(പുറപ്പാട് 25:31- 40)
“തങ്കം കൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിപ്പു പണിയായിക്കേണം. അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍ നിന്ന് തന്നെ ആയിരിക്കേണം. നിലവിളക്കിന്‍റെ മൂന്ന് ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്‍റെ മൂന്ന് ശാഖ മറ്റേവശത്തുനിന്നും ഇങ്ങനെ ആറ് ശാഖ അതിന്‍റെ പാര്‍ശ്വങ്ങളില്‍ നിന്ന് പുറപ്പെടേണം. ഒരു ശാഖയില്‍ ഓരോ മുട്ടും ഓരോ പൂവുമായി ബദാം പൂപോലെ മൂന്ന് പൂഷ്പപുടവും മറ്റൊരു ശാഖയില്‍ ഓരോ മുട്ടും ഓരോ പൂവുമായി ബദാം പൂ പോലെ മൂന്ന് പുഷ്പപുടവും ഉണ്ടായിരിക്കേണം. നിലവിളക്കില്‍ നിന്ന് പുറപ്പെടുന്ന ആറ് ശാഖയ്ക്കും അങ്ങനെതന്നെ വേണം. വിളക്ക് തണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാം പൂപോലെ നാല് പുഷ്പപുടം ഉണ്ടായിരിക്കേണം. അതില്‍ നിന്നുള്ള രണ്ട് ശാഖയ്ക്ക് കീഴെ ഒരു മുട്ടും മറ്റ് രണ്ട് ശാഖയ്ക്കു കീഴെ ഒരു മുട്ടും മറ്റ് രണ്ട് ശാഖയ്ക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കില്‍ നിന്നും പുറപ്പെടുന്ന ആറ് ശാഖയ്ക്കും വേണം. അവയുടെ മുട്ടുകളും ശാഖകളും അതില്‍ നിന്ന് തന്നെ ആയിരിക്കേണം. മുഴുവനും തങ്കംകൊണ്ട് ഒറ്റ അടിപ്പു പണിയായിരിക്കേണം. അതിന് ഏഴ് ദീപം ഉണ്ടാക്കി നേരെ മുമ്പോട്ട് പ്രകാശിപ്പാന്‍ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം. അതിന്‍റെ ചവണകളും കരിന്തിരി പാത്രങ്ങളും തങ്കം കൊണ്ട് ആയിരിക്കേണം. അതും ഈ ഉപകരണങ്ങള്‍ ഒക്കെയും ഒരു താലന്ത് തങ്കം കൊണ്ട് ഉണ്ടാക്കേണം. പര്‍വ്വതത്തില്‍ വച്ച് കാണിച്ചുതന്ന മാതൃക പ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചു കൊള്ളേണം”.
സമാഗമന കൂടാരത്തിലെ നിലവിളക്കിനെ കുറിച്ചാണ് ഈ വേദഭാഗം വിവരിക്കുന്നത്. ഇന്ന് ഇതിന്‍റെ പൂഷ്പപുടങ്ങള്‍, പൂഷ്പങ്ങള്‍, ദീപങ്ങള്‍ എന്നിവയുടെ ആത്മീയ അര്‍ത്ഥം വിശദീകരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു കട്ടി സ്വര്‍ണം കൊണ്ട് ആദ്യം തന്നെ നിലവിളക്കിന്‍റെ തണ്ട് ഉണ്ടാക്കുവാന്‍ ദൈവം മോശെയോട് കല്‍പ്പിച്ചു. അങ്ങനെ നിലവിളക്ക് തണ്ട് ആദ്യം രൂപപ്പെടുത്തി. തുടര്‍ന്ന് ഈ തണ്ടില്‍ നിന്നും മൂന്ന് ശാഖകള്‍ ഇരുവശത്തുമായി അടിപ്പുപണിയായി ഉണ്ടാക്കി. നിലവിളക്ക് തണ്ടിന്‍റെ ഓരോ വശത്തുനിന്നും മൂന്ന് ശാഖകളില്‍ ഓരോ മുട്ടും ഓരോ പൂവുമായി ബദാം പൂപോലെ ഉണ്ടാക്കി. അതില്‍ തന്നെ പുഷ്പപുടവും പുഷ്പങ്ങളും നിര്‍മ്മിച്ചു. ഇപ്രകാരം ഏഴ് ദീപങ്ങള്‍ ഈ ശാഖകളുടെ മുകളിലുണ്ടായിരുന്നു. ഈ ഏഴ് ദീപങ്ങളിലും എണ്ണപകര്‍ന്ന് തെളിയിക്കും. ഇപ്രകാരം തെളിയിക്കുന്ന നിലവിളക്ക് വിശുദ്ധ സ്ഥലത്തിനകവശവും അതിലെ ഉപകരണങ്ങളെയൊക്കെയും ശോഭയോടെ പ്രകാശിപ്പിച്ചിരുന്നു.
നിങ്ങള്‍ക്കും എനിക്കുമായി സ്വര്‍ഗത്തിലെ രാജാവ് താഴ്ന്ന മനുഷ്യരൂപത്തില്‍ ഈ ഭൂമിയിലേക്ക് വന്നു. ഈ ഭൂമിയില്‍ നീല, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട രക്ഷയുടെ പ്രവൃത്തികള്‍ യേശു പൂര്‍ത്തീകരിച്ചു. ഈ ഭൂമിയില്‍ ജനിച്ച് തന്‍റെ 30-മത്തെ വയസ്സില്‍ സ്നാപകയോഹന്നാനില്‍ നിന്ന് യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ട് ക്രൂശില്‍ ശിക്ഷാവിധിയേറ്റ യേശുക്രിസ്തുവാണ് രക്ഷയുടെ ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. കൈവെപ്പിന്‍റെ രൂപമായി “ഇങ്ങനെ” സ്നാനപ്പെട്ട യേശു മാനവജാതിയുടെ സകല പാപങ്ങളെയും ചുമന്നു (മത്തായി 3:15). മനുഷ്യനായി തീര്‍ന്ന് സ്നാനപ്പെട്ടതിലൂടെ മാനവജാതിയുടെ പാപങ്ങള്‍ ചുമന്നതിനാല്‍ യേശു ക്രൂശിക്കപ്പെടുകയും തന്‍റെ രക്തം ചിന്തുകയും അതുവഴി നീല, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട രക്ഷയുടെ ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്തു. ദൈവത്തിന്‍റെ സഭ അതിന്‍റെ അടിസ്ഥാനം ഇട്ടിരിക്കുന്ന സത്യമാണിത്.
നമ്മുടെ കര്‍ത്താവ് സഭയുടെ പൂഷ്പപുടമായി തീര്‍ന്നു. പാപമോചനം പ്രാപിച്ച നിങ്ങളുടെയും എന്‍റെയും രക്ഷയുടെ അടിസ്ഥാനമായി ദൈവം മാറി. ആകയാല്‍ കര്‍ത്താവ് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട തന്‍റെ രക്ഷാപ്രവൃത്തികളിലൂടെ നമ്മുടെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചുവെന്ന് വിശ്വസിക്കുന്നതിലൂടെ നിങ്ങളും ഞാനും ദൈവത്തിന്‍റെ സഭയുടെ ഭാഗമായി തീര്‍ന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ നാം ദൈവകൃപയെ ധരിച്ചിരിക്കുന്നു. ഇതിനാലാണ് “സഭ” ഗ്രീക്ക് ഭാഷയില്‍ “എക്ലീസിയ” എന്ന് വിളിക്കപ്പെടുന്നത്. “ലോകത്തിന്‍റെ പാപത്തില്‍ നിന്ന് വിളിച്ച് വേര്‍തിരിക്കപ്പെട്ടവരുടെ കൂട്ടം” എന്നാണിതിനര്‍ത്ഥം.
ഈ ലോകത്തിലെ ജനങ്ങളെ പാപത്തില്‍ നിന്നും വിടുവിച്ച് രക്ഷപ്പെടുവാന്‍ അനുവദിച്ചത് യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ വന്ന് സകല പാപികളുടെയും അകൃത്യങ്ങളെ കഴുകിക്കളഞ്ഞ കര്‍ത്താവാണവന്‍. കര്‍ത്താവിന്‍റെ സ്നാനത്തിലും രക്തംചിന്തലിലും വിശ്വസിക്കുന്നതിലൂടെ നാം പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട് സമ്പൂര്‍ണ്ണ നീതിന്മാരായി മാറുന്നു. നമ്മുടെ കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, നീല, ധൂമ്രം, നൂലുകളിലൂടെ രക്ഷയുടെ സകല പ്രവൃത്തികളും പൂര്‍ത്തീകരിച്ചു എന്ന സത്യത്തിലുള്ള വിശ്വാസത്തിലൂടെയാണ് നമുക്ക് കര്‍ത്താവിന്‍റെ നീതികരണം നേടുവാനായത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന വിശ്വാസമാണിത്.
യേശു ഈ ഭൂമിയിലേക്ക് വന്ന് യേഹന്നാനാല്‍ സ്നാനപ്പെട്ടതിലൂടെ നമ്മുടെ സകല പാപങ്ങളെയും ചുമന്നു (മത്തായി 3:13-17). നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന സത്യവും വിശ്വാസവുമാണിത്. സ്നാപകയോഹന്നാനില്‍ നിന്ന് സ്നാനപ്പെട്ടതിനുശേഷം ലോകത്തിന്‍റെ പാപങ്ങള്‍ക്കായി ശിക്ഷിക്കപ്പെട്ടതിനാല്‍ യേശു നമ്മുടെ പാപങ്ങളെയെല്ലാം ഒരിക്കലായി തുടച്ചുനീക്കി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സകല പാപങ്ങളെയും ചുമലിലേറ്റിയ യേശു അവയില്‍ നിന്നെല്ലാം നമ്മെ വിടുവിച്ചു. ഈ രീതിയില്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട തന്‍റെ രക്ഷയുടെ പ്രവൃത്തികളാല്‍ കര്‍ത്താവ് ലോകത്തിന്‍റെ സകല പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചു. ഈ സത്യത്തില്‍ വ്യക്തമായി അറിഞ്ഞ് വിശ്വസിക്കുക എന്നതാണ് രക്ഷയുടെ സത്യവിശ്വാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
നമ്മുടെ സകല പാപങ്ങളില്‍ നിന്നും വിശ്വാസത്താലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ പാപത്തില്‍ നിന്നുള്ള രക്ഷ ദൈവത്തിന്‍റെ ദാനമാണ്. ഇതുപോലെ നമ്മുടെ രക്ഷ ലോകാരംഭത്തിനുമുമ്പ് തന്നെ യേശുക്രിസ്തുവില്‍, താന്‍ സ്വീകരിച്ച സ്നാനത്തിലൂടെയും ക്രൂശിലെ രക്തത്തിലൂടെയും രൂപപ്പെടുത്തിയിരുന്നു. ഈ ഗ്രഹം നിര്‍മ്മിക്കുന്നതിനുമുമ്പ്, മാനവജാതിയുടെ പൊതുപൂര്‍വ്വികരായ ആദാമും ഹവ്വയും സൃഷ്ടിക്കപ്പെടുന്നതിനുമുമ്പ്, പിതാവായ ദൈവം യേശുക്രിസ്തുവിലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുമായി തങ്ങളുടെ അകൃത്യങ്ങളില്‍ നിന്നുള്ള പാപികളുടെ രക്ഷ പദ്ധതിയിട്ടിരുന്നു. കാലം തികഞ്ഞപ്പോള്‍ ഈ ഭൂമിയിലേക്ക് വന്ന് സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ അവനത് പൂര്‍ത്തീകരിച്ചു. മാനവജാതിയെ സൃഷ്ടിച്ച നമ്മുടെ ദൈവം താനവര്‍ക്ക് വാഗ്ദാനം ചെയ്തതുപോലെ സകല മാനവജാതിയുടെയും പാപമോചനം പൂര്‍ത്തീകരിച്ചു. യോഹന്നാനിലൂടെ സ്നാനപ്പെടുകയും തന്‍റെ രക്തം ചിന്തുകയും ചെയ്തതിലൂടെ ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം എല്ലാം തന്നെ യേശു നേടിയെടുത്തു. ഇതില്‍ വിശ്വസിക്കുന്ന സകലര്‍ക്കും ലോകത്തിന്‍റെ പാപങ്ങളില്‍ നിന്നും വിടുവിക്കുന്ന രക്ഷയുടെ ദാനം ദൈവം നല്‍കുകയും തങ്ങളുടെ പാപമോചനവും നിത്യജീവനും പ്രാപിക്കുവാന്‍ അവരെ അനുവദിക്കുകയും ചെയ്തു. ഈ സത്യത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ സ്വന്തജനമായി സമ്പൂര്‍ണ രക്ഷ പ്രാപിക്കുന്നു. ഈ സത്യമാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സത്യം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാണ് നിലവിളക്കിന്‍റെ തണ്ട്
യേശു സകലമാനവജാതിയുടെയും രക്ഷയുടെ ഒഴിവാക്കുവാനാകാത്ത മൂലക്കല്ലായിത്തീര്‍ന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തി ലൂടെ യേശു നമ്മുടെ രക്ഷയെ പൂര്‍ത്തീകരിക്കുകയും അതിന്‍റെ അടിസ്ഥാനമായി തീരുകയും ചെയ്തു. ദൈവത്തിന്‍റെ നിലവിളക്കിന് ബദാം പൂക്കള്‍ പോലുള്ള പുഷ്പപുടങ്ങളും മുട്ടുകളും പുഷ്പങ്ങളും ഉണ്ടായിരുന്നു. ഇതിനൊരു ചുവടും ഉണ്ടായിരുന്നു. യേശുക്രിസ്തു രക്ഷയുടെ പുഷ്പമായി തീര്‍ന്നു. യേശുക്രിസ്തുവിന്‍റെ രക്ഷയുടെ സത്യം പുഷ്പമാണെങ്കില്‍ ആരായിരിക്കും അതിന്‍റെ പുഷ്പപുടങ്ങള്‍? തീര്‍ച്ചയായും പാപത്തിന്‍റെ മോചനം പ്രാപിച്ചവരും ദൈവദാസന്‍മാരും ആയിരിക്കും അവര്‍. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യേശുക്രിസ്തു പുഷ്പവും നാമതിന്‍റെ പുഷ്പപുടങ്ങളും ആയിരുന്ന് പൂര്‍ണ്ണമായും പൂത്തുലയുവാന്‍ പുഷ്പത്തെ സഹായിക്കുന്നു.
നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിച്ചതിനുശേഷം നമ്മുടെ കര്‍ത്താവു നമ്മെയെല്ലാം സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളാക്കി. ഈ സത്യത്തെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ? നമ്മുടെ പാസ്റ്റര്‍മാരും മൂപ്പന്മാരും സഹോദരീസഹോദരങ്ങളും എല്ലാവരും ഈ പുഷ്പപുടങ്ങളാണ്. പാപമോചനം പ്രാപിച്ച ഏവനും ഒരു പുഷ്പപുടമാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകളെ കൊണ്ട് കര്‍ത്താവ് ആദ്യം തന്നെ രക്ഷയുടെ ചുവട് സ്ഥാപിച്ചു. തുടര്‍ന്ന് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കൊണ്ട് ഒന്നാമത് നമ്മെ രക്ഷിക്കുകയും സുവിശേഷ പുഷ്പങ്ങളെ നന്നായി പൂത്തുലയുവാന്‍ തക്കവണ്ണം താങ്ങി നിര്‍ത്തുന്ന പുഷ്പപുടങ്ങളായി നമ്മെ മാറ്റി. നാമെല്ലാവരും പുഷ്പപുടങ്ങളായി തീര്‍ന്നെങ്കില്‍ മാത്രമെ പാപികള്‍ തങ്ങളുടെ പാപത്തില്‍ നിന്നും രക്ഷിക്കപ്പെടുകയുള്ളൂ. ഇതിന്‍റെ വലുപ്പത്തില്‍ മാത്രമെ വ്യത്യാസമുള്ളൂ. ചില പുഷ്പപുടങ്ങള്‍ വലുതും മറ്റു ചിലത് ചെറുതുമായിരിക്കും. എന്തായാലും മാറ്റമില്ലാത്ത സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളാണ് നാമെല്ലാവരും.
സാത്താന്‍ എല്ലായ്പ്പോഴും ദൈവത്തിന് എതിരു നില്‍ക്കുന്നതിനാല്‍ നമ്മുടെ പാപങ്ങളില്‍ നിന്നും നാം മോചനം പ്രാപിക്കാതിരിക്കുവാന്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതില്‍ നിന്നും അവന്‍ നമ്മെ തടയാന്‍ ശ്രമിക്കും. എന്നാല്‍ ഒരു കൊടുങ്കാറ്റ് വീശി നശിച്ചുപോയ വയലുകളില്‍പോലും പൂക്കള്‍ പുഷ്പിക്കാറുള്ളതുപോലെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്ന രക്ഷയുടെ സുവിശേഷം കേള്‍ക്കുന്നതിലൂടെ ഏതൊരു പാപിക്കും പാപത്തില്‍ നിന്നും മോചനം നേടാം. നശിച്ചുപോകുന്ന ആത്മാക്കളെ പാപത്തില്‍ നിന്നും രക്ഷിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഈ ലോകം മുഴുവനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സത്യം പ്രചരിപ്പിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റ സഭയും അതേ ഉദ്ദേശ്യത്തിനായി പ്രവര്‍ത്തിക്കുന്നു.
ദൈവവേലക്കാര്‍ തങ്ങള്‍ അതാതു സഭകളുടെ പുഷ്പപുടങ്ങളാണെന്ന് വിശ്വസിച്ച് സഭകളെ സേവിച്ചില്ലെങ്കില്‍ അത്തരം സഭകള്‍ക്ക് രക്ഷയുടെ ഫലം കായ്ക്കുവാന്‍ കഴിയില്ല. ആകയാല്‍ തന്‍റെ സഭാജനങ്ങളാല്‍ സേവിക്കപ്പെടുന്നത് മാത്രം അന്വേഷിക്കുന്ന ഒരു ദൈവവേലക്കാരന്‍ ആ മനോഹര സുവിശേഷത്തിന്‍റെ അനുയായി ആയിരിക്കുന്നതിനു പകരം സുവിശേഷത്തെ തടയുന്നവനായിത്തീരും.
ഇതിനാലാണ് സാത്താന്‍ നമ്മെ മോഷ്ടിപ്പാനും കൊല്ലുവാനും ആയി ആദ്യം വരുന്നത്. എന്നാല്‍ നമ്മുടെ കര്‍ത്താവോ തന്‍റെ ആടുകള്‍ക്ക് സമൃദ്ധമായ ജീവന്‍ നല്‍കുവാനത്രെ വന്നത് (യോഹന്നാന്‍ 10:10). തനിക്കുള്ള സകലതും നല്‍കികൊണ്ട് അവന്‍ അവരെ രക്ഷിച്ചു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുന്നതിന് സഹായമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എത്ര കഠിനമായാലും ശരി അതിനെ ചെയ്യുവാന്‍ നാം മടിക്കരുത്. ഇത്തരം മനോഭാവം സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി നമ്മെ മാറ്റുന്നു. സുവിശേഷത്തെ സേവിക്കുവാനായി പാസ്റ്റര്‍മാര്‍ കൂലിപ്പണിക്കാരായിപോലും ജോലി ചെയ്യണം. ഇതിനാലാണ് പൊരിവെയിലത്തും നമ്മുടെ പാസ്റ്റര്‍മാര്‍ ജോലിചെയ്യുന്നത്. പൊരിവെയിലത്തായാലും പുഷ്പപുടങ്ങളായുള്ള ഭാഗം പൂര്‍ത്തീകരിക്കുന്നതിലൂടെ ഒരാത്മാവ് എങ്കിലും രക്ഷിക്കപ്പെടുമെങ്കില്‍ തങ്ങളുടെ ജീവിതകാലം മുഴുവനും അവര്‍ ഇതു ചെയ്യും. ദൈവീകസുവിശേഷത്തിന്‍റെ പുഷ്പം പൂത്തുലയുവാന്‍ വേണ്ടി എന്തുചെയ്യുവാനും തങ്ങളെ ഒരുക്കുന്നവിധം വിശ്വാസമുള്ളവരാണ് ദൈവവേലക്കാര്‍. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ പുഷ്പത്തെ വിരിച്ചെടുക്കുവാന്‍ എത്രയധികം പ്രയ്ത്നവും ത്യാഗവും ആവശ്യമാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. തിരുവെഴുത്തുകളിലെ വചനത്തെ സംരക്ഷിക്കുവാനായി രക്തസാക്ഷികളാ ക്കപ്പെട്ട വിശ്വാസത്തിന്‍റെ പൂര്‍വപിതാക്കള്‍ ഉണ്ടായിരുന്നതു കൊണ്ടാണ് നിങ്ങള്‍ക്കും എനിക്കും പാപമോചനം പ്രാപിക്കാന്‍ കഴിഞ്ഞത് എന്നതാണ് പ്രധാന വസ്തുത.
ദൈവത്തിന്‍റെ വിലയേറിയ എണ്ണയൊഴിച്ചിരുന്നത് സമാഗമനകൂടാരത്തിലെ ഏഴ് ദീപങ്ങളിലാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ ഈ വിലയേറിയ എണ്ണ പ്രാപിക്കാനും അതില്‍ സന്തോഷിക്കുവാനും ദൈവത്തിന്‍റെ കൃപയാല്‍ നമുക്ക് കഴിയും. നാമെല്ലാവരും സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങ ളായി തീരുകയും ചെയ്തു. നാം സുവിശേഷത്തെ സേവിക്കുമ്പോള്‍ നമുക്ക് ചെയ്യുവാനായി അനേകം കാര്യങ്ങളുണ്ടെന്ന് നാം തിരിച്ചറിയുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലായി ചെയ്തു തീര്‍ക്കുവാനുള്ള കാര്യങ്ങള്‍ക്ക് ഒരവസാനവും ഇല്ല. നമ്മുടെ സുവിശേഷ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, വചനം പ്രസംഗിക്കുന്ന ശുശ്രൂഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഒരുക്കുക, പ്രാര്‍ത്ഥിക്കുക, സഹോദരീസഹോദരങ്ങളെ നയിക്കുക, കര്‍ത്താവിനെ സേവിക്കുന്നവരായി സഹോദരീസഹോദരങ്ങളെ ഒരുക്കുക - സുവിശേഷത്തെ സേവിക്കുന്ന പുഷ്പപുടങ്ങളുടെ ഭാഗം പൂര്‍ത്തീകരിക്കുവാന്‍ ഈ കാര്യങ്ങളെല്ലാം ചെയ്യണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷമാകുന്ന പുഷ്പത്തെ വിരിയുവാന്‍ സഹായിക്കുന്ന മുട്ടുകളായിട്ടാണ് നീതിന്മാരായ നമ്മെ ദൈവം ഉപയോഗിക്കുന്നത് എന്ന വസ്തുത നിങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പുതിയ വിശ്വാസികളെ നല്ലവണ്ണം കരുതുന്നതും ദൈവത്തിന്‍റെ വേല തന്നെയാണ്
അടുത്ത കാലത്തായി മാത്രം തങ്ങളുടെ പാപമോചനം പ്രാപിച്ച സഭയിലെ യുവതീയുവാക്കള്‍ ഒരേസമയം ഭംഗിയേറിയവരും ഭയപ്പെടേണ്ടവരുമാണ്. അവര്‍ക്കു മുന്നില്‍ പാസ്റ്റര്‍മാര്‍ പോലും താഴുകയും അവരുടെ ആത്മീയ തിരിച്ചറിവിന്‍റെ നിലവാരത്തിനനുസരിച്ച് അവരോട് ഇടപഴകുകയും വേണ്ടതാണ്. എന്തുകൊണ്ട്? കാരണം, അവര്‍ പാപമോചനം പ്രാപിച്ചിട്ടുണ്ടെങ്കിലും അവരുടെ ന്യായീകരണത്തിന്‍റെ അടിസ്ഥാനം ഇപ്പോഴും തങ്ങളുടെ ജഡത്തെ ആശ്രയിക്കുവാന്‍ ശ്രമിക്കും. ആകയാല്‍ വിശ്വാസത്തില്‍ മുന്‍ഗാമികളായവര്‍ തങ്ങളുടെ കാല്‍പ്പാടുകളെ പിന്‍തുടരുന്ന ഈ പുതിയ വിശ്വാസികള്‍ക്ക് പുഷ്പപുടങ്ങളായി തീരേണം. അവര്‍ ഈ പുതിയ വിശ്വാസികളെ സഹായിക്കണം. കാരണം ഈ വിശ്വാസികള്‍ പിന്നീട് തങ്ങളുടെ വിശ്വാസത്തില്‍ വളരുമ്പോള്‍, ഒരുകാലത്ത് ശിശുക്കളായി ഇരുന്നപ്പോള്‍ തങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധയോടെ പരിപാലിച്ചിരുന്നത് എങ്ങനെയെന്ന് അവര്‍ തിരിച്ചറിയുന്നു. വ്യക്തിപരമായി തങ്ങളുടെ മേല്‍ കാണിച്ച ദയവിന് അവര്‍ നന്ദിയുള്ളവരായിരിക്കുകയും സഭയിലേക്ക് പുതുതായി വരുന്ന വിശുദ്ധന്മാരോട് ഈ സ്നേഹം തിരികെ കാണിക്കുവാനും വിശ്വാസത്താല്‍ അവര്‍ക്ക് കഴിയും.
