ഇലകള്‍ വീണു തുടങ്ങുകയും മൂന്നാം ദിവസം ഇലകളെല്ലാം വീഴുകയും ചെയ്യും. അത്തിയിലകള്‍ കൂട്ടിത്തുന്നി, വസ്ത്രങ്ങള്‍ നിര്‍മ്മിച്ച ജനങ്ങളുടെ പച്ചക്കറി വസ്ത്രം നിലനില്‍ക്കാത്തതു പോലെ, തങ്ങളുടെ സ്വന്തം പ്രവൃത്തികളാല്‍ ദൈവത്തെ സേവിച്ച് നീതിമാന്‍മാരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനും കഴിയില്ല. തങ്ങളുടെ സ്വന്തം പ്രവൃത്തികളുടെ നീതിയാല്‍ നമുക്കു പാപക്ഷമ പ്രാപിക്കാന്‍ കഴിയില്ല. 
അത്തിമരത്തിന്‍റെ ഇലകള്‍കൊണ്ട് വസ്ത്രങ്ങളുണ്ടാക്കി തങ്ങളുടെ പാപങ്ങള്‍ മറയ്ക്കുവാന്‍ ആദാമും ഹവ്വയും ശ്രമിച്ചപ്പോള്‍, "ആദാമേ നീ എവിടെ?" എന്ന് ദൈവം ചോദിച്ചു. തോട്ടത്തിലെ മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ടുതന്നെ ആദാം പറഞ്ഞു. "ഞാന്‍ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചു." പാപമുളള മനുഷ്യന്‍ മരങ്ങളുടെ ഇടയില്‍ ഒളിക്കാന്‍ ശ്രമിക്കുന്നു. പലപ്പോഴും മരങ്ങള്‍ വേദപുസ്തകത്തിലെ മനുഷ്യരെയാണ് സൂചിപ്പിക്കുന്നത്. ഹൃദയത്തില്‍ പാപമുളള ഒരുവന്‍ / ഒരുവള്‍ ആളുകളുടെ ഇടയില്‍ തന്നെത്താന്‍ ഒളിക്കാന്‍ ശ്രമിക്കുന്നു. ധാരാളമാളുകള്‍ നിറഞ്ഞിരിക്കുന്ന സഭയില്‍ വളരെ മുമ്പിലോ വളരെ ദൂരെയോ ഇരിക്കുന്നതിനെക്കാള്‍ ആളുകളുടെ നടുവില്‍ ഇരിക്കാന്‍ അവന്‍/അവള്‍ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ട്? എന്തെന്നാല്‍ അവന്‍/അവള്‍ ആളുകളുടെ ഇടയില്‍ ഒളിക്കാന്‍ ആഗ്രഹിക്കുന്നു.
എന്നിരുന്നാലും അവന്/അവള്‍ക്ക് ദൈവത്തിന്‍റെ മുമ്പില്‍ പാപങ്ങള്‍ ഒളിക്കാന്‍ സാദ്ധ്യമല്ല. കര്‍ത്താവിന്‍റെ നീതിയിലുളള വിശ്വാസത്താലും അവന്‍റെ/ അവളുടെ സ്വന്തം നീതി ഉപേക്ഷിക്കുന്നതിനാലും അവന്/അവള്‍ക്ക് പാപക്ഷമ തീര്‍ച്ചയായും ലഭിക്കും. ഒരേ തരത്തിലുളള ആളുകളുടെ ഇടയില്‍ ഒളിച്ചിരിക്കുന്ന അവ്യക്തമായ വിശ്വാസവുമുളള സത്യത്തില്‍ വിശ്വാസമില്ലാത്തവരും സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നല്ല പ്രവര്‍ത്തികളാല്‍ തങ്ങളുടെ പാപങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന അവര്‍ നരകത്തിലാണ് പോകുന്നത്. ദൈവത്തിന്‍റെ മുമ്പില്‍ പാപികളായവര്‍ തങ്ങള്‍ പാപികളാണെന്ന് വെളിപ്പെടുത്തുകയും ദൈവത്തിന് തങ്ങളെ തന്നെ നല്കുകയും ചെയ്യേണ്ടതുണ്ട്. 
അത്തിമരത്തിന്‍റെ ഇലകള്‍ കൊണ്ട് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച ആദാമിനോട് ദൈവം ചോദിച്ചു. "നീ ആ കനി തിന്നുവോ?" "ആരാണ് നിന്നെ അത് ഭക്ഷിക്കുവാന്‍ പ്രേരിപ്പിച്ചത്?" "അല്ലയോ ദൈവമേ, എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു" എന്നു ആദാം പറഞ്ഞു. "ഹവ്വ, എന്തുകൊണ്ടാണ് നീ ഇങ്ങനെ ചെയ്യതത്?" "പാമ്പ് എന്നെ വഞ്ചിച്ചു ഞാന്‍ തിന്നുപോയി." അതുകൊണ്ട് യഹോവയായ ദൈവം പാമ്പിനോട്, "നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടു മൃഗങ്ങളിലും വെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ട് ഗമിച്ചു നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും", എന്ന് കല്പിച്ചു. അതുകൊണ്ടാണ് പാമ്പുകള്‍ ഇഴഞ്ഞു സഞ്ചരിക്കുന്നത്. തുടര്‍ന്ന് ദൈവം ആദാമിനോടും ഹവ്വയോടും ഇപ്രകാരം പറഞ്ഞു, "നിങ്ങളും പാപം ചെയ്തിരിക്കുന്നു. പാപം ചെയ്യാന്‍ വഞ്ചിക്കപ്പെട്ടവരും, നിങ്ങളെ അതിന് പ്രേരിപ്പിച്ചവരും ഒരുപോലെ പാപികളാണ്." ഇന്നത്തെ കാലത്ത് "അഗ്നിയെ സ്വീകരിക്കൂ!" എന്ന് പറഞ്ഞ് വ്യജ പ്രവാചകന്മാര്‍ തങ്ങളുടെ നാമധേയ സുവിശേഷം പ്രസംഗിക്കുന്നു. അവരുടെ പ്രസംഗത്താല്‍ വഞ്ചിക്കപ്പെട്ട ആളുകളും അതേ രീതി പിന്തുടരുകയും ഈ വ്യാജ പ്രവാചകന്മാരെപ്പോലെ നരകത്തില്‍ പോവുകയും ചെയ്യും. 
 
