• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-16] സാക്ഷ്യപെട്ടകത്തില്‍ മറഞ്ഞിരിക്കുന്ന ആത്മീയ മര്‍മ്മങ്ങള്‍ (പുറപ്പാട് 25:10-22)

2021.05.21 25
(പുറപ്പാട് 25:10-22)
“ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിനു രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നരമുഴം ഉയരവും വേണം. അതു മുഴുവനും തങ്കം കൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്‍റെ മേല്‍ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. അതിനു നാലു പൊന്‍വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറക്കേണം. ഖദിരമരം കൊണ്ടു തൂണുകള്‍ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം. തണ്ടുകളാല്‍ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ അവ ചെലുത്തേണം. തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളില്‍ ഇരിക്കേണം. അവയെ അതില്‍ നിന്ന് ഊരരുത്. ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തില്‍ വയ്ക്കേണം. തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കേണം. അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം. കൃപാസനത്തിന്‍റെ രണ്ടറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം. ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്‍ നിന്നുളളവയായി അതിന്‍റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം. കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ഇരിക്കേണം. കൃപാസനത്തെ പെട്ടകത്തിന്‍മീതെ വയ്ക്കേണം. ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം. അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്‍ നിന്നും സാക്ഷ്യ പെട്ടകത്തിന്മേല്‍ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍ മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിചെയ്യും”.
 

സാക്ഷ്യപെട്ടകമാണ് ഇന്നത്തെ വിഷയം. ഖദിരമരം കൊണ്ട് ഉണ്ടാക്കുകയും തങ്കം കൊണ്ട് പൂശുകയും ചെയ്തിരിക്കുന്ന സാക്ഷ്യപെട്ടകത്തിന്‍റെ നീളം 113 സെ.മീ (3.7 അടി) വീതി 68 സെ.മീ (2.2 അടി) ഉയരം 68 സെ.മീ (2.2 അടി) ആണ്. സാക്ഷ്യപെട്ടകത്തിനകത്ത് പത്തു കല്പനകള്‍ കൊത്തിയ രണ്ടു കല്പലകകള്‍, മന്നാ ഇട്ടുവച്ച പൊന്‍പാത്രം എന്നിവ വച്ചിരുന്നു. അഹരോന്‍റെ തളിര്‍ത്ത വടി പിന്നീട് ഇതിനോട് ചേര്‍ത്തു. അപ്പോള്‍, സാക്ഷ്യപെട്ടകത്തില്‍ വച്ചിരുന്ന ഈ മൂന്ന് വസ്തുക്കള്‍ നമ്മോട് എന്താണ് പറയുന്നത്? ഈ വസ്തുക്കളിലൂടെ യേശുക്രിസ്തുവിന്‍റെ മൂന്നു ശുശ്രൂഷകളെക്കുറിച്ച് സമഗ്രമായ ഒരു വിശദീകരണം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാക്ഷ്യപെട്ടകത്തിനകത്ത് വച്ചിരിക്കുന്ന ഈ മൂന്നു വസ്തുക്കളില്‍ വെളിപ്പെടുന്ന ആത്മീയ സത്യത്തെ നമുക്ക് പരിശോധിക്കാം.
 

ന്യായപ്രമാണം കൊത്തിവച്ചിരിക്കുന്ന രണ്ട് കല്പലകകള്‍

സാക്ഷ്യപെട്ടകത്തിനകത്ത് വച്ചിരുന്ന ന്യായപ്രമാണം കൊത്തിവച്ചിരിക്കുന്ന രണ്ട് കല്പലകകള്‍ നമുക്ക് കല്പനകള്‍ നല്കിയ ദൈവമാണ് ന്യായപ്രമാണ കര്‍ത്താവ് എന്ന് നമ്മോടു പറയുന്നു. റോമര്‍. 8:1-2 പറയുന്നു. “അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തു യേശുവിലുള്ളവര്‍ക്കു ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍ നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു”. ഈ വേദഭാഗത്തില്‍ നിന്നും ദൈവം നമ്മുടെ ഹൃദയത്തില്‍ രണ്ടു നിയമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. ജീവന്‍റെ പ്രമാണവും ശിക്ഷാവിധിയുടെ പ്രമാണവും.
ഈ രണ്ടു പ്രമാണങ്ങളിലൂടെ, സകല മനുഷ്യര്‍ക്കും കര്‍ത്താവ് ശിക്ഷാവിധിയും രക്ഷയും നല്‍കി. ആദ്യം തന്നെ, നാമെല്ലാവരും ഒഴിവാക്കാനാവാത്തവിധം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണെന്ന് ഈ പ്രമാണത്തിലൂടെ നമുക്ക് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍, തങ്ങളുടെ പാപപൂര്‍ണ്ണമായ സ്വഭാവത്തെക്കുറിച്ചും നാശകരമായ വിധിയെക്കുറിച്ചും അറിയുന്നവര്‍ക്കായി ദൈവം തന്‍റെ രക്ഷയുടെ പ്രമാണം, ക്രിസ്തുയേശുവിലുള്ള ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം, നല്‍കിയിട്ടുണ്ട്. ഈ രണ്ടു പ്രമാണങ്ങള്‍ നല്‍കിയതിലൂടെ ദൈവം സകലരുടെയും യഥാര്‍ത്ഥ രക്ഷകനായി തീര്‍ന്നിരിക്കുന്നു.
 

മന്നാ ഇട്ടുവച്ചിരിക്കുന്ന പൊന്‍പാത്രം

സാക്ഷ്യപെട്ടകത്തിനകത്തുള്ള പൊന്‍പാത്രത്തില്‍ മന്നയും ഉണ്ടായിരുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ 40 വര്‍ഷം ചെലവഴിച്ചപ്പോള്‍ ദൈവം ആകാശത്തുനിന്ന് അവര്‍ക്ക് ആഹാരം നല്‍കുകയും വിവിധ രീതികളില്‍ പാകം ചെയ്ത് ഈ മന്ന കഴിച്ച് യിസ്രായേല്‍ ജനം ജീവിക്കുകയും ചെയ്തു. കാഴ്ചയ്ക്ക് വെളുത്ത കൊത്തമ്പാലരി പോലുള്ള ഇതിന് തേന്‍ ചേര്‍ത്തു ചുട്ട ദോശയുടെ സ്വാദായിരുന്നു. യിസ്രായേല്‍ ജനം കനാന്‍ ദേശത്ത് എത്തുന്നതുവരെയും ദൈവം നല്‍കിയ മന്നയാണ് അവരുടെ ജീവന്‍ കാത്തത്. അതിനാല്‍ തന്നെ, ഈ ആഹാരവസ്തുവിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇതിനെ ഒരു പാത്രത്തില്‍ ഇട്ടുവച്ചിരുന്നത്.
ഇന്നത്തെ വിശ്വാസികളായ നമ്മളും, ദൈവത്തിന്‍റെ ആത്മീയ മക്കള്‍, സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതുവരെ ഈ ലോകത്തിലായിരിക്കുമ്പോള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ടുന്ന ജീവന്‍റെ അപ്പം കഴിക്കണമെന്നാണ് ഇത് നമ്മോടു പറയുന്നത്. പക്ഷേ നാം ലോകത്തിന്‍റെ അപ്പം, അതായത് ദൈവവചനത്തിനു പകരം ഈ ലോകത്തിന്‍റെ ഉപദേശങ്ങള്‍, ആഗ്രഹിക്കുന്ന സമയങ്ങള്‍ ഉണ്ടാകാറുണ്ട്. എങ്കിലും കനാന്‍ എന്ന ആത്മീയ നാടില്‍ എത്തുവോളം ദൈവമക്കള്‍ വാസ്തവമായും യഥാര്‍ത്ഥമായും ജീവിക്കേണ്ടത് ദൈവവചനം കൊണ്ടായിരിക്കണം. സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കിറങ്ങിവന്ന യഥാര്‍ത്ഥ ജീവന്‍റെ ആത്മീയ അപ്പമാണ് ഇത്.
യഥാര്‍ത്ഥ ജീവന്‍റെ അപ്പം എന്നെന്നും കഴിച്ചതുകൊണ്ട് ആരും ഒരിക്കലും ക്ഷീണിച്ചു പോകില്ല. നമുക്കു എത്രത്തോളം ആത്മീയ അപ്പം ലഭിക്കുമോ അത്രയധികം യഥാര്‍ത്ഥ ജീവന്‍ നമ്മുടെ ആത്മാവിനു ലഭിക്കും. എന്നാല്‍ ദൈവവചനത്തിനു പകരം ലോകത്തിന്‍റെ ഉപദേശങ്ങളായ അപ്പത്തെയാണ് നാം കഴിക്കുന്നതെങ്കില്‍ നമ്മുടെ ആത്മാക്കള്‍ മരണത്തില്‍ ചെന്നവസാനിക്കും.
സ്വര്‍ഗ്ഗത്തില്‍ നിന്നും പൊഴിഞ്ഞ മന്ന ഒരു പാത്രത്തിലിട്ട് സൂക്ഷിച്ചു വയ്ക്കണമെന്ന് യിസ്രായേല്‍ ജനത്തോട് ദൈവം കല്പിച്ചിരുന്നു. പുറപ്പാട് 16:33-ല്‍ കാണിച്ചിരിക്കുന്നതുപോലെ, ദൈവം പറഞ്ഞു, “ഒരു പാത്രം എടുത്ത് അതില്‍ ഒരിടങ്ങഴി മന്നാ ഇട്ട് നിങ്ങളുടെ തലമുറകള്‍ക്കു വേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വെച്ചുകൊള്‍ക”. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന ആ മന്ന ജനങ്ങളുടെ ആത്മാവിനു വേണ്ടിയുള്ള യഥാര്‍ത്ഥ ജീവന്‍റെ അപ്പമായിരുന്നു. “അവന്‍ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, യഹോവയുടെ വായില്‍ നിന്നു പുറപ്പെടുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്‍റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു” (ആവര്‍ത്തനപുസ്തകം 8:3).
 

ആരാണ് നമുക്കായുള്ള ജീവന്‍റെ യഥാര്‍ത്ഥ അപ്പം?

