• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-24] ഖദിരമരം കൊണ്ട് നിര്‍മ്മിച്ച് താമ്രം പൊതിഞ്ഞ ഹോമയാഗ പീഠം (പുറപ്പാട് 38:1-7)

2021.05.21 35
(പുറപ്പാട് 38:1-7)
“അവന്‍ ഖദിരമരം കൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു. അതിന്‍റെ നാലുകോണിലും നാലു കൊമ്പുണ്ടാക്കി; കൊമ്പുകള്‍ അതില്‍ നിന്നു തന്നെ ആയിരുന്നു. താമ്രം കൊണ്ട് അതു പൊതിഞ്ഞു. ചട്ടി, ചട്ടുകം, കലശം, മുള്‍ക്കൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്‍റെ ഉപകരണങ്ങളൊക്കെയും താമ്രം കൊണ്ട് ഉണ്ടാക്കി. അവന്‍ യാഗപീഠത്തിനു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്‍റെ ചുറ്റുപടിക്കു കീഴെ അതിന്‍റെ പാതിയോളം എത്തി. താമ്രജാലത്തിന്‍റെ നാല് അറ്റത്തിനും തണ്ടു ചെലുത്തുവാന്‍ നാലു വളയം വാര്‍ത്തു. ഖദിരമരം കൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രം കൊണ്ടു പൊതിഞ്ഞു. യാഗപീഠം ചുമക്കേണ്ടതിന് അതിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ആ തണ്ടുകള്‍ ചെലുത്തി; യാഗപീഠം പലക കൊണ്ടു പൊള്ളയായി ഉണ്ടാക്കി”.
 

ഓരോ പാപിയും ഹോമയാഗപീഠത്തില്‍ ഒരു യാഗവസ്തുവിനെ കൊണ്ടുവരേണ്ടിയിരുന്നു
 
യിസ്രായേല്‍ ജനങ്ങളിലെ പാപികളിലോരോരുത്തരും തങ്ങളുടെ പാപത്തില്‍ നിന്നും മോചനം നേടണമെങ്കില്‍, ഒരു യാഗമൃഗത്തെ സമാഗമനകൂടാരത്തില്‍ കൊണ്ടുവരികയും, അതിന്‍റെ തലയില്‍ കൈവയ്ക്കുന്നതിലൂടെ തന്‍റെ പാപങ്ങളെ അതിലേക്ക് കടത്തിവിടുകയും, അതിന്‍റെ രക്തം എടുത്ത് പുരോഹിതനെ ഏല്‍പ്പിക്കുകയും വേണമായിരുന്നു. ക്രമപ്രകാരം ദേവാലയ ശുശ്രൂഷയിലായിരിക്കുന്ന പുരോഹിതന്‍ യാഗമൃഗത്തിന്‍റെ രക്തം ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും അതിന്‍റെ മേദസ്സും മാംസവും യാഗപീഠത്തില്‍ വച്ച് വിറകുപയോഗിച്ച് കത്തിച്ച് കര്‍ത്താവായ ദൈവത്തിന് സൗരഭ്യവാസനയായി അര്‍പ്പിക്കുകയും ചെയ്യുന്നു. മഹാ പുരോഹിതനുപോലും തന്‍റെ പാപത്തില്‍ നിന്നും മോചനം ആവശ്യമുണ്ടെങ്കില്‍, ഹോമയാഗപീഠത്തിനു മുമ്പില്‍ വച്ച് തന്‍റെ കൈകളും യാഗമൃഗത്തിന്മേല്‍ വച്ച് പാപത്തെ കടത്തിവിടേണ്ടതാണ്. ഖദിരമരംകൊണ്ട് നിര്‍മ്മിച്ച് താമ്രം പൊതിഞ്ഞ ഹോമയാഗപീഠത്തില്‍ അര്‍പ്പിച്ചിരുന്ന പ്രായശ്ചിത്ത യാഗമായിരുന്നു ഇത്. പാപമോചനത്തിനായുള്ള ഈ യാഗം അര്‍പ്പിക്കുന്നതാകട്ടെ, കൈവയ്പ്പിലൂടെയും രക്തം ചിന്തലിലൂടെയും മാത്രമായിരുന്നു.
കൈവയ്പ്പിലൂടെയും രക്തം ചിന്തലിലൂടെയും സകലരെയും അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള രക്ഷാമാര്‍ഗ്ഗം ലോകത്തിന്‍റെ അടിസ്ഥാനത്തിനു മുമ്പുതന്നെ ദൈവം പദ്ധതിയിട്ടിരുന്നു. നമ്മുടെ രക്ഷ പദ്ധതിയിട്ടശേഷം, പിതാവാം ദൈവം തന്‍റെ ഏകജാതനായ പുത്രനെ ഈ ഭൂമിയിലേക്ക് അയക്കുകയും സ്നാപക യോഹന്നാനില്‍ നിന്നും സ്നാനമെടുക്കുവാന്‍ അവനെ അനുവദിക്കുകയും ക്രൂശില്‍ അവന്‍റെ രക്തം ചിന്തുകയും വേണമായിരുന്നു. അതിനാലാണ്, പഴയ നിയമത്തിലെ കൈവെപ്പിനു സമാനമായ സ്നാനത്തിലൂടെ സകല പാപികളുടെയും പാപത്തെ യേശുക്രിസ്തു ചുമന്നത്. ലോകത്തിന്‍റെ സകല പാപങ്ങളുടെയും ശിക്ഷാവിധി സഹിക്കുവാനായി യേശു, ആ സകല പാപങ്ങളെയും തോളിലേറ്റി ക്രൂശില്‍ നമുക്ക് പകരമായി തന്‍റെ സ്വന്തം രക്തം ചൊരിഞ്ഞു.
ഓരോ മനുഷ്യന്‍റെയും ഹൃദയപ്പലകകളില്‍ എഴുതിയിരിക്കുന്ന എല്ലാ പാപങ്ങളും വിട്ടുപോകാതെ ദൈവം ശിക്ഷിക്കുമെന്ന കാര്യമാണ് ഹോമയാഗപീഠം താമ്രം കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്നത് പഠിപ്പിക്കുന്നത്. ആകയാല്‍, ഓരോ പാപികളും അവന്‍റെ പാപങ്ങളെ ഒരു യാഗമൃഗത്തിന്മേല്‍ കൈവയ്പ്പിലൂടെ കടത്തിവിടുകയും തുടര്‍ന്ന് അതിന്‍റെ കഴുത്തറുത്ത് രക്തമെടുക്കുകയും പുരോഹിതന്‍ ആ രക്തത്തെ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുകയും ചെയ്യണം. ഇതുപോലെ, താമ്രം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഹോമയാഗപീഠം നമ്മെ എല്ലാവരെയും അറിയിക്കുന്നത്; യേശു നമ്മുടെ സകല പാപങ്ങളും ചുമന്നുവെന്നും, നമ്മുടെ സ്ഥാനത്ത് ഈ പാപങ്ങളുടെ ശിക്ഷ അവന്‍ ക്രൂശില്‍ അനുഭവിച്ചു എന്നുമാണ്.
 

ഹോമയാഗപീഠത്തിന്‍റെ പ്രാധാന്യം

ഒരു മൃഗത്തെ ദൈവമുമ്പാകെ യാഗമായി അര്‍പ്പിക്കേണമെങ്കില്‍ അതിന്‍റെ മാംസം കഷ്ണങ്ങളായി മുറിച്ച് ഹോമയാഗപീഠത്തില്‍ വച്ച് വിറക് ഉപയോഗിച്ച് ദഹിപ്പിച്ച് ദൈവത്തിനുള്ള സൗരഭ്യവാസനയായി അര്‍പ്പിക്കേണമായിരുന്നു. നമ്മുടെ സകല പാപങ്ങള്‍ക്കും പകരമായി യേശു സ്നാപക യോഹന്നാനില്‍ നിന്നും സ്നാനമേറ്റതും ക്രൂശില്‍ മരിച്ചതും പിതാവാം ദൈവത്തിനു വളരെ പ്രസാദകരമായിരുന്നു. സകല പാപികളുടെയും എന്നേക്കും നിലനില്‍ക്കുന്ന മറുവിലയായി ഊനമില്ലാത്ത യേശു തന്നെ യാഗമര്‍പ്പിച്ചത് പിതാവാം ദൈവത്തിനെ പ്രസാദിപ്പിച്ചു.
ഹോമയാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടുന്ന യാഗങ്ങള്‍ ഓരോ പാപിയുടെയും പാപത്തില്‍ നിന്നും ദൈവം അവനെ എങ്ങനെ വിടുവിക്കുന്നു എന്നതും അതേസമയം, ഓരോ പാപത്തെയും ദൈവം എങ്ങനെ ശിക്ഷിക്കുന്നു എന്നതിനെയും കാണിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനുഷ്യരാശിക്ക് അതിന്‍റെ സകല പാപങ്ങളില്‍ നിന്നുമുള്ള രക്ഷയെയും അതിന്‍റെ ശിക്ഷാവിധിയെയും ആണ് ഹോമയാഗപീഠം വെളിപ്പെടുത്തുന്നത്. ഓരോ പാപിയും തീയും ഗന്ധകവും കത്തുന്ന പൊയ്കയിലേക്ക് തള്ളപ്പെടുമെന്ന് ഇത് നമ്മെ കാണിക്കുന്നു. അതോടൊപ്പം ഓരോ പാപിക്കും സകല പാപങ്ങളില്‍ നിന്നും എങ്ങനെ വിടുതല്‍ പ്രാപിക്കാം എന്നതും ഇത് നമ്മെ കാണിക്കുന്നു. അതുപോലെ, പാപമുള്ള സകലരും നരകത്തീയിലേക്ക് തള്ളപ്പെടേണ മെന്നതിനാല്‍, സകല പാപികളും മുടക്കം കൂടാതെ ദൈവത്തിന്‍റെ കരുണ നിശ്ചയമായും കണ്ടെത്തേണ്ടതാണ്.