 
ആദാമിനും ഹവ്വയ്ക്കും ദൈവം തോല്‍ കൊണ്ട് ഉടുപ്പുണ്ടാക്കി
 
"സാത്താനാല്‍ വഞ്ചിക്കപ്പെട്ട് പാപികളായവരാണെങ്കിലും ആദാമിനെയും ഹവ്വയെയും ഞാന്‍ ഉപേക്ഷിക്കുകയില്ല. എന്‍റെ സ്വരൂപത്തില്‍ ഞാന്‍ മനുഷ്യനെ സൃഷ്ടിക്കുകയും എന്‍റെ മക്കളാക്കുകയും ചെയ്തു. ആയതിനാല്‍ എന്‍റെ പദ്ധതി സഫലമാകുവാനായി ഞാന്‍ തന്നെ അവരെ രക്ഷിക്കേണം" എന്ന് ദൈവം ചിന്തിച്ചു. ഈ പദ്ധതി ദൈവത്തിലായിരുന്നു. അതുകൊണ്ട് ദൈവം അവരുടെ പാപങ്ങളെല്ലാം ഒരു മൃഗത്തില്‍ ചൊരിയുകയും അതിനെ കൊല്ലുകയും അതിന്‍റെ തോല്‍ കൊണ്ട് വസ്ത്രമുണ്ടാക്കി ആദാമിനെയും ഹവ്വയെയും ധരിപ്പിക്കുകയും ചെയ്തു. നമ്മുടെ രക്ഷയുടെ അടയാളമായി അവനിത് ചെയ്തു. സത്യത്തില്‍ അത്തിമരത്തിന്‍റെ ഇലകള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രത്തിന് ഒരു ദിവസം പോലും നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല, മാത്രവുമല്ല വീണ്ടും വീണ്ടും അതിന്‍റെ കേടുപാടുകള്‍ തീര്‍ക്കേണ്ടതുമുണ്ട്. നിത്യജീവന്‍ കൊണ്ട് ആദാമിനെയും ഹവ്വയെയും ധരിപ്പിച്ച് കൊണ്ട് ദൈവം അവരോട് ഇപ്രകാരം പറഞ്ഞു, "ആദമേ, ഹവ്വേ, വരൂ ഞാന്‍ ഒരു മൃഗത്തിന്‍റെ തോല്‍ കൊണ്ട് ഒരു പുതിയ ഉടുപ്പുണ്ടാക്കിയിരിക്കുന്നു, ഇതു ധരിക്കുവിന്‍. ഇത് നിങ്ങള്‍ക്കു വേണ്ടി മരിച്ച ഒരു മൃഗത്തിന്‍റെ തോലാണ്." ആദാമിനും ഹവ്വയ്ക്കും പുതു ജീവിതം നല്‍കുവാനായി ദൈവം തന്‍റെ നീതിയാല്‍ തോല്‍കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു. തന്‍റെ നീതിയുടെ രക്ഷയാല്‍ വിശ്വാസികളെ ധരിപ്പിക്കുന്നതുപോലെ ദൈവം ആദാമിനും അവന്‍റെ ഭാര്യയായ ഹവ്വയ്ക്കും തോല്‍ കൊണ്ട് ഉടുപ്പുണ്ടാക്കുകയും അവരെ ധരിപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും ദൈവത്തിന്‍റെ രക്ഷയില്‍ നിന്നും അകന്നു നില്ക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷയായിരുന്നു അത്തിമരത്തിന്‍റെ ഇലകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രം. ദൈവത്തിന്‍റെ നീതിയാകുന്ന തോല്‍ കൊണ്ടുള്ള ഉടുപ്പ് കൊണ്ട് ദൈവം നമ്മെ ധരിപ്പിച്ചു. അവന്‍റെ മാംസവും രക്തവും നല്‍കികൊണ്ട് തന്‍റെ നീതിയാല്‍ കര്‍ത്താവ് പാപമോചനത്തെ നമ്മെ ധരിപ്പിച്ചു. നമുക്ക് പകരമായി സകല ശിക്ഷാവിധിയും നേടി അവന്‍ തന്‍റെ സ്നാനവും കുരിശു മരണവും കൊണ്ട് നമ്മുടെ സകല പാപങ്ങളും എടുത്തു മാറ്റി. യേശുവിന്‍റെ സ്നാനവും രക്തവുമാകുന്ന സുവിശേഷത്തിലൂടെ നാം ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുമ്പോള്‍, നമ്മുടെ പാപങ്ങളുടെ ക്ഷമ സ്വീകരിക്കുന്നതിനായി അവന്‍ നമ്മെ അനുവദിക്കുന്നു. പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന സുവിശേഷമാണിത്.
ദൈവത്തിന്‍റെ നീതി നിക്ഷേധിച്ചുകൊണ്ട് തങ്ങളുടെ സ്വന്തം നീതി സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ധാരാളം ആളുകള്‍ ഈ ലോകത്തില്‍ ഉണ്ട്. അവര്‍ തങ്ങളുടെ സ്വന്തം നീതി തീര്‍ച്ചയായും ഉപേക്ഷിക്കണം. റോമര്‍:10:1-4ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു, "സഹോദരന്‍മാരേ അവര്‍ രക്ഷിക്കപ്പെടേണം എന്നുതന്നെ എന്‍റെ ഹ്യദയ വാഞ്ചയും അവര്‍ക്ക് വേണ്ടി ദൈവത്തോടുളള യാചനയും ആകുന്നു. അവര്‍ പരിജ്ഞാന പ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച് എരിവുളളവര്‍ എന്ന് ഞാന്‍ അവര്‍ക്ക് സാക്ഷ്യം പറയുന്നു. അവര്‍ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്തം നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ച് കൊണ്ട് ദൈവത്തിന്‍റെ നീതിക്ക് കീഴ്പ്പെട്ടില്ല. വിശ്വസിക്കുന്ന ഏവനും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു." 
ദൈവത്തിന്‍റെ നീതി അറിയാതെ യിസ്രായേല്യര്‍ തങ്ങളുടെ സ്വന്തം നീതി സ്ഥാപിക്കുവാനായി അവരുടേതായ നിയമം നിര്‍ബന്ധിതമാക്കി. പാപത്തെക്കുറിച്ച് അവര്‍ക്ക് ബോധം ഉണ്ടാകുന്നതിനായി ദൈവം അവര്‍ക്ക് ന്യായപ്രമാണം നല്‍കി. പത്തു കല്പനകളിലൂടെ പാപത്തെക്കുറിച്ചുളള അറിവും സമാഗമന കൂടാരത്തിലെ യാഗവ്യവസ്ഥയിലൂടെ തങ്ങളുടെ പാപങ്ങളില്‍ നിന്നും അവരെ രക്ഷിച്ച അവന്‍റെ രക്ഷയുടെ നീതിയിലുളള വിശ്വസത്താല്‍ പാപക്ഷമയും ആളുകള്‍ക്ക് ലഭിച്ചു. അതുകൊണ്ട് സമാഗമന കൂടാരത്തിലെ ഹോമയാഗം സൂചിപ്പിക്കുന്നത് പുതിയനിയമത്തില്‍ യേശു ദൈവത്തിന്‍റെ യഥാര്‍ത്ഥ പ്രതിനിധി ആണ് എന്നതാണ്. എന്നിരുന്നാലും യിസ്രായേല്യര്‍ക്ക് ദൈവത്തിന്‍റെ ഈ നീതിയെക്കുറിച്ച് അറിയാമായിരുന്നില്ല. 
 
 
എന്തു കൊണ്ട് യേശു സ്നാനപ്പെട്ടു?
 
