• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 9: റോമര്‍ (റോമര്‍ക്ക് എഴുതിയ ലേഖനത്തിലെ വ്യാഖ്യാനങ്ങൾ)

[8-6] ദൈവരാജ്യം അവകാശമാക്കുന്നവര്‍ (റോമര്‍ 8:16-27)

(റോമര്‍ 8:16-27)
“നാം ദൈവത്തിന്‍റെ മക്കള്‍ എന്ന് ആത്മാവ് താനും നമ്മൂടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു. ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ. നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ. നമ്മില്‍ വെളിപ്പെടുവാനുളള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്ന് ഞാന്‍ എണ്ണുന്നു. സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുളള ആശയോടെ മായെക്കു കീഴ്പ്പെട്ടിരിക്കുന്നു; മനപൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്‍റെ കല്‍പ്പന നിമിത്തമത്രേ. സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലൊ. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. പ്രത്യാശയാലല്ലൊ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു. കാണുന്ന പ്രത്യാശയൊ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നതു എന്തിനു? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലൊ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു. അവ്വണ്ണം തന്നെ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണ നില്‍ക്കുന്നു. വേണ്ടും പോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലൊ. ആത്മാവു തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധന്‍മാര്‍ക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതു കൊണ്ടു ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു.”
 
 
തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട എല്ലാവരും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും തങ്ങളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും ചെയ്തിരിക്കുന്നു. 1 യേഹന്നാന്‍ 5:10 “ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് ഉള്ളില്‍ ആ സാക്ഷ്യമുണ്ട്” എന്നു പറയുന്നു. ഹൃദയത്തില്‍ ദൈവത്തിന്‍റെ നീതിയുളളവന് പരിശുദ്ധാത്മവാസവും ഉണ്ട്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള വിശ്വാസമാണ് തന്‍റെ ഹൃദയത്തില്‍ നിത്യകാലത്തേയ്ക്കുളള പരിശുദ്ധാത്മവാസം സാദ്ധ്യമാക്കിത്തീര്‍ക്കുന്നത്. 
വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുളള നമ്മുടെ വിശ്വാസത്തിലുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടതു വഴിയാണ് നാം ദൈവമക്കള്‍ ആയിത്തീര്‍ന്നത്. പരശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുകയും “നിങ്ങള്‍ ദൈവമക്കളും അവന്‍റെ ജനവും തന്നേ” എന്നു സാക്ഷ്യം പറയുകയും ചെയ്യുന്നു. നേരെമറിച്ച് തങ്ങളുടെ ഹ്യദയങ്ങളില്‍ പരിശുദ്ധാത്മാവ് ഇല്ലാത്തവരെക്കുറിച്ച് ന്യായപ്രമാണം `നിങ്ങള്‍ ദൈവത്തിന്‍റെ മക്കളല്ല പാപികള്‍ അത്രേ” എന്ന് സാക്ഷ്യം വഹിക്കുന്നു.
വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരോട് “നിങ്ങള്‍ ദൈവത്തിന്‍റെ മക്കള്‍ ദൈവത്തിന്‍റെ പാപമില്ലാത്ത ജനം” എന്നിങ്ങനെ പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. നാം ദൈവത്തിന്‍റെ മക്കളായി തീരേണമെങ്കില്‍ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണമെന്നത് നാം അറിയുവാന്‍ വേണ്ടി ദൈവം വളരെ വ്യക്തമാക്കിയിരിക്കുന്നു. 
“എനിക്ക് ഒന്നും തോന്നുന്നില്ല, അതിനര്‍ത്ഥം ഞാന്‍ ദൈവത്തിന്‍റെ പൈതല്‍ അല്ലെന്നാണോ” എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. തങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് ഉണ്ടെന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത വിധം ചിലര്‍ തങ്ങളുടെ വിശ്വാസത്തില്‍ ശിശുക്കളാണ്. പക്ഷെ നാം നമ്മില്‍ തന്നേ സംശയം ഉളളവരാണെങ്കിലും പരിശുദ്ധാത്മാവ് നമുക്കുറപ്പുനല്‍കുന്നു. “ഹേയ് നിങ്ങള ദൈവത്തിന്‍റെ മക്കളാണ്! വെളളത്തിന്‍റെയും അത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസുക്കുന്നില്ലേ? വിശ്വസിക്കുന്നു എന്ന കാരണത്താല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ജനമാണ്” എന്നു പറഞ്ഞുകൊണ്ട് ആത്മാവ് നമ്മെ ഉത്സാഹിപ്പിക്കുന്നു. നാം സംശയാലുക്കളാല്‍ തന്നെയും വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വസിക്കുന്നു എങ്കില്‍ നാം ദൈവത്തിന്‍റെ മക്കളാണ്. നാം ദൈവമക്കളാണെന്ന് പരിശുദ്ധാത്മാവ് സാക്ഷീകരിക്കുന്നു. നമ്മുടെ വികാരങ്ങളും ബോധവുമനുസരിച്ച് ഹൃദയത്തില്‍ വസിക്കുന്ന ഒന്നല്ല പരിശുദ്ധാത്മാവ്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ഹ്യദയത്തില്‍ ഒരു പാപവും ഇല്ല. അവര്‍ക്ക് പാപമില്ലാത്തതിനാല്‍ പരിശുദ്ധാത്മാവ് അവരില്‍ വസിക്കുന്നു. അവര്‍ തീര്‍ച്ചയായും ദൈവത്തന്‍റെ മക്കളാണ്.
“യേശുവിന്‍റെ സ്നാനം, അവന്‍റെ കുരിശ് എന്നിവയില്‍ നിങ്ങള്‍ വിശ്വസിക്കുന്നു. പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങളില്‍ പാപമില്ല നിങ്ങള്‍ ദൈവമക്കളാണ്.” എന്നിങ്ങനെ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളോട് പറയുന്നു.
എന്നാല്‍ അവന്‍റെ തെളിവ് മനുഷ്യരുടെ ശബ്ദം പോലെ വരികയില്ല. അതുകൊണ്ട് മുഴങ്ങുന്ന ഒരു സ്വരം കേള്‍ക്കാമെന്ന് പ്രതീക്ഷിക്കരുത്! ഒരു സ്വരം ശ്രവിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാത്താന്‍ മനുഷ്യശബ്ദം അനുകരിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചേക്കും. മനുഷ്യരുടെ ചിന്തയ്ക്കനുസരിച്ചാണ് സാത്താന്‍ പ്രവര്‍ത്തിക്കുന്നത്. പരിശുദ്ധാത്മാവാകട്ടെ ദൈവവചനത്തിനനുസരിച്ചും.
 
 
ദൈവത്തിന്‍റെ നീതി പ്രാപിച്ചവരാണ് അവന്‍റെ മക്കളും അവകാശികളും
 
17 മത്തെ വാക്യം നമുക്ക് ചേര്‍ന്ന് വായിക്കാം “നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു. ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നെ. നാം അവനോടുകൂടെ തേജസ്കരിക്ക പ്പെടേണ്ടതിന്ന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ.”
നാം ദൈവമക്കള്‍ ആകുന്നുവെങ്കില്‍ നാം അവന്‍റെ അവകാശികളും കൂടെയാകുന്നു. തന്‍റെ മാതാപിതാക്കളില്‍ നിന്നും എല്ലാം നേടുന്നവനാണ് അവകാശി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പിതാവാം ദൈവത്തിനുളള സകലവും പങ്കിടുവാനുളള അധികാരം നമുക്കുണ്ട്. “ആരാണ് പിതാവാം ദൈവത്തിന്‍റെ അവകാശികള്‍” എന്ന് ചോദിച്ചാല്‍ “വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും ചെയ്യുന്നവരാണ് അവന്‍റെ അവകാശികള്‍” എന്ന് നമുക്ക് പറയാം.
ഈ വിശ്വാസമുളള ജനം അനുഗ്രഹീതരും ക്രിസ്തുവിനോടൊപ്പം അവന്‍റെ രാജ്യത്തില്‍ ദൈവമഹത്വം അവകാശമാക്കു ന്നവരുമായിരിക്കും. നാം ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികളായാല്‍ “നാം അവനോടൊപ്പം തേജസ്കരിക്കപ്പെടേണ്ടതിന് അവനോടു കൂടെ കഷ്ടത സഹിക്കേണ്ടതും ആകുന്നു” എന്നെഴുതിയിരിക്കുന്നു. ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികള്‍ എന്നതിനര്‍ത്ഥം നമ്മുടെ പിതാവിന്‍റെ രാജ്യത്തില്‍ നിത്യമായി വസിക്കുക എന്നതാണ്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികളുമാണ്. നാം അവകാശികളാണ് കാരണം നമ്മുടെ പിതാവിനുളളതെല്ലാം നാം അവകാശമാക്കും.