നമ്മുടെ പാപങ്ങളെ തന്‍റെ ശരീരത്തില്‍ വഹിക്കുവാനായി യേശുക്രിസ്തു സ്വീകരിച്ച സ്നാനവും അവന്‍റെ ക്രൂശീകരണവും രക്തം ചിന്തലുമാണ് നമ്മുടെ യഥാര്‍ത്ഥ ജീവന്‍റെ അപ്പം. നമുക്ക് തന്‍റെ മാംസവും രക്തവും നല്‍കിയതിലൂടെ യേശുക്രിസ്തു നിത്യജീവന്‍റെ അപ്പമായി തീര്‍ന്നു. യോഹന്നാന്‍ 6:48-58 നമ്മോടു പറയുന്നു “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു. ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു. ആകയാല്‍ യെഹൂദന്മാര്‍: നമുക്കു തന്‍റെ മാംസം തിന്നേണ്ടതിന്നു തരുവാന്‍ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു. തമ്മില്‍ വാദിച്ചു. യേശു അവരോടു പറഞ്ഞതു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നെല്പിക്കും. എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു. എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍ മൂലം ജീവിക്കുന്നതു പോലെ എന്നെ തിന്നുന്നവന്‍ എന്‍മൂലം ജീവിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങി വന്ന അപ്പം ഇതു ആകുന്നു. പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും”. 
നമ്മുടെ കര്‍ത്താവ് പറഞ്ഞു, “സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും”. “സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന അപ്പം” എന്തായിരുന്നു? ഇത് അര്‍ത്ഥമാക്കുന്നത് യേശുവിന്‍റെ മാംസത്തെയും രക്തത്തെയും ആണ്. വേദപുസ്തകത്തില്‍ യേശുവിന്‍റെ മാംസം നമ്മോടു പറയുന്നത്, യോര്‍ദ്ദന്‍ നദിയില്‍ യോഹന്നാനാല്‍ സ്നാനമേറ്റ് യേശുക്രിസ്തു ലോകത്തിന്‍റെ പാപം ഏറ്റെടുത്തു എന്നാണ്. യേശുവിന്‍റെ രക്തം നമ്മോടു പറയുന്നത് യേശു സ്നാനമേറ്റതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ വഹിച്ചു എന്നും ക്രൂശിക്കപ്പെട്ടതിലൂടെ പാപത്തിന്‍റെ ശിക്ഷാവിധി സഹിച്ചു എന്നുമാണ്.
യിസ്രായേല്യര്‍ മരുഭൂമിയിലായിരുന്നപ്പോള്‍ അവരുടെ ജീവന്‍റെ അപ്പം സാക്ഷ്യപെട്ടകത്തിനകത്തു വച്ചിരുന്ന പാത്രത്തിലെ മന്നയായിരുന്നു. പുതിയ നിയമ കാലത്ത് ഇതിന്‍റെ ആത്മീയ അര്‍ത്ഥം സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്‍റെ ശരീരത്തെയാണ്. ഈ സത്യം കാണിക്കുന്നത് സകല പാപികളുടെയും അകൃത്യങ്ങളെ യേശു ചുമന്നെടുത്ത സ്നാനത്തെയും അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തത്തെയും ആണ്. തന്‍റെ സ്നാനത്തിലൂടെ യേശുക്രിസ്തു തന്‍റെ ശരീരത്തില്‍ ഈ ലോകത്തിന്‍റെ സകല പാപങ്ങളും ഏറ്റെടുത്തതുകൊണ്ട്, അവന്‍റെ സ്നാനവും രക്തം ചൊരിയലും വിശ്വാസികളെ വീണ്ടും ജനനം പ്രാപിക്കാന്‍ സഹായിക്കുന്ന പുതുജീവിതത്തിന്‍റെ നിത്യമായ അടിസ്ഥാനങ്ങളാണ്.
സകല പാപികളെയും പാപമോചനം പ്രാപിക്കാന്‍ സഹായിക്കുന്ന ജീവന്‍റെ അപ്പങ്ങളാണ് തന്‍റെ സ്നാനത്തിലൂടെ പാപികളുടെ അന്യായങ്ങളെ ചുമന്ന യേശുവിന്‍റെ മാംസവും ക്രൂശില്‍ ചൊരിഞ്ഞ അവന്‍റെ രക്തവും. “നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്കു ഉള്ളില്‍ ജീവന്‍ ഇല്ല” (യോഹന്നാന്‍ 6:53) എന്ന് യേശു എന്തുകൊണ്ട്പറഞ്ഞു എന്നതിന്‍റെ കാരണം നാം തിരിച്ചറിയണം.
 

ആരാണ് വലിയവന്‍?