എന്തു കൊണ്ട് യേശു സ്നാനപ്പെട്ടു? ലോകത്തിന്‍റെ സകല പാപങ്ങളും കഴുകിക്കളയുന്നതിനായി യോഹന്നാന്‍ സ്നാപകന്‍ യേശുവിനെ സ്നാനപ്പെടുത്തി. സ്നാനപ്പെടുന്നതിന് തൊട്ടുമുമ്പായി യേശു യോഹന്നാനോട് ഇപ്രകാരം പറഞ്ഞു, "ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം" എന്ന് ഉത്തരം പറഞ്ഞു. (മത്തായി 3:15) ഇതാണ് യേശു സ്നാനപ്പെട്ടതിന് കാരണം. മനുഷ്യവര്‍ഗ്ഗത്തിന്‍റെ സകല പാപങ്ങളും കഴുകിക്കളയാന്‍ തനിക്ക് കഴിയും എന്നത് കൊണ്ടാണ് അവന്‍ സ്നാനപ്പെട്ടത്. സ്നാനപ്പെട്ടതിനാല്‍ അവന്‍ ലോകത്തിന്‍റെ പാപങ്ങള്‍ എടുത്തുമാറ്റി. "ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" (യോഹന്നാൻ 1:29) അവന്‍ ലോകത്തിന്‍റെ സകല പാപങ്ങളും എടുത്തു മാറ്റുകയും പാപ പ്രായശ്ചിത്തത്തിനായി ക്രൂശിതനാവുകയും ചെയ്തു. എന്നിരുന്നാലും പാപികളുടെ പൂര്‍ണ്ണ രക്ഷകനായി യേശു മാറി എന്ന് യിസ്രായേല്യര്‍ വിശ്വസിക്കുന്നില്ല.
ദൈവത്തിന്‍റെ നീതിയുടെ മുമ്പില്‍ യിസ്രായേല്യര്‍ക്ക് അനുസരണമുണ്ടായിരുന്നില്ല, എന്നാല്‍ വിശ്വസിക്കുന്ന ഏവനും നീതിക്കു വേണ്ടിയുള്ള ന്യായപ്രമാണത്തിന്‍റെ അവസാനം യേശുവാണ്. ന്യായപ്രമാണത്തിന്‍റെ അവസാനം എന്നതിന്‍റെ അര്‍ത്ഥം ലോകത്തിന്‍റെ സകലപാപങ്ങളും യേശു കഴുകി കളഞ്ഞു എന്നാണ്. എല്ലാ വിശ്വാസികളും വിശുദ്ധരാകുവാന്‍ വേണ്ടി ന്യായപ്രമാണത്തിന്‍റെ ശാപമെന്നതുപോലെ ക്രിസ്തു വിധിക്കപ്പെട്ടു. അവന്‍ ന്യായപ്രമാണത്തിന്‍റെ ശാപത്തെ അവസാനിപ്പിച്ചു. എല്ലാ ആളുകളെയും അവരുടെ പാപങ്ങളില്‍ നിന്നും യേശു വീണ്ടെടുത്തു. സകല മനുഷ്യവര്‍ഗ്ഗത്തിന്‍റെയും പാപങ്ങളെ കഴുകി കളയുവാനായി യേശു സ്നാനപ്പെട്ടു. യോഹന്നാനിലൂടെ സ്നാനപ്പെടുവാനായി അവന്‍റെ ദേഹം നല്‍കികൊണ്ടും ലോകത്തിന്‍റെ സകലപാപങ്ങളും അവന്‍റെ ശരീരത്തിലേക്കു മാറ്റിക്കൊണ്ടും അവന്‍ ലോകത്തിന്‍റെ എല്ലാ പാപങ്ങളും എടുത്തു മാറ്റി. അപ്രകാരം ചെയ്തതിനാല്‍ അവന്‍ എല്ലാവരെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിച്ചു. തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും ലോകത്തിന്‍റെ പാപങ്ങള്‍ എടുത്തു മാറ്റിക്കൊണ്ട് അവന്‍ന്യായപ്രമാണ ശാപ വിധിയെ അവസാനിപ്പിച്ചു. ന്യായവിധിയില്‍ നിന്നും ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും അവന്‍ പൂര്‍ണ്ണമായും നമ്മെ രക്ഷിച്ചു.
അതായിരുന്നു ന്യായപ്രമാണത്തിന്‍റെ അവസാനവും ദൈവത്തിന്‍റെ രക്ഷയാകുന്ന നീതിയുടെ ആരംഭവും. സ്നാപക യോഹന്നാനാല്‍ സ്നാനപ്പെട്ടുകൊണ്ട് യേശു ലോകത്തിന്‍റെ പാപങ്ങള്‍ എടുത്തുമാറ്റുകയും ക്രൂശിലേക്ക് പോവുകയും ചെയ്തു. യേശുവിന്‍റെ രക്ഷയുടെ നീതിയില്‍ സത്യമായും വിശ്വസിച്ചു കൊണ്ട് തന്‍റെ ഹൃദയത്തില്‍ പാപം പേറി നടക്കാന്‍ ഒരാള്‍ക്ക് എങ്ങനെ സാധിക്കും? "അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായി കൊണ്ടും വെളിപ്പെടുന്നു." യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും ദൈവത്തിന്‍റെ നീതിയാണ്. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുകയെന്നാല്‍ യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുക എന്നതാണ്.
യേശുവിന്‍റെ സ്നാനത്താല്‍ ദൈവത്തിന്‍റെ നീതി നിയമ പ്രകാരം സഫലമാക്കപ്പെട്ടു. നിങ്ങള്‍ ഇതില്‍ വിശ്വസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമേ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുകയുള്ളൂ. യേശുവിന്‍റെ സ്നാനത്തിലൂടെ പാപികള്‍ പാപമോചിതരാകുവാന്‍ വേണ്ടിയാണ് നീതി നല്‍കപ്പെട്ടത്. കൂടുതലായി പറഞ്ഞാല്‍ ദൈവത്തിന്‍റെ ന്യായവിധിയുടെ നീതി, യേശുവിന്‍റെ ക്രൂശീകരണമാണ്. ന്യായപ്രമാണത്തിന്‍റെ അവസാനം യേശുവാകുന്നു. എത്രകാലം ന്യായപ്രമാണം നില നില്‍ക്കുമോ അതുവരെയും വിധിക്കപ്പെടാത്തവരിലാണ് ദൈവത്തിന്‍റെ ന്യായവിധി വരുന്നത്. ദൈവത്തിന്‍റെ ന്യായപ്രമാണം പാപത്തെ വെളിപ്പെടുത്തുകയും, പാപത്തിന്‍റെ ശമ്പളം മരണവും ശാപവും, നരകം തന്നെയുമാണെന്നും തെളിയുക്കുകയും ചെയ്യുന്നു. അതിനാല്‍ യേശുവിന്‍റെ സ്നാനവും കുരിശിലെ രക്തവും ന്യായപ്രമാണ ശാപത്തെ അവസാനിപ്പിച്ചു. യേശു നമ്മുടെ സകല പാപങ്ങളും എടുത്തു മാറ്റുകയും എല്ലാ നീതിയും സഫലമാക്കുവാനായി ന്യായപ്രമാണത്തെ അവസാനിപ്പിക്കുകയും ചെയ്തു.
 
