(പുറപ്പാട് 25:10-22)
“ഖദിരമരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം. അതിന് രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നരമുഴം ഉയരവും വേണം. അതു മുഴുവനും തങ്കം കൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്‍റെ മേല്‍ ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. അതിനു നാലു പൊന്‍വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തളക്കേണം. ഖദിരമരം കൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം. തണ്ടുകളാല്‍ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ അവ ചെലുത്തേണം. തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളില്‍ ഇരിക്കേണം; അവയെ അതില്‍ നിന്ന് ഊരരുത്. ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തില്‍ വയ്ക്കേണം. തങ്കം കൊണ്ട് കൃപാസനം ഉണ്ടാക്കേണം. അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. പൊന്നു കൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം. കൃപാസനത്തിന്‍റെ രണ്ടറ്റത്തും അടിപ്പു പണിയായി പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം. ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്‍ നിന്നുള്ളവയായി അതിന്‍റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം. കെരൂബുകള്‍ മേലോട്ടു ചിറകുവിടര്‍ത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരെ ഇരിക്കേണം. കൃപാസനത്തെ പെട്ടകത്തിډീതെ വയ്ക്കേണം; ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം. അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല് നിന്നും സാക്ഷ്യപെട്ടകത്തിന്മേല് നില്‍ക്കുന്ന രണ്ട് കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍ മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്‍പ്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിചെയ്യും”.
കൃപാസനം
നമ്മുടെ കൈപ്പത്തിയുടെ അറ്റം മുതല്‍ കൈമുട്ടുവരെയുള്ള നീളമാണ് ഒരു മുഴം എന്നു പറയുന്നത്. ബൈബിളില്‍ ഒരു മുഴം എന്നത് ഇന്നത്തെ അളവില്‍ ഏകദേശം 45 സെ.മീ. ആണ്. കൃപാസനത്തിന്‍റെ നീളം രണ്ടര മുഴമായിരുന്നു; അതിനെ മെട്രിക് സമ്പ്രദായത്തിലേക്ക് മാറ്റിയാല്‍ ഇതിന്‍റെ നീളം ഏകദേശം 113 സെ.മീ. (3.7 അടി) ആയിരിക്കും. ഇതിന്‍റെ വീതി ഒന്നര മുഴം ആയിരുന്നു. ഇത് ഏകദേശം 67.5സെ.മീ (2.2 അടി) വരും. കൃപാസനത്തെക്കുറിച്ചുള്ള ഒരു പൊതുവായ ബോധം ഇത് നമുക്ക് നല്‍കുന്നു.
സാക്ഷ്യപെട്ടകം ഖദിരമരം കൊണ്ട് ആദ്യം ഉണ്ടാക്കി അതിന്‍റെ അകവും പുറവും തങ്കം കൊണ്ട് പൊതിഞ്ഞതായിരുന്നു. എന്നാല്‍ പെട്ടകത്തിനകത്ത് വച്ചിരുന്ന കൃപാസനം പൂര്‍ണമായും തങ്കം കൊണ്ട് പണിതതായിരുന്നു. അതിനു രണ്ടറ്റത്തും മേലോട്ടു ചിറകുവിടര്‍ത്തി ചിറകുകൊണ്ട് പെട്ടകത്തെ അതായത് - കൃപാസനത്തെ- മൂടുകയും തമ്മില്‍ അഭിമുഖമായും കൃപാസനത്തിനു നേരെ മുഖമായിരിക്കുകയും ചെയ്യുന്ന രണ്ട് കെരുബുകളുമുണ്ടായിരുന്നു. വിശ്വാസത്താല്‍ ദൈവത്തിങ്കലേക്ക് വരുന്നവരുടെ മേല്‍ തന്‍റെ കൃപ പകരുന്ന സ്ഥാനമാണ് കൃപാസനം.
പെട്ടകത്തിന്‍റെ ഇരുവശത്തും രണ്ടു വീതം നാലു മൂലകളിലുമായി നാലു പൊന്‍ വളയങ്ങള്‍ ഉണ്ടായിരുന്നു. പെട്ടകത്തെ ചുമക്കുവാനായുള്ള തണ്ടുകള്‍ ഈ വളയങ്ങളിലാണ് ചെലുത്തിയിരുന്നത്. ഈ വളയങ്ങള്‍ ഖദിരമരം കൊണ്ട് പണിത് തങ്കം പൊതിഞ്ഞവയായിരുന്നു. ഒരു വശത്തുള്ള രണ്ടു വളയങ്ങളിലൂടെയും തണ്ടുകള്‍ ചെലുത്തുന്നതിലൂടെ രണ്ട് ആളുകളെക്കൊണ്ട് ഇതിനെ ചുമന്ന് കൊണ്ടു പോകുന്‍ കഴിയുമെന്ന് ദൈവം ഉറപ്പിച്ചിരുന്നു. “ഈ കൃപാസനത്തില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷനാകും" എന്ന് നമ്മുടെ കര്‍ത്താവ് പറഞ്ഞു.
പെട്ടകത്തില്‍ ചെലുത്തുന്ന തണ്ടുകളിലൂടെ കൃപാസനം ഉള്‍പ്പെടെയുള്ള സാക്ഷ്യപെട്ടകത്തെ ദൈവം യിസ്രായേല്യരെക്കൊണ്ട് ചുമപ്പിച്ചു. ഇതിന്‍റെ അര്‍ത്ഥം ലോകമെമ്പാടും നാം സുവിശേഷം പ്രചരിപ്പിക്കണമെന്നാണ്. സുഗന്ധവര്‍ഗ്ഗ ധൂപപീഠത്തിനും ഇത് ബാധകമായിരുന്നു. അതായത്, അതിന്‍റെയും ഇരുവശത്തും വളയങ്ങളുണ്ടായിരുന്നു. ഈ വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി രണ്ടു പേര്‍ക്ക് ഈ ധൂപപീഠത്തെ വഹിച്ചുകൊണ്ടു പോകാന്‍ കഴിയുമായിരുന്നു. നമുക്ക് പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ദൈവത്തിന്‍റെ സഹായം യാചിക്കണമെന്നും ലോമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുവാനായി എവിടെ ചെന്നാലും നാം പ്രാര്‍ത്ഥിക്കണമെന്നും കൂടി ഇതര്‍ത്ഥമാക്കുന്നു.
സാക്ഷ്യ പെട്ടകത്തിനകത്ത് മൂന്നു വസ്തുക്കളാണ് ഉണ്ടായിരുന്നത്. മന്നാ ഇട്ടു വച്ചിരിക്കുന്ന പൊന്‍ പാത്രം, അഹരോന്‍റെ തളിര്‍ത്തവടി, ഉടമ്പടിയുടെ കല്‍പ്പലകകള്‍, എന്നിവ. എന്താണതിന്‍റെ അര്‍ത്ഥം? ഒന്നാമത്, മന്നാ ഇട്ടു വച്ചിരിക്കുന്ന പൊന്‍പാത്രം യേശുക്രിസ്തു വിശ്വാസികള്‍ക്ക് പുതുജീവന്‍ നല്‍കുന്നുവെന്ന് അര്‍ത്ഥമാക്കുന്നു. ഒരിക്കല്‍ അവന്‍ പ്രഖാപിച്ചു “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു. എന്‍റെ അടുക്കല്‍ വരുന്നവന് വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവനു ഒരു നാളും ദാഹിക്കുകയുമില്ല". (യോഹന്നാന്‍ 6:35).
അഹരോന്‍റെ തളിര്‍ത്ത വടി യേശുക്രിസ്തു പുനരുത്ഥാനത്തിന്‍റെ കര്‍ത്താവാണെന്നും അവന്‍ നമുക്ക് നിത്യജീവന്‍ നല്‍കുന്നുവെന്നും നമ്മോട് പറയുന്നു. ഉടമ്പടിയുടെ കല്പലകകള്‍ ന്യായപ്രമാണത്തിന് മുമ്പില്‍ നാമെല്ലാവരും ഒഴിവാക്കാനാവാത്തവിധം മരണശിക്ഷക്ക് യോഗ്യരാണെന്ന് നമ്മോടു പറയുന്നു. എന്നാല്‍ ന്യായപ്രമാണം നമ്മുടെ മേല്‍ ശാപമായി ചുമത്തിയ പാപത്തിന്‍റെ സകല ശിക്ഷാവിധികളെയും മൂടുവാന്‍ തക്കവണ്ണം മഹത്തായതാണ് ദൈവത്തിന്‍റെ കാരുണ്യം. ന്യായപ്രമാണത്തിന്‍റെ ശാപം പുറത്ത് പോകുവാന്‍ തക്കവണ്ണം സാക്ഷ്യപെട്ടകത്തെ പ്രകാശിപ്പിച്ചുകൊണ്ട് കൃപാസനം ഉറപ്പുള്ളതായി നില കൊണ്ടു. ദൈവം തന്‍റെ പുത്രനായ യേശുവിന്‍റെ സമ്പൂര്‍ണയാഗത്താല്‍ കൃപാസനത്തെ പൂര്‍ത്തിയാക്കി. ആകയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന സകല വിശ്വാസികള്‍ക്കും കൃപാസനത്തിലേക്ക്, കൃപയുടെ സിംഹാസനത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നു വരാം.
കൃപാസനത്തില്‍ തളിക്കപെട്ട വിലയേറിയ രക്തം!
