• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-23] സമാഗമന കൂടാര പ്രാകാരത്തിലെ തൂണുകള്‍ (പുറപ്പാട് 27:9-19)

(പുറപ്പാട് 27:9-19)
“തിരുനിവാസത്തിനു പ്രാകാരവും ഉണ്ടാക്കേണം; തെക്കേ ഭാഗത്തേക്കു പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂല്‍കൊണ്ട് ഒരു ഭാഗത്തേയ്ക്ക് നൂറുമുഴം നീളത്തില്‍ മറശ്ശീല വേണം. അതിന്‍റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രം കൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റു പടികളും വെള്ളികൊണ്ടും ആയിരിക്കേണം. അങ്ങനെ തന്നെ വടക്കേ ഭാഗത്തേക്കു നൂറുമുഴം നീളത്തില്‍ മറശ്ശീല വേണം; അതിന്‍റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രം കൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ ചുറ്റു പടികളും വെള്ളികൊണ്ടും ആയിരിക്കേണം. പടിഞ്ഞാറേ ഭാഗത്തേക്കു പ്രാകാരത്തിന്‍റെ വീതിക്കു അമ്പതുമുഴം നീളത്തില്‍ മറശ്ശീലയും അതിനു പത്തു തൂണും അവയ്ക്കു പത്തു ചുവടും വേണം. കിഴക്കേ ഭാഗത്തേക്കും പ്രാകാരത്തിന്‍റെ വീതി അമ്പതുമുഴം ആയിരിക്കേണം. ഒരു ഭാഗത്തേക്കു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നുതൂണും അവയ്ക്കു മൂന്നുചുവടും വേണം. മറ്റേഭാഗത്തേക്കും പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം. എന്നാല്‍ പ്രാകാരത്തിന്‍റെ വാതിലിനു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ചിത്രത്തയ്യല്‍ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിനു നാലുതൂണും അവയ്ക്കു നാലു ചുവടും വേണം. പ്രാകാരത്തിന്‍റെ എല്ലാ തൂണുകള്‍ക്കും വെള്ളികൊണ്ടു മേല്‍ചുറ്റുപടി വേണം. അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവട് താമ്രം കൊണ്ടും ആയിരിക്കേണം. പ്രാകാരത്തിന് നാനൂറു മുഴം നീളവും എല്ലായിടവും അമ്പതുമുഴം വീതിയും അഞ്ചുമുഴം ഉയരവും ഉണ്ടാക്കേണം; അതു പിരിച്ച പഞ്ഞിനൂല്‍ കൊണ്ടും ചുവട് താമ്രം കൊണ്ടും ആയിരിക്കേണം. തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്‍റെ എല്ലാ കുറ്റികളും പ്രാകാരത്തിന്‍റെ എല്ലാ കുറ്റികളും താമ്രം കൊണ്ട് ആയിരിക്കേണം”.
 

തൂണുകള്‍, മറശ്ശീല വാതില്‍, പിരിച്ച പഞ്ഞിനൂലിന്‍റെ മറശ്ശീല, മേല്‍ചുറ്റുപടികള്‍, കൊളുത്തുകള്‍, താമ്രചുവടുകള്‍, താമ്രകുറ്റികള്‍ എന്നീ സമാഗമന കൂടാരത്തിന്‍റെ ഭാഗങ്ങളെക്കുറിച്ചാണ് ഈ വേദഭാഗം വിശദീകരിക്കുന്നത്. ദൈവം വസിച്ചിരുന്ന സ്ഥലമായിരുന്നു സമാഗമനകൂടാരം. ചതുരാകൃതിയിലുള്ള പ്രാകാരത്തിന് ഏകദേശം 45 മീറ്ററും (തെക്കു വടക്കു ഭാഗത്തായി) 22.5 മീറ്ററും (കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി) വിസ്താരവുമുണ്ടായിരുന്നു. ഒരു മേല്‍ക്കൂരയും നാലുവശത്തും മൂടുശീലകളും ഉണ്ടായിരുന്ന ഒരു ചെറിയ നിര്‍മ്മിതി ആയിരുന്നു സമാഗമന കൂടാരം. ഇതിനു വിരുദ്ധമായി വിശാലമായ ഒരു തുറന്ന മുറ്റമായിരുന്നു സമാഗമനകൂടാരത്തിന്‍റെ പ്രാകാരം. 
പ്രാകാരത്തിന്‍റെ തൂണുകള്‍ 2.25 മീറ്റര്‍ പൊക്കമുള്ള മതില്‍, ആകെ 60 മരം കൊണ്ടുള്ള തൂണുകളില്‍ വെളുത്ത പിരിച്ച പഞ്ഞിനൂല്‍ കൊണ്ടുള്ള മറശ്ശീലകള്‍ കൊണ്ട് വാതില്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മിച്ചതുമായിരുന്നു. ഈ മരത്തൂണുകളും വെള്ളിമകുടങ്ങള്‍ അവയുടെ മുകളിലും താമ്രചുവടുകള്‍ അടിയിലുമായി വെച്ച് നിര്‍മ്മിച്ചതായിരുന്നു ഈ മതില്‍. വെള്ളിമകുടങ്ങളില്‍ രണ്ടുവെള്ളിക്കൊളുത്തുകളും ഉണ്ടായിരുന്നു. തൂണുകള്‍ തമ്മില്‍ ചേര്‍ത്തു നിര്‍ത്താന്‍ കൊളുത്തുകളില്‍ വെള്ളികൊണ്ടുള്ള മേല്‍ചുറ്റുപടികളു മുണ്ടായിരുന്നു. ഈ വെള്ളി ചുറ്റുപടികളെ നിലത്തുള്ള താമ്രകുറ്റികളുമായി ബന്ധിപ്പിച്ചു തൂണുകളെ ഭദ്രമായി ഉറപ്പിച്ചിരുന്നു. 
 

സമാഗമന കൂടാരത്തിന്‍റെ തൂണുകളില്‍ വെളിപ്പെടുന്ന ആത്മീയ അര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്?

സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലെ തൂണുകള്‍ നമ്മോട് പറയുന്നത് എന്താണ്? ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തു നമ്മെ ഓരോരുത്തരെയും രക്ഷിച്ചത് എങ്ങനെയെന്നാണ് അവ നമ്മോട് വ്യക്തമായി പറയുന്നത്. സമാഗമനകൂടാര പ്രാകാരത്തിലെ മരത്തൂണുകള്‍ നിങ്ങളെയും എന്നെയുമാണ് - അതായത് വീണ്ടും ജനിച്ച വിശുദ്ധന്മാരെയാണ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍, ഈ മരത്തൂണുകളുടെ അടിയിലുള്ള താമ്ര ചുവടുകള്‍ നമ്മോട് പറയുന്നത് എന്താണ്? നമ്മുടെ പാപം നിമിത്തം ശിക്ഷാവിധിയെ നേരിടുന്നത് ഒഴിവാക്കാനാകാത്തവരാണ് നമ്മളെങ്കിലും, ദൈവം നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചിരിക്കുന്നു എന്നാണ് അവ നമ്മോട് പറയുന്നത്.
നേരെ മറിച്ച്, വെള്ളിക്കുടുമകള്‍ ആ മരത്തൂണുകള്‍ക്ക് മുകളിലുണ്ടെന്നത് നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സുവിശേഷത്തിലൂടെ സകലപാപികളെയും അവരുടെ പാപങ്ങളില്‍ നിന്നും അകൃത്യങ്ങളില്‍ നിന്നും രക്ഷിച്ചതിലൂടെ രക്ഷയുടെ ദാനം ദൈവം നമുക്ക് നല്‍കിയിരിക്കുന്നു എന്ന് പറയുന്നു. വെള്ളികുടുമകളില്‍ സ്ഥാപിച്ചിരിക്കുന്ന വെള്ളിക്കൊളുത്തുകളും ഈ കൊളത്തുകളില്‍ ബന്ധിച്ചിരിക്കുന്ന വെള്ളി ചുറ്റുപടികളും നിലത്തുള്ള താമ്രകുറ്റികളും, നമ്മുടെ പാപം കാരണം ഒഴിവാക്കാനാവാത്ത മരണം നമ്മള്‍ നേരിടുന്നുവെങ്കിലും നമ്മുടെ കര്‍ത്താവ് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട സത്യത്തിലൂടെ - അതായത് രക്ഷയുടെ സുവിശേഷത്തിലൂടെ-പാപമോചനത്തിന്‍റെ ദാനം നല്‍കിയിരിക്കുന്നു എന്നും നമ്മോടു പറയുന്നു. 
ഈ രീതിയില്‍ സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലെ തൂണുകള്‍, കര്‍ത്താവ് ഈ ഭൂമിയിലേക്ക് വരികയും സ്നാപകയോഹന്നാന്‍ സ്നാനമേല്ക്കുകയും പാപത്തിന്‍റെ സകല ന്യാവിധികളെയും ചുമക്കുകയും ക്രൂശില്‍ തന്‍റെ വിലയേറിയ രക്തം ചിന്തി സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്നുമുള്ള സത്യമാണ് നമ്മെ കാണിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ പൂര്‍ണ്ണമായി രക്ഷിക്കുകയും നമ്മെ ദൈവത്തിന്‍റെ ജനമാക്കി മാറ്റുകയും ചെയ്ത പാപമോചനത്തിന്‍റെ ദാനമാണ് അവ നമ്മെ കാണിക്കുന്നത്. സമാഗമനകൂടാര ത്തിലെ പ്രാകാരത്തിനു ചുറ്റും മതില്‍ തീര്‍ക്കുന്ന മരത്തൂണുകള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ ശുശ്രൂഷയിലൂടെ, അതായത് സ്നാനപ്പെടുകയും ക്രൂശില്‍ തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും ഒരിക്കലായി സകല പാപികളെയും നമ്മുടെ കര്‍ത്താവ് രക്ഷിച്ചു, എന്നതാണ് നമ്മോട് പറയുന്നത്. ഈ സത്യം അത്രയും ഉറപ്പുള്ളതാകയാല്‍ ലോകം മുഴുവനും ഇതിനെ പ്രചരിപ്പിക്കുകയും ഇതിനായി നന്ദിയര്‍പ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനില്ല.
 

