• All e-books and audiobooks on The New Life Mission website are free
  • Explore multilingual sermons in global languages
  • Two new revised editions in English have been released
  • Check out our website translated into 27 languages
Search

Sermons

വിഷയം 11: സമാഗമന കൂടാരം

[11-29] മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന ആത്മീയ അര്‍ത്ഥങ്ങള്‍ (പുറപ്പാട് 28:1-43)

(പുറപ്പാട് 28:1-43)
“നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിനു യിസ്രായേല്‍മക്കളുടെ ഇടയില്‍ നിന്നു നിന്‍റെ അടുക്കല്‍ വരുത്തുക, അഹരോനെയും അഹരോന്‍റെ പുത്രന്മാരായ നാദാബ്, അബീഹു, എലെയാസര്‍, ഈഥാമാര്‍ എന്നിവരെയും തന്നെ. നിന്‍റെ സഹോദരനായ അഹരോനുവേണ്ടി മഹത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധ വസ്ത്രം ഉണ്ടാക്കേണം. അഹരോന്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിനു അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവു കൊണ്ടു നിറെച്ചിരിക്കുന്ന സകല ഞാനികളോടും നീ പറയേണം. അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്‍റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിനു അവര്‍ അവനും അവന്‍റെ പുത്രന്മാര്‍ക്കും വിശുദ്ധ വസ്ത്രം ഉണ്ടാക്കേണം. അതിനു പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ എടുക്കേണം. പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. അതിന്‍റെ രണ്ടു അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമല്‍ക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മില്‍ ഇണെച്ചിരിക്കേണം. അതു കെട്ടിമുറുക്കുവാന്‍ അതിന്‍മേലുള്ള തായി ചിത്രപ്പണിയായ നടുക്കെട്ടു അതില്‍ നിന്നുതന്നേ അതിന്‍റെ പണിപോലെ പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ആയിരിക്കേണം. അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയില്‍ യിസ്രായേല്‍മക്കളുടെ പേര്‍ കൊത്തേണം. അവരുടെ പേരുകളില്‍ ആറു ഒരു കല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനന ക്രമത്തില്‍ ആയിരിക്കേണം. രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല്‍മക്കളുടെ പേര്‍ കൊത്തേണം. അവ പൊന്തടങ്ങളില്‍ പതിക്കേണം. കല്ലു രണ്ടും ഏഫോദിന്‍റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍ മക്കള്‍ക്കു വേണ്ടി ഓര്‍മ്മക്കല്ലായി വെക്കേണം. അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഓര്‍മ്മക്കായി തന്‍റെ രണ്ടു ചുമലിന്മേലും വഹിക്കേണം. പൊന്നുകൊണ്ടു തടങ്ങള്‍ ഉണ്ടാക്കേണം. തങ്കം കൊണ്ടു ചരടുപോലെ മുറിച്ചു കുത്തു പണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം. മുറിച്ചു കുത്തു പണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം. ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം. അതു ഏഫോദിന്‍റ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം. അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം. അതില്‍ കല്‍പതിപ്പായി നാലു നിര കല്ലു പതിക്കേണം. താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര, രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം, മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു, നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്‍ പൊന്നില്‍ പതിച്ചിരിക്കേണം. ഈ കല്ലു യിസ്രായേല്‍മക്കളുടെ പേരോടു കൂടെ അവരുടെ പേര്‍ പോലെ പന്ത്രണ്ടായിരിക്കേണം. പന്ത്രണ്ടു ഗോത്രങ്ങളില്‍ ഓരോന്നിന്‍റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കണം. പതക്കത്തിനു ചരടുപോലെ മുറിച്ചു കുത്തു പണിയായി തങ്കം കൊണ്ടു സരപ്പളി ഉണ്ടാക്കേണം. പതക്കത്തിനു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം. പൊന്നുകൊണ്ടു മുറിച്ചു കുത്തു പണിയായ സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തില്‍ കൊളുത്തി ഏഫോദിന്‍റെ ചുമല്‍ക്കണ്ടങ്ങളില്‍ അതിന്‍റെ മുന്‍ഭാഗത്തു വെക്കേണം. പൊന്നു കൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്‍റെ മുന്‍ഭാഗത്തു അതിന്‍റെ രണ്ടു ചുമല്‍ക്കണ്ടത്തിന്മേല്‍ താഴെ അതിന്‍റെ ഇണെപ്പിന്നരികെ ഏഫോദിന്‍റെ നടുക്കെട്ടിനു മേലായി വെക്കേണം. പതക്കം ഏഫോദിന്‍റെ നടുക്കെട്ടിനു മേലായിരിക്കേണ്ടതിനും ഏഫോദില്‍ ആടാതിരിക്കേണ്ടതിനും അതിന്‍റെ വടക്കണ്ണികളാല്‍ ഏഫോദിന്‍റെ വടക്കണ്ണികളോടു നീലനാട കൊണ്ടു കെട്ടേണം. അങ്ങനെ അഹരോന്‍ വിശുദ്ധ മന്ദിരത്തില്‍ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തില്‍ യിസ്രായേല്‍ മക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഓര്‍മ്മക്കായിട്ടു തന്‍റെ ഹൃദയത്തിന്മേല്‍ വഹിക്കേണം. ന്യായവിധിപ്പതക്കത്തിനകത്തുള്ള ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം. അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്‍റെ ഹൃദയത്തിന്മേല്‍ ഇരിക്കേണം. അഹരോന്‍ യിസ്രായേല്‍ മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്‍റെ ഹൃദയത്തിന്മേല്‍ വഹിക്കേണം. ഏഫോദിന്‍റെ അങ്കി മുഴുവനും നീലനൂല്‍ കൊണ്ടു ഉണ്ടാക്കേണം. അതിന്‍റെ നടുവില്‍ തലകടപ്പാന്‍ ഒരു ദ്വാരം വേണം. ദ്വാരത്തിനു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം. അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്‍റെ ദ്വാരം പോലെ അതിനു ഉണ്ടായിരിക്കേണം. നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, എന്നിവ കൊണ്ടു ചുറ്റും അതിന്‍റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നു കൊണ്ടു മണികളും ഉണ്ടാക്കേണം. അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു പൊډണി, ഒരു മാതളപ്പഴം, ഒരു പൊന്‍മണി, ഒരു മാതളപ്പഴം ഇങ്ങനെ വേണം. ശുശ്രൂഷ ചെയ്കയില്‍ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധ മന്ദിരത്തില്‍ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിനു അതിന്‍റെ ശബ്ദം കേള്‍ക്കേണം. തങ്കം കൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതില്‍ “യഹോവയുടെ വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം. അതു മുടിമേല്‍ ഇരിക്കേണ്ടതിനു നീലച്ചരടു കൊണ്ടു കെട്ടേണം. അതു മുടിയുടെ മുന്‍ഭാഗത്തു ഇരിക്കേണം. യിസ്രായേല്‍ മക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധ വസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിനു അതു അഹരോന്‍റെ നെറ്റിയില്‍ ഇരിക്കേണം. യഹോവയുടെ മുമ്പാകെ അവര്‍ക്കു പ്രസാദം ലഭിക്കേണ്ടതിനു അതു എപ്പോഴും അവന്‍റെ നെറ്റിയില്‍ ഇരിക്കേണം. പഞ്ഞിനൂല്‍ കൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം. പഞ്ഞിനൂല്‍ കൊണ്ടു മുടിയും ഉണ്ടാക്കേണം. നടുക്കെട്ടും ചിത്രത്തയ്യല്‍ പണിയായിട്ടു ഉണ്ടാക്കേണം. അഹരോന്‍റെ പുത്രന്മാര്‍ക്കു മഹത്വത്തിനും അലങ്കാരത്തിനു മായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം. അവ നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും ധരിപ്പിക്കേണം. അവര്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിനു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം. അവരുടെ നഗ്നത മറപ്പാന്‍ അവര്‍ക്കു ചണ നൂല്‍ കൊണ്ടു കാല്‍ചട്ടയും ഉണ്ടാക്കേണം. അതു അര തുടങ്ങി തുടവരെ എത്തേണം. അഹരോനും അവന്‍റെ പുത്രന്മാരും വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷ ചെയ്വാന്‍ സമാഗമന കൂടാരത്തില്‍ കടക്കുമ്പോഴോ യാഗപീഠത്തിന്‍റെ അടുക്കല്‍ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിനു അവര്‍ അതു ധരിക്കേണം. അവനും അവന്‍റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.” 
 

മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ 

മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന ആത്മീയ അര്‍ത്ഥങ്ങളെ കുറിച്ചാണ് ഇന്ന് നമ്മള്‍ നോക്കുവാന്‍ പോകുന്നത്. അഹരോനും അവന്‍റെ മക്കളുമാണ് ഈ വസ്ത്രങ്ങള്‍ ധരിക്കുന്നത്. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളിലൂടെ നമ്മെ പാപത്തില്‍ നിന്ന് രക്ഷിച്ച ദൈവത്തിന്‍റെ പദ്ധതി വിശ്വാസത്താല്‍ നമുക്ക് തിരിച്ചറിയാം.
തന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും ദൈവത്തിന് ശുശ്രൂഷ ചെക്കുവാന്‍ പുരോഹിതന്മാരായി വിശുദ്ധീകരിക്കേണ മെന്ന് ദൈവം മോശെയോട് കല്‍പ്പിച്ചു. അതോടൊപ്പം താന്‍ കാണിച്ച മാതൃകയില്‍ തന്നെ അവര്‍ക്ക് വസ്ത്രങ്ങള്‍ നിര്‍മ്മിക്കണമെന്നും ദൈവം മോശെയോടു കല്‍പ്പിച്ചു.
നാലാം വാക്യത്തില്‍ ദൈവം പറഞ്ഞു. “അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവ തന്നെ. നിന്‍റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് അവര്‍ അവനും അവന്‍റെ പുത്രന്മാര്‍ക്കും വിശുദ്ധ വസ്ത്രം ഉണ്ടാക്കേണം.” 
ആദ്യം തന്നെ മഹാപുരോഹിതന്‍ നിലയങ്കിയും കാല്‍ച്ചട്ടകളും തന്‍റെ നഗ്നത മറെക്കാനായി ധരിക്കേണം. ഈ വസ്ത്രങ്ങള്‍ പിരിച്ച പഞ്ഞിനൂല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ നല്ല വായു സഞ്ചാരം നല്‍കുകയും അധികമായി വിയര്‍ക്കുന്നത് തടയുകയും ചെയ്യുന്നു. മഹാപുരോഹിതന്‍ തന്‍റെ സ്വന്തം ജീവിത പ്രവൃത്തികള്‍ മാറ്റി വയ്ക്കണമെന്നും തനിക്ക് നേരത്തെ നല്‍കപ്പെട്ടിരിക്കുന്ന കൃപയും വിശ്വാസവും അനുസരിച്ച് ദൈവത്തെ സേവിക്കണം എന്നുമാണ് ഇതിന്‍റെ ആത്മീയ അര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മഹാപുരോഹിതന്‍ തന്‍റെ സ്വന്തം ചിന്തകളും ജഡത്തിന്‍റെ ആരാധനയും മാറ്റിവച്ച് വിശ്വാസത്തോടുകൂടി ദൈവം സ്ഥാപിച്ച യാഗവ്യവസ്ഥയനുസരിച്ചുള്ള പ്രായശ്ചിത്തയാഗം അര്‍പ്പിക്കുമ്പോള്‍ മാത്രമാണ് ദൈവത്തിന്‍റെ ഹിതം പൂര്‍ത്തീകരിക്കപ്പെടുന്നത്. ഈ ഉദ്ദേശ്യത്തോടു കൂടിയാണ് ദൈവം നിലയങ്കിയെയും കാല്‍ച്ചട്ടകളെയും നിര്‍മ്മിക്കുകയും മഹാപുരോഹി തനെ അത് ധരിപ്പിക്കുകയും ചെയ്തത്.
ഈ വസ്ത്രങ്ങള്‍ക്കു മുകളിലായി നീല നിറത്തിലുള്ള ഒരു നീളക്കുപ്പായം മഹാപുരോഹിതനെ ദൈവം ധരിപ്പിച്ചു. ഈ നീളക്കുപ്പായത്തിനു മുകളില്‍ അവന്‍ ഏഫോദ് ധരിക്കുകയും പതക്കം വയ്ക്കുകയും ചെയുതു. മഹാപുരോഹിതന്‍റെ നെഞ്ചില്‍ വച്ചിരുന്ന ഈ പതക്കം നിര്‍മ്മിച്ചിരുന്നത് കട്ടിയുള്ള തുണി രണ്ടായി മടക്കി എടുത്ത് ചിത്രത്തയ്യല്‍പ്പണികളോടെ സ്വര്‍ണ്ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാലും പിരിച്ച പഞ്ഞി നൂലിനാലും നെയ്തെടുത്തതായിരുന്നു. നീളവും വീതിയും ഒരു ചാണ്‍ വീതമുള്ള ഒരു കഷ്ണമായിരുന്നു ഇത്. പതക്കത്തില്‍ പന്ത്രണ്ടു വിലയേറിയ കല്ലുകള്‍, ഓരോന്നിലും പന്ത്രണ്ടു യിസ്രായേല്‍ ഗോത്രങ്ങളില്‍ ഓരോന്നിന്‍റെയും പേര് കൊത്തിവെച്ചിരുന്നു.
തുടര്‍ന്ന് പിരിച്ച പഞ്ഞിനൂല്‍ കൊണ്ടുണ്ടാക്കിയ മുടി അവന്‍ ധരിക്കുന്നു. മുടിക്കു മുന്നിലായി ശുദ്ധ സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും യഹോവയ്ക്കു വിശുദ്ധം എന്നു കൊത്തിവച്ചതും ആയ ഒരു ഫലകം നീല നൂല്‍ കൊണ്ടു ബന്ധിച്ചു വച്ചിരിക്കുന്നു. മഹാപുരോഹിതന്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, മുടി, സ്വര്‍ണഫലകം എന്നിവയെക്കുറിച്ചുള്ള ചുരുങ്ങിയ വിവരമാണിത്.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ അധികവും നിര്‍മ്മിച്ചിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പുനൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും ആണ്. അതുപോലെ തന്നെയായിരുന്നു പതക്കവും. ഈ പതക്കത്തില്‍ പന്ത്രണ്ടു വിലയേറിയ കല്ലുകള്‍ യിസ്രായേല്‍ ജനങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകള്‍ ഇതില്‍ കൊത്തിവച്ചിരുന്നു.
മഹാപുരോഹിതന്‍റെ കര്‍ത്തവ്യങ്ങള്‍ താഴെപ്പറയുന്നവയായിരുന്നു: യിസ്രായേല്‍ ജനങ്ങളുടെ സഭയ്ക്കുവേണ്ടി അവന്‍ യാഗവഴിപാടിനെ എടുക്കേണം. അവരുടെ പ്രതിനിധി എന്ന നിലയില്‍ അതിന്‍റെ തലയില്‍ തന്‍റെ കൈകള്‍ വച്ച് അവരുടെ പാപങ്ങളെ അതിലേക്ക് കടത്തിവിടണം. അതിനെ കൊന്ന് യാഗമൃഗത്തിന്‍റെ രക്തം ദൈവത്തിന് അര്‍പ്പിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്‍റെ നിയമം അനുസരിച്ച് യാഗം അര്‍പ്പിക്കുന്നതിലൂടെ തന്‍റെ ജനത്തിന്‍റെ പാപങ്ങള്‍ മോചിക്കുവാനായാണ് മഹാപുരോഹിതന്‍ ശുശ്രൂഷിച്ചിരുന്നത്. യിസ്രായേല്‍ ജനത്തിനുവേണ്ടി മഹാപുരോഹിതന്‍ യാഗവസ്തുവിന്‍റെ തലയില്‍ ദൈവമുമ്പാകെ തന്‍റെ കൈകള്‍ വയ്ക്കുകയും അതിന്‍റെ കഴുത്തറുത്ത് അതിന്‍റെ രക്തം എടുത്ത് ഈ രക്തത്തെ ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പുരട്ടുന്നു. തുടര്‍ന്ന് അവന്‍ ഈ രക്തത്തെ അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കൊണ്ടു പോയി കൃപാസനത്തിനു മുകളിലും മുന്നിലുമായി തളിക്കുന്നു. തുടര്‍ന്ന് വഴിപാടിന്‍റെ ജഡം കൂടാരത്തിന്‍റെ പുറത്തെടുത്ത് പൂര്‍ണമായും ദഹിപ്പിച്ചു കളയുന്നു (ലേവ്യാപുസ്തകം 16:3-28). ഇപ്രകാരമാണ് മഹാപുരോഹിതന്‍ യാഗം അര്‍പ്പിച്ചിരുന്നത്. ഇതുവഴി ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗം അര്‍പ്പിക്കുന്നതിലൂടെ ദൈവത്തിന്‍റെ ക്രോധം ശമിപ്പിക്കുവാനുള്ള തന്‍റെ ഭാഗം മഹാപുരോഹിതന്‍ പൂര്‍ത്തിയാക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്‍റെ ജനത്തിനും ദൈവത്തിനും മദ്ധ്യേയുള്ള മദ്ധ്യസ്ഥന്‍റെ ഭാഗമാണ് മഹാപുരോഹിതന്‍ പൂര്‍ത്തീകരിച്ചത്.
ഇതുപോലെ തന്നെ യേശുമിശിഹായും സ്വര്‍ഗ്ഗരാജ്യത്തിലെ മഹാപുരോഹിതനായി, ദൈവത്തിനും മാനവജാതിക്കും ഇടയിലുള്ള മദ്ധ്യസ്ഥനായിത്തീര്‍ന്നു. മാനവജാതിയുടെ പാപത്തെ തന്‍റെ മേല്‍ ചുമക്കുവാനായി സ്നാപകയോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുകയും തന്‍റെ ശരീരത്തെ ക്രൂശിലര്‍പ്പിച്ച് യാഗമാക്കുകയും ചെയ്തതിലൂടെ സകല മാനവജാതിയെയും പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും മിശിഹ വിടുവിച്ചു. പഴയനിയമകാലത്ത് മഹാപുരോഹിതനാണ് തന്‍റെ ജനത്തിന്‍റെ പാപത്തെ മോചിക്കുന്ന യാഗം അര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുതിയനിയമ യുഗത്തില്‍ യേശു എന്ന പേരില്‍ വന്ന മിശിഹ ആണ് നിത്യ മഹാപുരോഹിതന്‍റെ ശുശ്രൂഷ നിവര്‍ത്തിച്ച് സകല മാനവജാതിയുടെയും പാപങ്ങളെ തുടച്ചുനീക്കിയത് (എബ്രായര്‍ 7 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങള്‍).
പുതിയ നിയമത്തിന്‍റെ ഈ യുഗത്തില്‍, മഹാപുരോഹിതന്‍റെ ശുശൂഷ ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്നത് നീല, ധൂമ്രം, ചുവപ്പുനൂലുകളില്‍ മറഞ്ഞിരിക്കുന്ന സത്യത്താല്‍ തങ്ങളുടെ പാപങ്ങളെ കഴുകിക്കളഞ്ഞ നീതിമാന്മാരെയാണ്. ഇതിനാലാണ് മഹാപുരോഹിതന്‍റെ മുടിയിലുള്ള സ്വര്‍ണ്ണഫലകത്തില്‍ “യഹോവയ്ക്കു വിശുദ്ധം” എന്ന് കൊത്തിവെച്ചിരിക്കുന്നത്. അതുപോലെ മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ മാനവജാതിയുടെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞ സുവിശേഷത്തെ വിശദമായി വരച്ചുകാട്ടുന്നു.
മഹാപുരോഹിതന്‍റെ അങ്കി നീല നൂല്‍ കൊണ്ടാണ് നെയ്തിരുന്നത്. എല്ലാറ്റിനും മുകളിലായി, ഈ നീല അങ്കി യേശു സ്വീകരിച്ച സ്നാനത്തെയാണ് കുറിക്കുന്നത്. നീല, ധൂമ്രം, ചുവപ്പുനൂലുകളാലും സ്വര്‍ണ്ണനൂലുകൊണ്ടും നെയ്ത വസ്ത്രങ്ങളാണ് മഹാപുരോഹിതന്‍ ധരിച്ചിരുന്നത് എന്നതിനാല്‍ തന്‍റെ വസ്ത്രങ്ങള്‍ അതിമനോഹരവും നല്ല നിറങ്ങളും വ്യക്തമായി കാണാവുന്നതുമായിരുന്നു. നീല അങ്കിയുടെ വിളുമ്പിലായി വശങ്ങളില്‍ സ്വര്‍ണ്ണമണികളോടുകൂടിയ മാതളപ്പഴങ്ങള്‍ നെയ്തു ചേര്‍ത്തിരുന്നു. പ്രധാന വേദഭാഗത്തിലെ 33-മത്തെ വാക്യം ഇങ്ങനെ പറയുന്നു. “നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവ കൊണ്ട് ചുറ്റും അതിന്‍റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നു കൊണ്ടു മണികളും ഉണ്ടാക്കേണം.” ആകയാല്‍ മഹാപുരോഹിതന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിച്ച് തന്‍റെ ജനത്തിനായി യാഗം അര്‍പ്പിക്കുമ്പോള്‍, പുറത്തു നില്‍ക്കുന്ന യിസ്രായേല്‍ ജനത്തിന് മണിനാദം കേള്‍ക്കുമ്പോള്‍ പുരോഹിതന്‍ യാഗം അര്‍പ്പിക്കുകയാണെന്ന് അറിയുവാന്‍ കഴിഞ്ഞിരുന്നു.
ഇവയെല്ലാം തന്നെ, പുതിയ നിയമത്തിലെ സത്യമായ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ പരസ്പരം യോജിക്കുന്നവയുമാണ്. ജനത്തിന്‍റെ പാപങ്ങളെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണ് മഹാപുരോഹിതന്‍ ചെയ്തിരുന്നത്. ദൈവത്തിന്‍റെ ഹിതം നാം തിരിച്ചറിയുവാന്‍ വേണ്ടിയാണ് അവനെ അത്തരം വേഷം അണിയിച്ച് തന്‍റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചത്. പുതിയ നിയമത്തിന്‍റെ ഈ യുഗത്തില്‍, മറ്റുള്ളവരുടെ പാപങ്ങള്‍ ശുദ്ധീകരിക്കുവാന്‍ ഇന്നത്തെ പുരോഹിതരായ ദൈവജനം എന്താണ് ചെയ്യേണ്ടത്? ഈ ദൗത്യം നിര്‍വ്വഹിക്കുവാനായി, നീല, ധൂമ്രം, ചുവപ്പുനൂലുകളുടെ വെളിപ്പാടില്‍ പ്രകടമാക്കപ്പെട്ട വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപമോചനം പ്രാപിക്കുകയാണ് അവര്‍ ആദ്യം ചെയ്യേണ്ടത്. ഇതുപോലെ, മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍, നമ്മുടെ സകല പാപങ്ങളെയും ശുദ്ധീകരിക്കുന്ന സുവിശേഷത്തെയാണ് വ്യക്തമായി കാണിക്കുന്നത്.
രണ്ടാമതായി, ഈ വര്‍ത്തമാനയുഗത്തില്‍, ജനത്തിന്‍റെ മനസാക്ഷിയെ ശുദ്ധീകരിക്കുവാനും അവര്‍ക്ക് വിശുദ്ധി നല്‍കാനുമായി, നീതിമാന്മാരായ നമ്മള്‍ നമ്മുടെ പൗരോഹിത്യ ശുശ്രൂഷകളെ നിര്‍വ്വഹിക്കേണം. ഇതിനാലാണ് മഹാപുരോഹിതന്‍റെ മുടിയില്‍ വെക്കുവാന്‍ ഒരു സ്വര്‍ണ്ണഫലകം നിര്‍മ്മിച്ച് അതില്‍ “യഹോവയ്ക്കു വിശുദ്ധം” എന്ന മുദ്ര കൊത്തിയിരുന്നത്.
“യഹോവയ്ക്കു വിശുദ്ധം” എന്ന മുദ്രകൊത്തിയിരുന്ന സ്വര്‍ണ്ണഫലകം ഒരു നീല ചരടുകകൊണ്ട് മഹാപുരോഹിതന്‍ തലയില്‍ ധരിച്ചിരുന്ന മുടിയില്‍ ചേര്‍ത്ത് കെട്ടിയിരുന്നു. ഇതുവഴി ജനത്തിന് ഒറ്റ നോട്ടത്തില്‍ തന്നെ മഹാപുരോഹിതനെ തിരിച്ചറിയുവാന്‍ കഴിഞ്ഞിരുന്നു. അവന്‍റെ തലയിലേക്ക് നോക്കുമ്പോള്‍ നീല, ധൂമ്രം, ചുവപ്പ്, സ്വര്‍ണ്ണനൂലുകളാലും പിരിച്ച പഞ്ഞി നുലിനാലും മഹത്തരമായി നിര്‍മ്മിച്ചിരിക്കുന്ന തന്‍റെ വസ്ത്രങ്ങള്‍ക്കു മുകളിലായി നീല ചരട് കൊണ്ട് കെട്ടിയിരിക്കുന്ന സ്വര്‍ണ്ണഫലകത്തെ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നു. നീല ധൂമ്രം, ചുവപ്പുനൂലുകള്‍ കൊണ്ട് പാപത്തെ ശുദ്ധീകരിക്കുന്ന പ്രവൃത്തിയാണ് മഹാപുരോഹിതന്‍ എല്ലായ്പ്പോഴും ചെയ്തിരുന്നത് എന്നാണ് ഇത് നമ്മെ കാണിക്കുന്നത്. 
 