കൃപാസനത്തില്‍ മറയ്ക്കപ്പെട്ടിരിക്കുന്ന രഹസ്യം എന്താണെന്ന് ആദ്യം നമ്മള്‍ കണ്ടെത്തണം. വര്‍ഷത്തില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ യാഗമൃഗത്തിന്‍റെ രക്തവുമായി അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കും. തുടര്‍ന്ന് ഈ യാഗമൃഗത്തിന്‍റെ രക്തം കൃത്യമായും ഏഴു തവണ കൃപാസനത്തില്‍ തളിക്കും. അപ്പോള്‍ താന്‍ യിസ്രായേല്‍ ജനത്തിന് പ്രത്യക്ഷനാകും എന്ന് ദൈവം പറഞ്ഞു. മഹാ പുരോഹിതന്‍റെ അതേ വിശ്വാസം ഉള്ളവരെ, അതായത് ദൈവത്തിന്‍റെ യാഗ വ്യവസ്ഥയില്‍ വെളിപ്പെടുന്ന പാപമോചനത്തിന്‍റെ വിശ്വാസം ഉള്ളവര്‍ക്ക് ദൈവം പ്രത്യക്ഷനാകുന്നു.
കൃപാസനത്തില്‍ തളിക്കപ്പെട്ട രക്തം പാപത്തിനായുള്ള ദൈവത്തിന്‍റെ നീതിയിലുള്ള ന്യായവിധിയും മാനവജാതിയോടുള്ള അവന്‍റെ കരുണയും കാണിക്കുന്നു. ഏഴാം മാസത്തിലെ പത്താം ദിവസത്തില്‍ പ്രായശ്ചിത്തദിനത്തില്‍ യിസ്രായേല്‍ ജനത്തിന്‍റെ ഒരു വര്‍ഷത്തെ പാപങ്ങള്‍ എല്ലാം കടത്തി വിടുവാനായി മഹാപുരോഹിതനായ അഹരോന്‍ യാഗമൃഗത്തിന്‍മേല്‍ തന്‍റെ കൈ വയ്ക്കുന്നു. തുടര്‍ന്ന് അവന്‍ അതിന്‍റെ കഴുത്ത് അറുത്ത് രക്തം എടുക്കുകയും ആ രക്തം തിരശീലയ്ക്കകത്ത് കൊണ്ടുപോയി അതിനെ കൃപാസനത്തില്‍ തളിക്കുകയും ചെയ്യുന്നു. (ലേവ്യാ 16:11-16)
അപ്രകാരം തളിക്കപ്പെട്ട രക്തത്തിലൂടെ ദൈവം യിസ്രായേല്യര്‍ക്ക് പ്രത്യക്ഷനാകുകയും അവര്‍ക്ക് പാപക്ഷമയുടെ അനുഗ്രഹം കൊടുക്കുകയും ചെയ്യുന്നു. യിസ്രായേല്‍ ജനത്തോടുള്ള ദൈവത്തിന്‍റെ കരുണ നിമിത്തമാണ് യാഗ വ്യവസ്ഥയെ അവന്‍ സ്ഥാപിച്ചത്. യാഗമൃഗത്തിന്‍ മേലുള്ള കൈവയ്പ്പിലുടെയും അതിന്‍റെ രക്തത്തിലൂടെയും ദൈവം അവരുടെ പാപങ്ങളെ കഴുകി കളയുകയും തന്‍റെ കരുണ, കൃപയാലുള്ള അവരുടെ പാപമോചനം, അവര്‍ക്കു നല്‍കുകയും ചെയ്തു.
അപ്പോള്‍ നമുക്ക് എങ്ങനെയാണ് ഈ കൃപ പ്രാപിക്കുവാന്‍ കഴിയുന്നത്? ഏതു വചനത്താലാണ് ദൈവം ഒരിക്കലായി നമ്മുടെ സകല പാപങ്ങളെയും തുടച്ചു കളഞ്ഞത്? അവന്‍ നമുക്കായി കരുതിയിരിക്കുന്ന ദാനം പ്രാപിക്കുവാന്‍ കഴിവുള്ളവരാകേണ്ടതിന് നാം യാഗവ്യവസ്ഥയില്‍ വെളിപ്പെടുന്ന സത്യത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസം നമുക്ക് ഉണ്ടായിരിക്കേണമെന്ന് തിരിച്ചറിയുവാന്‍ ദൈവം നമ്മെ കഴിവുള്ളവരാക്കി. ദൈവം തന്‍റെ നീതി നിവര്‍ത്തിയാക്കുവാനായി ഇത് സാധ്യമാക്കിയത് ഈ രണ്ട് ഘട്ടങ്ങളിലൂടെയായിരുന്നു. യാഗമൃഗത്തിന്‍റെ തലയിന്‍മേലുള്ള കൈ വയ്പും അതിന്‍റെ രക്തവും. പഴയ നിയമത്തിലെ യാഗം സൂചിപ്പിക്കുന്നത് യേശു ക്രിസ്തു സ്വീകരിച്ച സ്നാനത്തെയും ക്രൂശില്‍ അവന്‍ ചൊരിഞ്ഞ രക്തത്തെയും അല്ലാതെ മറ്റൊന്നിനെയും അല്ല.
നമ്മുടെ സ്വന്തം പാപങ്ങള്‍ നിമിത്തം ദൈവപുത്രനായ യേശു ലോകത്തിന്‍റെ പാപങ്ങളെ തന്‍റെ മേല്‍ ചുമക്കുവാനായി യോഹന്നാനാല്‍ സ്നാനപ്പെടുകയും ഈ പാപങ്ങളുടെ വില നല്‍കുവാനായി ക്രൂശില്‍ യാഗ വസ്തു ആയിത്തീരുകയും, നമുക്കായി മരിക്കുകയും, നമ്മെ ജീവിപ്പിക്കാനായി മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു. യേശു ക്രിസ്തു സ്വീകരിച്ച സ്നാനവും ക്രൂശിലെ തന്‍റെ രക്തം ചിന്തലും നമുക്ക് പാപക്ഷമ നല്‍കാനുള്ളതായിരുന്നു. അത്തരം വിശ്വാസമുള്ളവരെ ദൈവത്തെ കാണുവാന്‍ കഴിവുള്ളവരാക്കി തീര്‍ക്കുന്ന യഥാര്‍ത്ഥ അനുഗ്രഹങ്ങളുടെ കൃപയായിരുന്നു അവ. വെള്ളത്തിന്‍റെയും ആത്മായിന്‍റെയും സുവിശേഷത്തിന്‍റെ നിഴലാണ് ഈ സത്യം. പാപികളെ ദൈവത്തിന്‍റെ പക്കല്‍ നിന്നും തങ്ങളുടെ പാപക്ഷമ പ്രാപിക്കുവാന്‍ യോഗ്യരാക്കുന്ന സത്യവിശ്വാസത്തിന്‍റെ അടിസ്ഥാനം സ്ഥാപിക്കുന്ന സത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. നമ്മുടെ പാപങ്ങള്‍ക്കുള്ള യാഗവസ്തുവായി യേശുക്രിസ്തു മാറി. വിശുദ്ധ പിതാവായ ദൈവത്തിലേക്ക് പോകുവാന്‍ നമ്മെ അനുവദിക്കുന്ന സത്യത്തിന്‍റെ പാലമായി അവന്‍ മാറി.
ഈ സത്യത്തിന്‍റെ സമ്പൂര്‍ണ തെളിവ് വീണ്ടും നമുക്ക് കാണാന്‍ കഴിയുന്നത് സമാഗമന കൂടാരത്തിന്‍റെ വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നാല് നിറമുള്ള നൂലുകളിലാണ്. നീല, ധൂമ്രം, ചുവപ്പ് നൂലും, പിരിച്ച പഞ്ഞിനൂലും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍. സമാഗമന കൂടാര വാതിലിലെ നാലു നൂലുകള്‍ സത്യസുവിശേഷത്തെക്കുറിച്ചുള്ള സൂചനകളാണ് നമുക്ക് നല്‍കുന്നത്.
സമാഗമന കൂടാര വാതിലിലെ നീല നൂലിന്‍റെ രഹസ്യത്തിലാണ് ആദ്യ സൂചനയുള്ളത്. യേശുക്രിസ്തു യോഹന്നാനില്‍ നിന്നും സ്നാനമേറ്റതാണ് ഇതിലെ രഹസ്യം. ലോകത്തിലെ നമ്മുടെ പാപങ്ങളെ അവന്‍ അതു വഴി ചുമന്നു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. മറ്റൊരുതരത്തില്‍ യോഹന്നാന്‍ അവന് കൈമാറിയ നമ്മുടെ പാപങ്ങളെ അവന്‍ സ്വീകരിച്ചു. അതിനാലാണ് “ഇപ്പോള്‍ സമ്മതിക്ക, ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നത് നമുക്ക് ഉചിതം" (മത്തായി 3:15) എന്ന് പറഞ്ഞുകൊണ്ട് തന്നെ സ്നാനപ്പെടുത്തുവാന്‍ അവന്‍ യോഹന്നാനെ നിര്‍ബന്ധിച്ചത്.
സമാഗമന കൂടാരത്തില്‍ വെളിപ്പെടുന്ന ധൂമ്ര നൂലാണ് രണ്ടാമത്തെ സൂചന. `ധൂമ്രം` എന്ന നിറം രാജാവിന്‍റെ നിറമാണ്. മാനവജാതിയുടെ രക്ഷകനായി അവരെ പാപത്തില്‍ നിന്നും മോചിപ്പിക്കുവാനായി ഈ ഭൂമിയിലേക്ക് വന്ന രാജാധി രാജാവാണ് യേശുക്രിസ്തു. അവന്‍ സ്വര്‍ഗ്ഗമഹിമകളെ ഉപേക്ഷിച്ച് നമ്മുടെ പാപങ്ങളെ തുടച്ചുനീക്കാനായി അവന്‍ ഈ ഭൂമിയിലേക്ക് വന്നു. സ്വത്വത്തില്‍ ദൈവം തന്നെയായ യേശുക്രിസ്തു നമ്മെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുവാനായി ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെടുകയും പിതാവിന്‍റെ ഹിതം അനുസരിച്ച് ക്രൂശിക്കപ്പെടുകയും ചെയ്തു. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ നമ്മുടെ സകല പാപങ്ങളും തുടച്ചു നീക്കാനായി ദൈവം സ്വര്‍ഗ്ഗമഹത്വത്തിന്‍റെ സിംഹാസനം ഉപേക്ഷിച്ച് കന്യാമറിയത്തിന്‍റെ ശരീരത്തില്‍ നിന്നും ജനിച്ച് പാപികളെ രക്ഷിക്കുവാനായി ഭൂമിയിലേക്ക് വന്നു. ദൈവം ഒരു കന്യകയില്‍ ഭൂജാതനാകണമെന്നും സ്നാനപ്പെടണമെന്നും ക്രൂശില്‍ തന്‍റെ രക്തം ചിന്തണമെന്നും എല്ലാം തന്നെ 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് യെശയ്യാ പ്രവാചകനിലൂടെ ദൈവം നല്‍കിയ വാഗ്ദത്തം അനുസരിച്ചായിരുന്നു എന്നു നാം വിശ്വസിക്കണം.