തൂണുകള്‍ക്ക് താഴെയുള്ള താമ്രചുവടുകള്‍

ഈ മതിലില്‍ നില്‍ക്കുന്ന തൂണുകളുടെ ചുവടുകള്‍ താമ്രം കൊണ്ടും തൂണുകളുടെ മുകളിലുള്ള കുടുമകളും അവയുടെ കൊളുത്തുകളും അവയുടെ ചുറ്റുപടികളും നിര്‍മ്മിച്ചിരുന്നത് വെള്ളികൊണ്ടും ആയിരുന്നു.
മര്‍ക്കൊസ് 7:21-22 പറയുന്നു “അകത്തു നിന്ന്, മനുഷ്യരുടെ ഹൃദയത്തില്‍ നിന്നു തന്നെ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു” നമ്മില്‍ ഓരോരുത്തരും നമ്മുടെ ഹൃദയങ്ങളില്‍ ഈ ദുഷ്ടപാപങ്ങളോടും കൂടിയാണ് ജനിച്ചത്. ഇതിനാലാണ് നമ്മുടെ മരണം വരെയും ശേഷിക്കുന്ന ജീവിതം ഈ പാപത്തില്‍ കഴിയുവാനായി വിധിക്കപ്പെട്ടവരാണ് നാമെന്നും ഈ പാപപൂര്‍ണ്ണമായ ജീവിതത്തില്‍ കഴിയുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ലെന്നും ദൈവം പറയുന്നത്. ഈ വചനത്തെ ഉള്ളതുപോലെ അംഗീകരിച്ചാല്‍ തന്നെ നമ്മുടെ അടിസ്ഥാനപരമായ സ്വഭാവം പാപപൂര്‍ണ്ണമാണെന്ന് നാം ഏറ്റുപറയുകയും നമ്മുടെ പാപങ്ങള്‍ക്കുള്ള ന്യായവിധി വാസ്തവത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും നാം ഏറ്റുപറയുകയല്ലാതെ നമുക്ക് മറ്റുമാര്‍ഗ്ഗമില്ല.
എങ്കിലും ഇത്തരത്തില്‍ അധഃസ്ഥിതരായി കഴിഞ്ഞിരുന്ന നമ്മെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നീല, ധൂമ്രം, ചുപപ്പ് നൂലുകളിലൂടെ നമ്മുടെ കര്‍ത്താവ് രക്ഷിച്ചു. സ്നാപകയോഹന്നാനില്‍ നിന്നും താന്‍ സ്വീകരിച്ച സ്നാനത്തിലൂടെ നമ്മുടെ സകലപാപങ്ങളെയും തന്‍റെ ശരീരത്തില്‍ സ്വീകരിച്ചതു കാരണം ലോകത്തിന്‍റെ പാപങ്ങളെ ക്രൂശിലേയ്ക്ക് ചുമക്കുവാനും ആ പാപങ്ങള്‍ക്കായുള്ള ശിക്ഷാവിധി സഹിക്കുവാനും അവനു കഴിഞ്ഞു. ഇങ്ങനെയാണ് യേശു നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്നത്.
ഇതിനായി ദൈവത്തിന് നന്ദിപറഞ്ഞു തീര്‍ക്കാന്‍ നമുക്ക് കഴിയില്ല. നരകത്തില്‍ പോകാനിരുന്ന നമ്മെ സകലപാപങ്ങളില്‍ നിന്നും ദൈവം വിടുവിച്ച ഈ രക്ഷയോളം വിലയേറിയതോ അനുഗ്രഹീതമായതോ ഏറ്റവും മൂല്യമേറിയ ദാനമോ ഈ മുഴുവന്‍ ലോകത്തില്‍ മറ്റൊന്നുമില്ല. കര്‍ത്താവിനു മുമ്പില്‍ നമ്മുടെ തലകളെ വണങ്ങുകയും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തിലൂടെ നമ്മെ രക്ഷിച്ച ഈ സുവിശേഷത്തില്‍ വിശ്വസിക്കുകയും അതിനായി നമ്മുടെ കര്‍ത്താവിന് നന്ദി പറയുകയും അല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനാവില്ല. സമാഗമനകൂടാര പ്രാകാരത്തിന്‍റെ തൂണുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിലൂടെ നമ്മുടെ കര്‍ത്താവിന്‍റെ രക്ഷ സമ്പൂര്‍ണ സത്യമാണെന്നും ഇനിയതില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുവാന്‍ ഇല്ലായെന്നും ആണ് ദൈവം നമ്മെ കാണിക്കുന്നത്.
നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും വിവക്ഷയിലൂടെ സമാഗമനകൂടാര നിര്‍മ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ രഹസ്യം വ്യക്തമാകുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും അടങ്ങിയിരിക്കുന്ന സുവിശേഷത്തെ കൂടാതെ രക്ഷയുടെ സത്യത്തില്‍ അടങ്ങിയിരിക്കുന്ന രഹസ്യം ഒരിക്കലും കണ്ടെത്താന്‍ കഴിയുകയില്ല. സമാഗമനകൂടാര വ്യവസ്ഥയിലെ എല്ലാ വിവക്ഷകളും യാഗവ്യവസ്ഥയുടെ രഹസ്യത്തോടൊപ്പം ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും മറഞ്ഞിരിക്കുന്നു.
അടിസ്ഥാനപരമായി നിങ്ങളും ഞാനും നമ്മുടെ പാപങ്ങള്‍ നിമിത്തം നരകത്തില്‍ പോവുകയല്ലാതെ മറ്റു മാര്‍ഗ്ഗം ഇല്ലാതിരുന്ന ജീവികളായിരുന്നു എന്നത് ദൈവമുമ്പാകെയുള്ള വസ്തുതയാണ്. തുറന്നു പറഞ്ഞാല്‍ നാമിപ്പോഴും പാപം ചെയ്യുന്നത് തുടരുന്നുവെങ്കിലും കര്‍ത്താവ് തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ നമുക്ക് സമ്പൂര്‍ണ്ണമായ രക്ഷ നല്‍കിയതിനാല്‍ ഈ രക്ഷയുടെ ദാനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാം ഈ പാപമോചനം പ്രാപിച്ചിരിക്കുന്നു. നമ്മുടെ സകലപാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ദൈവം നമ്മെ രക്ഷിച്ചതിനാലും നമ്മെ അവന്‍റെ മക്കളാക്കിയതിനാലും അവന്‍റെ രാജ്യത്തിന്‍റെ മഹത്വവും തേജസ്സും ആസ്വദിക്കുവാനുള്ള അവന്‍റെ അവകാശികളായി മാറുവാന്‍ നമുക്ക് കഴിഞ്ഞു. ദൈവം നമുക്ക് നല്‍കിയ രക്ഷയല്ലാതെ അവന്‍റെ വീണ്ടും ജനിച്ച മക്കളായി തീരുവാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ല. നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മുടെ കര്‍ത്താവ് നമ്മെ രക്ഷിച്ചതിനാലാണ് നാം അവന് നന്ദിയര്‍പ്പിക്കുന്നത്.
അടിസ്ഥാനപരമായി നാം ആരെന്ന് മനസ്സിലാക്കാതെ നമ്മുടെ സ്വന്തം മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ പാപങ്ങളുടെ കാഠിന്യം എല്ലാക്കാലത്തും നാം അളന്നുകൊണ്ടിരുന്നത്. നാം ചില പ്രത്യേകതരം പാപങ്ങള്‍ ചെയ്തുവോ ഇല്ലയോ എന്നത് പ്രധാനം അല്ല, കാരണം നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനം ഇല്ലാതെ തന്നെ നമ്മുടെ ജനനം മുതല്‍ നരകത്തിലേക്ക് പോകുവാനുള്ള ഗുരുതര പാപികളായിരുന്നു നമ്മള്‍. എന്നിട്ടും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും നമ്മുടെ കര്‍ത്താവ് സകല പാപങ്ങളില്‍ നിന്നും അത്തരക്കാരായ നമ്മെ രക്ഷിച്ചു. പഴയ നിയമത്തില്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തതുപോലെ പുതിയ നിയമകാലത്ത് യഥാര്‍ത്ഥമായും അവന്‍ നമ്മിലേക്ക് വരികയും ഈ വാഗ്ദത്ത വചന പ്രകാരം നമ്മുടെ സകല പാപങ്ങളും തന്‍റെ മേല്‍ ചുമക്കുകയും ഈ പാപങ്ങളെ ക്രൂശിലേക്ക് ചുമക്കുകയും, ക്രൂശില്‍ തന്‍റെ രക്തം ചിന്തിയ യാഗത്തിലൂടെ നമ്മുടെ സകല പാപങ്ങളുടെയും ശമ്പളം നല്‍കുകയും അതുവഴി നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുകയും രക്ഷയുടെ ദാനം നമുക്ക് നല്‍കുകയും ചെയ്തു. ഇങ്ങനെയാണ് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകലപാപങ്ങളില്‍ നിന്നുമുള്ള രക്ഷയുടെ ദാനം നിങ്ങളും ഞാനും പ്രാപിച്ചത്.
 

സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലെ തൂണുകളില്‍ വെളുത്ത പഞ്ഞിനൂല്‍ വിരിച്ചത് എന്തിന്?

സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിനു ചുറ്റുമായി 60 തൂണുകള്‍ ഉണ്ടായിരുന്നു. അവയെല്ലാം തന്നെ വെളുത്ത പിരിച്ച പഞ്ഞിനൂല്‍ കൊണ്ട് മറച്ചിരുന്നു. നമ്മുടെ പാപക്കറകളാല്‍ അശുദ്ധരായി തീര്‍ന്നവരാണ് നമ്മളെങ്കിലും, നമ്മുടെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ട് നരകത്തില്‍ തള്ളപ്പെടേണ്ടവരാണ് നമ്മളെങ്കിലും നമ്മുടെ കര്‍ത്താവ് നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നമ്മെ ശുദ്ധീകരിച്ചു എന്നതാണ് ഈ മൂടുശ്ശീലകള്‍ നമ്മോട് പറയുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്നാപകയോഹന്നാനില്‍ നിന്നും സ്നാനമേറ്റതിലൂടെ ഒരിക്കലായി നമ്മുടെ സകലപാപങ്ങളില്‍ നിന്നും യേശുക്രിസ്തു നമ്മെ കഴുകി എന്ന സത്യമാണ് ഈ മൂടുശ്ശീലകള്‍ നമ്മോട് പറയുന്നത്.
യേശു ഈ ഭൂമിയിലേക്ക് വന്ന്, മാനവജാതിയുടെ പ്രതിനിധിയായ സ്നാപകയോഹന്നാനില്‍ നിന്നും സ്നാനമേറ്റപ്പോള്‍ ലോകത്തിന്‍റെ പാപങ്ങള്‍ എല്ലാം യേശുവിലേക്ക് കടത്തിവിടപ്പെട്ടു. അപ്രകാരം ലോകത്തിന്‍റെ സകലപാപങ്ങളും സ്വീകരിച്ച യേശു തുടര്‍ന്ന് ക്രൂശിക്കപ്പെടുകയും പാപങ്ങളുടെ ശിക്ഷ വഹിക്കുവാനായി തന്‍റെ രക്തം ചിന്തുകയും ചെയ്തു. തുടര്‍ന്ന് അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇപ്പോള്‍ നമ്മുടെ ജീവിക്കുന്ന രക്ഷകനായിത്തീര്‍ന്നു. ഇതാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും കര്‍ത്താവ് പൂര്‍ത്തീകരിച്ച ശുശ്രൂഷകളിലൂടെ ലഭിച്ച രക്ഷയുടെ ദാനം; ഇതാണ് നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിച്ച് യാതൊരുകുറവും ഊനവുമില്ലാത്ത ദൈവജനമാക്കി മാറ്റിയ സ്നേഹം. ഈ രക്ഷയുടെ ദാനം നമുക്ക് നല്‍കികൊണ്ട്, ഈ സത്യത്തില്‍ വിശ്വസിക്കുന്ന ഏവരെയും ദൈവത്തിന്‍റെ സ്വന്തം ജനമാക്കി നമ്മുടെ കര്‍ത്താവ് മാറ്റി. 
സമാഗമനകൂടാരത്തിന്‍റെ തൂണുകളില്‍ തൂക്കപ്പെട്ടിരുന്ന വെളുത്ത പഞ്ഞിനൂല്‍ ദൈവത്തിന്‍റെ വിശുദ്ധിയെക്കുറിച്ച് നമ്മളോട് പറയുന്നു. അതോടൊപ്പം, ഇത് നമ്മുടെ - സത്യവിശ്വാസികളുടെ - വിശുദ്ധിയെക്കുറിച്ചും പറയുന്നു. ആകയാല്‍, ദൈവത്തിന്‍റെ മക്കളാകുവാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍, നമ്മുടെ സകലപാപങ്ങളില്‍ നിന്നും നാം ശുദ്ധീകരിക്കപ്പെടുകയും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലുള്ള യേശുവിന്‍റെ ശുശ്രൂഷകളില്‍ വിശ്വസിക്കുന്നതിലൂടെ വിശുദ്ധരാവുകയും വേണം. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.” (ലേവ്യപുസ്തകം 11:45) എന്ന് ദൈവം നമ്മോട് പറയുന്നു. എന്നാല്‍ നമ്മുടെ പ്രവൃത്തികളിലൂടെ എങ്ങനെ നമുക്ക് വിശുദ്ധരാകാന്‍ കഴിയും? എത്ര തന്നെ കഠിനമായി ശ്രമിച്ചാലും, പാപം ചെയ്യുന്നത് ഒഴിവാക്കാന്‍ നമുക്ക് കഴിയില്ല. എന്നതിനാല്‍, നമ്മുടെ സ്വന്തം പ്രയത്നങ്ങളിലൂടെ നമുക്ക് ഒരിക്കലും വിശുദ്ധരാകാന്‍ കഴിയില്ല. എങ്കിലും, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ നമ്മുടെ കര്‍ത്താവ് നിങ്ങളെയും എന്നെയും പോലുള്ള ജീവികളെയും വരെ പൂര്‍ണ്ണമായും ശുദ്ധീകരിച്ചിരിക്കുന്നു. ഇപ്രകാരമാണ് നിങ്ങളും ഞാനും പൂര്‍ണ്ണമായും ദൈവത്തിന്‍റെ സ്വന്തം ജനമായിത്തീര്‍ന്നത്. ദൈവനീതിയുടെ സുവിശേഷത്തില്‍ വിശ്വസിക്കുകയും നമ്മുടെ സകലപാപങ്ങളില്‍ നിന്നും കഴുകപ്പെട്ട് വിശുദ്ധന്മാരായിത്തീരുകയും ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
 