യോഹന്നാന്‍ 6-ല്‍ നാം നോക്കുമ്പോള്‍, ആ സമയത്ത് അധികം യഹൂദന്മാരും മോശെയെ യേശുവിനെക്കാളും വലിയവനായി പരിഗണിച്ചിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയും. ഈ ഭൂമിയിലേക്ക് യേശു വന്നപ്പോള്‍ അവര്‍ അവനോട് ചോദിച്ചു, “ഞങ്ങളുടെ പിതാവായ മോശെയെക്കാളും നി വലിയവനാണോ?” വാസ്തവത്തില്‍, സകലരിലും വലിയവനായി അവര്‍ മോശെയെ പരിഗണിച്ചിരുന്നു. യേശുവിനെ മശിഹയായി തിരിച്ചറിയാന്‍ യഹൂദന്മാര്‍ പരാജയപ്പെട്ടതുകൊണ്ട്, അവര്‍ അവനെ ഒരു കരടായി കണ്ടു. അതുകൊണ്ട് അവര്‍ അവനെ വെല്ലുവിളിച്ചുകൊണ്ട് ചോദിച്ചു. “നീ മോശെയെക്കാളും വലിയവനാണോ?” യിസ്രായേല്‍ ജനങ്ങള്‍ യഹോവയാം ദൈവത്തില്‍ വിശ്വസിച്ചിരുന്നപ്പോഴാണ് 30 വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ വാദിക്കുന്നത്, “നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ. ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും”. ഇതുകൊണ്ടാണ് മോശെയുടെയും യേശുവിന്‍റെയും ശക്തികളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ അവര്‍ തുനിഞ്ഞത്.
പിന്നീട് “അബ്രഹാമിനു മുമ്പെ ഞാനുണ്ടായിരുന്നു” എന്ന് യേശു പ്രഖ്യാപിച്ചതുപോലെ, സൃഷ്ടാവായതുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിലെ മുഴുവന്‍ മാനവജാതിയിലും വച്ച് ഏറ്റവും വലിയവനാണ് അവന്‍. കേവലം വെറും സൃഷ്ടികള്‍ തങ്ങളുടെ സൃഷ്ടാവിനെ വെല്ലുവിളിക്കാന്‍ എങ്ങനെ തയ്യാറാകും? അങ്ങനെയാണെങ്കിലും ചില ആള്‍ക്കാര്‍ ഇപ്പോഴും യേശുവിനെ ഒരു മഹാനായ ഗുരുവായും മനുഷ്യചരിത്രത്തിലെ കേവലം ഒരു മഹാനായ സന്യാസിയായും മാത്രം ഇപ്പോഴും പറയുന്നു. എന്തൊരു ദൈവദൂഷണം! യേശു ദൈവമാണ്, രാജാധിരാജാവാണ്, മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും സൃഷ്ടിതാവാണ്. അവന്‍ സര്‍വ്വ ശക്തനും സര്‍വ്വ വ്യാപിയുമായ ദൈവമാണ്. എന്നിട്ടും അവന്‍ താഴ്മ ധരിച്ച് നമ്മുടെ സകല പാപങ്ങളില്‍ നിന്നും നിത്യമരണത്തില്‍ നിന്നും എന്നെയും നിങ്ങളെയും രക്ഷിക്കാനായി മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്നു, നമ്മുടെ യഥാര്‍ത്ഥ രക്ഷകനായി തീര്‍ന്നു.
യേശുക്രിസ്തു പറഞ്ഞു, “എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചക പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടു പഠിച്ചവന്‍ എല്ലാം എന്‍റെ അടുക്കല്‍ വരും. പിതാവിനെ ആരെങ്കിലും കണ്ടിട്ടു എന്നല്ല. ദൈവത്തിന്‍റെ അടുക്കല്‍ നിന്നു വന്നവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ”. അവസാനം യെഹൂദന്മാര്‍ കാത്തിരിക്കുന്ന ക്രിസ്തു താനാണെന്ന് യേശു ആത്യന്തികമായി ഉറപ്പിച്ചു പറഞ്ഞു. എന്താണ് യേശു പറഞ്ഞതെന്ന് മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനെ വിശ്വസിക്കുവാനോ സ്വീകരിക്കുവാനോ അവര്‍ക്കു കഴിഞ്ഞില്ല, അവര്‍ അത്ഭുതപ്പെട്ടതുപോലെ ഭയാനകമായ ഒരു തെറ്റിദ്ധാരണ ഇതിന്‍റെ ഫലമായി ഉണ്ടായി. “നമുക്കു തന്‍റെ മാംസം തിന്നേണ്ടതിനു തരുവാന്‍ നിനക്കു എങ്ങനെ കഴിയും? ഞങ്ങള്‍ യഥാര്‍ത്ഥമായും നിന്‍റെ മാംസം തിന്നുകയും നിന്‍റെ രക്തം കുടിക്കുകയും ചെയ്താല്‍ ഞങ്ങള്‍ നിത്യ ജീവന്‍ പ്രാപിക്കും എന്നാണോ നീ പറയുന്നത്? ഇവിടെയുള്ള ഒരു തരം നരഭോജികളാണ് ഞങ്ങള്‍ എന്നു നി ചിന്തിക്കുന്നുവോ?”
എന്നാല്‍ യേശുവിന്‍റെ മാംസം ഭക്ഷിക്കുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവന്‍ നിത്യകാലം ജീവിക്കും. യേശുവിന്‍റെ ശരീരമാണ് ജീവന്‍റെ അപ്പം. ജീവന്‍റെ അപ്പമായ, ഈ കലത്തില്‍ ഇട്ടുവച്ചിരിക്കുന്ന മന്നയുടെ യഥാര്‍ത്ഥ പൊരുള്‍ യേശുക്രിസ്തുവിന്‍റെ മാംസവും രക്തവുമാണ്. ഈ ഭൂമിയിലേക്ക് കടന്നുവന്നതിലൂടെയും തന്‍റെ മാംസവും രക്തവും തന്നതിലൂടെയും ജീവന്‍റെ അപ്പം ഭക്ഷിക്കുവാനും നിത്യജീവന്‍ പ്രാപിക്കുവാനും യേശു നമ്മെ സഹായിച്ചു.
അപ്പോള്‍, എങ്ങനെ സകലര്‍ക്കും യേശുവിന്‍റെ മാംസം തിന്നാനും അവന്‍റെ രക്തം കുടിക്കാനും കഴിയും? യേശുവിന്‍റെ മാംസം തിന്നാനും അവന്‍റെ രക്തം കുടിക്കാനുമുള്ള ഏകമാര്‍ഗ്ഗം യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശിലെ രക്തത്തിലും വിശ്വസിക്കുകയാണ്. വിശ്വാസത്താല്‍ നാമെല്ലാവരും യേശുവിന്‍റെ മാംസം തിന്നുകയും രക്തം കുടിക്കുകയും വേണം. എനിക്കും നിങ്ങള്‍ക്കും പാപമോചനം നല്‍കുവാനും സ്വര്‍ഗ്ഗരാജ്യത്തില്‍ എന്നേക്കും വാഴുവാന്‍ നമ്മെ സഹായിക്കുവാനും വേണ്ടി, നമ്മുടെ കര്‍ത്താവ് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ഒരിക്കലായി സ്നാനപ്പെടുകയും തന്‍റെ രക്തം ചൊരിയുകയും ചെയ്തു. നമ്മുടെ ആത്മാവിനു വേണ്ട ആഹാരമായി അവന്‍ തീരുകയും ചെയ്തു. ഇപ്പോള്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ദൈവവചനത്തില്‍ വിശ്വസിക്കുന്നതിലൂടെ, ഈ ആത്മീയ ആഹാരം ഭക്ഷിക്കുവാനും നിത്യജീവന്‍ പ്രാപിക്കുവാനും നമുക്ക് കഴിയും.
എപ്രകാരം യേശുവിന്‍റെ ശരീരം ഭക്ഷിക്കുവാനും അവന്‍റെ രക്തം കുടിക്കുവാനും കഴിയും എന്നു നമുക്ക് കുറച്ചുകൂടി വിശദമായി പരിശോധിക്കാം. ഞാനും നിങ്ങളും നന്നായി അറിയുന്നതുപോലെ തന്നെ, യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്ന്, 30-മത്തെ വയസ്സില്‍ യോഹന്നാനാല്‍ സ്നാനമേറ്റ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപത്തെ ചുമന്നു, എന്നിട്ട് ക്രൂശില്‍ രക്തം വാര്‍ത്ത് മരിച്ചതിലൂടെ നമ്മുടെ പാപങ്ങളുടെ സകലശിക്ഷാവിധിയും അവന്‍ ഏറ്റെടുത്തു. ഈ യഥാര്‍ത്ഥ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ അവന്‍റെ മാംസം ഭക്ഷിക്കുവാനും രക്തം കുടിക്കുവാനും നമുക്ക് കഴിയും. യേശു സ്വീകരിച്ച സ്നാനത്തിലൂടെ മനുഷ്യവര്‍ഗത്തിന്‍റെ പാപങ്ങള്‍ യേശുവിന്‍റെ ശരീരത്തിലേയ്ക്ക് പ്രവേശിച്ചതിനാല്‍ പാപത്തിന്‍റെ കഴുകല്‍ പൂര്‍ത്തിയാക്കപ്പെട്ടു. അവന്‍റെ രക്തം കുടിക്കുക എന്നത് അര്‍ത്ഥമാക്കുന്നത് യേശു സ്നാനമേറ്റ് ക്രൂശില്‍ അവന്‍റെ രക്തം ചൊരിഞ്ഞു എന്നതിനെയാണ്. ഈ രക്തം എന്നത് നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി ഏറ്റെടുക്കുന്നതിനുവേണ്ടി അവന്‍ ചൊരിഞ്ഞ രക്തമാണ്.
അപ്രകാരം യേശുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ ഹൃദയങ്ങളിലെ ദാഹം ശമിച്ചവരായി തീരുന്നു. കാരണം തങ്ങളുടെ സകല പാപങ്ങളുടെയും ശിക്ഷാവിധി യേശു ചുമന്ന ക്രൂശിലെ ശിക്ഷയില്‍ പൂര്‍ണ്ണമായും അവസാനിച്ചു. ഈ സത്യം നാം തിരിച്ചറിയണം. നാം ഇതില്‍ വിശ്വസിക്കുകയും വേണം. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന് യോഹന്നാനാല്‍ സ്നാനമേറ്റതിലുടെ നമ്മുടെ പാപങ്ങളെ സ്വീകരിച്ചതുകൊണ്ട്, ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ ഒരിക്കലായി നമ്മുടെ സകല പാപങ്ങളും കഴുകപ്പെട്ടു.
വിശ്വാസത്താല്‍ യേശുവിന്‍റെ മാംസം ഭക്ഷിക്കുവാനും അവന്‍റെ രക്തത്തെ കുടിക്കുവാനും ദൈവം നമ്മോടു പറയുന്നു. കാരണം, യോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലുടെ സകലരുടെയും, ഒരാളുടെ പോലും അകൃത്യങ്ങള്‍ വിട്ടുകളയാതെ, പാപങ്ങളെ യേശു ചുമക്കുകയും ക്രൂശിലെ ശിക്ഷയ്ക്കായി അവന്‍ തന്‍റെ ശരീരത്തെ വിട്ടുകൊടുക്കുകയും വിലയേറിയ തന്‍റെ രക്തം ചിന്തുകയും ചെയ്തു. ഇതില്‍ വിശ്വസിക്കുന്നവരുടെ ഹൃദയം ശുദ്ധിയുള്ളതും ദാഹം അകന്നതും ആയിരിക്കും. കാരണം അവര്‍ തങ്ങളുടെ സകല പാപങ്ങളെയും കഴുകിക്കളയുകയും പാപത്തിന്‍റെ ശിക്ഷാവിധി വിശ്വാസത്താല്‍ ചുമക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്, “എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും, എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു” (യോഹന്നാന്‍ 6:55).
വളരെ ഉറപ്പായും, ഈ യേശുവാണ് വാസ്തവമായും രക്ഷകന്‍, നമ്മുടെ സകല പാപങ്ങളും കഴുകിക്കളഞ്ഞ് നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി ഏറ്റെടുത്ത ദൈവപുത്രന്‍. പാപത്തിന്‍റെ ശമ്പളം മരണമെന്ന് പ്രഖ്യാപിക്കുന്ന ന്യായപ്രമാണത്തില്‍ നിന്നും നമ്മെ സ്വതന്ത്രമാക്കുവാന്‍, നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ കഴുകുവാന്‍, സമ്മുടെ സകല ശിക്ഷയില്‍ നിന്നും നമ്മെ വിടുവിക്കുവാന്‍, രക്ഷകനും ദൈവപുത്രനുമായ ഏകന്‍ തന്‍റെ സ്വന്തം ശരീരം ക്രൂശില്‍ നല്‍കുകയും, തന്‍റെ രക്തം ചിന്തുകയും അതുവഴി വിശ്വസിക്കുന്നവരുടെ ഹൃദയം ശുദ്ധീകരിക്കുകയും അവരുടെ ദാഹം ശമിപ്പിക്കുകയും ചെയ്തു. ഇതാണ് യേശുവിന്‍റെ മാംസത്തിന്‍റെയും രക്തത്തിന്‍റെയും പ്രഭാവം.
മാനവജാതിയുടെ പാപങ്ങളും ശിക്ഷാവിധിയും ഏറ്റെടുത്ത രക്ഷകനാണ് യേശു. താന്‍, സ്വീകരിച്ച സ്നാനത്തിലൂടെ മാനവജാതിയുടെ പാപങ്ങളെ സ്വീകരിക്കുകയും ക്രൂശിതനാവുകയും ഈ പാപങ്ങളുടെ ശിക്ഷാവിധി ഏറ്റെടുക്കാനായി രക്തം ചൊരിയുകയും ചെയ്ത യേശുവാണ് രക്ഷകന്‍. നമ്മില്‍ നിന്നും അവങ്കലേക്ക് കടത്തിവിടപ്പെട്ട ലോകത്തിന്‍റെ പാപങ്ങളെ യേശു സ്വീകരിച്ചതു കാരണം ക്രൂശിക്കപ്പെട്ടതിലൂടെ അവന്‍ ചുമന്ന പാപത്തിന്‍റെ ശിക്ഷാവിധി നമ്മുടെ സ്വന്തം പാപങ്ങളുടെ ശിക്ഷാവിധി ആയിത്തീര്‍ന്നു.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപമോചനം നമുക്ക് പ്രാപിക്കാന്‍ കഴിയും. നമ്മുടെ സ്വന്തം പാപമോചനത്തിലുള്ളതുപോലെ യേശുവിന്‍റെ സ്നാനത്തിലും തന്‍റെ രക്തം ചിന്തലിലും നാം വിശ്വസിക്കണം. ആത്മീയമായി നമുക്ക് യേശുവിന്‍റെ ശരീരവും രക്തവും ഭക്ഷിക്കുവാനും പാനം ചെയ്യാനും കഴിയും എന്നുള്ള സത്യത്തിന്‍റെ ഈ സുവിശേഷത്തിലും വിശ്വസിക്കണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു, തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തു, ക്രൂശില്‍ നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി സഹിച്ചതിലൂടെ അവന്‍റെ ശരീരം ഭക്ഷിക്കാനും അവന്‍റെ രകതം കുടിക്കുവാനും കഴിവുള്ളവരാക്കി നിത്യജീവന്‍ പ്രാപിക്കാന്‍ കഴിഞ്ഞു എന്നും വിശ്വസിക്കണം. യേശുവിന്‍റെ സ്നാനത്തിലും രക്തം ചൊരിയലിലും വിശ്വസിക്കുന്നതിലൂടെ നമുക്കിപ്പോള്‍ അവന്‍റെ ശരീരം ഭക്ഷിക്കുവാനും അവന്‍റെ രക്തം കുടിക്കുവാനും കഴിയും. യേശുവിന്‍റെ സ്നാനത്തെയും ക്രൂശില്‍ അവന്‍ ചൊരിഞ്ഞ രക്തത്തെയും പാപമോചനത്തിനായുള്ള നമ്മുടെ ആഹാരമായി നാം കഴിക്കുന്നതിലൂടെ സകല പാപങ്ങളില്‍ നിന്നും നാം മോചിതരാകുന്നു. ഈ വിശ്വാസത്തിലൂടെ നമ്മുടെ പാപങ്ങളുടെ മോചനം പ്രാപിക്കാനും, ദൈവമക്കളാകുവാനും, ദൈവത്തിന്‍റെ രാജ്യത്തില്‍ നിത്യകാലം വാഴുവാനും നമുക്ക് കഴിയും.
 

