(പുറപ്പാട് 25:31-40)
“തങ്കം കൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിപ്പു പണിയായിരിക്കേണം. അതിന്‍റെ ചുവടും തണ്ടും പുഷ്പ പുടങ്ങളും മുട്ടുകളും പൂക്കളും അതില്‍ നിന്നു തന്നെ ആയിരിക്കേണം. നിലവിളക്കിന്‍റെ മൂന്നു ശാഖ ഒരു വശത്തു നിന്നും നിലവിളക്കിന്‍റെ മൂന്നു ശാഖ മറ്റേ വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്‍റെ പാര്‍ശ്വങ്ങളില്‍ നിന്നു പുറപ്പെടേണം. ഒരു ശാഖയില്‍ ഒരോ മുട്ടും ഒരോ പൂവുമായി ബദാം പൂ പോലെ മൂന്നു പുഷ്പ പുടവും ഉണ്ടായിരിക്കേണം. നിലവിളക്കില്‍നിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം. വിളക്കു തണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാം പൂപോലെ നാലു പുഷ്പ പുടം ഉണ്ടായിരിക്കേണം. അതില്‍ നിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കില്‍ നിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും വേണം. അവയുടെ മുട്ടുകളും ശാഖകളും അതില്‍ നിന്നു തന്നെ ആയിരിക്കേണം. മുഴുവനും തങ്കം കൊണ്ട് ഒറ്റ അടിപ്പു പണിയായിരിക്കേണം. അതിന് ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പിക്കാന്‍ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം. അതിന്‍റെ ചവണകളും കരിന്തിരി പാത്രങ്ങളും തങ്കം കൊണ്ട് ആയിരിക്കേണം. അതും ഈ ഉപകരണങ്ങളൊക്കെയും ഒരു താലന്തു തങ്കം കൊണ്ട് ഉണ്ടാക്കേണം. പര്‍വ്വതത്തില്‍ വച്ചു കാണിച്ചു തന്ന മാതൃക പ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചു കൊള്ളേണം."
ഒരു താലന്ത് തനി തങ്കം കൊണ്ടാണ് സ്വര്‍ണ്ണനിലവിളക്ക് നിര്‍മ്മിച്ചിരുന്നത്. ഇതിന്‍റെ തണ്ട്, ഇരുവശത്തുമായുള്ള മൂന്നു വീതം ശാഖകള്‍, തണ്ടിനും ആറു ശാഖകള്‍ക്കും മുകളിലായുള്ള ഏഴുദീപങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരു താലന്ത് തങ്കത്തിന്‍റെ ഒറ്റ കഷ്ണമായി അടിപ്പു പണിയായിരുന്നു ഇത്. ഒരു താലന്ത് തങ്കം കൊണ്ട് പണിതിരിക്കുന്ന ഈ സ്വര്‍ണ്ണ നിലവിളക്ക് ആകര്‍ഷണീയമായ അലങ്കാരവും സൗന്ദര്യവും നിറഞ്ഞ ഒരു കാഴ്ചയായിരുന്നു.
സ്വര്‍ണനിലവിളക്കിനു മുകളിലായി എണ്ണ ഒഴിക്കുവാനുള്ള ഏഴു ദീപങ്ങള്‍ ഉണ്ടായിരുന്നു. എല്ലാ നേരവും വിശുദ്ധ സ്ഥലത്തെ പ്രകാശിപ്പിക്കുവാനായി അത് കത്തിച്ചു വച്ചിരുന്നു. നീല നൂല്‍, ധൂമ്ര നൂല്‍, ചുവപ്പ് നൂല്‍, പിരിച്ച പഞ്ഞി നൂല്‍ എന്നിവ കൊണ്ട് നെയ്തെടുത്ത സമാഗമന കൂടാര വാതില്‍ ഉയര്‍ത്തി തുറന്നതിനു ശേഷമേ ഒരാള്‍ക്ക് വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ. നീല, ധ്രൂമ്രം, ചുവപ്പു നൂലുകളില്‍ വെളിപ്പെടുന്ന രക്ഷണ്യ പ്രവൃത്തികളില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഈ സ്ഥലത്തേക്കു പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ. ആകയാല്‍ സമാഗമനകൂടാരത്തിന്‍റെ തിരശ്ശീല വാതിലില്‍ വെളിപ്പെടുത്തപ്പെട്ട നീല, ധ്രൂമ്രം, ചുവപ്പ്, പിരിച്ച പഞ്ഞിനൂലുകളിലെ രഹസ്യം അറിയുന്നവരെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഈ വിശ്വാസം കൂടാതെ ആര്‍ക്കും തന്നെ വിശുദ്ധ സ്ഥലത്ത് പ്രവേശിക്കാന്‍ കഴിയില്ല.
ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും കൂടി സാധ്യമായ അത്ഭുതകരമായ രക്ഷയില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ദൈവസഭയുടെ അംഗങ്ങളാകുവാന്‍ കഴിയുകയുള്ളൂ. സമാഗമന കൂടാരത്തിലെ തിരശ്ശീല വാതിലിന്‍റെ നാലുനിറങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ നിഴലാണ്. സ്നാനപ്പെട്ടതിലൂടെ ലോക പാപങ്ങളെ തന്‍റെ മേല്‍ ചുമക്കുകയും ക്രൂശിക്കപ്പെടുകയും രക്തം ചിന്തുകയും ചെയ്തതിലൂടെ നമ്മുടെ പാപങ്ങളുടെ ശിക്ഷ വഹിക്കുകയും ചെയ്ത യേശുവിന്‍റെ വരവിനെ മുന്‍കൂട്ടി ചിത്രീകരിക്കുന്ന നിഴലാണത്.
കര്‍ത്താവ് നമുക്ക് നല്‍കിയ യഥാര്‍ത്ഥ പാപക്ഷമയുടെ സുവിശേഷം എന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമല്ലാതെ മറ്റൊന്നുമല്ല. യേശുക്രിസ്തു സ്വീകരിച്ച സ്നാനവും നമുക്ക് പാപക്ഷമയുടെ അനുഗ്രഹം നല്‍കുവാനായി ക്രൂശില്‍ അവന്‍ സഹായിച്ച ന്യായവിധിയും കൊണ്ടാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം രൂപപ്പെടുന്നത്. ഈ സത്യത്തില്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും മോചനമുള്ളൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും ഉള്ള സത്യത്തില്‍ വിശ്വസിക്കുന്നവരെ മാത്രമേ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ദൈവം അനുവദിക്കുകയുള്ളൂ.