 
ബുദ്ധിയില്ലാത്തവര്‍ വിളക്ക് എടുത്തു എന്നാല്‍ എണ്ണ എടുത്തില്ല
 
മത്തായി 25:1-13ല്‍ നമുക്ക് നോക്കാം. നമ്മുടെ കര്‍ത്താവായ മണവാളനെ എതിരേല്‍ക്കാന്‍ കാത്തിരുന്ന പത്തു കന്യകമാരുടെ ഉപമയാണിവിടെ. വേദപുസ്തകത്തിലൂടെ ദൈവത്തിന്‍റെ നീതിയെന്താണെന്ന് നമുക്ക് കാണാം.
"സ്വര്‍ഗ്ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളക്ക് എടുത്തും കൊണ്ട് പുറപ്പെട്ട പത്തു കന്യകമാരോടു സദൃശ്യം ആകും. അവരില്‍ അഞ്ചു പേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചു പേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവര്‍ വിളക്കു എടുത്തപ്പോള്‍ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ വിളക്കോടുക്കൂടെ പാത്രത്തില്‍ എണ്ണയും എടുത്തു. പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കം പിടിച്ചു ഉറങ്ങി. അര്‍ദ്ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്നു ആര്‍പ്പുവിളി ഉണ്ടായി. അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്ക് തെളിയിച്ചു. എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്ക് കെട്ടു പോകുന്നതുകൊണ്ട് നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്ക് തരുവിന്‍ എന്നു പറഞ്ഞു. ബുദ്ധിയുള്ളവര്‍ : ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങി കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു. അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങി ഇരുന്നവര്‍ അവനോടു കൂടെ കല്യാണ സദ്യക്ക് ചെന്നു; വാതില്‍ അടെക്കുകയും ചെയ്തു. അതിന്‍റെ ശേഷം മറ്റെ കന്യകമാരും വന്നു : കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു. അതിനു അവന്‍ : ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ട് ഉണര്‍ന്നിരിപ്പിന്‍" (മത്തായി 25:1-13)
തങ്ങളുടെ വിളക്കുകള്‍ എടുത്തുകൊണ്ട് മണവാളനെ കാണാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്ക് തുല്യമാണ് സ്വര്‍ഗ്ഗ രാജ്യമെന്ന് എഴുതപ്പെട്ടിരിക്കുന്നു. ആരാണ് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കുന്നത്? പത്തുകന്യകമാരില്‍ ആരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിച്ചത്? എന്തുകൊണ്ടാണ് യേശുവില്‍ വിശ്വസിച്ചിട്ടും ചില കന്യകമാര്‍ക്ക് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തത്? മുകളിലെ വേദഭാഗത്തില്‍ കര്‍ത്താവ് ഇതിനെക്കുറിച്ച് നമ്മോടു പറയുന്നു. പത്തു കന്യകമാരില്‍ അഞ്ചു പേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചു പേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു. ബുദ്ധിയില്ലാത്തവര്‍ വിളക്കെടുത്തു എന്നാല്‍ എണ്ണ എടുത്തില്ല. വിളക്കുകള്‍ `സഭകളെ` പ്രതിനിധാനം ചെയ്യുന്നു. എണ്ണയെടുക്കാതെ വിളക്കെടുത്തവര്‍ പ്രതിനിധാനം ചെയ്യുന്നത് പരിശുദ്ധാത്മാവില്ലാതെ സഭയില്‍ പോകുന്നവരെയാണ്, (വേദപുസ്തകത്തിലെ പരിശുദ്ധാത്മാവിനെയാണ് എണ്ണ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്).
ബുദ്ധിയില്ലാത്തവര്‍ എന്തുചെയ്തു? അവര്‍ വിളക്ക് എടുത്തു, എന്നാല്‍ എണ്ണയെടുത്തില്ല. യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ പോലും, വീണ്ടും ജനിച്ചിട്ടില്ലാത്ത ഒരു മനുഷ്യന്‍ ശുശ്രൂഷയ്ക്കായി സഭയില്‍ സമര്‍പ്പിതപൂര്‍വ്വം പോയേക്കാം. "എന്‍റെ സഭ സത്യത്തില്‍ യഥാസ്ഥിതിക സഭയാണ്" എന്ന് എല്ലാവരും പറയുന്നു. ഈ ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും ഇങ്ങനെ പറയുന്നു. അവരുടെ സഭയിലെ ചില ആളുകളിലും സ്ഥാപിത പിതാക്കന്മാരിലും അവര്‍ വളരെ അധികം അഭിമാനിക്കുന്നു. ബുദ്ധിയില്ലാത്തവര്‍ എണ്ണയെടുക്കാതെ വിളക്കെടുക്കുകയും എന്നാല്‍ ബുദ്ധിയുളളവര്‍ എണ്ണയോടുകൂടി വിളക്കെടുക്കുകയും ചെയ്തു.
ഒരു മനുഷ്യനെന്നാല്‍ എന്താണ്? ദൈവത്തിന്‍റെ മുമ്പില്‍ ഒരു വിളക്കാണ് മനുഷ്യന്‍. അവന്‍/ അവള്‍ പൊടിയാകുന്നു. ഒരു മനുഷ്യന്‍ പൊടിയാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവം നിറഞ്ഞു നില്ക്കുന്ന വിളക്കാണ് മനുഷ്യവര്‍ഗ്ഗം. ബുദ്ധിയുള്ളവര്‍ എണ്ണയോടു കൂടി വിളക്ക് എടുത്തു.
 
 
എണ്ണയില്ലാതെ വിളക്ക് മാത്രം എടുത്ത ബുദ്ധിയില്ലാത്ത കന്യകമാര്‍ അവരുടെ വികാരത്തെ നശിപ്പിക്കുന്നു
 