അഹരോന്‍റെ തളിര്‍ത്ത വടി

സാക്ഷ്യപെട്ടകത്തിനകത്തു വച്ചിരുന്ന വസ്തുക്കളില്‍, അഹരോന്‍റെ തളിര്‍ത്ത വടി സൂചിപ്പിക്കുന്നത് നിത്യകാലം വാഴുന്ന സ്വര്‍ഗരാജ്യത്തിലെ മഹാപുരോഹിതനെയാണ്. അവനില്‍ കണ്ടെത്തുന്ന നിത്യജീവനെക്കുറിച്ചും ഇത് നമ്മോടു പറയുന്നു. ഇതിനെ കുറിച്ചുള്ള നമ്മുടെ ചിന്തകളെ വിശദമാക്കുന്നതിനുവേണ്ടി സംഖ്യാപുസ്തകം 16:1-2 ലേക്കു നമുക്കു തിരിയാം, “എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്‍റെ മകനായ യിസ്ഹാരിന്‍റെ മകന്‍ കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം, പേലെത്തിന്‍റെ മകനായ ഓന്‍ എന്നിവര്‍ യിസ്രായേല്‍ മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ 250 പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു”.
ഇവിടെ ഈ വേദഭാഗം നമ്മോടു പറയുന്നത്, ലേവ്യന്മാരെ കൂടാതെ, 250 സഭാപ്രധാനികളും ഒരുമിച്ചുകൂടി മോശെയ്ക്കു വിരോധമായി എഴുന്നേറ്റു. അവര്‍ പറഞ്ഞു, “മിസ്രയീം ദേശത്തു നിന്നും ഞങ്ങളെ നയിച്ചു കൊണ്ട് മോശെയും അഹരോനും എന്താണ് ഞങ്ങള്‍ക്ക് ചെയ്തു തന്നത്? ഞങ്ങള്‍ക്ക് മുന്തിരിത്തോട്ടങ്ങള്‍ തന്നോ? മരുപ്പച്ചയിലേക്ക് ഞങ്ങളെ നയിച്ചോ? ഞങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ എന്താണ് ചെയ്തു തന്നത്? ഈ മരുഭൂമിയില്‍ മരിച്ചു വീഴുവാനായിട്ടാണോ ഞങ്ങളെ നീ കൊണ്ടുവന്നത്? ദൈവത്തിന്‍റെ സേവകനെന്ന് സ്വയം വിളിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? ദൈവം നിങ്ങളിലൂടെ മാത്രമേ പ്രവൃത്തിക്കുകയുള്ളോ?” മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മോശെയുടെയും അഹരോന്‍റെയും നേതൃത്വത്തിനു എതിരായി ഒരു വിപ്ലവം അവിടെ ഉയര്‍ന്നു.
ആ സമയത്ത്, ദൈവം കോരഹിനോടും ദാഥാനോടും, വിപ്ലവം നയിച്ച മറ്റു സഭാനേതാക്കന്മാരോടും പറഞ്ഞു, “ഓരോ ഗോത്രത്തില്‍ നിന്നും വടി കൊണ്ടു വരിക, ഓരോരുത്തന്‍റെ വടിമേല്‍ അവന്‍റെ പേര്‍ എഴുതുക. സാക്ഷ്യകൂടാരത്തില്‍ ഈ വടികളെ വയ്ക്കുക. അവയെ ഒരു രാത്രി അവിടെ വച്ചിട്ട് പിറ്റെ ദിവസം പരിശോധിക്കുക”. പിന്നെയും ദൈവം പറഞ്ഞു, “ഞാന്‍ തിരഞ്ഞെടുക്കുന്നവന്‍റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേല്‍ മക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും” (സംഖ്യാപുസ്തകം 17:5). 8-മത്തെ വാക്യത്തില്‍ നാം കാണുന്നു, “പിറ്റന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു, പൂത്തു ബദാംഫലം കായിച്ചിരുന്നു.”
10-മത്തെ വാക്യത്തില്‍ നാം കാണുന്നു, “യഹോവ മോശെയോട്: അഹരോന്‍റെ വടി മത്സരികള്‍ക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്‍റെ മുമ്പില്‍ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന് എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും”. സാക്ഷ്യപെട്ടകത്തിനകത്ത് അഹരോന്‍റെ തളിര്‍ത്ത വടി വച്ചതും സൂക്ഷിച്ചതും ഇക്കാരണത്താലാണ്.
ഇത് കാണിക്കുന്നത് ലേവി വംശജനായ അഹരോന്‍, യിസ്രായേല്‍ മക്കളുടെ അഭിഷിക്തനായ മഹാപുരോഹിതനായിരുന്നു എന്നാണ്. മോശെ ദൈവത്തിന്‍റെ പ്രവാചകനും, അഹരോനും അവന്‍റെ സന്തതികളും യിസ്രായേല്‍ മക്കളുടെ മഹാപുരോഹിതന്മാരും ആയിരുന്നു. ഭൂമിയിലെ മഹാപുരോഹിതന്‍റെ ചുമതലകള്‍ ദൈവം തന്നെയായിരുന്നു അഹരോനെ ഭരമേല്പിച്ചത്. യിസ്രായേല്‍ ജനം പാപം ചെയ്യുമ്പോഴെല്ലാം കൊണ്ടുവന്ന് ദൈവത്തിന് അര്‍പ്പിക്കേണ്ടുന്ന യാഗവസ്തുക്കളെയും യാഗവ്യവസ്ഥയെയും ദൈവനിയമങ്ങള്‍ അനുസരിച്ച് തന്നെയാണോ നല്‍കുന്നത് എന്ന് നോക്കുവാനുളള മേല്‍നോട്ടക്കാരനായി അഹരോനെയും ദൈവം നിയമിച്ചു. മഹാപുരോഹിതനായ അഹരോനെ സകല പൗരോഹിത്യ ദൗത്യങ്ങള്‍ ദൈവം ഭരമേല്പിച്ചിട്ടു പോലും അവന്‍റെ പൗരോഹിത്യത്തെ വെല്ലുവിളിച്ച ജനങ്ങള്‍ അവിടെ ഉണ്ടായിരുന്നു, അതുകൊണ്ട് ദൈവം അഹരോന്‍റെ വടി തളിര്‍പ്പിച്ച്, അവന്‍റെ പൗരോഹിത്യം ദൈവത്തില്‍ നിന്നും വന്നതാണെന്ന് വിശദീകരിച്ചു. സാക്ഷ്യപെട്ടകത്തിനകത്ത് ഈ വടി സൂക്ഷിച്ചു കൊണ്ട് യിസ്രായേല്‍ മക്കള്‍ക്ക് ഈ പാഠത്തിന്‍റെ ഓര്‍മ്മയ്ക്കായി വച്ചു. അതുകൊണ്ടാണ് പത്തു കല്പനകള്‍ കൊത്തിയ രണ്ട് കല്പലകകള്‍, മന്നാ ഇട്ടുവച്ച പൊന്‍പാത്രം, തളിര്‍ത്ത അഹരോന്‍റെ വടി എന്നിവ സാക്ഷ്യപെട്ടകത്തിനകത്ത് വച്ചിരുന്നത്. ആത്മീയമായി ഈ മൂന്നു വസ്തുക്കളും എന്താണ് സൂചിപ്പിക്കുന്നത്? നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളെയാണ് ഇവ സൂചിപ്പിക്കുന്നത്.
 

നമ്മുടെ സകല പാപങ്ങളും തുടച്ചുനീക്കുവാനായി യേശുക്രിസ്തു ഏതൊക്കെ ശുശ്രൂഷകളാണ് പൂര്‍ത്തിയാക്കിയത്?