ഹോമയാഗ പീഠത്തില്‍ വയ്ക്കപ്പെടുന്ന ഓരോ യാഗമുഗവും ഒരു പാപിയുടെ അകൃത്യങ്ങളെ ചുമക്കുകയും അവയ്ക്കായി ശിക്ഷിക്കപ്പെടുകയും വേണമായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൈവെപ്പിലൂടെ ആരുടെയെങ്കിലും പാപങ്ങള്‍ സ്വീകരിച്ച യാഗമൃഗം അവരുടെ സ്ഥാനത്ത് അതിന്‍റെ രക്തം ചിന്തണമായിരുന്നു. ആ പാപി നേരിടേണ്ടിയിരുന്ന ശിക്ഷാവിധിയാണ് ഇത് ചുമന്നത്. ഈ ലോകത്തിന്‍റെ സകല പാപങ്ങളും തന്‍റെ സ്നാനത്തിലൂടെ യേശു സ്വീകരിച്ചുവെന്നും നമ്മുടെ സ്ഥാനത്ത് അവന്‍ തന്‍റെ രക്തം ചിന്തിയെന്നുമാണ് സമാഗമനകൂടാരത്തില്‍ അര്‍പ്പിച്ചിരുന്ന ഹോമയാഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
നമ്മുടെ പാപങ്ങളുടെ മോചനം ദൈവം എങ്ങനെ പൂര്‍ത്തീകരിച്ചു എന്നതിനെയാണ് സമാഗമനകൂടാരത്തിലെ ഓരോ ഉപകരണവും നമ്മെ കാണിക്കുന്നത്. ആകയാല്‍, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള വ്യക്തമായ ഒരു രേഖ നിങ്ങള്‍ക്ക് വരക്കേണമെങ്കില്‍, സമാഗമനകൂടാരത്തിലെ ഉപകരണങ്ങളില്‍ വെളിപ്പെട്ടിരിക്കുന്ന സത്യത്തിലുള്ള ശരിയായ വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ നിങ്ങളുടെ രക്ഷയുടെ രേഖ വരയ്ക്കുന്നത്? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും മറഞ്ഞിരിക്കുന്ന രക്ഷയുടെ സത്യത്തില്‍ വിശ്വസിച്ചുകൊണ്ടാണ് നിങ്ങളുടെ രക്ഷയുടെ വ്യക്തമായ രേഖ വരയ്ക്കേണ്ടത്. അത്തരം വിശ്വാസമുള്ളവര്‍ക്കു മാത്രമേ ദൈവത്തിന്‍റെ നീതിയില്‍ സത്യമായും വരുവാനും തങ്ങളുടെ വിശ്വാസജീവിതം ശരിയായ രീതിയില്‍ നയിക്കുവാനും കഴിയുകയുള്ളൂ.
പാപികളുടെ പാപങ്ങള്‍ക്ക് പരിഹാരമാകുന്നതും അതുവഴി അവര്‍ക്ക് തിരുനിവാസത്തിലേക്ക് പ്രവേശിക്കുവാനും കഴിയുന്ന തരത്തിലുള്ള യാഗവസ്തുവാണ് ദൈവം ഒരുക്കിയിരുന്നത്. പാപികളെ തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കുന്ന പ്രായശ്ചിത്തമായിരുന്നു അവര്‍ക്കുപകരമായി മഹാപുരോഹിതന്‍ അര്‍പ്പിച്ചിരുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള തന്‍റെ പുത്രനായ യേശുക്രിസ്തുവിലൂടെ തന്‍റെ രക്ഷയുടെ വാഗാദത്തം ദൈവം പൂര്‍ത്തീകരിച്ചു. ആകയാല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തില്‍ നാം നിശ്ചയമായും വിശ്വസിക്കേണം. നിങ്ങളുടെ വിശ്വാസം ഇപ്പോള്‍ നില്‍ക്കുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലാണോ? നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുവാനായി പൂര്‍ണ്ണ ഹൃദയത്തോടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കേണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ സാക്ഷീകരിക്കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനത്തില്‍ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ യഥാര്‍ത്ഥ പാപമോചനം നിങ്ങള്‍ക്ക് പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. വാസ്തവത്തില്‍, പഴയ നിയമത്തിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സത്യം പൂര്‍ണ്ണമായും പുതിയ നിയമത്തില്‍ വെളിപ്പെട്ടിരിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനായിട്ടാണോ നിങ്ങള്‍ നില്‍ക്കുന്നത്? അഥവാ ക്രൂശിലെ രക്തത്തിനുമാത്രം പ്രാധാന്യം കല്‍പ്പിക്കുന്ന സുവിശേഷത്തെയാണോ നിങ്ങള്‍ പിന്താങ്ങുന്നത്? യേശുക്രിസ്തു നമുക്കായി സ്നാനപ്പെട്ട്, തന്‍റെ രക്തം ചിന്തി എന്ന് പ്രഖ്യാപിക്കുന്ന സുവിശേഷത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
നമ്മെ ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്‍റെ രക്ഷയുടെ ഉടമ്പടിയാണ് പഴയ നിയമ യുഗത്തിലെ യാഗവ്യവസ്ഥ. സമാഗമനകൂടാര വാതില്‍ നെയ്യുവാന്‍ ഉപയോഗിച്ച നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലൂടെയും ദൈവം തന്‍റെ വിശദമായ രക്ഷാ പദ്ധതിയെ വെളുപ്പെടുത്തി. ഈ വാതിലിലൂടെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വസ്തുക്കളില്‍ വെളിപ്പെടുന്ന സത്യത്തില്‍ വിശ്വസിക്കേണം. ഇതുപോലെ, യാഗമൃഗത്തിന്മേല്‍ കൈവെയ്ക്കുന്നതിലൂടെ, വിശ്വാസത്താല്‍ തങ്ങളുടെ പാപങ്ങളെ കടത്തിവിട്ട്, സമാഗമനകൂടാരത്തിലെ യാഗത്തിലൂടെ രക്തത്തെ ദൈവത്തിന് അര്‍പ്പിച്ച് തങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ ദൈവം യിസ്രയേല്‍ ജനങ്ങളെ അനുവദിച്ചു. പാപങ്ങളുടെ മോചനം നേടുവാനുള്ള അടിസ്ഥാനം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകയാല്‍, ഈ സുവിശേഷത്തെ കൃത്യമായും മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് ദൈവത്തിന്‍റെ സ്വന്തം ജനം; ബാക്കിയുള്ളവര്‍ എല്ലാവരും ഇനി ദൈവമക്കളില്‍ ഒരാളായി ത്തീരുവാനുള്ളവരാണ്. സമാഗമനകൂടാര പ്രകാരത്തിന്‍റെ വാതിലില്‍ ഉപയോഗിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞി നൂലിലും വെളിപ്പെടുന്ന സത്യം പുതിയ നിയമത്തിലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്നു എന്ന കാരണത്താല്‍ ആണിത്.
യോഹന്നാന്‍ 3-മത്തെ അധ്യായത്തില്‍ നമ്മുടെ കര്‍ത്താവ് നിക്കൊദെമോസിനോട് “ഒരുവന്‍ വെള്ളത്താലും ആത്മാവാലും വീണ്ടും ജനിച്ചില്ല എങ്കില്‍, അവന് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല” എന്ന് പറഞ്ഞു. ഇവിടെ വെള്ളം എന്നത് സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനത്തെ കുറിക്കുന്നു എന്ന് നാമെല്ലാം മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നാം മനസിലാക്കിയെങ്കില്‍ മാത്രമേ വിശ്വാസത്താല്‍ ദൈവകരങ്ങളിലേക്ക് വരുവാന്‍ നമുക്ക് കഴിയുകയുള്ളൂ.
 

തന്‍റെ പാപങ്ങള്‍ നിമിത്തം ഒഴിവാക്കാനാവാത്ത ശിക്ഷാവിധി നേരിടേണ്ടിവരുമെന്ന് ഓരോരുത്തരും തിരിച്ചറിയണം

മര്‍ക്കൊസ് 7:21 ലും തുടര്‍ന്നും വിശദീകരിച്ചിരിക്കുന്ന പന്ത്രണ്ടു വിധം പാപങ്ങള്‍ തന്നെയാണ് ഓരോരുത്തരുടെയും ഹൃദയത്തില്‍ നിന്നും പുറപ്പെടുന്നത്. എല്ലാറ്റിനും ആദ്യമായി, ഒരാളുടെ ദുഷ്ചിന്തകള്‍ ദൈവമുമ്പാകെ പാപമാണ്. അതുപോലെത്തന്നെ, കൊലപാതകം, വ്യഭിചാരം, മോഷണം, അത്യാഗ്രഹം, ചതി, അഹങ്കാരം, മൂഢത ഇവയെല്ലാം പാപങ്ങള്‍ തന്നെ. മനുഷ്യരുടെ ഹൃദയങ്ങളിലുണ്ടാകുന്ന ദുഷ്ചിന്തകളാണ് ദൈവത്തിന്‍റെ വിശുദ്ധിയെ എതിര്‍ക്കുന്ന പാപങ്ങളുടെ സ്രോതസ്. ദൈവം തന്‍റെ സാദൃശ്യത്തിലാണ് ആദാമിനെ നിത്യമായി സൃഷ്ടിച്ചത് എങ്കിലും, ആദാം ദൈവത്തിന് വിരോധമായി പാപം ചെയ്തു; തത്ഫലമായി ആദാമിന്‍റെ സന്തതികള്‍ എല്ലാവരും ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്തവിധം പാപികളായാണ് ജനിച്ചത്. നാമെല്ലാവരും ആദ്യമനുഷ്യനായ ആദാമിന്‍റെ മക്കളായി ജനിച്ച കാരണത്താല്‍, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും ദൈവത്തിന്‍റെ വിശുദ്ധിയെ എതിര്‍ക്കുന്ന പാപം ചെയ്യുകയല്ലാതെ മറ്റൊന്നിനും വഴിയില്ലാത്ത സ്വഭാവം നമുക്ക് ജന്മ സിദ്ധമാകുന്നു. ആകയാല്‍ മരിക്കുന്നതുവരെ പാപം ചെയ്യുകയല്ലാതെ നമുക്ക് മറ്റുമാര്‍ഗ്ഗമില്ല. വാസ്തവത്തില്‍, പ്രകൃത്യാതന്നെ സകല മനുഷ്യരും അടിസ്ഥാനപരമായി ദുഷ്ചിന്തയുള്ളവരാണ്. അതുപോലെത്തന്നെ തുടര്‍ച്ചയായി ദൈവത്തിന്‍റെ വിശുദ്ധിയെ വെല്ലുവിളിക്കുന്ന സാത്താനാല്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെടുന്ന വിധം ബലഹീനരുമാണ് അവര്‍.
