(ഉല്പത്തി 15:1-21)
“അതിന്‍റെ ശേഷം അബ്രാമിനു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍; അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു. അതിനു അബ്രാം; കര്‍ത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്‍റെ വീട്ടില്‍ ജനിച്ച ദാസന്‍ എന്‍റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. അവന്‍ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തില്‍ നിന്നു പുറപ്പെടുന്നവന്‍ തന്നേ നിന്‍റെ അവകാശിയാകും എന്നു അവനു യഹോവയുടെ അരുളപ്പാടുണ്ടായി. പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടു ചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. അവന്‍ യഹോവയില്‍ വിശ്വസിച്ചു; അതു അവന്‍ അവനു നീതിയായി കണക്കിട്ടു. പിന്നെ അവനോടു; ഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്ദയ പട്ടണമായ ഊരില്‍ നിന്നു നിന്നെ കൂട്ടികൊണ്ടു വന്ന യഹോവ ഞാന്‍ ആകുന്നു എന്നു അരുളിചെയ്തു. കര്‍ത്താവായ യഹോവേ, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളതു എനിക്കു എന്തൊന്നിനാല്‍ അറിയാം എന്നു അവന്‍ ചോദിച്ചു. അവന്‍ അവനോടു; നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടു കൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍ കുഞ്ഞിനെയും കൊണ്ടു വരിക എന്നു കല്പിച്ചു. ഇവയൊക്കെയും അവന്‍ കൊണ്ടുവന്നു ഒത്ത നടുവെ പിളര്‍ന്നു, ഭാഗങ്ങളെ നേര്‍ക്കു നേരെ വെച്ചു; പക്ഷികളെയോ അവന്‍ പിളര്‍ന്നില്ല. ഉടലുകളിന്മേല്‍ റാഞ്ചന്‍ പക്ഷികള്‍ ഇറങ്ങി വന്നപ്പോള്‍ അബ്രാം അവയെ ആട്ടിക്കളഞ്ഞു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിനു ഒരു ഗാഢ നിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെ മേല്‍ വീണു. അപ്പോള്‍ അവന്‍ അബ്രാമിനോടു; നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു. ആ ദേശക്കാരെ സേവിക്കും; അവന്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെ ശേഷം അവര്‍ വളരെ സമ്പത്തോടും കൂടെ പുറപ്പെട്ടു പോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിചെയ്തു. സൂര്യന്‍ അസ്തമിച്ചു. ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു; നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയിം നദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തു തന്നേ തന്നിരിക്കുന്നു എന്നു അരുളി ചെയ്തു”.
ദൈവവചനത്തിലുള്ള അബ്രഹാമിന്‍റെ വിശ്വാസം
ബൈബിളില്‍ കാണപ്പെടുന്ന അബ്രഹാമിന്‍റെ വിശ്വാസത്തെക്കുറിച്ച് എനിക്ക് വലിയ മതിപ്പും ആദരവുമുണ്ട്. നാം അബ്രഹാമിന്‍റെ വിശ്വാസം നോക്കിയാല്‍ യഹോവയുടെ വചനം പിന്തുടരുന്നതില്‍ തനിക്കുണ്ടായ വിശ്വാസശോധനകളെ നമുക്ക് കാണാന്‍ കഴിയും. ആയതിനാല്‍ അബ്രഹാമിന്‍റെ വിശ്വാസത്തെ ആദരിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല. ഉല്പത്തി 12:3 ല്‍ “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്ന് പറഞ്ഞതുപോലെ ദൈവം അബ്രഹാമിനെ വലിയ രീതിയില്‍ അനുഗ്രഹിച്ചു. ഈ മഹത്തായ അനുഗ്രഹം ഉല്പത്തി 15:1 ലും കാണാം. “ഞാന്‍ നിന്‍റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു” എന്ന് ദൈവം അബ്രഹാമിനോട് പ്രഖ്യാപിച്ചു. ദൈവം അബ്രഹാമിന്‍റെ സ്വന്തം ദൈവമാകുവാന്‍ തക്കവണ്ണം ഒരു പ്രത്യേക സ്നേഹം അബ്രഹാമിനോട് ദൈവത്തിനുണ്ടായിരുന്നു.