ദൈവം വേലക്കാരുടെ നീതിയുള്ള ന്യായവിധിയെ തീര്‍ച്ചയായും നമ്മള്‍ അനുസരിക്കണം

മഹാപുരോഹിതന്‍ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ യിസ്രായേല്‍ മക്കളുടെ പേരുകൊത്തിയ ന്യായവിധിയുടെ പതക്കം തന്‍റെ ഹൃദയത്തിനു മുകളില്‍ ധരിക്കേണമായിരുന്നു. ഇതുപോലെ ദൈവത്തെ അന്വേഷിക്കുന്ന ഈ ലോകത്തിലെ പാപികളുടെ ആത്മാക്കളെ നമ്മുടെ ഹൃദയങ്ങളില്‍ വഹിച്ചുകൊണ്ട് നാം അവര്‍ക്കായി പ്രാര്‍ത്ഥിക്കണം. ഉറീം, തുമ്മീം എന്നീ രണ്ടു വിലയേറിയ കല്ലുകള്‍ മഹാപുരോഹിതന്‍ ധരിച്ചിരിക്കുന്ന പതക്കത്തില്‍ സ്ഥാപിക്കണമെന്ന് ദൈവം മോശെയോടു പറഞ്ഞു. ഇന്നത്തെ നമ്മുടെ വേദഭാഗത്തില്‍ 30-മത്തെ വാക്യം ഇങ്ങനെ പറയുന്നു. “ന്യായവിധി പതക്കത്തിനകത്ത് ഉറീമും തുമ്മീമും വയ്ക്കേണം. അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കല്‍ കടക്കുമ്പോള്‍ അവന്‍റെ ഹൃദയത്തിന്മേല്‍ ഇവ ഇരിക്കേണം. അഹരോന്‍ യിസ്രായേല്‍ മക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്‍റെ ഹൃദയത്തിന്മേല്‍ വഹിക്കേണം.”    
ഈ വിലയേറിയ കല്ലുകളായ ഉറീമും തുമ്മീമും ആക്ഷരികമായി “പ്രകാശവും പൂര്‍ണ്ണതയും” ആണ് അര്‍ത്ഥമാക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, യിസ്രായേല്‍ ജനങ്ങളെ നീതിപൂര്‍വ്വമായും കൃത്യമായും ന്യായം വിധിക്കാനുള്ള ഒരു പ്രകാശമുള്ള ഹൃദയം മഹാപുരോഹിതന് നല്‍കിയിരുന്നു. തന്‍റെ ജനത്തിന്‍റെ ജീവിതത്തിലെ ശരിയും തെറ്റും ന്യായം വിധിക്കാനുള്ള ജ്ഞാനവും അധികാരവും ദൈവം മഹാപുരോഹിതന് നല്‍കിയിരുന്നു. യിസ്രായേല്യരുടെ ആത്മീയ ജീവിതങ്ങളിലെ ശരിയും തെറ്റും തീരുമാനിക്കാനുള്ള കര്‍ത്തവ്യവും മഹാപുരോഹിതനുണ്ടായിരുന്നു.
ഈ യുഗത്തിലും, ഏതാണ് ശരിയെന്നും തെറ്റെന്നും ന്യായം തീര്‍ക്കുവാനും ഒരുവന്‍ പാപമോചനം പ്രാപിച്ചുവോ ഇല്ലയോ എന്ന് വിവേചിക്കാനുമുള്ള അതേ കഴിവ് ഓരോ ദൈവദാസനും ദൈവം നല്‍കുന്നുണ്ട്. ദൈവം നല്‍കിയ കഴുവുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, തന്‍റെ വേലക്കാര്‍ യഥാര്‍ത്ഥ പാപമോചനം എന്താണെന്നും, സത്യസുവിശേഷം ഏതാണെന്നും ഒരുവന്‍ വീണ്ടും ജനിച്ചുവോ ഇല്ലയോ എന്നും ഉറച്ച തീരുമാനം എടുക്കും. ആകയാല്‍ എല്ലാ ദൈവജനവും അങ്ങനെയുള്ളവരുടെ ന്യായവും നേതൃത്വവും അനുസരിക്കേണ്ടതാണ്. ദൈവദാസന്മാരുടെ ഉറച്ച തീരുമാനങ്ങളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ ദൈവഹിതം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നതിനു തുല്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് ഇന്നത്തെ മഹാപുരോഹിതന്മാരെ പോലെ ദൈവദാസന്മാരുടെ ന്യായവിധികള്‍ക്ക് യിസ്രായേല്‍ ജനം കീഴടങ്ങേണ്ടിയിരുന്നു.
ഇതുപോലെ ഈ വര്‍ത്തമാനകാലയുഗത്തിലും “ശരിയും തെറ്റും” ന്യായം തീര്‍ക്കാനുള്ള ദൗത്യം ദൈവം തന്‍റെ വേലക്കാരെ ഭരമേല്‍പ്പിക്കുകയാണ്. അപ്രകാരം ദൈവത്തിന്‍റെ സഭയുടെ നേതാക്കള്‍ ചെയ്യുന്നതിനെ നാം മാനിക്കുകയും അവരുടെ പ്രവൃത്തികളില്‍ നമ്മുടെ ഹൃദയം കൊണ്ട് യോജിക്കുകയും വേണം. നമ്മുടെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നുള്ള വിശ്വാസത്താല്‍ അവരുടെ ശരിയായ ന്യായ തീര്‍പ്പുകളെയും നേതൃത്വത്തെയും നാം അനുഗമിക്കേണമെന്നത് തികച്ചും ന്യായമാമെന്ന് തിരിച്ചറിയണം. “അദ്ദേഹം മഹാപുരോഹിതനായി ഇരിക്കുന്നതിനാലാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. അവസാനത്തില്‍ അദ്ദേഹവും നമുക്കു തുല്യനായിത്തീരും” എന്നു നാം ചിന്തിക്കരുത്. “എന്‍റെ പാസ്റ്ററുടെ സ്വഭാവം എനിക്കിഷ്ടമില്ല: ഇരട്ട വ്യക്തിത്വം അസഹനീയമാണ്. അയാളുടെ തീരുമാനങ്ങള്‍ ഏകാധിപത്യപരവും. താന്‍ പ്രസംഗിക്കുന്ന സുവിശേഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നുവെങ്കിലും തന്‍റെ ചിന്താഗതിക്കനുസരിച്ച് എടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കാന്‍ എനിക്കു കഴിയില്ല. തന്നില്‍ നിന്നും വ്യത്യസ്തമായ ഒരു ഉദ്ദേശ്യം എനിക്കു കാണും” എന്നിങ്ങനെ ചിലര്‍ ചിന്തിക്കാറുണ്ട്. മഹാപുരോഹിതന്മാരെ കുറിച്ചുള്ള തങ്ങളുടെ ലോകപരമായ കാഴ്ച്ചപ്പാടില്‍ കൂടി വീക്ഷിക്കുന്നതിലൂടെ ജനം തെറ്റായ തീരുമാനങ്ങളിലെത്താറുണ്ട്. എന്നാല്‍ അത്തരം തെറ്റായ ന്യായങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്.
നീല, ധൂമ്രം, ചുവപ്പ് നൂലുകളെ രക്ഷയായി വിശ്വസിക്കുന്ന ദൈവദാസന്മാരെ ദൈവത്തെ അനുസരിക്കുന്നതുപോലെ നമ്മളും അനുസരിക്കണം. എന്തിന്? കാരണം, അവരുടെ ന്യായവിധികള്‍ സ്വന്തം ചിന്തയില്‍ നിന്നല്ല, മറിച്ച്, ദൈവത്തെ പ്രസാദിപ്പിക്കുന്ന തങ്ങളുടെ വിശ്വാസം അനുസരിച്ചാണ് രൂപപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ മഹാപുരോഹിതന്മാരുടെ ന്യായവിധികള്‍ ദൈവത്തിന്‍റെ പ്രകാശത്തിലും സത്യത്തിലും രൂപപ്പെടുന്നതിനാല്‍ ഇത് ദൈവത്തിന്‍റെ ന്യായവിധിയും അവന്‍റെ തീരുമാനങ്ങള്‍ തങ്ങളുടെ സ്വന്തം ചിന്തകളുടെ അനാവശ്യമായ ഇടപെടലുകള്‍ കൂടാതെയാണ് രൂപപ്പെട്ടത്. എങ്കില്‍, അത് പൂര്‍ണ്ണമായും ദൈവവചനത്തെയും വെള്ളത്തെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തെയും അടിസ്ഥാനമാക്കിയാണ് ഉള്ളതെങ്കില്‍ അവരുടെ ന്യായവിധികള്‍ ശരിയായിരിക്കും. അത്തരം തീരുമാനങ്ങള്‍ ദൈവത്തിന്‍റെ വചനത്തില്‍ നിന്നും ദൈവഹിതത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലായെങ്കില്‍ ആ തീരുമാനങ്ങളെ ദൈവത്തിന്‍റെ തീരുമാനമായി നാം വിശ്വസിക്കണം.
ഇതുപോലെ മഹാപുരോഹിതന്‍റെ പദവി എന്നത് ജനങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ളതായിരുന്നു. പഴയനിയമ യുഗത്തിലേതു പോലെ ഈ വര്‍ത്തമാന യുഗത്തിലും ദൈവജനത്തെ നയിക്കുന്നത് മഹാപുരോഹതനല്ലാതെ മറ്റാരുമല്ല. യിസ്രായേലില്‍ മഹാപുരോഹിതനെ കൂടാതെ രാജ്യത്തെ നയിക്കുവാന്‍ ഒരു രാജാക്കന്മാരും ഇല്ലായിരുന്നു. കാരണം യിസ്രായേലിലെ രാഷ്ട്രീയ വ്യവസ്ഥ ദൈവകേന്ദ്രീകൃതമായിരുന്നു. അതിലെ മുഴുവന്‍ ജനതയും മഹാപുരോഹിത ന്മാരുടെ തീരുമാനത്തെ അനുസരിച്ചു. ഇപ്പോഴത്തെ ആത്മീയ കാര്യങ്ങളില്‍, ദൈവം തന്‍റെ സഭകളില്‍ നിയമിച്ചിരിക്കുന്ന ദൈവദാസന്മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ദൈവത്തിന്‍റെ വചനം പോലെ ദൈവജനം വിശ്വസിക്കുകയും അതിനെ പിന്‍തുടരുകയും വേണം. മഹാപുരോഹിതന്മാരും ദൈവത്തിന്‍റെ വചനവും അവന്‍റെ കരുതലും അടിസ്ഥാനപ്പെടുത്തി സകലവും ദൈവഹിതം അനുസരിച്ച് തീരുമാനിക്കേണം.
മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ വാസ്തവമായും അനേകം പാഠങ്ങളെ നമുക്ക് നല്‍കുന്നു. അവ നിര്‍മ്മിക്കാനായി ഉപയോഗിച്ച നീല, ധൂമ്രം, ചുവപ്പ്, സ്വര്‍ണനൂലുകളുടെ ആത്മീയ അര്‍ത്ഥം നാം ആദ്യം തന്നെ അറിയണം. നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സത്യത്തെ നാം നേരത്തെ പഠിച്ചു കഴിഞ്ഞു. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ കൂടിയും നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ മറഞ്ഞിരിക്കുന്ന സത്യവും ഇതില്‍ വിശ്വസിക്കുന്ന വിശ്വാസവും എന്തു മാത്രം അത്യാവശ്യവും പ്രധാനവുമാണെന്ന് ദൈവം നമ്മോട് പറഞ്ഞു. ജനങ്ങളുടെ പാപമോചനത്തെ കാണിക്കുന്ന അത്യാവശ്യ അടിസ്ഥാനഘടകങ്ങളാണ് ഈ നൂലുകള്‍. കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്ന്, സ്നാനപ്പെട്ട്, തന്‍റെ രക്തം ചിന്തിയത് ലോകത്തെമ്പാടും ഉള്ള ഏതൊരാളുടെയും പാപങ്ങളെ മോചിപ്പിക്കുന്നത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ സമ്പൂര്‍ണ്ണ പാപക്ഷമ നല്‍കുന്ന സത്യം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം ആണെന്ന് നീലം, ധൂമ്രം, ചുവപ്പ് നൂലുകള്‍ നമ്മെ പഠിപ്പിക്കുന്നു. ഇതിന്‍റെ അര്‍ത്ഥത്തെ കുറിച്ചുള്ള കൃത്യമായ അറിവ് നാമെല്ലാവരും പ്രാപിക്കണം. വാസ്തവമായും നാമിതിനെ അറിയുകയും ഇതില്‍ വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍ അപ്പോള്‍ നമ്മുടെ പാപങ്ങളില്‍ നിന്നും എന്നെന്നേക്കുമായി ശുദ്ധീകരണവും നിത്യജീവനും നാം പ്രാപിക്കും. ആകയാല്‍ ജലം, രക്തം, ആത്മാവ്, എന്നിവയുടെ സുവിശേഷത്താല്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ ശുദ്ധമായ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം.
 