താമ്രചുവടുകളും താമ്രകുറ്റികളും 

വെള്ളിക്കുടുമകള്‍ തൂണുകളുടെ മുകള്‍ ഭാഗത്തായി പതിച്ചിരുന്നു. തൂണുകളെ തമ്മില്‍ യോജിപ്പിക്കുവാനും ഉറപ്പിച്ചു നിര്‍ത്തുവാനുമായി വെള്ളികൊളുത്തുകളും വെള്ളിചുറ്റുപലകകളും ഉണ്ടാക്കിയിരുന്നു. ഓരോ തൂണിലും ഓരോ താമ്രചുവടുകളില്‍ ഉറപ്പിച്ചിരുന്നു. സമാഗമനകൂടാരത്തിന്‍റെ ചുറ്റുമതിലിലുള്ള ഓരോ തൂണുകളുടെയും ഈരണ്ട് താമ്രക്കുറ്റികളില്‍ മുകളില്‍ നിന്നും താഴെ നിലത്തേക്ക് വലിച്ചു കെട്ടിയിരുന്നു.
നമ്മുടെ പാപം നിമിത്തം ശിക്ഷിക്കപ്പെട്ട്, നരകത്തിലേക്ക് തള്ളപ്പെടേണ്ടവരായിരുന്നു നമ്മളെങ്കിലും ദൈവം രക്ഷയുടെ ദാനം നല്‍കി നമ്മുടെ സകലപാപങ്ങളില്‍ നിന്നും നമ്മെ വിടുവിച്ച് അവന്‍റെ വിശുദ്ധജനമാക്കി മാറ്റി എന്ന് ഇത് നമ്മെ കാണിക്കുന്നു. ഈ രക്ഷയുടെ കൃപയിലൂടെ ദൈവം നമ്മെ അവന്‍റെ വിശുദ്ധജനം ആക്കിയതിനാല്‍ ദൈവത്തിന്‍റെ കൃപയ്ക്കായി അവനെ സ്തുതിക്കാനും നന്ദിപറയാനും മാത്രമേ നമുക്ക് കഴിയൂ. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലുമുള്ള ഈ സത്യവചനത്തിലൂടെ ദൈവത്തില്‍ വിശ്വസിക്കുന്ന നമുക്ക് ദൈവത്തെ സ്തുതിക്കുക മാത്രമല്ല, ഈ വചനത്തെ വ്യാപിപ്പിക്കുകയും ചെയ്യാതിരിക്കുവാന്‍ സാധ്യമല്ല.
യഥാര്‍ത്ഥമായും നാം പാപം ചെയ്തിട്ടില്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടോ? അങ്ങനെ ഒന്നില്ല. ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുകയും അവന്‍റെ കൃപയാല്‍ വീണ്ടും ജനിക്കുകയും ചെയ്ത നമ്മള്‍ പോലും ദിനം തോറും പാപം ചെയ്യുന്നു. ആരെങ്കിലും നമ്മോട് അല്പം എതിര്‍ത്തു നില്‍ക്കുകയും അഥവാ വേണ്ടത്ര സ്നേഹം കാട്ടാതിരിക്കുകയും ചെയ്താല്‍ മതി, നാം ആ വ്യക്തിയെ വാക്പ്രഹരം നടത്തുവാനും ശപിക്കുവാനും അധികം സമയമൊന്നും വേണ്ട. ഉദാഹരണത്തിന്, ശാന്തമായി വാഹനം ഓടിച്ചുപോകുന്ന നിങ്ങളുടെ വഴിയിലേക്ക് മറ്റൊരുവന്‍ പെട്ടെന്ന് കയറിവരികയും അപകടത്തിന് അടുത്തെത്തുകയും ചെയ്താല്‍, അശ്രദ്ധയുള്ള ആ ഡ്രൈവറോട് നിങ്ങള്‍ ദേഷ്യത്തില്‍ പ്രതികരിക്കുകയില്ലേ? ഓ! തീര്‍ച്ചയായും! ആ നെറികെട്ട ഡ്രൈവറെ ഞാന്‍ ശപിക്കുകയും എന്‍റെ വാഹനത്തിന്‍റെ ഹോണ്‍ അടിച്ചു മുഴക്കുകയും ചെയ്തേനെ! എന്നാല്‍ ഇതാണോ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്? തീര്‍ച്ചയായും ഇതല്ല ചെയ്യേണ്ടിയിരുന്നത്; പക്ഷെ, ഇവിടുത്തെ പ്രശ്നം, ഏതു നിമിഷവും പാപം അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലാത്ത വ്യക്തികളാണ് നമ്മള്‍ എന്നതാണ്. നമ്മുടെ കുറവുകള്‍ നിമിത്തം നരകത്തിലേക്ക് വിധിക്കപ്പെട്ട കൂട്ടങ്ങളാണ് നമ്മള്‍. എന്നാല്‍, “യേശു തന്‍റെ ദേഹം എന്ന തിരശീലയില്‍ കുടി നമുക്ക് പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴി” (എബ്രായര്‍ 10:20) ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. പിതാവാം ദൈവത്തിന്‍റെ ഹിതമനുസരിച്ച് യേശുക്രിസ്തു പൂര്‍ണ്ണമായും നിറവേറ്റിയതും പൂര്‍ണ്ണമായും ദൈവ ദാനവും ആണിത്.
രക്ഷയുടെ എന്തു ദാനമാണ് ദൈവം നമുക്ക് നല്‍കിയത്? സമാഗമനകൂടാരത്തിലെ നാലു നൂലുകളിലൂടെ, നീല, ധൂമ്രം, ചുവപ്പ്നൂലുകളും പിരിച്ച പഞ്ഞിനൂലും, പൂര്‍ത്തീകരിക്കപ്പെട്ടതും പാപങ്ങളില്‍ നിന്നുള്ള നമ്മുടെ രക്ഷയുടെ ദാനവുമാണ് അവന്‍ നമുക്ക് നല്കിയത്. അപ്പോള്‍ നമുക്ക് എങ്ങനെ ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ കഴിയും? ഈ സത്യമായ രക്ഷയെ യഥാര്‍ത്ഥമായും പ്രാപിച്ചിരിക്കുമ്പോള്‍, യഥാര്‍ത്ഥ സമാധാനം നമ്മുടെ ഹൃദയങ്ങളില്‍ എങ്ങനെ ഇല്ലാതിരിക്കും? നമ്മുടെ രക്ഷ സ്വര്‍ണ്ണമോ വെള്ളിയോ കൊടുത്ത് നേടാവുന്നതല്ല; തെളിഞ്ഞുവന്ന ഉടനെ മറഞ്ഞുപോകുന്ന മൂടല്‍മഞ്ഞോ പ്രഭാതനീഹാരമോ അല്ല അത്; മറിച്ച് നിത്യമായും സമ്പൂര്‍ണ്ണമായിട്ടാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. ദൈവം പാപികളെ വളരെയധികം സ്നേഹിച്ചതിനാല്‍ തന്‍റെ രക്ഷയുടെ കൃപ ഒരു സൗജന്യ സമ്മാനമായി അവന്‍ അവര്‍ക്ക് നല്‍കി. ഈ ദാനത്താല്‍ വിശ്വാസികളായ നമ്മെ തന്‍റെ നീതിയുടെ വസ്ത്രം അവന്‍ ധരിപ്പിച്ചു.
സമാഗമനകൂടാര പ്രാകാരത്തിന്‍റെ മതിലിലെ നിലം തൊട്ടിരുന്ന ചുവടുകളും കുറ്റികളുമെല്ലാം താമ്രം കൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. പക്ഷെ, തുണുകള്‍ക്ക് മുകളിലെ കുടുമകള്‍ വെള്ളി കൊണ്ടുള്ളവയായിരുന്നു. അടിസ്ഥാനപരമായി നാമെല്ലാവരും നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എങ്കിലും നമ്മുടെ കര്‍ത്താവ് നല്‍കിയ രക്ഷയുടെ ദാനം പ്രാപിച്ചതിലൂടെ നാം ദൈവത്തിന്‍റെ മക്കളായിത്തീര്‍ന്നു എന്നാണ് ഈ കാര്യങ്ങള്‍ നമ്മോട് പറയുന്നത്. അവന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ നാമോരോരുത്തരും ഈ ദാനം പ്രാപിച്ചിരിക്കുന്നു. ഇത് നല്‍കപ്പെട്ടിരിക്കെ, നാം പ്രാപിച്ച പാപങ്ങളില്‍ നിന്നുള്ള രക്ഷ എന്തുമാത്രം ഉറപ്പുള്ളതാണ്? ഈ ദാനം ദൈവം നമ്മുടെ മേല്‍ വച്ച ദാനമാണ്. ഒരിക്കലും മാറ്റുവാന്‍ കഴിയാത്തതും ഉറപ്പുള്ളതുമായ നമ്മുടെ രക്ഷയും അനുഗ്രഹവുമാണിത്. ഇത് നമുക്ക് അറിയാവുന്നതിനാല്‍ നമ്മുടെ സകല കഴിവുകള്‍ ഉപയോഗിച്ചാലും ദൈവത്തോട് നന്ദി പറഞ്ഞു തീര്‍ക്കാന്‍ നമുക്കാവില്ല.
നിങ്ങളും ഞാനും സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നത് തീര്‍ച്ചയായും ദൈവദാനമാണ്. നമ്മുടെ ബലഹീനതകള്‍ വെളിപ്പെടുമ്പോള്‍ വെറുതെ അപ്രത്യക്ഷമാകുവാന്‍ തക്കവണ്ണം അപൂര്‍ണ്ണമായ ഒന്നല്ല നമ്മുടെ രക്ഷ. നിങ്ങളെയും എന്നെയും പോലെ അവകാശങ്ങള്‍ ഒന്നുമില്ലാത്ത പാപികള്‍ക്ക് വേണ്ടിയാണ് നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും രക്ഷയുടെ ദാനം നമുക്ക് നല്‍കിയത്. അപ്രകാരം, ഈ സത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തങ്ങളുടെ പാപങ്ങളില്‍ നിന്നും നിത്യമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. പാപികള്‍ക്കായുള്ള കര്‍ത്താവിന്‍റെ രക്ഷ വളരെ സമ്പൂര്‍ണ്ണമാകയാലും അവന്‍ നമ്മുടെ സകല കുറവുകള്‍, ബലഹീനതകള്‍, ജഡീകമായ കളങ്കങ്ങള്‍ എന്നിവയെക്കുറിച്ച് പോലും ചിന്തിക്കുന്നതാകയാലും പാപസംബന്ധമായി നമുക്ക് ഒന്നും ചെയ്യാനില്ലാത്ത വിധം അവന്‍ നമ്മെ പൂര്‍ണ്ണരാക്കി. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞിനൂലിലും വ്യക്തമായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന സകലരും സമ്പൂര്‍ണ്ണമായി എന്നെന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇങ്ങനെയിരിക്കേ, ദൈവം നമുക്ക് നല്‍കിയ രക്ഷയുടെ ദാനം എത്ര വിലയേറിയതും മികച്ചതുമാണ്? ഈ രക്ഷാ ദാനത്തിനായി തികച്ചും ഞാന്‍ നന്ദിയുള്ളവനാണ്, കാരണം ഇത് നമ്മുടെ ഹൃദയങ്ങള്‍ക്ക് വളരെയധികം സ്വസ്ഥത നല്‍കുകയും ആശ്വസിപ്പിക്കുകയും നമ്മെ അധികമായി അനുഗ്രഹിക്കുകയും ചെയ്യുന്നു. നമ്മുടെ കര്‍ത്താവ് നമ്മുടെ ഹൃദയങ്ങള്‍ക്ക് സ്വസ്ഥത നല്‍കുന്നു. ഇതിനാലാണ് “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28) എന്ന് അവന്‍ പറഞ്ഞത്. എന്‍റെ സകല പാപങ്ങളില്‍ നിന്നും വീണ്ടെടുപ്പ് എന്ന ഈ ദാനം എനിക്ക് നല്‍കിയ ദൈവത്തോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. 
ഞാന്‍ മാത്രമല്ല, നിങ്ങളും ദൈവത്തിന് വളരെ വിലയേറിയവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സുവിശേഷത്തിലൂടെ ദൈവം നിങ്ങളെയും എന്നെയും രക്ഷിച്ചു. ഈ വചനത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം രക്ഷയുടെ ഈ ദാനം നല്‍കിയതായി ദൈവം പറയുന്നു. അവന്‍ പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന് വളരെ വിലയേറിയവരാണെന്ന് ഞാന്‍ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു.
ദൈവത്തിന്‍റെ വേലയ്ക്കായി നമ്മുടെ ശക്തിക്കും അപ്പുറത്തായി നാം കഠിനാധ്വാനം ചെയ്യുമ്പോള്‍ നാം വളരെ ക്ഷീണിച്ചുപോകുന്ന അവസരങ്ങള്‍ പിന്നീട് വന്നേക്കാം. ആകയാല്‍, ജഡീകരീതിയായ അപ്പം നുറുക്കലിലൂടെ എന്‍റെ സഹപ്രവര്‍ത്തകരെ ആശ്വസിപ്പിക്കുവാനും ധൈര്യപ്പെടുത്തുവാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജഡത്തിന്‍റെ ആശ്വാസം കൊണ്ട് നമുക്ക് യഥാര്‍ത്ഥമായും ആശ്വാസം പ്രാപിക്കാന്‍ കഴിയില്ല എന്നത് ഞാന്‍ അറിയുന്നു. കര്‍ത്താവ് നമുക്ക് നല്‍കിയ യഥാര്‍ത്ഥ ആശ്വാസമായ ഉറപ്പുള്ള രക്ഷയുടെ ദാനത്തെ ഓര്‍ത്തുകൊണ്ടാവണം നാം ധൈര്യപ്പെടേണ്ടത്; ഇതിന്‍റെ സമാധാനം ലോകത്തിന് അറിയാത്തതാണ്. ദൈവം നേരത്തെ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നല്‍കിയിരുന്ന ആത്മീയ അനുഗ്രഹങ്ങളാല്‍ നാം ആശ്വാസം പ്രാപിക്കുകയും സംതൃപ്തരായിരിക്കുകയും ചെയ്യുന്നു. ദൈവം നമുക്ക് നല്കിയ രക്ഷയുടെ ദാനത്തില്‍ നിന്നും അത്തരം മഹത്തായ പ്രതിഫലവും അനുഗ്രഹങ്ങളും നമുക്ക് പ്രാപിക്കുവാന്‍ ഉള്ളതിനാല്‍, ഈ ലോകത്തിന് അറിയുവാന്‍ കഴിയാത്ത തരത്തിലുള്ള സമാധാനവും അനുഗ്രഹങ്ങളും നമ്മുടെ ഹൃദയങ്ങളിലുണ്ട്.
ഈ ലോകത്തില്‍ ആര്‍ക്കും അറിയാന്‍ കഴിയാത്ത മഹത്തായ ദാനം, സമ്പൂര്‍ണ്ണ രക്ഷയുടെ ദാനം, ദൈവം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെയും പിരിച്ച പഞ്ഞിനൂലിലെയും സത്യത്തെ വിശ്വസിക്കാതിരിക്കെ, തങ്ങളുടെ മതപരമായ ഭക്തിയിലൂടെ മാത്രം തങ്ങള്‍ പാപമില്ലാത്തവരാണെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്. എന്നാല്‍ അവരുടെ ഭക്തി പാരവശ്യത്തിന്‍റെ നിറവ് ആവിയായി പോകുവാന്‍ അധികസമയമൊന്നും വേണ്ട. തങ്ങളുടെ സ്വന്തം ചിന്തകളിലൂടെ അവര്‍ എത്തിച്ചേര്‍ന്ന സമാധാനം, അവര്‍ ഒരു ചെറിയ പാപം ചെയ്യുമ്പോഴോ അഥവാ കഷ്ടതയുടെ നേരിയ ലക്ഷണം വരുമ്പോഴോ, പ്രഭാതത്തിലെ മൂടല്‍മഞ്ഞുപോലെ അപ്രത്യക്ഷമാകും.
എന്നാല്‍, കര്‍ത്താവ് നല്‍കിയ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും രക്ഷയില്‍ വിശ്വസിക്കുന്നവര്‍ക്ക്, എത്രയധികം കഷ്ടതകള്‍ വരുന്നുവോ, അത്രയധികം അവരുടെ മനസമാധാനം പ്രകാശിക്കും. നാം ചവിട്ടിയരക്കപ്പെട്ടാലും മുറിവേറ്റാലും, ദു:ഖത്തിലായും നമ്മുടെ ഹൃദയങ്ങളില്‍ കര്‍ത്താവ് നല്‍കിയ രക്ഷയില്‍ നിന്നും വരുന്ന സമ്പൂര്‍ണ്ണതയും നന്ദിയും നമ്മുടെ മനസില്‍ നിന്നും പുറപ്പെട്ടുകൊണ്ടേയിരിക്കും. പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ടവ രാണ് നമ്മള്‍, മിസ്രയിമിലേക്ക് ഒരിക്കലും മടങ്ങിപോകാത്തവര്‍, നമ്മുടെ പാപങ്ങളെയും ശിക്ഷാവിധിയെയും ഒരിക്കലും നേരിടാത്തവര്‍. ദൈവം നമ്മുടെ മേല്‍ വച്ചിരിക്കുന്ന ഈ രക്ഷയുടെ സത്യത്തില്‍, അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന നമ്മെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ആകയാല്‍ നമ്മുടെ പൂര്‍ണ്ണ വിശ്വാസത്തോടെ എല്ലായ്പ്പോഴും നമുക്ക് അവന് നന്ദി പറയാം. ഇതിനാലാണ് നമ്മുടെ വിശ്വാസത്താല്‍ നാം ദൈവത്തിന് നന്ദിപറയുന്നത്. 
കര്‍ത്താവില്‍ നിന്നും ഞാന്‍ പ്രാപിച്ച നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ ഉറപ്പായ രക്ഷയ്ക്കായി, ദൈവം എന്നെ സ്നേഹിച്ചതിനായി, അധികമായി അനുഗ്രഹിച്ചതിനായി, ഈ വിലയേറിയ സുവിശേഷം പ്രസംഗിക്കുവാന്‍ എന്നെ ഒരുക്കിയതിനായി, ഇവയൊന്നും ഞാന്‍ അര്‍ഹിക്കാത്തതാകയാല്‍, ദൈവത്തിന് നന്ദി അര്‍പ്പിച്ചു തീര്‍ക്കാന്‍ എനിക്കാവില്ല. ഞാന്‍ ദിനംതോറും ദൈവത്തിന് നന്ദി പറഞ്ഞാലും ഈ സുവിശേഷത്തിനായി മാത്രം ജീവിക്കാന്‍ എന്നെ ഒരുക്കിയതിന് നന്ദി പറഞ്ഞു തീര്‍ക്കാന്‍ എനിക്കു കഴിയില്ല. അവന് എന്നേക്കും നന്ദി പറയുകയല്ലാതെ മറ്റൊന്നും എനിക്ക് കഴിയുകയില്ല. ദൈവം എനിക്ക് നല്‍കിയ മഹത്തായ രക്ഷയ്ക്കായി ഞാന്‍ നന്ദി പറയുമ്പോഴും, എന്‍റെ നന്ദി നിറഞ്ഞ ഹൃദയത്തെ വെളിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും എന്‍റെ പദസമ്പത്തും അതിന്‍റെ പ്രതിഫലനവും എത്രമാത്രം കുറവാണെന്നത് ഞാന്‍ തിരിച്ചറിയുന്നു.
നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട രക്ഷയില്‍ വിശ്വസിക്കുന്നവരാണ് നമ്മള്‍. നിങ്ങള്‍ക്കുവേണ്ടി, യേശു ഈ ഭൂമിയില്‍ ജനിച്ച്, 30-മത്തെ വയസ്സില്‍ സ്നാപകയോഹന്നാനിലൂടെ സ്നാനപ്പെട്ട് നിങ്ങളുടെ സകല പാപങ്ങളും തന്‍റെ മേല്‍ ചുമന്ന്, ഈ പാപങ്ങളെ ക്രൂശിലേക്ക് വഹിച്ച്, രക്തം ചിന്തി അതില്‍ മരിച്ച്, മരണത്തില്‍ നിന്ന് ഉയര്‍ത്ത്, ഇപ്പോള്‍ പിതാവാം ദൈവത്തിന്‍റെ സിംഹാസനത്തിന് വലതുഭാഗത്തിരിക്കുന്നു. ഈ യേശുക്രിസ്തു, വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുടെ സമ്പൂര്‍ണ്ണ ദാനം നല്‍കിയിരിക്കുന്നു. ഈ വിശ്വാസത്തെ തള്ളിപ്പറയാത്തിടത്തോളം, ഈ രക്ഷ നാം ഒരിക്കലായി പ്രാപിച്ചത് ഒരുകാലത്തും നിഷ്ഫലമാകുന്നില്ല. എന്തെല്ലാം കുറവുകള്‍ നമുക്കുണ്ടെങ്കിലും, എന്തെല്ലാം തെറ്റുകള്‍ നമ്മള്‍ ചെയ്താലും ഈ സമ്പൂര്‍ണ്ണ രക്ഷയുടെ ദാനത്താല്‍ വസ്ത്രം ധരിക്കപ്പെട്ട് നാം അവന്‍റെ സ്വന്തമക്കളായിത്തീരുന്നു. 
 