ദുഷ്ചിന്തകള്‍ മനുഷ്യരുടെ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്നു എന്നാണ് ദൈവം പറഞ്ഞത്. മര്‍ക്കൊസ് 7-മത്തെ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കൊലപാതകവും വ്യഭിചാരവും, മോഷണം, അത്യാഗ്രഹം, പരസംഗം, മൂഢത അങ്ങനെ തുടങ്ങി 12 വിധ പാപങ്ങളാല്‍ നിറയപ്പെട്ട അധഃകൃതനായ ഒരു പാപിയായിട്ടാണ് ഓരോ മനുഷ്യനെയും ഇവിടെ തുറന്നു കാണിച്ചിരിക്കുന്നത്. സകല മനുഷ്യരുടെയും അടിസ്ഥാന സ്വഭാവം ദുശ്ചിന്തകളാല്‍ നിറഞ്ഞിരിക്കുന്നു. അതോടൊപ്പം അസംഖ്യം ജനങ്ങള്‍ തങ്ങളുടെ സ്വന്തം മതവിശ്വാസങ്ങളാല്‍ ദൈവത്തിന്‍റെ വിശുദ്ധിയെ വെല്ലുവിളിക്കുന്നു. ആകയാല്‍, നമ്മുടെ പാപങ്ങള്‍ക്കായി നാമെല്ലാവരും ദൈവത്താല്‍ ശിക്ഷിക്കപ്പെടേണ്ട വരായിരുന്നു. അതിനാലാണ് ദിനംതോറും സമാഗമനകൂടാരത്തിലെ യാഗപീഠത്തില്‍ യാഗമൃഗങ്ങളെ തുടര്‍ച്ചയായി അര്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. സമാഗമനകൂടാരത്തിലെ പ്രാകാരം ദഹിക്കുന്ന മാംസത്തിന്‍റെയും വിറകിന്‍റെയും പുക കൊണ്ട് നിറഞ്ഞിരിക്കും.
 

താമ്രതൊട്ടിയിലെ വെള്ളംകൊണ്ട് നമ്മുടെ പാപച്ചേറിനെ നാം കഴുകിക്കളയണം

പഴയ നിയമ പുരോഹിതന്മാര്‍ക്കു ചുറ്റും എല്ലാദിവസവും ദഹിപ്പിക്കുന്ന മാംസത്തിന്‍റെ വൃത്തികെട്ട ഗന്ധവും കറുത്ത പുകയും ചുറ്റിയിരിക്കും. പുകയാല്‍ കറുത്ത തങ്ങളുടെ മുഖവും മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ദേഹവും ഉള്ള അവര്‍ക്ക് വൃത്തിയോടിരിക്കുവാന്‍ കഴിയില്ലായിരുന്നു. അതിനാലാണ് സമാഗമന കൂടാരത്തിലെ പ്രാകാരത്തില്‍ അവര്‍ക്ക് താമ്രതൊട്ടി ആവശ്യമായി വന്നത്. അതില്‍ നിന്നും അവര്‍ക്ക് തങ്ങളുടെ ദേഹം ശുചിയാക്കാം. ഓരോ ദിവസവും താമ്രതൊട്ടിയിലെ വെള്ളം കൊണ്ട് പുരോഹിതന്മാര്‍ തങ്ങളുടെ ചേറ് കഴുകിക്കളയണമായിരുന്നു.
സ്നാപക യോഹന്നാനില്‍ നിന്നും സ്വീകരിച്ച സ്നാനത്തിലൂടെ യേശു ലോകത്തിന്‍റെ പാപത്തെ കഴുകിക്കളഞ്ഞ കാലത്തെയാണ് സമാഗമന കൂടാരത്തിലെ താമ്രതൊട്ടി സൂചിപ്പിക്കുന്നത്. സമാഗമന കൂടാരത്തിലെ താമ്രതൊട്ടിയിലെ വെള്ളത്തില്‍ പഴയ നിയമ പുരോഹിതന്മാര്‍ തങ്ങളുടെ ദേഹം കഴുകിയെന്നത് യേശുക്രിസ്തുവിന്‍റെ സ്നാനത്തെ, തന്‍റെ രക്ഷാപദ്ധതിയില്‍ ക്രൂശിലെ രക്തം ചിന്തലിനൊപ്പം പ്രധാന്യമുള്ള തന്‍റെ സ്നാനത്തെക്കുറിക്കുന്നു. നമ്മുടെ പാപങ്ങളെ കഴുകുവാനുള്ള തികച്ചും ഒഴിവാനാകാത്ത പടിയായിരുന്നു സ്നാപകയോഹന്നാനില്‍ നിന്നും യേശു സ്വീകരിച്ച സ്നാനം. ഇതുകൂടാതെ ആരും ശുദ്ധീകരിക്കപ്പെടില്ലായിരുന്നു. വാസ്തവത്തില്‍, സമാഗമനകൂടാരത്തില്‍ ശുശ്രൂഷി ക്കുന്നതിനിടയില്‍ തങ്ങളുടെ മേല്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കഴുകി ക്കളഞ്ഞ് തങ്ങളുടെ വിശുദ്ധി പരിപാലിക്കുവാന്‍ കഴിഞ്ഞത് വാസ്തവമായും അവര്‍ക്ക് താമ്രതൊട്ടിയിലേക്ക് പോകാന്‍ കഴിഞ്ഞതിനാലാണ്.
ഓരോരുത്തരും തന്‍റെ പാപ പൂര്‍ണ്ണമായ സ്വഭാവത്തെ തിരിച്ചറിയുകയും തന്‍റെ പാപങ്ങള്‍ നിമിത്തം ദൈവത്താല്‍ ശിക്ഷിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന കാര്യത്തെയാണ് പുരോഹിതന്മാര്‍ തങ്ങളുടെ മാലിന്യം താമ്രതൊട്ടിയില്‍ കഴുകി എന്ന കാര്യം കുറിക്കുന്നത്. നിങ്ങളുടെ പാപങ്ങള്‍ക്കായി നിങ്ങള്‍ ശിക്ഷിക്കപ്പെടുകയും അഗ്നിനരകത്തില്‍ തള്ളപ്പെടുകയും ചെയത് നിത്യദണ്ഡനം സഹിക്കേണ്ടിവരുമെന്നും ദൈവമുമ്പാകെ അംഗീകരിക്കുമ്പോഴാണ് രക്ഷയുടെ മാര്‍ഗ്ഗം നിങ്ങള്‍ക്കായി തുറക്കപ്പെടുന്നത്. ദൈവസന്നിധിയിലേക്ക് വരുവാനുള്ള ഏകമാര്‍ഗ്ഗം നിങ്ങളുടെ പാപങ്ങളെ അംഗീകരിക്കുകയും യേശു നിങ്ങള്‍ക്കായി പൂര്‍ത്തീകരിച്ച രക്ഷയുടെ യഥാര്‍ത്ഥ സത്യത്തില്‍ വിശ്വസിക്കുകയുമാണ്. നിങ്ങളെയും എന്നെയും ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും യഥാര്‍ത്ഥമായും രക്ഷിക്കുവാനായാണ് മിശിഹാ ഈ ഭൂമിയിലേക്ക് വന്നത്. സ്നാപക യോഹന്നാനില്‍ നിന്നും സ്നാനം ഏറ്റതിലൂടെ നമ്മുടെ സകല പാപങ്ങളും അവന്‍ യഥാര്‍ത്ഥമായും ചുമക്കുകയും; നമുക്ക് പകരമായി വാസ്തവമായും അവന്‍ ക്രൂശില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യമാണിത്. നാമെല്ലാവരും ഉറപ്പായും വിശ്വസിക്കേണ്ടുന്ന ഒഴിവാക്കാനാവാത്ത രക്ഷയുടെ പൂര്‍ണ്ണമായ സത്യമാണിത്.
സകല മനുഷ്യരും ദുശ്ചിന്തകളുടെ കൂമ്പാരമാകയാല്‍, മറ്റുള്ളവരെ വേദനിപ്പിക്കാനും അവരില്‍ വേദന ഉളവാക്കുവാനും കൊലചെയ്യുവാനും വരെയുള്ള ദുഷ്ടത നിറഞ്ഞ ആഗ്രഹങ്ങള്‍ എല്ലാവരിലും ഉണ്ട്. മനുഷ്യര്‍ എത്രമാത്രം ദുഷ്ടതരും അധഃകൃതരുമാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. എന്തുകൊണ്ടാണ് മനുഷ്യര്‍ ഇത്രയധികം ദുഷ്ടന്‍മാരായത്? അവരെല്ലാവരും പ്രകൃത്യാല്‍ തന്നെ ദുഷ്ടത ചെയ്യുന്നവരുടെ കൂട്ടവും ദുഷ്ട ചിന്തകളുടെ കേന്ദ്ര സ്ഥാനവും എപ്പോഴും പാപം ചെയ്യുന്നവരുമാണ് എന്നതാണിതിന് കാരണം. മനുഷ്യര്‍ എല്ലാസമയവും 12 വിധ പാപങ്ങളും ചെയ്യുന്നതിനാല്‍, ഏതു സമയവും പൊട്ടിത്തെറിക്കാവുന്ന ബോംബുപോലെയാണ് അവര്‍. വാസ്തവത്തില്‍, സദാസമയവും അവര്‍ ദുഷ്ടത പരിശീലിക്കുന്നു. പരസ്പരം തുടര്‍ച്ചയായി കള്ളം പറയുകയും, മോഷ്ടിക്കുകയും വ്യഭിചരിക്കുകയും കാമവികാരങ്ങള്‍ക്ക് അടിമപ്പെടുകയും ദൈവമഹത്വത്തെ തള്ളിപ്പറയുകയും മൂഢതയും ഭ്രാന്തും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ദുഷ്ടത പ്രവര്‍ത്തിക്കുന്നവരുടെ സംഘമായിത്തീര്‍ന്ന മനുഷ്യര്‍ എല്ലായ്പ്പോഴും ദുശ്ചിന്തകളുടെ കേന്ദ്രമാവുകയും തങ്ങളുടെ ജീവിതത്തിലുടനീളം ദൈവത്തിന്‍റെ വിശുദ്ധിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
 

ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നാം എന്തുമാത്രം ദുഷ്ടരാണ്?