ആദ്യമായി, പ്രവാചകശുശ്രൂഷ അവന്‍ പൂര്‍ത്തിയാക്കി. അവന്‍ ആദിയും അന്ത്യവുമാണ്. ആരംഭവും അവസാനവും അവന്‍ അറിയുന്നു. ആരംഭത്തെയും അവസാനത്തെയും കുറിച്ചുള്ളതെല്ലാം അവന്‍ നമ്മെ പഠിപ്പിക്കുന്നു. നാം പാപത്തില്‍ തുടരുകയാണെങ്കില്‍ മാനവജാതിക്കും എനിക്കും നിങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്ന് നമ്മുടെ കര്‍ത്താവ് അറിയുന്നു.
രണ്ടാമത്, എന്നേക്കും നിലനില്‍ക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലെ മഹാപുരോഹിതനായി യേശു മാറി. സ്വയം നമ്മുടെ രക്ഷകനായി തീര്‍ന്ന് നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കാനും, സ്വര്‍ഗ്ഗരാജ്യത്തിലെ നമ്മുടെ യഥാര്‍ത്ഥ മഹാപുരോഹിതനായി തീര്‍ന്ന് നമ്മെ പൂര്‍ണമായി രക്ഷിക്കാനും അവന്‍ ആഗ്രഹിച്ചതുകൊണ്ട് അവന്‍ ഭൂമിയിലേയ്ക്ക് വന്നു.
മൂന്നാമതായി, യേശുക്രിസ്തു നമ്മുടെ രാജാവാണ്. ബൈബിള്‍ പ്രഖ്യാപിക്കുന്നു. “രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്‍റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു” (വെളിപ്പാട് 19:16). സകല പ്രപഞ്ചത്തിന്‍റെയും സൃഷ്ടിതാവ് അവനായതുകൊണ്ട് അതിലുള്ള ഓരോന്നിനെയും ഭരിക്കാനുള്ള അധികാരം അവനുണ്ട്.
നമ്മുടെ യഥാര്‍ത്ഥ രാജാവും, പാപത്തില്‍ നിന്നുള്ള നമ്മുടെ രക്ഷയുടെ സത്യത്തെ നമ്മെ പഠിപ്പിച്ച പ്രവാചകനും, സ്വര്‍ഗ്ഗത്തിലെ നിത്യമഹാപുരോഹിതനുമായ യേശുക്രിസ്തു, ഇപ്പോള്‍ നമ്മുടെ യഥാര്‍ത്ഥ രക്ഷകനായി മാറി എന്നു നാം തിരിച്ചറിയണം.
നമ്മുടെ കര്‍ത്താവ് എന്നെയും നിങ്ങളെയും പാപത്തില്‍ നിന്നും മോചിപ്പിച്ചു, ദൈവജനവും അവന്‍റെ മക്കളും അവന്‍റെ ശുശ്രൂഷകരും ആക്കി, നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ നമ്മെ സഹായിച്ചു. നമ്മുടെ ആത്മാക്കളെ അവന്‍ വീണ്ടും ജനിപ്പിച്ചതുകൊണ്ട് ഈ ഭൂമിയില്‍ പോലും നാം പുതിയ ജീവിതം നയിക്കും, അവന്‍ വരുന്ന സമയമാകുമ്പോള്‍ നമ്മുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുവാനും സ്വര്‍ഗത്തില്‍ അവനോടൊപ്പം എന്നേക്കും വാഴുവാനുമാണ് നമുക്ക് അവന്‍ പുതിയ ജീവിതം നല്‍കിയത്. എനിക്കും നിങ്ങള്‍ക്കും യേശുക്രിസ്തു ആരാണ്? അവന്‍ നമ്മുടെ യഥാര്‍ത്ഥ രക്ഷകനാണ്. നമ്മുടെ പ്രവാചകനും, നമ്മുടെ നിത്യമായ മഹാപുരോഹിതനും നമ്മുടെ രാജാവുമാണ് യേശുക്രിസ്തു.
ദൈവത്തിന്‍റെ ഹിതത്തോട് അനുസരണക്കേട് കാണിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലായ്പ്പോഴും പാപം ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യാനാകാത്തവിധം ബലഹീനരും കുറവുകള്‍ ഉള്ളവരും ആണ് നമ്മള്‍. നാം ഇങ്ങനെ ജീവിക്കുന്നത് തുടരുകയാണെങ്കിലും, ഇങ്ങനെ മരിക്കുകയാണെങ്കിലും അതിനുശേഷം ദൈവമുമ്പാകെ നില്‍ക്കുമ്പോള്‍, നമുക്ക് പോകേണ്ടിവരുന്ന അനുയോജ്യമായ സ്ഥലം ഏതാണ്? അത് സ്വര്‍ഗമാണോ അതോ നരകമാണോ? “പാപത്തിന്‍റെ ശമ്പളം മരണം” എന്നു പ്രഖ്യാപിക്കുന്ന നിയമപ്രകാരം നാമെല്ലാവരും വിധിക്കപ്പെടുകയാണെങ്കില്‍ നാമെല്ലാവരും നശിച്ചുപോകില്ലയോ? നമ്മെപ്പോലെ ഉള്ള ഇത്തരം ആള്‍ക്കാരെ പാപത്തില്‍ നിന്നും നാശത്തില്‍ നിന്നും രക്ഷിച്ച് നമ്മുടെ രക്ഷകനായി മാറിയവനാണ് യേശുക്രിസ്തു. അവന്‍ സ്വയം ഭൂമിയിലേക്ക് വന്ന്, നമ്മെ സ്നേഹിച്ച്, പാപത്തില്‍ നിന്ന് നമ്മെ രക്ഷിച്ച്, രക്ഷകനായി മാറി. അപ്രകാരം തന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ മഹാനായ ഇടയനായി തീര്‍ന്നു.
യോഹന്നാന്‍ 3:16 പറയുന്നു, “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”. അവന്‍ സ്വയം നമുക്കുവേണ്ടി ഭൂമിയിലേക്ക് ഇറങ്ങിവന്ന്, ലോകത്തിന്‍റെ പാപത്തെ ചുമക്കാന്‍ സ്നാനമേറ്റു, ക്രൂശിതനായി, ക്രൂശില്‍ മരിച്ചു, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. അപ്രകാരം യഥാര്‍ത്ഥമായും നമ്മുടെ രക്ഷകനായി മാറുവാന്‍ തക്കവണ്ണം ദൈവം എന്നെയും നിങ്ങളെയും സ്നേഹിച്ചു. ആയതിനാല്‍, നമ്മുടെ ഹൃദയങ്ങളില്‍ നമ്മുടെ രക്ഷകനായി മാറിയ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ, പാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടവരായും ദൈവമക്കളാകുവാനും നിത്യജീവന്‍ പ്രാപിക്കുവാനും നമ്മെ സഹായിക്കുന്ന രക്ഷ എന്ന പാരിതോഷികം പ്രാപിച്ചവരായും നാം മാറും. 
ദൈവമുമ്പാകെ വിശ്വസിക്കുന്നതിനു ഒരു കാര്യം നാം തീര്‍ച്ചയായും ഉറപ്പിക്കേണ്ടതുണ്ട്. ദൈവം നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുവാന്‍ വേണ്ടി അവന്‍ ഒരു മനുഷ്യജഡത്തില്‍ ഈ ഭൂമിയിലേക്ക് അവതരിക്കുകയും സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും മരണത്തില്‍ നിന്ന് ഉയിര്‍ക്കുകയും അതുവഴി നമ്മുടെ യഥാര്‍ത്ഥ രക്ഷകനായി തീരുകയും ചെയ്തു എന്നതാണ് അത്. നമ്മുടെ ഹൃദയങ്ങളിലെ വിശ്വാസത്താല്‍ യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നതിലൂടെയാണ് നിത്യജീവന്‍ നമ്മിലേക്ക് ചേര്‍ക്കപ്പെടുന്നത്. ഈ വസ്തുതയേക്കാള്‍ വ്യക്തമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ ഇതിനെ അംഗീകരിക്കുകയും ഇതില്‍ വിശ്വസിക്കുകയും മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.
വിശ്വാസത്താല്‍ നാം യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുകയും വേണം. യേശു പൂര്‍ത്തീകരിച്ച വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ആയതു പോലെ അംഗീകരിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ വിശ്വാസം പ്രാപിക്കാം. വിശ്വസിക്കുകയല്ലാതെ നമുക്ക് മറ്റെന്താണ് ചെയ്യുവാനുള്ളത്? ദൈവത്തിനു എതിരായി നില്‍ക്കുകയല്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ദൈവത്തോട് അനുസരണക്കേട് കാട്ടുവാനും പാപം ചെയ്യുവാനും നാം വളരെ തിടുക്കം കാട്ടുന്നു. എന്നാല്‍, ദൈവം നിങ്ങളെയും എന്നെയും നമ്മുടെ സകല പാപങ്ങളില്‍ നിന്നും ഒരിക്കലായി രക്ഷിച്ചു. കാരണം അവന്‍ നമ്മെ സ്നേഹിക്കുന്നു.
 

പഴയനിയമകാലത്ത് രക്ഷയെക്കുറിച്ച് ദൈവം സംസാരിച്ചത് എങ്ങനെ?

