(റോമര്‍ 8:12-16)
“ആകയാല്‍ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ച് ജീവിക്കേണ്ടതിന്നു ജഡത്തിനല്ല കടക്കാരാകുന്നത്. നിങ്ങള്‍ ജഡത്തെ അനുസരിച്ച് ജീവിക്കുന്നു എങ്കില്‍ മരിക്കും നിശ്ചയം. ആത്മാവിനാല്‍ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള്‍ ജീവിക്കും. ദൈവത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്‍റെ ആത്മാവിനെയല്ല, നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തില്‍ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടു കൂടെ സാക്ഷ്യം പറയുന്നു”.
വീണ്ടും ജനനം പ്രാപിച്ച വിശ്വാസികള്‍ ജഡത്തെ അനിസരിച്ചല്ല, ആത്മാവിനെ അനുസരിച്ചാണ് ജീവിക്കേണ്ടതെന്ന് ദൈവത്തില്‍ നിന്നും രക്ഷ പ്രാപിച്ച വ്യക്തിയായ അപ്പൊസ്തലനായ പൗലൊസ് പറയുന്നു. ഒന്നുകൂടെ വ്യക്തമാക്കിയാല്‍, ദൈവത്തിന്‍റെ നീതി പ്രാപിച്ചിരിക്കുന്ന നമ്മള്‍ ജഡപ്രകാരം ജീവിക്കുകയാണെങ്കില്‍ മരിക്കും; ആത്മാവിനെ അനുസരിച്ച് ജീവിച്ചാല്‍ നാം ജീവിക്കും എന്നാണ് പൗലൊസ് പറഞ്ഞത്. എങ്കില്‍ നാം നിശ്ചയമായും ഈ സത്യത്തില്‍ വിശ്വസിക്കണം. അപ്പോള്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ ജീവിക്കേണ്ടത് എങ്ങനെയാണ്. അവര്‍ ദൈവത്തിന്‍റെ നീതി അനുസരിച്ച് ജീവിക്കണമോ അഥവാ ജഡമോഹങ്ങളനുസരിച്ച് ജീവിക്കണമോ? എന്താണ് ശരി എന്ന് അവര്‍ അറിയുകയും തങ്ങളുടെ ശരീരത്തെ ദൈവത്തിന്‍റെ നീതി പ്രവൃത്തികളെ ധ്യാനിക്കും പടിയായി അടക്കി നിറുത്തുകയും വേണം.
ഒഴിവാക്കാനാവാത്ത കടമ
നമ്മുടെ, ആത്മാവിനെ അനുസരിച്ച് ജീവിക്കാനുള്ള ഒരു കടമ നമുക്കുണ്ടെന്ന് പൗലൊസ് ആവകാശപ്പെടുന്നു. കാരണം ക്രിസ്ത്യാനികളായ നാം ദൈവ കോപത്തില്‍ നിന്നും രക്ഷിക്കപ്പെടുകയും അവന്‍റെ നീതിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ നീതിയെക്കുറിച്ച് അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനു മുമ്പ് നമുക്ക് ആത്മാവിനെ അനുസരിച്ച് ജീവിക്കുവാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദൈവത്തിന്‍റെ നീതിയെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന നമുക്ക് നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും കഴിവുകളെയും ശരീരത്തെയും സമയത്തെയും അവന്‍റെ നീതിയുള്ള പ്രവൃത്തികള്‍ക്കായി മാറ്റിവയ്ക്കുവാന്‍ കഴിയും. ദൈവത്തിന്‍റെ നീതിയെ പ്രസംഗിക്കുകയും അവന്‍റെ നീതി പ്രവൃത്തികളെ ചെയ്യുകയും ചെയ്യുന്ന ഉപകരണങ്ങളായി നമ്മെ നാം ഉപയോഗിക്കണം.