സ്വാര്‍ത്ഥരായിരിക്കുക എന്നത് ഓരോ മനുഷ്യരിലും ഉള്ള ജന്മ സ്വഭാവമാണ്. മനുഷ്യശരീരത്തില്‍ നൂറ് ട്രില്യണിലധികം കോശങ്ങളുണ്ടെന്നും ഈ അസംഖ്യം കോശങ്ങളിലോരോന്നും മറ്റൊന്നിന് ഒരു സൗകര്യവും കൊടുക്കാത്തവിധം സ്വാര്‍ത്ഥത കാണിക്കുന്നതും ആണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനാലാണ് മനുഷ്യന്‍ തികച്ചും സ്വാര്‍ത്ഥനായി മാറിയത്. ഓരോരുത്തരും ജനിതകമായി ഇങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കയാല്‍, ഒരാളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന സാമൂഹിക നിയമങ്ങളും രീതികളും ഇല്ലായിരുന്നെങ്കില്‍, ഈ ലോകത്തില്‍ ആര്‍ക്കും നിലനില്‍ക്കുവാന്‍ കഴിയില്ലായിരുന്നു. അത്തരം നിയമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, പരസ്പരം വെട്ടിക്കൊല്ലുവാന്‍ തക്കവണ്ണം മനുഷ്യര്‍ സ്വാര്‍ത്ഥരായിത്തീരുമായിരുന്നു. തങ്ങളുടെ പരസ്പ്പരമുള്ള നിലനില്‍പ്പിനായിട്ടാണ് അവര്‍ സഹവര്‍ത്തിത്വത്തിന്‍റെ നിയമങ്ങള്‍ സ്ഥാപിച്ചത്. അങ്ങനെയാണ് സാമൂഹ്യക്രമങ്ങളും നിയമങ്ങളും നിലവില്‍ വന്നത്. മനുഷ്യരുടെ നാശോന്മുഖ പ്രവൃത്തികളെ തടയുവാനും കൂടുതല്‍ സഹകരണത്തിലൂന്നിയ ചുറ്റുപാട് രൂപപ്പെടുത്തുവാനുമായിട്ടാണ് സാമൂഹിക നിയമങ്ങള്‍ രൂപപ്പെട്ടത്. ചുരുക്കത്തില്‍, മനുഷ്യര്‍ വളരെ ദുഷ്ടന്മാരും തിന്മ ചെയ്യുന്നവരും ആയതിനാലാണ് അവരുടെ സ്വഭാവം നിയന്ത്രിക്കുവാനും ദുഷ്ട പ്രവണതകളില്‍ നിന്നും തടയുവാനും വേണ്ടിയാണ് സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നത്. ലോകത്തില്‍ ദുഷ്ടത അധികം പ്രത്യക്ഷമായപ്പോള്‍, അധികമായി സാമൂഹ്യ ചട്ടങ്ങളും നിയമങ്ങളും ആവശ്യമായി വന്നു.
യേശു ക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിക്കുവാനും പിതാവാം ദൈവത്തിന്‍റെ സന്നിധിയില്‍ വരുവാനും നിങ്ങള്‍ യഥാര്‍ത്ഥമായും ആഗ്രഹിക്കുന്നുവെങ്കില്‍, അടിസ്ഥാനപരമായി നിങ്ങള്‍ ദുഷ്ടനാണെന്ന് ആദ്യം തിരിച്ചറിയുകയും നരകത്തിലേക്ക് പൂര്‍ണ്ണമായും വിധിക്കപ്പെട്ട നികൃഷ്ടനായ ഒരു പാപിയാണ് നിങ്ങളെന്ന് അംഗീകരിക്കുകയും വേണം. തുടര്‍ന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണം. യേശുക്രിസ്തുവിന്‍റെ നീതിയില്‍ നിങ്ങള്‍ വിശ്വസിക്കുകയും നിങ്ങളുടെ സകല പാപങ്ങളുടെയും മോചനം പ്രാപിക്കുകയും വേണം. ദൈവം വിശുദ്ധനാണെങ്കിലും, മനുഷ്യര്‍ പൂര്‍ണ്ണമായും തിന്മയുള്ളവരാകയാല്‍, എപ്പോഴും പാപം ചെയ്യാതിരിക്കുവാന്‍ അവര്‍ക്കു കഴിയില്ല. അവര്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലാണെങ്കിലും, അവര്‍ ദൈവമഹത്വത്തെ തള്ളിപ്പറയുന്നു. അതിനാലാണ് യേശുക്രിസ്തുവിനാല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിച്ചാല്‍ മാത്രം മനുഷ്യര്‍ക്ക് രക്ഷ നേടുവാന്‍ കഴിയുന്നത്. യേശുക്രിസ്തുവിന്‍റെ നീതിയിലേക്ക് നോക്കുകയും അതിനെ മനസിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്തെങ്കില്‍ മാത്രമേ നിങ്ങളുടെ രക്ഷയില്‍ എത്തിച്ചേരുവാന്‍ നിങ്ങള്‍ക്ക് കഴിയുകയൂള്ളു. “കര്‍ത്താവേ, ഞാന്‍ എപ്പോഴും തിന്മയുള്ളവനാണെന്ന് അംഗീകരിക്കുന്നു. സദാകാലവും ഞാന്‍ ലംഘനത്താല്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ തുടര്‍ച്ചയായി പാപം ചെയ്യുന്നു. ആകയാല്‍ ഞാന്‍ നരകശിക്ഷയ്ക്ക് യോഗ്യനാണ്. ആകയാല്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ അങ്ങ് നല്‍കുന്ന രക്ഷ എനിക്ക് തികച്ചും ഒഴിവാക്കാനാവാത്തതാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ അങ്ങ് എന്നെ രക്ഷിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്‍റെ നീതി അന്വേഷിക്കുകയും അവന്‍റെ കൃപയില്‍ വിശ്വസിക്കുകയും വേണം. തങ്ങളുടെ ബലഹീനതയും ദുഷ്ടതയും അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ യേശുക്രിസ്തുവിന്‍റെ നീതിയില്‍ വിശ്വസിക്കാന്‍ കഴിയുകയുള്ളൂ.
ഒരിക്കല്‍ ഒരു സ്നാനക്കടവിലെ ചുവരില്‍ “നിന്നെത്തന്നെ അറിയുക” എന്ന് എഴുതിയിരിക്കുന്നത് കണ്ടാണ് സോക്രട്ടീസിന് പ്രചോദനമുണ്ടായതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഈ ലളിതവാക്യം സോക്രട്ടീസിന്‍റെ മനസിലുള്ളത് തുറന്നുകാട്ടിയതിനാല്‍, മായാത്ത ഒരു മുദ്ര തന്‍റെ മനസില്‍ ഇത് പതിപ്പിച്ചു. ആകയാല്‍, സ്വയം നീതീകരിക്കുകയും അറിവുള്ളവരാണെന്ന് നടിക്കുകയും ചെയ്യുന്നവരെ കണ്ടാല്‍ “ആദ്യം നിന്നെത്തന്നെ അറിയുക” എന്ന് സോക്രട്ടീസ് അവരെ ഉദ്ബോധിപ്പിക്കുമായിരുന്നു. ഇന്നുവരെയും നമ്മള്‍ ഓര്‍ക്കുന്ന തരത്തില്‍ ഒരു മഹാനായ തത്വചിന്തകനായി സോക്രട്ടീസിനെ മാറ്റുവാന്‍ ഈ ഒരു ലളിതവാക്യം മതിയായിരുന്നു.
നിങ്ങളുടെ പാപപൂര്‍ണ്ണമായ അവസ്ഥ നിങ്ങള്‍ തിരിച്ചറിയേണ്ടുന്നതിന്‍റെ പ്രാധാന്യവും ഈ പാപത്തിന്‍റെ ശമ്പളമായി നിങ്ങള്‍ നരകത്തിലേക്ക് തള്ളപ്പെടുമെന്നുള്ളതും നിങ്ങള്‍ ഹൃദയാംഗമായി അംഗീകരിക്കേണമെന്ന് ഇതിലധികമായി ഉറപ്പിച്ചു പറയാന്‍ എനിക്ക് വാക്കുകളില്ല. ദൈവമുമ്പാകെ നിങ്ങള്‍ എത്ര അധമനായ പാപിയാണെന്നും ആര്‍ക്കും തടയാനാകാത്തവിധം നരകത്തിലേക്ക് നേരെ പോവുകയാണെന്നും ആദ്യം തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ദൈവത്തിന്‍റെ നീതിയെ യഥാര്‍ത്ഥമായി ആശ്ലേഷിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇതുപോലെ, ഓരോരുത്തരും തങ്ങളുടെ പാപങ്ങളുടെ അനന്തരഫലത്തെ ആദ്യം അംഗീകരിക്കണം. ഹോമയാഗപീഠം ഖദിരമരം കൊണ്ട് നിര്‍മ്മിച്ച് അതിന്‍റെ പുറം മുഴുവനും താമ്രം പതിപ്പിച്ചിരുന്നു. സകല പാപികളും തങ്ങളുടെ പാപം നിമിത്തം ശിക്ഷിക്കപ്പെടുമെന്നും നരകത്തിലേക്കുള്ള വീഴ്ചയില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയാത്ത നിസ്സഹായരാണ് ഓരോ പാപിയും എന്നതുമാണ് ഇത് സൂചിപ്പിക്കുന്നത്. തങ്ങള്‍ സ്വയമായി എത്രമാത്രം നിസ്സഹായരാണെന്ന് അറിയുന്നവര്‍ക്കു മാത്രമേ യേശുക്രിസ്തുവിന്‍റെ നീതിയെ ബഹുമാനിക്കുവാനും അവന്‍റെ സ്നേഹത്തില്‍ വിശ്വസിക്കുവാനും കഴിയുകയുള്ളൂ. 
ലൂക്കൊസ് 18:10-14 ലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. “രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവലായത്തില്‍ പോയി. ഒരുത്തന്‍ പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍. പരീശന്‍ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍, മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു. ചുങ്കക്കാരനോ ദൂരത്തു നിന്നു കൊണ്ടു സ്വര്‍ഗ്ഗത്തിലേക്ക് നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. അവന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കുപോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുവാന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.”