കാലാകാലങ്ങളായി ദൈവരാജ്യം അടുത്തുവരുന്നത് എനിക്കനുഭവിക്കാം. എല്ലാ കാര്യത്തിനും അതതിന്‍റെ നല്ല സമയം ഉണ്ട്. ബൈബിളിലെ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളും ഒന്നിനു പിറകേ ഒന്നായി നിറവേറി വരികയാണ്. ഇനി ആകെ ബാക്കിയുളളത് യിസ്രായേല്‍ ജനത്തിന്‍റെ മാനസാന്തരം, യേശുവിനെ തങ്ങളുടെ രക്ഷിതാവായുളള ഏറ്റുപറച്ചില്‍, തങ്ങളുടെ പാപങ്ങളില്‍ നിന്നുളള രക്ഷ എന്നിവയും അതുപോലുളള ചില കാര്യങ്ങളുമാണ്. 7 വര്‍ഷത്തെ ഉപദ്രവകാലത്ത് യിസ്രായേല്‍ യേശുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കുമെന്ന് കരുതപ്പെടുന്നു.
ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ദൈവരാജ്യത്തിന്‍റെ രൂപീകരണം യിസ്രായേല്യരുടെ മാനസാന്തരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്ത്യനാള്‍ വേഗത്തില്‍ വന്നുചേരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തോടൊപ്പം നിത്യമായി വസിച്ചു തുടങ്ങുന്ന നാള്‍ സമീപമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2000 വര്‍ഷത്തിലാകും അത് എന്നു കരുതി ലോകം മുഴുവനും കാത്തിരുന്നു. പക്ഷേ രണ്ടായിരം വര്‍ഷം കടന്നുപോയി. സഹസ്രാബ്ദ കുഴപ്പങ്ങളെക്കുറിച്ചുളള പ്രശ്നങ്ങള്‍ കഴിഞ്ഞു പോയി. നാം ഇപ്പോള്‍ 2006 ന്‍റെ മദ്ധ്യത്തില്‍ എത്തിയിരിക്കുന്നു. വാസ്തവത്തില്‍ ലോകത്തിലെ അനേകര്‍ ചിന്തിച്ചിരുന്നത് 2000 വര്‍ഷത്തില്‍ ഭൂമിയിലെ സകല മാറ്റങ്ങളും സംഭവിക്കും എന്നാണ്.
നാം ദീര്‍ഘമായി കാത്തിരിക്കുന്ന ക്രിസ്തുവിന്‍റെ രാജ്യം ഇപ്പോഴും നമ്മില്‍ ഓരോരുത്തരെയും സമീപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മില്‍ പാപം ക്ഷമിക്കപ്പെട്ടവരെ ദൈവരാജ്യത്തിന്‍റെ സാമീപ്യം മനസിലാക്കുവാന്‍ പരിശുദ്ധാത്മാവ് നയിക്കുന്നു. ഇപ്പോള്‍ നേരത്തേതുപോലെ ദൈവം പറഞ്ഞ പ്രകാരം സകലതും പൂര്‍ത്തിയാകും. വിശ്വാസത്തോടെ നമുക്കാദിനത്തിനായി കാത്തിരിക്കാം.
ഭാവിയില്‍ യിസ്രായേല്‍ ലോക സമാധാനത്തിനു ഒരു തടസ്സവും തടങ്കല്‍പാറയുമായി തീരും. ഇത് അനേകം ദേശങ്ങളുടെ ശത്രുത ക്ഷണിച്ചു വരുത്തും. ഇതാണ് ബൈബിള്‍ നമ്മോട് പറയുന്നത് - യിസ്രായേല്‍ അനേകരുടെ ശത്രുവായി തീരുകയും അപ്പോള്‍ ചില യിസ്രായേല്യര്‍ തങ്ങള്‍ ഇത്രകാലം ദീര്‍ഘമായി കാത്തിരുന്ന മശിഹാ വാസ്തവത്തില്‍ യേശു തന്നെയായിരുന്നു എന്ന് തിരിച്ചറിയും. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. ദൈവം ഉദ്ദ്യേശിച്ച കാര്യങ്ങള്‍ നടക്കും. എന്നാല്‍ ഇവയെല്ലാം അതതിന്‍റെ തക്കസമയത്ത് മാത്രമേ നടക്കുകയുളളൂ. അതുകൊണ്ട് ചില വഴി തെറ്റിയ അന്ത്യകാല ശാസ്ത്രവിദഗ്ധര്‍ പ്രവചിക്കുന്നതുപോലെ ഏതെങ്കിലും ഒരു തീയതിക്കോ സമയത്തിനോ വേണ്ടി നാം കാത്തു നില്‍ക്കരുത്. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ പ്രവചനങ്ങള്‍ നിറവേറുന്നത് കാണും. ദൈവം വാഗ്ദത്തം ചെയ്ത ഭൂമിയിലെ രാജ്യവും സ്വര്‍ഗ്ഗത്തിലെ രാജ്യവും വരുന്നുണ്ടെന്ന പ്രത്യാശ വിശ്വാസികള്‍ക്കുണ്ട്. ആ ദിനം വളരെ അടുത്താണെന്ന് വിശ്വസിക്കുന്നു.
ദൈവം വാഗ്ദത്തം ചെയ്ത കാര്യങ്ങള്‍ ഒന്നിനു പിറകേ ഒന്നായി എത്തിച്ചേരുന്ന സമയം വേഗം സമാഗതമാകും. ദൈവം വാഗ്ദത്തം ചെയ്ത സഹസ്രാബ്ദ വാഴ്ചയും ദൈവരാജ്യവും നിറവേറുന്ന നാള്‍ നമുക്ക് വളരെ അടുത്താണെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി നിങ്ങളും എന്നെപ്പോലെ കരുതുന്നുവോ? ദൈവത്തിന്‍റെ എല്ലാ പ്രവചനവും പരിശുദ്ധാത്മാവിലുടെ നിറവേറ്റപ്പെടുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ നമ്മുടെ ഹൃദയങ്ങളില്‍ യഥാര്‍ത്ഥമായും വിശ്വസിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു.
പരിശുദ്ധാത്മാവിലൂടെ, അന്ത്യകാലങ്ങളില്‍ ദൈവത്തിന്‍റെ വാഗ്ദാനം വേഗത്തില്‍ നിറവേറുമെന്ന് നമ്മുടെ ഹൃദയങ്ങളില്‍ നാം അറിയുന്നു. ദൈവത്തിന്‍റെ സകല പ്രവചനങ്ങളോടൊപ്പം നമ്മുടെ പ്രത്യാശകളും നിറവേറുമെന്ന് നമ്മുടെ ഹൃദയത്തിലൂടെ കടന്നു പോകുന്ന പരിശുദ്ധാത്മാവിലൂടെ നാം വിശ്വസിക്കുന്നു. ഇതാണ് സത്യ വിശ്വാസം.
ദൈവത്തിന്‍റെ സകല വാഗ്ദത്ത അനുഗ്രഹങ്ങളുടെയും അവകാശികളാണ് നിങ്ങളും ഞാനുമെന്നതിനാല്‍, നാം പരിശുദ്ധാത്മാവില്‍ കാത്തിരിക്കേണ്ടതുണ്ട്. ദൈവരാജ്യം വേഗത്തില്‍ നമ്മുടെ അടുക്കല്‍ വരും. യിസ്രായേല്യര്‍ വേഗത്തില്‍ തന്നെ യേശു ക്രിസ്തുവിനെ വിശ്വസിക്കുകയും അവരുടെ മശിഹയായി അംഗീകരിക്കുകയും ചെയ്യും
“കര്‍ത്താവായ യേശുവേ, വരേണമേ” എന്നു പറഞ്ഞു കൊണ്ട് അനേകര്‍ അവനായി ഇപ്പോള്‍ കാത്തിരിക്കുന്നു. താന്‍ ദൈവത്തിന്‍റെ അവകാശി ആയതിനാല്‍, കടന്നു പോയ കഷ്ടതകള്‍ വേഗത്തില്‍ വരാന്‍ പോകുന്ന മഹത്വത്തിനു മുന്നില്‍ ഒന്നുമല്ലെന്ന് പൗലൊസ് പറഞ്ഞു. കര്‍ത്താവിനോടൊപ്പം മഹത്വം പ്രാപിക്കേണമെങ്കില്‍, നാം അവനോടൊപ്പം കഷ്ടതയും സഹിക്കേണമെന്നാണ് ഇതിനര്‍ത്ഥം. ദൈവരാജ്യം വരുവാനായി നാം വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതിന് കാരണമിതാണ് ക്രിസ്തുവിനോടൊപ്പമുളള മഹിമ പ്രാപിക്കണമെങ്കില്‍, നാം അവനോടൊപ്പം കഷ്ടത സഹിക്കുകയും വേണം.
എല്ലാ സൃഷ്ടികളും, സകല മൃഗങ്ങളും മരങ്ങളും ഉള്‍പ്പെടെ, മരണത്തില്‍ നിന്നും സ്വതന്ത്രമാക്കപ്പെടണമെന്നതാണ് പൗലോസിന്‍റെ പ്രത്യാശ. അതുകൊണ്ടാണ് സകല സൃഷ്ടികളും ദൈവപുത്രന്‍റെ വരവിനായി നോക്കിപ്പാര്‍ത്തിരിക്കുന്നത്. സകല സൃഷ്ടികള്‍ക്കും നിത്യമായി ജീവിക്കുവാന്‍ കഴിയുന്ന ദിനം വരുമെന്നതാണ് ദൈവ പുത്രനായുളള പ്രത്യാശ.