എന്നാല്‍ വ്യവസ്ഥകളില്ലാത്ത സ്നേഹം കൊണ്ട് അവരെ മൂടരുത്. ഒരു വ്യക്തിയോട് വ്യവസ്ഥകളില്ലാതെ ജഡത്തില്‍ ദയകാണിക്കുന്നത് ആ വ്യക്തിയുടെ ആത്മാവ് വളരുവാനും പുഷ്ടിപ്പെടുവാനും ഇടയാക്കണമെന്നില്ല. ആത്മീയ സമൃദ്ധിയിലേക്ക് ജനത്തെ നയിക്കുവാനുമുള്ള മാര്‍ഗ്ഗം വിശ്വാസത്താല്‍ ദൈവഹിതം അനുസരിച്ച് ജീവിക്കുവാന്‍ അവരെ വഴി നടത്തുകയാണ്. നാം ജഡത്തില്‍ അന്ധമായി സൗമനസ്യം കാണിക്കുമ്പോള്‍ അവരെ അത് സഹായിക്കുന്നതിനു പകരം ദുഷിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. എന്തുകൊണ്ടാണ് ചില സഹോദരിമാരും സഹോദരന്മാരും സഭവിട്ട് പോകുന്നതെന്ന് അറിയാമോ? ആത്മീയ ദിശയില്‍ വിശ്വാസത്താല്‍ അവര്‍ നയിക്കപ്പെട്ടില്ല എന്നതാണ് അവര്‍ വിട്ടുപോകാന്‍ കാരണം. നിലവിളക്ക് ഒരു കട്ടി ശുദ്ധസ്വര്‍ണ്ണത്തില്‍ നിന്നും അടിപ്പുപണിയായി ഉണ്ടാക്കിയതുപോലെ നിലവിളക്ക് തണ്ടും പുഷ്പപുടങ്ങളും ആയിത്തീര്‍ന്നവര്‍ തങ്ങളുടെ ജഡത്തിന്‍റെയും സ്വയം നീതിയുടെയും ചിന്തകളെ തള്ളിക്കളയുകയും ദൈവഹിതം അനുസരിച്ച് സമര്‍പ്പണത്തിന് കീഴില്‍ തങ്ങളുടെ ഹൃദയങ്ങളെ അടിപ്പുപണിയായി നിര്‍ത്തേണ്ടതുമാണ്. അനുയോജ്യമായ രീതിയില്‍ ദൈവത്തിന് തങ്ങളെ സമര്‍പ്പിക്കുവാന്‍ തങ്ങളെ തന്നെ അടിച്ചൊതുക്കിയാകണം അവര്‍ ദൈവസഭയുടെ പ്രവര്‍ത്തകരായി തീരുവാന്‍.
സാമൂഹിക പ്രവര്‍ത്തകര്‍ ജനങ്ങളെ ഏറ്റവും നല്ലരീതിയില്‍ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കാറുണ്ട്. ഏതാണ് മികച്ച പദ്ധതി? ഭിക്ഷക്കാര്‍ക്ക് പണം കൊടുക്കുന്നതാണോ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ സഹായിക്കുന്നതാണോ? പലപ്പോഴും അനേകര്‍ അവര്‍ക്ക് പണവും ആഹാരവുമാണ് നല്‍കാറുള്ളത്. എന്നാല്‍ സമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അല്‍പ്പമെങ്കിലും വിവരമുള്ളവര്‍ അങ്ങനെയൊരിക്കലും പണം നല്‍കുകയില്ല. പകരമായി, ആവശ്യക്കാരുടെയുള്ളില്‍ പ്രചോദനവും സ്വാതന്ത്ര്യവും നടുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി സ്വതന്ത്രമായ ജീവിതം നയിക്കുവാന്‍ അവരെ കഴിവുള്ളവരാക്കുന്നു. ഇതാണ് വാസ്തവമായും അവരെ സഹായിക്കുന്നത്. അപ്പോള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും അല്‍പ്പം ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനം വേണം.
ഇതുപോലെ സുവിശേഷം പ്രസംഗിക്കുന്ന ശുശ്രൂഷയും ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണ്. കാരണം ദൈവത്തിന്‍റെ വചനം ഉപയോഗിച്ച് ആത്മാക്കളെ നനയ്ക്കുവാന്‍ ഒരാളും, അവരുടെ ജഡവും ആത്മാവും ഒരേതരത്തില്‍ വളരുവാന്‍ തക്ക സേവനവും ഇതില്‍ ആവശ്യമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവവേലക്കാര്‍ ആത്മാക്കളെ നയിച്ച് കര്‍ത്താവിലേക്ക് വഴിനടത്തുകയും അവര്‍ തങ്ങളുടെ വിശ്വാസജീവിതത്തില്‍ വിജയിക്കുവാനായി ജഡപരമായ പ്രശ്നങ്ങളിലും അവരെ നയിക്കുകയും വേണം. ശുശ്രൂഷകന്മാര്‍ എപ്പോഴും ഉണര്‍ന്നിരിക്കണം. വീണ്ടും ജനിക്കപ്പെട്ട നമ്മുടെ വിശ്വാസജീവിതങ്ങള്‍ വ്യത്യസ്തമേലഖലകളിലും അവസരങ്ങളിലും ഓരോ ദിവസവും പുഷ്പപുടങ്ങളുടെ ഭാഗം പൂര്‍ത്തീകരിക്കുന്നതായിരിക്കേണം. കര്‍ത്താവിങ്കലേക്ക് പോകുന്നതിനു മുമ്പായി നമ്മുടെ ജീവിതകാലം മുഴുവനും സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി വിശ്വസ്തതയോടെ ചിലവഴിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം.
നമ്മെ രക്ഷിച്ചതിനുശേഷം സുവിശേഷ പുഷ്പത്തെ പൂര്‍ണമായി പൂത്തുലയുവാനുള്ള സേവനം ചെയ്യാനായി അനുയോജ്യമായ കര്‍ത്തവ്യങ്ങള്‍ ഭരമേല്‍പ്പിച്ച പുഷ്പപുടങ്ങളായി മാറ്റുകയാണ് ദൈവം ചെയ്തത്. വീണ്ടും ജനിക്കപ്പെടാത്ത ഈ ലോകത്തിലെ ജനങ്ങള്‍ പ്രമാണികളും അഹങ്കാരികളും ധിക്കാരികളും മറ്റ് വിശ്വാസികളാല്‍ സേവിക്കപ്പെടാന്‍ ശ്രമിക്കുന്നവരും ആയിരിക്കും. എന്നാല്‍ വീണ്ടും ജനിക്കപ്പെട്ട സഭയിലെ ദൈവം നിയമിച്ച ശുശ്രൂഷകരാകട്ടെ അവന്‍റെ ഹിതത്തെ കുറിച്ച് നന്നായി അറിയുന്നവരും തങ്ങളെ ഏല്‍പ്പിച്ച കാര്യത്തില്‍ സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങള്‍ എന്ന നിലയില്‍ വിശ്വസ്തരുമായിരിക്കും. ഈ പുഷ്പപുടങ്ങളുടെ ഭാഗം വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുക എന്നത് ശുശ്രൂഷകന്മാരെ സംബന്ധിച്ച് നിര്‍ണ്ണായക പ്രധാന്യമുള്ളതാണ്. നമ്മുടെ കര്‍ത്താവ് പറഞ്ഞു “വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് ഭാഗ്യം” (അപ്പൊസ്തല പ്രവൃത്തികള്‍ 20:35). ഇത് സാങ്കല്‍പ്പികമായ ഒരു ആശയം അല്ല, യഥാര്‍ത്ഥ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും മാര്‍ഗ്ഗ നിര്‍ദേശക തത്വമാണ്. വാങ്ങുന്നതിനേക്കാള്‍ അധികം അനുഗ്രഹിക്കപ്പെട്ടവരാണ് കൊടുക്കുന്നവര്‍. ഈ അനുഭവം നിങ്ങള്‍ക്കുണ്ടോ?
ഞാന്‍ ഒരു കഥപറയാം, ഒരു ദമ്പതികള്‍ക്ക് തങ്ങളുടെ മുതിര്‍ന്ന പ്രായത്തില്‍ ഒരു കുഞ്ഞുണ്ടായി. ഈ കുഞ്ഞ് സ്നേഹിക്കപ്പെട്ടവനായി വളരേണമെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥിച്ചതുപോലെ ആ കുഞ്ഞ് സ്നേഹിക്കപ്പെട്ടവനായി തന്നെ വളര്‍ന്നുവന്നു. എന്നാല്‍ കാലം ചെന്നപ്പോള്‍ തങ്ങള്‍ സ്നേഹിക്കപ്പെട്ടവനായി വളരേണമെന്ന് കരുതിയ കുഞ്ഞ് തന്നെക്കുറിച്ച് മാത്രം ചിന്തയുള്ള, മറ്റാരെയും ശ്രദ്ധിക്കാത്ത ഒരു സ്വാര്‍ത്ഥനായാണ് വളര്‍ന്നതെന്ന് അവര്‍ മനസിലാക്കി. ആ കുഞ്ഞിനുവേണ്ടി അതുവരെ ചെയ്തതൊന്നും തന്നെ പ്രയോജനകരമായി തീര്‍ന്നില്ല. എപ്പോഴും വാങ്ങിക്കൊണ്ടിരുന്നതിനാല്‍ വാങ്ങുന്നതു മാത്രമല്ലാതെ കൊടുക്കുന്നതെങ്ങനെയെന്ന് അവന്‍ അറിയാതെപോയി. ഇത് അവനെ അത്യാഗ്രഹവും സ്വാര്‍ത്ഥതയും നിറഞ്ഞ കുഞ്ഞാക്കി മാറ്റി. ഈ വൃദ്ധദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ മറ്റുള്ളവരെ സ്നേഹിക്കാന്‍ അറിവുള്ളവനാക്കി മാറ്റേണമെന്ന് വീണ്ടും പ്രാര്‍ത്ഥിച്ചു.