 
സമാഗമനകൂടാര പ്രാകാരത്തിന്‍റെ തുണുകളില്‍ തുക്കപ്പെട്ടിരിക്കുന്ന വെളുത്ത പിരിച്ച പഞ്ഞിനൂല്‍

തൂക്കിയിട്ടിരിക്കുന്ന വെളുത്ത പഞ്ഞിനൂലിനെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഈ തിരശ്ശീല നിര്‍മ്മിച്ചിരിക്കുന്നത് നൈലോണ്‍ കൊണ്ടല്ല, വെളുത്ത പഞ്ഞി നൂല്‍ കൊണ്ടാണ് അവ നെയ്തിരിക്കുന്നത്. ഒരു മരുഭൂമിയില്‍ നിങ്ങള്‍ അത്തരം ഒരു വെള്ളത്തുണി കെട്ടിയാല്‍, ഉടനടിത്തന്നെ അത് അഴുക്കായിത്തീരും. എളുപ്പത്തില്‍ അഴുക്കാകുന്ന ഈ വെള്ളത്തുണിയെക്കുറിച്ച് അറിയാതെ, ഒരു കാരണവുമില്ലാതെ ആണോ ദൈവം ഇതിനെ ഉപയോഗിക്കുവാന്‍ പറഞ്ഞത്? അവന്‍ നമുക്ക്, വിശ്വാസത്താല്‍ രക്ഷയുടെ ദാനം സ്വീകരിച്ചവര്‍ക്ക്, നല്‍കിയ രക്ഷാദാനത്തെ കാണിക്കുവാനാണ് ഈ വെളുത്ത തുണി ഉപയോഗിക്കുവാന്‍ യിസ്രായേല്യരോട് പറഞ്ഞത്. അവന്‍ നമ്മുടെ സകലവിധ മ്ലേച്ഛപാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ശുദ്ധമായും നമ്മെ രക്ഷിച്ചു എന്ന് വ്യക്തമായി നാം അറിയുവാനും അതിനെ നമ്മുടെ ഹൃദയങ്ങളില്‍ അടയാളപ്പെടുത്തു വാനുമായിട്ടായിരുന്നു ഇത്.
ഈ വെളുത്ത മറശീലകള്‍ ദൈവം യിസ്രായേല്യരെകൊണ്ട് ഉപയോഗിക്കുവാന്‍ ഒരുക്കി. ഈ വെളുത്ത മറശീലയില്‍ വെളിപ്പെടുന്ന അവന്‍റെ സമ്പൂര്‍ണ്ണ രക്ഷയെ സത്യമായും കാണുകയും വിശ്വസിക്കുകയും ചെയ്തുകൊണ്ട് എന്നെന്നേക്കും ഈ വെളുത്ത പിരിച്ച പഞ്ഞിനൂലിന്‍റെ മറശീലയിലൂടെ നമുക്ക് രക്ഷയുടെ ദാനം പൂര്‍ണ്ണമായും ദൈവം നല്‍കി. അവന്‍ നല്‍കിയ നമ്മുടെ രക്ഷ ഈ വെളുത്ത പഞ്ഞിനൂലുപോലെയാണ്.
നമ്മുടെ പാപം നിമിത്തം നരകത്തില്‍ പോകുന്നത് ഒഴിവാക്കാനാവാത്തവിധം മ്ലേഛതയുള്ളവരും അധ: കൃതരുമായിരുന്നു നമ്മള്‍. നമ്മുടെ മനസിന്‍റെ വസ്ത്രങ്ങള്‍ ഒരു ദിവസം തന്നെ പലതവണ കഴുകേണ്ടവരായിരുന്നു നമ്മള്‍. അത്തരത്തിലുള്ള നമ്മുടെ ഹൃദയങ്ങളെ പൂര്‍ണ്ണമായും ദൈവം വെളുപ്പിച്ചു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നമ്മെപ്പോലുള്ളവരെ നമ്മുടെ കര്‍ത്താവ് സമ്പൂര്‍ണ്ണരാക്കിമാറ്റി. വെറുപ്പുളവാക്കുന്നവരും മ്ലേഛതയുള്ളവരും എളുപ്പത്തില്‍ കറപിടിക്കുന്നവരു മായിരുന്ന നമ്മെ അവന്‍റെ വിശുദ്ധ ജനമാക്കിമാറ്റുവാന്‍ തക്കവണ്ണം ദൈവത്തിന്‍റെ ശക്തി വളരെ മഹത്തായതും ഭയങ്കരവും ആണ്.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷത്തില്‍ ഇന്ന് വിശ്വസിക്കുന്ന നിങ്ങളും ഞാനുമാണ് ദൈവത്തില്‍ നിന്നും രക്ഷയുടെ ഈ സമ്പൂര്‍ണ്ണ രക്ഷയുടെ ദാനം സ്വീകരിച്ചിരിക്കുന്നവര്‍. ഹൃദയത്തിലെ സകല പാപങ്ങളും പൂര്‍ണ്ണമായി കഴുകപ്പെട്ടവരും ഹിമം പോലെ വെളുത്തവരുമാണ് നമ്മള്‍.
നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോഴും പാപമുണ്ടോ? തീര്‍ച്ചയായും ഇല്ല! സമാഗമനകൂടാര പ്രാകാരത്തിന്‍റെ മതിലില്‍ തൂങ്ങിയിരുന്ന വെളുത്ത പഞ്ഞിപോലെ വെളുത്തിരിക്കുന്നത് നിങ്ങളുടെ സ്വന്തം ഹൃദയമല്ലാതെ മറ്റൊന്നല്ല. നമ്മുടെ പാപങ്ങള്‍ നിമിത്തം അടിസ്ഥാനപരമായി ശിക്ഷിക്കപ്പെടേണ്ടവരാണ് നമ്മള്‍ എന്ന വസ്തുതയ്ക്ക് വിരുദ്ധമായി നാമെല്ലാവരും രക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ രക്ഷ വന്നത് നമ്മുടെ സ്വന്തം നന്മയാലോ വിശ്വസ്തതയാലോ അല്ല, മറിച്ച് തന്‍റെ ശക്തികൊണ്ട് നമ്മെ വസ്ത്രം ധരിപ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ കൃപയാലത്രേ, സമാഗമനകൂടാരത്തിലെ തുണുകളുടെ താമ്രകുറ്റികള്‍ വെള്ളിചുറ്റുപടികളിലൂടെ അവയുടെ വെള്ളിമകുടങ്ങളില്‍ ബന്ധിപ്പിക്കപ്പെട്ടതുപോലെ ആണിത്. നാമെല്ലാവരും നരകത്തിലേക്കും ശിക്ഷാവിധിയിലേക്കും ഒരുക്കപ്പെട്ടവരായിരുന്നുവെങ്കിലും, ദൈവം തന്‍റെ രക്ഷയുടെ ദാനം കൊണ്ട് നമ്മെ വസ്ത്രം ധരിപ്പിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നതിലൂടെ നാമെല്ലാവരും അവന്‍റെ രക്ഷിക്കപ്പെട്ട ജനമായി മാറിയിരിക്കുന്നു. ഇതാണ് സമാഗമനകൂടാരത്തിന്‍റെ പ്രാകാര മതിലില്‍ വെളിപ്പെട്ട സത്യം. 
സമാഗമനകൂടാര പ്രാകാരത്തിന്‍റെ 60 തൂണുകള്‍ സത്യവിശ്വാസികളായ നമ്മെയാണ് കുറിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഇതില്‍ ഓരോ തൂണുകളും നമ്മില്‍ ഓരോരുത്തരെ കുറിക്കുന്നു. ദൈവ ജനമാകുവാനോ അവന്‍റെ ഭവനത്തില്‍ കടക്കുവാനോ കഴിയാത്തവരായിരുന്നു നമ്മള്‍, എങ്കിലും നമ്മെപ്പോലുള്ള വിലയില്ലാത്ത മനുഷ്യര്‍ക്ക് രക്ഷയുടെ ദാനം ദൈവം നമുക്ക് നല്‍കി. അവന്‍ ഈ ഭൂമിയിലേക്ക് വന്ന്, രക്ഷയുടെ ദാനം പൂര്‍ത്തിയാക്കി, സത്യത്തിന്‍റെ ഈ ദാനം നല്‍കി; നാം ഈ സത്യത്തെ അറിയാനും വിശ്വസിക്കുവാനും ഇടയായപ്പോള്‍, പൂര്‍ണ്ണമായും രക്ഷിക്കപ്പെട്ട, ഇനി ഒരിക്കലും ശിക്ഷിക്കപ്പെടാത്ത അവന്‍റെ സ്വന്തം ജനമാക്കി നമ്മെ മാറ്റി.
എന്തൊരു ആശ്ചര്യകരമായ അനുഗ്രഹമാണിത്? സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിലെ തുണുകളെ പോലെ ഒറ്റയ്ക്ക് വീഴാതെ നില്‍ക്കുവാന്‍ നമുക്കും കഴിയില്ല. എങ്കിലും നമ്മുടെ സകലപാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടശേഷം വീഴാതെ നില്‍ക്കാന്‍ കഴിയുന്നത് സമ്പൂര്‍ണ്ണമായ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞിനൂലിലുമുള്ള വിശ്വാസമുള്ളവര്‍ അവന്‍റെ കൃപയുടെ കീഴില്‍ ഐക്യത്തോടെ നില്‍ക്കുന്നതിനാലാണ്. നാം നരകത്തിലേക്ക് വിധിക്കപ്പെട്ട വിലയറ്റവരായിരുന്നു എങ്കിലും നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ചപഞ്ഞിനൂലിന്‍റെയും വചനത്തിലൂടെ കര്‍ത്താവ് നമ്മുടെ സകല പാപങ്ങളെയും ശുദ്ധികരിച്ച് വ്യക്തിപരമായി നമ്മുടെ പാപത്തിന്‍റെ ശിക്ഷാവിധി പൂര്‍ണ്ണമായും സഹിച്ചുകൊണ്ട് നമ്മെ രക്ഷിച്ചുവെന്നത് നമ്മള്‍ ആദ്യം വിശ്വസിക്കണം. അതോടൊപ്പം ഈ വിശ്വാസം കൊണ്ട് നമുക്ക് ഏതുസമയത്തും ദൈവമുമ്പാകെ നില്‍ക്കുവാനും അവനെ സ്തുതിക്കുവാനും, അവന്‍റെ വേല ചെയ്യുവാനും ഈ രക്ഷയുടെ ദാനത്തിനായി എപ്പോഴും അവന് നന്ദി പറയുവാനും കഴിയും.
നമ്മുടെ ജഡത്തിന്‍റെ ബലഹീനത നിമിത്തം നാം കാല്‍ ഇടറുന്ന വേളകള്‍ ഉണ്ടായിരിക്കാം. നമ്മുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് നാം വിശ്വസിച്ചാലും, നമ്മുടെ രക്ഷയ്ക്കുശേഷവും നാം ക്ഷീണിച്ചും മനസു മടുത്തവരുമായി ഇങ്ങനെയൊരു ജീവിതം നയിക്കുന്നത് എന്തിന് എന്ന് ചിന്തിച്ചുപോകുന്ന അനേകം ജഡീക ചിന്തകളാല്‍ നാം പിന്തുടരപ്പെടുമ്പോഴും, നാം ദൈവത്തില്‍ നിന്നും അകലാതെയും നമ്മുടെ രക്ഷയ്ക്കുശേഷം വിശ്വാസത്തില്‍ കുലുക്കമില്ലാത്തവരായിക്കുകയും ചെയ്യുന്നതിന് കാരണം, നാം പുറകിലേക്ക് നോക്കുമ്പോള്‍ നാം ആരായിരുന്നു എന്ന് ചിന്തിച്ച്, ദൈവം നമുക്ക് നല്‍കിയ വിടുതലിന്‍റെ കൃപയും രക്ഷയുടെ ദാനവും ഓര്‍ത്ത് നാം അധികം നന്ദിയുള്ളവരായിത്തീരുന്നതിനാലാണ്.
അതിനാലാണ് നമ്മുടെ വിശ്വാസത്തില്‍ അധികം ഉറപ്പോടെ നില്‍ക്കുവാന്‍ നമുക്ക് കഴിയുന്നത്. നമ്മുടെ സകല അലോസരങ്ങളില്‍ നിന്നും വിശ്വാസത്താല്‍ നമ്മെ നിവര്‍ത്തി നിര്‍ത്തുന്ന സത്യസുവിശേഷത്തിന് നന്ദി. നാമെല്ലാവരും കുറവുകള്‍ ഉള്ളവരാണെങ്കിലും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയ്ക്കായി നമുക്ക് അവന് നന്ദി മാത്രം പറയാം. ഈ രക്ഷയുടെ ദാനത്തിലൂടെ തന്‍റെ സ്വന്തമക്കളാക്കി മാറ്റിയതിനും, അവന്‍റെ മുന്നില്‍ ഉറപ്പോടെ നിര്‍ത്തിയതിനും, പുരോഹിതന്‍മാരുടെ ദൗത്യം വിശ്വസ്തതയോടെ നിര്‍വഹിക്കുന്നതിനും നമുക്ക് അവനോട് നന്ദി പറയാം. ദൈവം നമുക്ക് നല്‍കിയ കൃപയും രക്ഷയുടെ മഹത്തായ ദാനവുമാണ് നമ്മുടെ വിശ്വാസത്തില്‍ നമ്മെ ഉറപ്പും ധൈര്യവുമുള്ളവരായി നിര്‍ത്തുന്ന ഏക കാര്യം. നമ്മുടെ അടിസ്ഥാന സ്വഭാവം ഇന്നതാണെന്ന് നാം അറിയുന്നുവെങ്കില്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും വചനത്തിലൂടെ ദൈവം നമുക്ക് നല്‍കിയ പാപമോചനം സ്വീകരിക്കുകയും കര്‍ത്താവിനെ സേവിക്കുകയും ചെയ്യുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് കാണാം.