ആകയാല്‍, വിശ്വാസികളായ നാം നിത്യ ജീവനാല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയണം. നമ്മുടെ ജീവ കാലത്ത് കര്‍ത്താവിന്‍റെ നാള്‍ വരുന്നത് കണ്ടാലും ശരി, നമ്മുടെ നിദ്രയില്‍ നിന്നും കര്‍ത്താവ് നമ്മെ എടുത്താലും ശരി, നാം അവനായി കാത്തിരിക്കണം.
 
 
നമ്മില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ മഹത്വം യഥാര്‍ത്ഥമായും മഹത്തായതാണോ?
 
നീതിമാന്മാര്‍ക്കായി വേഗത്തില്‍ വെളിപ്പെടാന്‍ പോകുന്ന മഹത്വം ഒരു നിത്യ മഹത്വമായിരിക്കും. നിത്യ രാജ്യത്തെ അവകാശമാക്കുകയും ദൈവമഹത്വത്തില്‍ എന്നെന്നും ജീവിക്കുകയും ചെയ്യുന്നത്. അവിടെ മരണമോ, ദുഃഖമോ കരച്ചിലോ ഇല്ല. ആ രാജ്യത്തില്‍ വേദനയുണ്ടാവില്ല. പ്രകാശത്തിനായി അവിടെ സൂര്യനൊ ചന്ദ്രനോ ആവശ്യമില്ല. ദൈവമഹത്വം അതിനെ പ്രകാശിപ്പിക്കും. കുഞ്ഞാട് അതിന്‍റെ വിളക്കാണ്. യേശുവും വീണ്ടും ജനിച്ച പാപമില്ലാത്ത വിശ്വാസികളും മാത്രം കാണപ്പെടുന്ന ഒരു സ്ഥലമാണിത്; അവിടം ദൈവമഹത്വം കൊണ്ട് നിറഞ്ഞിരിക്കും. സുവര്‍ണ്ണ കിരണങ്ങളാല്‍ രാജ്യം നിറഞ്ഞിരിക്കും. നാം നിത്യകാലം വസിക്കുവാന്‍ പോകുന്ന രാജ്യത്തിന്‍റെ മഹത്വം വാക്കുകളാല്‍ വര്‍ണ്ണനാതീതമാണ്. നാം കാത്തിരിക്കുന്ന ഈ മഹത്വം വളരെ വലുതാകയാല്‍ നമുക്ക് വെളിപ്പെടാനുളള മഹത്വവുമായി കണക്കിടുമ്പോള്‍, ഇപ്പോഴത്തെ കഷ്ടതകള്‍ സാരമില്ലെന്ന് പൗലൊസ് നമ്മോട് പറയുന്നു.
ഈ ലോകത്തില്‍ നാം ദൈവത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴെല്ലാം പ്രകൃതിയിലും ദൈവത്തിന്‍റെ മഹത്വം കാണുവാന്‍ കഴിയും. വര്‍ണ്ണ ശബളമായ പുഷ്പങ്ങള്‍, മെത്തപോലുളള പുല്‍തകിടി, തിളങ്ങുന്ന ഇലകളില്‍ പ്രകടമാകുന്ന പ്രകൃതി, ഊഷ്മളമായ വസന്തകാലം, കാടുകളുടെ പുതുമ, ശുദ്ധമായ കാറ്റ്, തണുത്ത രാത്രികളില്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ എന്നിവയെ കാണുമ്പോഴും നാലു ഋതുക്കളെപ്പറ്റി ചിന്തിക്കുമ്പോഴും സ്വര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ നമുക്കാവില്ല. ദൈവീക സൃഷ്ടിയുടെ ഈ അത്ഭുതങ്ങള്‍ കാണുമ്പോള്‍, ദൈവത്തിന്‍റെ രാജ്യം ഇനിയും വേഗത്തില്‍ വരുമെന്ന് നാം പ്രത്യാശിക്കുന്നു.
ദൈവരാജ്യം വരുമ്പോള്‍, അതില്‍ മരണമുണ്ടാവുകയില്ല, നാം മഹത്വ പൂര്‍ണ്ണരായി ജീവിക്കും. അവിടെ ഒന്നിനും കുറവില്ലാത്തതിനാല്‍ ഐശ്വര്യത്തിലും സമൃദ്ധിയിലുമായിരിക്കും നമ്മുടെ ജീവിതം. സകലതും സമ്പൂര്‍ണ്ണമായും ഒരുക്കപ്പെട്ടുമിരിക്കുന്ന ഒരു സ്ഥലത്ത് മഹത്വത്തോടെ ഞാന്‍ കഴിയുമെന്നുളള ചിന്ത തന്നെ എന്‍റെ ഹൃദയത്തെ ദൈവമഹത്വത്താല്‍ നിറയ്ക്കുന്നു. സകല കാര്യവും വിശ്വാസികളായ നമ്മുടേതായിരിക്കുമെന്ന വസ്തുത ഒരു സ്വപ്നം പോലെയാണ്. നാം വീണ്ടും ജനിച്ചതോര്‍ത്ത് ഒരിക്കല്‍ കൂടെ ഇത് നമ്മെ നന്ദിയുളളവരാക്കി തീര്‍ക്കുന്നു. എന്‍റെ ഹൃദയത്തിന്‍റെ വക്കോളവും ഈ പ്രത്യാശയാല്‍ നിറച്ച കര്‍ത്താവിനെ ഞാന്‍ സ്തോത്രം ചെയ്യുന്നു.
ഇപ്പോള്‍ നമ്മുടെ സങ്കല്പങ്ങളിലൂടെ മാത്രമേ സ്വര്‍ഗ്ഗത്തിനായി നമുക്ക് പ്രത്യാശിക്കുവാനാവു. എന്നാല്‍ ഭാവിയില്‍, ദൈവത്തിന്‍റെ സകല വാഗ്ദത്തങ്ങളും യഥാര്‍ത്ഥമായിത്തീരുമെന്ന് നമുക്കറിയാം. അങ്ങനെ ദിവസം ചെല്ലുന്തോറും, നമ്മുടെ പ്രത്യാശ കൂടുതല്‍ തീവ്രമാകുകയും ദൈവമഹത്വത്തോട് അടുക്കുന്ന ബോധം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു.
ഇതു കൊണ്ടാണ് വിശ്വാസികള്‍ ഭാവിക്കായി പ്രത്യാശിക്കുന്നത്. ദൈവത്തിലുളള വിശ്വാസവും ഭാവിയിലേക്കുളള പ്രത്യാശയുമാണ് ദൈവരാജ്യം സ്വതന്ത്രമാക്കുന്നവരുടെ മഹത്വവും വിശ്വാസവും. അപ്പോള്‍, ഈ മഹത്വകരമായ പ്രത്യാശ വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രം ഉളള അനുഗ്രഹമാണോ? “തീര്‍ച്ചയായും അതെ” എന്നതാണിതിന്‍റെ ഉത്തരം. വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന നീതിമാന്‍മാര്‍ക്ക് ദൈവത്തിന്‍റെ മഹത്വം നല്‍കപ്പെടുവാന്‍ അല്പകാലം മാത്രമേ കാത്തിരിക്കേണ്ടതുളളൂ. തക്കകാലത്ത്, ദൈവം വാഗ്ദാനം ചെയ്ത തന്‍റെ സകല മഹത്വവും നമുക്ക് യാഥാര്‍ത്ഥൃമായിത്തീരും. ഈ മഹത്വകരമായ സകലതും യാഥാര്‍ത്ഥമായും വിശ്വാസികള്‍ക്ക് സംഭവിക്കും. നമ്മെ കാത്തിരിക്കുന്ന മഹത്വം അതിശയകരമാം വിധം സമ്പന്നവും മനോഹരവുമാണ്.
വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഒരേ വിശ്വാസമുളള നിങ്ങളും ഞാനുമാണ് ദൈവത്തിന്‍റെ മഹത്വരാജ്യത്തില്‍ പ്രവേശിക്കുന്ന ജനം. പലപ്പോഴും ചിന്താക്കുഴപ്പം കൊണ്ടുവരുന്ന ഈ ദുഷ്ടലോകം നമ്മുടെ ഹൃദയങ്ങളെ ഇരുട്ടിലാക്കിയേക്കാം. അതുവഴി നാം അധൈര്യശാലികളും വഴിതെറ്റിയവരുമായി തീര്‍ന്നേക്കാം. എന്നാല്‍ വീണ്ടും ജനിച്ചവര്‍ക്ക് തങ്ങള്‍ ദൈവത്തിന്‍റെ അവകാശികളാണെന്ന് വിശ്വസിച്ചുകൊണ്ട് ഈ കഷ്ടതകളെ ജയിക്കുവാന്‍ കഴിയും. പാപമില്ലാത്ത വിശ്വാസികളുടെ ഹൃദയങ്ങളിലും എല്ലാ വിധ പ്രശ്നങ്ങളും ഉണ്ടാകാമെങ്കിലും ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഓര്‍ത്ത് കൊണ്ട് ബലം കണ്ടെത്തുവാനും തുടര്‍ന്ന് മുന്നോട്ടു പോകുവാനും അവര്‍ക്കു കഴിയും. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ നിലനില്‍ക്കുന്നതിനാലും, നമ്മെ ആശ്വസിപ്പിക്കു ന്നതിനാലും, നാം ദൈവമക്കളാണെന്ന് നമ്മുടെ ആത്മാവിനോട് സാക്ഷീകരിക്കുന്നതിനാലും ഞാന്‍ നന്ദിയുളളവനാണ്.