യേശുവിന്‍റെ കാലത്തുള്ള പരീശന്മാര്‍ തങ്ങളുടെ പുറം കാഴ്ചയില്‍ വളരെ ഭക്തിയുള്ളവരും നല്ലജീവിതം നയിക്കേണ്ടതിനെക്കുറിച്ച് ബാക്കിയുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരായിരുന്നു. പക്ഷെ, അവര്‍ ഒരിക്കലും മോഷണവും വ്യഭിചാരവും നടത്തിയിട്ടില്ലാത്തവരാണോ? അല്ല, ഒരിക്കലും അല്ല! പരീശന്മാര്‍ പുറമെ ഭക്തിയുള്ളവരായി നടിച്ചാലും ആരും അവരെ നോക്കാന്‍ ഇല്ലാത്തപ്പോള്‍, അവര്‍ മറ്റാരേക്കാളും മോശമായ പാപങ്ങളാണ് അധികമായി ചെയ്തിരുന്നത്. ഇങ്ങനെയാണെങ്കിലും, തങ്ങള്‍ പാപമില്ലാത്തവരാണെന്ന് സ്വന്തം മനസുകളെ മയക്കിക്കിടത്തുകയും ചുറ്റുമുള്ളവരുടെയിടയില്‍ വിശുദ്ധരായി നടിക്കുകയും ചെയ്തിരുന്നു. ദൈവത്തിന്‍റെ വിശുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരക്കാരാണ് ഏറ്റവും അധമരായ പാപികള്‍.
പരീശന്‍റെ പ്രാര്‍ത്ഥനയില്‍ നിന്നും വ്യത്യസ്തമായിരുന്നു ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന. ചുങ്കക്കാരന്‍ ഒരു പാപിയാണെന്ന് എല്ലാവര്‍ക്കും വ്യക്തമായിരുന്നു. വാസ്തവത്തില്‍, അവന്‍ ദൈവത്തിനടുത്തേക്ക് വന്നപ്പോള്‍, സ്വര്‍ഗ്ഗത്തിലേക്ക് തന്‍റെ മുഖം ഉയര്‍ത്തുവാന്‍ പോലും കഴിയാതെ, തന്‍റെ മാറത്തടിച്ചു കൊണ്ട് “ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്ന് ഏറ്റുപറഞ്ഞു. കരുണയ്ക്കുവേണ്ടിയുള്ള ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയും അവന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യത്തില്‍ വിശ്വസിച്ചതിനാല്‍ അവന്‍റെ സകല പാപങ്ങളില്‍ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു. അതിനു വിരുദ്ധമായി, പരീശന്‍ ഒരു തിന്മ ചെയ്യുന്നവനായിട്ടാണ് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വെളിപ്പെട്ടത്. ചുങ്കക്കാരനാണ് ദൈവമുമ്പാകെ നിതീകരിക്കപ്പെട്ടത്, അല്ലാതെ പരീശനല്ല.
നമ്മുടെ പ്രവൃത്തികളില്‍ ആശ്രയിച്ചതിനാലല്ല, ദൈവത്തിന്‍റെ നിതീയില്‍ നമ്മള്‍ ഹൃദയപൂര്‍വ്വം വിശ്വസിച്ചതിനാല്‍ മാത്രമാണ്, നാം പാപമോചനം പ്രാപിച്ചത്. നമ്മുടെ പ്രവൃത്തികളെല്ലാം തന്നെ, ദൈവത്തിന്‍റെ വിശുദ്ധിക്കു മുമ്പില്‍ ഒന്നുമല്ലാത്തതുകാരണം, നമുക്ക് എല്ലായ്പ്പോഴും പാപം ചെയ്യുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. അതിനാല്‍ തന്നെ, യിസ്രായേല്‍ ജനത്തിന്‍റെ പാപങ്ങള്‍ക്കായി ഹോമയാഗപീഠത്തിങ്കല്‍ യാഗമൃഗങ്ങള്‍ തുടര്‍ച്ചയായി യാഗമായിക്കൊണ്ടി രുന്നതുപോലെ, നമ്മുടെ പാപങ്ങള്‍ക്കും തീകൊണ്ടുള്ള ശിക്ഷാവിധിക്ക് നമ്മളും യോഗ്യരായിരുന്നു. ആകയാല്‍, നാം എന്തുമാത്രം പാപപൂര്‍ണ്ണരാണെന്ന് ദൈവമുമ്പാകെ നാം ഏറ്റുപറയുകയും യേശുക്രിസ്തുവില്‍ മാത്രം വിശ്വസിച്ചുകൊണ്ട് നമ്മുടെ പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും നാം രക്ഷ പ്രാപിക്കേണ്ടതുമാണ്.
താമ്രം കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഹോമയാപീഠത്തില്‍ നിന്നും ഉയരുന്ന തീയിലേക്കും പുകയിലേക്കും നോക്കുമ്പോള്‍, ദൈവത്തിന്‍റെ ദൃഷ്ടിയില്‍, നമ്മുടെ പാപം നിമിത്തം നരകത്തീയാല്‍ ശിക്ഷിക്കപ്പെടുവാനുള്ള പാപികളാണ് നമ്മളെന്ന് കാണാന്‍ കഴിയും. നിങ്ങളിലോരോരുത്തരും ഈ വസ്തുത തിരിച്ചറിയണം. അപ്പോള്‍ മാത്രമേ, യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും അവന്‍റെ യാഗരക്തത്തിലും വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും അതിന്‍റെ ശിക്ഷാവിധിയില്‍ നിന്നും പൂര്‍ണ്ണമായും വിടുവിക്കപ്പെടുവാന്‍ കഴിയുകയുള്ളൂ. നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നുമുള്ള രക്ഷ യേശുക്രിസ്തു വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, നിങ്ങള്‍ മുഴുവനായും തിന്മയാല്‍ നിറഞ്ഞവരാണെന്നും നിങ്ങളുടെ പാപങ്ങള്‍ക്കായുള്ള ശിക്ഷാവിധി സഹിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും ആദ്യംതന്നെ ദൈവമുമ്പാകെ അംഗീകരിച്ചിട്ടില്ലാതെ, ഈ രക്ഷയിലേക്ക് ആത്മാര്‍ത്ഥമായും വാഞ്ചയോടുംകൂടി നോക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. ഈ രക്ഷയുടെ സത്യത്തില്‍ നിങ്ങളുടെ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിച്ചാല്‍ മാത്രമേ നിങ്ങളുടെ രക്ഷയില്‍ എത്തിച്ചേരുവാനും, നിങ്ങളുടെ സകല പാപത്തില്‍ നിന്നും അതിന്‍റെ ശിക്ഷാവിധിയില്‍ നിന്നും സ്വതന്ത്രരാകുവാനും ദൈവത്തിന്‍റെ സ്നേഹം അംഗീകരിക്കുവാനും കഴിയുകയുള്ളൂ. പക്ഷെ, നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ രക്ഷയുടെ സത്യത്തില്‍ വിശ്വസിക്കുന്നതിനുമുമ്പായി, നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വം എന്തെന്ന് തിരിച്ചറിയുകയും സത്യസന്ധമായി നിങ്ങളുടെ പാപ പ്രകൃതത്തെയും ലംഘനങ്ങളെയും ദൈവമുമ്പാകെ അംഗീകരിക്കുകയും വേണം. ദൈവത്തിന്‍റെ വിശുദ്ധിയെയും നീതിയെയും യഥാര്‍ത്ഥമായും തിരിച്ചറിയുന്നവര്‍ക്കു മാത്രമേ തന്‍റെ പാപം നിറഞ്ഞ അവസ്ഥയെയും അംഗീകരിക്കാനാവൂ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവം പൂര്‍ണ്ണമായും നീതിമാനും സത്യസന്ധനും വിശ്വസ്തനുമാണെന്നും നിങ്ങള്‍ അവന്‍റെ ദൃഷ്ടിയില്‍ പൂര്‍ണ്ണമായും അനീതിയുള്ളവനും പാപപങ്കിലനും ദുഷ്ടനും ആണെന്നും ആദ്യം തന്നെ അംഗീകരിച്ചെങ്കില്‍ മാത്രമേ, യേശുവിന്‍റെ സ്നാനത്തിലും അവന്‍റെ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ പാപമോചനം പ്രാപിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയുള്ളൂ.
പകരമായി ദൈവമുമ്പാകെ തന്നത്താന്‍ നന്മയുടെ പ്രതീകമായി ഉയര്‍ത്തിയ പരീശനെപ്പോലെ നിങ്ങളും സ്വയം നീതീകരിക്കുകയാണെങ്കില്‍, കട്ടികുറഞ്ഞ ഐസ്പാളിയില്‍ ചവിട്ടിയാണ് നിങ്ങള്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയണം. ദൈവത്തിന്‍റെ കരുണ കണ്ടെത്തുന്നതില്‍ നിന്നും അകന്ന് നിങ്ങള്‍ ദൈവത്താല്‍ കൈവിടപ്പെട്ടവരായിത്തീരും. നേരെ മറിച്ച്, നിങ്ങള്‍ ചുങ്കക്കാരനെപ്പോലെ ആണെങ്കില്‍, നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നരകത്തിലേക്ക് പോകാനുള്ള ഒരു പാപിയാണെന്ന് അംഗീകരിക്കുകയും ഈ എളിയ ഏറ്റുപറച്ചിലിലൂടെ ദൈവത്തില്‍ നിന്നും കരുണ കണ്ടെത്തുകയും ചെയ്യും. വാസ്തവത്തില്‍, ചുങ്കക്കാരെപ്പോലെ താഴ്മയുള്ള സകലരുടെയും പാപങ്ങളെ പിതാവാം ദൈവം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ കഴുകിക്കളയുകയും തന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ അയച്ചതിലൂടെ രക്ഷിക്കുകയും ചെയ്തു.