ഇതെന്തുമാത്രം നന്ദി അര്‍പ്പിക്കേണ്ട കാര്യമാണെന്ന് നമ്മുടെ ഹൃദയത്തില്‍ അറിയുകയും സ്വീകരിക്കുകയും ചെയ്താല്‍, നമ്മുടെ വിശ്വാസം ഇനിയൊരിക്കലും കുലുങ്ങിപ്പോകയില്ല. അത് ഉറപ്പുള്ളതാകും. എന്തെല്ലാം ചതിവുകള്‍ ജനം നമ്മുടെ നേരെ എറിഞ്ഞാലും, ക്രൂശിലെ വിലയേറിയ രക്തത്തില്‍ മാത്രം വിശ്വസിക്കുന്നതിലൂടെ, തങ്ങളെ മരണത്തിന് ഏല്‍പ്പിച്ചതിലൂടെ അവര്‍ സമ്പൂര്‍ണ്ണരായെന്നും മറ്റുള്ള വിഡ്ഢിത്തങ്ങള്‍ അവര്‍ ഉന്നയിച്ചാലും നമ്മുടെ വിശ്വാസം കുലുങ്ങിപ്പോകയില്ല. നമ്മുടെ അടിസ്ഥാന സ്വത്വം വളരെ തിന്മയുള്ളതാണെങ്കിലും, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും കര്‍ത്താവ് നമ്മെ രക്ഷിച്ചുവെന്ന് ഉറപ്പായ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ നമുക്ക് ധൈര്യപൂര്‍വ്വം അത്തരം കള്ളങ്ങളെ എതിര്‍ക്കുവാനും നമ്മുടെ വിശ്വാസത്തില്‍ ഉറപ്പോടെ നില്‍ക്കുവാനും കഴിയും.
ഈ രീതിയില്‍, ഇത്തരം കള്ളങ്ങളോട് നമുക്ക് യുദ്ധം ചെയ്യുവാന്‍ കഴിയും. “എന്ത്? ക്രൂശിലെ വിലയേറിയ രക്തത്തിലൂടെ മാത്രം നമ്മള്‍ രക്ഷിക്കപ്പെട്ടുവെന്നോ? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ പൂര്‍ത്തിയാക്കപ്പെട്ട രക്ഷയുടെ ഘടകങ്ങളില്‍ ഏതെങ്കിലും     ഒന്ന് ഒഴിവാക്കിയാല്‍ നമുക്ക് പ്രശംസിക്കാന്‍ ഒന്നുമില്ല. എന്തൊരു വിഡ്ഢിത്തമാണിത്?”
ദൈവം നമ്മില്‍ വച്ചിരിക്കുന്ന രക്ഷയുടെ കൃപയില്‍ നിന്നും നാം അകന്നുപോകുന്നുവെങ്കില്‍, നാം ആയിരിക്കുന്ന അവസ്ഥയില്‍ നമ്മെ കാണുവാന്‍ കഴിയുകയില്ല. തത്ഫലമായി, നാം ആത്മവിശ്വാസം അധികരിച്ച് അഹങ്കാരമാവുകയും തിന്മയായിത്തീരുകയും ചെയ്യും. നാം ആയിരിക്കുന്ന അവസ്ഥയെ നാം കാണുന്നുവെങ്കില്‍ മാത്രമേ ദൈവത്തിന്‍റെ രക്ഷയുടെ ദാനം ഉന്നതമായ അളവില്‍ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. ഇതിനാലാണ് “എപ്പോഴും സന്തോഷിപ്പിന്‍, ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍, എല്ലാറ്റിനും സ്തോത്രം ചെയ്യുവിന്‍. ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തേശുവില്‍ ദൈവേഷ്ടം” (1 തെസ്സെലോനിക്യര്‍ 5:16-18) എന്നുള്ള അവന്‍റെ ശുപാര്‍ശയെ നാം അനുസരിക്കുന്നത്.
ദൈവമുമ്പാകെ യഥാര്‍ത്ഥമായും ഉറപ്പോടെ നിലക്കുവാന്‍ നമുക്ക് കഴിയുന്നതിന് കാരണം നമ്മുടെ സകല ശാപങ്ങളും നമുക്ക് വേണ്ടി കര്‍ത്താവ് ചുമന്നു എന്ന് വിശ്വസിക്കുന്നതിനാലാണ്. സമാഗമനകൂടാരത്തിന്‍റെ ഓരോ തൂണുകളും വെള്ളി ചുറ്റുപടികള്‍കൊണ്ട് താങ്ങുകയും താമ്ര കുറ്റികളില്‍ കെട്ടുകയും ചെയ്തതു പോലെയാണിത്. അപ്രകാരം നമ്മുടെ കാലിടറിയാലും നമ്മെ ഉറപ്പോടെ പിടിച്ചിരിക്കുന്ന വെള്ളി ചുറ്റുപടികളിലൂടെ നമ്മുടെ ബാലന്‍സ് നമുക്ക് വീണ്ടെടുക്കാന്‍ കഴിയും. ഓരോ വെള്ളിചുറ്റുപടികളും കൊളുത്തുകളോട് ബന്ധിച്ചിരിക്കുകയും കൊളുത്തുകള്‍ തുണുകളെ നേരെ നിര്‍ത്തുകയും ചെയ്യുന്നതുപോലെ വാസ്തവത്തില്‍ നാം ആരാകുന്നുവെന്ന് നമ്മുടെ ഹൃദയങ്ങള്‍ തിരിച്ചറിയുകയും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും നമ്മെ രക്ഷിച്ച ദൈവത്തിന്‍റെ കൃപ ഉള്ളതുകൊണ്ടും നാം മുങ്ങിപ്പോവുകയില്ല. ഇക്കാരണത്താല്‍ ഇടത്തോട്ടോ വലത്തോട്ടോ ചായാതെ നാം നിവര്‍ന്ന് നില്‍ക്കും.
ദൈവം നമുക്ക് നല്‍കിയ സമ്പൂര്‍ണ്ണമായ രക്ഷയുടെ ദാനത്താലും ദൈവ നീതിയാലും നാം മുഖം കുത്തിയോ മലര്‍ന്നോ വശങ്ങളിലേക്കോ വീഴുകയില്ല. പകരം താമ്രചുവടുകളില്‍ ഉറച്ചു നില്‍ക്കും. വാസ്തവമായും നാം നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു എന്നതിനെയാണ് താമ്രചുവടുകള്‍ സൂചിപ്പിക്കുന്നത്. ഒഴിവാക്കാനാകാത്ത ശിക്ഷാവിധിയുടെ സ്ഥാനത്തുനിന്നുമാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ ദൈവത്തിന് നന്ദിയര്‍പ്പിക്കുവാനും വിശ്വാസത്താല്‍ ഉറപ്പോടും ധൈര്യത്തോടും കൂടി എല്ലായ്പ്പോഴും നില്‍ക്കുവാനും നമുക്കു കഴിയും. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ഭയങ്കരമായ രക്ഷയുടെ സത്യമാണ്. ഈ ലോകത്തിലെ എണ്ണമറ്റ ദൈവശസ്ത്ര സെമിനാറുകളില്‍ നിന്നോ ബിരുദ പഠനങ്ങളില്‍ നിന്നോ ഇത് നേടുവാന്‍ കഴിയില്ല. ഇത് വിശ്വാസത്തിന്‍റെ അടിസ്ഥാനവും അവശ്യഘടകങ്ങളും ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും സത്യത്തെ അറിയുകയും പഠിക്കുകയും ചെയ്യാത്ത ഏതൊരു ദൈവശാസ്ത്രവും മണലില്‍ പണിത വീടുപോലെ അവസാനം തകര്‍ന്നടിഞ്ഞ് മുങ്ങിപ്പോകും. നിങ്ങളുടെ സത്യവിശ്വാസത്തിന്‍റെ അടിസ്ഥാനം ഒരു വലിയ ഉറച്ച പാറയെപ്പോലെ ഉറപ്പുള്ളതായിരിക്കേണം.
 

എന്താണ് ദൈവശാസ്ത്രം?

വിശാലമായി പറഞ്ഞാല്‍, ദൈവശാസ്ത്രത്തെ വിഭാഗിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്. ദൈവ കേന്ദ്രീകൃതമായ ദൈവശാസ്ത്രവും മനുഷ്യ കേന്ദ്രീകൃതമായ ദൈവശാസ്ത്രവും. ഇവയിലേതെങ്കിലും ഒന്ന് അഥാ ഇവ രണ്ടും തന്നെ ഓരോ സെമിനാരികളിലും പഠിപ്പിക്കുന്നു. ലളിതമായി പറഞ്ഞാല്‍ വിശ്വാസം എന്നത് കര്‍ശനമായും വചന അടിസ്ഥാനത്തിലുള്ളതാണ് ദൈവകേന്ദ്രീകൃതം. എന്നാല്‍ വചനത്തോടുള്ള മനുഷ്യന്‍റെ ചിന്തകളെ അംഗീകരിക്കുന്ന വിശ്വാസമാണ് മനുഷ്യകേന്ദ്രീകൃതം. മനുഷ്യകേന്ദ്രീകൃത ദൈവശാസ്ത്രജ്ഞര്‍ക്ക് ബൈബിള്‍ യഥാര്‍ത്ഥമായും പറയുന്നതില്‍ വലിയ താല്‍പര്യം കാണുകയില്ല. മറിച്ച്, തങ്ങളുടെ പാണ്ഡിത്യ നിലവാരം ശക്തീകരിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുന്നത് ഏത് ആധികാരികമായ പണ്ഡിത വചനങ്ങളെ അവ ആശ്രയിക്കുന്നു അഥവാ ആരൊക്കെ അതിനെ പിന്‍ഗമിക്കുന്നു എന്നതിനെ ആശ്രയിച്ചാണുള്ളത്. ആകയാല്‍ മനുഷ്യകേന്ദ്രീകൃത ദൈവശാസ്ത്രത്തെ ഒരിക്കലും തന്നെ യഥാര്‍ത്ഥ ദൈവശാസ്ത്രമായി അംഗീകരിക്കാന്‍ കഴിയുകയില്ല.
പൊതുവായി പറഞ്ഞാല്‍, ദൈവശാസ്ത്രം പഠിക്കുന്ന ജനം തങ്ങളുടെ ദൈവശാസ്ത്രവാദങ്ങള്‍ മാത്രമാണ് ശരി എന്ന് വാദിക്കും. ഉദാഹരണത്തിന്, ശബത്ത് ദിവസത്തിനുമാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്ന സെവന്‍ത് ഡേ അഡ്വന്‍റിസ്റ്റ് സഭകളില്‍ പങ്കെടുക്കുന്ന അനേകരുണ്ട്. നേരെമറിച്ച് കാല്‍വനിസത്തിന്‍റെ അഞ്ച് കാര്യങ്ങള്‍ “എന്നു വിളിക്കപ്പെടുന്ന” കാര്യങ്ങളെ മാത്രമാണ് പ്രെസ്ബിറ്റേറിയന്‍ സഭ പ്രചരിപ്പിക്കുന്നത്. മറ്റൊരുദാഹരണത്തില്‍, അര്‍മീനിയനിസക്കാര്‍ വാദിക്കുന്നത് ദൈവം നമ്മെ രക്ഷിച്ചുവെങ്കിലും മാനവജാതി തങ്ങളുടെ വിധിയോടു കൂടി ഇതില്‍ വിശ്വസിക്കേണം എന്നാണ്. ചില രീതികള്‍ അനുസരിച്ച് മാനുഷിക കാഴ്ചപ്പാടുകളിലൂടെ ബൈബിളിനെ സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ദൈവശാസ്ത്ര നിലപാടാണ് അര്‍മീനിയനിസത്തിനുള്ളത് എന്ന് കരുതാം.
ഇതിന് വിരുദ്ധമായി കാല്‍വനിസത്തിലെ അഞ്ച് കാര്യങ്ങളെക്കുറിച്ച് നോക്കിയാല്‍ ഇതിലെ വിശ്വാസം ഏറെക്കുറെ ദൈവകേന്ദ്രീകൃതമാണ് എങ്കിലും വിധിയില്‍ വിശ്വസിക്കുന്നതുമാണ് എന്ന് കാണാം. എന്തുകൊണ്ട്? കാരണം മുന്‍നിയമനം, തിരഞ്ഞെടുപ്പ് എന്നിവയെ കുറിച്ചുള്ള തങ്ങളുടെ ഉപദേശം സത്യമാണ് എന്ന് വാദിക്കുമ്പോഴും “നിങ്ങള്‍ ജനിക്കുന്നതിനുമുമ്പേ, നിങ്ങളില്‍ ചിലരെ ദൈവം തന്‍റെ ജനമായി തിരഞ്ഞെടുക്കുകയും, മറ്റുള്ളവരെ തന്‍റെ തിരഞ്ഞെടുപ്പില്‍ നിന്നും അവന്‍ ഒഴിവാക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ഉന്നതമായ തിരഞ്ഞെടുപ്പ് മാത്രമേ നിലവിലുള്ളൂ” എന്നിങ്ങനെ വാദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ദോഷകരമായ അവകാശവാദങ്ങള്‍ ദൈവത്തിന്‍റെ വചനത്തിലൂടെ അംഗീകരിക്കുവാന്‍ കഴിയുന്നതല്ല.
അങ്ങനെ, ഇത്തരത്തിലുള്ള പരമ്പരാഗതമെന്ന് വിളിക്കപ്പെടുന്ന ക്രിസ്തീയ ഉപദേശങ്ങളെ നാം ദൈവവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവയെല്ലാം സത്യത്തില്‍ നിന്നും വളരെ വ്യത്യസ്തമാണെന്ന് നമുക്ക് കാണാന്‍ കഴിയും. ചില വിഷയങ്ങളില്‍ അവ സത്യവുമായി അടുത്തുവരുന്നു എന്നതിനെ അംഗീകരിക്കാമെങ്കിലും ഏറെക്കുറെ ഇന്നത്തെ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളുടെയും ദൈവശാസ്ത്രം വേദപുസ്തക സത്യങ്ങളില്‍ നിന്നും വളരെ അകലെയാണ്, തീര്‍ച്ചയായും അവയില്‍ ചിലഭാഗങ്ങള്‍ ബൈബിള്‍ സത്യങ്ങളുമായി യോജിച്ച് വരുന്നുണ്ടെങ്കിലും അവരുടെ കേന്ദ്ര ഉപദേശങ്ങള്‍ ദൈവ വചനത്തോട് അടുത്തുവരാനാവാത്ത വിധം തെറ്റുകളുള്ളവയാണ്. അതുകൊണ്ടാണ് ഇത്തരം തെറ്റായ ഉപദേശങ്ങളെ പഠിക്കുന്നത് നാം ഉപേക്ഷിക്കണമെന്ന് പറയുന്നത്.
 