അടുത്ത കാലത്തായി തങ്ങളുടെ പാപങ്ങളില്‍ നിന്നും വീണ്ടെടുക്കപ്പെട്ടവരും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് നോക്കുകയും പ്രത്യാശയില്‍ ജീവിക്കുകയും ചെയ്യണം. നാം ഒരുപോലെ ദൈവജനമാണ് ദീര്‍ഘകാലമായി സഭയില്‍ ഒരു വിശ്വാസ ജീവിതം നിങ്ങള്‍ നയിച്ചുവെങ്കില്‍, നിങ്ങളുടെ മഹത്വകരമായ അവകാശത്തിന്‍റെ സമ്പന്നതയില്‍ നിങ്ങളുടെ ആത്മാക്കളിലെ പരിശുദ്ധാത്മാവ് സന്തോഷിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
 
 
നീതിമാന്മാരുടെ ഹൃദയങ്ങളും ഈ ഭൂമിയില്‍ ഞരങ്ങുന്നു
 
23-മത്തെ വാക്യം നമുക്ക് ചേര്‍ന്ന് വായിക്കാം “ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉളളില്‍ ഞരങ്ങുന്നു”. നമുക്ക് നമ്മോട് തന്നെ ചോദിക്കാം, “നമ്മുടെ ജീവിതത്തിലെ പ്രത്യാശയെന്താണ്?” വിശ്വാസികളായ നാം, നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പിനെ പ്രത്യാശിച്ചു കൊണ്ടാണ് ജീവിക്കുന്നത്. നാം ദൈവമക്കളാണെന്ന് പറയുമ്പോള്‍ നമ്മുടെ ആത്മാക്കള്‍ മാത്രമാണ് അവന്‍റെ മക്കള്‍ എന്നാണിതിനര്‍ത്ഥം നമ്മുടെ ശരീരം ഇതുവരെയും മഹത്വം പ്രാപിച്ചിട്ടില്ല; അതുകൊണ്ട് എല്ലാ വിശ്വാസികളും പ്രത്യാശിക്കുന്നത് തങ്ങളുടെ ശരീരങ്ങളും മാറ്റപ്പെടേണമെന്നാണ്
വിശ്വാസികളുടെ ശരീരം ദൈവത്തിന്‍റെ മഹത്വം ധരിക്കുമ്പോള്‍, അവര്‍ക്ക് വെന്തു പോകാതെ തീയിലൂടെ കടക്കുവാന്‍ കഴിയും, ഏതുതരത്തിലുളള തടസ്സങ്ങളിലൂടെയും ചുമരുകളിലൂടെയും കടന്നുപോകുവാന്‍ അവര്‍ക്ക് കഴിയും. രുപാന്തരപ്പെട്ട നമ്മുടെ ശരീരങ്ങള്‍ കാലത്തിന്‍റെയും സമയത്തിന്‍റെയും നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമായിരിക്കും.
പക്ഷെ, നമ്മുടെ ശരീരങ്ങള്‍ ഇതുവരെയും മാറിയിട്ടില്ല; അതുകൊണ്ട് നമുക്ക് ലഭിച്ച ആത്മാവ് എന്ന ആദ്യദാനവും ഉളളില്‍ ഞരങ്ങുന്നു. അതുകൊണ്ട്, ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച നീതിമാന്മാര്‍ ശരീരത്തിന്‍റെ വീണ്ടെടുപ്പിനായി കാത്തിരിക്കുന്നു
ഞരങ്ങുക! ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും ഞരങ്ങുന്നു എന്ന് എഴുതിയിരിക്കുന്നു. പരിശുദ്ധാത്മാവ് നിങ്ങളുടെ ഉളളില്‍ ഞരങ്ങുന്നത് നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? എപ്പോഴാണ് അവന്‍ ഞരങ്ങുന്നത്? ജഡാഭിലാഷങ്ങള്‍ക്ക് പുറകേ നാം ഓടുമ്പോഴാണ് പരിശുദ്ധാത്മാവ് ഞരങ്ങുന്നത്.
നാം ലോകത്തിലേയ്ക്ക് നോക്കുകയും കാണുന്നതിനെ എല്ലാം സ്നേഹിക്കുകയും ചെയ്യുമ്പോള്‍ നമ്മിലുളള പരിശുദ്ധാത്മാവ് ഞരങ്ങുന്നു. നമ്മുടെ ശരീരങ്ങള്‍ ഇതുവരെയും മാറിയിട്ടില്ല, അതുകൊണ്ട് അവ ലോകകാര്യങ്ങളില്‍ സന്തോഷിക്കുകയും അവയെ പിന്തുടരുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ ആത്മാക്കള്‍ നേരത്തെ തന്നെ മാറിയിരിക്കുന്നതിനാല്‍, നമ്മുടെ ഉളളിലുളള പരിശുദ്ധാത്മാവ് ഞരങ്ങുന്നു. അപ്പോള്‍ ലോക സന്തോഷത്തെ പിന്തുടരുവാന്‍ ശ്രമിക്കുന്ന ഹൃദയങ്ങളെ നാം തിരിക്കുകയും പരിശുദ്ധാത്മാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കുകയും വേണം
ദൈവത്തിന്‍റെ അവകാശികളായ നമ്മുടെ ഉളളില്‍ പരിശുദ്ധാത്മാവ് ഉളളതിനാലാണ് അത് നമ്മുടെ ഉളളില്‍ ഞരങ്ങുന്നത് ഈ ലോകത്തില്‍ കഴിയുമ്പോള്‍, ഭാവി എത്ര ഇരുണ്ടതാണെന്നും നമ്മുടെ ശരീരം എത്ര ബലഹീനമാണെന്നും നമുക്ക് കാണാം. ഇങ്ങനെയുളള കാലഘട്ടത്തില്‍, നാം മുകളിലേക്ക് നോക്കുകയും ദൈവത്തിന്‍റെ അവകാശികളുടെ അനുഗ്രഹങ്ങള്‍ക്കായി വാഞ്ചിക്കുകയും വേണം, കാരണം തങ്ങളുടെ ശരീരങ്ങളും വീണ്ടെടുക്കപ്പെടുമെന്ന് അവര്‍ക്ക് അറിയാം. പൂര്‍ണ്ണമായും വീണ്ടെടുക്കപ്പെട്ട സമ്പൂര്‍ണ്ണ ശരീരത്തെ പ്രാപിക്കുന്ന ദിവസത്തിനായി വിശ്വാസികള്‍ കാത്തിരിക്കുന്നു.
 
 
മഹത്വകരമായ പ്രത്യാശയോടുള്ള ജീവിതം
 
24, 25 വാക്യങ്ങള്‍ നമുക്ക് ഒരേ സ്വരത്തില്‍ വായിക്കാം. “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ, അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.”
“ദൈവരാജ്യത്തിന്‍റെ പ്രത്യാശയില്‍ നമ്മുടെ സകല പാപങ്ങളുടെയും ക്ഷമ നാം പ്രാപിച്ചുവോ?” നമുക്ക് ഈ ചോദ്യം ചോദിക്കാം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ നമ്മുടെ പാപങ്ങളുടെ ക്ഷമ നേടിയെന്ന് നാം പറഞ്ഞു. “നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു” ദൈവം അങ്ങനെ പറയുന്നു.
നമ്മുടെ പാപങ്ങളില്‍ നിന്നും മോചനം നേടുവാനും സ്വര്‍ഗ്ഗത്തില്‍ പോകുവാനുമായി വെള്ളത്തിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും വചനങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ നാം രക്ഷിക്കപ്പെട്ടിരിക്കണം. സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടതിനുശേഷം നമ്മുടെ കണ്ണുകള്‍ ലോകത്തിലേക്ക് തിരിയുകയും കാണുന്നവയ്ക്കായി പ്രത്യാശിക്കുകയും ചെയ്യുന്നുവെങ്കില്‍, നാം ദൈവത്തിന്‍റെ മഹത്വം അറിയുകയോ അതിനായി കാത്തിരിക്കുകയോ ചെയ്യുന്നില്ല എന്നാണ് അതിനര്‍ത്ഥം. കാണുന്നതിനായി നമ്മള്‍ പ്രത്യാശിക്കുന്നുവെങ്കില്‍ അത് പ്രത്യാശയല്ല. അതുകൊണ്ടാണ് “ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നതെന്തിന്?” എന്ന് പൗലൊസ് ചോദിക്കുന്നത്. നീതിമാന്മാരാക്കപ്പെട്ട നമ്മള്‍ ഈ ഭൂമിയിലുള്ളതിനായി പ്രത്യാശിക്കരുത്; മറിച്ച്, അവന്‍റെ വാഗ്ദത്തപ്രകാരം അവന്‍റെ നീതി വസിക്കുന്ന (2 പത്രൊസ്3:13) പുതിയ ഭൂമിയെയും പുതിയ ആകാശത്തെയുമാണ് നോക്കേണ്ടത്.