അബ്രഹാമിനെ കല്‍ദയ പട്ടണമായ ഊരില്‍ നിന്നും കൂട്ടികൊണ്ടു യഹോവ തന്നെ വെളിപ്പെടുത്തികൊണ്ട് അവനോട് പറഞ്ഞു. “ഞാന്‍ നിന്‍റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു”. ദൈവം ഇത് പറഞ്ഞപ്പോള്‍, അബ്രഹാം ദൈവത്തോട് തിരിച്ചു ചോദിച്ചു. “അങ്ങ് എനിക്ക് എന്തു തരും?” ദൈവത്തിന് എന്തു നല്‍കാന്‍ കഴിയുമെന്ന് ചോദിക്കുന്ന സംശയാസ്പദമായ ഹൃദയത്തില്‍ നിന്നും വന്ന അവിശ്വാസത്തിന്‍റെ വാക്കുകളല്ല ഇത്. മറിച്ച് ദൈവത്താല്‍ അനുഗ്രഹിക്കപ്പെടാനുള്ള അബ്രഹാമിന്‍റെ തീവ്രമായ ആഗ്രഹമാണിതില്‍ അടങ്ങിയിരിക്കുന്നത്. അപ്പോള്‍, അബ്രഹാം ദൈവത്തില്‍ നിന്നും അന്വേഷിച്ച അനുഗ്രഹം എന്തായിരുന്നു? ഇത് അബ്രഹാമിന്‍റെ ദൈവത്തോടുള്ള ചോദ്യത്തില്‍ വെളിപ്പെടുന്നു. “നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ? എന്‍റെ അവകാശി ഈ ദാസനായ ദമ്മേശെക്കുകാരനായ എലേസ്യര്‍, എന്‍റെ ദത്തുപുത്രനായി എന്‍റെ സകലത്തിനും അവകാശിയായിത്തീരും! നീ എനിക്കു എന്തു നല്കും?” തന്‍റെ സ്വന്തം മകനുവേണ്ടി അവന്‍ എന്തുമാത്രം തീവ്രമായി വാഞ്ചിച്ചിരുന്നു എന്നത് നമുക്കിവിടെ മനസ്സിലാക്കാം. തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് നിശ്ചയിച്ചവര്‍ക്ക് അബ്രഹാമിന്‍റെ ഈ അതിയായ വാഞ്ഛയില്‍ സഹതാപം തോന്നുകയില്ല. പക്ഷെ തന്‍റെ സ്വന്തം പുത്രന്‍ തന്‍റെ അവകാശിയാകണമെന്ന് അബ്രഹാം തീവ്രമായി ആഗ്രഹിച്ചു.
തന്‍റെ സ്വന്തം സാദൃശ്യത്തില്‍ ഉരുവാക്കിയ തന്‍റെ മക്കള്‍ക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കും എന്ന പോലെ തങ്ങളുടെ സ്വന്തമക്കള്‍ക്കും നല്കണമെന്ന് മനുഷ്യര്‍ക്കും ആഗ്രഹം ഉണ്ടാകും. അതിനാല്‍ “എന്‍റെ ദാസന്‍ എന്‍റെ അവകാശിയാകും” എന്ന് ദൈവത്തോട് അബ്രഹാം പറഞ്ഞപ്പോള്‍ ദൈവത്താല്‍ അനുഗ്രഹീതനാകുവാനും അതുവഴി തന്‍റെ സ്വന്തം പുത്രന്‍ തന്‍റെ അവകാശിയാകണമെന്ന് അബ്രഹാം എത്ര തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്ന് നമുക്കെല്ലാം തിരിച്ചറിയാന്‍ കഴിയും. അപ്പോള്‍ ദൈവം അബ്രഹാമിനോട് “അതു ശരിയല്ല, നിന്‍റെ ഉദരത്തില്‍ നിന്നു പുറപ്പെടുന്നവന്‍ തന്നെ നിന്‍റെ അവകാശിയാകും. ദമ്മേശെക്കുകാരനായ ദാസന്‍ എല്യാസര്‍ അല്ല, നിന്‍റെ ഭാര്യയുടെ ഉദരത്തില്‍ നിന്നു വരുന്നവന്‍ നിന്‍റെ അവകാശിയാകും.”