ഏതു രീതിയിലൂടെയാണ്, അപ്പോള്‍ ദൈവം നമ്മെ രക്ഷിച്ചത്? പഴയനിയമത്തില്‍, സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ വെളിപ്പെടുത്തപ്പെട്ട നിറങ്ങളിലൂടെയും പുരോഹിതന്‍ ധരിച്ചിരിക്കുന്ന അങ്കിയിലൂടെയും ആണ് അവന്‍ തന്‍റെ രക്ഷയെക്കുറിച്ച് സംസാരിച്ചത്. സമാഗമനകൂടാരത്തിന്‍റെ വാതിലില്‍ വെളിപ്പെടുത്തപ്പെട്ട നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞിനൂലും അവന്‍റെ പൂര്‍ണമായ രക്ഷയെ നമുക്ക് കാണിച്ചുതരുന്ന വെളിപ്പാടുകളാണ്. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ തങ്കനൂലും ചേര്‍ത്തിട്ടുണ്ട്.
നമ്മുടെ രക്ഷകനായി യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ടതിലൂടെ നമ്മുടെ പാപങ്ങളെ ഏറ്റെടുത്തു എന്നാണ് നീലനൂല്‍ നമ്മോടു പറയുന്നത്. ധൂമ്രനൂല്‍ നമ്മോടു പറയുന്നത്, യേശുക്രിസ്തു രാജാധിരാജാവും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച സൃഷ്ടാവായ ദൈവവും എന്നാണ്. ചുവപ്പു നൂല്‍ നമ്മോടു പറയുന്നത്, തന്‍റെ സ്നാനത്തിലൂടെ യേശുക്രിസ്തു നമ്മുടെ പാപങ്ങളെ ഏറ്റെടുത്തു എന്നും, അവന്‍ ലോകത്തിന്‍റെ പാപത്തെ വഹിച്ചു, തന്‍റെ രക്തം ചിന്തിയും മരണപ്പെട്ടും ക്രൂശില്‍ അവരുടെ ശിക്ഷാവിധി ഏറ്റു, അതിന്‍പ്രകാരം നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധിയില്‍ നിന്നും നമ്മെ വീണ്ടെടുത്തുകൊണ്ട് നമുക്കു രക്ഷ നല്കി എന്നുമാണ്.
നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, സ്നാനമേറ്റ്, ക്രൂശില്‍ മരിച്ച്, മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, അതിന്‍പ്രകാരം യഥാര്‍ത്ഥമായി വിശ്വസിക്കുന്നവരുടെ പാപങ്ങള്‍ നീക്കിക്കളഞ്ഞു, അവരുടെ ആത്മാക്കളെ തൂമഞ്ഞു പോലെ കഴുകി വെണ്‍മയാക്കി, അവരെ രക്ഷിച്ചു എന്നു നമ്മോടു പറയുന്ന പഴയ പുതിയനിയമങ്ങളിലെ വചനങ്ങളുടെ വിശദീകരണമാണ് പിരിച്ച പഞ്ഞിനൂല്‍ അര്‍ത്ഥമാക്കുന്നത്. യേശുക്രിസ്തു എന്താണോ നമുക്കു ചെയ്തു തന്നത് അതിലുള്ള വിശ്വാസത്തെയാണ് തങ്കനൂല്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് തങ്കനൂല്‍ തിളങ്ങുന്നത്. ദൈവവും ദൈവപുത്രനും ആയ യേശുക്രിസ്തു നമുക്കു എന്താണോ ചെയ്തു തന്നത് അതില്‍ നാം പൂര്‍ണമനസ്സോടെ വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ക്കും എനിക്കും സ്വയം പ്രശംസ നടത്താന്‍ ഒന്നുമില്ല. അവന്‍ നമുക്കുവേണ്ടി ചെയ്തുതന്ന നീതി പ്രവൃത്തികളില്‍ വിശ്വാസം ഉണ്ടെില്‍ മാത്രമേ ദൈവസ്നേഹത്തില്‍ മൂടപ്പെടാനും, അവന്‍റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാനും, അവനാല്‍ ലാളിക്കപ്പെടാനും നമുക്ക് യഥാര്‍ത്ഥമായും കഴിയുകയുള്ളൂ. ഇതാണ് സമാഗമനകൂടാരത്തിലൂടെ ദൈവം നമ്മോടു പറയുന്നത്.
സമാഗമനകൂടാരത്തിനകത്ത് വച്ചിരിക്കുന്ന സാക്ഷ്യപെട്ടകത്തിലൂടെ ദൈവം നമ്മോടു പറയുന്നത് എന്തെന്ന് നാം തിരിച്ചറിയണം. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു എന്നും, മാനവജാതിയുടെയും നമ്മുടെയും സകല പാപങ്ങളും യോഹന്നാന്‍ സ്നാപകനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ ഏറ്റെടുത്തു എന്നും, ക്രൂശില്‍ മരിച്ചതിലൂടെ നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി ഏറ്റെടുത്തു എന്നും, മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വീണ്ടും ജീവിക്കുന്നു എന്നും നാം അറിയുകയും വിശ്വസിക്കുകയും വേണം. നമ്മുടെ രക്ഷകനായും, നമ്മുടെ സ്വന്തദൈവമായും നാം യഥാര്‍ത്ഥമായും യേശുക്രിസ്തുവില്‍ വിശ്വസിക്കേണം എന്ന് സാക്ഷ്യപെട്ടകത്തിലൂടെ ദൈവം നമുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു. തങ്ങളുടെ സ്വന്തം പാപങ്ങള്‍ ഏറ്റെടുക്കാനായി യേശു സ്നാനമേറ്റു എന്നും, നമ്മുടെ പാപങ്ങളുടെ ശിക്ഷയായി യേശു ക്രൂശില്‍ രക്തം ചൊരിഞ്ഞു എന്നും, യേശുക്രിസ്തുവിന്‍റെ മരണത്തെ തങ്ങളുടെ സ്വന്തമരണമായും, അവന്‍റെ ഉയിര്‍ത്തെഴുന്നേല്പ് തങ്ങളുടെ സ്വന്തം ഉയിര്‍ത്തെഴുന്നേല്പായും ആരാണോ വിശ്വസിക്കുന്നത് - അവരെയാണ് ദൈവം രക്ഷിച്ചത്.
അപ്പോള്‍ ആരെയാണ് ഈ സമാഗമനകൂടാരം പരമാര്‍ശിക്കുന്നത്? യേശുക്രിസ്തുവിനെയാണ് ഇത് പരമാര്‍ശിക്കുന്നത്. യേശുക്രിസ്തു നിങ്ങളെയും എന്നെയും നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച രക്ഷയുടെ രീതിയാണ് ഇത് നമ്മോടു പറയുന്നത്. പുതിയ നിയമത്തില്‍, സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും അതിലൂടെ നമ്മുടെ സകല പാപങ്ങളും തുടച്ചുനീക്കി, എല്ലാം കഴുകിക്കളയുകയും നമ്മുടെ സകല അകൃത്യങ്ങള്‍ക്കും വേണ്ടി ശിക്ഷ ഏല്ക്കുകയും ഒരിക്കലായി സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച യേശുക്രിസ്തുവായിരുന്നു അത്.
പഴയനിയമത്തില്‍, തങ്ങളുടെ അന്യായങ്ങളെ സമ്മതിച്ചതുകൊണ്ട് തങ്ങളുടെ കൈകളെ യാഗാര്‍പ്പണ വസ്തുവിന്‍റെ തലയില്‍ വയ്ക്കുന്നതിലൂടെയും, അതിന്‍റെ രക്തം ചൊരിഞ്ഞുകൊണ്ടുള്ള മരണത്തിലൂടെയും പാപികളെ രക്ഷിക്കുന്ന യാഗാര്‍പ്പണമായിരുന്നു ഉണ്ടായിരുന്നത്. കൈവെയ്പിലൂടെ ഈ പാപികളുടെ പാപങ്ങളെ ഏറ്റെടുക്കുകയും, പ്രായശ്ചിത്തമരണമായി അവരുടെ സ്ഥാനത്ത് മരിക്കുകയും ചെയ്യുന്ന യാഗാര്‍പ്പണ മൃഗത്തിന്‍റെ മരണത്തെയാണ് പഴയനിയമം വിശദീകരിക്കുന്നത്. പഴയനിയമത്തില്‍ വെളിപ്പെടുത്തപ്പെട്ട പ്രായശ്ചിത്തത്തിനായുള്ള യാഗവ്യവസ്ഥ പുതിയ നിയമവുമായി അടുപ്പിച്ചുവയ്ക്കുമ്പോള്‍, സ്നാനത്തിലൂടെയും രക്തത്തിലൂടെയും കടന്നു വന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ കാര്യവാഹകനായ യേശു ക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്.
അപ്പോള്‍ ആരാണ് രക്ഷയുടെ നിയമം ഉണ്ടാക്കുകയും സ്ഥാപിക്കുകയും ചെയ്തത്? നമ്മുടെ രക്ഷകനായ ദൈവം അത് സ്ഥാപിച്ചു. പാപികളെ പാപത്തില്‍ നിന്നും വീണ്ടെടുക്കുന്ന രക്ഷയുടെ നിയമം ദൈവം സ്ഥാപിക്കുകയും ആ നിയമം നമുക്കു നല്‍കുകയും ചെയ്തു. സാക്ഷ്യ പെട്ടകത്തിനകത്തുണ്ടായിരുന്ന, പത്തുകല്പനകള്‍ കൊത്തിയ രണ്ട് കല്പലകകള്‍, മന്നാ ഇട്ടുവച്ചിരുന്ന കലം, അഹരോന്‍റെ തളിര്‍ത്ത വടി, ഇവയെല്ലാം നമ്മോട് പറയുന്നത് യേശുക്രിസ്തുവിന്‍റെ ഈ ഗുണങ്ങളെയും ശുശ്രൂഷകളെയും കുറിച്ചാണ്.
ആത്മീയമായി സ്വര്‍ഗ്ഗരാജ്യത്തിലെ മഹാപുരോഹിതനും നമ്മുടെ ഇടയനും ആയി മാറിയ യേശുക്രിസ്തുവില്‍ നാം വിശ്വസിക്കുമ്പോള്‍ ദൈവം നമ്മെ രക്ഷിക്കുന്നു എന്നാണ് അഹരോന്‍റെ തളിര്‍ത്ത വടി നമ്മോടു പറയുന്നത്. നമ്മുടെ ജീവന്‍റെ അപ്പമായി മാറിയ യേശുക്രിസ്തുവിന്‍റെ ശരീരത്തെയും രക്തത്തെയും കുറിച്ചാണ് കലത്തിലെ മന്ന നമ്മോടു പറയുന്നത്. പത്തുകല്പനകള്‍ കൊത്തിയ രണ്ട് കല്പലകകള്‍ നമ്മോടു പറയുന്നത് നിയമനിര്‍മ്മാതാവാണ് ദൈവം എന്നാണ്. ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട നിയമങ്ങളാണ്, പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമവും, പാപമോചനത്തിന്‍റെയും രക്ഷയുടെയും നിയമവും. നമ്മുടെ ദൈവമായ യേശുക്രിസ്തുവും ജീവന്‍റെ നിയമവും, നമുക്കുള്ള ശിക്ഷാവിധിയുടെ നിയമവും സ്ഥാപിച്ചു.