ഇത്തരം വിശ്വാസത്തിനാണ് നീതിമാന്‍ പ്രത്യാശിക്കുന്നത്. പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും പ്രത്യാശയിലാണ് നീതിമാന്‍ ജീവിക്കുന്നത്. നമ്മുടെ ശാരീരിക കണ്ണുകള്‍ കൊണ്ട് കാണുന്നതിനെ അല്ല നാം യഥാര്‍ത്ഥമായും പ്രത്യാശിക്കേണ്ടത്. നമ്മുടെ മാനുഷിക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്തതിനാലാണ്, നമ്മുടെ ആത്മീയ നയനങ്ങള്‍ കൊണ്ട് ദൈവത്തിന്‍റെ വാഗ്ദത്തമായ മഹത്വത്തിന്‍റെ രാജ്യത്തിനായി നാം കാത്തിരിക്കുന്നത്. അതിനാലാണ് യഥാര്‍ത്ഥ നീതിമാന്മാര്‍ തങ്ങളുടെ പ്രത്യാശ സ്വര്‍ഗ്ഗരാജ്യത്തില്‍ വച്ചിരിക്കുന്നത്. ദൈവം നമ്മോടു പറഞ്ഞത് സത്യമായും നടപ്പിലാകും എന്നതാണ് ആ പ്രത്യാശ.
ദൈവം പറഞ്ഞു, “ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്‍ക്കുന്നു.(1കൊരിന്ത്യർ13:13). സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിലൂടെയും പ്രത്യാശയിലൂടെയുമാണ് നാം നമ്മുടെ പാപക്ഷമ നേടിയത്. അവന്‍റെ രാജ്യം ഭൂമിയില്‍ വരികയും സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യും. അവന്‍റെ രാജ്യത്തില്‍ നാം നിത്യകാലം വസിക്കുമെന്ന് നാം പ്രത്യാശിക്കുന്നു. അതിനാലാണ് നാം ദൈവത്തിന്‍റെ വാഗ്ദത്ത വചനത്തില്‍ വിശ്വസിക്കുകയും ഇപ്പോഴുള്ള നമ്മുമട കഷ്ടതകള്‍ സഹിക്കുകയും ചെയ്യുന്നത്. 
“നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു,” എന്ന് ഇവിടെ എഴുതപ്പെട്ടിരിക്കുന്നു. നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയുന്ന ഒന്നിനായിട്ടല്ല നാം ക്ഷമയോടിരിക്കുന്നത്. ഭൗതികമായി നമുക്ക് കാണാന്‍ കഴിയാത്ത ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്കായാണ് നാം കാത്തിരിക്കുന്നത്. വിശ്വാസികളായ നമുക്ക് ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരും കാരണം, ദൈവത്തിന്‍റെ മഹത്വം വേഗത്തില്‍ വെളിപ്പെടുമെന്ന് നമ്മോട് പറഞ്ഞിട്ടുണ്ട്. ഈ വാഗ്ദത്തത്തിലാണ് നാം വിശ്വസിക്കുന്നത്. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് മടങ്ങി വരുമെന്ന് നാം വിശ്വസിക്കുന്നതിനാല്‍, നമ്മുടെ ഇപ്പോഴത്തെ കഷ്ടതകള്‍ നമുക്ക് സഹിക്കാന്‍ കഴിയും.
ദൈവത്തിന്‍റെ രാജ്യം ഈ ഭൂമിയിലേക്ക് വരും എന്നതു സംശയ ലേശമില്ലാതെ പറയാം. സുവിശേഷം എല്ലാ ദേശങ്ങളിലും വ്യാപിക്കുമ്പോള്‍ ദൈവരാജ്യം നിശ്ചയമായും വരും. നീതിമാന്‍ ആ നാളിനായി ക്ഷമയോടെ കാത്തിരിക്കുന്നു. നാം കാത്തിരിക്കുമ്പോള്‍ തന്നെ നമ്മുടെ കര്‍ത്താവു വരും. ഈ കാലത്ത് ജീവിക്കുന്ന നിങ്ങള്‍ക്കും എനിക്കുമുള്ള സത്യമാണിത്.
നമ്മുടെ പുസ്തകങ്ങള്‍ ഉക്രേനിയന്‍ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്ന ഉക്രേനിയക്കാരിയായ ഒരു സഹപ്രവര്‍ത്തകയുണ്ട്. തീവ്രവാദി ആക്രമണത്താല്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ന്ന് വീണത് കാണുവാനിടയായ അവള്‍ വളരെ ഭയപ്പെടുകയും ചിന്താക്കുഴപ്പത്തിലാകുകയും ചെയ്തുവെന്ന് പറയുകയുണ്ടായി. വെളിപ്പാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന “മഞ്ഞക്കുതിരയുടെ കാലം” എത്തി എന്ന് വിളിച്ചു പറയുന്നതാണോ ഇതെന്ന് ചോദിക്കുകയും തിരുവെഴുത്തുകളുടെ ഈ ഭാഗത്തിന് ബന്ധപ്പെട്ടുള്ള ഏതെങ്കിലും പുസ്തകങ്ങളുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
മഞ്ഞക്കുതിരയുടെ കാലത്തിന്‍റെ ലക്ഷണമാണോ ഈ സംഭവം എന്ന് കൃത്യമായി നമുക്ക് പറയാന്‍ കഴിയില്ലെങ്കിലും, ഇതിന് ബന്ധമുണ്ടായിരിക്കാം എന്നതിനെ നിഷേധിക്കുവാനും നമുക്ക് കഴിയില്ല. ഇതുപോലുള്ള കാര്യങ്ങള്‍ കൂടെക്കൂടെ നടക്കുകയാണെങ്കില്‍, യുദ്ധങ്ങളുണ്ടാവുകയും രാഷ്ട്രങ്ങള്‍ തമ്മില്‍ പോരാടുകയും ചെയ്യും. യുദ്ധങ്ങള്‍ ആരംഭിച്ചാല്‍ ലോകം ക്ഷാമത്താല്‍ കഷ്ടപ്പെടുകയും “മഞ്ഞക്കുതിരയുടെ കാലം” വേഗത്തില്‍ യാഥാര്‍ത്ഥ്യാമാവുകയും ചെയ്യും.
അതുകൊണ്ട്, ലോക നാശത്തെ വിളിച്ചുപറയുന്ന ഈ സംഭവങ്ങള്‍ കാണുമ്പോള്‍ സുവിശേഷം ലോകത്തിന്‍റെ അറ്റത്തോളം വ്യാപിപ്പിക്കണമെന്നുള്ള എന്‍റെ തീരുമാനത്തെ ഞാന്‍ പുതുക്കുന്നു. ഈ ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ നഷ്ടപ്പെടുന്നുവെന്നതും ദുരന്തങ്ങള്‍ നമ്മെ ആക്രമിക്കുമ്പോള്‍ നമ്മുടെ ഹൃദയം ഞരങ്ങുന്നു വെന്നതും വാസ്തവമാണ്. എന്നാല്‍ നാം ജീവിക്കുന്ന കാലത്തോളം നമ്മുടെ ഭൗതിക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്തതും ആത്മീയ നയനങ്ങള്‍ക്ക് മാത്രം ഗോചരമായതുമായ ദൈവരാജ്യത്തിനായി നാം കാത്തിരിക്കേണ്ടതാണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുന്നതിനാല്‍ സ്വര്‍ഗ്ഗരാജ്യത്തിനായി നാം പ്രത്യാശിക്കുകയും ദീര്‍ഘക്ഷമയോടെ ഇതിനായി കാത്തിരിക്കുകയും ചെയ്യുന്നു. ദൈവരാജ്യം നമ്മുടെ അടുത്തേക്ക് വരുന്നു എന്ന് വിശ്വസിക്കുന്നതിനാല്‍ എല്ലാ ക്ലേശങ്ങളെയും നമുക്ക് സഹിക്കാന്‍ കഴിയും. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.