പിന്നെ ദൈവം അബ്രഹാമിനെ പുറത്തുകൊണ്ടു വന്നു, അവനോടു ആകാശത്തിലേക്കു നോക്കി നക്ഷത്രങ്ങളെ എണ്ണുവാന്‍ പറഞ്ഞു. അങ്ങനെ അബ്രഹാം മുകളിലേക്കു നോക്കി. ആകാശവീഥിയില്‍ ഉടനീളം എണ്ണമറ്റ നക്ഷത്രങ്ങളും മനോഹരമായ നക്ഷത്ര സമൂഹവും അവന്‍ കണ്ടു. ദൈവം അബ്രഹാമിനോടു, നിനക്ക് നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണാന്‍ പറഞ്ഞപ്പോള്‍ എണ്ണിത്തീര്‍ക്കുവാന്‍ കഴിയാത്ത എണ്ണം നക്ഷത്രങ്ങളുണ്ടെന്ന് അബ്രഹാം പറഞ്ഞു. അപ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ നിനക്കു സന്തതി നല്കുമെന്ന് ദൈവം വാഗ്ദത്തം നല്കി.
ദൈവം തനിക്കു നല്കിയ ഈ വാഗ്ദത്ത വചനത്തെ അബ്രഹാം വിശ്വസിച്ചു. അങ്ങനെയാണ് അവന്‍ ദൈവത്തിന്‍റെ സകല വചനങ്ങളും യഥാര്‍ത്ഥമായി വിശ്വസിച്ച വിശ്വാസത്തിന്‍റെ പിതാവായിത്തീര്‍ന്നത്. അപ്പോള്‍ ദൈവം അവനോടു പറഞ്ഞു. “നിന്‍റെ വിശ്വാസം ശരിയാണ്. നീ വാസ്തവമായും എന്‍റെ വചനം വിശ്വസിച്ചു. ആകയാല്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിനക്കു അനേകം സന്തതികളെ നല്കി ഞാന്‍ നിന്നെ അനുഗ്രഹിക്കും.”
അബ്രഹാമിന്‍റെ യാഗവും കനാന്‍ ദേശത്തെകുറിച്ചുള്ള ദൈവീക വാഗ്ദത്തവും
ദൈവം കല്ദയ ദേശത്തു നിന്നും അബ്രഹാമിനെ പുറത്തേക്കു വിളിച്ച്, അവനും അവന്‍റെ സന്തതികള്‍ക്കും കനാന്‍ ദേശത്തെ നല്കും എന്നു വാഗ്ദത്തം ചെയ്തു. ദൈവം ഈ വാഗ്ദത്തം പൂര്‍ത്തീകരിക്കും എന്നതിന്‍റെ തെളിവ് എന്തായിരുന്നു? ദൈവം അവനോട് പറഞ്ഞതില്‍ ഇത് കാണിക്കുന്നുണ്ട്. “നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള കോലാടിനെയും മൂന്നുവയസ്സുള്ള ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍ കുഞ്ഞിനെയും കൊണ്ടു വരിക. നിന്‍റെ സന്തതികള്‍ക്ക് കനാന്‍ദേശം നല്കും എന്ന് ഞാന്‍ ചെയ്ത ഉടമ്പടിയുടെ തെളിവുകളാണ് ഇവ”. അബ്രഹാമിന്‍റെ സന്തതികള്‍ തങ്ങളുടെ പാപത്തില്‍ നിന്നും ശുദ്ധി നേടുവാനായി ദൈവമുമ്പാകെ യാഗമര്‍പ്പിക്കേണ്ടിയിരുന്നു എന്ന് ഇത് നമ്മെ കാണിക്കുന്നു. ഈ വിശ്വാസത്താല്‍ അവര്‍ കനാന്‍ ദേശത്തു പ്രവേശിക്കും എന്നത് ദൈവത്തിന്‍റെ വാഗ്ദാനം ആയിരുന്നു.
യാഗാര്‍പ്പണവേളയില്‍ അബ്രഹാം ഗാഢനിദ്രയിലേക്ക് വീണപ്പോള്‍ ദൈവം അവനു മുന്‍പാകെ പ്രത്യക്ഷനായി ഇങ്ങനെ വാഗ്ദത്തം ചെയ്തു. “നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു 400 വര്‍ഷം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും. അവര്‍ അവരെ പീഡിപ്പിക്കും എന്നു നീ അറിഞ്ഞുകൊള്‍ക. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും. അതിന്‍റെ ശേഷം അവര്‍ വളരെ സമ്പത്തോടും കൂടെ പുറപ്പെട്ടു പോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും. നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങി വരും” (ഉല്പത്തി 15:13-16).