നീലം, ധൂമ്രം, ചുവപ്പുനൂലുകളിലുള്ള നമ്മുടെ വിശ്വാസത്തെ നാം പരിപാലിക്കണം

നീല, ധൂമ്രം, ചുവപ്പ് നൂലുകളെ കുറിച്ചുള്ള കൃത്യമായ അറിവോ ഇളകാത്ത വിശ്വാസമോ നമുക്കില്ലായെങ്കില്‍ ഈ സത്യസുവിശേഷത്തെ സംരക്ഷിക്കുവാന്‍ നമുക്ക് കഴിയില്ല. അതിനേക്കാള്‍ ഭീകരമായി ഈ സുവിശേഷം ദുഷിക്കപ്പെടുവാനും സാധ്യതയുണ്ട്. കാലം ചെല്ലുന്തോറും ഈ ലോകത്തിലെ മതങ്ങള്‍ മാറിക്കൊണ്ടിരിക്കും. എന്നാല്‍ മഹാപുരോഹിതന്‍റെ വസ്ത്രത്തിന്‍റെ നിറങ്ങളിലൂടെ ഒരിക്കലും മാറാത്ത ആത്യന്തിക സത്യത്തെയാണ് നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ ദൈവം കാണിച്ചു തന്നത്. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളിലൂടെ, സമാഗമനകൂടാരത്തിനകത്തു കാണപ്പെടുന്ന പാത്രങ്ങളിലൂടെ, സമാഗമനകൂടാരത്തില്‍ നല്‍കപ്പെടുന്ന യാഗക്രമത്തിലൂടെ, ദൈവം തന്‍റെ സ്നേഹത്തെയും നമുക്കായുള്ള പദ്ധതികളെയും സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നു. അപ്രകാരം നീല, ധൂമ്രം, ചുവപ്പുനൂലുകളുടെ സുവിശേഷമായി നമ്മിലേക്കു വന്ന ഈ നിത്യ സത്യത്തിലുള്ള നമമ്മുടെ വിശ്വാസത്തെ നാം ഉറപ്പോടെ സംരക്ഷിക്കണം. കാലങ്ങള്‍ മാറിയാലും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം ഒരിക്കലും മാറ്റരുത്. നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട നിത്യരക്ഷയില്‍ വിശ്വസിക്കുന്ന വിശ്വാസമാണിത്.
നാം വിശ്വസിക്കുന്ന ഈ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ വിശ്വാസത്തില്‍ നിന്ന് മാറുവാന്‍ നമുക്ക് എങ്ങനെ കഴിയും? നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സുവിശേഷത്തിലൂടെയാണ് നമ്മുടെ പാപത്തില്‍ നിന്നും ദൈവം നമ്മെ രക്ഷിച്ചതെന്ന് അവന്‍ തന്നെ പറയുമ്പോള്‍, ഇതാണ് സത്യം. പഴയ നിയമത്തില്‍ ദൈവം പാപികളുടെ അകൃത്യങ്ങളെ തുടച്ചു നീക്കിയത് കൈവെപ്പിലൂടെയും രക്തം ചിന്തലിലൂടെയുമായിരുന്നു. ഇന്ന്, ഈ യുഗത്തിലും നമുക്കായുള്ള സമ്പൂര്‍ണ്ണ പാപമോചനം സ്നാപക യോഹന്നാനില്‍ നിന്ന് യേശു സ്വീകരിച്ച സ്നാനത്തിലും (മത്തായി 3:15) ക്രൂശിലെ തന്‍റെ മരണത്താലും അവന്‍ നിറവേറ്റി. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ, ദൈവം ലോകം മുഴുവനുമുള്ള സകല പാപികളുടെയും അകൃത്യങ്ങളെ തുടച്ചു നീക്കിക്കളഞ്ഞു.
എത്രയധികം ഉറപ്പുള്ളതാണ് ഇത്! ബൈബിളില്‍ സ്വര്‍ണ്ണം “വിശ്വാസത്തെ” സൂചിപ്പിക്കുന്നു. ആകയാല്‍, മഹാപുരോഹിതന്‍റെ വസ്ത്രത്തിലെ നീല, ധൂമ്രം, ചുവപ്പുനൂലുകളോടൊപ്പമുള്ള സ്വര്‍ണ്ണ നൂല്‍, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള നമ്മുടെ വിശ്വാസം ഒഴിച്ചുകൂടാനാവാത്തതാണെന്ന് സൂചിപ്പിക്കുന്നു. നമ്മുടെ സകല പാപങ്ങളെയും തുടച്ചുനീക്കുന്ന, ദൈവം സ്ഥാപിച്ച രീതിയെ മാറ്റുവാന്‍, ദൈവം നമ്മെ അനുവദിക്കുന്നില്ല. ആകയാല്‍ പലപ്പോഴും നമ്മള്‍ ദുഷ്കരമായ സാഹചര്യങ്ങളെ നേരിട്ടാലും നമ്മള്‍ അപ്പോഴും സമാധാനത്തിലായിരിക്കും. ദൈവം നമുക്ക് കാട്ടിത്തന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ട സത്യവും ഇതിനു കാരണമാണ്.
 