നിങ്ങള്‍ ക്ലേശിക്കുകയാണോ? നല്ലവണ്ണം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുക നിങ്ങള്‍ മാത്രമല്ല നാം എല്ലാവരും ഒരുപോലെ ക്ലേശിക്കുന്നു. ഇതുകഴിയുമ്പോള്‍ സകലതും നേരെയാകും എന്ന് നമുക്ക് പ്രത്യാശയുണ്ട് നിങ്ങള്‍ ശാരീരികമായി കഷ്ടപ്പെട്ട് ക്ലേശിക്കാതെ ആത്മീയമായ പ്രത്യാശ വളര്‍ത്തുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയില്ലേ? ശരീരം വളരെ ആശ്വാസമനുഭവിക്കുമ്പോള്‍ നാം ദൈവത്തെ നോക്കുകയോ അവനില്‍ നിന്ന് അനുഗ്രഹം തേടുകയോ ഇല്ല. അങ്ങനെ നമ്മള്‍ ദൈവത്തില്‍ നിന്നകന്നു പോകുന്നു. വീണ്ടും ജനിച്ച നമുക്ക് ഇപ്പോഴത്തെ കഷ്ടതകള്‍ സഹിക്കുവാനും വരുവാനുളള മഹത്വത്തിനായി പ്രത്യാശയുണ്ടായിരിക്കണം
കര്‍ത്താവിനായി ദീര്‍ഘക്ഷയോടെ കഷ്ടം സഹിക്കുന്നവര്‍ ഭാഗ്യവാന്മാരെന്ന് ദൈവം പറഞ്ഞിട്ടുണ്ട്. ദൈവത്തിന്‍റെ രാജ്യം ഭൂമിയില്‍ എത്തുന്ന ദിനത്തില്‍ നാം അവന്‍റെ രാജ്യത്തില്‍ പ്രവേശിക്കും. ആ ദിനം വരെ നാം പ്രത്യാശ നഷ്ടപ്പെടാതെ ക്ഷമയോടെ ഇതെല്ലാം സഹിക്കണം. ആ ദിനത്തിനായി നാം സഹിക്കുകയും കാത്തിരിക്കുകയും വേണം. ഇപ്പോഴത് എത്രത്തോളം കഠിനവും ദുഃഖകരവുമാണ് എന്നതില്‍ കാര്യമില്ല. പുതിയ ആകാശവും ഭൂമിയുമായി ദൈവരാജ്യം വരുന്നതുവരെ ദീര്‍ഘക്ഷമയോടെ നാം കാത്തിരിക്കണം
 
 
ദൈവത്തിന്‍റെ നീതിയുളളവരെ പരിശുദ്ധാത്മാവ് സഹായിക്കുന്നു
 
26 മത്തെ വാക്യം നമുക്ക് വായിക്കാം. “അവ്വണ്ണം തന്നേ ആത്മാവ് നമ്മുടെ ബലഹീനതക്കു തുണനില്‍ക്കുന്നു. വേണ്ടും പോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.” പരിശുദ്ധാത്മാവ് നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ? അതെ, അവന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ബലഹീനത അറിയുകയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
പരിശുദ്ധാത്മാവിന്‍റെ ഞരക്കങ്ങളെക്കുറിച്ച് ഞാന്‍ അല്‍പ്പമേ പറഞ്ഞുളളൂ. വീണ്ടും അതിനെക്കുറിച്ച് പറഞ്ഞാല്‍ ദൈവം ആഗ്രഹിക്കാത്ത ദിശയിലേക്ക് നാം പോകുകയാണെങ്കില്‍ പരിശുദ്ധാത്മാവ് ഞരങ്ങും. ലോകത്തിന്‍റെ അവസ്ഥകളെ നോക്കി അതിനോടൊപ്പം നാം ഞരങ്ങിയാല്‍, നാം പോകരുതെന്ന് പിതാവായ ദൈവം ആഗ്രഹിക്കുന്ന ദിശയിലേയ്ക്ക് നാം പോയാല്‍ അഥവാ നമ്മുടെ പിതാവിന്‍റെ ഹിതത്തെ തളളിക്കളഞ്ഞ് അതിനെതിരായി നാം ജീവിച്ചാല്‍ പരിശുദ്ധാത്മാവ് ഞരങ്ങുന്നു.
വീണ്ടും ജനിച്ച ഒരു വിശ്വാസിയില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് നമുക്കുച്ചരിച്ചു കൂടാനാവാതെ ഞരങ്ങുമ്പോള്‍ നമ്മുടെ ഹൃദയങ്ങളിലെ ഊര്‍ജ്ജം നഷ്ടമാവുകയും നാം ബലഹീനരാവുകയും ചെയ്യുന്നു. അപ്പോഴാണ് പരിശുദ്ധാത്മാവ് നമ്മെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുന്നത്. ചില സമയങ്ങളില്‍ പരിശുദ്ധാത്മാവ് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു. അഥവാ പ്രാര്‍ത്ഥിക്കേണ്ട ആവശ്യത്തെക്കുറിച്ച് നമുക്ക് ബോധം വരുത്തുന്നു.
പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ ഞരങ്ങുകയും പിതാവിന്‍റെ മുമ്പില്‍ തിരുഹിതമനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ ഒരുക്കുകയും ചെയ്യുന്നു. “കര്‍ത്താവായ ദൈവമേ, നിന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും ഞങ്ങളുടെ പാപങ്ങളെ അങ്ങ് തുടച്ച് കളഞ്ഞു. അതു വഴി ഞങ്ങള്‍ അങ്ങയുടെ മക്കളായി തീര്‍ന്നു. അങ്ങയുടെ രണ്ടാം വരവ് വേഗത്തില്‍ സംഭവിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. തിരുഹിതം നിവൃത്തിക്കേണമേ എന്ന്” നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു.
ആത്മീയ വിശ്വാസത്തിനായി നാം യാചിക്കുന്നു. “ദൈവമേ അങ്ങയുടെ ദൃഷ്ടിയില്‍ ഞങ്ങള്‍ കുറവുളളവരും ദരിദ്രരുമത്രേ. ആകയാല്‍ അങ്ങയുടെ ഹിതം നിറവേറുന്നതിനാവശ്യമായ വിശ്വാസം ഞങ്ങള്‍ക്ക് തരേണമേ.” നമ്മുടെ ബലഹീനത അറിയുന്നതുകൊണ്ട് അപ്പോള്‍ ദൈവം നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവ് നമ്മെ തനിച്ച് വിട്ട് പോകയില്ല മറിച്ച് ദൈവഹിതമനുസരിച്ചും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി നമ്മുടെ ഹൃദയങ്ങളെ ശക്തീകരിക്കുന്നു.
ദൈവഹിതമനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മെ ഒരുക്കുന്നു. നാം സഹായത്തിനായി അപേക്ഷിക്കുമ്പോള്‍ നമുക്കായുളള ദൈവഹിതമെന്തെന്ന് അവന്‍ നമ്മെ അറിയിക്കുകയും നമുക്ക് പുതു ശക്തി നല്‍കുകയും ചെയ്യുന്നു.
“വേണ്ടും പോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു.”
ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടോ? ദൈവം ആഗ്രഹിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി നാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നീതിമാന്മാരായ ജനത്തോട്, നമ്മോട് എന്തോ തെറ്റിപ്പോയി എന്ന് പരിശുദ്ധാത്മാവ് പറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചിട്ടുണ്ടോ? പരിശുദ്ധാത്മാവ് പറയുന്നു, “ഹേ നിങ്ങള്‍ക്ക് തെറ്റിപ്പോയി.” നമ്മുടെ ഹൃദയം ഞരങ്ങുവാന്‍ തുടങ്ങുന്നു. പരിശുദ്ധാത്മാവാണ് ഇങ്ങനെ ഞരങ്ങുന്നതെന്ന് നിങ്ങള്‍ അറിയുന്നുവോ? ഒരു നീതിമാന്‍റെ ഹൃദയം സന്തോഷിക്കുന്നത് നിങ്ങളും അനുഭവിച്ചിരിക്കും കാരണം പരിശുദ്ധാത്മാവാണ് ഉളളില്‍ സന്തോഷിക്കുന്നത്. അപ്പോള്‍ നിങ്ങളുടെ ഹൃദയം ഞരങ്ങുമ്പോള്‍ പരിശുദ്ധാത്മാവാണ് ഞരങ്ങുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കും.
നാം ദുര്‍ബലരും തെറ്റു ചെയ്യുന്നവരും ആകുമ്പോള്‍ പരിശുദ്ധാത്മാവ് ഞരങ്ങുകയും നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ പിതാവായ ദൈവം നമുക്ക് ശക്തി പകരുന്നു. സകലകാര്യങ്ങള്‍ക്കായും പരിശുദ്ധാത്മാവ് നമ്മെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയും നമുക്ക് പുതിയ ആത്മീയ ശക്തി നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് തങ്ങളുടെ ഹൃദയങ്ങളില്‍ ഉളളവര്‍ വളരെ സന്തോഷമായിരിക്കുന്നത്. ദൈവവചനത്തിലൂടെ പരിശുദ്ധാത്മാവ് നമുക്ക് ശക്തി പകരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് പുതിയ ആത്മീയ ശക്തി നല്‍കുവാനായി നമ്മുടെ ഹൃദയങ്ങളില്‍ അവന്‍റെ വചനത്തോടൊപ്പം പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു.
മറ്റ് രീതികളിലൂടെ സംസാരിക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നില്ല. അവന്‍ തിരുവചനം, ദൈവസഭ, നമ്മുടെ സഹോദരീ സഹോദരന്മാരുമായുളള നമ്മുടെ കൂട്ടായ്മ എന്നിവയിലൂടെ ശക്തി പകരുന്നു. അതുകൊണ്ടാണ് ദെവസഭയ്ക്ക് അതിപ്രാധാന്യമുളളത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികളില്‍ സഭ വളരെ പ്രധാനമുളള പങ്ക് വഹിക്കുന്നതും അതിനാലാണ്. സഭയിലുളളത് വിശ്വാസികള്‍ അവരുടെ കൂട്ടായ്മ, സ്തുതികള്‍, സന്ദേശങ്ങള്‍ എന്നിവയാണ്. പ്രസംഗകര്‍ ആര് എന്ന വ്യത്യാസമില്ലാതെ പരിശുദ്ധാത്മാവ് സന്നിഹിതനായി തക്കസമയത്ത് ആവശ്യമായിട്ടുളള യോജിച്ച സന്ദേശങ്ങളെ നല്‍കുവാനായി അവരിലൂടെ പ്രവര്‍ത്തിക്കുന്നു. സന്ദേശം നല്‍കുന്നവരിലും അത് സ്വീകരിക്കുന്നവരിലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു. അവരുടെ മനസ്സുകളെ ഉണര്‍ത്തുകയും ഓരോരുത്തര്‍ക്കും ആവശ്യമായ അനുഗ്രഹം നല്‍കുകയും ചെയ്യുന്നു. നീതിയുള്ള ജനം കൂടിവരുന്ന ദൈവസഭയിലാണ് പരിശുദ്ധാത്മാവ് ഇത് ചെയ്യുന്നത്. അതുകൊണ്ടാണ് സഭാവിശ്വാസികള്‍ക്ക് വളരെ പ്രധാനമാകുന്നത്. ഒരു വിശ്വാസി അവന്‍റെ/അവളുടെ ഹൃദയത്തില്‍ കഷ്ടകാലത്തിലൂടെ കടന്നു പോവുകയും മറ്റാരോടും അവന്‍റെ/അവളുടെ വേദന പറയാന്‍ കഴിയാത്തപ്പോഴും ദൈവത്തിന്‍റെ ദാസന്മാര്‍ക്ക് പരിശുദ്ധാത്മാവിലൂടെ അത് കണ്ടെത്തുവാന്‍ കഴിയും. വിശ്വാസികള്‍ കൂടിവരുന്നത് ദൈവത്തിന്‍റെ സഭയില്‍ ആണെങ്കില്‍ പരിശുദ്ധാത്മാവിന് അവരെ സ്പര്‍ശിക്കുവാനും അവരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാനും കഴിയും. വചനത്തില്‍ ഉറച്ചു നില്‍ക്കുവാനും തിരിച്ചു വരുവാനും അവര്‍ക്ക് ശക്തിനല്‍കുന്നു.