യേശുവില്‍ വിശ്വസിക്കുന്ന ആളുകളുടെ ഇടയിലും ബുദ്ധിയില്ലാത്ത കന്യകമാരുണ്ടെന്ന് ബൈബിള്‍ നമ്മോട് പറയുന്നു. അവര്‍ തങ്ങളുടെ വിളക്കെടുത്തു എന്നാല്‍ എണ്ണയെടുത്തില്ല. ഇതിന്‍റെ അര്‍ത്ഥം അവര്‍ വീണ്ടും ജനിച്ചില്ല എന്നാണ്. എണ്ണയില്ലാത്ത തിരി കൂടുതല്‍ കാലം നിലനില്‍ക്കുമോ? എണ്ണയില്ലാത്ത ഒരു വിളക്കിലെ തിരി എത്ര നല്ലതായിരുന്നാലും വേഗത്തില്‍ കത്തിത്തീരും എന്ന് നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ആദ്യം കര്‍ത്താവിനോട് തീവ്രമായ സ്നേഹം കാണിക്കുന്ന വിശ്വാസികളില്‍ പോലും വീണ്ടും ജനിക്കാത്തവരുണ്ട്. ഇത് നാലോ അഞ്ചോ വര്‍ഷത്തേക്കു മാത്രമേ നിലനില്‍ക്കുകയുള്ളൂ. പിന്നീട് യേശുവിനോടുള്ള ഈ തീവ്രമായ സ്നേഹം അണഞ്ഞുപോകും. തങ്ങള്‍ക്ക് പാപമോചനം ഇല്ലായെന്ന് അവര്‍ തീര്‍ച്ചയായും തിരിച്ചറിയണം.
വീണ്ടും ജനിച്ചിട്ടില്ലാത്തവര്‍ അല്ലെങ്കില്‍ എണ്ണ (പരിശുദ്ധാത്മാവ്) ഇല്ലാത്തവര്‍ ഇപ്രകാരംപറയുന്നു: "വളരെക്കാലത്തിനു മുമ്പേ തന്നെ എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. ആദ്യം ഞാന്‍ നല്ലവനായിരുന്നു. എന്നാല്‍ ഇപ്പോഴല്ല. നിങ്ങളും താമസിയാതെ എന്നെപ്പോലെയാകും." വീണ്ടും ജനിക്കപ്പെടാതെ ആത്മീയ ജീവിതം നയിക്കുന്ന അവര്‍ വ്യാജ പ്രവാചകന്മാരും വ്യാജ വിശുദ്ധരുമാണ്. അവര്‍ക്ക് തീര്‍ച്ചയായും രക്ഷയുടെ വിശ്വാസമുണ്ട് എന്നാല്‍ അവരുടെ വിശ്വാസം എണ്ണയില്‍ (പരിശുദ്ധാത്മാവില്‍) അടിസ്ഥാനമാക്കിയുള്ളതല്ല. അവരുടെ വിശ്വാസം അവരുടെ വികാരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. വെള്ളത്തിലും യേശുവിന്‍റെ രക്തത്തിലുമുള്ള വിശ്വാസത്താല്‍ അവര്‍ തീര്‍ച്ചയായും രക്ഷനേടുകയും ദൈവത്തിന്‍റെ എണ്ണയെ ദാനമെന്നതുപോലെ സ്വീകരിക്കുകയും ചെയ്യണം. തിരി മനുഷ്യ ഹൃദയത്തെ സൂചിപ്പിക്കുന്നു.
മുകളിലത്തെ വേദഭാഗത്തില്‍ കന്യകമാര്‍ മണവാളനായി കാത്തിരിക്കുന്നു. ഇവിടെ നാം യിസ്രയേല്യരുടെ സാംസ്കാരിക പശ്ചാത്തലം വ്യക്തമായി മനസ്സിലാക്കണം. അവരുടെ വിവാഹ ആഘോഷങ്ങള്‍ രാത്രിയില്‍ ആയിരുന്നു, മണവാളന്‍ വരുമ്പോഴാണ് അത് ആരംഭിക്കുന്നത്. അതിനാല്‍ വധുവിന് അവളുടെ മണവാളനായി കാത്തിരിക്കേണ്ടതുണ്ട്. ഇതുപോലെയാണ് യിസ്രായേല്യരുടെ വിവാഹ ആഘോഷങ്ങള്‍.
"മണവാളന്‍ താമസിക്കുമ്പോള്‍ അവരെല്ലാം മയക്കം പിടിച്ചു ഉറങ്ങി." അവിടെ "മണവാളന്‍ വന്നു" എന്നൊരു ആര്‍പ്പുവിളിയുണ്ടായി. അപ്പോള്‍ കന്യകമാര്‍ എഴുന്നേല്‍ക്കുകയും മനസ്സാന്നിധ്യം വീണ്ടെടുക്കുകയും ചെയ്തു. പത്തു കന്യകമാരും മണവാളനായി കാത്തിരുന്നപ്പോള്‍ "മണവാളന്‍ വന്നു" എന്ന ആര്‍പ്പുവിളിയുമായി മണവാളനെത്തി. "അപ്പോള്‍ കന്യകമാരെല്ലാവരും എഴുന്നേറ്റു വിളക്ക് തെളിച്ചു. എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോട്; ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍" എന്നുപറഞ്ഞു. ബുദ്ധിയില്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ ചിന്താശക്തിയില്ലാത്തവരായിരുന്നു. മണവാളന്‍ വരുന്നതിനു മുമ്പുതന്നെ അവര്‍ എണ്ണ തയ്യാറാക്കി വയ്ക്കേണ്ടതായിരുന്നു. വിളക്കിലെ തിരി എത്രമാത്രം ദുര്‍ബലമായതാലും എണ്ണയുള്ള വിളക്ക് അണയുകയില്ല.
എണ്ണയില്ലാത്ത വിളക്കുള്ള ബുദ്ധിയില്ലാത്ത കന്യകമാര്‍ തിരികള്‍ മാത്രം കത്തിച്ചു. ഇതിന്‍റെ അര്‍ത്ഥം അവരുടെ ഹൃദയങ്ങള്‍ മാത്രം കത്തിച്ചുവെന്നാണ്. "ഞാന്‍ വീണ്ടും ജനിക്കേണ്ടതുണ്ട്, വീണ്ടും ജനിച്ച ഒരു വ്യക്തയുടേതു പോലുള്ള ജീവിതം നയിക്കേണ്ടതുണ്ട്, പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടതുണ്ട്." ഇതുപോലെ അവര്‍ തങ്ങളുടെ ഹൃദയങ്ങളെ കത്തിച്ചു. നമ്മുടെ കുട്ടിക്കാലത്ത് രാത്രിയില്‍ മണ്ണെണ്ണ വിളക്കിലെ പ്രകാശമാണ് മുറികളില്‍ ഉപയോഗിച്ചിരുന്നത്. ഒരു കഷണം കടലാസ് വിളക്കില്‍ കാണിക്കുകയാണെങ്കില്‍ കണ്ണു ചിമ്മി തുറക്കുമ്പോള്‍ത്തന്നെ അത് കത്തിത്തീരും. ഒരു അടി നീളമുള്ളതും വളരെ തിളക്കമുള്ളതുമായിരിക്കും അതിലെ തീ എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ അത് അണഞ്ഞു പോകും. 
തങ്ങളുടെ സ്വന്തം ഹൃദയങ്ങളെ (വികാരങ്ങളെ) എണ്ണയില്ലാതെ കത്തിച്ചു നശിപ്പിക്കുകയും കര്‍ത്താവിനെ കണ്ടുമുട്ടേണ്ടി വരുമ്പോള്‍ വിശ്വാസമാകുന്ന ജ്വാല അണഞ്ഞുപോവുകയും ചെയ്യുന്നവരാണ് നരകത്തിലേക്ക് പോകുന്ന ബുദ്ധിയില്ലാത്ത കന്യകമാര്‍. അവരില്‍ പരിശുദ്ധാത്മാവ് ഇല്ല. അവരില്‍ പരിശുദ്ധാത്മാവ് ഇല്ലായെങ്കില്‍ പോലും തങ്ങള്‍ ശരിയായി വിശ്വസിക്കുന്നു എന്നവര്‍ ചിന്തിക്കുന്നു. "?വരൂ, പരിശുദ്ധാത്മാവേ, നീ വരൂ?" അവര്‍ വലിയൊരു ഉണര്‍വ്വിലാണ്. സ്ത്രീകള്‍ നൃത്തത്തില്‍ മുഴുകിയിരിക്കുന്നു (അവര്‍ അതിനെ പരിശുദ്ധാത്മ-നൃത്തം എന്നു വിളിക്കുന്നു), മാറത്തടിച്ചുകൊണ്ട് "വരൂ, ദയവായി വരൂ" എന്നു നിലവിളിക്കുന്നു. അവര്‍ ബുദ്ധയില്ലാത്തവരും ഭ്രമം പിടിച്ചവരുമാണ്. രക്ഷകനു മുമ്പില്‍ നമുക്ക് ഇപ്പോഴും പാപമുണ്ടെങ്കില്‍ നാം തീര്‍ച്ചയായും ബുദ്ധിയില്ലാത്തവരാണ്. നാം യേശുവില്‍ വിശ്വസിക്കുന്നുവെങ്കില്‍ പോലും നമ്മുടെ ഹൃദയത്തില്‍ പാപം ഉണ്ടെങ്കില്‍ നാം ബുദ്ധിയില്ലാത്ത കന്യകമാരെപ്പോലെയാണ്. ഒരിക്കലും ബുദ്ധിയില്ലാത്ത കന്യകയാകരുത്. 
 
 
പാപമുള്ള ഒരു കന്യകയെ വിവാഹം ചെയ്യാന്‍ കര്‍ത്താവിന് എങ്ങനെ കഴിയും?
 