നമ്മുടെ പാപമോചനം പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നുള്ള ദാനമാണ്

ദൈവവചനത്തില്‍ സത്യമായും വിശ്വസിക്കുന്നവര്‍ക്ക് ദൈവം തന്‍റെ ദാനമായിട്ടാണ് അവര്‍ക്ക് രക്ഷ നല്‍കിയിരിക്കുന്നത്.
സമാഗമനകൂടാര പ്രാകാരത്തിന്‍റെ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത് 60 മരത്തൂണുകള്‍ കൊണ്ടാണ്. ഈ തൂണുകളുടെ മുകളില്‍ വെള്ളി മകുടങ്ങളും ചുവട്ടില്‍ താമ്രചുവടുകളും വച്ചിരുന്നു. ഓരോ തൂണുകളും വെള്ളി ചുറ്റുപടികള്‍ കൊണ്ട് പരസ്പരം ബന്ധിച്ചിരിക്കുകയും നിലത്ത് ഉറപ്പിച്ചിരിക്കുന്ന താമ്രക്കുറ്റികളില്‍ വലിച്ചുകെട്ടുകയും ചെയ്തിരുന്നു. 5 മുഴം അഥവാ 2.25 മീറ്റര്‍ ഇടവിട്ടാണ് ഈ മരത്തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ തൂണുകളിലാണ് പിരിച്ച പഞ്ഞിനൂലിന്‍റെ മറശ്ശീല തൂക്കിയിട്ടിരിക്കുന്നത്. 
ഈ തൂണുകള്‍ താമ്രക്കുറ്റികളില്‍ ബലമായി വലിച്ചു കെട്ടുകയും വെള്ളിചുവടുകളാല്‍ പരസ്പരം ബന്ധിപ്പിച്ച് ഉറപ്പിക്കുകയും ചെയ്തിരുന്നതിനാല്‍ വെളുത്തപഞ്ഞിനൂലിന്‍റെ മറശ്ശീലയെ അതിന്‍റെ സ്ഥാനത്തുനിന്നും മാറ്റുവാന്‍ കഴിയുമായിരുന്നില്ല. ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഈ തുണുകളുടെ മേല്‍ വെളുത്ത പഞ്ഞിനൂലിന്‍റെ മറശ്ശീല സ്ഥാപിച്ചിരിക്കുന്നതിനാല്‍, മറശ്ശീല ഓരോ ദിശയിലേക്കും വലിച്ചുകെട്ടിയിരിക്കുന്നതിനാല്‍, ഇവ നീങ്ങി പോകാത്തവണ്ണം ഉറപ്പിച്ചിരിക്കുന്നു.
വെളുത്ത പഞ്ഞിനൂലിന്‍റെ മറശ്ശീല വിശുദ്ധിയെയും ദൈവത്തിന്‍റെ നീതിയെയും കുറിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഒരിക്കലും ഇളകാത്ത ഉറച്ച വിശ്വാസമുള്ള ജനമാക്കി നമ്മെ മാറ്റുന്നത് ദൈവത്തിന്‍റെ നീതിയാലാണ്. കാരണം അവന്‍റെ രക്ഷയിലുള്ള നമ്മുടെ വിശ്വാസം ഉറപ്പിച്ചിരിക്കുന്നത് തെറ്റുപറ്റാത്ത ദൈവകൃപയാലാണ്. നമുക്കുള്ള അവന്‍റെ ദാനമായിട്ടാണ് ഈ സമ്പൂര്‍ണ്ണ രക്ഷയെ ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്. നാം എന്തുമാത്രം നന്ദിയുള്ളവരാണ്! ഇപ്രകാരമാണ് നിങ്ങളും ഞാനും വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടത്.
ഇതിന് വിരുദ്ധമായി, ലോകത്തിലെമ്പാടുമുള്ള ഇന്നത്തെ ക്രിസ്ത്യാനികളെ നോക്കുമ്പോള്‍, അവരെല്ലാം തന്നെ പരിഹാസ്യരും തമാശക്കാരും ഖേദിക്കപ്പെടേണ്ടവരായും എനിക്കു തോന്നുന്നു. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നതായും അവന്‍റെ വചനം പ്രചരിപ്പിക്കുന്നതായും അവകാശ പ്പെടുന്നുവെങ്കിലും യഥാര്‍ത്ഥ ക്രിസ്ത്യാനിത്വത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങളെ ക്കുറിച്ചുപോലും വ്യക്തമായ അറിവ് അവര്‍ക്കില്ല എന്നതിനാല്‍ ഞാന്‍ വളരെ ദു:ഖിതനും നിരാശനും ആയിരിക്കുന്നു.
ഈയടുത്ത കാലത്ത്, നമ്മുടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏറിയ പങ്കിനും തങ്ങളുടെ പാഠ്യവിഷയങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ അറിവില്ല എന്നത് അനേകരെ വ്യാകുലപ്പെടുത്തുന്നുണ്ട്. വാസ്തവത്തില്‍, അടിസ്ഥാന വിഷയങ്ങളെ അവഗണിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ ഉന്നത പഠനത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയില്ല. ആകയാല്‍, കോളജ് വിദ്യാര്‍ത്ഥികളെ തങ്ങളുടെ സാങ്കേതിക പഠനങ്ങളില്‍ പരിശീലനം കൊടുത്ത് ജോലിസ്ഥലത്തേക്ക് ഒരുക്കുന്നതിന് മുമ്പായി, അവര്‍ക്ക് തങ്ങള്‍ പഠിക്കുവാന്‍ പോകുന്ന ഉന്നത പഠന മേഖലയുടെ അടിസ്ഥാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍വ്വകലാശാലകള്‍ ഉറപ്പാക്കണം. പ്രായോഗികമായി, ഈ പരിശ്രമങ്ങള്‍ എല്ലാ സമയത്തും വിജയകരമായി കാണാറില്ല.
ഈ ലോകത്തിന്‍റെ ജ്ഞാനം വര്‍ദ്ധിപ്പിക്കേണമെങ്കില്‍ അതിന്‍റെ അടിസ്ഥാന ജ്ഞാനത്തില്‍ ഉറച്ച വിവരം വേണമെന്നതുപോലെ തന്നെ, ഉറച്ച അടിസ്ഥാനമില്ലെങ്കില്‍ ദൈവത്തിലുള്ള വിശ്വാസവും തകര്‍ന്ന് മുങ്ങിപ്പോകു മെന്ന് വിശദീകരിക്കാനാണ് ഞാന്‍ ഈ കഥ വിവരിച്ചത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞിനൂലിലും വിശ്വസിക്കുന്ന വിശ്വാസമാണ് സത്യം. അടിസ്ഥാനപരമായ ഈ വിശ്വാസം കൂടാതെ, മറ്റുള്ള സകലതും ശൂന്യമാണ്. തുടക്കത്തില്‍ ജനങ്ങള്‍ സന്തോഷിക്കുകയും ദൈവത്തില്‍ പൂര്‍ണ്ണമായും ഭക്തിയുള്ളവരായിരിക്കുകയും യേശുവില്‍ വിശ്വസിച്ചതിലൂടെ തങ്ങള്‍ പാപമില്ലാത്തവരായെന്ന് പറയുകയും ചെയ്യുമെങ്കിലും, അല്പ സമയത്തിനുള്ളില്‍ തന്നെ, അവര്‍ തങ്ങളുടെ സ്വന്തം നീതിയില്‍ നിന്ന് പുറത്താവുകയും അവരുടെ സന്തോഷം ആവിയായിപ്പോകുകയും തങ്ങളുടെ സകലശക്തിയും പിഴിഞ്ഞെടുത്ത് നഷ്ടമായതുപോലെ ആയിത്തീരുകയും തങ്ങളുടെ ഹൃദയങ്ങളില്‍ അപ്പോഴും തുടരുന്ന പാപം നിമിത്തം ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം തള്ളിക്കളയുന്ന അവസ്ഥയില്‍ അവസാനിക്കുകയും ചെയ്യും. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാന ജ്ഞാനത്തിന്‍റെ അഭാവത്താലാണ് ഈ പ്രതിഭാസങ്ങളെല്ലാം സംഭവിച്ചത്.
നിങ്ങളുടെ ഇടയില്‍ അംഗവൈകല്യമുള്ള ആരെങ്കിലുമുണ്ടോ? കാലുകള്‍ക്ക് പ്രശ്നമുള്ളവര്‍ക്ക് പടിക്കെട്ടുകള്‍ കയറുവാന്‍ വളരെ കഷ്ടമായിരിക്കും. പടികള്‍ കയറുവാന്‍ പാടുപെടുന്ന അവരെ ആരെങ്കിലും സഹായിക്കുകയോ കൈത്താങ്ങുകയോ ചെയ്യുകയാണെങ്കില്‍ അത് വളരെയധികം ദയവും നന്ദിയും നിറഞ്ഞ പ്രവൃത്തി ആയിരിക്കുകയില്ലേ? എങ്കിലും ചില വികലാംഗരുണ്ട്, അവര്‍ക്ക് ഇതില്‍ ദേഷ്യമായിരിക്കും വരുന്നത്; “എന്നെ വെറുതെ വിടൂ, ഞാനിത് സ്വയം ചെയ്തോളാം” എന്ന് അവര്‍ പറയും. പൊതുവായി പറഞ്ഞാല്‍, അംഗവൈകല്യമുള്ളവര്‍ വളരെയധികം ആത്മാഭിമാനം ഉള്ളവരും പലപ്പോഴും ദുശാഠ്യക്കാരും ആയിരിക്കും. തങ്ങളുടെ ശരീര ഭാഗങ്ങള്‍ ഉപയോഗക്ഷമമല്ലാതാകുമ്പോള്‍, അവരുടെ മനസും ഉപയോഗക്ഷമമല്ലാതാകാറുണ്ട്. തത്ഫലമായി, തങ്ങളുടെ അപകര്‍ഷതാബോധം നിമിത്തം പലപ്പോഴും അവരുടെ ഹൃദയങ്ങള്‍ പരാജയബോധത്താലും ഇല്ലായ്മയുടെ വിചാരത്താലും കഠിനമാകും. ഇതിനാലാണ് അവരില്‍ ചിലര്‍ക്കെങ്കിലും മറുള്ളവരുടെ ദയവിനെ അതേപടി കാണാതെ അതിന്‍റെ ഉദ്ദേശ്യശുദ്ധിയെ തെറ്റായി കാണാനുള്ള പ്രവണത ഉണ്ടാകുന്നത്.
വാസ്തവത്തില്‍ തങ്ങളുടെ വൈകല്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരുവിധത്തി ലുമുള്ള അപകര്‍ഷതാബോധവും തോന്നേണ്ട ആവശ്യമില്ല. അവ അസൗകര്യങ്ങള്‍ തന്നെയാണെങ്കിലും ഒരിക്കലും പാപം ആകുന്നില്ല. എന്നാല്‍ തങ്ങളുടെ വൈകല്യങ്ങളില്‍ നിന്നുയരുന്ന എല്ലാവിധമായ വഴിപിഴച്ച ചിന്തകളെയും തങ്ങളില്‍ തന്നെ വസിക്കുവന്‍ അവര്‍ അനുവദിച്ചാല്‍ ഈ തെറ്റായ വിചാരങ്ങള്‍ അസംഖ്യം അപകര്‍ഷതാബോധത്തിലേക്ക് നയിക്കുകയും വാസ്തവമായും തങ്ങളുടെ ഹൃദയങ്ങളില്‍ വൈകല്യമായിത്തീരുകയും ചെയ്യും. നിങ്ങള്‍ വൈകല്യമുള്ള ഒരു വ്യക്തിയാണെങ്കില്‍, നിങ്ങള്‍ക്ക് ആകെ ചെയ്യാനുള്ളത് നിങ്ങള്‍ ആരെന്നുള്ളത് തിരിച്ചറിയുകയും, സഹായം ആവശ്യമുള്ളപ്പോള്‍ അതിനെ അന്വേഷിക്കുകയും നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം സ്വന്തം നിലയില്‍ ഉറച്ചുനില്‍ക്കുകയുമാണ്.