മറ്റൊരുതരത്തില്‍ യിസ്രായേല്‍ ജനത്തെ മിസ്രയിം ദേശത്തു വച്ചു സമ്പന്നരാക്കി തുടര്‍ന്ന് അവരെ കനാന്‍ ദേശത്തേക്കു നയിക്കും എന്നാണ് ദൈവം വാഗ്ദത്തം ചെയ്തത്. അതിലേക്കായി സമാഗമനകൂടാരത്തില്‍ യാഗങ്ങളെ അര്‍പ്പിക്കുവാനും അതുവഴി പാപത്തെ കഴുകിക്കളയുവാനും അവരെ ഒരുക്കുവാന്‍ അവന്‍ തീരുമാനിച്ചു. ഈ വാഗ്ദത്തം താന്‍ പാലിക്കും എന്ന് അബ്രഹാമിന് ഉറപ്പ് നല്‍കുവാനായി ദൈവം അബ്രഹാമിന്‍റെ പിളര്‍ന്നു വച്ച യാഗമൃഗങ്ങളുടെ നടുവിലൂടെ ഒരു പന്തം ദൈവം കടത്തിവിട്ടു.
ഈ രീതിയില്‍ അബ്രഹാമിന്‍റെ സന്തതിയെ തന്‍റെ സ്വന്തജനം ആക്കാം എന്നുള്ള ദൈവത്തിന്‍റെ വാഗ്ദത്തം യാഗവ്യവസ്ഥയിലെ പാപമോചനയാഗത്തിലൂടെ നിലവില്‍ വന്നു. “നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീം നദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിന്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍, അമോര്യര്‍, കനാന്യര്‍, ഗീര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തു തന്നേ തന്നിരിക്കുന്നു, എന്നും ദൈവം അബ്രഹാമിനു വാഗ്ദത്തം ചെയ്തു.” യാഗാര്‍പ്പണത്തിലൂടെ അബ്രഹാമിന്‍റെയും സന്തതികളുടെയും പാപങ്ങളെ കഴുകികളയുമെന്ന് കാണിക്കുവാനാണ് ദൈവം ഇത് വാഗ്ദത്തം ചെയ്തത്. അബ്രഹാമിനോടുള്ള ഈ ദൈവീക വാഗ്ദത്തത്തിന്‍റെ പൂര്‍ത്തീകരണം പഴയനിയമ ചരിത്രത്തിലുടനീളം കാണാം.
ദൈവം യോസേഫിനെ മിസ്രയിമിലെ പ്രധാനമന്ത്രിയാക്കുകയും യാക്കോബിന്‍റെ കുടുംബത്തെ മുഴുവനും മിസ്രയിമിലേക്ക് നയിച്ച് അവരെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. (ഉല്പത്തി 4:37-45, ഉല്പത്തി 47). എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍, മിസ്രയിമിന് യോസേഫ് ചെയ്ത പ്രധാന പൊതുസേവനത്തെക്കുറിച്ച് അറിയാത്ത ഒരു പുതിയ ഫറവോന്‍ ഭരണത്തില്‍ വരികയും ദേശത്ത് അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരുന്ന യിസ്രായേല്‍ ജനത്തെ പീഡിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. അധികം താമസിയാതെ, യിസ്രായേല്‍ ജനം അടിമകളാക്കപ്പെടുകയും മിസ്രയിമിനുവേണ്ടി അടിമവേല ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു (പുറപ്പാട് 1:8-14) എന്നിട്ടും, യിസ്രായേല്‍ ജനം തുടര്‍ന്നും അഭിവൃദ്ധി പ്രാപിക്കുകയും ഫറവോന്‍ അധികഭാരങ്ങളെ ചുമത്തി അവരെ വേദനിപ്പിക്കുകയും ചെയ്തു. അവസാനം തങ്ങളുടെ രക്ഷകനിലേക്ക് അവര്‍ നോക്കുന്നതുവരെ 400 വര്‍ഷകാലത്തെ മിസ്രയിമിലുള്ള യിസ്രയേലിന്‍റെ കഷ്ടപ്പാടുകളായിരുന്നു ഇത്.