ജഡത്തെ അനുസരിച്ചുള്ള ജീവിതം
നിങ്ങള്‍ ക്രിസ്തുവിലാവുകയും, ആത്മാവിനെ അനുസരിക്കാതെ നിങ്ങളുടെ പാപപൂര്‍ണ്ണമായ സ്വഭാവമനുസരിച്ച് ജീവിക്കുകയാണെങ്കില്‍, മറ്റെല്ലാ അവിശ്വാസികളെയും പോലെ നിങ്ങളും നശിക്കുമെന്നാണ് ബൈബിള്‍ പറയുന്നത്. നിങ്ങള്‍ വീണ്ടും ജനിച്ച ക്രിസ്ത്യാനിയാണെങ്കില്‍ പോലും, ദൈവത്തിന്‍റെ നീതി അനുസരിച്ച് നിങ്ങള്‍ ജീവിക്കുന്നില്ല എന്നതാണിതിന് കാരണം. നിങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ക്രിസ്താനി ആകണമെങ്കില്‍, നിങ്ങള്‍ ഒരിക്കലും ജഡപ്രകാരമുള്ള ജീവിതം തുടരുകയില്ല, മറിച്ച് ദൈവ നീതിപ്രകാരമുള്ള ജീവിതമായിരിക്കുമത്. കാരണം നിങ്ങള്‍ വിശ്വസിക്കുന്ന ദൈവനീതിയെ സേവിക്കുവാനായി നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഇതിനുമപ്പുറമായി, നിങ്ങള്‍ ജഡത്തെ അനുസരിച്ച് മാത്രം ജീവിക്കുന്നു എങ്കില്‍, നിങ്ങളുടെ അത്മാവു മരിക്കും. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെനീതി അനുസരിച്ച് ജീവിക്കുന്നുവെങ്കില്‍, എന്നെന്നും നിങ്ങള്‍ സമാധാനത്തില്‍ വസിക്കും.
ദൈവമക്കള്‍
“ദൈവാത്മാവ് നടത്തുന്ന ഏവരും ദൈവമക്കള്‍ ആകുന്നു”(റോമര്‍ 8:14) ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവര്‍ പരിശുദ്ധാത്മാവിനെ ഒരു ദാനമായി സ്വീകരിച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് അവരെ നയിക്കുന്നു. ഇവരാണ് “ദൈവമക്കള്‍”. “ദൈവമക്കളു”ടെ ഉള്ളില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു; അതുപോലെ, പരിശുദ്ധാത്മാവു ഉള്ളില്‍ ഇല്ലാത്തവരാരും അവന്‍റെ മക്കള്‍ അല്ല. ദൈവത്തെ പിന്‍തുടരുന്നതിന്‍റെ ആരംഭസ്ഥാനം തുടങ്ങുന്നത് അവന്‍റെ നീതിയിലുള്ള വിശ്വാസത്താലാണ്. ദൈവ പൈതലായിത്തീരുവാനുള്ള വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ്. അവന്‍റെ നീതിയില്‍ വിശ്വാസിക്കുന്നതിലൂടെ ദൈവത്തിന്‍റെ കുടുംബത്തിലെ ഒരംഗമായി നിങ്ങള്‍ മാറുന്നുവെന്നും നിങ്ങളുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന അവന്‍റെ നീതി ദൈവം നിങ്ങള്‍ക്ക് നല്‍കി എന്നുമാണിതിന്‍റെ അര്‍ത്ഥം.
ഒരു യഹൂദ നേതാവായിരുന്ന നിക്കോദേമൊസ് ഒരിക്കല്‍ യേശുവിനെ സന്ദര്‍ശിച്ചപ്പോള്‍ ഒരുവന്‍ വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിച്ചില്ല എങ്കില്‍ ആര്‍ക്കും ദൈവമക്കളാകുവാന്‍ കഴിയില്ല എന്നാണ് യേശു അവനോടു പറഞ്ഞത്. ഇത് കേട്ട് നിക്കോദേമൊസ് ആശ്ചര്യപ്പെട്ട് അവനോട് ചോദിച്ചു “മനുഷ്യന്‍ വൃദ്ധനായ ശേഷം ജനിക്കുന്നത് എങ്ങനെ? (യോഹന്നാൻ 3:4) യേശു ഉത്തരം പറഞ്ഞു”. “ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു വൈള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവ രാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിയില്ല. ജഡത്താല്‍ ജനിച്ചതു ജഡം ആകുന്നു. ആത്മാവിനാല്‍ ജനിച്ചത് ആത്മാവു ആകുന്നു. നിങ്ങള്‍ പുതുതായി ജനിക്കേണം എന്നു ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപെടരുത്. കാറ്റ് ഇഷ്ടമുള്ളേടത്തു ഉയരുന്നു. അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അത് എവിടെ നിന്നും വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല, ആത്മാവില്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു”. (യോഹന്നാൻ 3:5-8)
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്തവന് വീണ്ടും ജനനത്തിന്‍റെ അര്‍ത്ഥം അറിയാന്‍ കഴിയില്ലെന്ന് യേശു പറഞ്ഞു. സ്നാപക യോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തിലും കുരുശില്‍ അവന്‍ ചൊരിഞ്ഞ രക്തത്തിലുള്ള വിശ്വാസം അവന്‍റെ നീതി പ്രവൃത്തിയാല്‍ വിശ്വാസിക്കുന്നവരെ ദൈവത്തിന്‍റെ നീതി കൈവരിക്കുവാന്‍ കഴിവുള്ളവരാക്കി തീര്‍ക്കുന്നു. സുവിശേഷ വചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ ഒരു ദാനമായി പ്രാപിക്കുവാന്‍ കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ഒരുവന് ദൈവത്തിന്‍റെ നീതിയില്‍ എത്തിച്ചേരുവാന്‍ കഴിയും. ദൈവത്തിന്‍റെ നീതി സ്വീകരിക്കുന്ന ഏവര്‍ക്കും ദൈവ പൈതലാകുവാന്‍ കഴിയും. അവന്‍റെ ജനമായിത്തീരുന്നവര്‍ നമ്മുടെ സഹോദരീ സഹോദരങ്ങളാണ്.