മൂന്നാമത്തെ സൂചനയാണ് ചുവപ്പു നൂല്‍. ഇത് യേശുവിന്‍റെ രക്തത്തെ കുറിക്കുന്നു. ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ ദൈവത്തിന്‍റെ രക്ഷാപദ്ധതി യേശു പൂര്‍ത്തീകരിച്ചു എന്ന് ഈ സത്യം വെളിപ്പെടുത്തുന്നു. സകല കുറ്റവാളികളിലും ഏറ്റവും ദുഷ്ടനായവന് വേണ്ടി ഒതുക്കി വച്ചിരുന്ന ശിക്ഷയായിരുന്നു ക്രൂശിലുള്ള അവന്‍റെ രക്തം ചിന്തല്‍. തന്‍റെ സ്നാനത്തിലൂടെ യേശു ചുമന്ന പാപങ്ങളുടെ ശിക്ഷ നിമിത്തം മാനവജാതിയുടെ സകല പാപങ്ങളും ന്യായം വിധിക്കപ്പെട്ടിരിക്കുന്നു. ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളുടെയും ശിക്ഷാ വിധി താന്‍ ചുമക്കുകയും അതുവഴി നമ്മെ പാപത്തില്‍ നിന്ന് വിടുവിക്കുകയും ചെയ്തിരിക്കുന്നു. യോഹന്നാന്‍ നല്‍കിയ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ സ്വീകരിക്കുകയും മരണം കൊണ്ട് പിതാവിനെ അനുസരിക്കുകയും ചെയ്തതിലൂടെ ദൈവം സകല പാപികളെയും അവരുടെ അകൃത്യങ്ങളില്‍ നിന്ന് രക്ഷിച്ചിരിക്കുന്നു.
യേശു പാപത്തിന്‍റെ സകല ശിക്ഷാവിധിയെയും അവസാനിപ്പിച്ചുവെന്നും നമ്മുടെ സ്വന്തം ശിക്ഷാവിധിയെ നമുക്കു പകരമായി ക്രൂശീകരണം എന്ന തന്‍റെ ശിക്ഷയിലൂടെ സ്വീകരിച്ച് ഇതില്‍ വിശ്വസിക്കുന്നവരെ ദൈവത്തിന്‍റെ മക്കളാക്കി തീര്‍ത്തു എന്നും നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? ദൈവം ഈ കാര്യങ്ങളെല്ലാം ചെയ്തത് നാം ഈ സത്യത്തില്‍ വിശ്വസിക്കുവാനും നിത്യജീവന്‍ പ്രാപിക്കുവാനും വേണ്ടിയാണ്. യേശു സ്നാനപ്പെടുകയും ക്രൂശില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നതിനര്‍ത്ഥം അവന്‍ പാപത്തില്‍ നിന്നും നമ്മെ രക്ഷിച്ചു എന്നതാണ്. ഇതിനാലാണ് തന്‍റെ അന്ത്യശ്വാസത്തിങ്കല്‍ “നിവൃത്തിയായി" (യോഹന്നാന്‍ 19:30) എന്നു അവന്‍ വിളിച്ചു പറഞ്ഞത്. പിതാവാം ദൈവത്തിന്‍റെ ഹിതം അനുസരിച്ച് പാപത്തില്‍ നിന്നുള്ള നമ്മുടെ രക്ഷ താന്‍ പൂര്‍ത്തിയാക്കി എന്ന മഹാസന്തോഷത്തോടും ആശ്വാസത്തോടും കൂടിയാണ് യേശു ഈ പ്രഖ്യാപനം നടത്തിയത്.
അവസാനമായി, പിരിച്ച പഞ്ഞി നൂല്‍ പ്രതിനിധീകരിക്കുന്നത് യേശു വചനത്തിന്‍റെ ദൈവമാണ് എന്നാണ്. തന്‍റെ വിശാലവും നീതി പൂര്‍വ്വകവുമായ വചനത്തിലൂടെ അവന്‍ ദൈവത്തിന്‍റെ ഹിതം വെളിപ്പെടുത്തുന്നു. പഴയ നിയമത്തിലൂടനീളം അവന്‍ ഈ ലോകത്തില്‍ വരുമെന്നും തന്‍റെ സ്നാനത്തിലൂടെയും ക്രൂശീകരണത്തിലൂടെയും സകല മാനവജാതിയെയും രക്ഷിക്കുമെന്നും അവന്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു. തുടര്‍ന്ന് തന്‍റെ എല്ലാ വാഗ്ദത്തങ്ങളും അവന്‍ കൃത്യമായും പുതിയ നിയമത്തില്‍ പൂര്‍ത്തീകരിച്ചു. അതിനാലാണ് ബൈബിള്‍ പറയുന്നത്, “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു. വചനം ജഡമായിതീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജസ് പിതാവില്‍ നിന്ന് ഏകജാതനായവന്‍റെ തേജസായി കണ്ടു” (യോഹന്നാന്‍ 1:1, 14).
നമ്മുടെ സകല പാപങ്ങളും ഹിമം പോലെ വെളിപ്പിക്കുവാന്‍ ഈ സത്യം നമ്മെ കഴിവുള്ളവരാക്കി. യേശു സ്വീകരിച്ച സ്നാനവും അവന്‍റെ രക്തം ചിന്തലും, യാഗവ്യവസ്ഥയിലുള്ള കൈവയ്പ്പും പ്രായശ്ചിത്തത്തിനായുള്ള ന്യായവിധിയും അല്ലാതെ മറ്റൊന്നുമല്ല. യേശു ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെ തോളില്‍ വഹിച്ചതിനാലാണ് ക്രൂശിന്‍മേല്‍ അവന് രക്തം ചിന്തേണ്ടി വന്നത്. നമുക്ക് പകരം നമ്മുടെ പാപങ്ങള്‍ ചുമക്കാനായി യേശു സ്നാനപ്പെടുകയും ക്രൂശിലേക്കു പോയി അവിടെ രക്തം ചിന്തുകയും ചെയ്തു. ഈ സത്യമാണ് നമ്മുടെ പാപങ്ങളെ കഴുകിക്കളഞ്ഞ പ്രായശ്ചിത്തായി മാറിയത്.
ഒരു മനുഷ്യനായി ഈ ലോകത്തേക്ക് വന്ന് നമ്മുടെ കര്‍ത്താവ് സ്വീകരിച്ച സ്നാനവും ക്രൂശില്‍ ചൊരിഞ്ഞ രക്തവുമാണ് നീല ധൂമ്രം ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന സത്യം. 2,000 വര്‍ഷങ്ങള്‍ക്കു മുമ്പേ യേശു ഈ ഭൂമിയില്‍ ജനിച്ച് സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നു, ക്രൂശില്‍ മരിച്ചു, മൂന്നാം നാളില്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു, 40 ദിവസം തുടര്‍ന്ന് സാക്ഷ്യം വഹിച്ചു, തുടര്‍ന്ന് ദൈവീക സിംഹാസനത്തിന്‍റെ വലതു ഭാഗത്തേയ്ക്കു ആരോഹണം ചെയ്തു. ഈ സത്യമാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുന്ന സത്യം. നമ്മുടെ പാപങ്ങളെ തുടച്ചു നീക്കിയതിലൂടെ സകല പാപങ്ങളില്‍ നിന്നും അവന്‍ നമ്മെ രക്ഷിച്ചു എന്ന ഈ സത്യത്തില്‍ വിശ്വസിക്കാനാണ് ദൈവം നമ്മോട് പറയുന്നത്.
ഈ സത്യത്തില്‍ നാം വിശ്വസിക്കുമ്പോള്‍ ദൈവം നമ്മോട് ഇങ്ങനെ പറയും: “ഇപ്പോള്‍ നിങ്ങളെന്‍റെ മക്കളായിരിക്കുന്നു. നിങ്ങള്‍ ഇനി പാപികളല്ല. നിങ്ങള്‍ എന്‍റെ ജനമാണ്, ഇനി ഒരിക്കലും പാപികളല്ല. നിങ്ങളുടെ സകല പാപങ്ങള്‍, ശിക്ഷകള്‍, ശാപങ്ങള്‍ എന്നിവയില്‍ നിന്നും നിങ്ങളെ ഞാന്‍ രക്ഷിച്ചിരിക്കുന്നു. എന്‍റെ വ്യവസ്ഥകളില്ലാത്ത സ്നേഹത്താല്‍ ഞാന്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. കാരണം നിങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ടവരായതിനാല്‍ വ്യവസ്ഥകളൊന്നും കൂടാതെ ഞാന്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നതിനാല്‍ നിങ്ങളെ എന്‍റെ സ്വന്തമായി ഞാന്‍ രക്ഷിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചിരുന്നത് മാത്രമല്ല, എന്‍റെ സ്നേഹത്തെ ഞാന്‍ ഈ രീതിയില്‍ പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. എന്‍റെ യാഗ രക്തത്തിലേക്ക് നോക്കൂ, ഇതാണ് നിങ്ങളോടുള്ള എന്‍റെ സ്നേഹത്തിന്‍റെ തെളിവ്. ഈ തെളിവ് ഞാന്‍ നിങ്ങളെ കാണിച്ചിരിക്കുന്നു".