വാങ്ങുന്നതിനെക്കാള്‍ മനോഹരമാണ് കൊടുക്കുന്നത്. കര്‍ത്താവിനെ സേവിക്കുന്നത് എന്തുമാത്രം രസകരമാണ്? എത്രയധികം ചാരിതാര്‍ത്ഥ്യപരമാണ്? വിശ്വാസത്താല്‍ ഞാന്‍ സുവിശേഷത്തെ വിളമ്പുമ്പോള്‍ പാപമോചനം നേടുവാനായി ഒരാത്മാവ് വരുന്നത് എനിക്ക് വളരെയധികം സന്തോഷവും ചാരിതാര്‍ത്ഥ്യവും നല്‍കുന്നു. അനേകം ആത്മാക്കളോട് സുവിശേഷം പ്രചരിപ്പിക്കണമെന്നതാണ് നീതിന്മാരായ വിശ്വാസികളുടെ ആഗ്രഹം. ദൈവത്തിന്‍റെ സഭയില്‍ പുഷ്പപുടങ്ങളുടെ കടമ നിര്‍ണ്ണായക പ്രാധാന്യമുള്ളതാണ്. നിങ്ങളെയും എന്നെയും ഏതൊക്കെ സ്ഥാനങ്ങളിലാണ് പുഷ്പപുടങ്ങളായി ദൈവം വച്ചിരിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. പുഷ്പപുടങ്ങളുടെ ഈ സ്ഥാനങ്ങളില്‍ നമ്മുടെ വിശ്വാസത്താലുള്ള ഭാഗം നാം പൂര്‍ത്തീകരിക്കേണം. നമ്മുടെ ജഡത്തിന്‍റെ അഹങ്കാരവും കഴിവുകളും ഉപയോഗിക്കാതെ ദൈവത്തിലുള്ള വിശ്വാസത്താല്‍ നാം സുവിശേഷത്തെ സേവിക്കുന്നുവെങ്കില്‍ രക്ഷയുടെ പുഷ്പത്തെ പൂര്‍ണ്ണമായും പൂത്തുലയുവാന്‍ അവന്‍ അനുവദിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സുവിശേഷ പൂങ്കുലയില്‍ സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി നാം മാറുമ്പോള്‍ ഈ പുഷ്പങ്ങളിലൂടെ അനേകര്‍ അനുഗ്രഹം പ്രാപിക്കാന്‍ ഇടയാകും.
രക്ഷയുടെ പ്രകാശം കൊണ്ട് ഈ ലോകത്തെ പ്രകാശിപ്പിക്കുന്ന നിലവിളക്കാണ് സഭ
ഒരുമിച്ചുനിന്നുകൊണ്ട് നീതിന്മാര്‍ സുവിശേഷത്തിന്‍റെ നിലവിളക്ക് ആവുകയും ഈ ലോകത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ പ്രകാശത്തെയാണ് നീതിന്മാര്‍ പ്രകാശിപ്പിക്കുന്നത്. സത്യത്തിന്‍റെ തിളങ്ങുന്ന പ്രകാശം കൊണ്ട് ഈ ഇരുണ്ട ലോകത്തെ പ്രകാശിപ്പിക്കുന്ന നിലവിളക്കാകുന്ന ജീവിതം - ഇതാണ് നമ്മുടെ ജീവിതം. പാപമോചനം പ്രാപിച്ച നീതിന്മാര്‍ സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി തീരുമ്പോഴാണ് ഈ ലോകത്തില്‍ വിശ്വാസമാകുന്ന പുഷ്പങ്ങള്‍ പൂത്തുലയുന്നത്. ലോകം മുഴുവനും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം സാക്ഷീകരിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ വിശ്വാസമാകുന്ന പുഷ്പപുടങ്ങള്‍ ഇല്ലാതെ അവിടെ പുഷ്പങ്ങളോ ദീപമോ ഇല്ല. നിലവിളക്കിന്‍റെ തണ്ടിന് ബദാം പുഷ്പങ്ങളെപ്പോലെ നാലുപുഷ്പപുടങ്ങള്‍ ഉണ്ടായിരുന്നു. ഓരോന്നിലും അലങ്കാരമുട്ടുകളും പുഷ്പവും ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള പുഷ്പപുടങ്ങളായി മാറി നമുക്കോരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ഭാഗം പൂര്‍ത്തി യാക്കുമ്പോള്‍ മാത്രമേ ദൈവത്തിന്‍റെ സഭയ്ക്ക് എല്ലായിടത്തും പൊട്ടിമുളയ്ക്കുവാനും അനേകം ആത്മാക്കളെ അവരുടെ പാപത്തില്‍ നിന്ന് രക്ഷിക്കുവാനും കഴിയുകയുള്ളൂ. നിലവിളക്കിനെ നോക്കുമ്പോള്‍ ഒരു പുഷ്പപുടത്തിനുമുകളില്‍ മറ്റൊന്നായി തണ്ടിലുടനീളം ഈ മുട്ടുകളെ കാണാം. ഇതുപോലെ സുവിശേഷത്തോടുള്ള നിങ്ങളുടെ സേവനത്തില്‍ നാളിതുവരെ സുവിശേഷത്തിന്‍റെ പുഷ്പങ്ങള്‍ പൂത്തുവരുകയും സുവിശേഷം ലോകമെമ്പാടും പ്രസംഗിക്കപ്പെടുകയുമായിരുന്നു ചെയ്തത്. നിങ്ങളും ഞാനും ഈ പുഷ്പപുടങ്ങളാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കേട്ടതു മുതല്‍ ലോകത്തെമ്പാടും ഈ സുവിശേഷം പ്രചരിപ്പിക്കുന്നതുവരെ പുഷ്പപുടങ്ങള്‍ എന്ന നിലയില്‍ നാം എണ്ണമറ്റ പ്രവൃത്തികളാണ് ചെയ്തിരിക്കുന്നത്. ഇതിനാലാണ് നിങ്ങളുടെ പാപങ്ങളുടെ മോചനം പ്രാപിക്കാനും ഇതിനെ മറ്റുള്ളവര്‍ക്കായി പകരുവാനും നിങ്ങള്‍ക്ക് കഴിഞ്ഞത്.
ഈ പുഷ്പപുടങ്ങളായി നമ്മുടെ കര്‍ത്തവ്യം നിറവേറ്റുവാനായി വ്യത്യസ്ത പ്രവൃത്തികള്‍ നമ്മള്‍ ചെയ്തിട്ടുണ്ട്. ഉദാഹരണമായി, രണ്ട് വര്‍ഷങ്ങള്‍ക്ക്മുമ്പ് ശിഷ്യത്വ പരിശീലനത്തിനും ആത്മീയ റിട്രീറ്റുകള്‍ക്കുമായി ഈ പ്രാര്‍ത്ഥനാമന്ദിരം നാം പണിതു. രണ്ടടുക്കായി സാന്‍ഡ്വിച്ച് മാതൃകയില്‍ ഈകെട്ടിടം പണിയുവാന്‍ ഒരു മാസ സമയം എടുത്തു. വിശ്വാസത്താല്‍ ഈ കെട്ടിടം പണിയുമ്പോള്‍ നാം ചിന്തിച്ചത്, “നമ്മുടെ സഹോദരങ്ങളും സഹോദരിമാരും ആത്മീയ റിട്രീറ്റുകള്‍ക്കായി ഈ സ്ഥലത്തു വരും, നശിച്ചുപോകുന്ന ആത്മാക്കള്‍ നമ്മുടെ സുവിശേഷ ക്ലാസ്സുകളില്‍ വന്ന് വചനം കേട്ട് പാപമോചനം പ്രാപിക്കുമെന്നും” ആയിരുന്നു. ഈ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ അനേകം പ്രതിസന്ധികള്‍ നേരിടേണ്ടിവന്നെങ്കിലും ഈ ചിന്തയെ മനസ്സില്‍ വച്ചുകൊണ്ട് അത്തരം പ്രയാസങ്ങളെ ഉഴുതുമറിച്ച് പ്രത്യാശയോടുകൂടി വിശ്വാസത്തോടെ ജോലി തുടര്‍ന്നു. ഇപ്രകാരമാണ് ഈ ശിഷ്യത്വ പരിശീലനകേന്ദ്രം നിര്‍മ്മിക്കപ്പെട്ടതും ഇപ്പോള്‍ നമുക്ക് ഊഷ്മളവും സ്വസ്ഥവും ആയ സ്ഥലത്തിരുന്ന് ആരാധിക്കാനും കഴിഞ്ഞത്. പുഷ്പപുടങ്ങളുടെ ഭാഗം ഒരോരുത്തരും പൂര്‍ത്തികരിച്ചതിനാലാണ് ഇത് സാദ്ധ്യമായത്. നിങ്ങളും ഞാനും പുഷ്പപുടങ്ങള്‍ ആയതിനാലാണ് ഈ തണുത്ത കാലാവസ്ഥയിലും ഇളം ചൂടുള്ള ഹാളിനകത്ത് ആരാധിക്കാന്‍ കഴിഞ്ഞത്. അത്തരം പുഷ്പപുടങ്ങള്‍ ഇല്ലാതിരുന്നുവെങ്കില്‍ ഈ സൗകര്യപ്രദമായ ചുറ്റുപാടുകള്‍ ലഭിക്കില്ലായിരുന്നു. ഈ ചാപ്പല്‍ പണിയുന്നതിനുമുമ്പേ ഈ സ്ഥലം ആളൊഴിഞ്ഞ തരിശു ഭൂമിയായിരുന്നു. അത്തരം ഒരു വിരസമായ സ്ഥലത്താണ് ദൈവ വചനം കേള്‍ക്കുവാന്‍ വരേണ്ടിയിരുന്നത് എങ്കില്‍ നിങ്ങള്‍ വരുമായിരുന്നോ? ആരാധനാ സമയത്ത് തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും വീട്ടിലേയ്ക്ക് തിരിച്ചു പോകുമായിരുന്നു.
പുഷ്പപുടങ്ങള്‍ അതതിന്‍റെ സ്ഥാനത്ത് ഇരുന്നതുകൊണ്ടാണ് ഇന്നത്തെ ദിവസം സുവിശേഷ പുഷ്പം പൂക്കുവാന്‍ നമ്മിലൂടെ ഇടയായത്. ഇതു ഭാവിയിലും നമ്മള്‍ തുടരും. “ജമന്തിച്ചെടിക്കരികില്‍” എന്ന പ്രശസ്തമായ ഒരു കൊറിയന്‍ കവിതയുണ്ട്. അതിങ്ങനെയാണ്,
“ഒരു ജമന്തി പൂ വിടരണമെങ്കില്‍
വസന്തകാലം മുതല്‍ വാനമ്പാടി പാടണം
ഒരു ജമന്തി പൂ വിടരണമെങ്കില്‍
മങ്ങിയ മേഘങ്ങളില്‍ ഇടിമുഴങ്ങേണം”
വാസ്തവമായും അനേകം ദൈവദാസന്‍മാരുടെയും അനേകം വിശുദ്ധന്‍മാരുടെയും പുഷ്പപുടങ്ങള്‍ സുവിശേഷ മരത്തില്‍ വച്ചിട്ടുണ്ട്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പുഷ്പിതാവസ്ഥയി ലെത്തിക്കുവാന്‍ പുഷ്പപുടങ്ങളായിരിക്കുന്ന വേലക്കാര്‍ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യണം. ഈ പുഷ്പപുടങ്ങള്‍ക്കു താഴെയായി ബദാം പൂക്കളെപ്പോലുള്ള പുഷ്പപുടങ്ങള്‍ ദൈവം സ്ഥാപിച്ചിട്ടുണ്ട്. പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം കൂടുതല്‍ നന്നായി ചെയ്യുവാനാണിത്. ദൈവം തന്‍റെ കൃപ തന്‍റെ സമയത്ത് ഏഴു ദീപങ്ങള്‍ക്കുള്ള എണ്ണ നല്‍കിയതിലൂടെ നമ്മുടെ മേല്‍ ചൊരിഞ്ഞു. നമ്മുടെ സ്വന്തം ശക്തിയാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് നമ്മുടെ കര്‍ത്താവ് സഭയിലൂടെ തന്‍റെ കൃപയാല്‍ നമ്മെ വസ്ത്രം ധരിപ്പിച്ചു. അതുകൊണ്ട് സുവിശേഷത്തെ സേവിക്കുന്ന പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുവാന്‍ നമുക്ക് കഴിയും. പുഷ്പപുടങ്ങളായി തീരുക എന്നതിന് നമ്മുടെ സ്വന്തം ശക്തി കൊണ്ടു മാത്രം സുവിശേഷം പ്രചരിപ്പിക്കാം എന്ന് അര്‍ത്ഥമില്ല എന്ന കാര്യം നമ്മള്‍ തിരിച്ചറിയണം. ദൈവത്തിന്‍റെ കൃപ ഒന്നു കൊണ്ടു മാത്രമാണ് ഈ പുഷ്പപുടങ്ങളായിത്തീരുവാന്‍ തക്കവണ്ണം നാം മഹത്വീകരിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ പാപക്ഷമ പ്രാപിച്ചവരും കുറെ കാലം മുന്‍പ് അതു പ്രാപിച്ചവരും സുവിശേഷത്തെ സേവിക്കുവാനുള്ള ഒരേതരം പുഷ്പപുടങ്ങള്‍ തന്നെയാണ്. അവരുടെ ആത്മീയ നിലവാരം വ്യത്യസ്തമാണെങ്കിലും അവരെല്ലാവരെയും പുഷ്പപുടങ്ങ ളായിരിക്കുവാനാണ് വിളിച്ചിരിക്കുന്നത് എന്നതിനാലാണ് അവരെല്ലാവരും സമന്‍മാരാണ് എന്നു പറഞ്ഞത്. നമ്മിലോരോരുത്തരും ഒരു ആക്ഷേപവും കൂടാതെ പുഷ്പപുടങ്ങളാണെന്നു പറയാം. മറ്റു പ്രവൃത്തികള്‍ക്കായി ചെറുവിരല്‍ പോലും അനക്കാതെ ആത്മീയവചനം മാത്രം പ്രസംഗിക്കുന്നത് ഉചിതമായ ആത്മീയ ജീവിതമല്ല. വാസതവമായും ആത്മീയത ഉള്ളവര്‍ സുവിശേഷത്തിന് പ്രയോജനപ്രദമായ ഏതു കാര്യവും ചെയ്യും. “സഭയിലെ എന്‍റെ സ്ഥാനം ഇതാണ് അതുകൊണ്ട് ഞാനിതു മാത്രമേ ചെയ്യുകയുള്ളൂ. നിങ്ങളും പാപമോചനം ഇപ്പോള്‍ പ്രാപിച്ചതിനാല്‍ ബാക്കിയുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊള്‍ക. ഞാന്‍ എന്‍റെ കാര്യം മാത്രമെ നോക്കുകയുള്ളൂ”. ഇതു ശരിയല്ല. സുവിശേഷത്തെ സേവിക്കുന്നത് സംബന്ധിച്ച് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ ആയി ആരും തന്നെയില്ല. നാമെല്ലാവരും ഐക്യമായി നിന്ന് സുവിശേഷം പൂക്കുവാനും പൂത്തുലയുവാനുമുള്ള വളമായി തീരുകയാണ് വേണ്ടത്.