മഹാപുരോഹിതന്‍റെ നടുക്കെട്ട്

മഹാപുരോഹിതന്‍റെ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഒരു നടുക്കെട്ട് ഉണ്ടായിരുന്നു. മഹാപുരോഹിതന്‍ തന്‍റെ ഏഫോദിനു മുകളില്‍ ധരിച്ചിരുന്ന ഈ നടുക്കെട്ടും സ്വര്‍ണ്ണം, നീല ധൂമ്രം, ചുവപ്പു നൂലുകളാലും പിരിച്ച പഞ്ഞിനൂലിനാലും നിര്‍മ്മിക്കപ്പെട്ടതാണ്. ഏഫോദിന്‍റെ നടുക്കെട്ട് ശക്തിയുടെ അടയാളമായിരുന്നു. ബൈബിള്‍ പറയുന്നു! “നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും ...... നില്‍പ്പിൻ” (എഫെസ്യര്‍ 6:14). സുവിശേഷ സത്യത്തിലെ വിശ്വാസത്തില്‍ നിന്നും വരുന്ന ശക്തിയെ കുറിക്കുന്നതാണ് മഹാപുരോഹിതന്‍റെ നടുക്കെട്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നീല, ധൂമ്രം, ചുവപ്പുനൂലുകളിലെ സത്യത്തില്‍ വിശ്വസിക്കുന്ന വിശ്വാസം നമ്മുടെ സകല പാപങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ നമ്മെ കഴിവുള്ളവരാക്കുന്നു എന്ന് ഇത് നമ്മോടു പറയുന്നു. ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞി നൂലിലും വെളിപ്പെടുത്തപ്പെട്ടതില്‍ നിന്നും അകന്നിരിക്കുന്ന മറ്റ് വ്യാജ സുവിശേഷങ്ങളില്‍ വിശ്വസിക്കുന്നത് തികച്ചും വ്യര്‍ത്ഥമാണ്.
ജഡത്തില്‍ കുറവുകളുള്ളവര്‍ക്കും കര്‍ത്താവ് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ സകലപാപത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കാന്‍ കഴിയും. കാരണം ദൈവം നിവര്‍ത്തിച്ച പാപമോചനത്തിന്‍റെ സത്യത്തിനാല്‍ ലോകത്തിന്‍റെ പാപങ്ങളെല്ലാം യേശുക്രിസ്തുവിലേക്ക് കടത്തിവിടപ്പെട്ടു (മത്തായി 3:15, ലേവ്യാപുസ്തകം 16:1-22). ആകയാല്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെട്ടിരിക്കുന്ന യേശുവിന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുന്നതിലൂടെ രക്ഷിക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ ജഡവും ശക്തിയും ബലഹീനമാണെങ്കില്‍പോലും തങ്ങളുടെ രക്ഷ ഉറപ്പിക്കാന്‍ കഴിയും. സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തു നമുക്ക് നല്‍കിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വസിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്‍പിരിക്കാന്‍ ആര്‍ക്ക് കഴിയും? നീല, ധൂമ്രം, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും വെളിപ്പെട്ടിരിക്കുന്ന സത്യത്തില്‍ വിശ്വസിക്കുന്നതിലൂടെ മാത്രമേ അവന്‍റെ സമ്പൂര്‍ണ്ണ രക്ഷ നമ്മുടേതായിത്തീരുകയുള്ളൂ.
തങ്ങളുടെ പൗരോഹിത്യ ശുശ്രൂഷകള്‍ നിറവേറ്റുവാനായി പുരോഹിതന്മാര്‍ സമാഗമന കൂടാരത്തിലെ യാഗ വ്യവസ്ഥയില്‍ നിന്നും മറ്റ് മനുഷ്യനിര്‍മ്മിത ഉപദേശങ്ങളിലേക്ക് മാറിപ്പോകുവാന്‍ പാടില്ല. അതുപോലെ, സത്യസുവിശേഷ ത്തില്‍ നിന്നും വഴിതെറ്റിയ സുവിശേഷങ്ങള്‍ നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ ഹൃദയത്തില്‍ വേരുന്നാതിരിക്കാന്‍ ഇന്നത്തെ ദൈവവേലക്കാരും അനുവദിക്ക രുത് (ഗലാത്യര്‍ 1:6-9). വ്യാജസുവിശേഷം പ്രസംഗിക്കുന്നവര്‍ അവര്‍ എത്ര നന്നായി തങ്ങളുടെ പ്രസംഗം നടത്തിയാലും, സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട വെള്ളത്തിന്‍റേയും ആത്മാവിന്‍റെയും ദൈവീക സുവിശേഷത്തിന് കൃത്യമായ സാക്ഷ്യം വഹിക്കാത്തതിനാല്‍ നശിച്ചുപോകുന്ന ആത്മാക്കള്‍ക്ക് ഒരു സഹായവും നല്‍കുവാന്‍ അവര്‍ക്കു കഴിയില്ല. അവര്‍ വ്യാജ ഉപദേഷ്ടാക്കന്മാരും പണം പിടുങ്ങുന്നവരും ആണ്. സ്വര്‍ഗ്ഗത്തിലെ മഹാപുരോഹിതനായ യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി വിശ്വസിക്കുന്ന കാര്യം എടുത്താല്‍, സമാഗമനകൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ട കൈവെപ്പിന്‍റെയും രക്തം ചിന്തലിന്‍റെയും യാഗവ്യവസ്ഥയെ അംഗീകരിക്കാതിരിപ്പാന്‍ നമുക്കു കഴിയില്ല. ഈ ലോകത്തില്‍ അനേകം വ്യാജ സുവിശേഷങ്ങളുണ്ടെന്ന് നാം തിരിച്ചറിയണം. അതോടൊപ്പം ദൈവ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യം ആരെങ്കിലും പ്രസംഗിക്കുന്നതു കേട്ടാല്‍, ആരെന്ന് പരിഗണിക്കാതെ നാം അതു കേള്‍ക്കുകയും വിശ്വസിക്കുകയും വേണം. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ച് അറിയാത്ത അനേകം ആത്മീയ ദ്രവ്യാഗ്രഹികള്‍ തങ്ങളും പൗരോഹിത്യ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നുവെന്ന് അവകാശപ്പെടുന്നതാണ് ഇന്നത്തെ ക്രിസ്ത്യാനിത്വ ത്തിലെ അനേകം പ്രശ്നങ്ങള്‍ക്ക് കാരണം. ദൈവ മുമ്പാകെ യഥാര്‍ത്ഥ പുരോഹിതനാകാനുള്ള ആദ്യ പടി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ്. ഈ വിശ്വാസം ഉള്ളവര്‍ക്കു മാത്രമേ യഥാര്‍ത്ഥ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. അതുപോലെ ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ യഥാര്‍ത്ഥമായും എല്ലാവരേയും സ്നേഹിക്കാനും കഴികയുള്ളൂ. ദൈവസഭ നിലനില്‍ക്കുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ കരുതുന്നത്? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പാപികളോടു പ്രചരിക്കുവാനാണ് ദൈവ സഭ നിലനില്‍ക്കുന്നത് എന്ന് ഞാന്‍ പറയും.
ബൈബിളിലെ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സത്യത്തില്‍ പൂര്‍ണ്ണഹൃദയത്തോടെ നാം വിശ്വസിക്കുമ്പോള്‍ നമ്മുടെ പാപത്തില്‍ നിന്നും നാം രക്ഷിക്കപ്പെടുകയും പാപരഹിതരായിത്തീരുകയും ചെയ്യും. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ യഥാര്‍ത്ഥ സമാധാനം നമ്മുടെ ഹൃദയങ്ങളില്‍ വരികയും ഈ സമാധാനത്തില്‍ നാം ജീവിക്കുന്നതിനാല്‍ ഒരിക്കലും ദൈവത്തില്‍ നിന്നകലാതെ ജീവിക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ സുവിശേഷത്തില്‍ നാം വിശ്വസിക്കുകയും വിശ്വാസത്താല്‍ ജീവിക്കുകയും ചെയ്താല്‍ നാം കര്‍ത്താവിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുകയും അതില്‍ വസിക്കുകയും ചെയ്യും. നമ്മുടെ കര്‍ത്താവ് നമ്മെ സമാധാനത്തിലേക്ക് നയിച്ചു. മഹാപുരോഹിതന്‍റെ മുടിയില്‍ “യഹോവയ്ക്കു വിശുദ്ധം” എന്നു കൊത്തിയിരിക്കുന്ന സ്വര്‍ണ്ണഫലകം പോലെ ലോകത്തിലെ സകല മനുഷ്യരെയും ദൈവത്തിലേക്ക് നയിച്ച് പാപമോചനത്തിന്‍റെ സത്യവെളിച്ചം കൊണ്ട് അവന്‍ അവരെ പ്രകാശിപ്പിക്കും. അവരെയും തങ്ങളുടെ പാപമോചനം പ്രാപിക്കുവാന്‍ യോഗ്യരാക്കുന്ന പ്രവൃത്തി ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുകയാണ്. നീല, ധൂമ്രം, ചുവപ്പ് നൂലുകളിലെ സുവിശേഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പഴയ നിയമത്തിലെ പുരോഹിതന്മാരുടെ അതേ കര്‍ത്തവ്യങ്ങള്‍ തന്നെയാണ് ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്നത്.
ദൈവീക സത്യത്തിന്‍റെ സമ്പൂര്‍ണ്ണ പ്രകാശത്തില്‍ അത്തരം വിലയേറിയ പ്രവൃത്തികള്‍ ചെയ്യാന്‍ നമ്മെ അനുവദിച്ചതിനാല്‍ ദൈവത്തോട് നാം വളരെ നന്ദിയുള്ളവരാണ്. ദൈവത്തില്‍ നിന്നും ഈ സുവിശേഷ വചനം ഞാന്‍ ആദ്യമായി കേട്ടപ്പോള്‍ സന്തോഷം കൊണ്ടു ഞാന്‍ മതിമറന്നു പോയി. ഞാന്‍ ബൈബിള്‍ വായിച്ചപ്പോള്‍ ഈ സുവിശേഷം വളരെ വ്യക്തമായി എന്‍റെ മുന്നില്‍ വരികയും ചെയ്തു. എന്‍റെ ആത്മീയ നയനങ്ങള്‍ തുറക്കപ്പെട്ടപ്പോള്‍ എന്‍റെ ഉള്ളിലുണ്ടായിരുന്ന പരിശുദ്ധാത്മാവ് ദൈവവചനത്തെ വിശദമായി പഠിപ്പിച്ചു. ദൈവം നമുക്കു നല്‍കിയ സത്യ സുവിശേഷം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണെന്ന് ബൈബിളിലെ എല്ലാ വേദഭാഗങ്ങളും വ്യക്തമായി സാക്ഷീകരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. പഴയ നിയമയുഗത്തില്‍ ഈ സുവിശേഷം നീല, ധൂമ്രം, ചുവപ്പ് നൂലുകളായിട്ടാണ് വെളിപ്പെട്ടത്. അതുപോലെ പുതിയ നിയമ യുഗത്തിലും എല്ലാ അപ്പൊസ്തലന്മാരും വേദപുസ്തക കര്‍ത്താക്കളും നമ്മെ സമ്പൂര്‍ണ്ണമായി പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ യേശു സ്നാനമേറ്റെന്നും തന്‍റെ രക്തം ചിന്തിയെന്നും നമ്മോടു പറഞ്ഞു. രക്ഷയുടെ അങ്കി നാം ധരിക്കുവാനായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കേണം. അല്ലാതെ അനുതാപ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചതുകൊണ്ട് കര്‍ത്താവില്‍ നിന്നും പാപമോചനം പ്രാപിക്കുവാന്‍ കഴിയുകയില്ല. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം മാത്രമാണ് സത്യവും സമ്പൂര്‍ണ്ണവുമായ ഏക സുവിശേഷം.
ദൈവം കല്പിച്ച വസ്ത്രങ്ങള്‍ തന്നെ മഹാപുരോഹിതന്‍ നിര്‍ബന്ധമായും ധരിക്കണമായിരുന്നു. തണുത്ത കാറ്റിനെ ഭയപ്പെട്ട്, ദൈവം നിര്‍മ്മിച്ചു നല്‍കിയ നിലയങ്കിക്കു പകരം, സ്വന്തം ഇഷ്ടപ്രകാരം കട്ടികൂടിയ മറ്റൊരു നിലയങ്കി ധരിച്ചാലും കുഴപ്പമില്ലെന്ന് മഹാപുരോഹിതന്‍ കരുതിയാല്‍ അടുത്ത ക്ഷണം അവന്‍ മരിച്ചു വീഴും. പിരിച്ച പഞ്ഞിനൂല്‍ കൊണ്ടു നിര്‍മ്മിച്ച അങ്കി മാത്രം ധരിച്ചുകൊണ്ട് മഹാപുരോഹിതന്‍ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുകയാണെങ്കില്‍ അപ്പോഴും അവന്‍ കൊല്ലപ്പെടും. അവന്‍ നിലയങ്കിയും സ്വര്‍ണ്ണം, നീല, ധൂമ്രം നൂലുകളാല്‍ നെയ്ത ഏഫോദും ആണ് ധരിക്കേണ്ടിയിരുന്നത്.
ദൈവം പദ്ധതിയിട്ടതുപോലെ കൃത്യമായി നാം പിന്‍തുടരുകയാണെങ്കില്‍ കര്‍ത്താവ് നമുക്ക് മുന്‍പായി നടക്കും, നമ്മെ നയിക്കും. നമ്മുടെ ജീവിതത്തിലെ സകല കാര്യവും ചെയ്തുതരും. ദൈവം നമുക്കായി മിശിഹായെ അയക്കുവാന്‍ പദ്ധതിയിടുകയും ആ പദ്ധതി നമ്മോടു വെളിപ്പെടുത്തുകയും ചെയ്തു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ നാം വിശ്വസിക്കുകയും ദൈവത്തിന്‍റെ പദ്ധതിയെ പിന്‍തുടരുകയും ചെയ്താല്‍ നമ്മുടെ ജീവിതങ്ങളില്‍ അവന്‍ പ്രവര്‍ത്തിക്കും. നമ്മുടെ ഭാഗത്തു നിന്നുള്ള ചില പ്രവൃത്തികളാലല്ല മറിച്ച്, മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ രക്ഷാപദ്ധതിയില്‍ വിശ്വസിക്കുന്നതിലൂടെയാണ് നമ്മുടെ പാപങ്ങളില്‍ നിന്നുള്ള മോചനം നാം പ്രാപിക്കുന്നത്.
ദൈവം നമുക്കായി പദ്ധതിയിട്ടതില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് പിന്തുടരുകയുമാണ് ദൈവത്തിന്‍റെ പുരോഹിതരായ നാം ചെയ്യേണ്ടത്. ഇതാണ് സംശുദ്ധ വിശ്വാസം. നമ്മുടെ സ്വന്തം ചെറുകിടപദ്ധതികള്‍ ഉണ്ടാക്കി ദൈവത്തെ സേവിക്കുന്നതല്ല ദൈവത്തിലുള്ള യഥാര്‍ത്ഥ വിശ്വാസം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുവാനുള്ള ഞങ്ങളുടെ ശ്രമത്തിലും മനുഷ്യനിര്‍മ്മിതപദ്ധതികളോ ഉപകരണങ്ങളോ ഉപയോഗിക്കുന്നതിലൂടെ വിജയം നേടുവാന്‍ കഴിയാറില്ല. മറിച്ച് ദൈവം തന്‍റെ ജനത്തിന് അവരുടെ വിശ്വാസത്തിലൂടെ നല്‍കുന്ന സഹായത്താലാണ് ഇത് നേടുന്നത്. ഇതാണ് ദൈവത്തിന്‍റെ ഹിതം. വിശ്വാസത്താല്‍ നാം എന്തെങ്കിലും ചെയ്യുമ്പോള്‍ അതില്‍ ശേഷിക്കുന്ന ഭാഗം ദൈവം ശ്രദ്ധിച്ചുകൊള്ളും. നാം ദൈവത്തിന്‍റെ ഹിതം അറിഞ്ഞ് വെള്ളത്തിന്‍റേയും ആത്മാവിന്‍റേയും സുവിശേഷം പ്രചരിപ്പിക്കുമ്പോള്‍ നമ്മുടെ പുസ്തകങ്ങള്‍ വായിക്കുന്നവരുടെ ഹൃദയത്തെ ദൈവം തൊടുകയും അവരെ ഉണര്‍വ്വിലേക്ക് കൊണ്ടുവരികയും ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ വിശ്വസിപ്പിക്കുകയും അവര്‍ വിശ്വസിക്കാന്‍ തക്കവണ്ണം അവരുടെ തെറ്റിദ്ധാരണകളെ നേരെയാക്കുകയും ചെയ്യുന്നു. തത്ഫലമായി അവരും വെള്ളത്തിന്‍റെയും ആത്മാവിന്‍റേയും സുവിശേഷം പ്രചരിപ്പിക്കാനായി മുന്നോട്ട് വരുന്നു. 
 