വിശുദ്ധ സ്ഥലത്തെ പൊന്‍ നിലവിളക്ക് എപ്പോഴും അതിന്‍റെ തിളങ്ങുന്ന പ്രകാശം പുറപ്പെടുവിക്കുന്നതുപോലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ദൈവമക്കള്‍ ആയവരും പാപികളെ തങ്ങളുടെ പാപത്തില്‍ നിന്നും രക്ഷിക്കുന്ന രക്ഷയുടെ പ്രകാശം കൊണ്ട് ഈ ലോകത്തെ പ്രകാശിപ്പിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ പാപക്ഷമ പ്രാപിച്ചവര്‍ക്കു രക്ഷയുടെ പ്രകാശം പരത്തുന്ന പൊന്‍നിലവിളക്കിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കാനും അതുവഴി മറ്റുള്ളവരും ഈ സത്യം അറിയുവാനും തങ്ങളുടെ പാപമോചനം നേടുവാനും ഇടയാകും.
പൊന്‍നിലവിളക്കിന് പുഷ്പങ്ങളും പുഷ്പ പുടങ്ങളും മുട്ടുകളും ഉണ്ടായിരുന്നു. നിലവിളക്കിന് മുകളില്‍ ഏഴ് ദീപങ്ങള്‍ വയ്ക്കണമെന്ന് ദൈവം കല്‍പ്പിച്ചിരുന്നതിനാല്‍ നിലവിളക്ക് പ്രകാശിപ്പിക്കുമ്പോള്‍ വിശുദ്ധസ്ഥലത്തെ അന്ധകാരം എന്നേക്കുമായി വഴി മാറിയിരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളെ ശുദ്ധീകരിച്ച നീതിമാന്‍മാര്‍ ഒരുമിച്ച് കൂടി ദൈവത്തിന്‍റെ സഭ പണിയുമ്പോള്‍ ലോകത്തെ പ്രകാശിപ്പിക്കും എന്നാണ് ഇതര്‍ത്ഥമാക്കുന്നത്. വിശുദ്ധസ്ഥലത്ത് പ്രകാശിക്കുന്ന നിലവിളക്കിന്‍റെ പ്രകാശം ഈ ലോകത്തിന്‍റെ അന്ധകാരത്തെ നീക്കിക്കളയുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ്.
നമ്മെ പാപത്തില്‍ നിന്ന് രക്ഷിക്കുവാനായി മനുഷ്യജഡത്തില്‍ അവതാരമെടുത്ത് യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു. നമ്മുടെ പാപങ്ങളെ ചുമക്കുവാനായി യോഹന്നാനാല്‍ അവന്‍ സ്നാനപ്പെട്ടു, നമ്മുടെ പാപങ്ങളുടെ ശിക്ഷാവിധി വഹിക്കുവാനായി അവന്‍ ക്രൂശിക്കപ്പെട്ടു. അങ്ങനെ യേശു രക്ഷയുടെ വെളിച്ചമായിത്തീര്‍ന്നു. സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തില്‍ യാഗമൃഗത്തിന്‍റെ മേല്‍ തങ്ങളുടെ കൈകള്‍ വച്ച് പാപികള്‍ പാപത്തെ കടത്തിവിടുകയും അവരുടെ പാപങ്ങളുടെ ശിക്ഷ വഹിക്കുവാനായി യാഗമൃഗത്തെ കൊല്ലുകയും ചെയ്യുന്നു.
ഇതു പോലെ സ്നാനപ്പെട്ടതിലൂടെയും ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ച് ക്രൂശില്‍ മരിച്ചതിലൂടെയും യേശുക്രിസ്തു നമ്മുടെ രക്ഷ പൂര്‍ത്തീകരിക്കുകയും സകല മാനവജാതിയുടെയും രക്ഷയുടെ വെളിച്ചമായ് തീരുകയും ചെയ്തു. നീല, ധൂമ്രം, ചുവപ്പുനൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട ശുശ്രൂഷകളിലൂടെ മാനവജാതിയുടെ രക്ഷ യേശുക്രിസ്തു പൂര്‍ത്തിയാക്കി. അങ്ങനെ യേശുക്രിസ്തു നമുക്ക് നല്‍കിയ സ്നാനത്തിന്‍റെയും.
രക്തത്തിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷ പ്രാപിച്ചു. യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരും ഈ സത്യത്തില്‍ വെളിച്ചത്തെ കണ്ടെത്തണം.
വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിച്ചവര്‍ക്കു മാത്രം ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം സാദ്ധ്യമാക്കിക്കൊണ്ട് രക്ഷയുടെ പ്രകാശത്തെ യേശുക്രിസ്തു ഈ ഭൂമിയില്‍ തെളിയിച്ചു. അതായത് വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിച്ചവര്‍ക്കു മാത്രമേ ദൈവത്തിന്‍റെ സഭയുടെ ഭാഗമാകുവാനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും പ്രകാശം ലോകമെമ്പാടും പരത്തി ശോഭിക്കുവാനും യോഗ്യതയുള്ളൂ. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് ഇതിനെ പ്രചരിപ്പിക്കുന്നത് എന്നതിനാല്‍ ദൈവം ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അവരില്‍ വിശ്വസിച്ച് ഏല്‍പ്പിക്കുകയും ഈ സത്യ സുവിശേഷത്തിന്‍റെ വെളിച്ചത്തെ ശോഭിപ്പിക്കുവാന്‍ വിശേഷമായി അവരെ അനുവദിക്കുകയും ചെയ്തു.
അപ്രകാരം ഈ സുവിശേഷ വെളിച്ചം ലോകമെമ്പാടും വ്യാപിപ്പിക്കുന്ന പ്രവൃത്തി ചെയ്യുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ യഥാര്‍ത്ഥ സത്യമായി വിശ്വസിക്കുന്നവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ എന്നത് നാം തിരിച്ചറിയണം. പാപികള്‍ക്ക് വിശുദ്ധസ്ഥലത്ത് കടക്കാനാകില്ല. സമാഗമനകൂടാര വാതിക്കലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ അകത്ത് പ്രവേശിക്കാന്‍ കഴിയൂ. അങ്ങനെ നീല, ധൂമ്രം, ചുവപ്പു നൂലുകളുടെ സത്യത്തെ അറിയുകയും അതിനെ തങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രം സമാഗമന കൂടാരത്തില്‍ വരുവാനും രക്ഷയുടെ തിളങ്ങുന്ന പ്രകാശം തെളിയിക്കുക എന്ന ദൗത്യം ചെയ്യുവാനും കഴിയും.