വീണ്ടും ജനിച്ച വിശുദ്ധന്‍മാര്‍ക്ക് ജഡത്തെ പിന്‍തുടരുവാന്‍ എങ്ങനെ കഴിയും?
“എന്‍റെ പാപങ്ങളെല്ലാം മോചിക്കപ്പെട്ട് ഞാന്‍ പാപമില്ലാത്തവനായി തീര്‍ന്നതിനാല്‍ ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നാല്‍ ഞാനൊരു ധനികനായ് തീര്‍ന്നിരുന്നെങ്കില്‍ അധികം സന്തോഷിക്കുമായിരുന്നു. ഐശ്വര്യ പൂര്‍ണ്ണമായി ജീവിക്കാന്‍ കഴിയുന്നത് നല്ല കാര്യമല്ലേ?” ജഡപരമായി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും തന്‍റെ ആത്മീയ പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ പരിഹരിക്കണമെന്ന് ആഗ്രഹിക്കാറുണ്ടോ? ഞാന്‍ ആദ്യം കര്‍ത്താവിനെ കണ്ടുമുട്ടിയപ്പോള്‍ അവനെന്നെ രക്ഷിച്ചതിനാല്‍ സുവിശേഷത്തിന് അനുയോജ്യമായ പുഷ്പപുടമായി ഞാന്‍ മാറേണ്ടതാണ് എന്നു തിരിച്ചറിയാതെ ഏതെങ്കിലും ബിസിനസ്സ് ചെയ്തു പണം ഉണ്ടാക്കി ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എല്ലാ ദിവസവും സഭയില്‍ പോകണമെന്നും സണ്‍ഡേസ്കൂള്‍ പഠിപ്പിക്കേണമെന്നും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കുട്ടികളോട് പങ്കുവയ്ക്കണമെന്നും ദിവസം ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ ബിസിനസ്സ് നടത്തണമെന്നും എന്‍റെ ദിനംതോറുമുള്ള സമ്പാദ്യം സ്തോത്രകാഴ്ചയായി സഭയ്ക്ക് നല്‍കണമെന്നും ഈ രീതിയില്‍ സാമ്പത്തികമായി സഭകള്‍ സ്ഥാപിക്കുവാന്‍ സഹായിക്കണം എന്നുമൊക്കെയാണ് ഞാന്‍ കരുതിയിരുന്നത്. മാത്രമല്ല, എന്‍റെ ബിസിനസ്സിനായി ചിലവഴിക്കുന്ന സമയത്തിനു ശേഷം ബാക്കി സമയം മുഴുവന്‍ കര്‍ത്താവിനായ് ചിലവഴിക്കും എന്നും ഞാന്‍ ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ടാ യിരുന്നു. എന്നാല്‍ എന്‍റെ ചിന്തകള്‍ക്കപ്പുറമായി ഒരു പുഷ്പപുടം എന്ന നിലയില്‍ ഞാന്‍ പൂര്‍ത്തിയാക്കേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പണം ഉണ്ടാക്കിക്കൊണ്ട് അതിലേതെങ്കിലും പൂര്‍ത്തിയാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ലെന്ന് അവന്‍ എന്നോടു പറഞ്ഞു.
അക്കാലത്തുള്ള എന്‍റെ ചിന്തകള്‍ തെറ്റായിരുന്നു. അങ്ങനെ ചെയ്യുവാന്‍ ദൈവം എന്നെ അനുവദിച്ചില്ല. ആകയാല്‍ യഥാര്‍ഥ പുഷ്പപുടമായി എന്‍റെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ വെള്ളത്തിന്‍റെയൂം ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുന്ന ശുശ്രൂഷയ്ക്കായി എന്നെ പൂര്‍ണ്ണമായും ഞാന്‍ സമര്‍പ്പിച്ചു. ദൈവത്തെ പ്രസാദിപ്പിക്കുന്നത് എന്തായാലും നാമത് പൂര്‍ണ്ണമായും ചെയ്യണം. ഒരു പര്‍വ്വതത്തെ നീക്കുവാന്‍ അവന്‍ നമ്മോട് പറഞ്ഞാല്‍ നാം അത് നീക്കം ചെയ്യണം. ഈ പര്‍വ്വതം നീക്കം ചെയ്യുന്നതിലൂടെ അസംഖ്യം ജനങ്ങള്‍ രക്ഷിക്കപ്പെടുമെങ്കില്‍ അതിനപ്പുറവും ചെയ്യാന്‍ നാം തയ്യാറാകണം. നല്‍കപ്പെട്ട ഏതെങ്കിലും ദൗത്യം പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അസാധ്യവും സാഹസികവും ആണെങ്കില്‍ വിശ്വാസത്താല്‍ ഇത് ചെയ്യേണമെന്ന് ദൈവം നമ്മോട് പറഞ്ഞാല്‍ അത് ആത്മീയമായി പ്രയോജനകരമാണെങ്കില്‍ തീര്‍ച്ചയായും അത് നേടിയെടുക്കേണമെന്ന് നാം വിശ്വസിക്കുന്നു. ഒരു തൂമ്പ കൊണ്ട് പര്‍വ്വതത്തെ കുഴിക്കുന്നത് തുടക്കത്തില്‍ ദുര്‍ബലമായി തോന്നാം. എന്നാല്‍ സമയമാകുമ്പോള്‍ ഡയനാമിറ്റ് ഉപയോഗിച്ച് ആ പര്‍വ്വതത്തെ നാം തകര്‍ക്കുകയും ബുള്‍ഡോസറുകള്‍ കൊണ്ട് അവശിഷ്ടങ്ങളെ നീക്കം ചെയ്യുകയും ചെയ്യും. അപ്പോള്‍ പര്‍വ്വതം അപ്രത്യക്ഷമാകും. നാം മനുഷ്യ നിര്‍മ്മിത ചിന്തകളെ പിന്‍തുടരാതെ കര്‍ത്താവിന്‍റെ ഹിതം മാത്രം ചെയ്യുന്നതിനാല്‍ ദൈവത്തിന്‍റെ സുവിശേഷത്തിനായുള്ള പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം വിശ്വാസത്താല്‍ നാം എപ്പോഴും പൂര്‍ത്തീകരിക്കും. ഇപ്രകാരമാണ് ദൈവത്തിന്‍റെ പുഷ്പപുടങ്ങളായിരി ക്കുന്നവര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നത്.
സുവിശേഷം പ്രചരിപ്പിക്കാനുള്ള പുഷ്പപുടങ്ങളായി തീരുവാനാണ് കര്‍ത്താവ് നമ്മെ അവന്‍റെ സഭയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്. പുഷ്പപുടങ്ങളായി നമ്മെ എവിടെ സ്ഥാപിച്ചിരിക്കുന്നു എന്നതാണ് വ്യത്യാസം. സുവിശേഷ വ്യാപനത്തിന്‍റെ കാര്യത്തില്‍ മറ്റൊരാളെക്കാള്‍ പ്രാധാന്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഒരു വ്യത്യാസവുമില്ല. നമ്മുടെ മുന്‍ഗണനാക്രമം കണ്ടെത്തുകയാണെങ്കില്‍ കര്‍ത്താവു പറഞ്ഞതുപോലെ ഒന്നാമന്‍ ഒടുക്കത്തവനായി സേവചെയ്യേണ്ടിവരും. “ഒരുവന്‍ മുന്‍പനാകുവാന്‍ ഇച്ഛിച്ചാല്‍ അവനെല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം” (മര്‍ക്കൊസ് 9:35). പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ കര്‍ത്താവ് നമ്മെ വിളിച്ചപ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം നേടുവാനായി നമ്മുടെ ആര്‍ജ്ജവം കാണിക്കരുതെന്ന് കര്‍ത്താവ് നമ്മോട് പറഞ്ഞു എന്നത് നേരല്ലേ? പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം നന്നായി നാം പൂര്‍ത്തിയാക്കുമ്പോള്‍ നമ്മുടെ കര്‍ത്താവിന്‍റെ ആശ്ചര്യകരമായ പ്രവൃത്തികള്‍ നിലവിളക്കിലെ ഏഴ് ദീപങ്ങളും വിശുദ്ധസ്ഥലത്തെ പ്രകാശമയമാക്കിയതുപോലെ നിറവേറും.
ഇന്നത്തെ നമ്മുടെ വേദഭാഗത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. “അതിന്‍റെ ചവണകളും കരിന്തിരിപാത്രങ്ങളും തങ്കം കൊണ്ടായിരിക്കേണം. അതും ഈ ഉപകരണങ്ങളൊക്കെയും ഒരു താലന്ത് തങ്കം കൊണ്ട് ഉണ്ടാക്കേണം. പര്‍വ്വതത്തില്‍ വച്ച് കാണിച്ചു തന്ന മാതൃക പ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചു കൊള്ളേണം” (പുറപ്പാട് 25:38-40). നിലവിളക്കിന്‍റെ ഉപകരണങ്ങളില്‍ ചവണകളുണ്ടായിരുന്നു. നിലവിളക്കിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ദീപങ്ങളില്‍ എണ്ണ പകര്‍ന്ന് തിരി വെച്ച് അതിനെ കൊളുത്തുമ്പോള്‍ തിരി കത്തുകയും തീപ്പൊരികള്‍ പറക്കുകയും ചെയ്യും. ഈ തീപ്പൊരികളെ എടുത്തുകളയുവാനാണ് ചവണകള്‍ ഉപയോഗിച്ചിരുന്നത്. കത്തിക്കൊണ്ടിരിക്കുന്ന തിരിയുടെ കരിഞ്ഞ ഭാഗങ്ങളെ പുരോഹിതന്മാര്‍ ചവണകളെ കൊണ്ടെടുത്ത് കരിന്തിരിപാത്രങ്ങളില്‍ ഇടും. വിശുദ്ധസ്ഥലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന പാത്രങ്ങളാണിവ.