ഈ ലോകത്തില്‍ അസംഖ്യം ജനങ്ങള്‍ ഉണ്ടെങ്കിലും, അവരെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം: പാപമോചനം പ്രാപിച്ചവരും ഇതുവരെയും അതു പ്രാപിക്കാത്തവരും. ആദ്യവിഭാഗത്തിലുള്ളവര്‍, തങ്ങളുടെ സമ്പൂര്‍ണ്ണമായ അധമത്വവും നരകത്തിലേക്കുള്ള തങ്ങളുടെ വിധിയും അംഗീകരിച്ചവരും തത്ഫലമായി ദൈവത്തിന്‍റെ കരുണ വാഞ്ചിച്ചവരുമാണ്. അത്തരക്കാര്‍, യേശുക്രിസ്തു നല്‍കുന്ന രക്ഷയില്‍ വിശ്വസിക്കുന്നതിലൂടെ പാപമോചനം പ്രാപിച്ചവരാണ്. അവര്‍ ദൈവത്തെ ആത്മാര്‍ത്ഥമായി അംഗീകരിക്കുകയും അവന്‍റെ വിശുദ്ധി, നീതി, വിശ്വസ്തത എന്നിവയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, രണ്ടാമത്തെ വിഭാഗമോ, തങ്ങളുടെ പാപക്ഷമ പ്രാപിക്കുവാന്‍ വിസമ്മതിക്കുക മാത്രമല്ല, ദൈവത്തിനു എതിരായി നില്‍ക്കുകയും ചെയ്യുന്നു. കാരണം യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി അവര്‍ വിശ്വസിക്കുകയോ തങ്ങള്‍ പാപികളാണെന്ന് അംഗീകരിക്കുകയോ ചെയ്യുന്നില്ല. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തിലൂടെ ദൈവം നിങ്ങളുടെ സകല പാപങ്ങളെയും പൂര്‍ണ്ണമായും കഴുകിക്കളഞ്ഞുവെന്ന് നിങ്ങള്‍ വിശ്വസിക്കണം. ഇത്തരത്തിലുള്ള അചഞ്ചലമായ വിശ്വാസം ഉള്ളവര്‍ക്ക് മാത്രമേ യഥാര്‍ത്ഥമായും തങ്ങളുടെ രക്ഷയില്‍ എത്തിച്ചേരുവാന്‍ കഴിയുകയുള്ളൂ.
താമ്രം പൊതിഞ്ഞ ഹോയാഗപീഠം നമ്മുടെ പാപം നിമിത്തം ദൈവത്താല്‍ ശിക്ഷിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മളെങ്കിലും നമ്മുടെ കര്‍ത്താവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശീകരണത്തിലും വിശ്വസിക്കുന്നതിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നാം കഴുകപ്പെട്ടിരിക്കുന്നു എന്നതിനെയാണ് കാണിക്കുന്നത്. പക്ഷെ യേശുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിക്കുകയും നിങ്ങളുടെ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യുന്നതിനുമുമ്പായി താമ്രം പൊതിഞ്ഞ ഹോയാഗപീഠത്തിലെ യാഗമൃഗങ്ങളെപ്പോലെ നിങ്ങള്‍ ചെയ്തുകൂട്ടിയ അസംഖ്യം പാപങ്ങള്‍ക്കായി ദൈവത്തിന്‍റെ ശിക്ഷ അര്‍ഹിക്കുന്നവരായിരുന്നു എന്ന് ആദ്യം തന്നെ നിങ്ങള്‍ അംഗീകരിക്കണം. നിങ്ങളുടെ പാപപൂര്‍ണമായ സ്വത്വത്തെ നിങ്ങള്‍ അംഗീകരിക്കുന്നെങ്കില്‍ മാത്രമേ നിങ്ങളുടെ രക്ഷയ്ക്കായുള്ള യേശുവിന്‍റെ സ്നാനത്തെയും ക്രൂശിലെ അവന്‍റെ രക്തത്തെയും മനസ്സിലാക്കുവാനും വിശ്വസിക്കുവാനും നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. അപ്പോള്‍ മാത്രമേ ദൈവജനത്തിലൊരുവനായി തീരുവാനും കഴിയുകയുള്ളൂ.
 

യേശുവിന്‍റെ രക്തത്തില്‍ മാത്രമുള്ള വിശ്വാസം മതിയായതല്ല

“ഞാന്‍ യേശുവിന്‍റെ രക്തത്തില്‍ വിശ്വസിക്കുമ്പോഴും ഞാനെന്‍റെ പാപപൂര്‍ണമായ സ്വത്വത്തെ അംഗീകരിക്കേണമെന്ന് റവ.ജോങ് പറഞ്ഞുകൊണ്ടേ യിരിക്കുന്നതെന്തിനാണ്?” എന്ന് നിങ്ങളില്‍ ചിലര്‍ ചിന്തിക്കുന്നുണ്ടാകാം. “എനിക്ക് ചില കളങ്കങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ എന്‍റെ പാപങ്ങള്‍ നിമിത്തം ദൈവം എന്നെ ശിക്ഷിക്കുവാന്‍ മാത്രം പാപപൂര്‍ണ്ണനൊന്നുമല്ല ഞാന്‍. എന്‍റെ സകല ചിന്തകളും ഓരോ ഉദ്ദേശ്യവും ഓരോ പ്രവൃത്തിയും പാപപൂര്‍ണമണെന്നും ശിക്ഷയ്ക്ക് യോഗ്യമാണെന്നും ഞാന്‍ കരുതുന്നില്ല.” ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ് എങ്കില്‍ ആ പരീശനെപ്പോലെ നിങ്ങള്‍ക്കും ഗുരുതരമായ അബദ്ധം സംഭവിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ തിരിച്ചറിയണം. നിങ്ങളെക്കുറിച്ച് തന്നെ പൊതുവായ ഒരു വിലയിരുത്തല്‍ നല്‍കിയതിലൂടെ ഒരു വലിയ അബദ്ധമാണ് നിങ്ങള്‍ കാണിച്ചത്.
പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നു. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ചെറുതായാലും വലുതായാലും പാപം പാപം തന്നെയാണ്. ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ആര്‍ക്കെങ്കിലും പാപം ഉണ്ടെന്ന് കണ്ടെത്തിയാല്‍, അത് ഏറ്റവും നിസാരപാപമാണെങ്കിലും ശരി, ആ വ്യക്തി ഈ പാപം നിമിത്തം ശിക്ഷിക്കപ്പെടുകയും നരകത്തീയിലേക്ക് തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പാപങ്ങള്‍ ചെറുതോ വലുതോ എന്നത് പ്രശ്നമല്ല; നിങ്ങളില്‍ പാപമുണ്ടെങ്കില്‍, വിശുദ്ധനായ ദൈവത്തിന്‍റെ കണ്ണുകളില്‍ മറ്റേതൊരു പാപിക്കും തുല്യനാണ് നിങ്ങളും.
എന്തുകൊണ്ടാണ് ഇത് ഇങ്ങനെ? കാരണം, ദൈവം വിശുദ്ധനാകയാലും നിങ്ങളുടെ പാപങ്ങളെ എത്ര ഗൗരവമായോ നിസാരമായോ നിങ്ങള്‍ കരുതിയാലും, ദൈവത്തിന് ഒരു പാപത്തെയും പൊറുക്കാന്‍ ആവില്ല എന്നതുതന്നെ. ഇക്കാരണത്താല്‍ തന്നെ ഒരു വിവേചനവും കൂടാതെ സകല പാപങ്ങളെയും ദൈവം തീര്‍ച്ചയായും ശിക്ഷിക്കും.
നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും സത്യസന്ധതയോടെ ദൈവമുമ്പാകെ തുറന്നു കാണിക്കുമ്പോള്‍, ഞാന്‍ കുറച്ച് പാപങ്ങളേ ചെയ്തിട്ടുള്ളു എന്ന് അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ ഏതാനും പാപം മാത്രമേ ചെയ്തിട്ടുള്ളു എന്ന് പറയുകയാണെങ്കില്‍ ലോകത്തിന്‍റെ മാനദണ്ഡമനുസരിച്ച് നിങ്ങള്‍ നന്മയുള്ള ആളാണെന്ന് ഒരു പക്ഷെ, നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ ദൈവത്തിന്‍റെ ന്യായവിധിയെയും പാപത്തിനുള്ള ശിക്ഷാവിധിയെയും കുറിച്ച് തികച്ചും തെറ്റായ ധാരണ നിങ്ങള്‍ക്കുള്ളതിനാലും ദൈവം എത്രമാത്രം കര്‍ക്കശനാണ് എന്ന് അറിയാത്തതിനാലുമാണ് നിങ്ങള്‍ ഇങ്ങനെ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ സ്വന്തം മാനദണ്ഡങ്ങളും ആത്മനീതീകരണവും അടിസ്ഥാനമാക്കി നിങ്ങളെത്തന്നെ വിലയിരുത്തുകയും ദൈവത്തിന്‍റെ മാനദണ്ഡങ്ങളെ ഒഴിവാക്കുകയും ചെയ്തതിനാലാണ് ഈ ഗൗരവമായ തെറ്റ് നിങ്ങള്‍ക്ക് സംഭവിച്ചത്. ആകയാല്‍ “ദൈവ ദൃഷ്ടിയില്‍ ഞാന്‍ എങ്ങനെ ആയിരിക്കും കാണപ്പെടുക?” എന്ന് നിങ്ങളോടുതന്നെ ചോദിച്ചുകൊണ്ട്, ദൈവത്തിന്‍റെ നിയമത്തിന് മുമ്പില്‍ ഒരിക്കല്‍കൂടി വസ്തുനിഷ്ഠാപരമായി നിങ്ങളെ തന്നെ പരിശോധിച്ചു നോക്കണം. ദൈവം എന്നെ നോക്കുമ്പോള്‍, ശിക്ഷിക്കപ്പെടേണ്ട ഒരു വ്യക്തിയായി ഞാന്‍ കാണപ്പെടുകയില്ലയോ? എന്നെ നിശ്ചയമായും നരകത്തിലേക്ക് അയക്കുന്ന അസംഖ്യം പാപങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും ചെയ്തിട്ടില്ലയോ? ഇതുപോലെ, നിങ്ങളെ ദൈവമുമ്പാകെ വസ്തുനിഷ്ഠാപരമായി പരിശോധിക്കുകയും നിങ്ങളുടെ പാപത്തിന്‍റെ ശമ്പളമായി നരകത്തീയിലേക്ക് തള്ളപ്പെടേണ്ട ഒരു പാപിയാണ് നിങ്ങളെന്ന് വ്യക്തമായി തിരിച്ചറിയുകയും വേണം.