ആത്മാവില്‍ ദരിദ്രരായി നാം കര്‍ത്താവിനടുത്ത് വരുമ്പോള്‍, അവന്‍ നമ്മെ നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ രക്ഷിച്ചു എന്നത് കാണിക്കുന്നു. കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നു, സ്നാനപ്പെട്ടു, വെറുക്കപ്പെടുകയും ക്രൂശിലെ മരണത്തിലൂടെ ശിക്ഷിക്കപ്പെടുകയും മരണത്തില്‍ നിന്നും ഉയിര്‍ക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്തു. ദൈവത്തിന്‍റെ ഈ രക്ഷയുടെ സ്നേഹത്തില്‍ വിശ്വസിക്കുന്ന ഏവരെയും ദൈവം കാണുന്നു.
വിശ്വസിക്കുന്നവരില്‍ ദൈവം തന്‍റെ രക്ഷയുടെ കൃപ ദാനം ചെയ്യുന്നു. അവന്‍റെ രക്ഷ വെറും സൃഷ്ടികളെ ദൈവത്തിന്‍റെ സ്വന്തം മക്കളാക്കി തീര്‍ക്കുന്നു. ദൈവം നമ്മോടു പറയുന്നു; “നിങ്ങള്‍ ഇപ്പോള്‍ എന്‍റെ മക്കളാണ്. നിങ്ങള്‍ എന്‍റെ മകനും മകളുമാണ്. നിങ്ങള്‍ ഇനി മുതല്‍ സാത്താന്‍റെ മക്കളല്ല മറിച്ച് എന്‍റെ സ്വന്തം മക്കളാണ്. നിങ്ങള്‍ വെറും സൃഷ്ടികളല്ല. എന്‍റെ സ്വന്തം ജനമാണ്. എന്‍റെ പുത്രനായ യേശുവിലൂടെ നിങ്ങളുടെ സകല പാപങ്ങള്‍ക്കും ഞാന്‍ പ്രായശ്ചിത്തം ചെയ്തിരിക്കുന്നു. ഇപ്പോള്‍ നിങ്ങളെ ഞാന്‍ എന്‍റെ ജനമാക്കിയിരിക്കുന്നു. വിശ്വാസത്താല്‍ നിങ്ങള്‍ എന്‍റെ ജനമായിത്തീരുന്നു”. ദൈവം പാപികളെ രക്ഷിക്കുക മാത്രമല്ല, അവരെ തന്‍റെ സ്വന്തജനമാക്കുവാനുള്ള കൃപ അവര്‍ക്കു ദാനമായി നല്‍കുകയും ചെയ്യുന്നു.
സമാഗമന കൂടാരത്തിലെ സാക്ഷ്യപെട്ടകത്തിന്‍റെ അടപ്പിനെയാണ് ദൈവം കൃപാസനം എന്നുവിളിച്ചത്. താഴേക്ക് നോക്കി നില്‍ക്കുന്ന രണ്ടു കെരൂബുകള്‍ അതിനു മുകളിലുണ്ടായിരുന്നു. കൃപാസനത്തിന് മുകളില്‍ നിന്നും താന്‍ യിസ്രായേല്‍ ജനത്തിന് പ്രത്യക്ഷനാകുമെന്ന് ദൈവം പറഞ്ഞത് എന്തുകൊണ്ട്? യിസ്രായേല്‍ ജനത്തിന്‍റെ സകല പാപവും അവരുടെ കൈവയ്പ്പിലൂടെ കടത്തിവിട്ട യാഗമൃഗത്തിന്‍റെ രക്തം അംഗീകരിക്കുന്നതിലൂടെ ദൈവം മോചിപ്പിക്കുന്നു എന്നതാണ് ഇതിനു കാരണം.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങള്‍ കടത്തിവിട്ട യിസ്രായേല്‍ ജനത്തിന് അവരുടെ പാപമോചനവും ഒരു ദാനമായി നല്‍കണമെന്ന് ദൈവം പറഞ്ഞു. അവരുടെ സ്ഥാനത്ത് ഈ യാഗ വസ്തു പാപത്തിന്‍റെ വില നല്‍കുന്നു. ഇവയെല്ലാം തന്നെ തന്‍റെ ജനത്തിന്‍റെ അകൃത്യങ്ങള്‍ തുടച്ചുനീക്കാനായിരുന്നു. ഈ പ്രായശ്ചിത്ത യാഗം ഇല്ലാത്ത പാപികളെ കാണുവാന്‍ ദൈവത്തിന് കഴിയാത്തതിനാല്‍ യാഗാര്‍പ്പണത്തിലൂടെയാണ് അവരുടെ പാപങ്ങള്‍ തുടച്ചുനീക്കിയതും അവരെ സന്ദര്‍ശിച്ചതും.
ആദാമിന്‍റെ സന്തതിയായി പാപത്തോടുകൂടിയാണ് എല്ലാവരും ഈ ലോകത്തില്‍ ജനിക്കുന്നത്. ആകയാല്‍ സകലരിലും പാപമുണ്ട്. അതിനാല്‍ തന്നെ യാഗം അര്‍പ്പിച്ചിട്ടില്ലാത്ത ആര്‍ക്കും ദൈവത്തെ കാണാന്‍ കഴിയില്ല. അതിനാലാണ് യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങളുടെ പ്രായശ്ചിത്തമായ യാഗത്തെ സ്വീകരിക്കുമെന്നും കൃപാസനത്തിനു മുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രത്യക്ഷനാകുമെന്നും പറഞ്ഞത്.
യിസ്രായേല്‍ ജനത്തോട് ഏഴാം മാസത്തിന്‍റെ പത്താംദിവസം പ്രായശ്ചിത്ത ദിനമായി ആചരിക്കുവാന്‍ ദൈവം പറഞ്ഞു. യിസ്രായേല്യരുടെ ഒരു വര്‍ഷത്തെ പാപങ്ങളുടെ വില യാഗമൃഗത്തില്‍ അര്‍പ്പിക്കുവാനും അതിന്‍റെ യാഗ രക്തം തനിക്ക് അര്‍പ്പിക്കുവാനും അവന്‍ മഹാപുരോഹിതന്‍മാരെ ഒരുക്കി. ആ ദിവസം തന്നെ യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ ഒരു വര്‍ഷത്തേക്കുള്ളതെല്ലാം മോചിക്കപ്പെടും. ജനത്തിനുവേണ്ടി മഹാപുരോഹിതന്‍ ആ ദിവസം പാപയാഗം അര്‍പ്പിക്കുന്നതിലാണിത്.
തങ്ങളുടെ അകൃതങ്ങളില്‍ നിന്നും പാപികളുടെ മോചനത്തിനായുള്ള പഴയ നിയമത്തിന്‍റെ യാഗ വ്യവസ്ഥ
ലേവ്യാപുസ്തകം 1:4 പറയുന്നതുപോലെ “അവന്‍ ഹോമയാഗത്തിന്‍റെ തലയില്‍ കൈവയ്ക്കേണം; എന്നാല്‍ അത് അവനു വേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കു സുഗ്രാഹ്യമാകും”. ഒരു പാപിയുടെ സകല പാപങ്ങളും യാഗമൃഗത്തിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ ബലിയാടിലേക്ക് യഥാര്‍ത്ഥമായും കടത്തിവിടപ്പെടുന്നു. തന്‍റെ വചനത്തില്‍ യഥാര്‍ത്ഥമായും ഉള്ള വിശ്വാസത്താല്‍ നല്‍കുന്ന യാഗ വസ്തുക്കളെ ദൈവം സന്തോഷത്തോടെ അംഗീകരിക്കുന്നു. തന്‍റെ ജനമായ യിസ്രായേലിനായി ദൈവം സ്ഥാപിച്ച യാഗവ്യവസ്ഥയുടെ പ്രഥമവും പ്രധാനവുമായ പടിയായിരുന്നു ഇത്.
തുടര്‍ന്ന് ആ വ്യക്തി അതിന്‍റെ കഴുത്തറുത്ത് രക്തം എടുത്ത് ആ രക്തത്തെ പുരോഹിതന്മാരെ ഏല്‍പ്പിക്കുന്നു. പുരോഹിതന്‍മാര്‍ ഈ രക്തത്തെ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ഇതിന്‍റെ മാംസം യാഗപീഠത്തില്‍ വച്ച് ദഹിപ്പിക്കുകയും അതുവഴി ആ പാപിയുടെ പാപത്തിനായുള്ള യാഗം ദൈവത്തിന് നല്‍കുകയും ചെയ്യുന്നു. ഒരോ പാപിയുടെയും പാപങ്ങള്‍ യഥാര്‍ത്ഥമായും മോചിക്കപ്പെടുവാനായി ദൈവം ഒരുക്കിയ രക്ഷയുടെ നിയമമായിരുന്നു ഇത്.