കര്‍ത്താവെന്നു പറയുന്നത് പരിശുദ്ധനായ ദൈവമാണ്. പാപമില്ലാത്ത ദൈവവും ദൈവപുത്രനുമാണ് മണവാളന്‍. ദൈവമാണ് നമ്മുടെ മണവാളന്‍. എങ്കില്‍ പിന്നെ പാപം കൈമുതലായി വച്ചുകൊണ്ട് നിനക്ക് എങ്ങനെ ദൈവത്തെ അഭിമുഖീകരിക്കുവാന്‍ കഴിയും? ഹൃദയത്തില്‍ പാപവും പേറി ദൈവത്തെ കണ്ടുമുട്ടുവാന്‍ നീ ആഗ്രഹിക്കുന്നുവോ? ഒട്ടും ചിന്താശക്തിയില്ലാത്തതും ബുദ്ധിയില്ലാത്തതുമായ ഒരു കാര്യമായിരിക്കും അത്.
നമ്മുടെ മണവാളനായ യേശു ലോകത്തില്‍ വരികയും കന്യകമാരെ പരിശുദ്ധരാക്കിത്തീര്‍ക്കുകയും ചെയ്തു. തന്‍റെ സ്നാനത്തിലൂടെ അവരുടെ പാപങ്ങളെയെല്ലാം കഴുകിക്കളഞ്ഞ് തന്‍റെ കന്യകമാരെ അവന്‍ നീതിയുള്ള ആളുകളാക്കി മാറ്റി. തന്നിലുള്ള തന്‍റെ കന്യകമാരായി അവന്‍ അവരെ തെരഞ്ഞെടുത്തു. സമയം കഴിഞ്ഞപ്പോള്‍ അവരില്‍ അഞ്ചുപേര്‍ "ദയവായി വരൂ" എന്നു പറഞ്ഞു. എന്നാല്‍ അവരില്‍ അഞ്ചുപേര്‍ അപ്പോഴും ഇരുട്ടിലാണ് നിന്നിരുന്നത്. അവരുടെ മുഖങ്ങള്‍ ഇരുട്ടു കൊണ്ട് മൂടിയിരിക്കുമ്പോള്‍ എങ്ങനെ അവര്‍ക്ക് കല്ല്യാണാഘോഷം നടത്തുവാനാകും? മണവാളന്‍ വന്ന് "നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി?" എന്നു പറഞ്ഞു. തങ്ങളുടെ പാപങ്ങള്‍ കാരണം ഈ അഞ്ചു കന്യകമാരുടെയും മുഖങ്ങള്‍ ഇരുണ്ടിരുന്നു. തങ്ങളുടെ ഹൃദയത്തില്‍ അങ്ങുമിങ്ങുമായി തങ്ങളുടെ പാപങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നതു കൊണ്ടുതന്നെ അവര്‍ വളരെയധികം ദുഃഖത്തിലാണ്ടു.
തന്‍റെ പാപങ്ങള്‍ കാരണം കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കന്യകയെ വിവാഹം കഴിക്കാന്‍ കര്‍ത്താവിന് എങ്ങനെ കഴിയും? "ഇതുപോലെ എന്നെ വിശുദ്ധീകരിച്ചതിന് നന്ദി കര്‍ത്തവേ." ഇത്തരത്തിലുള്ള ഒരു വ്യക്തിയെ മണവാളന്‍ സ്നേഹിക്കുകയും അവന്‍റെ /അവളുടെ പാപങ്ങളും ദുര്‍ബലതകളും കഴുകിക്കളയുകയും ചെയ്യുന്നതു കാരണം അവന്‍/അവള്‍ ദുര്‍ബലനായിരുന്നാൽ പോലും തന്‍റെ ആത്മീയ മണവാളനോടുകൂടെ സന്തോഷവാനായിരിക്കും. പലപ്പോഴും വസ്ത്രങ്ങളും സുഗന്ധ തൈലങ്ങളും ലേപനങ്ങളും അയച്ചുകൊണ്ട് ഒരുങ്ങുവാന്‍ മണവാളന്‍ കന്യകയെ നയിക്കുന്നു. ഇപ്പറഞ്ഞ എല്ലാ സാധനങ്ങളും ധരിച്ച് മണവാളനെ അഭിമുഖീകരിക്കവാന്‍ തയ്യാറായി വധു നില്‍ക്കുന്നു.
അവന്‍റെ കന്യകമാര്‍ എന്നതുപോലെ അവനെ കണ്ടുമുട്ടുവാന്‍ കഴിയുന്നതിന് നമ്മെ നയിക്കുന്നതിനായി നമ്മുടെ കര്‍ത്താവ് മണവാളനായി ഈ ലോകത്തില്‍ അയക്കപ്പെട്ടു. യോര്‍ദ്ദാന്‍ നദിയില്‍ വച്ച് നമുക്ക് പാപമോചനം നല്‍കുന്നതിനായി തന്‍റെ ജഡം അവന്‍ നമുക്ക് നല്‍കി. "വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജ്ജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്‍റെ തേജ്ജസ്സായി കണ്ടു" (യോഹന്നാൻ 1:14). നമുക്ക് സത്യത്തിന്‍റെയും മഹത്വത്തിന്‍റെയും പൂര്‍ണ്ണത ലഭിക്കുന്നതിനും യേശുവിലുള്ള വിശ്വാസത്താല്‍ പാപക്ഷമ ലഭിക്കുന്നതിനും വേണ്ടി അവന്‍ നമ്മുടെ സകല പാപങ്ങളും എടുത്തുമാറ്റി. തന്‍റെ എല്ലാ കന്യകമാരുടെയും പാപങ്ങള്‍ യോര്‍ദ്ദാന്‍ നദിയില്‍ വച്ച് മണവാളന്‍ എടുത്തുമാറ്റി. അവരുടെ സ്ഥാനത്ത് ക്രൂശില്‍ വിധിക്കപ്പെട്ടുകൊണ്ട് കര്‍ത്താവ് തന്‍റെ കന്യകമാരെ അവരുടെ പാപങ്ങളില്‍ നിന്നെല്ലാം രക്ഷിച്ചു.
 
 
പണം കൊണ്ടും പരിശീലനം കൊണ്ടും പരിശുദ്ധാത്മാവിനെ വാങ്ങുവാന്‍ നമുക്ക് കഴിയുമോ?
 
മണവാളന്‍ അടുത്തുണ്ടായിരുന്നപ്പോള്‍ തന്നെ ബുദ്ധിയില്ലാത്ത കന്യകമാര്‍ തങ്ങളുടെ വിളക്ക് കത്തിക്കുവാന്‍ എണ്ണ പങ്കിടുമോ എന്ന് ബുദ്ധിയുള്ള കന്യമാരോട് ചോദിച്ചു. നമുക്ക് പരിശുദ്ധാത്മാവിനെ പങ്കിടുവാന്‍ കഴിയുമോ? പണം കൊണ്ട് പരിശുദ്ധാത്മാവിനെ വാങ്ങുവാന്‍ നമുക്ക് കഴിയുമോ? നല്ല പ്രവൃത്തിള്‍ കൊണ്ടോ പരിശ്രമങ്ങള്‍ കൊണ്ടോ പണം കൊണ്ടോ പാപക്ഷമ വാങ്ങുവാന്‍ നമുക്ക് കഴിയുമോ? പരിശുദ്ധാത്മാവിനെ ഉണര്‍വ്വ് യോഗ പ്രസംഗകരില്‍ നിന്ന് വാങ്ങുവാന്‍ ബുദ്ധിയുള്ള കന്യകമാര്‍ അവരോട് പറയുന്നു. തങ്ങള്‍ നേരത്തെതന്നെ അവരില്‍ നിന്ന് ഇത് വാങ്ങിയിട്ടുണ്ടെന്ന് ബുദ്ധിയില്ലാത്ത കന്യകമാര്‍ ചിന്തിച്ചു. തങ്ങള്‍ക്ക് പണം കൊണ്ട് എണ്ണ വാങ്ങുവാന്‍ കഴിയുമെന്ന് അവര്‍ ചിന്തിച്ചു. വലിയ കാണിക്കളും സേവനങ്ങളും യഥാസ്ഥിതിക സഭയില്‍ പങ്കെടുക്കുന്നതും ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നതും വഴി എന്തെങ്കിലും ലഭിക്കുമെന്നു കരുതി അവര്‍ താല്‍പ്പര്യപൂര്‍വ്വം ആത്മീയ ജീവിതം നയിക്കുന്നു. 
എന്നാല്‍ ഭൂമിയിലെ എന്തെങ്കിലും കൊടുത്ത് കര്‍ത്താവു നല്‍കുന്ന പാപ മോചനം വാങ്ങുവാന്‍ ഒരുത്തര്‍ക്കും സാധ്യമല്ല. ദൈവത്തിന്‍റെ മുമ്പില്‍ വന്നുനില്‍ക്കുന്നതുവരെ ബുദ്ധിയില്ലാത്തവര്‍ തങ്ങളുടെ വികാരങ്ങളെ കത്തിച്ചു കളയുവാന്‍ ശ്രമിക്കുന്നു. "ഞാന്‍ നിന്നെ പിന്തുടരും, ഞാന്‍ പ്രാര്‍ത്ഥിക്കുവാനായി മലമുകളില്‍ പോവുകയും അനുതാപ പ്രാര്‍ത്ഥന നടത്തുകയും ചെയ്യും, അവനെ സേവിക്കുവാന്‍ നമുക്ക് പോകാം, സുവിശേഷം പ്രസംഗിക്കുവാനായി നമുക്ക് വിദേശത്ത് പോകാം" എന്ന് പറഞ്ഞു കൊണ്ട് ബുദ്ധിയില്ലാത്ത അഞ്ച് കന്യകമാരിലൊരുവള്‍ ഒരു ആത്മീയ ജീവിതം ആരംഭിച്ചു.
വളരെ നല്ല ഒരു ഗാനത്തോടു കൂടി അവസാനം മണവാളന്‍ വന്നു. മണവാളന്‍ വന്നപ്പോള്‍ ബുദ്ധിയില്ലാത്തവര്‍ എണ്ണ വാങ്ങുവാനായി പോയി, എന്നാല്‍ എണ്ണ (പരിശുദ്ധാത്മാവു്) കരുതിയ, പാപക്ഷമ സ്വീകരിച്ച ബുദ്ധിയുള്ള കന്യകമാര്‍ കല്യാണ സദ്യയ്ക്ക് പോയി. എല്ലാം ഒരുക്കിയതിന് ശേഷം മണവാളന്‍ കന്യകമാരെ കണ്ടുമുട്ടി. പിന്നെ അവന്‍ വാതില്‍ അടച്ചു. യാദൃശ്ചയാ യേശു അഞ്ചു കന്യകമാരെയും തെരെഞ്ഞെടുത്തില്ല. വേദപുസ്തകത്തില്‍ `അഞ്ച്` എന്ന അക്കം കൊണ്ട് അര്‍ത്ഥമാക്കുന്നത് `കൃപ` എന്നാണ്. കൃപയാലും അവന്‍റെ കൃപയിലും നീതി പ്രവൃത്തിയിലുമുള്ള വിശ്വസത്താലും പാപമോചനം കിട്ടിയവരെ ആണ് അഞ്ച് കന്യകമാര്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മണവാളന്‍ അവര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ അവര്‍ തിരിച്ചറിയുകയും തങ്ങളെ നീതിമാന്‍മാരാക്കിയ കര്‍ത്താവിന്‍റെ നീതിയില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. "കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്ക് തുറക്കേണമേ" എന്ന് മറ്റുളള കന്യകമാര്‍ അവസാനമായി വന്നു പറഞ്ഞു. എന്നാല്‍ "സത്യമായും ഞാന്‍ നിങ്ങളെ അറിയുന്നില്ലയെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" എന്ന് അവന്‍ ഉത്തരമരുളി. 
 