വിശ്വാസം കൂടാതെ നിങ്ങള്‍ ചെയ്തത് എല്ലാം തന്നെ ദൈവമുമ്പാകെ പാപമാണെന്ന് (റോമര്‍ 14:23) നിങ്ങള്‍ തിരിച്ചറിയേണ്ടത് തികച്ചും വസ്തുതാപരമാണ്. അതായത്, നിങ്ങള്‍ അത്തരം പാപങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നുവെന്നതും ഈ പാപങ്ങള്‍ക്കായി നിങ്ങള്‍ ശിക്ഷിക്കപ്പെടുമെന്നതും വസ്തുത തന്നെ. ഇതിനുശേഷം മാത്രമേ, ഇത്രയും അധമപാപിയായ നിങ്ങളെ നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെയും പിരിച്ച പഞ്ഞിനൂലിലൂടെയും കര്‍ത്താവ് രക്ഷിച്ചു എന്ന രക്ഷയുടെ സത്യത്തെ തിരിച്ചറിയുവാനും ഇറുകെ പിടിക്കാനും നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. ഈ നിമിഷം മാത്രമേ പാപമോചനം പ്രാപിക്കുവാനും നിങ്ങള്‍ക്ക് കഴിയുകയുള്ളൂ.
സമാഗമന കൂടാരത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ദൈവവചനത്തിലേക്ക് നോക്കുമ്പോള്‍ ഇപ്രകാരം ഏറ്റുപറയാതിരിക്കാന്‍ നമുക്ക് കഴിയില്ല. “കര്‍ത്താവേ, ഞങ്ങളുടെ പാപം നിമിത്തം ശിക്ഷക്കായി വിധിക്കപ്പെട്ടവരായി ഞങ്ങള്‍ എല്ലാവരും; കാരണം എല്ലായ്പ്പോഴും പാപം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഞങ്ങള്‍ക്കില്ല. എങ്കിലും, അങ്ങ് സ്നാനപ്പെടുകയും ഞങ്ങളെ രക്ഷിക്കുവാനായി രക്തം ചിന്തുകയും ചെയ്തതിലൂടെ ഞങ്ങളുടെ സകല പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും അങ്ങ് ഞങ്ങളെ വിടുവിച്ചുവല്ലോ. അങ്ങയുടെ ആത്മാവിന്‍റെയും വെള്ളത്തിന്‍റെയും സുവിശേഷ സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെമാത്രം ഞങ്ങളുടെ സകല പാപങ്ങളില്‍ നിന്നും ശിക്ഷാവിധിയില്‍ നിന്നും ഞങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. വാസ്തവമായും ഞങ്ങളെല്ലാം നരകത്തിലേക്ക് തള്ളപ്പെടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അങ്ങേയ്ക്ക് നന്ദി; അങ്ങ് സ്ഥാപിച്ച യാഗവ്യവസ്ഥയില്‍ വിശ്വസിക്കുന്നതിലൂടെ ഞങ്ങളുടെ സകല പാപങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ടിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയ രക്ഷയുടെ ദാനമാണിത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ അത്ഭുതകരമായ കൃപയ്ക്ക് മുമ്പില്‍ ഞങ്ങള്‍ക്കാകെ ചെയ്യാനുള്ളത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുകയും ഞങ്ങളുടെ സകല നന്ദിയും അങ്ങേയ്ക്ക് അര്‍പ്പിക്കുകയും മാത്രമാണ്.
ക്രിസ്തുവിന്‍റെ നീതിയിലേക്ക് വന്നിട്ടില്ലാത്ത അസംഖ്യം ജനങ്ങള്‍ ഇപ്പോഴും ഈ ലോകത്തിലുണ്ട്. കര്‍ത്താവ് നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സത്യത്തിലൂടെ ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും ഓരോ പാപിയെയും രക്ഷിച്ചുവെന്നത് തിരിച്ചറിയാതെ രക്ഷയുടെ സത്യത്തെക്കുറിച്ച് ഇപ്പോഴും അജ്ഞരായിരിക്കുന്ന വളരെയധികം പേരുണ്ട്. തങ്ങള്‍ എന്തുമാത്രം തിന്മയുള്ളവരാണെന്നും തങ്ങളുടെ പാപങ്ങള്‍ക്കായി എങ്ങനെ ശിക്ഷിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നും ഈ ജനത്തിന് ഒരാശയവും ഇല്ല. എല്ലായ്പ്പോഴും അസംഖ്യം പാപങ്ങള്‍ ചെയ്യുകയും തങ്ങളുടെ പാപങ്ങള്‍ക്കായി അവര്‍ ശിക്ഷ അനുവദിക്കുമെങ്കിലും തങ്ങള്‍ അത്തരത്തില്‍ അധമരായ പാപികളാണെന്ന് അവര്‍ തിരിച്ചറിയാത്തതിനാല്‍ തങ്ങളെത്തന്നെ വഞ്ചിക്കുന്നു. മാത്രമല്ല, തങ്ങള്‍ ദൈവമുമ്പാകെ സത്പ്രവൃത്തികളാണ് ചെയ്യുന്നതെന്ന് തെറ്റിദ്ധിക്കുകയും ചെയ്യുന്ന അവര്‍ തങ്ങളുടെ സ്വന്തം നന്മകളെ പുറത്തുകാണിക്കാന്‍ വളരെ ഉത്സുകരായിരിക്കും. അവര്‍ ദൈവത്തെ സമീപിക്കുമ്പോള്‍ ദൈവനീതിക്ക് അപ്പുറത്തായി തങ്ങളുടെ സ്വന്തം നീതിയെ ഉയര്‍ത്തി കൊണ്ടുവരുവാന്‍ അവര്‍ മടിക്കാറില്ല. തങ്ങളുടെ സ്വയനീതിയാകുന്ന അഹങ്കാരത്തില്‍ തങ്ങള്‍ക്കു പാപം ഉണ്ടെങ്കില്‍ പോലും നരകത്തില്‍ പോവുകയില്ലെന്ന് അവര്‍ കരുതുന്നു. തങ്ങളില്‍ ഏതാനും പാപം മാത്രമേയുള്ളൂവെന്ന് ചിന്തിച്ച് കൊണ്ട് തങ്ങളൊരിക്കലും നരകത്തില്‍ പോവുകയില്ലെന്ന് പൂര്‍ണമായും അവര്‍ തങ്ങളെത്തന്നെ ബോധ്യപ്പെടുത്തുന്നു എന്നാല്‍ ഈ പാപങ്ങള്‍ക്കെല്ലാം മോചനം നേടേണ്ട ആവശ്യം അവര്‍ക്കുണ്ട്.
തങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെങ്കിലും തങ്ങളില്‍ ഏതാനും പാപങ്ങള്‍ തുടരുന്നുവെന്നും അനുതാപ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിലൂടെ ഈ പാപങ്ങളെ ഏറ്റവും എളുപ്പത്തില്‍ കഴുകിക്കളയാമെന്നും അവസാനം ഏതുവിധേനയും അവര്‍ വിശുദ്ധീകരിക്കപ്പെടുമെന്നും ചിന്തിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ലോകത്തെമ്പാടും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. തങ്ങള്‍ പാപപൂര്‍ണരായി തുടര്‍ന്നാലും യേശുവില്‍ വിശ്വസിക്കുന്നതു നിമിത്തം ദൈവം തങ്ങളെ ന്യായം വിധിക്കുകയില്ല എന്നുറപ്പിച്ചിരിക്കുകയാണ് അനേകം ക്രിസ്ത്യാനികള്‍. എത്രയധികം പേര്‍ ഇങ്ങനെ ബോധ്യപ്പെട്ടിരുന്നാലും അവരെല്ലാവരും എരിയുന്ന നരകത്തീയിലേക്ക് വിധിക്കപ്പെട്ടവര്‍ തന്നെയാണ്. സമാഗമന കൂടാരത്തിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ട രക്ഷയുടെ രഹസ്യത്തെ യഥാര്‍ത്ഥമായും അറിയാതെ ഇരിക്കെ, നിങ്ങള്‍ നരകത്തില്‍ പോകില്ലാ എന്ന് നിങ്ങള്‍ വിശ്വസിക്കുകയാണെങ്കിലും അഥവാ യേശുവിന്‍റെ സ്നാനത്തില്‍ വിശ്വസിക്കാതെ യേശുക്രിസ്തു നിങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടു എന്നുമാത്രം വിശ്വസിക്കുകയാണെങ്കിലും നിങ്ങളുടെ വിശ്വാസം വഴിതെറ്റിയതും അപൂര്‍ണവും ആണ്. ഇതുപോലെ നിങ്ങളുടെ ഹൃദയങ്ങള്‍ പാപത്താല്‍ നിറഞ്ഞിരിക്കുകയാണെങ്കിലും യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനായി എങ്ങനെയെങ്കിലും വിശ്വസിക്കുന്നതു നിമിത്തം നിങ്ങള്‍ നരകത്തില്‍ പോകുകയില്ല എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ ദൈവത്തിന്‍റെ വിശുദ്ധിയെയാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നത്. ദൈവത്തിന്‍റെ ശിക്ഷാവിധിയെ നേരിടേണ്ടി വരുമെന്ന് വിശ്വസിക്കാത്ത അഹങ്കാരികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലമാണ് നരകം.