അതുപോലെ തന്നെ, സാക്ഷ്യപെട്ടകവും അതിലുള്ള സകലതും നമ്മോടു സംസാരിക്കുന്നത് യേശുക്രിസ്തുവിനെക്കുറിച്ചാണ്. നമ്മുടെ രക്ഷകനായി യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമുക്ക് ശുദ്ധീകരിക്കപ്പെടുവാനും നമ്മുടെ രക്ഷയെ പ്രാപിക്കുവാനും നമുക്ക് കഴിയും. നാം എത്രതന്നെ കുറവുള്ളവരും ബലഹീനരും ആയാലും ശരി, യേശുക്രിസ്തു സ്ഥാപിച്ച രണ്ട് നിയമങ്ങളെ നാം അനുസരിക്കുകയും പിന്‍തുടരുകയും ചെയ്യുമെങ്കില്‍ നമുക്ക് ഒരിക്കല്‍ പാപികളാകുവാനും തുടര്‍ന്ന് നമ്മുടെ സകല പാപങ്ങളുടെയും മോചനം നേടുന്നതിലൂടെ ഒരിക്കല്‍ കൂടി നീതിമാന്മാരാകുവാനും അതുവഴി ദൈവത്തിന്‍റെ സ്വന്തജനമാകുവാനും കഴിയും. നിങ്ങള്‍ വിശ്വസിക്കുന്നുവോ?
ഇപ്പോള്‍, ഈ വര്‍ത്തമാനകാലത്തില്‍, ഏകദേശം ലോകത്തിലുടനീളമുള്ള എല്ലാ ക്രിസ്ത്യാനികളും, സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ട് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നത് വ്യര്‍ത്ഥമായി തീരുന്ന നിലയാണുള്ളത്. ക്രൂശിലെ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ചാല്‍ തങ്ങള്‍ക്ക് പാപമോചനം പ്രാപിക്കുവാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ക്രൂശിലെ രക്തത്താല്‍ മാത്രമാണ് യേശു തങ്ങളെ രക്ഷിച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ നമ്മുടെ രക്ഷയ്ക്കു വേണ്ടി ക്രൂശില്‍ മരിക്കുക മാത്രമാണോ വാസ്തവത്തില്‍ യേശു ചെയ്തത്? നമ്മുടെ വീണ്ടെടുപ്പിനു വേണ്ടി ഇതു മാത്രമാണോ അവന്‍ ആകെ ചെയ്തത്? അതിനു വിരുദ്ധമായി, യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും അവന്‍ ഒരിക്കലായി ചുമക്കുകയും ചെയ്തില്ലയോ? (മത്തായി 3:13-15, 1പത്രൊസ് 3:21, 1യോഹന്നാന്‍ 5:6)
എന്നിട്ടും, ഇന്നത്തെ ക്രിസ്ത്യാനികള്‍ യേശുവിന്‍റെ രക്തത്തില്‍ മാത്രം വിശ്വസിച്ച്, പാപമോചനം പകുതിമാത്രം പ്രാപിക്കുന്നു. അതുകൊണ്ട് യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ ജډപാപങ്ങളെ മോചിപ്പിച്ചെടുത്ത ഇവര്‍ തങ്ങളുടെ സ്വന്തം കര്‍മ്മപാപങ്ങളെ കഴുകിക്കളയാമെന്ന പ്രതീക്ഷയില്‍ ദിനംതോറും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. എത്ര വിരോധാഭാസമാണീ രക്ഷ? വിശ്വാസത്താല്‍ തങ്ങളുടെ പകുതി പാപങ്ങളെ കഴുകിക്കളയുകയും ബാക്കിയുള്ളതിനെ തങ്ങളുടെ സ്വന്തം പ്രയത്നങ്ങളാല്‍ കഴുകുവാന്‍ ശ്രമിക്കുന്നതു പോലെയുമാണിത്.
സംഗതി ഇങ്ങനെയായിരിക്കേ, യേശുവിന്‍റെ സ്നാനവും അവന്‍റെ രക്തവും ചേര്‍ത്തുകൊണ്ടുവന്ന് തുടര്‍ച്ചയായി പ്രസംഗിക്കാതിരിപ്പാന്‍ എങ്ങനെ കഴിയും? ഇപ്പോള്‍ ഈ സമയം വരെയും ആദിമസഭയിലെ ക്രിസ്ത്യാനികള്‍ ഒഴികെ ലോകത്തിലെ അനേകം ക്രിസ്ത്യാനികളും പകുതി ശൂന്യമായ രക്ഷയിലാണ് വിശ്വസിക്കുന്നത്. ഇതുകൊണ്ടല്ലേ ക്രിസ്ത്യാനിത്വത്തില്‍ ഇപ്പോള്‍ വിശ്വസിക്കുന്നവര്‍ ഒരു ലോകപരമായ മതത്തില്‍ വിശ്വസിക്കുന്നതുപോലെ കരുതുന്നത്?
ഈ അടുത്ത കാലത്ത്, യുണൈറ്റഡ് സ്റ്റേറ്റിലുള്ള വലേറിയ ജോണ്‍സ് എന്ന സ്ത്രീ സമാഗമനകൂടാര ശ്രേണിയിലുള്ള ആദ്യ പുസ്തകം വായിച്ച ശേഷം പാപക്ഷമ പ്രാപിക്കുകയുണ്ടായി. ഈ പുസ്തകം വായിക്കുന്നതിനു മുമ്പ് നമ്മുടെ തന്നെ മറ്റുള്ള അനേക പുസ്തകങ്ങള്‍ അവര്‍ വായിച്ചിരുന്നു. ആ പുസ്തകങ്ങള്‍ പറയുന്ന വസ്തുതകളെ അവള്‍ അംഗീകരിക്കുന്നുവെങ്കിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് പൂര്‍ണമായും വിശ്വസിക്കുവാന്‍ അവര്‍ക്കതുവരെയും കഴിഞ്ഞിരുന്നില്ല. ഇപ്പോഴും അവര്‍ക്ക് ചില സംശയങ്ങളുണ്ട് എന്നാണ് ഞങ്ങളോടു പറഞ്ഞത്. “ഇത് ശരിയാണെന്ന് തോന്നുന്നു. പക്ഷേ എങ്കിലും എന്തുകൊണ്ടാണ് അനേകര്‍ ഇത് പ്രസംഗിക്കാത്തത്?” എന്നാല്‍ സമാഗമനകൂടാരത്തെ കുറിച്ചുള്ള ആദ്യ പുസ്തകം വായിച്ചു തീര്‍ന്നതോടെ രക്ഷയുടെ വിശ്വാസത്തെ കുറിച്ച് അവര്‍ക്ക് വ്യക്തത ഉണ്ടാവുകയും വെള്ളത്തിന്‍റെ സുവിശേഷം ശരിയാണെന്ന് വിശ്വസിക്കുകയും സമാഗമനകൂടാരത്തില്‍ വെളിപ്പെട്ടിരിക്കുന്നത് ഇതേ സത്യം തന്നെയാണെന്നും അവള്‍ ഏറ്റുപറഞ്ഞു.
അതേ പുസ്തകം വായിച്ച ബെനിന്‍ എന്ന ദേശത്തു നിന്നും ഒരാള്‍ ഇങ്ങനെ ഞങ്ങള്‍ക്കെഴുതി. “നിങ്ങളുടെ പുസ്തകം വായിച്ചതിനുശേഷം പാപക്ഷമ പ്രാപിച്ച ഞാനിപ്പോള്‍ എന്‍റെ സഭ വിട്ടു എന്ന് അറിയുന്നതില്‍ നിങ്ങള്‍ വളരെ അത്ഭുതപ്പെടുന്നുണ്ടാകും. ഞാനിതുവരെയും പങ്കെടുത്തു കൊണ്ടിരുന്ന സഭ എന്തിനാണ് ഞാനുപേക്ഷിച്ചത്? കാരണം ബൈബിളില്‍ പഠിപ്പിച്ചിട്ടില്ലാത്ത പടിപടിയായുള്ള വിശുദ്ധീകരണം എന്ന ഉപദേശമാണ് അവര്‍ പ്രസംഗിക്കുന്നത്. പടിപടിയായുള്ള വിശുദ്ധീകരണം എന്ന ഈ ഉപദേശം പൂര്‍ണമായും ബൈബിള്‍ വിരുദ്ധമാണ്. ഞാന്‍ തീര്‍ച്ചയായും ശുദ്ധീകരണം പ്രാപിക്കണമെന്നും എനിക്കതിന് കഴിയുമെന്നും അവര്‍ തുടര്‍ന്നും പഠിപ്പിച്ചുകൊണ്ടേയിരുന്നു. വാസ്തവത്തില്‍ എന്‍റെ ജഡത്തിന് ഒരിക്കലും ശുദ്ധീകരണം പ്രാപിക്കാന്‍ കഴിയില്ല. ഇത്തരം പ്രസംഗങ്ങള്‍ കേട്ടുകൊണ്ട് അവിടെ ഇരിക്കുന്നത് അസഹനീയമായിരുന്നു.
അതിനാലാണ് ഞാന്‍ ഈ സഭയില്‍ നിന്നും പുറത്തുവന്ന് എന്നെത്തന്നേ വേര്‍തിരിച്ചത്. കാരണം നിങ്ങളുടെ പുസ്തകം വായിച്ചതിനുശേഷം ഞാന്‍ പാപമോചനം പ്രാപിച്ചതിനാല്‍ ഞാനതു വരെ സംബന്ധിച്ചിരുന്ന സഭ ഉപേക്ഷിച്ച് അതില്‍ നിന്നും വേര്‍പെടുകയല്ലാതെ എനിക്ക് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. നമ്മെപ്പോലെ ഇവയിലൂടെ കടന്നുപോയ എല്ലാവരും ഇപ്പോള്‍ വിശ്വാസത്തിന്‍റെ ജനമായിത്തീരുകയും നമ്മോടൊപ്പം ദൈവസഭയോട് ചേരുകയും ചെയ്തതുപോലെ ലോകത്തിലെ സകല ജനത്തിനും ഈ സത്യം അറിയുമ്പോള്‍ ഇതുപോലെ മാറാന്‍ കഴിയും കാരണം څനിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുംچ” എന്നാണ് വചനം പറയുന്നത്.
സമാഗമനകൂടാരത്തിലെ സാക്ഷ്യപെട്ടകവും യേശുക്രിസ്തുവിനെയാണ് വെളിപ്പെടുത്തുന്നത്. സമാഗമനകൂടാരത്തിലെ ആഴമേറിയ ഭാഗത്താണ് ഈ സാക്ഷ്യപെട്ടകം വച്ചിരുന്നത്. സമാഗമനകൂടാരത്തിലെ തിരശ്ശീല ഉയര്‍ത്തി അകത്തുകയറി അതിവിശുദ്ധസ്ഥലത്തെ തിരശ്ശീല ഉയര്‍ത്തി അതിനകത്തേക്ക് കടക്കുന്നവന്നു മാത്രമേ ഇതു കാണുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സമാഗമനകൂടാരത്തിന്‍റെ വാതില്‍ നില്ക്കുന്നത് കിഴക്കുഭാഗത്തും പെട്ടകം വച്ചിരിക്കുന്നത് കൂടാരത്തിന്‍റെ പടിഞ്ഞാറേ അറ്റത്തും ആയിരുന്നു.
 