എനിക്ക് അറിയാത്തതോ, അഥവാ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളതോ ആയ എന്തെങ്കിലും ഉണ്ടാവുമ്പോള്‍, ഞാന്‍ മറ്റുള്ളവരോട് ചോദിക്കുകയും അവരുടെ സഹായം ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എനിക്ക് കുറവുകളുള്ളതിനാലാണ് എനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നത്. തുടര്‍ന്ന് അതിനെക്കുറിച്ച് അറിവുള്ളവര്‍ അത് വിശദീകരിച്ച് എന്നെ സഹായിക്കുമ്പോള്‍, ഞാന്‍ ആ വ്യക്തിയോട് നന്ദി പറയുന്നു. നമ്മുടെ ജഡത്തില്‍ നമുക്ക് കുറവുകള്‍ ഉണ്ടെങ്കിലും, നമ്മുടെ ഹൃദയങ്ങളില്‍ വൈകല്യമുള്ളവരായി നമ്മെ കരുതുവാന്‍ ഒരു യുക്തിയുമില്ല. ആകയാല്‍ നാം ആകെ ചെയ്യേണ്ടത്; നമ്മുടെ കുറവുകളെ കുറിച്ച് അറിയുക, നമ്മുടെ ഈ കര്‍ത്താവിന്‍റെ സുവിശേഷമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍, അതായത്, നമ്മുടെ ഈ കുറവുകളെ നിറവാക്കി തീര്‍ത്ത നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലുമുള്ള രക്ഷയില്‍ വിശ്വസിക്കുകയും ഈ സുവിശേഷത്തെ ആത്മാര്‍ത്ഥമായി സേവിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. നമ്മുടെ കര്‍ത്താവിന്‍റെ ഈ സുവിശേഷത്തിനുള്ളില്‍ മാത്രമേ നമുക്ക് അഭിമാനിക്കുവാനും നന്ദി അര്‍പ്പിക്കുവാനും കഴിയുകയുള്ളൂ. നമ്മുടെ വിശ്വാസത്തിലൂടെ ദൈവം നല്‍കിയ ഈ രക്ഷയുടെ ദാനം നാം പ്രാപിച്ചിരിക്കുകയാല്‍, നമുക്കാകെ ചെയ്യാനാവുന്നത് അവന് നന്ദി അര്‍പ്പിക്കുക മാത്രമാണ്. നമുക്ക് വിശ്രമിക്കാനും അന്യോന്യം സ്നേഹിക്കുവാനും ഐക്യപ്പെടുവാനും ഈ രക്ഷയുടെ ദാനത്തില്‍ നമുക്ക് കഴിയും.
ഇന്നത്തെ ക്രിസ്ത്യാനികളില്‍ അധികം പേരും തങ്ങളുടെ വിശ്വാസത്തിന്‍റെ അടിത്തറയില്‍ ബലഹീനരായിരിക്കുകയാലാണ് അവരുടെ വിശ്വാസം സകല ദിശകളിലേക്കും ആടിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കര്‍ത്താവ് തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും നിങ്ങളെയും എന്നെയും രക്ഷിച്ചു. ഇത് അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നാം രക്ഷയുടെ ദാനം പ്രാപിക്കുകയും സമ്പൂര്‍ണ്ണരാവുകയും ചെയ്യുകയുള്ളൂ. നാമെല്ലാവരും തന്നെ ഒന്നാമതായി നരകത്തിലേക്ക് വിധിക്കപ്പെട്ടവരായിരുന്നു; എങ്കിലും തന്‍റെ സമ്പൂര്‍ണ്ണമായ രക്ഷയുടെ ദാനം നല്‍കി ദൈവം നമ്മെ പൂര്‍ണ്ണമായി രക്ഷിക്കുകയും നാം അവന്‍റെ സമ്പൂര്‍ണ്ണരായ മക്കളായിത്തീരുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിലൂടെ രക്ഷയുടെ ദാനം നാം ഇപ്പോള്‍ തന്നെ പ്രാപിച്ചിരിക്കയാല്‍, നാം ദൈവജനമാണെന്ന് വിശ്വസിച്ചുകൊണ്ട് നമ്മുടെ ജീവന്‍ നയിക്കുകയാണെങ്കില്‍, ഈ വിശ്വാസത്തിന്‍റെ അതിരുകളില്‍ നിന്നുകൊണ്ടു തന്നെ, കര്‍ത്താവില്‍ വിജയകരമായി നമ്മുടെ വിശ്വാസജീവിതം നയിച്ചു തീര്‍ക്കുവാന്‍ നമുക്ക് കഴിയും.
ഞാന്‍ വാസ്തവമായും വീണ്ടും ജനിച്ചതിനുശേഷം ഞാന്‍ അതുവരെയും അനുഭവിച്ചിട്ടില്ലാത്ത രണ്ടു മാറ്റങ്ങള്‍ എന്‍റെ ഹൃദയത്തിലുണ്ടായി. മറ്റുള്ളവരോടുള്ള എന്‍റെ സ്നേഹം മുമ്പെ ആത്മവഞ്ചനാപരമായിരുന്നു. വ്യവസ്ഥകളില്ലാതെ അവരെ ഞാന്‍ സ്നേഹിക്കുന്നതായി ഭാവിച്ചാലും യഥാര്‍ത്ഥമായും എന്‍റെ ഹൃദയത്തില്‍ ഞാന്‍ അവരെ വെറുത്തിരുന്നു. പക്ഷെ, ഇപ്പോള്‍, ഞാന്‍ എന്‍റെ പൂര്‍ണ്ണ ഹൃദയത്തോടെ അവരെ സ്നേഹിക്കുന്നു. ദൈവം തന്‍റെ സമ്പൂര്‍ണ്ണ രക്ഷയുടെ ദാനം നമുക്ക് നല്‍കിയതിനാല്‍, ഈ സുവിശേഷം വളരെ വിലയേറിയതായതിനാല്‍, ഇതില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും എന്‍റെ കണ്‍മുന്നില്‍ വളരെ ഉന്നതരും ആകര്‍ഷണീയരുമായി കാണപ്പെടുന്നു. ഞാന്‍ വേണ്ടെന്ന് ശ്രമിച്ചാലും, എനിക്കവരെ സ്നേഹിക്കാതിരിപ്പാന്‍ കഴിയില്ല.
മുന്‍കാലങ്ങളിലില്ലാതിരുന്ന രണ്ടാമത്തെ മാറ്റം മറ്റുള്ളവരുടെ വികാരങ്ങളോട് ഞാനും വേഗത്തില്‍ തരളിതനായി പെരുമാറുവാന്‍ തുടങ്ങി എന്നതാണ്. മുമ്പൊക്കെ എനിക്ക് സഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ആരെങ്കിലും ചെയ്താല്‍ അത് ആരെന്നുപോലും നോക്കാതെ എന്‍റെ ശാസന വളരെ കഠിനമായിരുന്നു. പക്ഷെ ഇപ്പോഴാകട്ടെ ഓരോരുത്തരുടെയും ബലഹീനതകളും ഞാന്‍ കാണണമെന്നും അവരോടുള്ള എന്‍റെ ഇടപാടുകളില്‍ അധികം ശ്രദ്ധ വേണമെന്നും ഞാന്‍ തിരിച്ചറിയുന്നു. പൊതിഞ്ഞു സൂക്ഷിക്കേണ്ടവരെ അപ്രകാരവും ശാസന ആവശ്യമുള്ളപ്പോള്‍ ശാസിക്കുവാനും എല്ലാം തികച്ചും അനുയോജ്യമായി ചെയ്യുവാന്‍ ഞാന്‍ മനസ്സിലാക്കി. ബലഹീനതകളോ കുറവുകളോ ഉള്ളവരുടെ ഹൃദയം വേഗത്തില്‍ കഠിനമാകും. ആകയാല്‍ അവരുടെ ബലഹീനതകളെ കുറിച്ച് കൂടുതല്‍ ഞാന്‍ ബോധവാനായിത്തീര്‍ന്നു. ഞാന്‍ രഹസ്യമായി അവരെ സഹായിക്കുന്ന സമയവും അവര്‍ക്ക് സഹായം അത്യാവശ്യം ആയിരുന്നുവെങ്കിലും ഞാന്‍ സഹായിക്കാന്‍ പാടില്ല എന്ന തീരുമാനം എടുക്കേണ്ടുന്ന സമയവും ഉണ്ടായി. ജനങ്ങള്‍ ഇത്തരത്തില്‍ ബലഹീനരായാല്‍ ഈ കാര്യങ്ങളെ കുറിച്ച് ഞാനധികം ബോധവനായിത്തീരുന്നു. ഇവയെല്ലാം ആണെങ്കിലും എന്‍റെ വിശ്വാസത്തിന്‍റെ കാര്യത്തില്‍ ഞാന്‍ വളരെ ഉറപ്പും ധൈര്യവും ഉള്ളവനാണ്.
മറ്റുള്ളവര്‍ വളരെ ബലഹീനരായാല്‍ നാം അവരെ ശാസിക്കുവാന്‍ പാടില്ലാത്ത സമയങ്ങളുണ്ട് എന്നതുപ്പോലെ അവരെ വെറുതെ സഹിക്കുന്നതിനുപകരം കഠിനമായി ശാസിക്കേണ്ടുന്ന സമയവും ഉണ്ട്. ഇതിനാലാണ് അവരുടെ ആവശ്യങ്ങളെ കുറിച്ച് നാം കൂടുതല്‍ ബോധവാന്‍മാരായിരിക്കുന്നത്. എന്നാല്‍ വിശ്വാസത്തിലൂടെ നോക്കിയാല്‍ അവരോടുള്ള നമ്മുടെ സ്നേഹം യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവും നേരായതും ശക്തവും ആയിരിക്കും. നമ്മുടെ ചുറ്റുപാടുകളെ ജഡികമായ ചിന്താഗതിയില്‍ നോക്കുകയാണെങ്കില്‍ തികച്ചും ഭയപ്പെടുവാനുള്ള കാര്യങ്ങളായിരിക്കും നാം കാണുന്നത്. ഒന്നാമതായി, നാം തന്നെ ബലഹീനരും കുറവുള്ളവരും ആകയാല്‍ നമ്മുടെ ബലഹീനമായ ജഡത്തെ കുറിച്ച് നാം വ്യാകുലപ്പെടുവാന്‍ തുടങ്ങിയാല്‍ ഈ വ്യാകുലതകളും ചിന്താഭാരവും ഇല്ലാതെ ഒരു ദിവസം പോലും കഴിച്ചു കൂട്ടുവാന്‍ നമുക്കാവില്ല. എന്നാല്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ വിശ്വാസത്തില്‍ നാം നില്‍ക്കുകയാണെങ്കില്‍ നമ്മുടെ സകലവിധമായ വ്യാകുലതകളും ഭാരങ്ങളും അപ്രത്യക്ഷമാകും. ഇത്തരത്തില്‍ കുറവുള്ളവരും കളങ്കമുള്ളവരും ആയ നമ്മെ യേശു തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും രക്ഷിച്ച് അവന്‍റെ സത്പ്രവൃത്തികളുടെ പാത്രങ്ങളാക്കി മാറ്റിയതിനാല്‍ ഈ വിശ്വാസത്തിന്‍റെ ധൈര്യം മറ്റെന്തിനെക്കാളും അധികം നമ്മെ ശക്തരാക്കുന്നു.
കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളിലേക്ക് നല്‍കിയ സമ്പൂര്‍ണ്ണ രക്ഷയുടെ ദാനത്തില്‍ നിന്നുമാണ് നമ്മുടെ ഹൃദയത്തിന്‍റെ ധൈര്യം വരുന്നത്. നമ്മുടെ ജഡീകമായ മേന്മകളില്‍ നിന്നും ഉടലെടുക്കുന്ന മറ്റെല്ലാവിധ ധൈര്യവും ക്ഷണികമായിരിക്കും. നമ്മുടെ സഹോദരന്‍മാരും സഹോദരികളും ജഡീകമായിത്തന്നെ ചിലപ്പോഴെല്ലാം ആശ്വാസം തേടുമ്പോള്‍ നാം അവരെ ആശ്വസിപ്പിക്കുന്ന ജഡീകമായ ആശ്വാസം പ്രധാനപ്പെട്ടതല്ല എന്ന് ഇതിന് അര്‍ത്ഥമില്ല.
എന്നാല്‍ നമ്മളെല്ലാവരും തന്നെ ബലഹീനരാണ് എന്നതാണ് വ്യക്തം. യേശു ക്രിസ്തു ഈ ലോകത്തിലേക്ക് വന്നു, നമ്മെ പൂര്‍ണ്ണമായും രക്ഷിച്ചു. ലാസര്‍ മരിച്ചപ്പോള്‍ അവന്‍റെ സഹോദരിമാരായ മറിയയും മാര്‍ത്തയും അവരുടെ അയല്‍ക്കാരും വിലപിക്കുന്നത് കണ്ട യേശുവും കരഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ പാപം നിമിത്തം ജനങ്ങള്‍ മരിക്കുന്നത് എന്തുമാത്രം ദുരിതകരമാണെന്ന് കണ്ട് യേശുവിന് അവരോട് മനസ്സലിവു തോന്നി. എന്നാല്‍ നമ്മുടെ കര്‍ത്താവ് വന്നത് പിതാവിന്‍റെ ഹിതമനുസരിച്ച് ആയതിനാല്‍, “ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു” (യോഹന്നാന്‍ 11:25), എന്ന് അവന്‍ പറയുകയും തങ്ങളുടെ പാപം നിമിത്തം മരിക്കേണ്ടിയിരുന്നവരെ രക്ഷിക്കുകയും ചെയ്തു. നമ്മെ അവന്‍ ആത്മാവിലും ശരീരത്തിലും ആശ്വസിപ്പിച്ചിരിക്കുന്നു.
നിങ്ങള്‍ക്കും എനിക്കും ആത്മാവിന്‍റെയും ജഡത്തിന്‍റെയും രണ്ട് വശങ്ങളുണ്ട്. ആകയാല്‍ ജഡത്തില്‍ നാം ഒരു കഠിനമായ കാലത്തിലൂടെ പോകുകയാണ് എങ്കില്‍ ജഡത്തില്‍ നമുക്ക് ആശ്വാസം ആവശ്യമായി വരും. ആത്മീയമായും ഇത് ആവശ്യമായി വരും. അതോടൊപ്പം നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും ഉള്ള ഈ വിശ്വാസവും നമുക്ക് ആവശ്യമായിവരും. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന രക്ഷയുടെ ദാനത്തിനായുള്ള വിശ്വാസത്തില്‍ സന്തോഷിക്കാന്‍ അറിയുന്നതിലൂടെ ഈ രക്ഷയുടെ ദാനം സൂക്ഷിച്ചുകൊണ്ട് ഈ ദാനം പ്രാപിച്ചവരാണ് നമ്മളെന്ന് ഒരിക്കല്‍ കൂടി നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചും കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ക്ക് വാസ്തവമായും ക്രിസ്തുവില്‍ സന്തോഷിക്കാന്‍ കഴിയും. ഇങ്ങനെയാണ് നാം ദൈവത്തിന് മഹത്വം കരേറ്റുന്നത്.