നമ്മുടെ പാപമോചനം പ്രാപിച്ചതിനുശേഷം പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കുവനായി ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്ത് നമ്മെ അതില്‍ വ്യാപൃതരാക്കുവാന്‍ തക്കവണ്ണം നമ്മുടെ ഹൃദയങ്ങള്‍ കഠിനപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ നമ്മെ ഭരമേല്‍പ്പിച്ച പ്രവൃത്തികള്‍ വളരെ നിസാരമായോ പാതിമനസോടെയോ നാം ചെയ്യുന്ന സമയങ്ങളുണ്ട്. അത്തരം സമയങ്ങളിലാണ് നിലവിളക്കിലെ തിരികളെ മാറ്റേണ്ട അവസരം ദൈവദാസന്മാര്‍ക്ക് വരുന്നത്. കത്തിക്കരിഞ്ഞ തിരിയുടെ ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്നതുപോലെ നമുക്ക് നല്‍കിയ കര്‍ത്തവ്യങ്ങളെ പരസ്പരം മാറ്റി ദൈവദാസന്മാര്‍ നമ്മുടെ ഹൃദയങ്ങളെ പുതുക്കുന്നു. നമ്മുടെ ഹൃദയങ്ങളിലെ കരിന്തിരികളെ കര്‍ത്താവ് മാറ്റി, പുതുക്കം പ്രാപിച്ച ഹൃദയങ്ങളോടുകൂടി സുവിശേഷ വേലചെയ്യുന്നത് തുടരുവാന്‍ നമ്മെ കഴിവുള്ളവരാക്കും. “പഴയതു കഴിഞ്ഞ് പോയി ഇതാ അത് പുതുതായി തീര്‍ന്നിരിക്കുന്നു” (2 കൊരിന്ത്യര്‍ 5:17) എന്നെഴുതിയിരിക്കുന്നതുപോലെ ആണിത്. ഇതിലൂടെ ഒരിക്കല്‍കൂടി പുതുക്കപ്പെട്ട തങ്ങളുടെ ഹൃദയങ്ങളുമായി സുവിശേഷ വേലചെയ്യുവാന്‍ പ്രവര്‍ത്തകര്‍ വന്നുചേരുന്നു.
വിശുദ്ധ സ്ഥലത്ത് ശുദ്ധസ്വര്‍ണ്ണം അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നുവെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുവോ? വിശ്വാസത്താല്‍ വിശ്വസ്തതയുള്ള പുഷ്പപുടങ്ങളായി ത്തീരേണമെങ്കില്‍ കര്‍ത്താവിന്‍റെ പുതിയ പ്രവൃത്തികളിലേക്ക് നിരന്തരമായി നിങ്ങള്‍ നോക്കേണം. അപ്പോള്‍ മാത്രമേ നമുക്ക് എല്ലായ്പ്പോഴും വിശ്വാസത്താല്‍ ജീവിക്കാന്‍ കഴിയുകയുള്ളൂ. ഇന്ന് വിശ്വാസത്താല്‍ ജീവിക്കുന്ന നമ്മള്‍ നാളെയും വിശ്വാസത്താല്‍ ജീവിക്കുന്നു. ഓരോ ദിവസവും പുഷ്പപുടങ്ങള്‍ക്കുള്ള പുതിയ പദ്ധതികള്‍ വിശ്വാസത്താല്‍ നാം പൂര്‍ത്തീകരിക്കുന്നു. ദൈവത്തിന്‍റെ സുവിശേഷ പ്രവര്‍ത്തകരായ നമ്മള്‍ കരിന്തിരികളെ ചവണകള്‍കൊണ്ട് എടുത്ത് മാറ്റി, ദീപങ്ങളെ പരിപാലിച്ച് അവസാനം അവ നന്നായി പ്രകാശിക്കുവാനും അവയുടെ പ്രകാശം ഒരിക്കലും അണഞ്ഞു പോകാതിരിക്കുവാനും അവയെ സൂക്ഷിക്കണം.
വിശുദ്ധ സ്ഥലത്തിന്‍റെ അകവശം ശ്രേഷ്ഠമായതാണ്. പാപമോചനത്തിന്‍റെ സുവിശേഷം പരത്തുന്ന നിലവിളക്കായി തീരുവാനാണ് നീതിന്മാരെ ദൈവം വിളിച്ച് ദൈവത്തിന്‍റെ സഭയില്‍ ചേര്‍ത്തത്. ഇതില്‍ ദൈവം നേതാക്കന്മാരെ നിയമിച്ചിട്ടുണ്ട്. സുവിശേഷത്തെ സേവിക്കുവാന്‍ കഴിവുള്ളവരാകേണ്ടതിന് അവന്‍റെ കൃപാവരങ്ങള്‍ എല്ലാ നീതിമാന്മാര്‍ക്കും അവന്‍ നല്‍കിയിട്ടുണ്ട്. നമ്മെ ഓരോരുത്തരേയും ഏല്‍പ്പിച്ചിരിക്കുന്ന സ്ഥാനത്ത് സുവിശേഷ പുഷ്പങ്ങളെ പൂത്തുലയിക്കുവാനായി പുഷ്പപുടങ്ങളായി തീര്‍ന്ന് കര്‍ത്താവിനെ സേവിക്കുവാനാണ് അവന്‍ നമ്മെ വിളിച്ചത്. അങ്ങനെ ലോകമെമ്പാടുമുള്ള സകല പാപികളോടും സുവിശേഷം പറയുവാന്‍ ദൈവം നമ്മെ അനുവദിച്ചു. ഇതാണ് “എക്ലീസിയ”, ദൈവത്തിന്‍റെ സഭ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്‍റെ സഭയിലെ ജനമായ നാം വിളിച്ച് രക്ഷിക്കപ്പെട്ട് വേര്‍തിരിക്കപ്പെട്ടവരാണ്. നമ്മുടെ സകല പാപങ്ങളിലും അകൃത്യങ്ങളിലും നിന്ന് വിടുവിച്ചതിലൂടെ നമ്മെ രക്ഷിച്ച് ഈ ലോകത്തുനിന്നും ദൈവം നമ്മെ വിളിച്ചു വേര്‍തിരിച്ചു. നമ്മുടെ കര്‍ത്താവിന്‍റെ രക്ഷയിലൂടെ യേശുക്രിസ്തുവില്‍ നമ്മെ വിശ്വസിപ്പിച്ച് നമ്മെ രക്ഷിച്ചു. നാം ഒരുമിച്ച് സുവിശേഷത്തെ സേവിക്കേണ്ടതിന് അവന്‍ ഈ സഭയെ രൂപീകരിച്ചു. ഈ സത്യമാണ് വിശുദ്ധന്‍മാരുടെ കൂടിവരവിന് കാരണമായി തീര്‍ന്നത്.
സഭ നിലനില്‍ക്കുന്നതിന്‍റെ കാരണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വെളിച്ചത്തെ ശോഭിപ്പിക്കുവാനാണ്
ഒരു താലന്ത് സ്വര്‍ണത്തിന്‍റെ അടിപ്പുപണിയായി നിലവിളക്ക് നിര്‍മ്മിച്ചതിന്‍റെ കാരണം സുവിശേഷ പുഷ്പങ്ങള്‍ പൂത്തൂലയുമാറ് ദൈവസഭ ഒരുമിച്ച് നില്‍ക്കുവാന്‍ വേണ്ടിയാണ്. ഈ നിലവിളക്ക് ദൈവത്തിന്‍റെ സഭയെ കുറിക്കുന്നു. സകല ഇരുട്ടുകളെയും പ്രകാശിപ്പിക്കുവാനായാണ് ഇത് നിലകൊള്ളുന്നത്. സഭയുടെ നിലനില്‍പ്പിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യം തന്നെ ഇതാണ്. നാം വീണ്ടും ജനിക്കുവാനായി സേവ ചെയ്യുവാനുള്ള പുഷ്പപുടമായി സഭ ആദ്യം മാറുന്നു. ഇപ്പോഴത്തേത് നമ്മുടെ അവസരമാണ്. നിങ്ങളും ഞാനും, പാപമോചനം പ്രാപിച്ച എല്ലാവരും തീര്‍ച്ചയായും ഈ പുഷ്പപുടങ്ങളായി മാറുകയും സുവിശേഷ പുഷ്പങ്ങള്‍ പൂര്‍ണമായും പൂത്തുലയുവാന്‍ തക്കവണ്ണം അവയ്ക്കുള്ള വളമായി തീരുന്ന പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം നാം തുടര്‍ന്നും ചെയ്തു കൊണ്ടേയിരിക്കേണം. നീതിമാന്മാരായ നാം എല്ലാവരും, ദൈവത്തിന്‍റെ സകല സഭകളും സുവിശേഷ വെളിച്ചത്തെ ലോകമെമ്പാടും വ്യാപിപ്പിക്കുന്ന നിലവിളക്കിന്‍റെ കര്‍ത്തവ്യം തീര്‍ച്ചയായും നിറവേറ്റുകയും കര്‍ത്താവിനെ സേവിക്കുകയും വേണം.
പുതിയൊരു സഭാവിഭാഗം സ്ഥാപിക്കുവാനല്ല നാം ഇപ്പോള്‍ ശ്രമിക്കുന്നത്. നമ്മുടെ സഭാവിഭാഗത്തെ അനിവാര്യമായും വിശദീകരിക്കേണമെങ്കില്‍ അത് യേശുവിന്‍റെ സഭയായിരിക്കും. കര്‍ത്താവിനെ സേവിക്കുവാനായി വിളിക്കപ്പെട്ട നീതിമാന്മാരാണ് നമ്മള്‍. നിലവിളക്കിന്‍റെ പുഷ്പപുടങ്ങളായി നാം മാറുകയും കര്‍ത്താവിനെ സേവിക്കുകയും ചെയ്യുമ്പോള്‍ പുഷ്പപുടങ്ങള്‍ എന്ന നിലയില്‍ നമ്മുടെ എല്ലാ ആവശ്യങ്ങളെയും അവന്‍ പൂര്‍ത്തീകരിക്കുന്നുവെന്നത് നാം തിരിച്ചറിയണം. നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നാം ഒന്നും ചെയ്തില്ലെങ്കിലും നമ്മുടെ ആവശ്യങ്ങളെല്ലാം സമൃദ്ധമായി അവന്‍ നിറവേറ്റിത്തരും. “മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്ക് കിട്ടും” (മത്തായി 6:33) എന്നു കര്‍ത്താവ് പറഞ്ഞതുപോലെ തക്കസമയത്ത് അവിടെ എത്തിച്ച് തരും. സുവിശേഷത്തെ സേവിക്കുന്ന നീതിമാന്മാര്‍ക്ക് ആവശ്യമുള്ളതെല്ലാം ദൈവം നല്‍കുന്നു. പുഷ്പപുടങ്ങളായിരുന്ന് തങ്ങളുടെ കടമ നിര്‍വഹിക്കുന്നവര്‍ക്ക് കഷ്ടതകള്‍ നേരിടുമ്പോള്‍ “സന്തോഷമായിരിക്കൂ! ഞാന്‍ എപ്പോഴും നിന്‍റെ കൂടെയുണ്ട്” എന്ന് പറഞ്ഞുകൊണ്ട് കര്‍ത്താവ് അവര്‍ക്ക് ശക്തി നല്‍കുന്നു. പുഷ്പപുടങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ “ഉറച്ച വിശ്വാസമുള്ളവരായിരിക്കുക; നിന്നെ ശക്തനാക്കുന്ന എന്നിലൂടെ നിനക്ക് സകലതും സാധ്യമാകും” എന്ന് അവന്‍ അവര്‍ക്ക് വിശ്വാസത്തെ നല്‍കുന്നു. അതോടൊപ്പം കര്‍ത്താവ് തന്‍റെ കൃപയും അവരുടെ മേല്‍ ചൊരിയുന്നു. “എന്‍റെ പുഷ്പപുടമേ, നിനക്ക് തീര്‍ച്ചയായും ഇത് ആവശ്യമാണ്. നിനക്കായി ഈ പ്രശ്നം ഞാന്‍ പരിഹരിക്കാം” എന്ന് പറഞ്ഞുകൊണ്ട് കര്‍ത്താവ് ആ പ്രശ്നത്തെയും പരിഹരിക്കുന്നു. തന്‍റെ നീതിപ്രവൃത്തികള്‍ക്കായി നമ്മെ പുഷ്പപുടങ്ങളായി ഉപയോഗിക്കേണ്ടതിന് നീതിമാന്മാരായ നമ്മെ പുഷ്പപുടങ്ങളായി മാറുവാന്‍ ദൈവം അനുഗ്രഹിക്കുന്നു.