വെള്ളത്തിന്‍റേയും ആത്മാവിന്‍റേയും സുവിശേഷം പ്രചരിപ്പിക്കുവാന്‍ നാം അതില്‍ പൂര്‍ണഹൃദയത്തോടെ ആദ്യം തന്നെ വിശ്വസിക്കണം

നാം എന്തെങ്കിലും എങ്ങനെയെങ്കിലും ചെയ്യുന്നതിലൂടെ അല്ല, മറിച്ച് ദൈവഹിതത്തോട് ചേര്‍ന്ന് വിശ്വാസത്താല്‍ നാം അവനെ സേവിക്കുമ്പോഴാണ് സത്യ സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ഞാന്‍ പറഞ്ഞുവല്ലോ. നമ്മുടെ സ്വന്തം പ്രയത്നത്താലും ഭക്തിയാലും അല്ല ആത്മാക്കള്‍ മാനസാന്തരപ്പെടുന്നത്. മറിച്ച് ദൈവത്തിന്‍റെ പ്രവൃത്തികളില്‍ വിശ്വസിച്ചുകൊണ്ടും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെ ദൈവീക കരുതല്‍ പൂര്‍ത്തിയാക്ക പ്പെടുന്നു എന്നറിഞ്ഞുകൊണ്ടും ദൈവഹിതത്തെ അന്വേഷിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വിശ്വാസത്താലാവണം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ നാം സേവിക്കേണ്ടത്. ഈ വര്‍ത്തമാനയുഗത്തിലും പഴയ നിയമകാലത്തെ അതേ വിശ്വാസംതന്നെ നമുക്കുണ്ടായിരിക്കണം. മുമ്പത്തേതുപോലെ ഈ യുഗത്തിലും ദൈവമക്കള്‍ നീല, ധൂമം, ചുവപ്പ് നൂലുകളുടെ വിശ്വാസം പ്രചരിപ്പിക്കണം. 
ചുവപ്പ് നൂലും ധൂമനൂലും നാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും വേണം, എന്നാല്‍ നീല നൂലില്‍ എന്താണ് വെളിപ്പെട്ടിരിക്കുന്നതെന്ന് നാം ആദ്യം അറിയണം. - അതായത്, യേശു മിശിഹാ സ്വീകരിച്ച സ്നാനം, നീല നൂലിന്‍റെ സത്യത്തെ, നശിച്ചുപോകുന്നവരോട് നാം പ്രചരിപ്പിച്ചാല്‍ അവര്‍ക്ക് സത്യത്തിന്‍റെ പൂര്‍ണ്ണചിത്രം എളുപ്പത്തില്‍ മനസ്സിലാക്കാനും ഉറപ്പോടെ അതില്‍ വിശ്വസിക്കാനും കഴിയുന്നത് കാണാം. എന്തുകൊണ്ട്? കാരണം സ്നാനപ്പെട്ടതിലൂടെയാണ് യേശുമിശിഹാ സര്‍വ്വ മാനവ ജാതിയുടേയും പാപത്തെ തന്‍റെ ശരീരത്തില്‍ ചുമന്നത്. യേശുവിന്‍റെ സ്നാനത്തില്‍ ജനങ്ങള്‍ വിശ്വസിക്കുമ്പോള്‍ തങ്ങളുടെ സകല പാപങ്ങളേയും യേശു കഴുകിക്കളഞ്ഞു എന്ന് അവര്‍ അറിയുകയും തുടര്‍ന്ന് തങ്ങളുടെ പാപത്തിന്‍റെ ശമ്പളം നല്‍കുവാന്‍ ക്രൂശില്‍ അവന്‍ മരിച്ചു എന്ന കാര്യവും ഒഴിവാക്കാനാകാത്ത വിധം അവര്‍ അറിയും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീല നൂലിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം സ്നാപകയോഹന്നാനില്‍ നിന്നും യേശുമിശിഹാ സ്വീകരിച്ച സ്നാനത്തിന്‍റെ രഹസ്യം അറിയുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ചുവപ്പ്, ധൂമ്രം നൂലുകള്‍ ജനങ്ങള്‍ വിശ്വസിക്കുകയുള്ളൂ. “ആഹാ! സ്നാനപ്പെട്ടതിലൂടെ അവന്‍ നമ്മുടെ സകല പാപങ്ങളും ചുമന്നു. സകല മാനവ ജാതിയുടേയും സത്യദൈവവും രക്ഷകനുമാണ് യേശുക്രിസ്തു. ഇതാണ് യഥാര്‍ത്ഥ സത്യം” എന്നിങ്ങനെ അവര്‍ വാസ്തവമായും തിരിച്ചറിയും.
അനേകം ജനങ്ങള്‍ക്ക് ധൂമ്രനൂലിലുള്ള വിശ്വാസം, യേശു ദൈവം തന്നെയാണെന്നുള്ള വിശ്വാസം, പിന്നീടാണ് തിരിച്ചറിവുണ്ടാകുന്നത്. യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുന്ന നിമിഷം മുതല്‍ യേശുവാണ് സര്‍വ്വശക്തനായ ദൈവം എന്ന് നാം പറഞ്ഞിട്ടുണ്ടാകാം. എങ്കിലും ഇത് വെറും മനസ്സിലുള്ള ആശയം മാത്രമായിരുന്നു. പിന്നീടാണ് നമ്മുടെ ഹൃദയങ്ങളില്‍ ഉറപ്പായ വിശ്വാസം വരുന്നത്. യേശുവിന്‍റെ സ്നാനത്തിലും രക്തത്തിലും വിശ്വസിക്കുന്നതിലൂടെ നാം പാപക്ഷമ പ്രാപിക്കുമ്പോള്‍ യേശു ദൈവം തന്നെയാണെന്ന വിശ്വാസം നമ്മിലേക്ക് വരികയും അവന്‍ ജീവിക്കുന്നവനും നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നവനാണെന്നും വിശ്വസിച്ച് ക്രമമായി യേശുവിലുള്ള വിശ്വാസം വളരുന്നു. അപ്രകാരം ജനം പാപമോചനം പ്രാപിക്കണം എങ്കില്‍ ദൈവം ക്രമീകരിച്ചിരിക്കുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സുവിശേഷത്തില്‍ അവര്‍ വിശ്വസിക്കണം.
 

ഇന്നത്തെ പുരോഹിതന്മാര്‍ സേവിക്കേണ്ടത് എന്താണ്?