തങ്ങള്‍ നേരെ നരകത്തിലേക്ക് കുതിക്കുകയാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അനേകം പാപികള്‍ മൂഢന്മാരായി കഴിയുന്നുണ്ട് എന്നത് തികച്ചും ഒരു ദുരന്തം തന്നെയാണ്. “എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു” (റോമര്‍ 3:23) എന്നു ബൈബിള്‍ പറയുന്നതു പോലെ എല്ലാവരും തീര്‍ച്ചയായും പാപം നിറഞ്ഞവരാകയാല്‍ നരകത്തിലേക്ക് തള്ളപ്പെടേണ്ടവരാണ്. ദൈവമഹത്വം എന്നത് വെള്ളത്തിനാലും ആത്മാവിനാലും വന്ന യേശുക്രിസ്തു അല്ലാതെ മറ്റൊന്നല്ല. അസംഖ്യം ക്രിസ്ത്യാനികള്‍ യേശുവില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ജലം, രക്തം, ആത്മാവ് എന്നിവയിലൂടെയാണ് യേശു വന്നതെന്ന് യഥാര്‍ത്ഥമായും മനസ്സിലാക്കാത്ത അവരില്‍ ഏറിയ പങ്കും രക്ഷിക്കപ്പെടാത്തവരായി തുടരുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ വന്ന യേശുക്രിസ്തുവിനെ കുറിച്ച് നിങ്ങള്‍ അറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇതുവരെയും നിങ്ങളുടെ പാപങ്ങളില്‍ നിന്നും നിങ്ങള്‍ കഴുകപ്പെട്ടിട്ടില്ല. ആകയാല്‍ തന്നെ ദൈവത്തിന്‍റെ മനോഹര ഭവനത്തിലേയ്ക്ക് പ്രവേശിക്കുവാനും കഴിയില്ല. ദൈവത്തിന്‍റെ ഭവനത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ദൈവരാജ്യത്തിന്‍റെ പങ്കാളിയാകുന്നതില്‍ നിന്നും അകന്നിരിക്കുന്ന നിങ്ങള്‍ അന്ത്യത്തില്‍ നരകത്തിലേക്ക് തള്ളപ്പെടും എന്നുമാത്രമാണ് ഇത് അര്‍ത്ഥമാക്കുന്നത്. 
ആകയാല്‍ യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനായി വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു ക്രിസ്ത്യാനിയാണ് നിങ്ങളെങ്കിലും നിങ്ങള്‍ യഥാര്‍ത്ഥമായും വീണ്ടും ജനിച്ചില്ലായെങ്കില്‍ നിങ്ങളുടെ പാപം നിമിത്തം നരകത്തിലേക്ക് വിധിക്കപ്പെട്ടവരാണ് നിങ്ങളെന്ന് അംഗീകരിക്കുകയും ഈ നിമിഷം മുതല്‍ യേശു ക്രിസ്തുവില്‍ ശരിയായി വിശ്വസിക്കുകയും വേണം. പാപത്തിന്‍റെ ശമ്പളം മരണമെന്ന് ദൈവത്തിന്‍റെ നിയമം വ്യക്തമായി പറയുമ്പോള്‍ ഈ വിശുദ്ധനിയമത്തെ നിങ്ങള്‍ അംഗീകരിക്കുകയും വേണം. നിങ്ങളുടെ പാപം നിമിത്തം നരകത്തിലേക്ക് നേരെകുതിച്ചു കൊണ്ടിരിക്കുന്ന ആളാണ് നിങ്ങളെന്ന് അംഗീകരിക്കുമെങ്കില്‍ മാത്രമേ ദൈവത്താല്‍ നല്‍കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാനും നിങ്ങള്‍ക്ക് കഴിയുകയുള്ളൂ. ദൈവത്തിന്‍റെ ദാനമാകുന്ന രക്ഷയാണ് പാപങ്ങളുടെ മോചനം. യേശുക്രിസ്തുവിന്‍റെ സ്നാനത്തിലും അവന്‍റെ ക്രൂശുമരണത്തിലും ഉയിര്‍ത്തെഴുന്നേല്പിലും വിശ്വസിക്കുന്നവരുടെ മേല്‍ മാത്രമാണ് ഈ ദാനം പകരപ്പെടുന്നത്. 
നമ്മുടെ സകലപാപങ്ങളില്‍ നിന്നുമുള്ള വിടുതലും രക്ഷയും നമ്മില്‍ നിന്നല്ല, മറിച്ച് ദൈവത്തിന്‍റെ ദാനമായാണ് നമ്മിലേക്ക് വരുന്നത്. നമ്മളാരും തന്നെ നമ്മുടെ സ്വന്തഇഷ്ടപ്രകാരം അല്ല, ഈ ലോകത്തില്‍ ജനിച്ചത് പകരം നമ്മെ തന്‍റെ സ്വന്തമക്കളാക്കുവാനായി ഈ ഭൂമിയില്‍ ജനിക്കുവാന്‍ ദൈവം നമ്മെ അനുവദിക്കുകയായിരുന്നു. യേശുവിന്‍റെ സ്നാനം, അവന്‍റെ ക്രൂശുമരണം, അവന്‍റെ പുനരുത്ഥാനം എന്നിവയില്‍ വിശ്വസിക്കുമ്പോള്‍ മാത്രമേ നമ്മുടെ രക്ഷയില്‍ എത്തിച്ചേരുവാന്‍ ദൈവം നമ്മെ കഴിവുള്ളവരാക്കുന്നുള്ളൂ എന്നും തിരിച്ചറിഞ്ഞുകൊണ്ട് നമ്മളോരോരുത്തരും ഈ സത്യത്തില്‍ തീര്‍ച്ചയായും വിശ്വസിക്കേണം. 
പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് പ്രഖ്യാപിക്കുന്ന തന്‍റെ നിയമം സ്ഥാപിക്കുമ്പോള്‍ തന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നമുക്ക് നിത്യജീവന്‍ നല്‍കുവാനും ദൈവം പദ്ധതിയിട്ടിരുന്നു. ഖദിരമരം കൊണ്ട് ഹോമയാഗപീഠം ഉണ്ടാക്കുവാനും അതിനെ താമ്രം കൊണ്ട് പൊതിയുവാനും അതില്‍ തീ കത്തിക്കുവാനും ദൈവം കല്‍പ്പിച്ചു. പാപത്തിന്‍റെ ശമ്പളം മരണമാണെന്നും ഓരോ പാപിയും എന്നെന്നേക്കുമായി ശിക്ഷിക്കപ്പെടേണം എന്നും ഇത് സൂചിപ്പിക്കുന്നു. ദൈവസ്ഥാപിതമായ അത്തരം നിയമങ്ങളെ നമുക്കാര്‍ക്കും തന്നെ ലംഘിക്കുവാനോ മാറ്റുവാനോ കഴിയില്ല. അതിനാലാണ് നമ്മളെല്ലാവരും നിസ്സഹായരായ പാപികളാണെന്ന് അംഗീകരിക്കുകയും രക്ഷയുടെ സത്യത്തെ വിശ്വാസത്താല്‍ നമ്മുടെ ഹൃദയങ്ങളില്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് പറയുന്നത്. ദൈവം സ്ഥാപിക്കുകയും നമുക്കായി പൂര്‍ത്തീകരിക്കുകയും ചെയ്ത ഓരോ നിയമത്തെയും നാം തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്യേണമെന്നത് നമുക്കെല്ലാവര്‍ക്കും തികച്ചും അനുപേക്ഷണീയമാണ്.
സമാഗമനകൂടാരത്തെയും ശരിയായ വിശ്വാസത്തെയും കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും അവയ്ക്കുള്ള ശിക്ഷാവിധിയില്‍ നിന്നും ദൈവം നിങ്ങളെ രക്ഷിക്കുന്നു എന്നു മാത്രമല്ല അവന്‍റെ സകല അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ ചൊരിയുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ പാപങ്ങളെ ഗൗരവമായി കരുതുവാന്‍ ഒരിക്കലെങ്കിലും നിങ്ങള്‍ വിസമ്മതിക്കുകയും നിങ്ങളില്‍ പാപം ഒന്നും ഇല്ലായെന്ന് ദുര്‍വാശിയോടെ ചിന്തിക്കുകയോ, നിങ്ങളൊരു തരത്തിലും ഉള്ള ജഡിക പാപങ്ങള്‍ ചെയ്തിട്ടില്ലെന്നും അഥവാ നിങ്ങള്‍ ചെയ്ത നല്ലകാര്യങ്ങളെ അപേക്ഷിച്ച് ഈ കുറച്ചു പാപങ്ങള്‍ ഒന്നും അല്ലെന്നും നിങ്ങള്‍ കരുതുകയാണെങ്കില്‍ നിങ്ങളുടെ ആത്മാവ് ദൈവനിയമത്തിന്‍റെ കോപത്തിന് പാത്രമായിത്തീരും.
യേശുക്രിസ്തു ദൈവം തന്നെയാണ്. ക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനായി നിങ്ങള്‍ വിശ്വസിക്കുകയും കര്‍ത്താവു പൂര്‍ത്തീകരിച്ച ദൈവത്തിന്‍റെ നീതിയില്‍ ആശ്രയിക്കുകയും ചെയ്യുമെങ്കില്‍ നിങ്ങളുടെ സകലപാപങ്ങളില്‍ നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ക്കു കഴിയും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നിങ്ങളുടെ സകല പാപങ്ങളില്‍ നിന്നും ഒരിക്കലായി നിങ്ങള്‍ സ്വാതന്ത്ര്യം പ്രാപിച്ചാല്‍ എന്നെന്നേക്കും ദൈവത്തില്‍ വസിക്കുവാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കഴിയും. 
സമാഗമനകൂടാരത്തെ കുറിച്ചുള്ള ഈ വചനം പ്രചരിപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇപ്പോഴാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉപദ്രവകാലത്തിന് മുന്‍പുള്ള ഉല്‍പ്രാപണ സിദ്ധാന്തത്തിലൂടെ അനേകരെ ചിന്താകുഴപ്പത്തിലാക്കിയ കാലങ്ങളുണ്ടായിരുന്നു. എന്നാല്‍ വെളിപ്പാട് പുസ്തകത്തിലെ വചനത്തെ പ്രസംഗിക്കുവാന്‍ അക്കാലത്ത് നമ്മെ ഒരുക്കുക വഴി തങ്ങളുടെ തെറ്റായ വിശ്വാസത്തെ തള്ളിക്കളഞ്ഞ് സത്യവിശ്വാസത്തെ പ്രാപിക്കുവാന്‍ അനേകരെ അത് സഹായിച്ചു. അതുപോലെ ഇന്നത്തെ കാലഘട്ടത്തില്‍, നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെടുന്ന വിശ്വാസത്തെ പ്രസംഗിക്കാനുള്ള തക്ക സമയമാണിത്. ദൈവത്തില്‍ നിന്നും രക്ഷയുടെ ദാനം നാം പ്രാപിച്ചതിനാല്‍ ഈ രക്ഷയുടെ ദാനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സകലനന്ദിയും ഞാന്‍ ദൈവത്തിന് അര്‍പ്പിക്കുന്നു.