 
നമ്മുടെ പാപങ്ങളെ മായ്ച്ചു കളഞ്ഞതിനുശേഷം മാത്രമേ പരിശുദ്ധാത്മദാനം സ്വീകരിക്കുവാന്‍ നമുക്ക് കഴിയുകയുളളൂ
 
നേരത്തേ എണ്ണ കരുതാത്തവന് കര്‍ത്താവിനെ കണ്ടുമുട്ടുവാന്‍ സാധിക്കുകയില്ല. ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവനേയും സ്വര്‍ഗ്ഗരാജ്യത്തിനായി കാത്തിരിക്കുന്നവനേയും തന്‍റെ ഹൃദയത്തില്‍ യഥാര്‍ത്ഥ പാപമോചനം ഉളളവനെയും മാത്രമേ കര്‍ത്താവ് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് എടുക്കുകയുള്ളൂ. "മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്‍പ്പിന്‍" എന്ന വാഗ്ദത്ത വചനം കര്‍ത്താവു നമ്മോടു പറയുന്നു. പിന്നെ പാപമോചനത്തിന് ശേഷം എന്ത് സംഭവിച്ചു? വേദപുസ്തകം പറയുന്നു, "പരിശുദ്ധാത്മാവു എന്ന ദാനം നിങ്ങള്‍ക്ക് ലഭിക്കും" (അപ്പൊ.പ്രവ്യത്തികള്‍ 2:38) ദൈവത്തിന്‍റെ നീതിയുടെ സുവിശേഷത്തെ നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിലെ പാപങ്ങള്‍ യഥാര്‍ത്ഥത്തില്‍ മായ്ക്കപ്പെടുകയും പരിശുദ്ധാത്മാവു നിങ്ങളില്‍ വരികയും ചെയ്യും. ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ നമുക്ക് ഭൗതീകമായി അനുഭവിക്കാന്‍ കഴിയുകയില്ല. എന്നിരുന്നാലും പരിശുദ്ധാത്മാവ് നിലനില്‍ക്കുന്നു. പരിശുദ്ധാത്മാവും ദൈവത്തിന്‍റെ വചനവും നമ്മുടെ ഹൃദയത്തിലുണ്ട് എന്നത് കൊണ്ട് തന്നെ നമ്മില്‍ പാപം ഇല്ല എന്ന് പറയാന്‍ നമുക്ക് കഴിയും. ഇത് സത്യമായും നിലനില്‍ക്കുന്നു. കര്‍ത്താവിന്‍റെ നീതി സ്വീകരിച്ച ഒരുവന്‍ ദുര്‍ബലനായാല്‍ പോലും ഒരു നീതിമാനായി മാറുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ നീതിയില്ലാത്ത ഒരുവന്‍ പാപിയായി തുടരുന്നു. 
 
 
അതില്‍ ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നു
 
വെളളത്താലും രക്തത്താലും കര്‍ത്താവു വന്നു. അവന്‍റെ സ്നാനത്തിലൂടെ അവന്‍ നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. സ്നാനപ്പെട്ട് കൊണ്ട് നമ്മുടെ സകല പാപങ്ങളും അവന്‍ എടുത്തു മാറ്റി, നമുക്ക് പകരമായി തന്‍റെ രക്തം ചൊരിഞ്ഞ് കൊണ്ട് നമ്മുടെ സകല പാപങ്ങളുടെയും ശിക്ഷ ഏറ്റുവാങ്ങി. അപ്പൊസ്തലരായ യോഹന്നാനും, പത്രോസും, പൌലോസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു? അവര്‍ എല്ലാവരും യേശുവിന്‍റെ മാംസത്തെക്കുറിച്ചും രക്തത്തെക്കുറിച്ചും പറയുന്നു. യേശുവിന്‍റെ സ്നാനത്തെക്കുറിച്ചും ക്രൂശില്‍ ചൊരിഞ്ഞ രക്തത്തെക്കുറിച്ചും അവര്‍ പറയുന്നു. മത്തായി 3:13-17 ല്‍ യേശുവിന്‍റെ സ്നാനത്തെ വിവരിക്കുന്നു. പാപികളെ പാപമോചിതരാക്കുവാനും ലോകത്തിന്‍റെ സകല പാപങ്ങളും കഴുകി കളയുന്നതിനും യേശു യോര്‍ദ്ദാന്‍ നദിയില്‍ വെച്ച് സ്നാനപ്പെട്ടു.
1 പത്രൊസ് 3:21 ല്‍ നമുക്ക് നോക്കാം. അവന്‍റെ സ്നാനം ഒരു മുന്‍കുറിയുളള രക്ഷയായിരുന്നുവെന്ന് പത്രൊസ് തെളിയിക്കുന്നു. "അതു സ്നാനത്തിന് ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്ക് കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസാക്ഷിക്കായുളള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു. അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി ദൈവത്തിന്‍റെ വലതു ഭാഗത്തിരിക്കുന്നു. ദൂതന്‍മാരും അധികാരങ്ങളും ശക്തികളും അവന് കീഴ്പ്പെട്ടുമിരിക്കുന്നു" (1പത്രൊസ് 3:21-22). 
"അതു സ്നാനത്തിന് ഒരു മുന്‍കുറി. സ്നാനമോ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ നമ്മെയും രക്ഷിക്കുന്നു." എന്ന് എഴുതപ്പെട്ടിരിക്കുന്നു. തന്‍റെ ജഡത്തില്‍ നമ്മുടെ സകല പാപങ്ങളും എടുത്തു മാറ്റിയ യേശുവിന്‍റെ സ്നാനം ആണ് നമ്മുടെ രക്ഷയുടെ തെളിവു. അവന്‍ ക്രൂശില്‍ രക്തം ചൊരിഞ്ഞു എന്ന സത്യത്തിന് തെളിവാണ് നാം നമ്മുടെ പാപങ്ങള്‍ക്കായി വിധിക്കപ്പെട്ടു എന്ന സത്യം. ഞാന്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ടോ? അതിനാല്‍ ജലത്താലും രക്തത്താലും പരിശുദ്ധാത്മാവിനാലും വന്നവനാണ് യേശു (1 യോഹന്നാൻ 5:6-9) എന്ന് വേദപുസ്തകം ഊന്നി പറയുന്നു. മഹാപുരോഹിതനായ അഹരോന്‍ യാഗമ്യഗത്തിന്‍റെ തലയില്‍ കൈ വെച്ച് ആളുകളുടെ പാപങ്ങള്‍ മാറ്റിയത് പോലെ യേശു മനുഷ്യ ജഡത്തില്‍ ലോകത്തിലേക്ക് അയയ്ക്കപ്പെടുകയും നമ്മുടെ സകല പാപങ്ങളും എടുത്തുമാറ്റുകയും ചെയ്തു. 
വെളളമാണ് നമ്മെ രക്ഷിക്കുന്ന മുന്‍കുറി; അതായത് സ്നാനം. ജഡത്തിന്‍റെ അഴുക്ക് കളയുന്നതായിട്ടല്ല അത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. നാം പാപമോചനം നേടിയതിന് ശേഷം നാം പാപം ചെയ്യില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. യേശുവിന്‍റെ സ്നാനത്തിലുളള വശ്വാസത്താല്‍ നാം പാപക്ഷമ സ്വീകരിക്കുന്നു. പിന്നെ, ജഡത്താല്‍ നാം പാപം ചെയ്യുകയില്ലേ? അതെ നാം ചെയ്യും. "നിങ്ങളുടെ ഹൃദയത്തില്‍ പാപം ഇല്ല എങ്കില്‍ നിങ്ങള്‍ ഇനിയും പാപം ചെയ്യുകയില്ല" എന്നു പറഞ്ഞു കൊണ്ട് ധാരാളം ആളുകള്‍ പാപമോചനത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതൊരു തെറ്റിദ്ധാരണയാണ്. വേദപുസ്തകം പറയുന്നു, "പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല." (സഭാപ്രസംഗി 7:20). ജഡം ഇപ്പോള്‍ ദുര്‍ബലമാണ്. അത് മരിക്കുന്നത് വരെയും അത് ദുരബലമായിരിക്കും. അത് മരിക്കുന്നത് വരെയും പാപം ചെയ്യും. "ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്ക് കളയുന്നതിനായിട്ടല്ല, ദൈവത്തോടു നല്ല മനസാക്ഷിക്കായുളള അപേക്ഷയായിട്ടത്രേ." സ്നാനത്തിലും യേശുവിന്‍റെ രക്തത്തിലുമുളള വിശ്വാസത്തിലൂടെ നമ്മുടെ മനസാക്ഷി ദൈവത്തോടു നല്ല മനസാക്ഷിയായി മാറുന്നു. തന്‍റെ സ്നാനത്തിലൂടെ കര്‍ത്താവു നമ്മുടെ സകല പാപങ്ങളും എടുത്തു മാറ്റി എന്ന സത്യത്തിലുള്ള വിശ്വാസത്താല്‍ നമ്മുടെ മനസാക്ഷിക്ക്, ദൈവത്തെ നമ്മുടെ കര്‍ത്താവെന്നും രക്ഷകനെന്നും വിളിക്കാന്‍ കഴിയും. 
 