നാം വിശ്വാസ ജീവിതം നയിക്കുമ്പോള്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുന്നു, നമ്മുടെ പാപങ്ങളുടെ ക്ഷമ പ്രാപിക്കുന്നു, ദൈവത്തിന്‍റെ മക്കളായിത്തീരുന്നു, അതിന്‍റെ തെളിവായി ഒരു ദാനമായി നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു. തുടര്‍ന്ന് ദൈവം നമ്മെ അവന്‍റെ സഭയ്ക്ക് നല്‍കുന്നു. സഭയ്ക്ക് നല്‍കിയതിന് ശേഷം ദൈവം സഭയിലൂടെ തന്‍റെ ദാസന്മാരോട് സംസാരിക്കുകയും തന്‍റെ സന്ദേശം തന്‍റെ വേലക്കാരിലൂടെ പ്രസംഗിക്കുന്നു. വചനത്തിലൂടെ അവന്‍ നമ്മുടെ മുറിവുകളെ സൗഖ്യമാക്കുന്നു, ബലഹീനരായവര്‍ക്ക് ശക്തി പകരുന്നു, ഹൃദയത്തില്‍ ദരിദ്രരായിരിക്കുന്നവരെ സഹായിക്കുന്നു, തന്‍റെ വേല ചെയ്യുവാനുള്ള കഴിവ് അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. തന്‍റെ ഹിതം അവന്‍ നമ്മിലൂടെയാണ് നിറവേറ്റുന്നത്. ആകയാല്‍ വിശ്വാസികള്‍ക്കൊരിക്കലും സഭയില്‍ നിന്ന് തങ്ങളെ മുറിച്ചു മാറ്റുവാന്‍ കഴിയില്ല.
മറ്റുള്ള നീതിമാന്മാരോടു കൂടിയുള്ള സഹകരണത്തെ മുറിച്ചു കളയുവാനോ ദൈവ വചനത്തിലുള്ള തങ്ങളുടെ വളര്‍ച്ചയില്‍ നിന്നും മാറിനില്‍ക്കുവാനോ വിശ്വാസികള്‍ക്ക് കഴിയില്ല. ദൈവത്തിന്‍റെ സഭയ്ക്കുള്ളില്‍ മാത്രമാണ് പരിപൂര്‍ണ്ണ സത്യം കാണപ്പെടുന്നത്. ആകയാല്‍ സഭയില്‍ വിശ്വാസികള്‍ പരസ്പരം ഐക്യപ്പെടേണ്ടതുണ്ട്. ഐക്യതയില്ലാത്ത വിശ്വാസം വ്യാജമത്രേ.
നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? നാം ദൈവത്തിന്‍റെ സഭയുമായി യോജിക്കുമ്പോള്‍, തിരുവചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെയും സഭ അതിന്‍റെ സന്ദേശത്തിലൂടെ നമ്മോടു പറഞ്ഞതുപോലെയും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും സത്യത്തിന് നേരെ നമ്മുടെ കണ്ണുകള്‍ തുറന്ന് അനുഗ്രഹം നല്‍കും. അതുകൊണ്ട് അത്തരം വിശ്വാസമുള്ള സഭയോടു ഐക്യപ്പെടുക. അപ്പോള്‍ പരിശുദ്ധാത്മാവ് സന്തോഷിക്കും.
പരിശുദ്ധാത്മാവിന്‍റെ സഹായത്തോടുകൂടിയാട് നാം ഈ മണിക്കൂര്‍വരെ ജീവിച്ചത്. ഭാവിയിലും അവന്‍റെ സഹായത്തോടുകൂടി നാം ജീവിക്കും. അതുകൊണ്ടാണ് സകല പാപങ്ങള്‍ക്കും ക്ഷമ പ്രാപിച്ചവര്‍ക്ക് പരിശുദ്ധാത്മാവ് വളരെ പ്രധാനമായിരിക്കുന്നത്. പരിശുദ്ധാത്മാവ് നിലനില്‍ക്കുന്നു എന്ന് നാം അറിയുകയും വിശ്വസിക്കുകയും ചെയ്യണം. പരിശുദ്ധാത്മാവിനനുസരിച്ച് നാം ജീവിക്കണമെന്നും നമ്മുടെ ഹൃദയങ്ങളില്‍ അവന്‍റെ വഴി നടത്തല്‍ പ്രാപിക്കണമെന്നും നാം അറിഞ്ഞിരിക്കണം. തങ്ങളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് ഉള്ളവര്‍ അവന്‍റെ ഹിതത്തെ പിന്‍തുടരും. നിങ്ങള്‍ ഒരു നീതിമാനായ വ്യക്തി ആണെങ്കില്‍ പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവ് നയിക്കുന്നതു പോലെ ജീവന്‍റൈ ന്യായപ്രമാണത്തെ നിങ്ങള്‍ പിന്തുടരണം.
27-മത്തെ വാക്യം നമുക്കൊരുമിച്ച് വായിക്കാം. “എന്നാല്‍ ആത്മാവ് വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്‍റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു.” നമ്മില്‍ വസിക്കുന്ന ആത്മാവിന്‍റെ മനസ്സ് പിതാവാം ദൈവം അറിയുന്നു. നമ്മുടെ മനസ്സിലുള്ള സകലതും പരിശുദ്ധാത്മാവ് അറിയുന്നു. ആകയാല്‍ നമ്മുടെ മനസ്സിലുള്ളത് മുഴുവനും പിതാവാം ദൈവം അറിയുന്നു. അപ്രകാരം ആത്മാവ് വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിത പ്രകാരം പക്ഷവാദം ചെയ്യുന്നു.
പരിശുദ്ധാത്മാവിന്‍റെ മനസ്സിലുള്ളതെന്തെന്ന് പിതാവറിയുകയും പിതാവിന്‍റെ ഹിതമനുസരിച്ച് പരിശുദ്ധാത്മാവ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നാണിതിനര്‍ത്ഥം. വിശ്വാസികള്‍ അങ്ങനെ ദൈവഹിതമനുസരിച്ച് ജിവിക്കുവാന്‍ കഴിവുള്ളവരാകുന്നു. അതിനാലാണ് തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടവര്‍ പരിശുദ്ധാത്മാവിലൂടെ തങ്ങളുടെ വിശ്വാസ ജീവിതത്തിന്‍റെ നേട്ടങ്ങള്‍ കണ്ടെത്തുന്നത്. പരിശുദ്ധാത്മാവിന്‍റെ ഉണര്‍ത്തലുകളിലൂടെയാണ് നീതിമാന്മാരുടെ മനസ്സ് നയിക്കപ്പെടുന്നത്. 
പരിശുദ്ധാത്മാവ് ഹൃദയങ്ങളിലില്ലാത്തവര്‍ ദൈവസഭയില്‍ കാണുമ്പോഴാണ് സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കാത്തവരുടെ ഉള്ളില്‍ പരിശുദ്ധാത്മാവ് ഉണ്ടാകണം. അതുകൊണ്ട് പരിശുദ്ധാത്മാവ് ഉള്ള വിശ്വാസികളോട് ആശയവിനിമയം നടത്താന്‍ കഴിയില്ല. സഭയില്‍ അവര്‍ അനേകം പ്രശ്നങ്ങള്‍ ഉണ്ടാക്കും. നേരെമറിച്ച് പരിശുദ്ധാത്മാവ് ഉള്ളവര്‍ പരിശുദ്ധാത്മാവ് നിറഞ്ഞ ദൈവദാസനിലൂടെയുള്ള പ്രസംഗത്തെ ശ്രദ്ധിക്കും. തന്‍റെ ദാസനിലൂടെ ദൈവം തങ്ങളോട് പറയുവാന്‍ ശ്രമിക്കുന്നതെന്താണെന്ന് അവരുടെ ഹൃദയം സമാധാനത്തിലിരിക്കയാല്‍ അവര്‍ക്ക് മനസ്സിലാകും.