നീതിമാന്മാരായ നമ്മള്‍ എന്തു ചെയ്താലും സുവിശേഷം പൂത്തുലയുവാനുള്ള പുഷ്പപുടങ്ങളായി നാം ആ സേവനം ചെയ്യണം. നമ്മുടെ വിദ്യാര്‍ത്ഥികളും സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി വിശ്വസ്തതയോടെ തങ്ങളുടെ സ്കൂള്‍ ജീവിതം നയിക്കേണം. നമ്മുടെ സാധാരണ വിശ്വാസികള്‍ തങ്ങളുടെ ജോലിസ്ഥലത്തു നിന്നും ജീവിത വക നേടുമ്പോഴും സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി അവരും പ്രവര്‍ത്തിക്കേണം. നാം എന്തെല്ലാം ചെയ്താലും കര്‍ത്താവിന്‍റെ സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളായി തീരുവാന്‍ തക്കവണ്ണം നാമിത് ചെയ്യേണം. സുവിശേഷത്തിന്‍റെ പുഷ്പപുടങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുവാനാണ് നീതിമാന്മാരായ നാം നിലകൊള്ളുന്നത്. ഇപ്രകാരം ആകണം നമ്മുടെ വിശ്വാസത്തെ ജീവിതത്തില്‍ കാണിക്കേണ്ടത്. സുവിശേഷ പുഷ്പങ്ങളുടെ പൂത്തുലയലിന് ഈ പുഷ്പപുടങ്ങള്‍ നിര്‍ണ്ണായക പ്രാധാന്യം ഉള്ളവയാണ്.
നമ്മളാരും തന്നെ പുഷ്പങ്ങള്‍ അല്ലെന്ന് നിങ്ങള്‍ ഓര്‍ക്കേണം. യേശുവാണ് സുവിശേഷത്തിന്‍റെ പുഷ്പം. സത്യവെളിച്ചവും യേശുതന്നെ. നാം ആകെ ചെയ്യേണ്ടത് തന്‍റെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ടിരിക്കുന്ന രക്ഷയുടെ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസംകൊണ്ട് ഈ യേശുക്രിസ്തുവിനെ ലോകമെമ്പാടും പ്രസംഗിക്കുക മാത്രമാണ്. 1കൊരിന്ത്യര്‍ 10:31ല്‍ എഴുതിയിരിക്കുന്നതുപോലെ “ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനായി ചെയ്യുവിന്‍”. പുഷ്പപുടങ്ങള്‍ എന്നനിലയില്‍ വിശ്വസ്തതയോടെ ഈ സുവിശേഷത്തെ പ്രചരിപ്പിച്ച് നമ്മുടെ കടമ നിര്‍വഹിക്കുവാനാണ് നമ്മുടെ ജീവിതം ലക്ഷ്യം വയ്ക്കുന്നത്.
യൗവനക്കാലത്തുള്ള അധികം പേരും തങ്ങളുടെ ഭാവിയെക്കുറിച്ചോ ര്‍ത്താണ് വേവലാതിപ്പെടാറുള്ളത്. “എന്‍റെ ജീവിതം ഭാവിയില്‍ എന്തായി തീരും? എന്‍റെ പ്രിയമുള്ളവരും ഭാവിയിലെ ജീവിതപങ്കാളിയും ഇപ്പോള്‍ എവിടെ എന്തുചെയ്യുകയായിരിക്കും?” എന്നിങ്ങനെ അവര്‍ സന്ദേഹിക്കാറുണ്ട്. എന്‍റെ ഭാവിയിലെ ജീവിതപങ്കാളി എവിടെയായിരിക്കും? അവന്‍ ദൈവത്തിന്‍റെ സഭയിലാണ്. യേശുക്രിസ്തുവല്ലാതെ മറ്റാരുമല്ല അവന്‍. അപ്പോള്‍ അവന്‍ എന്താണ് ചെയ്യുന്നത്? അവന്‍ വെളിച്ചത്തെ പ്രകാശിപ്പിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വെളിച്ചമാണവന്‍. അവന്‍ കര്‍ത്താവും നിങ്ങളെല്ലാവരും ക്രിസ്തുവിന്‍റെ മണവാട്ടികളുമാണ്. തന്‍റെ സഭയിലേക്ക് വരണമെന്ന് കര്‍ത്താവ് നിങ്ങളോട് പറയുന്നു. വചനത്തിലൂടെ തന്‍റെ സഭയില്‍ വച്ച് അവന്‍ നിങ്ങളുമായി കണ്ടുമുട്ടാം എന്നും പറയുന്നു. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ചപഞ്ഞിനൂലിലും വെളിപ്പെട്ടിരിക്കുന്ന സത്യത്തില്‍ പൂര്‍ണഹൃദയത്തോടെ വിശ്വസിച്ച് ദൈവത്തോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വെളിപ്പെടുമെന്ന് കര്‍ത്താവ് പറയുന്നു. നിങ്ങള്‍ അവനില്‍ വിശ്വസിക്കുമ്പോള്‍ നിങ്ങളുടെ അടുക്കല്‍ വന്ന് നിങ്ങളോട് സംസാരിക്കാമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.
നീതിമാന്മാര്‍ എപ്പോഴും തങ്ങളുടെ ചിന്തയില്‍ ഉണര്‍ന്നിരിക്കേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കൊണ്ട് നിങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുമ്പോള്‍ പരിശുദ്ധാത്മാവ് ഓരോ ദിവസവും നിങ്ങളെ ഉണര്‍ത്തും. നീതിമാന്മാര്‍ ആകെ ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്‍റെ വഴിനടത്തല്‍ അനുസരിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാന്‍ തക്കവണ്ണം തങ്ങളുടെ ജീവിതം നയിക്കുക മാത്രമാണ്. നാം അങ്ങനെ ചെയ്യുമ്പോള്‍ ആത്മീയ ചിന്തകളില്‍ നിന്നും ജഡീകമോഹങ്ങളെ തിരിച്ചറിയാനും വിവേചിക്കാനും നമുക്ക് തന്നെ കഴിയും.
നിങ്ങള്‍ മുമ്പ് ഉള്ളിയുടെ തൊലി കളഞ്ഞിട്ടുണ്ടാവാം. ഓരോ പാളിപാളിയായി ആദ്യം പുറത്തുള്ള തൊലികളയുക. അതിന് താഴെയായി മറ്റൊരുപാളി, അല്‍പ്പം കൂടെ പച്ചനിറത്തില്‍ കാണാം. ഈ പച്ചനിറത്തിലുള്ള പാളി ഇളക്കി കഴിയുമ്പോള്‍ വെളുത്ത മറ്റൊരു പാളി കാണുന്നു. അതിനെയും മാറ്റിക്കളയുമ്പോള്‍ നേരത്തെ കണ്ടതുപോലെ വേറൊരു പാളികാണാം. ഒന്നിനു മുകളില്‍ മറ്റൊന്നായി വെളുത്ത പാളികള്‍ കൊണ്ടാണ് ഉള്ളിയെ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വെളുത്തപാളി ഉരിഞ്ഞെടുക്കുമ്പോഴേക്കും ഏറ്റവും പുറത്തുള്ള പാളി മഞ്ഞ നിറമായിരിക്കും. ഈ പാളിയും മാറ്റിക്കഴിയുമ്പോള്‍ മറ്റൊരു വെളുത്തപാളി വീണ്ടും പ്രത്യക്ഷമാകും. അല്പസമയം കഴിയുമ്പോള്‍ അകത്തെ പാളിയും പുറത്തെ തൊലി പോലെ ആയിത്തീരുന്നു. നല്ല ഒരുപാളി കിട്ടേണമെങ്കില്‍ ഇതിനെയും ഉരിഞ്ഞ് കളയേണ്ടിവരും.
നമ്മുടെ ജഡം എന്നത് ഉള്ളിയുടെ ഈ പാളികള്‍ പോലെയാണ്. അതുകൊണ്ട് ഓരോ ദിവസവും ജഡീകമായ ചിന്തകളെ നാം ഉരിഞ്ഞ് കളയണം. “ഞാന്‍ രക്ഷിക്കപ്പെട്ടപ്പോള്‍ എന്നെതന്നെ ത്യജിച്ചതാണ്; എന്‍റെ പാപമോചനം പ്രാപിച്ചതിനുശേഷം ഞാന്‍ വീണ്ടും എന്നെ തന്നെ ത്യജിക്കേണമോ? കഴിഞ്ഞ വര്‍ഷം ഞാന്‍ എന്നെതന്നെ ത്യജിച്ചത് എത്ര തവണയാണെന്ന് നിങ്ങള്‍ക്കറിയാമോ? എന്‍റെ ഹൃദയത്തെ അതുപോലെ ചായ്ക്കുവാന്‍ എന്ത് കഠിനമായിരുന്നു. അത് വീണ്ടും ചെയ്യേണമെന്നോ? ഇത് വളരെ കടുപ്പം തന്നെ” എന്നിങ്ങനെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ സഹോദരാ സഹോദരി, ഇതുപോലെ നിങ്ങളുടെ ജഡത്തിന്‍റെ ചിന്തകളെ നീക്കം ചെയ്യുന്നത് ഒരു നല്ല കാര്യമാണ്. ഒരു ഉള്ളിയുടെ തൊലി കളയുന്നതുപോലെ നമ്മുടെ ജഡചിന്തകളെയും ഉരിഞ്ഞ് കളയുന്നത് നേരായ മാര്‍ഗവും ഒരു തത്വവുമാണെന്ന് കര്‍ത്താവ് നമ്മോട് പറയുന്നു.
എഴുതപ്പെട്ട വചനത്തിലൂടെ നമ്മെ കണ്ടുമുട്ടേണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. കാഴ്ചയപ്പത്തിന്‍റെ മേശയില്‍, നിലവിളക്കില്‍, സുഗന്ധവര്‍ഗ്ഗ ധൂപപീഠത്തില്‍, കൃപാസനത്തിന്‍റെ മുന്നിലെല്ലാം വെച്ച് നമ്മെ കാണണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു. വിശ്വാസം ഇല്ലാതിരിക്കെ, ഉള്ളതു പോലെ നടിച്ച്, നിങ്ങളെ തന്നെ നിര്‍ബന്ധപൂര്‍വ്വം സ്വയം ത്യജിക്കേണം എന്നല്ല ഞാനിവിടെ പറയുന്നത്. മറിച്ച്, വിശ്വാസത്താല്‍ ഹൃദയപൂര്‍വം നിങ്ങളെ തന്നെ ത്യജിക്കേണം എന്നാണ്. ഇപ്പോള്‍ മനസ്സിലായോ? നിങ്ങളെ തന്നെ ത്യജിക്കുന്നത് നന്നായിരിക്കും എന്നല്ല കര്‍ത്താവ് പറയുന്നത്, മറിച്ച്, നിശ്ചയമായും നിങ്ങളങ്ങനെ ചെയ്യണം എന്നാണ്. നിങ്ങളുടെ ഹൃദയത്തില്‍ നിങ്ങളെ ത്യജിക്കേണമെന്ന് നിങ്ങളുടെ മനസുകൊണ്ട് കൊത്തി വെച്ചാല്‍ ആത്മത്യാഗം എന്നത് നിങ്ങള്‍ക്ക് സ്വന്തമായി നേടാന്‍ കഴിയും. നിങ്ങള്‍ തിരിച്ചറിയുന്നതിനുമുമ്പ് അത് നിങ്ങളില്‍ എത്തിചേരും. “ആഹാ! അപ്പോള്‍ ഇങ്ങനെയാണ് എന്നെത്തന്നെ ത്യജിക്കുന്നത്”. എന്നാല്‍ അടിസ്ഥാനതത്വം പഠിപ്പിക്കാതെ ജനങ്ങള്‍ തങ്ങളുടെ ഹിതത്തെ വളയ്ക്കുവാന്‍ മാത്രം പ്രേരിപ്പിക്കപ്പെടുകയാണെങ്കില്‍ ഇത് നേടുകയെന്നത് അസാധ്യമായി തീരും, മാത്രമല്ല, തങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതില്‍ ചെന്നവസാനിക്കുകയും ചെയ്യും.