എന്നാല്‍ ഏഴാം മാസത്തിന്‍റെ പത്താം ദിവസമായ പ്രായശ്ചിത്ത ദിനത്തില്‍ തങ്ങളുടെ ഒരു വര്‍ഷത്തെ പാപത്തിന്‍റെ വില മോചിക്കുവാന്‍ കഴിയുന്ന ഒരു യാഗം അര്‍പ്പിക്കുവാന്‍ ദൈവം തന്‍റെ ജനത്തെ അനുവദിച്ചു. ആ ദിവസം സകല യിസ്രായേല്യരുടെയും പ്രധിനിധിയായ മഹാപുരോഹിതന്‍ രണ്ട് കോലാട്ടു കൊറ്റന്‍മാരെ തയാറാക്കണം. “പിന്നെ അഹരോന്‍ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടു കൊറ്റനും ചീട്ടിടേണം. യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടു കൊറ്റനെ അഹരോന്‍ കൊണ്ടു വന്നു പാപയാഗമായി അര്‍പ്പിക്കേണം" (ലേവ്യാ പുസ്തകം 16:8-9). സകല യിസ്രായേലിന്‍റെയും ഒരു വര്‍ഷത്തെ പാപങ്ങളുടെ വില യാഗമൃഗത്തിലേക്ക് കടത്തി വിടുവാന്‍ അവന്‍ ഒന്നാമത്തെ കോലാട്ടു കൊറ്റന്‍റെ തലയില്‍ തന്‍റെ കൈ വയ്ക്കേണം. തുടര്‍ന്ന് അതിനെ കൊന്ന് അതിന്‍റെ രക്തം എടുത്ത് അതിവിശുദ്ധ സ്ഥലത്തേക്ക് ചെന്ന് കിഴക്കു വശത്തുള്ള കൃപാസനത്തില്‍ തന്‍റെ വിരലുകൊണ്ട് ആ രക്തം തളിക്കുകയും വേണം. ഈ യാഗവസ്തുവിന്‍റെ രക്തം അംഗീകരിക്കുന്നതിലൂടെ ദൈവം അവരുടെ പാപങ്ങള്‍ കഴുകികളയുകയും അവരെ തന്‍റെ സ്വന്ത ജനമായി അംഗീകരിക്കുകയും ചെയ്യുന്നു.
അതിനു ശേഷം സമാഗമന കൂടാരത്തില്‍ നിന്നും പുറത്തു വരുന്ന മഹാപുരോഹിതന്‍ യിസ്രായേല്‍ ജനത്തിന്‍റെ മുന്‍പിലായി മറ്റെ കോലാട്ടു കൊറ്റനെ നിര്‍ത്തുന്നു. ജനത്തിന്‍റെ പാപങ്ങള്‍ യഥാര്‍ത്ഥമായും കടത്തിവിടാനായി അവന്‍ തന്‍റെ കരങ്ങള്‍ വീണ്ടും യാഗമൃഗത്തിന്‍റെ തലയില്‍ വയ്ക്കുന്നു. തുടര്‍ന്ന് “കഴിഞ്ഞ ഒരു വര്‍ഷക്കാലം നിന്‍റെ ജനം ചെയ്ത സകല പാപങ്ങളെയും ഈ യാഗമൃഗത്തിലേക്ക് കടത്തിവിടുന്നു". എന്ന് അവന്‍ ഏറ്റു പറയുന്നു. അതിനു ശേഷം ഈ യാഗമൃഗത്തെ നിയമിക്കപ്പെട്ട ഒരാളുടെ കൈവശം മരുഭൂമിയിലേക്ക് അയക്കുന്നു.
ഈ കോലാട്ടു കൊറ്റനെ ഭീകരമായ നിര്‍ജന പ്രദേശത്തിലേക്ക് അയക്കുന്നത് മരിക്കുവാന്‍ വേണ്ടിയാണ് (ലേവ്യാപുസ്തകം 16:20-22). പ്രായശ്ചിത്ത ദിനത്തില്‍ നല്‍കപ്പെടുന്ന പാപയാഗങ്ങളിലൂടെ യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ പൂര്‍ണമായും ഒരിക്കലായി മോചിക്കപ്പെടുന്നുവെന്ന് ഇത് നമ്മോടു പറയുന്നു.
ഈ ബലിയാടുകള്‍ വരച്ചുകാട്ടുന്നത് യേശുവിനെ അല്ലാതെ മറ്റൊന്നിനെയും അല്ല. യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെയും ക്രൂശിക്കപ്പെട്ടതിലൂടെയും ഈ ലോകത്തെ സകലരുടെയും പാപങ്ങള്‍ കഴുകിക്കളഞ്ഞ് യേശു ക്രിസ്തു പൂര്‍ത്തീകരിച്ച രക്ഷയുടെ സത്യത്തെയാണ് പാപയാഗം വെളിപ്പെടുത്തുന്നത്. ന്യായപ്രമാണം അനുസരിച്ചുള്ള യാഗങ്ങളെ മഹാപുരോഹിതനിലൂടെ അര്‍പ്പിക്കുമെങ്കില്‍ കൃപാസനത്തിന്‍റെ മുകളിലിരുന്ന് യിസ്രായേല്‍ ജനത്തിന് പ്രത്യക്ഷനാകുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. മഹാപുരോഹിതനെയും കൃപാസനത്തെയും വിലയേറിയതായിട്ടാണ് യിസ്രായേല്‍ ജനം കരുതിയിരുന്നത്. കാരണം തങ്ങള്‍ക്കു പകരമായി എല്ലാവര്‍ഷവും പാപയാഗം അര്‍പ്പിക്കുന്നത് മഹാപുരോഹിതനാണ്. തങ്ങളുടെ അകൃത്യങ്ങള്‍ ക്ഷമിക്കപ്പെടുന്നത് കൃപാസനത്തിലാണ്.
ഇതുപോലെ തന്നെ യേശു തന്‍റെ സ്നാനത്തിലൂടെയും രക്തം ചിന്തലിലൂടെയും നമ്മുടെ പാപങ്ങള്‍ക്കായി എന്നേക്കുമുള്ള ഏക യാഗമായി തന്‍റെ ശരീരത്തെ അര്‍പ്പിച്ചു. അതിനാലാണ് കര്‍ത്താവായ യേശുവിനോട് നന്ദി പറഞ്ഞു തീര്‍ക്കാന്‍ നമുക്ക് കഴിയാത്തതും അവന്‍റെ ക്രൂശീകരണത്തോടൊപ്പം അവന്‍റെ സ്നാനത്തില്‍ നാം വിശ്വാസിക്കേണ്ടതും.
സാക്ഷ്യപെട്ടകത്തിനകത്ത് വച്ചിരിക്കുന്ന പത്ത് കല്‍പ്പനകളുടെ രണ്ട് കല്‍പ്പലകകളെ കൃപാസനം മൂടിവയ്ക്കുന്നു
സീനായ് പര്‍വ്വതത്തില്‍ വച്ച് പത്ത് കല്‍പ്പനകള്‍ എഴുതിയ രണ്ട് കല്‍പ്പലകകള്‍ സാക്ഷ്യപെട്ടകത്തിനകത്തു വയ്ക്കണമെന്നും പെട്ടകത്തെ കൃപാസനം കൊണ്ട് അടയ്ക്കേണം എന്നും ദൈവം മോശെയോട് കല്‍പ്പിച്ചു. യിസ്രായേല്‍ ജനത്തിന് ന്യായപ്രമാണം പാലിക്കാന്‍ കഴിയാത്തതിനാല്‍ അവരോടുള്ള തന്‍റെ കാരുണ്യത്തിന്‍റെ സ്നേഹം നല്‍കുവാന്‍ ആഗ്രഹിച്ചതിനാലാണ് ദൈവം അങ്ങനെ ചെയ്തത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാപത്തിന്‍റെ ശമ്പളം മരണമെന്നു പ്രഖ്യാപിക്കുന്ന ദൈവത്തിന്‍റെ നീതിയുളള ന്യായപ്രമാണത്തോട് ദിനം തോറും പാപം ചെയ്യുന്ന യിസ്രായേല്‍ ജനത്തിന് ഇടപെടാന്‍ കഴിയാത്തതിനാലാണ് ദൈവം ഇങ്ങനെ ചെയ്ത്. യിസ്രായേല്‍ ജനത്തിന് പാപമോചനം നല്‍കാന്‍ വേണ്ടി തന്നെയായിരുന്നു ഇക്കാര്യവും.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ പാലിക്കുവാന്‍ കഴിയാത്ത വണ്ണം അശക്തരായിരുന്നു യിസ്രായേല്‍ ജനം. അതുകൊണ്ടാണ് ന്യായപ്രമാണത്തോടൊപ്പം യാഗവ്യവസ്ഥയും ദൈവം അവര്‍ക്കു നല്‍കിയത്. യാഗം അര്‍പ്പിക്കുന്നതിലൂടെ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും അവരെ ശുദ്ധീകരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ തുടച്ചു നീക്കുവാനായി അവര്‍ യാഗ മൃഗത്തിന്‍റെ തലയില്‍ തങ്ങളുടെ കൈകള്‍ വച്ച് അതിലേക്ക് പാപങ്ങള്‍ കടത്തിവിടുകയും അതിന്‍റെ കഴുത്തറുത്ത് തങ്ങള്‍ക്കു പകരമായി അതിനെ കൊല്ലുകയും ചെയ്യണമെന്ന് ദൈവം ആവശ്യപ്പെട്ടിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. യിസ്രായേല്‍ ജനത്തോടുള്ള ദൈവത്തിന്‍റെ നീതിയുള്ള ക്രോധത്തിന്‍റെ നിയമത്തോടൊപ്പം തന്‍റെ രക്ഷയുടെ സ്നേഹത്തിന്‍റെ നിയമവും ദൈവം നല്‍കി. അപ്രകാരം തന്നെ ദൈവീകരക്ഷയുടെ രണ്ട് അവിഭാജ്യ സത്യങ്ങളില്‍ നമ്മളും വിശ്വസിക്കണം. യോഹന്നാനില്‍ നിന്നും മശിഹാ സ്വീകരിച്ച സ്നാനത്തിലും ക്രൂശില്‍ അവന്‍ ചൊരിഞ്ഞ രക്തത്തിലും.