സമാഗമ കൂടാരത്തില്‍ മഹാപുരോഹിതന്മാര്‍ എന്താണ് ചെയ്തിരുന്നത്? യാഗവ്യവസ്ഥയിലൂടെ എന്താണ് അവര്‍ വെളിപ്പെടുത്തുന്നത്? നീല, ധൂമം ചുവപ്പ് നൂലുകളിലൂടെ മിശിഹ നമ്മുടെ സകലപാപങ്ങളും തുടച്ചു നീക്കും എന്ന സത്യമാണവര്‍ വെളിപ്പെടുത്തിയത്. ആ കടമയും ശുശ്രൂഷയും ഈ യുഗത്തിലെ ദൈവദാസന്‍മാരും പിന്‍തുടരേണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം കൊണ്ട് ജനത്തിന്‍റെ പാപത്തെ തുടച്ചു നീക്കുകയാണ് അവര്‍ ചെയ്യുന്നത്. 
സുവിശേഷത്തിന് തങ്ങളുടെ സ്വന്തം വ്യഖ്യാനങ്ങള്‍ നല്‍കുവാന്‍ അസംഖ്യം ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്. അത്തരം ഒരു സുവിശേഷം വേദപുസ്തകപരമായി ഉറപ്പുള്ളതോ ആരെയെങ്കിലും രക്ഷിക്കുന്നതോ അല്ല. മനുഷ്യ നിര്‍മ്മിത ഉപദേശങ്ങളെ പലയിടത്തുനിന്നും വാങ്ങിക്കൂട്ടി ഒരുമിച്ചു ചേര്‍ക്കാന്‍ വിദഗ്ദ്ധരാണ് അവര്‍. എന്നാല്‍ വ്യത്യസ്ഥ ക്രിസ്തീയ ഉപദേശങ്ങളെ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചതല്ല വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുമ്പോ ഴാണ് ജനം തെറ്റിപോകാതെ പാപമോചനം പ്രാപിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വചനം മാത്രമാണ് രക്ഷയുടെ അടിസ്ഥാന ഏകകം. ദൈവത്താല്‍ നിയമിച്ചിരിക്കുന്ന അടിസ്ഥാനമനുസരിച്ച് മാത്രം നേടാവുന്നതാണ് ജനങ്ങളുടെ പാപത്തിന്‍റെ കഴുകല്‍. ഈ അടിസ്ഥാനമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം. രക്ഷയുടെ സത്യ സുവിശേഷത്തിന് പുറത്തു നിന്നാര്‍ക്കും തന്നെ അവന്‍റെ/അവളുടെ പാപങ്ങളെ മോചിക്കുവാനും വിശുദ്ധി പ്രാപിക്കുവാനും കഴിയില്ല. യോര്‍ദ്ദാന്‍ നദിയില്‍ സ്നാനപ്പെട്ടതിലൂടെയും ക്രൂശിലെ അവന്‍റെ രക്തത്തിലൂടെയും വന്ന യേശുവിനെ രക്ഷകനായി വിശ്വസിക്കുമ്പോള്‍ മാത്രമേ ദൈവമുമ്പാകെ സകല പാപങ്ങളും കഴുകപ്പെടാനും വിശുദ്ധിപ്രാപിക്കുവാനും കഴിയുകയുള്ളു. തങ്ങളുടെ സകല പാപത്തില്‍ നിന്നും മോചനം നേടുവാനായി ജനങ്ങള്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളിലൂടെ രക്ഷകനായി വന്ന യേശുക്രിസ്തുവില്‍ ഇതുപോലെതന്നെ വിശ്വസിക്കണം. പാപക്ഷമ പ്രാപിക്കുവാന്‍ അവര്‍ക്ക് മറ്റൊരു മാര്‍ഗവുമില്ല. 
അവന്‍റെ പുരോഹിതന്മാരായി മാറിയ ദൈവവേലക്കാരും മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ച സ്വര്‍ണ്ണം, നീല, ധൂമ്രം, ചുവപ്പ് നൂലുകളാല്‍ നിര്‍മ്മിച്ച സംശുദ്ധ സുവിശേഷത്തില്‍ വിശ്വസിക്കണം. ഈ സത്യത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് അവന്‍റെ വേലക്കാരാകുവാനുള്ള യോഗ്യതയില്ല. അവര്‍ ഈ ലോകത്തിന്‍റെ വെറും മതവാദികള്‍ മാത്രമാണ്. ലോകത്തിലെ അസംഖ്യം മതങ്ങളുടെ കൂട്ടത്തില്‍ യേശുവിന്‍റെ നാമം മാത്രം കടം എടുത്തു കൊണ്ട് രൂപീകരിച്ച ഞങ്ങളുടെ സ്വന്തം മതത്തെയാണ് അവന്‍ സേവിക്കുന്നത്. യഥാര്‍ത്ഥ ദൈവദാസന്‍മാര്‍ക്ക് ജലം, രക്തം, ആത്മാവ് എന്നിവയിലൂടെ രക്ഷകനായി വന്ന യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസം ഉണ്ടായിരിക്കണം. അകയാല്‍ തങ്ങളുടെ കൃത്യമായ വിശ്വാസം വ്യക്തമായി വെളിപ്പെടുവാന്‍ തക്കവണ്ണം അവന്‍റെ സ്നാനത്തെക്കുറിച്ച് അവര്‍ സാക്ഷീകരിക്കുകയും ദൈവത്തിന്‍റെ സത്യവെളിച്ചം വ്യക്തമായി പ്രകാശിപ്പിക്കുകയും വേണം. അങ്ങനെ ചെയ്യുന്നവര്‍ മാത്രമാണ് ദൈവത്തിന്‍റെ വേലക്കാരും അവന് മുമ്പാകെ രക്ഷിക്കപ്പട്ടവരും.
യേശുവിന്‍റെ സ്നാനം, അവന്‍റെ കുരിശ് അഥവാ അവന്‍ ദൈവമാണെന്ന വസ്തുത എന്നിവയെ ഒഴിവാക്കുന്നവരും അത്തരം അറിവിനെ വിശ്വാസം ഇല്ലാതെ വെറുമൊരു സിദ്ധാന്തമായി പ്രസംഗിക്കുന്നവരും ദൈവവുമായി ഒരു ബന്ധവും ഇല്ലാത്ത പിശാചിന്‍റെ സേവകന്മാരാണ്.
ഇന്ന് ഇവാഞ്ചലിക്കല്‍സ് എന്നു വിളിക്കപ്പെടുന്ന അസംഖ്യം പേര്‍ ഈ ലോകത്തുണ്ട്. യേശുവില്‍ വിശ്വസിക്കുന്നവരെല്ലാം തങ്ങളുടെ വിശ്വാസത്താല്‍ പാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെടുമെന്നും അങ്ങനെ പാപരഹിതരായി ത്തീരുമെന്നും അവര്‍ അവകാശപ്പെടാറുണ്ട്. ആദ്യമൊക്കെ ഞാനും കരുതിയത് അവര്‍ നീല, ധൂമ്രം, ചുവപ്പ് നൂലുകളുടെ സത്യം പ്രസംഗിക്കുന്നു എന്നാണ്. പക്ഷെ, കാലം കഴിഞ്ഞപ്പോള്‍ അതല്ല കാര്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവര്‍ വെള്ളത്തിന്‍റേയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കുന്നില്ല. തങ്ങളുടെ സ്വന്തം ചിന്തയില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ഉപദേശങ്ങളെ സത്യസുവിശേഷ മെന്ന് കരുതുകയും വിശ്വസിക്കുകയും ആണ് അവര്‍ ചെയ്യുന്നത്. അവര്‍ തങ്ങളെ ഇവാഞ്ചലിക്കല്‍സ് എന്നു വിളിക്കുമെങ്കിലും അവര്‍ തങ്ങളുടെ സ്വാര്‍ത്ഥവും ഭൗമികവുമായ ക്ഷേമത്തെ മാത്രം പിന്‍തുടരുന്നവരും തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം ലക്ഷ്യം ആക്കിയിട്ടുള്ളവരുമാണ്.
പുരോഹിതന്മാരെന്ന് വെറുതെ വിളിക്കപ്പെടുന്ന അനേകര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്. പക്ഷെ തങ്ങളെ യഥാര്‍ത്ഥമായും വിശുദ്ധീകരിക്കുവാന്‍ കഴിവുള്ള സത്യസുവിശേഷത്തെ സ്വീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? മൗലികവാദികള്‍ വചനത്തിലുള്ള തങ്ങളുടെ ആത്മവിശ്വാസത്തെ കുറിച്ച് അഹങ്കരിക്കും. എന്നാല്‍ അത്തരക്കാര്‍ പോലും വാസ്തവമായി യാഥാസ്ഥിതികരല്ല എന്നതാണ് വസ്തുത. വചനം വ്യക്തമായി വെള്ളത്തിന്‍റെയും ആത്മാവിന്‍റേയും സുവിശേഷത്തെ വെളിപ്പെടുത്തുമ്പോള്‍ എന്തിനാണ് തങ്ങളുടെ വിശ്വാസത്തില്‍ നിന്നും യേശുവിന്‍റെ സ്നാനത്തെ അവര്‍ ഒഴിവാക്കുന്നത്? കര്‍ത്താവായ ദൈവത്തിനു മുന്‍പെ അന്യാഗ്നി കാണിച്ച് മരിച്ചുപോയ നാഥാബിനെയും അബീഹുവിനെയും ഓര്‍ക്കണം. ദൈവം തങ്ങള്‍ക്കായി രൂപീകരിച്ച മാര്‍ഗ്ഗത്തില്‍ യാഗം അര്‍പ്പിക്കാതിരുന്ന ഈ പുരോഹിതന്മാരെ ദൈവത്തില്‍ നിന്നും അഗ്നി പുറപ്പെട്ട് അവരെ ദഹിപ്പിച്ചു കൊന്നു കളഞ്ഞു (സംഖ്യാ പുസ്തകം 26:61).
ദൈവം ക്രമീകരിച്ച അങ്കി ധരിച്ചില്ലെങ്കില്‍ മഹാപുരോഹിതനും കൊല്ലപ്പെടുമായിരുന്നു (വാക്യം 43). സമാഗമന കൂടാരത്തില്‍ പാപികള്‍ യാഗവഴിപാടിന്‍റെ രക്തം എത്ര ശുഷ്കാന്തിയോടെ കൊണ്ടു വന്നാലും ശരി, അവര്‍ ആ മൃഗങ്ങളുടെ തലയില്‍ ആദ്യം തന്നെ തങ്ങളുടെ കൈ വച്ചിട്ടില്ലെങ്കില്‍, ആ യാഗത്തിന് ഒരര്‍ത്ഥവുമില്ല. ഈ കൈവെപ്പില്‍ വിശ്വസിക്കുന്ന വിശ്വാസം കൂടാതെ, തങ്ങളുടെ അകൃത്യങ്ങളെ ഏറ്റു പറഞ്ഞ് അവയെ യാഗവഴിപാടിലേക്ക് കടത്തിവിടുന്ന വിശ്വാസം കൂടാതെ, അവര്‍ അതിന്‍റെ രക്തത്തില്‍ എത്രയധികം വിശ്വസിച്ചാലും അവരുടെ വിശ്വാസം നിഷ്ഫലമായിരിക്കും. മഹാപുരോഹിതന്‍ എത്ര തവണ രക്തം കൊണ്ടു വന്ന്, മറശീലയെ ഉയര്‍ത്തി അതി വിശുദ്ധസ്ഥലത്ത് പ്രവേശിച്ച് കൃപാസനത്തില്‍ രക്തം തളിച്ചാലും ശരി, ദൈവം നല്‍കിയ നീല അങ്കി അവര്‍ ധരിച്ചിട്ടില്ലായെങ്കില്‍ അവര്‍ മരണത്തിന് ഇരയായിത്തീരും. ആകയാല്‍ സകല മതവാദികളും ഇപ്പോള്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ പഴയരീതികള്‍ ദൂരെ എറിഞ്ഞ് തങ്ങളെ പ്രകാശത്തിലേക്കും സമ്പൂര്‍ണ്ണതയിലേക്കും അതായത് ഊറീമും തുമ്മീമും (പുറപ്പാട് 28:30), നയിക്കുന്ന സത്യസുവിശേഷത്തിലേക്ക് മടങ്ങി വരണം.