സമര്‍പ്പണത്തിനായി നമ്മുടെ ഹൃദയങ്ങളെ മെരുക്കിയെടുത്താല്‍ കര്‍ത്താവ് പ്രസാദിക്കും. കര്‍ത്താവിനെ ഇത് പ്രസാദിപ്പിക്കുന്നുവെങ്കില്‍ നമ്മുടെ ജഡീക ചിന്തകളെ അനുസരണയിന്‍ കീഴില്‍ നാം കൊണ്ടുവരണം. തീര്‍ച്ചയായും നമ്മുടെ പിടിയില്‍ നിന്നും അകന്നിരിക്കുന്ന ചില കാര്യങ്ങളുണ്ടാകാം. എങ്കിലും അവയെ നേടുവാന്‍ നാം ശ്രമിക്കേണം. ഇതല്ലേ കാര്യം? കര്‍ത്താവ് നമ്മെ രക്ഷിച്ച് നമ്മെ അവന്‍റെ പ്രവര്‍ത്തകരാക്കിയതിനാല്‍ നമുക്ക് ചെയ്യാനാവാത്തതായി ഒന്നുമില്ല. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലെ, “എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം ഞാന്‍ സകലത്തിനും മതിയാകുന്നു” (ഫിലിപ്പിയര്‍ 4:13). അതുകൂടാതെ സുവിശേഷ പുഷ്പങ്ങളെ പൂത്തുലയുന്ന അവസ്ഥയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ നാം ഏറ്റവും ചെറിയ പുഷ്പപുടം ആയിരുന്നാലും പൂക്കാലമെന്നത് തികച്ചും ഉജ്ജ്വലമായിരിക്കും. അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയാത്തതായി എന്താണുള്ളത്? നാം ഏറ്റവും ചെറിയ പുഷ്പപുടമായിരി ക്കുമ്പോള്‍ പോലും സുവിശേഷ വസന്തത്തിനും ആത്മാക്കളെ രക്ഷിക്കുന്നതിനും കര്‍ത്താവ് നമ്മെ ഉപയോഗിക്കുമെങ്കില്‍ അവന്‍റെ പുഷ്പപുടമാകുവാന്‍ നമുക്ക് കഴിയുകയില്ലയോ? തീര്‍ച്ചയായും കഴിയും.
നമ്മുടെ വിശ്വാസത്തെ ഹൃദയങ്ങളില്‍ മടി കാണിക്കാതെ നാം അംഗീകരിക്കണം. ശരിയെ ശരിയായി തിരിച്ചറിയുക മാത്രമാണ് നാം ചെയ്യേണ്ടത്. “അതെ, അത് ശരിയാണ്” എന്ന് ശരിയെ അംഗീകരിക്കുകയും തെറ്റിപോകുമ്പോള്‍ “അല്ല, എന്‍റെ ചിന്തകള്‍ തെറ്റായിരുന്നു, ഞാന്‍ തെറ്റിപ്പോയി” എന്നും അംഗീകരിക്കുക. നമ്മുടെ സ്വയത്തെ ത്യജിക്കുകയും നമ്മുടെ സ്വന്തം ഹിതത്തെ കീഴ്പ്പെടുത്തുകയും ചെയ്യുന്നതു തന്നെയാണ് കര്‍ത്താവിനെ പിന്‍ഗമിക്കുക എന്നത്. നമ്മുടെ ജഡീക അഭിലാഷങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ നമ്മുടെ കര്‍ത്താവ് നമ്മെ രൂപാന്തരപ്പെടുത്തും. നമുക്ക് സ്വന്തമായി രൂപാന്തരം പ്രാപിക്കാന്‍ കഴിയുകയില്ല. ഒരു ആത്മീയ വ്യക്തിയാവുക എന്നത് നമ്മുടെ സ്വന്തം പ്രയത്നത്താല്‍ നേടാവുന്നത് അല്ല. നാം ആകെ ചെയ്യേണ്ടത് ദൈവവചനത്തിനു മുമ്പില്‍ നാം ശരിയാണോ തെറ്റണോ എന്ന് പ്രതിഫലിപ്പിച്ച് കാണുകയാണ്. നമുക്ക് തെറ്റിപോയെങ്കില്‍ അതിനെ അംഗീകരിച്ചുകൊണ്ട് “അതെ, കര്‍ത്താവേ, അങ്ങ് മാത്രമാണ് ശരി. തെറ്റിപ്പോയത് ഞാനാണ്” എന്ന് അംഗീകരിച്ചാല്‍ മാത്രം മതി. നാമിങ്ങനെ ചെയ്തയുടനെ നമ്മുടെ ഹൃദയത്തിലെ ഇരുട്ട് നീങ്ങിപോകും. അപ്പോള്‍ കര്‍ത്താവ് നമ്മോട് പറയും. “നിങ്ങളെ പോലുള്ള ഒരു വ്യക്തിയുടെ പോലും സകല പാപങ്ങളും ഞാന്‍ തുടച്ച് നീക്കി. നിങ്ങളെ ഞാന്‍ വെളിച്ചത്തിലേക്ക് നിര്‍ത്തിയിരിക്കുന്നു”. നമ്മുടെ കര്‍ത്താവ് നമ്മോട് പറയുന്നത്, “അവയെ ശാസിക്കുമ്പോഴൊ സകലത്തെയും കുറിച്ച് വെളിച്ചത്താല്‍ ബോധം വരും. ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ” (എഫെസ്യര്‍ 5:13).
നമ്മുടെ സ്വന്തം ഇച്ഛയനുസരിച്ച് ചെയ്യുവാനായി നമുക്ക് ഒന്നും തന്നെയില്ല. നാം ആകെ ചെയ്യേണ്ടത് വിശ്വാസത്താല്‍ വിശുദ്ധസ്ഥലത്ത് ജീവിക്കുകയെ ന്നതാണ്. അപ്രകാരം നാം ജീവിക്കുമ്പോള്‍ കര്‍ത്താവ് നമ്മില്‍ പ്രവര്‍ത്തിക്കും. നമ്മെ അധികം വിലയുള്ള പുഷ്പപുടങ്ങളാക്കുകയും അധികം അനുഗ്രഹങ്ങളെയും അധികം കൃപയെയും ദൈവം നമ്മില്‍ ചൊരിയുകയും ചെയ്യും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മിലൂടെ വ്യാപിക്കണമെന്ന് ദൈവം വാസ്തവമായും ആഗ്രഹിക്കുന്നതിനാല്‍ നമുക്ക് അധികം അനുഗ്രഹങ്ങള്‍ തരാതിരിക്കുവാന്‍ അവനു കഴിയില്ല. ഈ സത്യത്തെ നിങ്ങളെല്ലാവരും വിശ്വസിക്കുമെന്ന് ഞാന്‍ കരുതുന്നു. ദൈവത്തിന്‍റെ എല്ലാ വചനങ്ങളിലും വിശ്വസിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ വിശ്വസിക്കുന്നുവോ? “അതെ” എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഈ ചോദ്യം ചോദിക്കുമ്പോഴെല്ലാം നിങ്ങളുടെ വിശ്വാസം വളരും. വിശ്വാസ മണ്ഡലം എന്നത് ഒറ്റയ്ക്ക്, ആര്‍ക്കും തന്നെ ഒന്നും പഠിക്കുവാന്‍ കഴിയാത്തതാണ്.
ശുശ്രൂഷകന്മാര്‍ പുഷ്പപുടങ്ങളാണ്. നമ്മുടെ എല്ലാ സഹോദരീ സഹോദരന്‍മാരും അങ്ങനെ തന്നെ. “നിങ്ങള്‍ വൃത്തികെട്ട ഒരു പുഷ്പപുടമാണ്. ഞാന്‍ സുന്ദരമായതും.” നിങ്ങളിലാരും ഈ രീതിയില്‍ ചിന്തിക്കില്ലെന്ന് എനിക്കറിയാം. എങ്കിലും ഇത്തരം ചിന്തകള്‍ നിങ്ങളില്‍ ഇഴഞ്ഞു കയറുമ്പോള്‍ നിങ്ങള്‍ ഉടന്‍ തന്നെ തിരിഞ്ഞു നിന്ന് ദൈവത്തിന്‍റെ മനസ്സില്‍ നിന്നും വിപരീതദിശയിലേയ്ക്കാണ് നിങ്ങള്‍ പോകുന്നതെന്ന് തിരിച്ചറിയണം. പുഷ്പപുടങ്ങള്‍ മറ്റു വിശുദ്ധന്‍മാരോട് സൗന്ദര്യ മത്സരത്തില്‍ സമ്മാനം നേടാന്‍ എന്നപോലെ മത്സരിക്കുന്നതില്‍ എന്തു നډയാണുള്ളത്? ചില പുഷ്പപുടങ്ങള്‍ എത്രതന്നെ നന്നായിരുന്നാലും ആര്‍ക്കെങ്കിലും പുഷ്പത്തെക്കാള്‍ മനോഹരമായി ത്തീരുവാന്‍ കഴിയുമോ? പുഷ്പപുടങ്ങള്‍ പുഷ്പത്തെക്കാള്‍ ചേതോഹരം ആകുകയാണെങ്കില്‍ ആ പുഷ്പം ഉപയോഗമില്ലാത്തതും ആരെയും ആകര്‍ഷിക്കാത്തതും ആയിരിക്കും. ഒരു ചുവര്‍ പണിയുവാന്‍ ചെറുതും വലുതുമായ ചുടുകട്ടകള്‍ ഒരു പോലെ ആവശ്യമാകുന്നതുപോലെ നാം എല്ലാവരും നന്നായാലും ചീത്തയായാലും കര്‍ത്താവിന്‍റെ സുവിശേഷ പുഷ്പങ്ങളെ വസന്തത്തിലേയ്ക്ക് നയിക്കുവാന്‍ പുഷ്പപുടങ്ങളായി ആവശ്യമാണ്.
ആകയാല്‍ നമ്മുടെ അഹങ്കാരത്തില്‍ മറ്റുള്ളവരെ നമുക്ക് ഒഴിവാക്കാതിരിക്കാം. പകരമായി, നാമെല്ലാവരും വിലയേറിയവരാണെന്ന് തിരിച്ചറിഞ്ഞ് നമുക്ക് പരസ്പരം കരുതാം. എല്ലാവരും വിലയേറിയവരാണ്. എല്ലാവരും ആവശ്യമുള്ളവരും ആണ്. ഒരു താലന്ത് ശുദ്ധ സ്വര്‍ണ്ണം കൊണ്ട് അടിപ്പുപണിയായി നിലവിളക്ക് ഉണ്ടാക്കുവാന്‍ ദൈവം മോശെയോട് കല്പിച്ചതുപോലെ രക്ഷയുടെ നിയമം കൊണ്ട് അവന്‍ നമ്മെ നീതിമാന്മാരാക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ സേവിക്കുന്ന പുഷ്പപുടങ്ങളാക്കുകയും ചെയ്തു. ആകയാല്‍ നമ്മിലൂടെ തന്‍റെ സുവിശേഷം പ്രചരിപ്പിക്കുവാന്‍ ദൈവം പ്രസാദിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ തന്‍റെ സഭയിലൂടെ സകലമാനവര്‍ക്കും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സുവിശേഷ പ്രചരണത്തിലൂടെയും ഇതിന്‍റെ പുഷ്പപുടങ്ങളിലൂടെയും തന്‍റെ സത്യത്തിന്‍റെ സ്നേഹം കൊണ്ട് സര്‍വ്വലോകത്തെയും പ്രകാശിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.
ഹല്ലേലൂയാ.