സമാഗമനകൂടാരത്തിന്‍റെ തുണുകളെപ്പോലെ ദൈവം നമ്മെ ഓരോരുത്തരെയും വിശ്വാസത്തില്‍ ഉറപ്പോടെ സ്ഥാപിക്കുകയും വിശ്വാസത്താല്‍ ജീവിക്കണമെന്ന് നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ആകയാല്‍ നമ്മുടെ ജഡത്തിന്‍റെ കുറവുകള്‍ എല്ലാദിവസവും നിറഞ്ഞിരിക്കുമെങ്കിലും നമ്മുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ ദൈവത്തിന്‍റെ രക്ഷ എത്ര വിലയേറിയതാണെന്ന് നാം ശിക്ഷിക്കപ്പെടുവാന്‍ യോഗ്യരായിരുന്നു എന്ന തിരിച്ചറിവോടെ മനസ്സിലാക്കുവാന്‍ നമുക്ക് കഴിയും. സമാഗമനകൂടാര പ്രാകാരത്തിലെ മതിലില്‍ വെളിപ്പെട്ടിരിക്കുന്ന ഈ രക്ഷയുടെ സത്യത്തെ നിങ്ങള്‍ക്കും ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.
ഇപ്പോള്‍ നിങ്ങള്‍ക്കും കിഴക്കുവശത്തായി നിലകൊള്ളുന്ന സമാഗമന കൂടാരത്തിന്‍റെ പ്രാകാരവാതില്‍ തുറന്ന് അകത്തു പ്രവേശിക്കാന്‍ കഴിയും. സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ തുറന്ന് അകത്തു പ്രവേശിക്കുവാന്‍ നിങ്ങള്‍ ആദ്യം തന്നെ കടന്നുപോകുന്ന ഒരു വസ്തുവുണ്ട്. എന്തായിരിക്കും അത്? ഹോമയാഗപീഠം അല്ലാതെ മറ്റൊന്നുമല്ല അത്.
വിശ്വാസത്താല്‍ ഹോമയാഗപീഠത്തെ കടന്നു നിങ്ങള്‍ ചെല്ലുമ്പോള്‍ അടുത്തതായി താമ്രതൊട്ടി, ഈ തൊട്ടിയും കടന്നു ചെല്ലുമ്പോള്‍ അവസാനമായി ദൈവത്തിന്‍റെ ഭവനത്തില്‍, സമാഗമനകൂടാരത്തില്‍ നിങ്ങള്‍ പ്രവേശിക്കും. വിശ്വാസത്തിലൂടെ നോക്കുമ്പോള്‍ ഇവയെല്ലാം വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സമാഗമനകൂടാരത്തെ കുറിച്ചുള്ള വചനങ്ങള്‍ തുടക്കത്തില്‍ വളരെ നിഗൂഢമായി തോന്നാമെങ്കിലും നിങ്ങള്‍ക്കും എനിക്കും ഇത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. കാരണം നാം നേരത്തെ കരസ്ഥമാക്കിയിരിക്കുന്ന വിശ്വാസത്തിന്‍റെ കൃത്യമായ തത്വങ്ങള്‍ക്കുള്ളില്‍ നിന്നാണ് ശക്തമായ വിശ്വാസത്തിന്‍റെ അടിത്തറയുള്ള നിങ്ങളും ഞാനും ഇത് നോക്കിക്കാണുന്നത്. ദൈവത്തിന്‍റെ രക്ഷ വളരെ വിലയേറിയത് ആകയാല്‍ സമാഗമനകൂടാരത്തിലൂടെ ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ തക്കവണ്ണം അവന്‍ ഇതിനെ എളുപ്പമാക്കി. എന്നാല്‍ ഈ സമാഗമനകൂടാരത്തിന്‍റെ വചനത്തെ തന്‍റെ സ്വന്തം ചിന്തകള്‍ അനുസരിച്ച് ആരെങ്കിലും തെറ്റായി വ്യഖ്യാനിക്കുന്നതിനെ തടയുവാന്‍ ഇതുവരെയും വീണ്ടും ജനിക്കാത്തവരുടെ കണ്ണുകള്‍ക്ക് ഇതിനെ ദൈവം അദൃശ്യമാക്കി വച്ചു. ആകയാല്‍ ദൈവശാസ്ത്രജ്ഞര്‍ക്കുപോലും, അവര്‍ക്ക് കൃത്യമായ വിശ്വാസത്തിന്‍റെ അടിസ്ഥാനം ഇല്ലായെങ്കില്‍ സമാഗമനകൂടാരത്തിന്‍റെ പ്രാകാരവാതില്‍ എന്തുകൊണ്ടാണ്, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നെയ്തിരിക്കുന്നത് എന്നതിന്‍റെ കൃത്യമായ ആത്മീയ അര്‍ത്ഥം പറയുവാന്‍ കഴിയില്ല. കാരണം ഇത്തരം കള്ളന്‍മാരില്‍ നിന്നും ദൈവം ഈ സത്യത്തെ മറച്ചു വച്ചിരിക്കുന്നു.
സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെയാണ് നീല നൂല്‍ കുറിക്കുന്നത്. കൈവയ്പ്പിന്‍റെ രൂപമായി അവന്‍ സ്വീകരിച്ച തന്‍റെ സ്നാനത്തിലൂടെ നമ്മുടെ സകല പാപങ്ങളും അവന്‍ തന്‍റെ മേല്‍ ചുമന്നു. നമ്മുടെ സകല പാപങ്ങള്‍ക്കുമായി യേശുക്രിസ്തു ക്രൂശില്‍ രക്തം ചിന്തി മരിച്ച യാഗമായ തന്‍റെ മരണത്തെ കുറിക്കുന്നതാണ് ചുവപ്പ് നൂല്‍. യേശു ദൈവം തന്നെയാണെന്ന് വെളിപ്പെടുത്തുകയാണ് ധൂമ്രനൂല്‍ ചെയ്യുന്നത്. നാം ഉള്‍പ്പെടുന്ന മുഴുവന്‍ മാനവജാതിയോടും ദൈവം വാഗ്ദത്തം ചെയ്ത രക്ഷയുടെ വചനമാണ് പിരിച്ച പഞ്ഞിനൂല്‍. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് വീണ്ടും ജനനം പ്രാപിക്കാത്ത ആര്‍ക്കും തന്നെ സമാഗമനകൂടാര വാതിലില്‍ ദൈവം വെളിപ്പെടുത്തിയ സത്യത്തെക്കുറിച്ച് ഇതുപോലെ കൃത്യമായി സംസാരിക്കാന്‍ കഴിയില്ല.
മാനവജാതിയുടെ ആരംഭത്തില്‍ തന്നെ, അതായത്, ആദാമിനോടും ഹവ്വയോടും തന്‍റെ എല്ലാ വേലക്കാരോടും ദൈവം വാഗ്ദത്തം ചെയ്തതാണ്. “നിങ്ങളെ രക്ഷിപ്പാനായി ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ നിങ്ങളിലേക്ക് വരികയും നിങ്ങളെ വാസ്തവമായും ഞാന്‍ രക്ഷിക്കുകയും ചെയ്യും” ഈ വചനം അനുസരിച്ച് യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നു, സ്നാനപ്പെട്ടു, തന്‍റെ രക്തം ചിന്തി മരിച്ചു, മരണത്തില്‍ നിന്നും ഉയിര്‍ത്തു. അതുവഴി നമ്മെ രക്ഷിക്കുകയും ചെയ്തു. പിരിച്ച പഞ്ഞിനൂല്‍ എന്നത് ദൈവവചനത്തിന്‍റെ വാഗ്ദത്തവും വചനത്തിന്‍റെ പൂര്‍ത്തീകരണവുമാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകള്‍ യേശുക്രിസ്തുവിന്‍റെ സ്നാനത്തെക്കുറിച്ച് നമ്മോടു പറയുന്നു. അതായത് അവന്‍ നമ്മുടെ ദൈവം ആണെന്നും ക്രൂശില്‍ തന്‍റെ രക്തം ചിന്തിയതിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളെയും തന്‍റെ മേല്‍ ചുമന്നതിലൂടെ നമ്മുടെ സകല ശിക്ഷാവിധിയും അവന്‍ വഹിച്ചു എന്നതു തന്നെ. മരണത്തില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റതിലൂടെ യേശുക്രിസ്തു നമ്മെ രക്ഷിച്ചു എന്നും അവന്‍ നമ്മോടു പറയുന്നു. ഒരുതരത്തിലും ഉള്ള എതിരഭിപ്രായം അനുവദിക്കാന്‍ കഴിയാത്ത രക്ഷയുടെ നിത്യസത്യമാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ ഈ സത്യം. 
നിങ്ങള്‍ക്കും എനിക്കുമായി ദൈവം ഈ രക്ഷയുടെ ദാനം നല്‍കി. തുണുകളുടെ മുകള്‍ഭാഗം വെള്ളി മകുടങ്ങളാല്‍ പൊതിഞ്ഞിരുന്നു. ദൈവത്തില്‍ നിന്നും രക്ഷയുടെ ദാനം പ്രാപിച്ചവരാണ് നമ്മളെന്ന് എല്ലായ്പ്പോഴും നാം ഓര്‍ക്കണം. കാരണം ഈ ദാനം സ്വീകരിച്ചതിലൂടെയാണ് നമ്മള്‍ നീതിമാന്മാരും പാപമില്ലാത്തവരും ദൈവത്തിന്‍റെ ജനവുമായിത്തീരുന്നത്. ദൈവത്തിന്‍റെ ഈ ദാനത്തില്‍ നിന്നും വേറിട്ട്, നമുക്ക് യാതൊന്നും തന്നെ പ്രശംസിപ്പാനില്ല. നമുക്ക് ആകെ പ്രശംസിപ്പാനുള്ള ഏക കാര്യം നീല, ധൂമ്രം, ചുവപ്പ്നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിന്‍റെയും വിശ്വാസമുള്ളവര്‍ക്ക് ദൈവമക്കളാകുവാന്‍ കഴിഞ്ഞു എന്നതുമാത്രമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും നല്ലതും വിലയേറിയതുമായ സുവിശേഷത്തിലൂടെ മാത്രം നമ്മുടെ സകല പാപങ്ങളില്‍ നിന്നും യേശുക്രിസ്തു നമ്മെ രക്ഷിച്ചതിനാലാണ് ഇത് സാദ്ധ്യമായത്. ആകയാല്‍ നാം ഈ വിശ്വാസത്താല്‍ ജീവിക്കണം. ദൈവം നമുക്ക് രക്ഷയുടെ ദാനം നല്‍കിയതിനാല്‍ മാത്രം നാം പൂര്‍ണരായെന്നും ഈ ദാനത്തിലൂടെ നാം ദൈവത്തിന്‍റെ സ്വന്തം ജനമായെന്നും നാം വിശ്വസിക്കേണം. ഇന്നും നാളെയും, എല്ലായ്പ്പോഴും നാം ഈ വിശ്വാസത്താല്‍ ജീവിക്കണം.
സമാഗമനകൂടാരത്തെ കുറിച്ചുള്ള ഈ വചനം പ്രചരിപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇപ്പോഴാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉപദ്രവകാലത്തിന് മുന്‍പുള്ള ഉല്‍പ്രാപണ സിദ്ധാന്തത്തിലൂടെ അനേകരെ ചിന്താകുഴപ്പത്തിലാക്കിയ കാലങ്ങളുണ്ടായിരുന്നു. എന്നാല്‍ വെളിപ്പാട് പുസ്തകത്തിലെ വചനത്തെ പ്രസംഗിക്കുവാന്‍ അക്കാലത്ത് നമ്മെ ഒരുക്കുക വഴി തങ്ങളുടെ തെറ്റായ വിശ്വാസത്തെ തള്ളിക്കളഞ്ഞ് സത്യവിശ്വാസത്തെ പ്രാപിക്കുവാന്‍ അനേകരെ അത് സഹായിച്ചു. അതുപോലെ ഇന്നത്തെ കാലഘട്ടത്തില്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന വിശ്വാസത്തെ പ്രസംഗിക്കാനുള്ള തക്ക സമയമാണിത്. 
ദൈവത്തില്‍ നിന്നും രക്ഷയുടെ ദാനം നാം പ്രാപിച്ചതിനാല്‍ ഈ രക്ഷയുടെ ദാനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സകലനന്ദിയും ഞാന്‍ ദൈവത്തിന് അര്‍പ്പിക്കുന്നു.