പാപങ്ങള്‍ ക്ഷമിക്കപ്പെട്ട ഏതൊരുവന്‍റെയും ഉളളില്‍ പരിശുദ്ധാത്മാവ് വസിക്കുന്നു. നമ്മില്‍ പരിശുദ്ധാത്മാവ് ഉള്ളതുകൊണ്ട് ദൈവത്തിന്‍റെ ഹിതമനുസരിച്ച് പരിശുദ്ധാത്മാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ജീവിക്കുവാന്‍ നമുക്ക് കഴിയും.
ഈ വഴികളിലൂടെ പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നു. ചിലപ്പോള്‍ സഭയിലൂടെ, ചിലപ്പോള്‍ വിശ്വാസികളുമായുള്ള കൂട്ടായ്മയിലൂടെ, മറ്റു ചിലപ്പോള്‍ ദൈവത്തിന്‍റെ വചനത്തിലൂടെ ദൈവത്തിന്‍റെ ഹിതം കണ്ടെത്തുവാനും അവന്‍റെ നീതിയുള്ള വഴി പിന്തുടരുവാനും അവന്‍ നമ്മെ അനുവദിക്കുന്നു. ദൈവരാജ്യത്തില്‍ എത്തുവോളം ദൈവത്തിന്‍റെ ഭാഗത്ത് ജീവിക്കുവാനുള്ള പുതുശക്തി പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നു.
ആകയാല്‍ നിങ്ങളും ഞാനും, വിശ്വാസജീവിതത്തില്‍ പരിശുദ്ധാത്മാവ് എത്ര പ്രധാനമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുമ്പോള്‍ വചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ഒരു ദാനമായി പരിശുദ്ധാത്മാവിനെ നാം പ്രാപിക്കുന്നു. “നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്‍പ്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.”
ദൈവത്തിന്‍റെ ഹിതമനുസരിച്ച് ജീവിക്കുവാന്‍ നമ്മെ നയിക്കുന്നതിനാണ് ഒരു ദാനമായി പരിശുദ്ധാത്മാവിനെ ദൈവം നമുക്ക് നല്‍കിയത്. നമ്മുടെ പിതാവാം ദൈവത്തിന്‍റെ ഹിതമാണിത്. അവന്‍റെ രാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ നാം അവന്‍റെ ഹിതമനുസരിച്ച് ജീവിക്കണമെന്ന് അവന്‍ നമ്മോടു പറയുന്നു. ദൈവഹിതമനുസരിച്ച് ജീവിക്കണമെങ്കില്‍ നമുക്ക് പരിശുദ്ധാത്മാവ് ഉണ്ടായിരിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ പരിശുദ്ധാത്മാവ് ലഭിക്കുകയുള്ളൂ. അതുകൊണ്ട് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ദൈവഹിതമനുസരിച്ച് ജീവിക്കുവാനും പരിശുദ്ധാത്മാവ് ഒരു ദാനമായി പ്രാപിക്കുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിച്ചേ മതിയാവുകയുള്ളൂ. 
പരിശുദ്ധാത്മാവിനെയും വീണ്ടെടുപ്പിനെയും നമ്മള്‍ പ്രത്യേകം പ്രത്യേകമായിട്ടല്ലാ പ്രാപിക്കുന്നത്. ഇന്നത്തെ ജനങ്ങള്‍ ചിന്തിക്കുന്നത് ഈ രണ്ടനുഗ്രഹങ്ങളും വ്യത്യസ്തമാണെന്നാണ് അവര്‍ ചിന്തിക്കുന്നത്. പര്‍വ്വതങ്ങളിലെ ഗുഹകളില്‍ പോയി തീവ്രമായി പ്രാര്‍ത്ഥിക്കുകയും അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്താലേ പരിശുദ്ധാത്മാവ് ഇറങ്ങി വരികയുള്ളൂ എന്നാണ്. പരിശുദ്ധാത്മാവ് അപ്പോള്‍ അവരുടെമേല്‍ ഇറങ്ങിവരുമെന്നും നേരിട്ട് അവന്‍റെ സന്ദേശങ്ങള്‍ നല്‍കുമെന്നും അവരോട് സംസാരിക്കുമെന്നും അവര്‍ കരുതുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇത് ശരിയല്ല.
പരിശുദ്ധാത്മാവും വചനവും തമ്മില്‍ വേര്‍പിരിക്കാനാവില്ല. അതുപോലെ തന്നെയാണ് പരിശുദ്ധാത്മാവും വിശ്വാസവും. അതുകൊണ്ടാണ് വിശ്വാസികളും പരിശുദ്ധാത്മാവും സഭയും ത്രീയേക ദൈവവും- പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്- എന്നിവയും തമ്മിലുള്ള ബന്ധം പരസ്പരം വളരെ അടുത്തിരിക്കുന്നു.
ഈ അന്ത്യകാലഘട്ടത്തില്‍ വസിക്കുന്ന നാം പരിശുദ്ധാത്മാവിലാണ് ജീവിക്കുന്നത്. പിതാവിന്‍റെ ഹിതവും പരിശുദ്ധാത്മാവും അനുസരിച്ച് നാം ജീവിക്കുന്നു. ദൈവത്തിന്‍റെ ഹിതമെല്ലാം പരിശുദ്ധാത്മാവ് അറിയുന്നു. പരിശുദ്ധാത്മാവിന്‍റെ മനസ്സിലുള്ളതെല്ലാം നമ്മുടെ പിതാവറിയുന്നു. നമ്മുടെ ചിന്തകളെ പരിശുദ്ധാത്മാവ് നയിക്കുകയും ദൈവത്തോട് ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഈ രീതിയില്‍ ദൈവഹിതമനുസരിച്ച് പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുകയും നമ്മുടെ പിതാവ് തന്‍റെ ഹിതപ്രകാരം ജീവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കികൊണ്ട് ആ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നു.
അതുകൊണ്ടാണ് റോമര്‍ 8-മത്തെ അധ്യായം 16-27 വരെ പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തികളെക്കുറിച്ച് പൗലൊസ് പറഞ്ഞത്. 
പരിശുദ്ധാത്മാവിലൂടെ ദൈവരാജ്യത്തിനായി കാത്തിരിക്കുവാന്‍ നമുക്ക് കഴിയും. അവന്‍റെ രാജ്യത്തിനായി പ്രത്യാശിച്ചുകൊണ്ടു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവില്‍ ആശ്രയിച്ചും കര്‍ത്താവിന്‍റെ ഹിതമനുസരിച്ച് ജീവിക്കുവാനും ഇപ്പോഴുള്ള കഷ്ടതകളെ സഹിക്കുവാനും നമുക്ക് കഴിയും. നമുക്ക് പരിശുദ്ധാത്മാവിലൂടെ സഹിക്കുവാന്‍ കഴിയും, പരിശുദ്ധാത്മാവിലൂടെ കര്‍ത്താവിനെ അനുസരിക്കുവാന്‍ കഴിയും, പരിശുദ്ധാത്മാവിലൂടെ നമ്മുടെ കത്താവിനെ സേവിക്കുവാനുള്ള കഴിവ് ലഭിക്കും. ഈ കാര്യങ്ങളെല്ലാം നല്‍കപ്പെടുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. പരിശുദ്ധാത്മാവിനോ ടൊപ്പം നടക്കുകയും എല്ലായ്പ്പോഴും ദൈവവചനം പഠിക്കുകയും വചനത്തോട് നമ്മുടെ ഹൃദയങ്ങളെ ഐക്യപ്പെടുത്തുകയും ശ്രദ്ധിച്ച് വചനത്തെ പിന്തുടരുകയും ചെയ്യുന്ന ജനമാണ് നമ്മള്‍ എന്ന് നാം തിരിച്ചറിയണം. നമ്മുടെ പിതാവും പരിശുദ്ധാത്മാവും നമ്മില്‍ സന്തോഷിക്കുന്ന രീതിയിലാകണം നാം ജീവിക്കേണ്ടത്. അല്ലാതെ നമ്മുടെ ജഡത്തെ മാത്രം സന്തോഷിപ്പിക്കുന്ന നശ്വര ജീവിതമല്ല ഈ വേദഭാഗത്തില്‍ പൗലൊസ് ഇതാണ് പറയുന്നത്.
നമ്മുടെ ജീവിതത്തില്‍ ദൈവം എല്ലായ്പ്പോഴും കൂടെയുണ്ട്.. അവന്‍ നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കുകയും നമ്മെ സഹായിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവം തുടര്‍ന്നും നമ്മെ അനുഗ്രഹിക്കട്ടെ. നമ്മുടെ കര്‍ത്താവ് വീണ്ടും വരുമ്പോള്‍ സകലവും മഹത്വത്തിലേയ്ക്ക് മാറിയിരിക്കും. ഇപ്പോള്‍ ദൈവനീതി പ്രാപിച്ചിട്ടുള്ള നാം ദൈവത്തിന്‍റെ രാജ്യവും സകലമഹത്വവും അവകാശപ്പെടുത്തും. ദൈവരാജ്യം അവകാശമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ശ്രദ്ധിച്ചു കേള്‍ക്കുകയും വിശ്വസിക്കുകയും വേണം.
ഹല്ലേലൂയ, ദൈവത്തിന്‍റെ നീതി നിങ്ങളോടു കൂടെയിരുന്ന് നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.