പെട്ടകത്തില്‍ നിന്നും തണ്ടുകള്‍ ഊരാന്‍ പാടില്ല

പുറപ്പാട് 25:14-15 പറയുന്നു, “തണ്ടുകളാല്‍ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ അവ ചെലുത്തേണം. തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളില്‍ ഇരിക്കേണം; അവയെ അതില്‍ നിന്ന് ഊരരുത്”. എന്താണ് ഈ വാക്യം അര്‍ത്ഥമാക്കുന്നത്? ഈ വാക്യങ്ങളിലൂടെ ദൈവം നമ്മോടു പറയുന്നത് നാം സ്വയമായി അവനു വേണ്ടി സമര്‍പ്പിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിളമ്പണം എന്നാണ്. അവന്‍റെ വേലയ്ക്കായി നാം നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ സുവിശേഷം വ്യാപിക്കുകയുള്ളൂ. നാം നമ്മെത്തന്നെ സമര്‍പ്പിച്ച് സുവിശേഷത്തിലൂടെ കര്‍ത്താവിനെ വിളമ്പുമ്പോള്‍ നമ്മുടെ കര്‍ത്താവ് നമുക്കു മുമ്പായി നടന്ന ക്രൂശിന്‍റെ വഴി നാം അനുഗമിക്കണം. അതുകൊണ്ടാണ് അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്, “ഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു തന്‍റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (മര്‍ക്കൊസ് 8:34).
സത്യ സുവിശേഷം ലോകമെമ്പാടും വ്യാപിപ്പിക്കുവാനായി ഭയങ്കരമായ ത്യാഗം, പരിശ്രമം, കഷ്ടതകള്‍ എന്നിവ ആവശ്യമായി വന്നിട്ടുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാന്‍ അപ്പൊസ്തലനായ പൗലൊസ് എന്തു മാത്രം കഷ്ടത സഹിച്ചെന്ന് കാണുന്നതിലൂടെ നമുക്കിത് അറിയാന്‍ കഴിയും. “അവര്‍ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? -ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു. - ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി, യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു. ഒരിക്കല്‍ കല്ലേറു കൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു, നദികളിലെ ആപത്ത്, കള്ളന്മാരുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരുള്ള ആപത്ത്, അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത, എന്നീ അസാധരണ സംഗതികള്‍ ഭവിച്ചതുകൂടാതെ എനിക്കു ദിവസേന സര്‍വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്” (2കൊരിന്ത്യര്‍ 11:23-28).
എന്നാല്‍ സകല ശിക്ഷാവിധിയില്‍ നിന്നും തങ്ങളെ മോചിപ്പിച്ച കര്‍ത്താവിനെക്കാളും അധികമായി തങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് ദൈവരാജ്യത്തിനു വേണ്ടി സ്വയം ത്യാഗം ചെയ്യാന്‍ കഴിയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുവാന്‍ വേറൊരു വഴിയുമില്ല. വിയര്‍പ്പൊഴുക്കാതെ നല്ലൊരു വിളവെടുപ്പ് പ്രതീക്ഷിക്കാന്‍ ഒരു കൃഷിക്കാരന് എങ്ങനെ കഴിയും? 
അതുപോലെ തന്നെ നമ്മുടെ ത്യാഗങ്ങളില്‍ സാക്ഷ്യപെട്ടകം ചുമക്കണം. ഒരിക്കല്‍ ദാവീദ് രാജാവ് പെട്ടകത്തെ അതിനെ ചുമക്കേണ്ടുന്ന വിധത്തില്‍ ആളുകളെ കൊണ്ടു ചുമപ്പിക്കേണ്ടതിനു പകരം കാളകള്‍ വലിക്കുന്ന പുതിയ വണ്ടിയില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു. അവരുടെ വഴിയാത്രയില്‍ കാളകള്‍ വിരണ്ടു, ഉസ്സ എന്നു പേരുള്ള മനുഷ്യന്‍ ദൈവത്തിന്‍റെ പെട്ടകത്തെ കൈനീട്ടി പിടിച്ചു. യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു. അവന്‍റെ അവിവേകം നിമിത്തം ദൈവം അവിടെ വച്ചു അവനെ സംഹരിച്ചു. അവന്‍ അവിടെ ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ അടുക്കല്‍ വെച്ചു മരിച്ചു (2ശമുവേല്‍. 6:1-7). ഇതിനാല്‍ അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി, പെട്ടകത്തെ ഗിത്യനായ ഓബേദ് എദോമിന്‍റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. മൂന്നു മാസത്തിനുശേഷം പെട്ടകം ചുമക്കുന്നവരുടെ തോളില്‍ വച്ചു കൊണ്ടു മാത്രമേ അതിനെ തന്‍റെ കോട്ടയിലേക്ക് കൊണ്ടുവരുവാന്‍ അവന് കഴിഞ്ഞുള്ളു. ഈ സംഭവം വിശദീകരിക്കുന്നതുപോലെ തന്നെ നമ്മുടെ വിയര്‍പ്പോടും രക്തത്തോടും കൂടി, നമ്മുടെ ത്യാഗത്തോടു കൂടി അവന്‍റെ സുവിശേഷത്തോടുള്ള കപടമില്ലാത്ത ഭക്തിയോടു കൂടി ദൈവം നമ്മോടു പറയുന്നതുപോലെ തന്നെ വാസ്തവമായും സാക്ഷ്യപെട്ടകം നാം ചുമക്കണം.
നമുക്കു വേണ്ടി സ്വയം ത്യാഗമായ് തീര്‍ന്ന കര്‍ത്താവിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ വളരെയധികം കൃതാര്‍ത്ഥതയോടെ പാപമോചനം പ്രാപിച്ചവര്‍ക്ക് വളരെ സന്തോഷമാണ്. നമ്മുടെ രക്ഷകനും ദൈവവുമായ കര്‍ത്താവിന് വീണ്ടും വീണ്ടും നമ്മുടെ നന്ദി അര്‍പ്പിക്കുന്നു. ഈ ഭൂമിയില്‍ സുവിശേഷം വിളമ്പുവാന്‍ നമ്മെ അനുവദിച്ചതിന് ഞങ്ങള്‍ അവനു നന്ദിയര്‍പ്പിക്കുന്നു.
ഈ സത്യത്തിന്‍റെ സുവിശേഷം വിളമ്പുവാനും, അവനെ അനുഗമിച്ച്, അവനെ സന്തോഷിപ്പിക്കുന്ന വിധത്തിലുള്ള ജീവിതം നയിക്കുവാനും കര്‍ത്താവ് നമ്മെ തെരെഞ്ഞെടുത്തു എന്ന സ്വപ്ന സദൃശമായ വസ്തുതയാല്‍ ഞങ്ങളെല്ലാവരും ആശ്ചര്യപ്പെടുകയും സന്തോഷ പുളകിതരാവുകയും ചെയ്തു. രക്ഷയുടെ സത്യത്തെ അറിയുവാന്‍ മാത്രം നമ്മെ അനുവദിക്കുന്നതു തന്നെ സന്തോഷം കൊണ്ട് നമ്മെ വീര്‍പ്പുമുട്ടിക്കുമെങ്കിലും അവന്‍റെ ഈ സുവിശേഷത്തെ സേവിക്കുവാന്‍ കര്‍ത്താവ് നമ്മെ അനുവദിച്ചു. ഇത്തരം വലിയ അനുഗ്രഹങ്ങള്‍ നല്‍കിയിരിക്കെ അവന് നന്ദി പറയാതിരിക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും? നമ്മുടെ സകല നന്ദിയും നാം ദൈവത്തിന് നല്കുന്നു. ഇതിനാലാണ് നമ്മുടെ സമയവും പ്രയത്നവും വസ്തുവകകളും എല്ലാം ചിലവഴിച്ച് ലോകസുവിശേഷീകരണമെന്ന വിശുദ്ധ ദൗത്യത്തിലേക്കായി നമ്മെത്തന്നെ ത്യാഗം ചെയ്യുവാനൊരുങ്ങി, സത്യസുവിശേഷത്തെ നമ്മള്‍ പ്രചരിപ്പിക്കുന്നത്.
വാസ്തവത്തില്‍ നമ്മള്‍ പാപക്ഷമ പ്രാപിച്ചു എന്നതു തന്നെ അനന്തമായി നന്ദിയുള്ളവരായിരിക്കേണ്ടുന്ന ഒരു വസ്തുതയാണ്. എന്നാല്‍ ദൈവം അവിടെ നിര്‍ത്തിയില്ല. പകരം സത്യത്തിന്‍റെ സുവിശേഷത്തെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ, കണ്ടെത്തുവാനും പ്രചരിപ്പിക്കുവാനും ദൈവം നമ്മെ ഒരുക്കി. നമുക്കായുള്ള വലിയ അനുഗ്രഹം അല്ലാതെ മറ്റെന്താണിത്?
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തെ സേവിക്കാന്‍ മറ്റാര്‍ക്ക് ധൈര്യം വരും? എല്ലാവര്‍ക്കും ഈ സുവിശേഷത്തെ സേവിക്കാന്‍ കഴിയില്ല. രാഷ്ട്രീയക്കാര്‍ക്ക് ഇതിനെ സേവിക്കുവാന്‍ കഴിയുമോ? മേയര്‍മാര്‍ക്ക്? രാഷ്ട്രപതിമാര്‍ക്ക്? രാജാക്കന്മാര്‍ക്ക്? ഇത്തരം വ്യക്തികളുടെ സാമൂഹിക നിലവാരം എത്ര ഉന്നതമായിരുന്നാലും അവര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സത്യസുവിശേഷത്തെ സേവിക്കുവാന്‍ അവര്‍ക്കൊരിക്കലും കഴിയുകയില്ല. എങ്കിലും അര്‍ഹിക്കാത്ത ഒരു അവസരം ദൈവം നമുക്കു നല്‍കി ഈ സുവിശേഷത്തെ സേവിക്കുവാന്‍ നമ്മെ യോഗ്യരാക്കി. എത്ര വലിയ അനുഗ്രഹമാണിത്?
നമ്മെ രക്ഷിച്ച കൃപയ്ക്കായി, അവന്‍ നമ്മെ സ്നേഹിച്ചതിനായി, ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. സഹോദരാ, സഹോദരികളെ, യേശുക്രിസ്തു നമ്മുടെ ദൈവവും രക്ഷകനുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. നമ്മുടെ ആത്മീയ വിശ്വാസത്തിലൂടെ യേശുവിന്‍റെ മാംസം തിന്നുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്യുന്ന ദൈവജനമാണ് നാം. യേശു മരിച്ചവരുടെ ദൈവമല്ല, അവന്‍ ജീവിച്ചിരിക്കുന്നവരുടെ ദൈവമത്രേയെന്ന് (ലൂക്കൊസ് 20:38) ബൈബിള്‍ പറയുന്നു. ഇവിടെ ജീവിച്ചിരിക്കുന്നവര്‍ എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ നിത്യജീവന്‍ പ്രാപിച്ചവര്‍ അല്ലാതെ മറ്റാരുമല്ല. ഈ സുവിശേഷത്തിന്‍റെ സത്യത്തില്‍ വിശ്വസിക്കാത്തവര്‍ ആത്മീയമായി മരിച്ചവരും ഇതില്‍ വിശ്വസിക്കുന്നവര്‍ ആത്മീയമായി ജീവിക്കുന്നവരുമാണ്. ദൈവം വാസ്തവമായും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ ദൈവമാണ്.
സഹോദരാ, സഹോദരികളെ, യേശു തന്‍റെ സ്വന്തം മാംസത്തിലൂടെയും രക്തത്തിലൂടെയും നമുക്ക് പാപമോചനം നല്‍കി. ഈ സത്യത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ യേശുവിനോട് നിങ്ങള്‍ക്ക് ഒരു കാര്യവും ഇല്ലെന്ന് നിങ്ങള്‍ തിരിച്ചറിയണം. യേശുക്രിസ്തു നിങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നിത്യജീവന്‍, നിങ്ങളുടെ പാപങ്ങളുടെ മോചനം എന്നിവ നല്‍കുന്നു. നിത്യമായുള്ള അനുഗ്രഹങ്ങള്‍ നല്‍കി നിങ്ങളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടയനായി തീര്‍ന്നവനാരാണ്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന് പൂര്‍ത്തി വരുത്തുന്നവനുമായ യേശുക്രിസ്തുവാണത്. യേശുവാണ് ഈ ദൈവം. നിങ്ങളോരോരുത്തരും ഈ യേശുവിനെ നിങ്ങളുടെ ദൈവമായി വിശ്വസിക്കേണമെന്ന് ഞാനാഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എന്നെ സംബന്ധിച്ച് ഈ സത്യത്തില്‍ വിശ്വസിക്കുകയും ദൈവത്തെ സേവിക്കുകയും ഞാന്‍ ചെയ്യുന്നത് ഇപ്പോള്‍ മാത്രമല്ല, മറിച്ച് ഭാവിയിലും ഞാനിത് തന്നെ തുടര്‍ന്നുകൊണ്ടിരിക്കും. നിങ്ങളുടെ അവസ്ഥ എങ്ങനെയാണ്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ദൈവത്തിന്‍റെ സഭയിലും ക്രിസ്തുവിന്‍റെ സ്നേഹത്തിലും നിങ്ങളുടെ വിശ്വാസത്താല്‍ വസിക്കേണമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? നമ്മുടെ കര്‍ത്താവിനെ കാണുന്ന നാള്‍വരെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നമ്മുടെ ജീവിതം നയിക്കാം.