പഴയനിയമത്തിലുള്ള പാപയാഗത്തിനുവേണ്ടിയുളള മൃഗം പുതിയ നിയമത്തിലെ മശിഹായുടെ ശരീരം ആയിരുന്നു. തിരുവെഴുത്തുകളില്‍ നമുക്കായി നല്‍കിയിരിക്കുന്ന യാഗാര്‍പ്പണങ്ങളാകട്ടെ നമ്മുടെ സകല പാപങ്ങളും തുടച്ചുകളയുന്ന ദൈവസ്നേഹത്തിന്‍റെ കാരുണ്യം ആയിരുന്നു. ഇപ്പോള്‍ മുമ്പത്തേതുപോലെ നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുവാന്‍ ഒരു പ്രായശ്ചിത്ത യാഗാര്‍പ്പണം നമുക്കും തീര്‍ച്ചയായും ആവശ്യമുണ്ട്. വളരെ മുമ്പു മുതല്‍ക്കു തന്നെ മാനവജാതിയുടെ പാപങ്ങള്‍ തുടച്ചുനീക്കുവാന്‍ ദൈവത്തിന്‍റെ നീതിയും അവന്‍റെ കാരുണ്യസ്നേഹവും ഉണ്ടായിരുന്നു.
നമുക്ക് പാപം ഉണ്ട് എങ്കില്‍ ദൈവത്തിന്‍റെ നീതി തീര്‍ച്ചയായും നമ്മെ ന്യായം വിധിക്കും എന്നതിനാല്‍ നമ്മുടെ പാപങ്ങളെ പാപയാഗത്തിലേക്ക് കടത്തിവിട്ട് അവയെ കഴുകിക്കളയേണ്ടതുണ്ട്. കൊറിയയിലുള്ള ഒരു പഴഞ്ചൊല്ല് പറയുന്നതുപോലെ “പാപത്തെ വെറുക്കുക. പക്ഷെ പാപിയെ വെറുക്കരുത്". ദൈവം നമ്മുടെ പാപങ്ങളെ വെറുത്തു, പക്ഷെ നമ്മുടെ ആത്മാക്കളെ അവന്‍ വെറുത്തില്ല. നമ്മുടെ ആത്മാവിലെ പാപങ്ങളെ ദൈവം തുടച്ചു നീക്കുവാനായി നമ്മുടെ കൈകള്‍ യാഗമൃഗത്തിന്‍മേല്‍ വയ്ക്കുകയും അതിന്‍റെ രക്തം എടുത്ത് ദൈവത്തിന് സമര്‍പ്പിക്കുകയും വേണം. പഴയനിയമത്തില്‍ ദൈവം യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തു എന്നതിന്‍റെ അര്‍ത്ഥം ദൈവം അവരുടെ യാഗാര്‍പ്പണം അംഗീകരിച്ചു എന്നും അതുവഴി അവരുടെ പാപങ്ങള്‍ മോചിച്ചു എന്നും ആണ്.
ആ യിസ്രായേല്‍ ജനങ്ങളെ സംബന്ധിച്ച് ഏക ന്യായപ്രമാണ കര്‍ത്താവ് ദൈവം ആണ്. യിസ്രായേല്‍ ജനത്തിനു മുമ്പില്‍, തന്നെ വെളിപ്പെടുത്തിയ യഹോവ; ഞാനാകുന്നവന്‍ ഞാനാകുന്നുവെന്ന് നിലകൊള്ളുന്ന ദൈവം. ന്യായപ്രമാണത്തിന്‍റെ കര്‍ത്താവ് ദൈവം മാത്രമാണെന്ന് നാം തിരിച്ചറിയുന്നതുപോലെ തന്നെ അവന്‍ നമ്മുടെയെല്ലാം ദൈവം ആണെന്നും നമ്മുടെ പാപങ്ങള്‍ തുടച്ചു നീക്കുവാന്‍ അവന്‍ ക്രമീകരിച്ച യാഗവ്യവസ്ഥയെ അംഗീകരിക്കേണ്ടതുണ്ടെന്നും നാം തിരിച്ചറിയണം. ദൈവം സ്ഥാപിച്ച യാഗവ്യവസ്ഥയിലൂടെ അവന്‍ എന്തു മാത്രം നമ്മെ സ്നേഹിച്ചിരുന്നുവെന്നും എത്ര നീതിയോടുകൂടി പാപത്തില്‍ നിന്നും ദൈവം നമ്മെ വിടുവിച്ചിരിക്കുന്നു എന്നും തിരിച്ചറിയുവാന്‍ നമുക്ക് കഴിയുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണത്തിലൂടെ അവന്‍റെ കല്‍പ്പനകള്‍ പ്രമാണിക്കുവാന്‍ നമുക്ക് കഴിയില്ലായെന്ന് ലളിതമായി നമുക്ക് തിരിച്ചറിയാനും കഴിയും. നമ്മുടെ അടിസ്ഥാനം അനുസരിച്ച് സകലവിധമായ അകൃത്യങ്ങളും ലംഘനങ്ങളും ചെയ്യുന്ന വിഗ്രഹാരാധികളാണ് ദൈവമുമ്പാകെ നമ്മള്‍. ആകയാല്‍ നമ്മുടെ പാപം നിമിത്തം ഏതു സമയവും നകരത്തിലേക്ക് വിധിക്കപ്പെട്ടവരായിരിക്കുന്നു നമ്മള്‍ എന്നത് അംഗീകരിക്കാതെ തരമില്ല. അതിനാലാണ് നമ്മുടെ രക്ഷകനായി ദൈവത്തിന് തന്നെ വരേണ്ടി വന്നത്.
ലോകത്തിന്‍റെ പാപങ്ങള്‍ക്കായി എന്നേക്കുമുള്ള യാഗമായിട്ടാണ് യേശുക്രിസ്തു തന്‍റെ ശരീരത്തെ നല്‍കിയത്. പഴയനിയമത്തില്‍ പാപയാഗം അര്‍പ്പിച്ചിരുന്ന അതേ രീതിയില്‍ തന്നെയാണ് അവന്‍ തന്നെയും അര്‍പ്പിച്ചത്. പ്രത്യേകിച്ച് പ്രായശ്ചിത്ത ദിനത്തെക്കുറിച്ചുള്ള വേദഭാഗത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ യാഗമൃഗത്തിന്‍റെ തലയില്‍ ഉള്ള കൈവയ്പ്പും അതിന്‍റെ രക്തം ചിന്തലും. സാക്ഷ്യപെട്ടകത്തിലെ രണ്ട് കല്പലകകളും കൃപാസനവും തങ്ങളുടെ പാപങ്ങളുടെ മോചനം നേടുവാന്‍ യിസ്രായേല്‍ ജനത്തിനു അത്യാവശ്യമായിരുന്നു. കാരണം, ദൈവത്തിന്‍റെ നീതിയിലുള്ള ന്യായപ്രമാണത്തിലും അവന്‍റെ ജീവന്‍റെ വാഗ്ദത്തങ്ങളിലും വിശ്വസിക്കുന്നവരെ മാത്രമാണ് പുതുജീവന്‍ പ്രാപിക്കുവാന്‍ ദൈവം പ്രാപ്തരാക്കിയിരുന്നത്. ഇന്ന് ദൈവത്തിന്‍റെ നീതികാണിക്കുന്ന ന്യായപ്രമാണവും പാപത്തില്‍ നിന്നും നിത്യ രക്ഷ നല്‍കുന്ന സത്യവചനവും യിസ്രായേല്‍ ജനത്തിനെ മാത്രമല്ല, നമ്മളെല്ലാവരെയും ദൈവത്തെ കാണുവാനും നിത്യജീവന്‍ പ്രാപിക്കുവാനും പ്രാപ്തരാക്കുന്നു.
ഇക്കാലത്ത് ജീവിക്കുന്ന നിങ്ങളും ഞാനും നമ്മുടെ ദൈവം ആരെന്നും അവന്‍ നമ്മോടു പറയുന്നത് എന്തെന്നും നമ്മുടെ പാപങ്ങളുടെ മോചനം നേടുവാനായി അവന്‍ എന്തു ചെയ്തു എന്നതും നാം അറിയുകയും വിശ്വസിക്കുകയും വേണം. പഴയനിയമത്തിലെ സമാഗമന കൂടാര വാതില്ക്കലുള്ള നീല,ധൂമ്രം, ചുവപ്പ് നൂലുകളിലും പരിച്ച പഞ്ഞി നൂലിലും വെളിപ്പെടുന്ന സത്യത്തിലൂടെ ദൈവം നിങ്ങളെയും എന്നെയും വിളിക്കുകയും, സ്വീകരിക്കുകയും ഇതില്‍ വിശ്വസിക്കുന്ന വിശ്വാസത്തെ നമുക്ക് നല്‍കുകയും ചെയ്തു.
നീല നൂല്‍ കൃത്യമായും സൂചിപ്പിക്കുന്നത് യേശു സ്വീകരിച്ച സ്നാനത്തെയാണ്
മത്തായി 3:13-17 വരെ നമുക്ക് വായിക്കാം. “അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്‍ക്കുവാന്‍ ഗലീലയില്‍ നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു. യോഹന്നാനോ അവനെ വിലക്കി; നിന്നാല്‍ സ്നാനം ഏല്‍ക്കുവാന്‍ എനിക്ക് ആവശ്യം. പിന്നെ നീ എന്‍റെ അടുക്കല്‍ വന്നുവോ എന്നു പറഞ്ഞു. യേശു അവനോട് ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു. എന്നാറെ അവന്‍ അവനെ സമ്മതിച്ചു. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍ നിന്നു കയറി; അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെ മേല്‍ വരുന്നത് അവന്‍ കണ്ടു; ഇവന്‍ എന്‍റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി”.