സമാഗമന കൂടാരത്തിന്‍റെ പ്രാകാര വാതിലുള്ള നീല, ധൂമ്രം, ചുവപ്പ് നൂലുകളും വഴിയെ പ്രകാശിപ്പിച്ചിരുന്നു. തങ്ങളുടെ യാഗം അര്‍പ്പിക്കുവാനായി സമാഗമന കൂടാരത്തിലേക്ക് നോക്കുന്നവര്‍ക്കു വേണ്ടി ദൈവം അതിന്‍റെ പ്രാകാര വാതിലിനെയും ഇതേ നാലു നിറങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്. പക്ഷെ, പഴയ നിയമ കാലത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ ദൈനംദിന യാഗങ്ങളിലൂടെ സമ്പൂര്‍ണരാകുവാന്‍ ഒരുക്കലും കഴിഞ്ഞിരുന്നില്ല. ആകയാല്‍ തങ്ങളുടെ മിശിഹായിലുള്ള കാത്തിരിപ്പ് തുടരേണ്ടി വന്നു. എന്നാല്‍ മിശിഹാ ആയ യേശുക്രിസ്തു യഥാര്‍ത്ഥമായും വന്നപ്പോള്‍ സമാഗമനകൂടാരത്തിന്‍റെ തിരശീല വാതിലിലെ നിറങ്ങളിലുള്ള വെളിപ്പാടനുസരിച്ച് എന്നേക്കും നിലനില്‍ക്കുന്ന നിത്യയാഗം അര്‍പ്പിച്ചതിലൂടെ അവന്‍ യഥാര്‍ത്ഥ മിശിഹാ ആയിത്തീര്‍ന്നു എന്നത് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
യേശുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നു എങ്കിലും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞി നൂലിലൂടെയും അവന്‍ വന്ന് നമ്മെ സമ്പൂര്‍ണ്ണമായി രക്ഷിച്ചുവെന്ന് അറിയാതിരിക്കുന്ന ഇന്നത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ പോലെയായിരുന്നു അത്. പഴയ നിയമ കാലത്തെ ജനങ്ങള്‍ കൈവെപ്പിലൂടെയും രക്തം ചൊരിയലിലൂടെയും ദിനം തോറും തങ്ങളുടെ യാഗാര്‍പ്പണം നടത്തിയപ്പോള്‍ തങ്ങളുടെ യാഗ വസ്തുവിനെപ്പോലെ ഇതേ രീതിയില്‍ രക്ഷകന്‍ പ്രത്യക്ഷനാവുമെന്ന് അവര്‍ വിശ്വസിക്കേണ്ടതായിരുന്നു.
അതുപോലെ തന്നെ ഇന്നത്തെ ലോക ജനതയും യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നു എന്നും പഴയ നിയമത്തിലെ യാഗവ്യവസ്ഥയായ കൈവപ്പും രക്തവും അനുസരിച്ച് ലോകത്തിന്‍റെ പാപം ചുമക്കുവാന്‍ സ്നാനപ്പെട്ടുവെന്നും ക്രൂശിതനായി തന്‍റെ തക്തം ചിന്തി അങ്ങനെ തന്‍റെ ജനത്തെ പാപത്തില്‍ നിന്നും രക്ഷിച്ചുവെന്നും വിശ്വസിക്കണം. പക്ഷെ, പഴയ നിയമത്തിലെ യാഗവ്യവസ്ഥയെക്കുറിച്ചുപോലും അറിയാത്ത അവര്‍ക്ക് യേശുക്രിസ്തു സ്നാനത്തിലൂടെയും രക്തത്തിലൂടെയും വന്നുവോ, അഥവാ ക്രൂശിലെ രക്തത്തിലൂടെ മാത്രം വന്നുവോ അല്ലെങ്കില്‍ വെറും രക്ഷകനായി വന്നുവോ എന്ന കാര്യത്തെ കുറിച്ച് ഒരു ഊഹവും ഇല്ല.
ദൈവത്തിന്‍റെ ദൃഷ്ടിയില്‍, പഴയനിയമത്തിലെ യാഗവ്യവസ്ഥയിലുള്ള ഇന്നത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം യിസ്രായേല്‍ ജനതയുടേത് പോലെ വഴിതെറ്റിയ വിശ്വാസമാണ്. കാരണം യാഗവ്യവസ്ഥയില്‍ വെളിപ്പെട്ടിരുന്ന മിശിഹായില്‍ അവര്‍ക്ക് യഥാര്‍ത്ഥ വിശ്വാസം ഇല്ല; മിശിഹാ വന്നു എന്നും സ്നാനപ്പെട്ടുവെന്നും തന്‍റെ രക്തം ചിന്തിയെന്നും വിശ്വസിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല. എന്നാല്‍ ഈ ലോകത്തിലെ സകല ജനവും, യിസ്രായേല്‍ ജനത ഉള്‍പ്പെടെ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ തീര്‍ച്ചയായും വിശ്വസിക്കണം. യേശു തന്‍റെ ശുശ്രൂഷകളായ സ്നാനത്തിലൂടെയും തന്‍റെ ക്രൂശീകരണത്തിലൂടെയും തങ്ങളുടെ പാപങ്ങളില്‍ നിന്നും അവരെ രക്ഷിച്ചുവെന്ന് അവര്‍ വിശ്വസിക്കണം.
നിങ്ങളെയും എന്നെയും നമ്മുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കുവാനായി യേശു ക്രിസ്തു സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തു. സമാഗമനകൂടാര വാതിലില്‍ വെളിപ്പെടുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ നിഴലിലൂടെ നമുക്ക് യേശുക്രിസ്തുവിനെക്കുറിച്ച് അറിയാന്‍ കഴിയുന്നു. സത്യ സുവിശേഷത്തെ തങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വസിക്കുന്നതിലൂടെ ജനത്തിന് പാപ മോചനം നേടാന്‍ കഴിയും എന്നതാണ് ഈ രക്ഷയുടെ സത്യം. യേശുക്രിസ്തു ഈ ലോകത്തിലേക്ക് യഥാര്‍ത്ഥമായി വരികയും സ്നാനപ്പെടുകയും ക്രൂശില്‍ മരിക്കുകയും ചെയ്തു എന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങളെ രക്ഷിക്കുന്ന വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉണ്ടായിരിക്കണം. ഈ സത്യം നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിച്ചിരിക്കുന്നു.
ദൈവത്തിന്‍റെ വിശുദ്ധ മന്ദിരത്തില്‍ മൂന്നു തിരശ്ശീല വാതിലുകള്‍ ഉണ്ടായിരുന്നു. ആ വാതിലുകള്‍ എല്ലാം തന്നെ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞി നൂലിനാലും നെയ്തവയാണ്. ഞാന്‍ നിങ്ങളോട് വീണ്ടും വീണ്ടും പറയുന്നതുപോലെ ഈ നാലു നിറങ്ങളും ദൈവത്തിന്‍റെ രക്ഷയാണ് കൃത്യമായും വെളിപ്പെടുത്തുന്നത്. നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞി നൂലിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ട പാപമോചനത്തിന്‍റെ ഈ നിയമം അനുസരിച്ച് നിങ്ങള്‍ വിശ്വസിക്കുമെങ്കില്‍ ദൈവം നമ്മുടെ വിശ്വാസത്തെ അംഗീകരിക്കുകയും എന്നെന്നേക്കുമായി നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യും.
നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും എന്നെന്നേക്കുമായി ആര്‍ക്കു വേണമെങ്കിലും രക്ഷ പ്രാപിക്കാം. ദൈവത്താല്‍ നല്‍കപ്പെട്ട യാഗവ്യവസ്ഥയുടെ യഥാര്‍ത്ഥ പ്രാധാന്യത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ ആര്‍ക്കു വേണമെങ്കിലും അവനടുത്തേക്ക് ചെല്ലാം. ദൈവത്തിന്‍റെ മന്ദിരമായ വിശുദ്ധ സ്ഥലത്തിന്‍റെ പ്രവേശന കവാടത്തിങ്കല്‍ അഞ്ചു തൂണുകളും ഈ തൂണുകളില്‍ തുന്നിയിട്ടിരിക്കുന്ന നീല, ധൂമ്രം, ചുവപ്പു നൂലുകളിനാലും പിരിച്ച പഞ്ഞി നൂലിനാലും നെയ്തെടുത്ത തിരശ്ശീലയും ഉണ്ടായിരുന്നു. ദൈവത്തിങ്കലേക്ക് പോകുവാനായി ഈ നാലു നിറങ്ങളുള്ള തിരശ്ശീല വാതിലില്‍ വെളിപ്പെടുന്ന നാലു വിശ്വാസങ്ങള്‍ നമുക്കുണ്ടായിരിക്കണം.
നീല നൂലില്‍ കാണിച്ചിരിക്കുന്ന വിശ്വാസം സ്നാനപ്പെട്ടതിലൂടെ യേശുക്രിസ്തു നമ്മുടെ പാപങ്ങളെ സ്വീകരിച്ചു എന്നതും ചുവപ്പു നൂലില്‍ വെളിപ്പെടുന്ന വിശ്വാസം ക്രൂശിക്കപ്പെട്ട തിലൂടെയും തന്‍റെ രക്തം ചിന്തിയതിലൂടെയും യേശു പാപത്തിന്‍റെ ശിക്ഷ വഹിച്ചു എന്നതും ആണ്. ധൂമ്ര നിറത്തില്‍ വെളിപ്പെടുന്ന വിശ്വാസം യേശു ദൈവം തന്നെയാണ് എന്ന് വിശ്വസിക്കുന്നതും പിരിച്ച പഞ്ഞി നൂലിനാല്‍ വെളിപ്പെടുന്ന വിശ്വാസം മേല്‍ പറഞ്ഞ നൂലുകളിലൂടെ - അതായത് നീല ധൂമ്രം, ചുവപ്പ് നൂലുകള്‍ - നമ്മുടെ പാപങ്ങളെ തുടച്ചു നീക്കി, ദൈവം നമ്മെ പാപമില്ലാത്തവരാക്കി മാറ്റി എന്ന കര്‍ത്താവിന്‍റെ വിശാലമായ വചനത്തില്‍ വിശ്വസിക്കുക എന്നതാണ്. ഈ സത്യത്തെയാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം എന്നു വിളിക്കുന്നത്. അപ്രകാരം വെള്ളത്തിലൂടെയും ആത്മാവിലൂടെയും യേശു നമ്മെ രക്ഷിച്ചു എന്നു വിശ്വസിക്കുന്നതിലൂടെ നമുക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ കഴിയും. സമാഗമന കൂടാരത്തിന്‍റെ വാതില്‍ തുറക്കുവാനും വിശുദ്ധസ്ഥലത്ത് പ്രവേശിക്കു വാനും യോഗ്യരായവരുടെ വിശ്വാസമാണിത്.
സമാഗമന കൂടാരത്തിന്‍റെ പ്രാകാര വാതില്‍ക്കലുള്ള നെയ്തെടുത്ത നീല, ധൂമ്രം, ചുവപ്പു നൂലുകള്‍ നമ്മെ രക്ഷിക്കാനുള്ള ദൈവത്തിന്‍റെ പദ്ധതി എന്തെന്ന് തിരിച്ചറിയുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്നു. ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട പാപമോചനത്തില്‍ നിന്നും വരുന്ന നമ്മുടെ രക്ഷ നമ്മുടെ സ്വന്തം മനുഷ്യ പ്രയത്നങ്ങളാല്‍ നേടുവാനാകില്ലെന്ന് ഇത് കാണിക്കുന്നു. ദിനം തോറും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാനായി നാം പ്രാര്‍ത്ഥിച്ചാലും പാപ പ്രായശ്ചിത്തത്തിനായുള്ള യാഗാര്‍പ്പണം കൂടാതെയും കൈവയ്പ്പിലൂടെ പാപങ്ങളെ കടത്തിവിടാതെയും രക്തം ചിന്തല്‍ കൂടാതെയും എന്നേക്കും നിലനില്‍ക്കുന്ന നമ്മുടെ പാപങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ കഴിയില്ല. നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ യാഗ മൃഗം ആയി വന്നവന്‍ നിത്യമായ ലോകപാപങ്ങളെ ചുമന്നെങ്കില്‍ മാത്രമേ ഈ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ പാപക്ഷമ പ്രാപിക്കുവാനും പൂര്‍ണമായും രക്ഷ പ്രാപിക്കുവാനും നമുക്ക് കഴിയുകയുള്ളൂ.