മോശെയിലൂടെ ദൈവം അവരെ മിസ്രയിമില്‍ നിന്നും അതിന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടുത്തി (പുറപ്പാട് 14:21-25) അന്ന് മിസ്രയിമില്‍ നിന്നും രക്ഷപ്പെട്ട യിസ്രായേല്‍ ജനത്തിന് മോശെയിലൂടെ സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥകളെ നല്‍കുകയും തനിക്ക് യാഗമര്‍പ്പിക്കുന്നതിലൂടെ അവരുടെ പാപങ്ങളെ ശുദ്ധിയാക്കുകയും ചെയ്തു. അങ്ങനെ യിസ്രായേല്‍ ജനത്തിന് ദൈവത്തില്‍ നിന്നും ന്യായപ്രമാണവും (പുറപ്പാട് 20) സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥയും (ലേവ്യ 1-4) ലഭിച്ചു. ന്യായപ്രമാണത്തിലൂടെയും സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥകളിലൂടെയും തങ്ങളുടെ പാപത്തെ ക്ഷമിക്കുന്ന യാഗാര്‍പ്പണത്തെക്കുറിച്ച് യിസ്രായേല്യര്‍ അറിയുകയും ഈ സത്യത്തില്‍ വിശ്വസിച്ചവരെ ദൈവം തന്‍റെ സ്വന്തജനമാക്കി മാറ്റുകയും യിസ്രായേലിനെ ഒരു രാജകീയ പുരോഹിത വംശവും ദൈവത്തിന്‍റെ വിശുദ്ധ ജനവുമാക്കി തീര്‍ത്തു (പുറപ്പാട് 19:6).
അവസാനം യാഗവ്യവസ്ഥയിലൂടെ അബ്രഹാമിന് ദൈവം നല്‍കിയ വാഗ്ദത്തം അനുസരിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അവന് സന്തതികളെ നല്‍കുകയും അവര്‍ക്ക് കനാന്‍ദേശം നല്‍കുകയും ചെയ്യുമെന്നത് പൂര്‍ണ്ണമായും നിവര്‍ത്തിച്ചു എന്ന് നമുക്ക് കാണാന്‍ കഴിയും. യിസ്രായേല്യര്‍ മിസ്രയീം വിടുമ്പോള്‍ 20 വയസിനുമുകളില്‍ യുദ്ധം ചെയ്യാന്‍ കഴിവുള്ള പുരുഷന്മാര്‍ മാത്രം 6,00,000 ലധികമായിരുന്നു. ദൈവം അബ്രഹാമിനോടുള്ള തന്‍റെ വാഗ്ദത്തം പൂര്‍ണ്ണമായും നിറവേറ്റി.
ദൈവത്തിന്‍റെ വാഗ്ദത്ത വചനം അബ്രഹാം വിശ്വസിച്ച വിശ്വാസത്തെ കണ്ട്, ദൈവം അബ്രഹാമിന്‍റെ വിശ്വാസത്തെ അംഗീകരിച്ചു. ഈ വിശ്വാസം നിമിത്തം ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. മറ്റൊരു തരത്തില്‍, ദൈവം അബ്രഹാമിനെ സ്നേഹിക്കുകയും അനുഗ്രഹിക്കയും ചെയ്തതിന്‍റെ കാരണം ദൈവത്തിന്‍റെ വചനത്തിലുള്ള അവന്‍റെ വിശ്വാസമായിരുന്നു. അബ്രഹാം ദൈവത്തിന്‍റെ വചനം വിശ്വസിച്ചു, അവന്‍റെ വിശ്വാസത്താല്‍ ദൈവം പ്രസാദിച്ചു. ആകയാല്‍, അബ്രഹാമിന്‍റെ സന്തതികള്‍ക്ക് നല്‍കിയ യാഗവ്യവസ്ഥയിലൂടെ, പരിഛേദനയുടെ വാഗ്ദത്തം പൂര്‍ത്തീകരിക്കുവാനും അബ്രഹാമിലൂടെ യിസ്രായേല്‍ ദേശത്തെ പണിയുവാനും ദൈവം ആഗ്രഹിച്ചു.