നാം ദൈവമക്കളാണെന്നതിന് ആത്മാവും സാക്ഷ്യം വഹിക്കുന്നു
“നിങ്ങള്‍ പിന്നെയും ഭയപെടേണ്ടതിന്ന് ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തില്‍ ആത്മാവിനെ അത്ര പ്രാപിച്ചത്. നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവു താനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു”. (റോമര്‍ 8: 15-16).
നാം ദൈവമക്കളാണെന്ന വസ്തുതയ്ക്ക് നമുക്ക് രണ്ടു രീതിയില്‍ മാത്രമേ സാക്ഷ്യം വഹിക്കുവാനാവൂ. ഒന്നാമത്, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ നീതി നമ്മെ അവന്‍റെ മക്കളാക്കി തീര്‍ത്തു; രണ്ടാമത്, പരിശുദ്ധാത്മാവ് നമ്മുടെ അടുക്കല്‍ വരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലാണ് പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്. ഈ കാര്യങ്ങളെല്ലാം ദൈവം ക്രമീകരിച്ചിരിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസം നാം ദൈവമക്കളായിത്തീര്‍ന്നു എന്ന് നമ്മോടു പറയുന്ന നമ്മില്‍ തന്നെയുള്ള സാക്ഷ്യമാണ്. ദൈവനീതിയെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ ദൈവ പൈതലായി തീര്‍ന്നവര്‍ക്കു മാത്രമേ ദൈവത്തെ “അബ്ബാ” പിതാവേ എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കുവാനുള്ള അവകാശമുള്ളൂ.
നമുക്ക് യുക്തിയോടെ ചിന്തിക്കാന്‍ ശ്രമിക്കാം. ഹൃദയത്തില്‍ പാപമുള്ള ഒരുവന്/ഒരുവള്‍ക്ക് എങ്ങനെയാണ് ദൈവത്തെ പിതാവേ എന്ന് വിളിക്കാന്‍ കഴിയുക? പിതാവാം ദൈവം ഒരിക്കലും ഒരു പാപിയെ തന്‍റെ പൈതലായി നിര്‍ത്തുകയോ ഒരു പാപിയ്ക്ക് ഒരിക്കലും ദൈവത്തെ തന്‍റെ പിതാവായി സേവിക്കുവാന്‍ കഴിയുകയോ ഇല്ല. നിങ്ങളുടെ ഉള്ളിലേയ്ക്ക് നോക്കി ഏതെങ്കിലും കാരണത്താല്‍ നിങ്ങളും ഇതുപോലെ ഒരബദ്ധം ചെയ്തുവോ എന്ന് പരിശോധിക്കുക. ദൈവത്തിന്‍റെ മക്കളാണെന്ന് പരിശുദ്ധാത്മാവിനാല്‍ സാക്ഷ്യം വഹിക്കുന്നവര്‍ ദൈവത്തിന്‍റെ നീതിയില്‍ വിശ്വസിക്കുന്നവരാണ്. ദൈവത്തിന്‍റെ നിതിയെക്കുറിച്ച് നാം ആഴമായി ചിന്തിക്കണം.