ഈ സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടെങ്കില്‍ നഷ്ടപ്പെട്ടുപോയ സകല ആത്മാക്കള്‍ക്കും നിത്യജീവന്‍ കൊണ്ടു വരുന്ന രക്ഷയുടെ സുവിശേഷത്തെ പ്രചരിപ്പിക്കുവാന്‍ നമുക്കു കഴിയും. നീല, ധൂമ്രം, ചുവപ്പു നൂലുകളില്‍ വെളിപ്പെട്ട യേശുവിന്‍റെ ശുശ്രൂഷകളില്‍ വിശ്വസിക്കുന്നതിലൂടെ പാപ മോചനത്തിന്‍റെ സത്യത്തിനായി ഈ ലോകത്തെ പ്രകാശിപ്പിക്കുവാനായി നമുക്കു കഴിയും. വിശുദ്ധസ്ഥലത്തെ പൊന്‍നിലവിളക്കിന് ഏഴു ദീപങ്ങള്‍ ഉണ്ടായിരുന്നു. ഈ ദീപങ്ങള്‍ കൊളുത്തുമ്പോള്‍ അതിന്‍റെ പ്രകാശം സമാഗമന കൂടാരത്തിന്‍റെ ചുവരുകള്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണം പൊതിഞ്ഞ പലകകളില്‍ തട്ടി പ്രതിഫലിക്കുകയും വിശുദ്ധസ്ഥലത്തെ മുഴുവനായും പ്രകാശിപ്പിക്കുകയും ചെയ്യും. വിശുദ്ധ സ്ഥലത്ത് നിലവിളക്ക് ഇല്ലായിരുന്നുവെങ്കില്‍ അവിടെ മുഴുവനും ഇരുട്ടു മാത്രമായിരിക്കും. ഇക്കാരണത്താലാണ് ഇരുട്ടു മൂടിയിരിക്കുന്ന ഈ ലോകത്ത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്ന തന്‍റെ വിശുദ്ധന്‍മാരെയും വേലക്കാരെയും ദൈവം വച്ചിരിക്കുന്നത്.
പൊന്‍നിലവിളക്കിന്‍റെ പങ്കെന്താണ്?
ലോകത്തിന്‍റെ വെളിച്ചമായ് മാറിയ ഈ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തെ ദൈവം നമുക്ക് നല്‍കി എന്നാണ് പൊന്‍നിലവിളക്ക് നമ്മെ കാണിക്കുന്നത്. നമ്മുടെ വിശ്വാസം എന്നതോ, യേശുക്രിസ്തു ഈ ഭൂമിയിലേക്കു ജനിച്ചു, സ്നാനപ്പെട്ടു, ക്രൂശില്‍ തന്‍റെ രക്തം ചിന്തി എന്നതില്‍ വിശ്വസിക്കുകയത്രെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ വിശ്വാസത്തിലൂടെ രക്ഷയുടെ പ്രകാശം തെളിക്കേണമെന്നാണ് ദൈവം നമ്മോടു പറയുന്നത്. രക്ഷയുടെ സുവിശേഷത്തെ നമ്മുടെ ഹൃദയങ്ങളില്‍ കൈക്കൊണ്ട് ഈ വിശ്വാസത്തെ പ്രകാശിപ്പിക്കുന്ന നിമിഷമാണ് സത്യത്തിന്‍റെ വെളിച്ചം പ്രകാശിക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ ഇത് കാണുകയും ഈ തിളങ്ങുന്ന പ്രകാശത്തിലേക്ക് വരികയും കര്‍ത്താവ് തങ്ങളെ നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും രക്ഷിച്ചു എന്ന് തിരിച്ചറിയുകയും ദൈവത്തിന്‍റെ സ്വന്തജനമായി തീരുകയും ചെയ്യും. പിതാവാം ദൈവം, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരാല്‍ പദ്ധതിയിടപ്പെട്ട് പൂര്‍ത്തീകരിക്കപ്പെട്ട വെള്ളത്തി ന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് ഈ സത്യത്തിന്‍റെ വെളിച്ചം.
നമ്മുടെ സകല പാപങ്ങളില്‍ നിന്നുമുള്ള മോചനം നല്‍കുവാനായി യേശു ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെടുകയും ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തി മരിക്കുകയും മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്ന സത്യത്തിലുള്ള വിശ്വാസത്തിലൂടെ നാം രക്ഷിക്കപ്പെടുവാന്‍ വെമ്പല്‍ കൊള്ളുന്നവരോട് ഈ സുവിശേഷം പ്രചരിപ്പിക്കുന്നു. യേശുക്രിസ്തു നമുക്കായി ക്രൂശിക്കപ്പെടുകയും യാഗമാക്കപ്പെടുകയും ചെയ്തില്ലായിരുന്നു എങ്കില്‍ നിങ്ങള്‍ക്കും എനിക്കും നമ്മുടെ പാപങ്ങളില്‍ നിന്നും ഒരിക്കലും രക്ഷ പ്രാപിക്കുവാന്‍ കഴിയുമായിരുന്നില്ല.
യേശു സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും നമുക്കായി യാഗമാക്കപ്പെടുകയും ചെയ്തതിനാല്‍ സകല പാപികളെയും രക്ഷിക്കുന്ന വിശ്വാസം നല്‍കുവാന്‍ അവന് കഴിയും. ഏതെങ്കിലും മായയായ ഉപദേശമല്ല നാം ഇവിടെ പ്രചരിപ്പിക്കുന്നത്. നീല,ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെടുന്ന രക്ഷയുടെ പ്രകാശത്തെയാണ് ലോകമെമ്പാടും നാം വ്യാപിപ്പിക്കുന്നത്. യേശുവിന്‍റെ സ്നാനത്തെയും ക്രൂശിലെ അവന്‍റെ രക്തത്തെയും കുറിച്ച് നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നതിനാല്‍ ഇരുട്ടില്‍ കഴിയുന്നവരുടെ ഹൃദയങ്ങളിലേക്ക് ജീവന്‍റെ പ്രകാശത്തെ പരത്തുകയാണ് നാം ചെയ്യുന്നത്. അപ്രകാരം ഈ പ്രകാശത്താല്‍ പ്രകാശിതരായവര്‍ എല്ലാവരും തങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് സകല പാപത്തെയും അപ്രത്യക്ഷമാക്കുന്ന ഈ ആശ്ചര്യകരമായ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു തുടങ്ങും. ലോകത്തിലെ സകല ജനവും യേശു സ്വീകരിച്ച സ്നാനത്തെ കുറിച്ചും ലോകത്തിന്‍റെ സകല പാപങ്ങളെയും തുടച്ചുകളയാനായി കുരിശില്‍ അവന്‍ അര്‍പ്പിച്ച യാഗത്തെയും കുറിച്ചും അറിയുവാന്‍ ഇടവരികയും ഇവയെല്ലാം തങ്ങളുടെ സ്വന്തം പാപങ്ങളുടെ മോചനമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ അവരും സത്യത്തിന്‍റെ വെളിച്ചം കണ്ടെത്തും.