ദൈവത്തിനുള്ള തന്‍റെ യാഗത്തിലൂടെ അബ്രഹാമിന്‍റെ വിശ്വാസത്തെ ദൈവം അംഗീകരിച്ചു എന്ന് നമുക്ക് കാണാം. നമ്മുടെ സകല പാപങ്ങളും നമ്മുടെ പ്രവൃത്തികളാലല്ല, ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസത്താല്‍ ക്ഷമിക്കപ്പെടുവാന്‍ ഈ വിശ്വാസം നമ്മെ അനുവദിക്കുന്നു. അബ്രഹാം ചെയ്തതുപോലെ തന്‍റെ വചനത്തില്‍ വിശ്വസിച്ച് യാഗാര്‍പ്പണത്തിലൂടെ തങ്ങളുടെ പാപങ്ങളെ മുറിച്ചു മാറ്റുന്ന ആത്മീയ പരിഛേദന സ്വീകരിച്ചവര്‍ക്ക് തന്‍റെ അനുഗ്രഹമായ കാനാന്‍ ദേശത്തെയും ദൈവം നല്‍കുന്നു. അപ്രകാരം അബ്രഹാമിന്‍റെ അതേ വിശ്വാസമാണ് ദൈവം നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നത്. നിങ്ങളും ഞാനും അബ്രഹാമിനെപ്പോലെ, അവന്‍റെ വചനങ്ങളെ ഹൃദയത്തില്‍ വിശ്വസിച്ച് ഇന്ന് പാപക്ഷമ പ്രാപിക്കണമെന്നും അതുവഴി ദൈവരാജ്യം അവകാശമാക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. പിതാവാം ദൈവം നമ്മുടെ പാപങ്ങളെ യേശുക്രിസ്തുവിന്‍റെ മേല്‍ തന്‍റെ സ്നാനത്തിലൂടെ കടത്തിവിട്ട് സകല മാനവജാതികള്‍ക്കും വേണ്ടി അവനെ “ദൈവത്തിന്‍റെ കുഞ്ഞാട്” ആക്കി മാറ്റി. അബ്രഹാം ചെയ്തതുപോലെ ഈ സത്യത്തില്‍ നമ്മളും വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നവരെ നിത്യമായി തന്‍റെ സ്വന്തജനമാക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു.
ദൈവവചനത്തിലുള്ള തന്‍റെ വിശ്വാസം നിമിത്തം അബ്രഹാം വളരെ അനുഗ്രഹിക്കപ്പെട്ടതുപോലെ ഇന്നും അബ്രഹാമിനുണ്ടായിരുന്ന വിശ്വാസം നേടുന്നതിലൂടെ എനിക്കും നിങ്ങള്‍ക്കും ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളും പ്രാപിക്കാമെന്ന് ദൈവം നമ്മെ കാണിക്കുന്നു.
അവന്‍റെ ന്യായപ്രമാണം പാലിക്കുന്നതില്‍ നാം പരാജയപ്പെട്ടുവെങ്കിലും, സമാഗമനകൂടാരത്തില്‍ വെളിപ്പെട്ട പാപമോചനത്തിലൂടെ നമ്മെയും ദൈവം തന്‍റെ ജനമാക്കിതീര്‍ത്തു. സമാഗമനകൂടാരത്തില്‍ വെളിപ്പെട്ട സത്യത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ തന്‍റെ നിത്യ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ദൈവം നമ്മെ യോഗ്യരാക്കുന്നു. അപ്രകാരം, സമാഗമനകൂടാരത്തില്‍ വെളിപ്പെട്ട ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നാമെല്ലാവരും ദൈവത്തിന്‍റെ ജനമാകണം. ദൈവം യേശുക്രിസ്തുവിനെ നമുക്ക് കാണിച്ചുവെന്നും സമാഗമനകൂടാരത്തിലൂടെ നമ്മുടെ രക്ഷ നല്‍കിയെന്നതും വിശ്വസിക്കുമ്പോള്‍ ദൈവത്തിന്‍റെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ നമുക്ക് പ്രാപിക്കും.