പഴയ നിയമത്തിലെ യാഗ വ്യവസ്ഥ അനുസരിച്ച് നല്‍കപ്പെട്ട യാഗങ്ങളിലൂടെ പിതാവാം ദൈവം ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ ഏക ജാതനായ പുത്രന്‍ യേശുക്രിസ്തുവില്‍ കടത്തിവിടും എന്നതിനെയാണ് ഇത് കാണിക്കുന്നത്. ദൈവത്തിന്‍റെ സകല നീതിയും നിവര്‍ത്തിക്കുവാനായാണ് സ്നാപകയോഹന്നാന്‍ വാസ്തവത്തില്‍ യേശുവിനെ സ്നാനപ്പെടുത്തിയത്. യോഹന്നാനാല്‍ സ്നാനപ്പെട്ടപ്പോള്‍ യേശുവിലേക്ക് ലോകത്തിന്‍റെ പാപങ്ങള്‍ എല്ലാം വാസ്തവമായി കടത്തിവിടപ്പെട്ടതിനാല്‍ ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ ഹൃദയങ്ങളിലെ സകലപാപവും മോചിക്കപ്പെടുന്നു.
യേശു സ്വീകരിച്ച സ്നാനത്തിന് ഇന്നത്തെ ജനങ്ങള്‍ ക്രിസ്ത്യാനികളായി മാറുമ്പോള്‍ സ്വീകരിക്കുന്ന ജലസ്നാനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ ജനം സ്വീകരിക്കുന്ന ജലസ്നാനം എന്നത് ക്രിസ്തുമതത്തിലേക്കുള്ള തങ്ങളുടെ മാറ്റത്തെ കുറിക്കുന്ന പുറമെയുള്ള ഒരു അടയാളം മാത്രമാണ്. മാനവജാതിയുടെ പ്രതിനിധിയായ സ്നാപകയോഹന്നാന്‍റെ കൈവെപ്പിലൂടെ ലോകത്തിലെ സകല പാപങ്ങളെയും ചുമക്കുവാന്‍ വേണ്ടിയാണ് യേശു യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടത്. നിത്യരക്ഷയെക്കുറിച്ചുള്ള ദൈവീക വാഗ്ദത്തം, ലേവ്യാ പുസ്തകത്തിലെ യാഗവ്യവസ്ഥയിലൂടെ ദൈവം സ്ഥാപിച്ച പാപമോചനത്തെ, നിവര്‍ത്തീകരിച്ച സ്നാനം ആണ് യേശു സ്വീകരിച്ച സ്നാനം. ഈ പാപങ്ങളുടെ വില നല്‍കുവാനായി യേശു വ്യക്തിപരമായി സ്നാനപ്പെടുകയും ക്രൂശില്‍ രക്തം ചിന്തുകയും ചെയ്തതിലൂടെ ലോകത്തിന്‍റെ പാപങ്ങള്‍ ചുമന്നു എന്നത് മാനവജാതിയോടുള്ള ദൈവത്തിന്‍റെ സ്നാനവും സമ്പൂര്‍ണമായ പാപമോചനവും ആണ്.
ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാനായിട്ടായിരുന്നു പിതാവായ ദൈവം തന്‍റെ പുത്രനെ യോഹന്നാനെ കൊണ്ട് സ്നാനപ്പെടുത്തിയത്. “ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്കുചിതം" (മത്തായി 3:15). “ഇങ്ങനെ" എന്നത് അര്‍ത്ഥമാക്കുന്നത് സ്നാനപ്പെടുന്നതിലൂടെ ലോകത്തിലെ മുഴുവന്‍ മാനവജാതിയുടെയും പാപങ്ങളും യേശു ചുമക്കും എന്നതാണ്. കാരണം യേശുക്രിസ്തുവിനെ യോഹന്നാന്‍ സ്നാനപ്പെടുത്തിയതിനാലാണ് നമ്മുടെ പാപങ്ങള്‍ അവനിലേക്ക് കടത്തിവിടപ്പെട്ടത്. തന്‍റെ സ്നാനത്തിലൂടെ നമ്മുടെ പാപങ്ങളെ യേശു ക്രിസ്തു ചുമന്നതിനാലാണ് തന്‍റെ രക്തം ചിന്തി നമുക്ക് പകരമായി അവന്‍ മരിച്ചത്. ദൈവസ്നേഹത്തിന്‍റെ യാഗവും പാപമോചനവും ആണ് യേശു സ്വീകരിച്ച സ്നാനം. തന്നിലേക്ക് കടത്തിവിടപ്പെട്ട നമ്മുടെ സകല പാപങ്ങളെയും വാസ്തവമായും സ്വീകരിച്ച ശേഷം അവന്‍ വെള്ളത്തില്‍ മുങ്ങി. ഈ മൂഴുകല്‍ അവന്‍റെ മരണത്തെ കുറിക്കുന്നു. തുടര്‍ന്ന് അവന്‍ വെള്ളത്തില്‍ നിന്ന് പുറത്തു വന്നത് അവന്‍റെ പുനരുത്ഥാനത്തെ കുറിച്ച് മുന്‍പെ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ സൃഷ്ടിതാവും രക്ഷകനുമായ യേശു
നമ്മിലേക്ക് വന്ന യേശു ക്രിസ്തു ഈ പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച ദൈവം തന്നെയാണ് എന്നത് സത്യമാണ്. ഉല്പത്തി 1:1 പറയുന്നു. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു". ഉല്പത്തി 1:3 പറയുന്നു, വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി; യോഹന്നാന്‍ 1:3 പറയുന്നു “സകലവും അവന്‍ മുഖാന്തരം ഉളവായി. ഉളവായൊതൊന്നും അവനെ കൂടാതെ ഉളവായതല്ല". പിതാവിനോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്ന് യഥാര്‍ത്ഥമായും യേശുക്രിസ്തു ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചു.
ഫിലിപ്പിയര്‍ 2:5-8 പറയുന്നു, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായി തീര്‍ന്നു". ഈ ലോകത്തെയും മാനവജാതിയായ നമ്മെയും സൃഷ്ടിച്ച യഥാര്‍ത്ഥ സൃഷ്ടി കര്‍ത്താവാണ് അവന്‍. നമ്മെ പാപത്തില്‍ നിന്നും വിടുവിക്കുന്നവനായി ഈ കര്‍ത്താവ് തന്നെ ഒരു മനുഷ്യനായി നമ്മുടെ ഇടയിലേക്ക് വന്നു യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുകയും ഈ സ്നാനം നിമിത്തം തന്‍റെ രക്തം ചിന്തുകയും അതുവഴി സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്തു.
സമാഗമനകൂടാരത്തിന്‍റെ എല്ലാ വാതിലുകളും നീല, ധൂമ്രം, ചുവപ്പ് നൂലുകളും വെളുത്ത പിരിച്ച പഞ്ഞി നൂലുമായി നെയ്ത് നിര്‍മ്മിക്കുവാന്‍ യിസ്രായേല്‍ ജനത്തെ മശിഹാ ഒരുക്കി. അതായത്, സമാഗമനകൂടാര വാതില്‍ക്കല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ അവരെ കൊണ്ട് ഉപയോഗിപ്പിച്ചതിലൂടെ സകല മാനവജാതിയെയും അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുക എന്ന തന്‍റെ ഉദ്ദേശ്യമാണ് വെളിപ്പെടുന്നത്. ലോകത്തിന്‍റെ പാപത്തെ ചുമക്കാനായി യോഹന്നാനില്‍ നിന്നും സ്നാനപ്പെടുകയും അതിന്‍റെ വില നല്‍കുവാനായി ക്രൂശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്യുക എന്ന തന്‍റെ ഉദ്ദേശ്യം.
പഴയനിയമത്തില്‍ പാപികള്‍ തങ്ങളുടെ യാഗമൃഗത്തെ സമാമനകൂടാരത്തില്‍ കൊണ്ടു വന്ന് ഹോമയാഗപീഠത്തിന്‍റെ മുമ്പില്‍ വച്ച് അവയുടെ തലയില്‍ തങ്ങളുടെ കൈ വച്ച് പാപങ്ങളെ അതിലേക്ക് കടത്തിവിടും. തുടര്‍ന്ന് അതിന്‍റെ കഴുത്ത് അറുത്ത് രക്തമെടുത്ത് ഇതിനെ പുരോഹിതന്‍മാര്‍ക്ക് നല്‍കും. തുടര്‍ന്ന് പുരോഹിതന്‍മാര്‍ ഹോമയാഗപീഠത്തിന്‍റെ നാലു കൊമ്പുകളില്‍ ഈ രക്തം പുരട്ടിയും ശേഷിക്കുന്നത് നിലത്തിലേക്ക് ഒഴിച്ചും ഈ യാഗത്തെ ദൈവത്തിന് അര്‍പ്പിക്കുന്നു.
പ്രായശ്ചിത്ത ദിനത്തില്‍ മഹാപുരോഹിതന്‍ താന്‍ തലയില്‍ കൈവച്ച യാഗമൃഗത്തിന്‍റെ രക്തം എടുത്ത് അതിവിശുദ്ധ സ്ഥലത്തേക്ക് കൊണ്ടു പോയി കൃപാസനത്തില്‍ തളിക്കുമ്പോള്‍, തന്‍റെ ജനത്തിന്‍റെ ന്യായവിധിക്കു പകരമായി ഈ യാഗ രക്തത്തെ ദൈവം സ്വീകരിക്കുന്നു. എന്തിനാണ് ഈ യാഗമൃഗം കൊല്ലപ്പെടുന്നത്? കാരണം മഹാപുരോഹിതന്‍റെ കൈവയ്പ്പിലൂടെ യിസ്രായേല്‍ ജനത്തിന്‍റെ സകല പാപവും ഇതിന്‍റെ തലയില്‍ ചുമത്തപ്പെടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ കൈവയ്പ്പിന്‍റെ ഫലമായിരുന്നു ഇതിന്‍റെ രക്തം. അങ്ങനെ, ദൈവം യാഗമൃഗത്തെ അംഗീകരിക്കുകയും യാഗപീഠത്തില്‍ ദഹിപ്പിക്കപ്പെടുന്ന ഇതിന്‍റെ സുഗന്ധവാസന മണക്കുകയും, അതുവഴി യിസ്രായേല്‍ ജനത്തിന്‍റെ സകല പാപങ്ങളെയും മോചിപ്പിക്കുകയും ചെയ്യുന്നു.