എത്ര തന്നെ അപര്യാപ്തരായിരുന്നാലും ദൈവത്തിന്‍റെ വചനത്തെയും തിരുഹിതത്തെയും വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവരില്‍ ദൈവം പ്രസാദിക്കുന്നു. ഇതിനാലാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുവാനായി ദൈവം നമ്മെ വിളിച്ചത്. അതോടൊപ്പം വെള്ളത്തിന്‍റെയും ആതാമാവിന്‍റെയും സുവിശേഷത്തെ നമ്മില്‍ ഭരമേല്പിക്കുകയും ചെയ്തു. നാം ഒന്നു ചേര്‍ന്ന് വിശ്വാസത്താല്‍ ഈ സുവിശേഷം പ്രചരിപ്പിക്കുമ്പോള്‍ ഈ വിശിഷ്ടമായ വേല തുടര്‍ന്നു ചെയ്യുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നു.
ദൈവത്തിന്‍റെ പരിപാലനം വേഗത്തില്‍ പൂര്‍ണമായും നിവൃത്തിയാകു മെന്നും നാം വിശ്വസിക്കുന്നു. വാസ്തവമായും ദൈവമുമ്പാകെ നാം തികച്ചും സന്തുഷ്ടരാണ്. നമ്മുടെ ജഡത്തില്‍ അനേകം ന്യൂനതകള്‍ നമുക്കുണ്ടാകാം. ഇവയിലേറ്റവും നികൃഷ്ടനാണ് ഞാനെന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ മുമ്പാകെ ഞാനിതു തുറന്നു പറയുകയാണ്. എന്‍റെ മാനുഷിക വശത്തുള്ള അനേകം ന്യൂനതകള്‍ ഓര്‍ത്ത് എന്‍റെ മുഖം ചുവക്കുന്നു. എന്‍റെ കുറവുകള്‍ ഐഹികമായതല്ല. കാലം ചെല്ലും തോറും അധികമായി സുവിശേഷത്തെ സേവിക്കുമ്പോള്‍ ദൈവമുമ്പാകെ ഞാന്‍ എത്രയധികം കുറവുള്ളവനാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകരെ നോക്കുമ്പോള്‍ അവരും എന്നെപ്പോലെ ന്യൂനതകള്‍ ഉള്ളവരാണെന്ന് ഞാന്‍ കാണുന്നു. എന്നാല്‍ നാം എല്ലാവരും എപ്പോഴും സുവിശേഷത്തെ സേവിക്കുന്നതു കൊണ്ട് ദൈവകൃപയ്ക്കായി നന്ദി. നമ്മിലുള്ള ദൈവത്തിന്‍റെ പ്രവൃത്തികളില്‍ വിശ്വസിക്കുവാനും അതുവഴി അവന്‍റെ പദ്ധതികളിലും ദൈവത്തിന്‍റെ സുവിശേഷത്തിലും വിശ്വസിച്ചു കൊണ്ട് അവനെ സേവിക്കുവാനും പിന്‍തുടരുവാനും ദൈവം നമ്മെ ഒരുക്കി.
ന്യൂനതകളുള്ള നമ്മിലൂടെയാണ് കര്‍ത്താവ് മഹത്വപ്പെടുന്നത്. നാം എത്രയധികം കുറവുള്ളവരാണോ അത്രയധികം വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം നമ്മുടെ ഹൃദയങ്ങളില്‍ ശോഭിക്കും. ഇതിനാലാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മെ കുറ്റമില്ലാത്തവരായി കാണുകയും അധികമായി പുകഴ്ത്തുകയും ചെയ്യുമ്പോള്‍ നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ചിന്ത അസ്വസ്ഥമായിത്തീരുന്നു. കുറവുകളുള്ള നമ്മിലൂടെ സ്തുതി സ്വീകരിക്കേണമെന്ന് ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ ഹിതമാണിത്.
നിങ്ങളും ഞാനും വളരെ ന്യൂനതകള്‍ ഉള്ളവരാണ്. എത്രത്തോളം ആയിരിക്കും അത്. വിശദീകരണത്തിനും അപ്പുറം! എന്നാല്‍ ഓരോരുത്തരും അവന്‍റെ അഥവാ അവളുടെ സ്വന്തം കുറവുകളെ വ്യത്യസ്തമായാണ് കാണുന്നത്. സമുദ്രത്തിന്‍റെയും നദിയുടെയും ആഴം വാഷ്ബേസിനെക്കാളും വ്യത്യസ്തമാണല്ലോ. തങ്ങള്‍ അളവില്ലാത്തവിധം ന്യൂനതയുള്ളവരാണെന്ന് യഥാര്‍ത്ഥമായും അറിയുന്നവര്‍ കര്‍ത്താവിനെ അധികം സ്നേഹിക്കും. കാരണം തങ്ങള്‍ കര്‍ത്താവിനോട് അത്യധികമായി കടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ അറിയുന്നു. തങ്ങളുടെ കുറവുകളെ കുറിച്ച് നല്ല ബോധ്യം ഉള്ളവരും ഈ വലിയ കടങ്ങള്‍ എഴുതി തള്ളിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരും കര്‍ത്താവിനെ അധികമായി സ്നേഹിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. അതിനാലാണ് അവര്‍ കര്‍ത്താവിന്‍റെ സുവിശേഷത്തില്‍ അധികമായി സന്തോഷിക്കുകയും അതില്‍ അഭിമാനിച്ച് അതിനെ പിന്‍തുടരുകയും ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ സ്വന്തം ന്യൂനതകളെക്കുറിച്ചറിയാത്തവര്‍ കര്‍ത്താവിനെ അല്പമേ സ്നേഹിക്കുന്നുള്ളു. കാരണം തങ്ങളുടെ മോചിക്കപ്പെട്ട കടങ്ങള്‍ വളരെ ചെറുതാണെന്നും അത്തരം ചറിയ കടങ്ങള്‍ എഴുതിത്തള്ളിയതിന് ദൈവം തങ്ങളില്‍ നിന്ന് അധികം പ്രതീക്ഷിക്കുന്നതായും അവര്‍ കരുതുന്നു.
തങ്ങളുടെ കൃത്യവിലോപങ്ങളെക്കുറിച്ച് വളരെ കുറച്ചു മാത്രം അറിയുന്ന ഈ ജനം തങ്ങളുടെ ന്യൂനതകള്‍ വാസ്തവമായും എത്ര വലുതാണെന്ന് എങ്ങനെ തിരിച്ചറിയും? ഇത് അവരുടെ മേല്‍ അടിച്ചേല്പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ തങ്ങള്‍ക്കായുള്ള ദൈവഹിതമാണ് ഇതെന്ന് വിശ്വസിച്ചു കൊണ്ട് അവര്‍ സുവിശേഷത്തെ സേവിക്കുമെങ്കില്‍ അവര്‍ ന്യൂനത ഉള്ളവരാണെങ്കിലും അവരുടെ കുറവുകള്‍ കാലം ചെല്ലുതോറും അധികമായി വെളിപ്പെടുകയും അത്രയധികമായി ദൈവത്തോടുള്ള അവരുടെ സ്നേഹം ആഴമേറിയതായി തീരുകയും ചെയ്യും.
നമ്മുടെ ന്യൂനതകളെ സൈദ്ധാന്തികമായി മാത്രം അറിഞ്ഞതുകൊണ്ട് ഒരു ഗുണവുമില്ല. വാസ്തവമായും സുവിശേഷത്തെ സേവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കഷ്ടകാലങ്ങള്‍ നേരിടുമ്പോഴാണ് നമ്മുടെ കുറവുകളെ നാം തിരിച്ചറിയുന്നത്. ഇതുകൊണ്ടാണ് എത്രയധികം നാം കര്‍ത്താവിനെ സേവിക്കുന്നുവോ അത്രയധികം അവന്‍ നമുക്ക് വിലയേറിയവനായി തീരുന്നത്. കര്‍ത്താവു നിമിത്തമാണ് നാം ധൈര്യമുള്ളവരും മഹത്വമുള്ളവരും ആയിത്തീരുന്നത്. നമുക്ക് വിശ്വാസത്താല്‍ ജീവിക്കുവാനും കര്‍ത്താവു നിമിത്തം അനുഗ്രഹീതവേലകള്‍ക്കായി നമ്മെത്തന്നെ സമര്‍പ്പിക്കുവാനും കഴിയും. ഇവയൊന്നും കര്‍ത്താവിന് അല്ലായിരുന്നുവെങ്കില്‍ നിങ്ങളും ഞാനും ഒന്നുമില്ല.
യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞു: “അവനോ വളരേണം ഞാനോ കുറയേണം” (യോഹന്നാന്‍ 3:30). ദൈവം നമുക്ക് പാപമോചനത്തെയും ഈ സുവിശേഷത്തെ സേവിക്കുവാന്‍ ധന്യമായ അവസരങ്ങളെയും നല്‍കി. ഈ സുവിശേഷം പ്രചരിപ്പിക്കുവാനുള്ള ഉപകരണങ്ങളായി മാറുവാനാണ് നമ്മുടെ നിലനില്‍പ്പുതന്നെ. കര്‍ത്താവു മാത്രമാണ് മഹത്വത്തിനു യോഗ്യന്‍. അത്തരം ഉപകരണങ്ങളായി കര്‍ത്താവു നമ്മെ ഉപയോഗിക്കുന്നതിനു തന്നെ നാം അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കേണം.
മഹാപുരോഹിതന്‍റെ ശുശ്രൂഷകള്‍ നിര്‍വഹിക്കാനുള്ള ഈ അനുഗ്രഹം നല്‍കിയതിനായി നമ്മുടെ ആത്മാര്‍ത്ഥമായ നന്ദി ദൈവത്തിന് അര്‍പ്പിക്കുന്നു. യേശുവാണ് നമ്മുടെ സ്വര്‍ഗ്ഗീയ മഹാപുരോഹിതനും വലിയ ഇടയനും. അവന്‍റെ വേലക്കാരെല്ലാം ചെറിയ ഇടയന്മാരാണ്. വലിയ ഇടയന്‍ നമുക്കായി ചെയ്തതിനെ പിന്‍ഗമിക്കാനാണ് നിങ്ങളും ഞാനും ചെറിയ ഇടയന്‍മാരായി മാറിയത്. ദൈവവചനം ആയിരിക്കുന്നതുപോലെ നിങ്ങളും ഞാനും വിശ്വസിക്കുകയും വചനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയും എഴുതപ്പെട്ടതുപോലെ അതിനെ പിന്‍തുടരുകയും വേണം. കര്‍ത്താവു ചെയ്തതുപോലെ തന്നെ നമ്മളും പെരുമാറണം. കര്‍ത്താവു ചെയ്തതിനെ അതുപോലെ അനുകരിച്ച്, വിശ്വസിച്ച് നാമവനെ പിന്‍തുടരേണം. നമ്മോട് അവന്‍ കല്പിച്ചതും നമുക്കായി അവന്‍ ഒരുക്കിയതും വിശ്വസിച്ച് അനുഗമിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ പ്രചരിപ്പിക്കുകയും ആണ് നാം ചെയ്യേണ്ടത്. ദൈവത്തിന്‍റെ വചനത്തെ അതിന്‍റെ വിശുദ്ധിയില്‍ സ്വീകരിക്കുകയും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് അതിനെ പ്രസംഗിക്കുകയും ചെയ്യുന്നതാണ് ദൈവമുമ്പാകെയുള്ള നേരായ വിശ്വാസം.
നമ്മുടെ സ്വന്തം മഹാപുരോഹതനായി മാറിയ നമ്മുടെ കര്‍ത്താവിന് പൂര്‍ണഹൃദയത്തോടെയുള്ള നന്ദി നാം അര്‍പ്പിക്കുന്നു.