അബ്രഹാം ദൈവവചനത്തില്‍ വിശ്വസിച്ചതുപോലെ, നമ്മളും അവന്‍റെ വചനാടിസ്ഥാനത്തില്‍ ദൈവത്തില്‍ വിശ്വസിക്കണം
അബ്രഹാം അനുഗ്രഹിക്കപ്പെട്ടത് തന്‍റെ സദ്പ്രവൃത്തികളാലല്ല, മറിച്ച് ദൈവവചനത്തിലുള്ള തന്‍റെ വിശ്വാസത്താലാണ്. ന്യായപ്രമാണത്തിലൂടെ, നമ്മുടെ പാപങ്ങളെക്കുറിച്ച് അറിയുവാന്‍ ദൈവം നമുക്ക് അവസരം നല്‍കിയപ്പോള്‍, സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥയിലൂടെ ഊനമില്ലാത്ത യാഗമൃഗത്തിന്മേല്‍ നമ്മുടെ പാപങ്ങളെ കടത്തിവിട്ട് അതിന്‍റെ രക്തം ദൈവത്തിനു നല്കി, സകല പാപങ്ങളുടെയും മോചനം നേടുവാന്‍ അവന്‍ നമ്മെ ഒരുക്കി. ഇതേ രീതിയില്‍ തന്നെ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ ചുമന്നു, കുരിശിലെ തന്‍റെ മരണത്തിലൂടെ നമ്മുടെ പാപങ്ങളുടെ ന്യായവിധി സഹിച്ച്, മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിലൂടെ നമ്മുടെ സകലപാപങ്ങളെയും ക്ഷമിക്കുകയും ചെയ്തു. ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രം നമ്മുടെ സകല പാപങ്ങളും ക്ഷമിക്കപ്പെടുകയും നാം ദൈവമക്കളായി തീരുകയും ചെയ്യും. ഈ സത്യത്തില്‍ ഹൃദയപൂര്‍വ്വം വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ദൈവത്തിന്‍റെ സകല അനുഗ്രഹങ്ങളും നേടാനാകയുള്ളുവെന്ന് ബൈബിള്‍ നമ്മോടു പറയുന്നു. ഈ ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ ലോകത്ത് മറ്റൊരിടത്തു കാണാനാവാത്ത വിലയേറിയ അനുഗ്രഹമായ അവന്‍റെ രക്ഷയുടെ വചനത്തെ നാം നമ്മുടെ സ്വന്തമാക്കുന്നു.
എന്തുകൊണ്ടാണ് അബ്രഹാം ദൈവത്തില്‍ നിന്നും സമൃദ്ധമായ അനുഗ്രഹങ്ങള്‍ നേടിയത്? ദൈവം അവനോടു പറഞ്ഞ കാര്യത്തില്‍ അവന്‍ വിശ്വസിച്ചതിനാലാണ് അവന്‍ അനുഗ്രഹിക്കപ്പെട്ടത്. ഇന്നും നിങ്ങളും ഞാനും ബൈബിളില്‍ എഴുതിയിരിക്കുന്ന ദൈവവചനത്തില്‍ വിശ്വസിച്ചാല്‍ നമുക്കും അബ്രഹാമിന്‍റേതുപോലുള്ള വിശ്വാസം ലഭിക്കുകയും സ്വര്‍ഗ്ഗത്തിലെ അനേക അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യും. ഇത് ഒരു പ്രയാസമേറിയ കാര്യം അല്ല. നാം ദൈവജനമാണെന്ന് കാട്ടുവാനുള്ള തെളിവ് നാം ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മുടെ ഭക്തിയുടെ പ്രകടനങ്ങളാല്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുകയല്ല, മറിച്ച് ഹൃദയ പൂര്‍വ്വം അവന്‍റെ വചനം വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്.
അബ്രഹാമിന്‍റെ സന്തതികള്‍ക്ക് കനാന്‍ദേശം നല്‍കുമെന്ന് ദൈവം തന്‍റെ വചനത്തിലൂടെ അബ്രഹാമിന് വാഗ്ദത്തം നല്‍കി. സമാഗമനകൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്നതും പ്രവചിക്കപ്പെട്ടതുമായ യേശുവിന്‍റെ നാലുവിധ ശുശ്രൂഷകളിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിച്ചുവെന്ന് ഇന്നത്തെ കാലത്ത് ജീവിക്കുന്ന നാമെല്ലാം തീര്‍ച്ചയായും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കുന്നതിലൂടെ നാം പാപമോചനം നേടുകയും ദൈവമക്കളായി മാറുകയും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയും ചെയ്യും.