പുതിയ നിയമ കാലത്ത് യേശുക്രിസ്തു വന്നതും ഇതു പോലെ ചെയ്യുവാനാണ്. നമ്മുടെ പാപങ്ങളെ ചുമക്കുവാനും പാപത്തിന്‍റെ ശിക്ഷ ചുമക്കുവാനുമായി നമ്മുടെ കര്‍ത്താവ് കന്യാമറിയത്തിന്‍റെ ശരീരത്തിലൂടെ ഈ ഭൂമിയിലേക്ക് വരികയും യോഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെയും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെയും അവന്‍ രക്ഷ പൂര്‍ത്തീകരിക്കുകയും ചെയ്തു. ദൈവമായ യേശു, സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തുവെന്ന സത്യം വെളിപ്പെടുത്തുന്ന സുവിശേഷമാണ് നീല, ധൂമ്രം, ചുവപ്പ് നൂല്‍.
നമ്മുടെ പാപങ്ങളെ തന്‍റെ സ്നാനത്തിലൂടെ ചുമന്നതിനാലാണ് യേശു ക്രൂശിക്കപ്പെട്ടത്. തന്‍റെ രക്തം മുഴുവനും ചിന്തിയത്, മരിച്ചത്, മൂന്നാം ദവവസം മരണത്തില്‍ നിന്നും ഉയിര്‍ത്തത്, അതുവഴി വിശ്വസിക്കുന്ന നമ്മുടെ രക്ഷകനായി തീര്‍ന്നത്. ദൈവസിംഹാസനത്തിന്‍റെ വലതു. ഭാഗത്തിരിക്കുന്ന് തന്നില്‍ വിശ്വസിക്കുന്നവരുടെ സകല പാപങ്ങളും ഒരിക്കലായി പിതാവാം ദൈവത്തിനു മുമ്പാകെ മോചിപ്പിച്ചതു വഴി തന്നെ യഥാര്‍ത്ഥമായും രക്ഷകനായി വിശ്വസിക്കുന്നവര്‍ക്കു ദൈവത്തെ ആബാ പിതാവേ എന്ന് വിളിക്കുവാനുള്ള യോഗ്യത യേശു ക്രിസ്തു നല്‍കി. ഈ രഹസ്യങ്ങളാണ് നീല, ധൂമ്രം, ചുവപ്പ്നൂലുകളില്‍ മറഞ്ഞിരിക്കുന്ന സത്യം.
തന്‍റെ സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും മശിഹാ നമ്മുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും നമുക്ക് പകരമായി പാപങ്ങളുടെ ശിക്ഷ വഹിക്കുകയും ചെയ്തു. ഇപ്പോള്‍ അവന്‍ ലോക രക്ഷിതാവായി തീര്‍ന്നിരിക്കുന്നു. ആകയാല്‍, പഴയ നിയമത്തിലെ സമാഗമന കൂടാരവാതില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നെയ്തത് ആണെന്ന് നാം വിശ്വസിക്കണം. അതുപോലെ പുതിയ നിയമത്തില്‍ നമ്മുടെ രക്ഷകനായ മശിഹാ യഥാര്‍ത്ഥമായും ഈ ഭൂമിയിലേക്ക് വന്നുവെന്നും തന്‍റെ സ്നാനത്തിലൂടെ ലോകത്തിന്‍റെ പാപങ്ങളെ ചുമന്നുവെന്നും ക്രൂശില്‍ സകല പാപങ്ങളുടെയും ശിക്ഷാ വിധി ചുമന്നുവെന്നും നാം വിശ്വസിക്കണം. അതുവഴി നമ്മുടെ പാപങ്ങളുടെ മോചനം നാം പ്രാപിക്കണം.
ക്രിസ്ത്യാനിയെന്ന നിലയില്‍ അവന്‍റെ വചനത്തിന് എത്രത്തോളം ശ്രദ്ധയാണ് നിങ്ങള്‍ ചെലുത്തുന്നത്?
പുറപ്പാട് 25:22 പറയുന്നു; “അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല് നിന്നും സാക്ഷ്യപെട്ടകത്തിന്മേല് നില്‍ക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്‍ നിന്നും യിസ്രായേല്‍ മക്കള്‍ക്കായി ഞാന്‍ നിന്നോടു കല്‍പ്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിചെയ്യും”. അപ്പോള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനോട്, പ്രായശ്ചിത്തത്തിന്‍റെ സുവിശേഷത്തോട് എത്രത്തോളം അരികിലാണ് നിങ്ങള്‍? യേശുവിനെ രക്ഷകനായി വിശ്വസിക്കുന്ന നിങ്ങളോട് എവിടെ നിന്നും സംസാരിക്കുമെന്നാണ് കര്‍ത്താവ് പറഞ്ഞത്? പുറപ്പാട് 25:22-ല്‍ സാക്ഷ്യപെട്ടകത്തിന്‍റെ മുകളില്‍ നിന്നും തന്‍റെ സകല കല്‍പ്പനകളും അവന്‍ നിങ്ങള്‍ക്ക് തരുമെന്ന് പറഞ്ഞു. പഴയനിയമത്തിലെ യിസ്രായേല്‍ ജനത്തോട് തന്‍റെ കൃപാസനത്തില്‍ ഇരുന്നുകൊണ്ട് സകലവും സംസാരിക്കുമെന്ന് ദൈവം പറഞ്ഞു.
ന്യായ പ്രമാണ പ്രകാരമുള്ള പാപമോചനം നല്‍കി നിങ്ങളെ തന്‍റെ ജനമാക്കി മാറ്റിയതിനു ശേഷം നിങ്ങളുടെ ജീവിതത്തെ അവന്‍ നയിക്കും എന്നത് ദൈവത്തിന്‍റെ വാഗ്ദത്തം ആണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ക്രിസ്ത്യാനിത്വത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ കര്‍ത്താവിനാല്‍ നയിക്കപ്പെടുവാന്‍ എത്ര തന്നെ പരിശ്രമിച്ചാലും ശരി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ കുറിച്ച് അജ്ഞരായിരുന്നാണ് നിങ്ങള്‍ യേശുവില്‍ വിശ്വസിക്കന്നമെങ്കില്‍ അവന് നിങ്ങളെ നയിക്കുവാനാകില്ല എന്നാണ് ദൈവം നമ്മോട് പറയുന്നത്. അപ്രകാരം കര്‍ത്താവിനാല്‍ നയിക്കപ്പെടണമെന്ന് നിങ്ങള്‍ യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ സകല പാപങ്ങളെയും ഒരിക്കലായി മോചിപ്പിച്ച പാപമോചനത്തിന്‍റെ സത്യത്തെ ആദ്യം തന്നെ നിങ്ങള്‍ അറിയുകയും അതിനെ അംഗീകരിക്കുകയും തുടര്‍ന്ന് അവന്‍റെ വഴിനടത്തലിനായി കാത്തിരിക്കുകയും വേണം.
ഒരു കാര്യം ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ദൈവമക്കള്‍ ആകുവാനും അവന്‍റെ സഭയുടെ ഭാഗമാകുവാനും ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം തന്നെ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ മര്‍മ്മമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങളെ മോചിപ്പിക്കണം. ഇതിനു ശേഷം മാത്രമേ സാക്ഷ്യപെട്ടകത്തിനു മുകളില്‍ നിന്ന് നിങ്ങളോടു പറയുന്ന കര്‍ത്താവിന്‍റെ കല്‍പ്പനകളെ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ.
പാപമോചനം പ്രാപിക്കുവാനായി നമ്മെ കഴിവുള്ളവരാക്കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നമുക്കു വിശ്വാസം വന്നപ്പോള്‍ കര്‍ത്താവ് എല്ലായ്പ്പോഴും കല്‍പ്പിക്കുകയും നമ്മുടെ ജീവിതത്തെ നയിക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുകയും ഓര്‍ക്കുകയും വേണം. കൃപാസനത്തിനു മുകളില്‍ നിന്ന് നിങ്ങള്‍ക്കു നല്‍കിയ കര്‍ത്താവിന്‍റെ കല്‍പ്പനകള്‍ നിങ്ങളിപ്പോള്‍ പ്രാപിക്കുന്നുണ്ടോ? അഥവാ നിങ്ങളുടെ സ്വന്തം വികാരങ്ങളുടെ അടിസ്ഥാനത്തിലാണോ നിങ്ങള്‍ കര്‍ത്താവിനെ അനുഗമിക്കുന്നത്?
നിങ്ങളുടെ സ്വന്തം വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും നിങ്ങളുടെ വിശ്വാസത്തെ പണിയുവാന്‍ കഴിയുകയില്ല. മറിച്ച് അവ നിങ്ങളെ ചിന്താക്കുഴപ്പത്തിലേക്ക് നയിക്കുക മാത്രം ചെയ്യും. സാക്ഷ്യ പെട്ടകത്തിനു മുകളില്‍ നിന്ന് ദൈവം നിങ്ങളോട് സംസാരിച്ച കല്പനകളെ പിന്തുടരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമാഗമനകൂടാരത്തില്‍ പറയപ്പെട്ടിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ച പഞ്ഞി നൂലും ദൈവം നമുക്ക് നല്‍കിയ പാപക്ഷമയാണെന്ന് നിങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം.
ഹല്ലേലൂയാ! കര്‍ത്താവിന്‍റെ സ്നാനത്തിനായും ക്രൂശിലെ രക്തത്തിനായും ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ച അവന്‍റെ ശക്തിക്കായും സ്നേഹത്തിനായും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.