എന്തുകൊണ്ടാണ് യേശുക്രിസ്തുവിന് ഈ ഭൂമിയിലേക്ക് വരേണ്ടി വന്നത്? എന്തിനാണ് അവന് സ്നാനപ്പെടേണ്ടി വന്നത്? എന്തിനാണ് അവന് ക്രൂശില്‍ മരിക്കേണ്ടി വന്നത്? എന്തിനാണ് മൂന്നാം നാളില്‍ വീണ്ടും മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നത്? ഇവയെല്ലാത്തിന്‍റെയും കാരണം യേശുക്രിസ്തു മിശിഹാ ആയതു കൊണ്ടാണ് എന്നാണ്. മിശിഹാ എന്ന നിരയില്‍ രക്ഷയുടെ പ്രവൃത്തികള്‍ സകലവും പൂര്‍ത്തിയാക്കേണ്ടതിനാല്‍ യേശു സ്നാനപ്പെടുകയും രക്തം ചിന്തുകയും അതുവഴി പാപികള്‍ക്കായുള്ള രക്ഷയുടെ വെളിച്ചം പ്രകാശിപ്പിക്കുകയും ചെയ്തു. ആകയാല്‍ രക്ഷയുടെ ഈ വെളിച്ചം ലോകം മുഴുവനും വ്യാപിപ്പിക്കുന്നതിലൂടെ ഈ സത്യം അറിയുവാനും ഇതില്‍ വിശ്വസിക്കുവാനും അതുവഴി നിത്യ ജീവന്‍ പ്രാപിക്കുവാനും അനേകരെ യോഗ്യരാക്കുവാന്‍ നമുക്ക് കഴിയും.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ പ്രകാശം കൊണ്ട് ഈ ലോകത്തെ പ്രകാശിപ്പിക്കുന്ന നിലവിളക്കാണ് നിങ്ങളും ഞാനും. നമ്മള്‍ വ്യാപിപ്പിക്കുന്ന സുവിശേഷത്തിലൂടെ തങ്ങളെ രക്ഷിക്കുന്ന സത്യവെളിച്ചത്തെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കും. ഇരുണ്ട ഈ ലോകത്തില്‍ പ്രകാശത്തെ അന്വേഷിക്കുന്നവര്‍ നാം പരത്തുന്ന ഈ തിളങ്ങുന്ന പ്രകാശത്തെ കാണുകയും സത്യത്തിന്‍റെ വെളിച്ചത്തിലേക്കു വരികയും തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെടുകയും ചെയ്യും. ഈ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസത്തില്‍ വരുന്നതിലൂടെ സകല മനുഷ്യര്‍ക്കും രക്ഷ നേടുവാന്‍ കഴിയും.
ഈ സുവിശേഷം സൈദ്ധാന്തികമായ ഒന്നല്ല. ആകയാല്‍ സത്യ ഹൃദയത്തോടെ നാം ഇതില്‍ വിശ്വസിക്കണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെടുന്ന യേശുവിന്‍റെ ശുശ്രൂഷകളില്‍ യഥാര്‍ത്ഥമായും നാം വിശ്വസിക്കുമെങ്കില്‍ മാത്രമേ ഈ സുവിശേഷം പ്രചരിപ്പിക്കുവാനായി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. പക്ഷെ, നാം പാപക്ഷമ പ്രാപിച്ചിട്ടുണ്ട് എങ്കിലും എണ്ണ ഒഴിക്കാനുള്ള ദീപമില്ലാതെ, നമുക്ക് പ്രകാശം നല്‍കാനാവില്ല എന്നതിനാലാണ് ദൈവം നിലവിളക്കായ തന്‍റെ സഭയെ നമുക്ക് നല്‍കിയത്. നിലവിളക്കിന്‍റെ ഒരോ ശാഖയിലും മുട്ടുകളും മുട്ടുകള്‍ക്ക് കീഴെ പുഷ്ടപുടങ്ങളും ഉണ്ടായിരുന്നു. വിശ്വാസത്താല്‍ പണിയപ്പെടുന്ന സഭയെയാണ് ഇത് കുറിക്കുന്നത്.
തങ്ങളുടെ ഹൃദയത്തില്‍ വിശ്വസിക്കുന്ന തിലൂടെ പാപക്ഷമ യഥാര്‍ത്ഥമായും പ്രാപിക്കുന്ന വര്‍ കൂടിച്ചേരുന്ന സ്ഥലമാണ് ദൈവത്തിന്‍റെ സത്യസഭ. യേശുക്രിസ്തു സഭയുടെ ശിരസ്സും, സഭ യേശുവിന്‍റെ ശരീരവും ആകുന്നു. തല കല്പിക്കുന്നതനുസരിച്ച് ശരീരം ചലിക്കുന്നതു പോലെ യേശു ക്രിസ്തു കല്‍പ്പിക്കുന്നത് അനുസരിച്ച് സഭ അതിന്‍റെ കൈ കാലുകള്‍ ചലിപ്പിക്കുന്നു. ഇങ്ങനെയാണ് സുവിശേഷം വിളമ്പുന്നത്. അപ്പോള്‍, ദൈവത്തിന്‍റെ സഭ എന്തിനെയാണ് നോക്കുന്നത്? ഇരുണ്ട പാപങ്ങളില്‍ മുഴുകി, മുഴുവന്‍ ലോകവും മരിച്ചുകൊണ്ടിരിക്കുമ്പോള്‍ നരകത്തില്‍ വീഴുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ ഇതിനു നടുവില്‍ കഴിയുന്ന ആത്മാക്കളെയാണ് സഭ നോക്കിക്കൊണ്ടിരിക്കുന്നത്. രക്ഷയുടെ പ്രകാശം കൊണ്ട് ദൈവത്തിന്‍റെ സഭ അവരെ പ്രകാശിപ്പിക്കുന്നു. സുവിശേഷത്തിലുള്ള വിശ്വാസത്തിലൂടെ ദൈവത്തിന്‍റെ സഭയില്‍ നിങ്ങളും ഞാനും ഇതാണ് ചെയ്യുന്നത്.
ക്രിസ്ത്യാനിത്വത്തിന്‍റെ ദീര്‍ഘ കാല ചരിത്രമുള്ള രാജ്യങ്ങളില്‍ ബൈബിളിനെ കുറിച്ച് അഗാധ പാണ്ഡിത്യവും അറിവും ഉള്ളവര്‍ അനേകരുണ്ടാവും. യഥാര്‍ത്ഥ സത്യത്തെ കണ്ടെത്തുമ്പോള്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നുമുള്ള മോചനം ഉടനെ തന്നെ അവര്‍ പ്രാപിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരം ജനത്തോട് വെളളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാനായി വിശ്വാസത്തില്‍ വീണ്ടും ജനിച്ച സകല വിശുദ്ധരുമായും ഞാന്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നു.
മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ക്രിസ്തുമതം വചനത്തിലുള്ള വിശ്വാസത്തിലാണ് അതിന്‍റെ അടിസ്ഥാനം ഇട്ടിരിക്കുന്നത് എന്നതിനാല്‍ വചനത്തെ നമ്മള്‍ കൃത്യമായി പ്രചരിപ്പിച്ചെങ്കില്‍ മാത്രമേ ജനം പാപക്ഷമ പ്രാപിക്കുകയുള്ളു. എന്നാല്‍ ഈ സത്യത്തിനോട് ശൗര്യത്തോടെ എതിര്‍ത്തു നില്‍ക്കുകയും എത്ര തന്നെ ഈ വചനം കേട്ടാലും അതില്‍ വിശ്വസിക്കാതെ അതിനെ വിലയിടിച്ചു കാണുകയും ചെയ്യുന്നവരുമുണ്ട്. പ്രത്യേകിച്ച് ദൈവ വചനത്തില്‍ വിശ്വസിക്കാതെ ദു:ശാഠ്യക്കാരായ ചില മത വാദികളുണ്ട്. അത്തരക്കാര്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ ഒരിക്കലും വിശ്വസിക്കുകയില്ല. എന്നാല്‍ ബൈബിളിനെ ദൈവത്തിന്‍റെ വചനമായി അംഗീകരിക്കുന്നവരുടെ കാര്യമോ? അവരില്‍ അസംഖ്യം വരുന്നവര്‍ ഈ സുവിശേഷത്തെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലൂടെ പാപക്ഷമ പ്രാപിക്കും.
എനിക്ക് ഈ വിശ്വാസം ഉള്ളതിനാലാണ് ഞാന്‍ നിങ്ങളോടൊപ്പം ഇന്നു വരെയും ദൈവത്തെ സേവിക്കുന്നത്. വരും നാളുകളില്‍ ഈ സുവിശേഷം ഒരു വലിയ കൂട്ടം ജനങ്ങളിലേക്ക് വ്യാപിക്കുകയും സുവിശേഷത്തിന്‍റെ വലിയ പ്രവൃത്തികളില്‍ നടക്കുകയും ചെയ്യും. നമുക്ക് കാണാന്‍ കഴിയാത്തിടങ്ങളിലും ദൈവം പ്രവര്‍ത്തിക്കുകയും ദിനം തോറും ജനങ്ങള്‍ തങ്ങളുടെ പാപമോചനം തേടുകയും ചെയ്യുന്ന അവസ്ഥയും വന്നേക്കാം. നിങ്ങളെയും എന്നെയും പോലുള്ള ദശലക്ഷക്കണക്കിനാളുകള്‍ ദീപങ്ങളായി തീര്‍ന്ന് നീല, ധ്രൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞിനൂലിലും വെളിപ്പെടുന്ന രക്ഷയെ വിശ്വസിക്കുന്ന വിശ്വാസത്തെ ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തിലേക്ക് വ്യാപിപ്പിക്കും. അവ ലോകത്തെ മുഴുവനും പ്രകാശിപ്പിക്കുമ്പോള്‍ പുതിയ വിശ്വാസികള്‍ ഉയര്‍ന്നു വരുന്നത് തുടരുകയും അവരും കൂടി പോഷിപ്പിക്കപ്പെട്ട് പകരമായി ഈ സുവിശേഷത്തെ വ്യാപിപ്പിക്കും.
ദൈവത്തിന്‍റെ ദീപങ്ങളായിക്കഴിഞ്ഞ നമ്മള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നിമിത്തം രക്ഷയുടെ പ്രകാശം പരത്തുകയാണ് ചെയ്യുന്നത്. നീല നൂല്‍ യേശുവിന്‍റെ സ്നാനത്തിന്‍റെ സത്യവെളിച്ചത്തെ പുറപ്പെടുവിക്കുന്നു. അതായത് യോഹന്നാനില്‍ നിന്നും സ്നാനപ്പെട്ടതിലൂടെ, യേശു ലോകത്തിന്‍റെ മുഴുവന്‍ പാപവും ചുമന്നു. ധൂമ്ര നൂല്‍ യേശുക്രിസ്തു രാജാധിരാജാവാണ് എന്ന സത്യത്തിന്‍റെ പ്രകാശം പരത്തുന്നു. ചുവപ്പു നൂലാകട്ടെ യേശു ലോകത്തിന്‍റെ പാപങ്ങളെ ക്രൂശു വരെ ചുമന്നുവെന്നും അതില്‍ തന്‍റെ രക്തം ചിന്തിയെന്നുമുള്ള പ്രകാശം പ്രസരിപ്പിക്കുന്നു. ദൈവത്തിന്‍റെ വചനം പാപികളെ നീതിമാന്‍മാരാക്കി തീര്‍ത്തു എന്ന സത്യം കൊണ്ട് തിളങ്ങി നില്‍ക്കുന്നു. ദൈവത്താല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനം നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന സത്യത്തിന്‍റെ പ്രകാശമാണ്.
ഇതോടൊപ്പം അവന്‍ തന്‍റെ രണ്ടാം വരവില്‍ ഭൂമിയുടെ കര്‍ത്താവായി വരുമെന്നും, നമ്മെ വീണ്ടും ജീവിപ്പിക്കുമെന്നും സഹസ്രാബ്ദ വാഴ്ചയില്‍ ആയിരം വര്‍ഷം അവനോടൊപ്പം ഭരിക്കുവാന്‍ നമ്മെ ഇരുത്തുമെന്നും ദൈവത്തിന്‍റെ നിത്യരാജ്യത്തില്‍ പ്രവേശിക്കാനും അവിടെ എന്നെന്നേക്കും വസിക്കുവാനും നമ്മെ ഒരുക്കുമെന്നും ഈ സുവിശേഷം നമ്മോടു പറയുന്നു.