അവന്‍റെ വചനത്തില്‍ നാം പൂര്‍ണമായി വിശ്വസിക്കണം, കാരണം ദൈവത്തിന്‍റെ ഒരു വചനം പോലും വെറുതെ ആവില്ല. അവന്‍റെ വചനങ്ങളെല്ലാം സത്യവും നമ്മുടെ വിശ്വാസത്തിന് നിര്‍ണായക പ്രധാന്യം ഉള്ളതുമാണ്. അവന്‍റെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും വചനത്തെ ഉറപ്പായും നാം അറിയുകയും തെറ്റുകൂടാതെ അതില്‍ വിശ്വസിക്കുകയും വേണം. എന്തുകൊണ്ട്? കാരണം ഇതാണ് പരമമായ സത്യം! നിങ്ങളിത് വിശ്വസിക്കുന്നുവോ? നിങ്ങള്‍ ഹൃദയപൂര്‍വ്വം ഈ സത്യത്തെ വിശ്വസിക്കുന്നുവെങ്കില്‍ വായ്കൊണ്ട് ഏറ്റുപറയുന്നുവെങ്കില്‍, നിങ്ങള്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടും. “ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു” (റോമര്‍ 10:10). ഇതിനാലാണ് വിശ്വാസം ഇത്രയും പ്രധാനമായിരിക്കുന്നത്. നമ്മുടെ പൂര്‍ണ്ണഹൃദയത്തോടെ ദൈവവചനത്തില്‍ വിശ്വസിക്കണമെന്നതും അതിപ്രധാനമാണ്. മനുഷ്യര്‍ പറയുന്നത് നാം വിശ്വസിക്കരുത് എന്നതാണ് നമുക്ക് നിര്‍ണ്ണായകം, മറിച്ച് ദൈവത്തിന്‍റെ എഴുതപ്പെട്ട വചനം വിശ്വസിക്കണം. നമ്മുടെ സ്വന്തം ചിന്തകളോ വിചാരങ്ങളോ അനുസരിച്ചല്ല വചനത്തില്‍ വിശ്വസിക്കുക എന്നതാണ് പ്രധാനം. അതിനാലാണ് ദൈവത്തിന്‍റെ ദാസന്മാരും മുമ്പെ രക്ഷിക്കപ്പെട്ടവരും ദൈവവചനം അതേപോലെ പ്രസംഗിച്ചിരുന്നത്.
പരിഛേദനയുടെ അടയാളത്തോടൊപ്പം ദൈവം അബ്രഹാമിനും അവന്‍റെ സന്തതികള്‍ക്കും തന്‍റെ ഉടമ്പടി നല്‍കുകയും സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥ നല്‍കുകയും ചെയ്തു. അതുവഴി അവര്‍ക്ക് വരുവാനുള്ള മശിഹായായ യേശുക്രിസ്തുവില്‍ വിശ്വസിക്കുവാനും, അവന്‍റെ സ്നാനത്തിലൂടെയും കുരിശിലെ രക്തത്തിലൂടെയും തങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെടുകയും ഈ വിശ്വാസം വഴി ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനും കഴിയും.
ദൈവത്തിന്‍റെ ഉടമ്പടി വചനങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിച്ചതിലൂടെ അബ്രഹാം മാത്രമല്ല അനുഗ്രഹിക്കപ്പെടുന്നത്. അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ അബ്രഹാമിനെപോലെ നാമെല്ലാവരും അനുഗ്രഹിക്കപ്പെടും.
നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനാണ് ദൈവം സമാഗമനകൂടാരം പണിതതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുവേണ്ടിയാണ് അബ്രഹാമിന്‍റെ സന്തതികളെ സീനായ് മലവരെയും കൊണ്ടുവന്ന് ദൈവം ന്യായപ്രമാണവും സമാഗമനകൂടാരത്തിലെ യാഗവ്യവസ്ഥയും നല്‍കിയത്. ഈ സത്യം ദൈവത്തിന്‍റെ കരുതലാണെന്ന് നാമെല്ലാവരും തിരിച്ചറിയണം.