 
നമ്മുടെ ഹൃദയങ്ങളുടെ ആത്മീയ പോഷണം യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവുമാണ്
 
ഹൃദയത്തിനുളള പോഷണം എന്ന് പറയുന്നത് യേശുവിന്‍റെ സ്നാനവും രക്തവുമാണ്. ഹൃദയത്തിനുളള പോഷണവും നമ്മുടെ സകല പാപങ്ങളും കഴുകി കളഞ്ഞ മുന്‍കുറിയും യേശുവിന്‍റെ സ്നാനമാണ്. അതുകൊണ്ടാണ് നമ്മെ രക്ഷിച്ച ഒരു മുന്‍കുറിയാണ് സ്നാനം എന്ന് അപ്പൊസ്തലനായ പൌലോസ് പറഞ്ഞത്. 
1 പത്രൊസ് 1:22 - 23 ല്‍ നമുക്കു നോക്കാം, "സത്യം അനുസരിക്കുകയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദര പ്രീതിക്കായി നിര്‍മ്മലീകരിച്ചിരിക്ക കൊണ്ടു ഹൃദയപൂര്‍വ്വം അന്യോന്യം ഉറ്റു സ്നേഹിപ്പിന്‍. കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍, ജീവനുള്ളതും നിലനില്‍ക്കുന്നതുമായ ദൈവ വചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു." ആമേന്‍. 
യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലുമുളള വിശ്വസത്താല്‍ നാം വീണ്ടും ജനിക്കുകയും പാപക്ഷമ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. കര്‍ത്താവിന്‍റെ എഴുതപ്പെട്ടിട്ടുളള വചനത്തിലുളള വിശ്വാസത്താല്‍ നാം വീണ്ടും ജനിക്കണം. "ജീവനുളളതും നിലനില്‍ക്കുന്നതുമായ ദൈവവചനത്താല്‍" നാം വീണ്ടും ജനിക്കണം. ഹല്ലേലൂയ്യാ! ജീവനുളളതും നിലനില്‍ക്കുന്നതുമായ വചനത്തിലൂടെയാണ് വീണ്ടും ജനനം സാധ്യമാകുന്നത്. അളവുകോലിനെ സൂചിപ്പിക്കുന്ന പീരങ്കിയാണ് ദൈവത്തിന്‍റെ വചനം. ഇതാണ് രക്ഷയുടെ അടിസ്ഥാനം. ദൈവത്തിന്‍റെ രക്ഷയുടെ അളവുകോല്‍ ഒരിക്കലും മാറുന്നില്ല.
യോഹന്നാന്‍ 1:29 ല്‍ യോഹന്നാന്‍ സ്നാനപകന്‍ പറയുന്നു, "ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്!" തന്‍റെ മാംസത്താലും രക്തത്താലും നമ്മെ രക്ഷിച്ച, യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ട ദൈവത്തിന്‍റെ കുഞ്ഞാടാണ് യഥാര്‍ത്ഥ ജീവന്‍റെ അപ്പം.
ദൈവത്തിന്‍റെ വചനത്തിലുളള വിശ്വാസത്താല്‍ നാം വിശുദ്ധീകരിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തു. വേദപുസ്തകം പറയുന്നു "ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു," "ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായി കൊണ്ടും വെളിപ്പെടുന്നു." "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും" (റോമര്‍ 10:17, 1:17). സുവിശേഷത്തിലുളള വിശ്വാസത്താല്‍ നമുക്കു നീതിമാനാകാന്‍ കഴിയും.
നിങ്ങള്‍ വിശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ? ആമേന്‍ - നിങ്ങള്‍ക്ക് ഒരു പാപവുമില്ലേ? ഇതാണ് സുവിശേഷം, സദ്വര്‍ത്തമാനം, ഗ്രീക്കില്‍ യുവാഗ്ഗിലിയോണ്‍. എന്താണ് ദൈവത്തിന്‍റെ നീതി? തന്‍റെ മാംസവും രക്തവും നമുക്ക് നല്‍കിക്കൊണ്ട് കര്‍ത്താവ് നമ്മുടെയെല്ലാം പാപങ്ങള്‍ മായ്ച്ചു കളഞ്ഞു എന്ന സത്യമാണത്. ദൈവത്തിന്‍റെ നീതി നമ്മെ വിശുദ്ധരാക്കാന്‍ അനുവദിക്കുന്നു. ലോകത്തിന്‍റെ പാപങ്ങള്‍ എടുത്തുമാറ്റി, പാപികള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ട പാപമില്ലാത്ത യേശുവാണ് ദൈവത്തിന്‍റെ നീതി. വെളളം, അതായത് യേശുവിന്‍റെ സ്നാനമാണ് ലോകത്തിന്‍റെ സകലപാപങ്ങളും കഴുകിക്കളഞ്ഞത്. യേശു തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും ലോകത്തിന്‍റെ പാപങ്ങള്‍ എടുത്തുമാറ്റി എന്ന സത്യത്തിലൂടെയാണ് ദൈവത്തിന്‍റെ നീതി നല്‍കപ്പെടുന്നത്. ദൈവത്തിന്‍റെ നീതയില്‍ കര്‍ത്താവിന്‍റെ സ്നാനം, മരണം എന്നിവ ഉള്‍പ്പെടുന്നു. കുരിശാണ് നമ്മുടെ ന്യായവിധിയുടെ മുന്‍കുറി. ഇതാണ് സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ നീതി.