ഈ പ്രപഞ്ചമെന്നത് അതിവിശാലവും വളരെ വ്യാപ്തി ഉള്ളതുമാണെന്നും ഒരു നക്ഷത്ര മണ്ഡലത്തിനു മേല്‍ മറ്റൊന്നായി എണ്ണമറ്റ ഗ്യാലക്സികള്‍ നമ്മുടെ ഈ സൗരയൂഥത്തിനും ആകാശഗംഗയ്ക്കും അപ്പുറത്തായുണ്ടെന്നും ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിന്‍റെ അതിരുകള്‍ അത്യാശ്ചകരമായി ഭീമാകാരത്വം ഉള്ളതാണ്. നമ്മുടെ അറിയപ്പെടുന്ന പ്രപഞ്ചത്തിനുമപ്പുറം, ഗ്യാലക്സികളായി പരന്നു കിടക്കുന്ന നമുക്ക് അജ്ഞാതമായിരിക്കുന്ന എണ്ണമറ്റ മേഖലകളുണ്ട്. ഇപ്പോള്‍ വീഴുന്ന ഉല്‍ക്കകള്‍ ശതകോടി വര്‍ഷങ്ങള്‍ക്കു മുമ്പേ വിദൂര ഗ്യാലക്സികളില്‍ നിന്നും അടര്‍ന്നു മാറിയ ഗ്രഹങ്ങളുടെ കഷണങ്ങളാണ്. അവ ഇപ്പോഴാണ് ഭൂമിയുടെ അന്തരീക്ഷത്തിലെത്തുകയും എരിഞ്ഞടങ്ങുകയും ചെയ്യുന്നത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ശതകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കാര്യത്തെ ഇപ്പോള്‍ മാത്രമാണ് നമ്മള്‍ ഉറപ്പിക്കുന്നത്. ഇതുപോലെ തന്നെ ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിന്‍റെ അതിവിശാലമായ അതിരുകള്‍ ഇപ്പോഴും നമുക്ക് അഞ്ജാതമായി തുടരുന്നു. പക്ഷെ പ്രപഞ്ചം നമുക്ക് അജ്ഞാതമാണെങ്കിലും ദൈവത്തിന് ഇത് ഒരു കൈപ്പത്തിയോളം ചെറുതാണ്. സകലത്തെയും സൃഷ്ടിക്കുകയും പ്രപഞ്ചത്തിന്‍റെ ക്രമം നിര്‍ണ്ണയിക്കുകയും ചെയ്ത സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായവനാണ് ദൈവം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ഏവര്‍ക്കും നിത്യമായുള്ള പാപക്ഷമ പ്രാപിക്കുവാനും നിത്യജീവന്‍ ആസ്വദിക്കുവാനും കഴിയും എന്ന് വിശ്വസിക്കുന്നതിലൂടെ സത്യത്തിന്‍റെ വെളിച്ചം കൊണ്ട് ഈ ലോകത്തെ നാം പ്രകാശിപ്പിക്കുന്നു. യേശു ക്രിസ്തുവിനോടൊപ്പം എന്നെന്നും കഴിയുവാന്‍ അനുവദിക്കുന്ന ജീവന്‍റെ തിളങ്ങുന്ന പ്രകാശം ദൈവമക്കള്‍ക്കുണ്ട്. ദൈവം നമ്മോടൊപ്പം എന്നെന്നേക്കും വസിക്കുന്നു. അവന്‍റെ സന്തോഷത്തില്‍ ആനന്ദിക്കുവാനും അവന്‍റെ മഹത്വത്തില്‍ നമ്മെ ഉടുപ്പിച്ചും അവന്‍ നമ്മോടൊപ്പം വസിക്കുന്നു. എന്തുകൊണ്ട്? അവന്‍റെ ശക്തിയുടെ സുവിശേഷത്തിന്‍റെ പ്രകാശത്തില്‍ നാം വസിക്കുന്നതുകൊണ്ടു തന്നെ. ഈ സത്യത്തെ അറിയുവാന്‍ നമ്മെ സഹായിച്ച ഈ പ്രകാശത്തെ ഒരിക്കല്‍ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഈ പ്രകാശത്തെ മറ്റുള്ളവരോട് പ്രചരിപ്പിക്കാതി രിക്കുവാന്‍ നമുക്ക് കഴിയില്ല.
ഈ മുഴുവന്‍ പ്രപഞ്ചത്തിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ കരുതല്‍ നാം കാണുമ്പോള്‍ അവന്‍റെ പ്രവൃത്തികളിലുള്ള നമ്മുടെ വിശ്വാസം കുതിച്ചുയരും. ചില നക്ഷത്രങ്ങള്‍ ശതകോടി വര്‍ഷങ്ങള്‍ക്കു മുന്‍പേ അപ്രത്യക്ഷമായതാണെങ്കിലും നമ്മുടെ കണ്ണുകള്‍ ഇപ്പോഴും അവയെ കാണുന്നു. കാരണം അവ ഈ ഗ്രഹത്തില്‍ നിന്നും ശതകോടി പ്രകാശ വര്‍ഷം അകലെ ആയിരുന്നു എന്നതിനാല്‍ തന്നെ! ഈ പ്രപഞ്ചത്തിന്‍റെ അനന്തതയെ കുറിച്ച് ഊഹിക്കുമ്പോള്‍ തന്നെ “നിത്യത" എന്ന ആശയത്തെ നമുക്ക് വെറുതെ ഭാവനയില്‍ കാണുവാന്‍ മാത്രമേ കഴിയുകയുള്ളൂ.
നീല. ധൂമ്രം. ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന സത്യത്തില്‍ നാം വിശ്വസിക്കുന്നതിനാല്‍ സത്യസുവിശേഷത്തിന്‍റെ പ്രകാശം പരത്തിക്കൊണ്ടുള്ള ജീവിതം നയിക്കുകയാണ് ദൈവത്തിന്‍റെ സഭയുടെ ഭാഗമായിക്കൊണ്ട് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. പിതാവിന്‍റെ രാജ്യത്തില്‍ നിത്യവും അനുഗ്രഹീതവുമായ ജീവിതം ഈ രക്ഷ നമുക്ക് ഉറപ്പുവരുത്തുന്നതായി നാം വിശ്വസിക്കുന്നു. സകല മനുഷ്യരും രക്ഷ പ്രാപിക്കുവാനും സത്യത്തിന്‍റെ പരിജ്ഞാനത്തില്‍ എത്തുവാനും ദൈവം ഇച്ഛിക്കുന്നു (1 തിമൊ. 2:4) എന്നും നാം അറിയുന്നു. ആകയാല്‍, രക്ഷയുടെ പ്രകാശത്തെക്കുറിച്ച് അറിയുന്നവര്‍, ദൈവം തങ്ങളില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വ്യാപിക്കുന്നത് തുടരണം.
ഈ പ്രവൃത്തി ചെയ്യുവാന്‍ നാം കഴിവുള്ളവരാകുവാന്‍ തക്കവണ്ണം ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ഈ വസ്തുത എത്ര വലിയ അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തെ വിശ്വാസത്താല്‍ നിര്‍വഹിക്കുകയാണ് നാം ചെയ്യേണ്ട കാര്യം. ദൈവത്തിന്‍റെ സത്യത്തെ അറിയുന്ന പ്രകാശം കൊണ്ട് നിങ്ങളെല്ലാവരും ഹൃദയത്തെ നിറയ്ക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ദൈവത്തിന്‍റെ കൃപയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന രക്ഷയുടെ ശുശ്രൂഷകളില്‍ നിങ്ങളും ഞാനും വിശ്വസിക്കാനും ലോകത്തിനു മുഴുവനും രക്ഷയുടെ പ്രകാശമാകുവാനും മുഴുവന്‍ ലോകത്തെ പ്രകാശിപ്പിക്കുന്നവരായി തീരുവാനും ഇടയായി. ഹല്ലേലൂയാ! ദൈവത്തിന് സകല നന്ദിയും ഞാന്‍ അര്‍പ്പിക്കുന്നു.